17/04/2026

നിവേദ്യ : ഭാഗം 05

രചന – രോഹിണി ആമി

നീ നന്ദൂട്ടനെ വിളിക്കരുതെന്ന് ആദിയോട് ഒരിക്കലും പറയരുതേ വേദു……… ആദിക്ക് ആകെയുള്ള ഒരാശ്വാസം ഇപ്പോൾ നന്ദൂട്ടനാണ്….. നിവേദ്യക്ക് സമ്മതിക്കാനോ സമ്മതിക്കാതിരിക്കാനോ കഴിഞ്ഞില്ല…… രാത്രി മുഴുവൻ സംസാരിച്ചിരുന്നു രണ്ടാളും…… നീതു നന്ദുവിനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി……. നിവേദ്യ കുറച്ചു നേരം കൂടി കണ്ണു തുറന്നു കിടന്നു……. ഇടക്കൊക്കെ ആദിത്യൻ നന്ദൂട്ടനെ വിളിക്കുന്നുണ്ട്…… പിന്നീട് ഇതുവരെ ഇവിടെ വന്നിട്ടില്ല….. വന്നതോ…. കല്യാണത്തിന് തലേന്ന്…… നിവേദ്യ വലിയ തിരക്കിലായിരുന്നു…… നീതുവിന്റെ മേക്കപ്പ് ഡ്രസ്സ്‌ ഡിസൈനിങ് എല്ലാം നിവേദ്യയുടെ ചുമതല ആയിരുന്നു……. അന്നേച്ചീയുടെ അടുത്ത് നന്ദുവിനെ ഏൽപ്പിച്ചു……. ചേച്ചിയും ഇച്ചായനും നന്ദുവിനെയും കൂട്ടി വീട്ടിലേക്കു പോയി…… നാളത്തേക്കിന് എല്ലാം ശരിയാക്കി വക്കുമ്പോളേക്കും നേരം കുറെയേറെ ആയിരുന്നു……. തനിയെ പോകാൻ വിട്ടില്ല നീതു…… നന്ദു ഇല്ലാതെ ഒരു രാത്രി പോലും ഉറങ്ങാൻ പറ്റില്ലാ നിവേദ്യക്കെന്നു നീതുവിന് ശരിക്കുമറിയാം…… കൊണ്ടുവിടാൻ പറയാൻ ആരെയും ശല്യം ചെയ്യണ്ടാന്ന് നിവേദ്യ പറഞ്ഞു…….

നോക്കട്ടേ എന്റെ കൂട്ടുകാരൻ ഉണ്ടോന്ന്…… മൊബൈൽ എടുത്തു കാൾ ചെയ്തു…….. ആദിത്യൻ വരും നീതു….. ഇവിടെ എവിടെയോ ഉണ്ട്……. എനിക്കറിയാമായിരുന്നു ഇവിടെ അടുത്ത് കാണുമെന്നു…… ആദിയെന്നു കേട്ടപ്പോൾ നീതുവിന്റെ മുഖത്തെ ചിരി മങ്ങിപ്പോയി….. വേദു…. എനിക്കൊന്നു ആദിയോട് സംസാരിക്കണം……. വേണ്ട നീതു…… അവസാനിപ്പിച്ചതെല്ലാം അങ്ങിനെ തന്നെയിരിക്കട്ടെ…… ഇനിയൊരു സംസാരം വേണ്ട……. എങ്കിലും വേദു……. നീയിങ്ങനെ വിഷമിക്കാതെ…… നാളെ ആദിത്യൻ വിവാഹത്തിന് വരും…… ഞാൻ കൊണ്ടുവരാം…… അപ്പോൾ സംസാരിക്കാം…. അതുപോരെ……. പറഞ്ഞു കൊണ്ടിരുന്നപ്പോൾ മൊബൈൽ ബെല്ലടിച്ചു…… ആദിത്യൻ ആണ്…… ഞാൻ പൊക്കോട്ടെ മോളെ……. ഹാപ്പി ആയിട്ടിരിക്കു…… നിനക്കു നല്ലതേ വരു നീതു…… നീ എടുത്ത തീരുമാനം കാരണം ഇന്നി വീട്ടിൽ എല്ലാവരും ഹാപ്പി ആണ്…… നമുക്കു കുറച്ചു വിഷമം ഉണ്ടായാലും സാരമില്ല…… നമുക്കു ചുറ്റിനുമുള്ളവരുടെ സന്തോഷം കാണാൻ പറ്റുന്നില്ലേ…….. നീതുവിന്റെ രണ്ടുകവിളിലും കൈ ചേർത്തു വെച്ചു നിവേദ്യ പറഞ്ഞു……. അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു……..

പൊക്കോട്ടെ……… നാളെ രാവിലെ വരാം….. നിവേദ്യ നീതുവിനോട് ചോദിച്ചു….. കണ്ണുകൾ നിറച്ചു നീതു തലയാട്ടി….. നിവേദ്യ പോകുന്നതു നോക്കി നിന്നു…… നീതു ഹാപ്പി ആണോ നിവേദ്യാ…… ആദിത്യൻ ചോദിച്ചു…… കുഴപ്പമില്ല…… മറ്റുള്ളവർക്ക് മുൻപിൽ അവൾ ഹാപ്പി ആണ്…… ഈ മുറിവ് ഉണങ്ങാൻ കുറച്ചു കാലമെടുക്കും…….. ഇയാളെ നാളെ കല്യാണത്തിന് കൊണ്ടുചെല്ലാമെന്ന് ഞാൻ നീതുവിന് വാക്ക് കൊടുത്തു…….. വരില്ലേ…. വരും…… എന്റെ മനസ്സിനെ ബോധിപ്പിക്കണ്ടേ അവൾ എന്റെയല്ലന്നു….. താനവിടെ ഉണ്ടാവില്ലേ……. വേറാരും കൂടെയില്ല ….. ഒന്നു താങ്ങാൻ…… ഞാൻ അവിടെ ഉണ്ടാവും…… വരുമ്പോൾ വിളിച്ചാൽ മതി…… മോനൂസ് വരില്ലേ നാളെ…… ഞാൻ നേരിൽ കണ്ടിട്ടില്ല അവനെ……നീതുവിന്റെ മൊബൈലിൽ കണ്ടിട്ടുള്ളതല്ലാതെ…….. ഒന്നു കാണണം……. പേടിക്കണ്ട…… മുന്നിൽ പോകില്ല……. അവനുണ്ടാകും നാളെ…… അന്നേച്ചീയുടെ കൂടെ ഉണ്ടാവും……

അവനെ വിട്ടു ഒരു രാത്രി പോലും ഞാൻ നിന്നിട്ടില്ല……. അതോണ്ടാ…… അല്ലേൽ ഇന്ന് നീതുവിനൊപ്പം കൂടിയേനെ….. പാവം….. ഒരുപാട് ഉള്ളിലൊതുക്കുന്നുണ്ട് അവൾ ……. നാളെ കാണാമെന്ന ഉറപ്പോടെ ആദിത്യൻ പോയി…… പിറ്റേന്ന് നേരത്തെ തന്നെ നിവേദ്യ റെഡിയായി നീതുവിന്റെ വീട്ടിലേക്കു പോയി…… നന്ദൂട്ടനും അന്നേച്ചിയും ഇച്ചായനും കുറച്ചു സമയം കഴിഞ്ഞേ വരൂ…… അവിടെ ചെന്നപ്പോൾ നീതു അമ്പലത്തിൽ പോകാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു……. നിവേദ്യയെ കണ്ടപ്പോൾ കൂടെ വരാൻ നിന്നിരുന്ന കുട്ടിയോട് പറഞ്ഞു നിവേദ്യയുടെ കൂടെ പൊക്കോളാമെന്ന്…… വണ്ടിയിൽ ഇരിക്കുമ്പോൾ നീതു ഒന്നുംതന്നെ സംസാരിച്ചില്ല…… കുറേ നേരമായിട്ടും അനക്കമൊന്നും ഇല്ലാഞ്ഞിട്ട് നിവേദ്യ നീതുവിനെ നോക്കി….. കണ്ണടച്ചു പ്രാർത്ഥിക്കുവാണ്….. കണ്ണു രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്……. നിവേദ്യ ചന്ദനക്കുറി തൊട്ടുകൊടുത്തപ്പോഴാണ് കണ്ണു തുറന്നത്…… മതി കരഞ്ഞത്…… ഇപ്പോൾ തന്നെ മുഖം കരഞ്ഞു വീർത്തു…….

എനിക്കു പറ്റുന്നില്ല വേദു…….. എത്ര കരഞ്ഞു മനസ്സു ശാന്തമാക്കിയാലും അതിന്റെ ഇരട്ടിയായി വിഷമം വീണ്ടും വന്നുകൊണ്ടിരിക്കുന്നു………. സാരമില്ല……. എല്ലാ വിഷമങ്ങളും മാറും….. വാ പോകാം……. കൂടുതലൊന്നും പറയാൻ നിവേദ്യക്കും സാധിച്ചില്ല…. മുഴുവൻ സമയവും നിവേദ്യ നീതുവിനൊപ്പം ഉണ്ടായിരുന്നു……. ചെക്കൻ കൂട്ടർ വന്നുവെന്നു പറഞ്ഞു റൂമിൽ നിന്ന് എല്ലാവരും വെളിയിലേക്കിറങ്ങി…… മൊബൈലിൽ ആദിത്യൻ കാളിങ് എന്നുകണ്ടു നീതു നിവേദ്യയുടെ കയ്യിൽ അമർത്തിപ്പിടിച്ചു…….. പെട്ടെന്നു കാൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇട്ടു……. ടോ നിവേദ്യാ……. ഞാനിവിടെ എത്തി…… താനിതെവിടാ….. ആകെ ബോറടിക്കുന്നു….. ബിസി അല്ലേൽ എനിക്കൊരു കമ്പനി താടോ…. ഞാനിതാ വരുന്നു ആദിത്യാ….. ഒരു മിനിറ്റ്….. കാൾ കട്ട്‌ ചെയ്യുമ്പോൾ നീതു പറഞ്ഞു….. ആദിയെ നീ തനിച്ചാക്കരുത് വേദു…… കൂടെ ഉണ്ടാവണം…… ഇനി ഇതും പറഞ്ഞു കണ്ണു നിറച്ചു മുഖം കുളമാക്കണ്ട….. ഞാൻ ആദിത്യന്റെ കൂടെയുണ്ടാവും…… ഇവിടുന്ന് പോകുംവരെ….. അപ്പോഴേക്കും നീതുവിനെ കൂട്ടാൻ എല്ലാവരും എത്തിയിരുന്നു…… പോകുവാണെന്നു കണ്ണു കൊണ്ടു കാട്ടിയിട്ട് വെളിയിലേക്കിറങ്ങി….. ആൾക്കൂട്ടത്തിൽ ആദിത്യനെ തിരഞ്ഞു…. ഏറ്റവും പിറകിൽ നിന്നു ഒരു കൈ പൊങ്ങി നിന്നു……

അങ്ങോട്ടേക്ക് ചെന്ന നിവേദ്യക്കു ആദിത്യൻ ഒരു ചിരി കൊടുത്തു…… .കഷ്ടപ്പെട്ട് ചിരിക്കേണ്ട…… എനിക്കറിയാം ഉള്ളിൽ കരയുവാണെന്നു…… ഹോ…… വലിയൊരു കണ്ടുപിടുത്തമായിപ്പോയി…… രണ്ടാളും ചിരിച്ചു….. ഇതെന്താ പിറകിൽ വന്നു നിൽക്കുന്നത്…… മുന്നിലേക്ക്‌ വാ….. വേണ്ട…… നീതുവിന്റെ വീട്ടുകാർ എന്നെക്കണ്ടു വെറുതെ ടെൻഷൻ അടിക്കേണ്ട……. അവൾക്കും അതൊരു ബുദ്ധിമുട്ടാകും…… അതൊക്കെ പോട്ടെ…… എവിടെ മോനൂസ്…… വന്നില്ലേ…… ദേ ഇരിക്കുന്നു…… നിവേദ്യ കൈ ചൂണ്ടിയിടത്തേക്കു ആദിത്യൻ നോക്കി…… അന്നേച്ചിയുടെയും അച്ചായന്റെയും നടുക്ക് ഇരിക്കുന്നുണ്ട്…… എന്തൊക്കെയോ ചോദിക്കുന്നുണ്ട്…….. പറഞ്ഞു ചിരിക്കുന്നുണ്ട്….. ആദിത്യൻ നന്ദൂട്ടനെ കണ്ണു ചിമ്മാതെ നോക്കി നിൽക്കുവാണ്….. വേറേതോ ലോകത്തിലെന്ന പോലെ……. നിവേദ്യക്ക് വല്ലാത്തൊരു വിഷമം തോന്നി…….. ആൾക്കാർക്കെല്ലാം അനക്കം വെച്ചുതുടങ്ങിയപ്പോൾ നിവേദ്യ വെളിയിലേക്കു നോക്കി…….

ചെക്കനും കൂട്ടരും വന്നതാണ്……. ആദിത്യൻ ഇതൊന്നും അറിയാതെ നന്ദുവിനെ നോക്കി നിൽക്കുവാണ്…… കയ്യിൽ ഒരു പിടുത്തം വീഴുന്നതും….. നഖം കുത്തിയിറങ്ങുന്നതും ആദിത്യൻ അറിഞ്ഞു….. വേദന കൂടിവന്നപ്പോൾ നിവേദ്യ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി…… അവൾ ആദിത്യന്റെ പിറകിലേക്ക് മറഞ്ഞു മറഞ്ഞു നിൽക്കുവാണ്….. കണ്ണുകൾ രണ്ടും നിറഞ്ഞു നിൽക്കുന്നു…. നിവേദ്യയുടെ കണ്ണുകൾ പോകുന്നിടത്തേക്കു ആദിത്യനും നോക്കി….. ചെക്കനേയും കൂടെ വന്നവരെയുമാണ് നോക്കുന്നത്……. എന്തുപറ്റി നിവേദ്യാ…… ഒന്നുമില്ലെന്ന് തലയാട്ടി…… ആദിത്യന്റെ കയ്യിൽ പിടിച്ചു തൂങ്ങി നിന്നു നിവേദ്യ……. താനൊന്നും കഴിച്ചില്ലേ…… വയ്യായ്ക എന്തേലും തോന്നുന്നുണ്ടോ……. വാ ഇവിടിരിക്കു….. അടുത്തു കിടന്ന ചെയർ നീക്കിയിട്ട് ആദിത്യൻ പറഞ്ഞു……. വേണ്ട…… നമുക്കു പോകാം ആദിത്യാ…… അല്ലെങ്കിൽ വേണ്ടാ….. താനിവിടെ നിൽക്കു….. ഞാൻ പൊക്കോളാം……

അതും പറഞ്ഞു നിവേദ്യ ഒരു വശത്തുകൂടെ നടന്നു വെളിയിലേക്കിറങ്ങി…… ആദിത്യൻ പിറകെ ചെന്നു…… എങ്ങോട്ടു പോകണമെന്ന് ആലോചിച്ചു നിൽക്കുന്ന നിവേദ്യയോട് ആദിത്യൻ പറഞ്ഞു….. താനിവിടെ ഉണ്ടാകുമല്ലോ എന്നു വിചാരിച്ചാ ഞാൻ വന്നതു തന്നെ….. ഞാൻ തനിച്ചിവിടെ എന്തെടുക്കാൻ…… വാ…. തനിക്കെവിടാ പോകേണ്ടത്….. ഞാൻ കൊണ്ടുവിടാം…… ആദിത്യന് പിന്നാലെ നിവേദ്യ നടന്നു…. കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ ആദിത്യൻ വണ്ടി നിർത്തി……. സീറ്റിൽ ചാരി എന്തോ ഓർത്തു കിടക്കുന്ന നിവേദ്യയോട് ചോദിച്ചു….. നീതുവിന്റെ കല്യാണം കൂടാതെ താനിങ്ങനെ ഒളിച്ചോടിയാൽ അതിനൊരു ശക്തമായ കാരണം ഉണ്ടാവുമല്ലോ…… അറിയുമോ നീതുവിന്റെ ചെക്കനെ താൻ…… അയാളെ കണ്ടതിനു ശേഷമാണ് താൻ മൂഡി ആയത്…. പറയടോ….. ആരാത്….. ശ്രീദേവ്…….. എന്റെ ദേവേട്ടൻ……. തന്റെയാരാ അയാൾ…… അമ്മാവന്റെ മോൻ…… ആഹാ…. അപ്പോൾ നീതു തന്റെ കുടുംബത്തിന്റെ ഒരു ഭാഗമായി…… അതേ….. മുഖത്തു വന്ന തെളിച്ചം അതുപോലെ നഷ്ടമായി…… അവരെയൊക്കെ കണ്ടിട്ട് ഇങ്ങനെ ഭയന്നോടുന്നത് എന്തിനാ….. കാര്യം പറയടോ….. അഞ്ചു വർഷമായി ഞാൻ അവരെയൊക്കെ കണ്ടിട്ട്……. ഇന്നു പെട്ടെന്ന് കണ്ടപ്പോൾ വല്ലാതായി…………

എനിക്കെന്തോ ഒരു ക്ഷീണം പോലെ തോന്നുന്നു ആദിത്യാ…… ഹോസ്പിറ്റലിൽ പോണോ…….. വെള്ളത്തിന്റെ ബോട്ടിൽ നീട്ടി ചോദിച്ചു….. വേണ്ട……. എനിക്കു വീട്ടിൽ പോകണം….. ഒന്നു കിടക്കണം…… നല്ല തലവേദന….. തലയിൽ കൈ വെച്ചു പറഞ്ഞു…. താനൊന്നു റിലാക്സ് ആവ് ആദ്യം….. പതിയെ കണ്ണടച്ചു നിവേദ്യ……. എല്ലാവരുടെയും മുഖം മനസ്സിൽ ഓർത്തു….. അഞ്ചു വർഷം പിറകോട്ടു പോയി…… ചുറ്റും നിന്ന് ആരൊക്കെയോ വേദുന്നു വിളിക്കും പോലെ……. കണ്ണു നിറഞ്ഞൊഴുകി……. വീടെത്തി നിവേദ്യ…….. കണ്ണുനീർ തുടയ്ക്കാൻ വേണ്ടി ആദിത്യൻ കൈ നീട്ടി….. എന്തോ ഓർത്തത് പോലെ തിരിച്ചു വലിച്ചു…… ഒന്നും പറയാതെ ഡോർ തുറന്നു വീട്ടിലേക്കു കയറിപ്പോയി….. അങ്ങനെ ഒരവസ്ഥയിൽ തനിച്ചു ആക്കാൻ ആദിത്യന് തോന്നിയില്ല….. പോർച്ചിൽ വണ്ടി കയറ്റിയിട്ടു അകത്തേക്ക് പോയി…… സെറ്റിയിൽ ചാരിക്കിടപ്പുണ്ട് നിവേദ്യ…… തനിക്കു ടാബ്ലറ്റ് വല്ലതും വേണോ…… ഞാൻ വാങ്ങിവരാം…….. പോയില്ലേ…… ഞാൻ കരുതി പോയെന്നു…… എനിക്ക് ടാബ്ലറ്റ് ഒന്നും വേണ്ടാ…… ഇനിയിപ്പോ ആരെങ്കിലും വരട്ടെ…………… എന്നിട്ട് പോകാം…….. തനിച്ചിരിക്കണ്ട……. കുറച്ചു നേരം രണ്ടാളും മിണ്ടാതെ ഇരുന്നു….. നിവേദ്യ ആണ് തുടക്കം കുറിച്ചത്….

എന്റെ കുടുംബം ഒരു കൂട്ടുകുടുംബം ആണ്…… അച്ഛനും അനിയനും കുടുംബമായിട്ട് ഒരുമിച്ച്….. എനിക്കു സ്വന്തം ഒരു അനിയത്തി……. പിന്നെ കൊച്ചച്ഛന് ഒരു ആൺകുട്ടിയും…..മുത്തച്ഛനും മുത്തച്ഛിയും……..എന്തൊരു ഹാപ്പി ആയിരുന്നെന്നു അറിയുവോ ജീവിതം…. ആരും കൊതിക്കുന്നൊരു ജീവിതം…….. എന്റെ പതിനെട്ടാമത്തെ വയസ്സിൽ നഷ്ടപ്പെട്ടതാണ് എനിക്ക് ആ സന്തോഷം…… അല്ല ഞാൻ നഷ്ടപ്പെടുത്തിയതാണ്……. നിവേദ്യയുടെ കണ്ണു രണ്ടും നിറഞ്ഞൊഴുകി…… ആദിത്യൻ അടുത്തു വന്നു നിവേദ്യയുടെ കൈ രണ്ടു കൈക്കുള്ളിലാക്കി പിടിച്ചു…… ഞാനൊന്നും ചോദിച്ചിട്ടില്ല തന്നോട്…. എന്നെങ്കിലും മനസ്സിൽ ഉള്ള വിഷമം ഒന്ന് പറഞ്ഞു തീർക്കണമെന്ന് തോന്നിയാൽ ഈ ഫ്രണ്ട് ഉണ്ടാവും കേൾക്കാൻ……. അറിയാം… എന്തൊക്കെയോ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടെന്നു……. വിഷമിക്കണ്ടടോ…… ഉരൽ ചെന്നു മദ്ദളത്തിനോട് പരാതി പറഞ്ഞതു പോലുണ്ട്…… നിവേദ്യ പതിയെ ചിരിച്ചു…… തുടരും