രചന – അക്ഷയ ജിജിൻ
പൊട്ടി പൊളിഞ്ഞ ഓടിന്റെ ഇടയിലൂടെ സൂര്യപ്രകാശം അവളുടെ കണ്ണിലേക്ക് ശക്തമായി പതിച്ചപ്പോൾ ആണ് അശ്വതി ഉറക്ക് ഞെട്ടിയത്… കണ്ണ് തുറക്കാൻ ആവുന്നില്ല… തലവേദന ആണെങ്കിൽ അസ്സഹയനീയവും… ഒപ്പം നല്ല ചുട്ടു പൊള്ളുന്ന പനിയും… എങ്ങനെയോ അവൾ എഴുന്നേറ്റു അടുക്കളയിൽ ചെന്നു… “അമ്മേ ജിത്തുവേട്ടൻ എവിടെ പോയി ” “രാവിലെ തന്നെ അവന്റെ കൂട്ടുകാരെ കൂടെ പോയിട്ടുണ്ടാവും.. വേറെവിടെ പോവാനാ “.. “എന്തായാലും കുടുംബം നോക്കാൻ വേണ്ടി ജോലിക്കൊന്നും അവൻ പോവില്ലല്ലോ “.. ഒന്നും മിണ്ടാതെ അവൾ റൂമിലേക്ക് തന്നെ തിരിച്ചു പോയി ഒരു പാരസിറ്റമോൾ എടുത്തു കഴിച്ചു… “ജിത്തുവേട്ടൻ എവിടെയാ… ഞാൻ പറഞ്ഞതല്ലേ എനിക്ക് പനി കുറവില്ല ഇന്ന് ഹോസ്പിറ്റലിൽ പോണമെന്ന് ” “ഒരു വട്ടം കാണിച്ചതല്ലേ.. നീ പറയുമ്പോ പറയുമ്പോ കൊണ്ട് പോയി കാണിക്കാൻ എന്റെ കയ്യിൽ പൈസ ഒന്നുല്ല”… “വണ്ടി കാശ് പോലും എടുക്കാൻ എന്റെ കയ്യിൽ ഇല്ല “നീ വെച്ചേ… അതും പറഞ്ഞു ജിത്തു ഫോൺ വെച്ചപ്പോൾ അശ്വതിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല…
കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടാണെങ്കി തനിക്കു ഇത്രയും സങ്കടം വരില്ലായിരുന്നു.. പക്ഷെ ജിത്തു ഇപ്പോ ഇങ്ങനെ തന്നെ ആണ്… ഒരു ഭാര്യ ഉണ്ടെന്ന ചിന്ത പോലുമില്ലാതെ അവന്റെ ഇഷ്ടത്തിന് ജീവിക്കുക… അല്ലെങ്കിൽ തന്നെ വിഷമിക്കാൻ തനിക്കെന്ത് അവകാശം.. താൻ തന്നെ അല്ലേ ഇതിനൊക്കെ കാരണം.. അതോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി… തനിക്കു പനി വരുമ്പോ കാവൽ നിന്ന് പരിപാലിക്കുന്ന അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ ഒരു നിമിഷം അവളുടെ ഹൃദയം തകർന്നു പോയി… “ജോലിക്കും പോവില്ല വീട്ടിൽ ആണെങ്കിൽ ഒരു ഉപകാരവും ഇല്ല… എന്നാ പിന്നെ ഒരു കൊച്ചിനെ കെട്ടി കൊണ്ട് വന്നിട്ടുണ്ട് എന്ന ചിന്തയും ഇല്ല” ജിത്തുവിന്റെ അമ്മ അയൽവക്കത്തെ സുജേച്ചിയോട് പറയുന്ന കേട്ടാണ് അശ്വതി പെട്ടെന്ന് കണ്ണ് തുറന്നത്…
ക്ഷീണം കാരണം ഉറങ്ങി പോയതാണ്.. “സുജേ.. നിനക്കറിയില്ലേ അവന്റെ അച്ഛൻ ആണെങ്കിൽ കുടിക്കണം എന്ന ഒറ്റ ചിന്തയെ ഉള്ളു.. കുടുംബം നോക്കത്തില്ല”.. “ഞാൻ കഷ്ട്ടപെട്ടിട്ടാണ് ഓരോ ദിവസവും കഴിഞ്ഞു പോന്നേ “… അച്ഛന്റെ പാത മോനും പിന്തുടരുവാ.. ഇപ്പോ…. “ഒരു പെങ്കൊച്ചും കൂടി അതിനിടയിൽ…. ആദ്യം ഒക്കെ ചെറുക്കൻ പണിക്കു പോയിരുന്നു.. ഇപ്പൊ അതുമില്ല “.. “ആ കൊച്ചാണ്ണെങ്കി അവിടെ സ്വർഗം പോലെ ജീവിച്ചതാ… എനിക്ക് എല്ലാം കൂടെ വയ്യ ഒറ്റക്ക് “.. “അല്ല അവക്കടെ ഭാഗത്തും തെറ്റുണ്ട്… ഒരു പയ്യൻ വന്നു വിളിക്കുമ്പോളേക്കും ഇത്ര കാലം നോക്കിയ അച്ഛനേം അമ്മേനേം ഇട്ടിട്ട് വരാവോ “… “പറഞ്ഞിട്ട് കാര്യം ഇല്ല”.ഞാൻ എന്തായാലും അതിനെ പോയി ആസ്പത്രിയിൽ കാണിച്ചിട്ട് വരട്ടെ… “അമ്മയുടെ കൂടെ ആശുപത്രിയിൽ പോയി തിരിച്ചു വരുമ്പോളും ഇത് വരെ തന്റെ ഭർത്താവ് ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന വിഷമം ആയിരുന്നു അവൾക്ക്…
ഇപ്പോഴത്തെ പനി ആയത് കൊണ്ട് നല്ല ക്ഷീണം ഉണ്ടാവും നന്നായി റസ്റ്റ് എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞത്… “വീട്ടിൽ എത്തി കഞ്ഞി കുടിച്ചു മരുന്നും കഴിഞ്ഞു കിടക്കുമ്പോൾ തന്റെ അമ്മയെ പറ്റി ഒരായിരം വട്ടം മനസ്സിൽ ചിന്തിച്ചു അവൾ… മനസ്സിൽ നോവ് പടർന്നു കയറിയപ്പോൾ ആയിരം ഓർമ്മകൾ ഒപ്പം ഇരച്ചു കയറി…. “ഷീജേ ഇത് കുറച്ചു കരിമീൻ ആ “…വരുന്ന വഴിക്ക് നല്ല ഫ്രഷ് മീൻ കണ്ടപ്പോ വാങ്ങിയതാ”… “അല്ല കുമാരേട്ടാ.. രാവിലെ വാങ്ങിച്ച മീൻ ഇരിപ്പുണ്ടല്ലോ പിന്നെ എന്തിനാ ഇത് ഇപ്പോ വാങ്ങിയേ “…. “മോൾക്ക് ഇഷ്ട്ടപെട്ട മീൻ അല്ലേ.. അതാ നീ അവക്ക് ഉണ്ടാക്കി കൊടുക്ക് “… “മോളെ കുളിച്ചു ചോറ് കഴിക്ക് ട്ടോ… അമ്മ കടയിൽ പോയിട്ട് വരാം… കുറച്ചു അതികം തയ്ക്കാൻ ഉണ്ട് ഇന്ന് “…മോൾക്കിഷ്ട്ടപെട്ട മീൻ ഉണ്ട് “.. “ആഹാ കരിമീനോ ഞാൻ ഇന്നൊരു പിടി പിടിക്കും “… എന്നാ അമ്മ പോയി വാ…..ഒറ്റ മോളായത് കൊണ്ട് തന്നെ അവരെ കൊണ്ട് പറ്റുന്ന പോലെ അവളുടെ എല്ലാ ആഗ്രഹങ്ങളും പറ്റുന്ന പോലെ ചെയ്തു കൊടുക്കാമായിരുന്നു അശ്വതിയുടെ അച്ഛനും അമ്മയും….. “കുമാരേട്ടാ നടു വേദനിച്ചിട്ട് വയ്യ ഇന്നൊരുപാട് തയ്ക്കാൻ ഉണ്ടായിരുന്നു….”
“എനിക്കും വയ്യ ഷീജെ ഇന്ന് കുറച്ചു നേരം അതികം പണി എടുത്തില്ലേ….. സാരമില്ല നമ്മുടെ മോളെ കോളേജിൽ ചേർക്കാൻ അല്ലേ നമ്മൾ ഈ കഷ്ട്ടപെടുന്നേ… അവൾക്ക് ഒരു ജോലി ഒക്കെ ആയ പിന്നെ നമ്മൾ രാജാക്കന്മാർ അല്ലേ “…… സ്വന്തമായി തുന്നൽ കട നടത്തുന്ന അമ്മയും കല്പണിക്ക് പോവുന്ന അച്ഛനും അശ്വതിക്ക് എങ്ങനെ എങ്കിലും അവളെഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ കിട്ടാൻ വേണ്ടി ഉള്ള പൈസക്ക് വേണ്ടി ഉള്ള കഷ്ടപ്പാടില്ലായിരുന്നു.. അവളുടെ ആഗ്രഹം പോലെ തന്നെ അവിടെ അഡ്മിഷൻ കിട്ടി…മാസങ്ങൾ കടന്നു പോയി.. “അശ്വതി ഞാൻ വിളിച്ചാൽ എപ്പോ വേണെങ്കിലും വരുമോ “….. അയ്യോ അതെങ്ങനെ എനിക്ക് ഒരു ജോലി ഒക്കെ ആയി ജിത്തൂവേട്ടനും സെറ്റിൽ ആയിട്ട് വീട്ടിൽ വന്നു ചോദിച്ചാൽ മതി… “തന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല…. സംശയം ഉണ്ടെങ്കിൽ ഒന്ന് സൂചിപ്പിച്ചു നോക്ക് “….. സീനിയർ ആയിട്ട് പഠിക്കുന്ന ജിത്തുവും ആയി പെട്ടനാണ് അശ്വതി അടുത്തത്…. ഒരിക്കലും അവൻ ഇല്ലാതെ പറ്റാത്ത അവസ്ഥ ആയിരുന്നു അവൾക്ക്…..
ഒരു ദിവസം അശ്വതി ഫോണിൽ സംസാരിക്കുന്ന കേട്ടാണ് അമ്മ ഈ ബന്ധം അറിയുന്നത്… അന്ന് തന്നെ അച്ഛനോട് പറഞ്ഞു അവളെ തിരുത്താൻ നോക്കിയപ്പോൾ അവനെ അല്ലാതെ അവൾ വേറെ കല്ല്യാണം കഴിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു… അശ്വതിയുടെ തീരുമാനം ഉറച്ചതാണ് എന്ന് തോന്നിയപ്പോൾ അച്ഛനാണ് പറഞ്ഞത്…. “ചോര നീരാക്കിയ പൈസക്കാ ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നെ.. ആദ്യം നീ പഠിക്ക്… എന്നിട്ട് നോക്കാം നമുക്കെന്ന് “.. “ഇതൊക്കെ നിന്റെ അച്ഛന്റെ അടവാണ് അശ്വതി…. അവർ നമ്മളെ അകറ്റും… നിനക്ക് വേറെ കല്യാണവും കഴിക്കും…” “അങ്ങനെ സംഭവിച്ചാൽ നീ എന്നെ പിന്നെ കാണില്ല… അല്ലെങ്കിൽ നീ എന്റെ കൂടെ ഇറങ്ങി വരണം”…. പ്രേമം തലയ്ക്കു പിടിച്ചു നിക്കുന്ന അവസ്ഥയിൽ തന്റെ മുന്നോട്ടുള്ള ലക്ഷ്യമോ അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങളോ ഒന്നും മനസ്സിൽ ഇല്ലായിരുന്നു.. രാത്രിക്ക് രാത്രി ഇറങ്ങി പോവുമ്പോ ഇത് വരെ നോക്കി വളർത്തിയവരെ പറ്റി ഒന്ന് ചിന്തിച്ചു പോലുമില്ല…
പിറ്റേ ദിവസം രജിസ്റ്റർ വിവാഹം കഴിഞ്ഞു ആദ്യമായി അവന്റെ വീടിന്റെ പടി കയറുമ്പോൾ തേക്കാത്ത ചുവരും പൊട്ടി പൊളിഞ്ഞ നിലവും പൊട്ടി അടർന്നു ചോർന്ന് ഒലിക്കുന്ന മേൽക്കൂരയും അവൾക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു…. തന്റെ മകളെ ഇല്ലായ്മയിൽ നിന്ന് കഷ്ടപ്പെട്ട് വളർത്തി ഒരു രാജകുമാരിയെ പോലെ സന്തോഷത്തോടെ ജീവിച്ചു കാണണം എന്ന് ആഗ്രഹിച്ച ഹൃദയങ്ങൾ നുറുങ്ങുന്നുണ്ടെന്ന് അവൾ അറിഞ്ഞില്ല തന്റെ ഇപ്പോഴത്തെ ജീവിതം കണ്ടിട്ട്….”നീ എന്ത് വിചാരിച്ചിട്ട ഒരു പെണ്ണിനെ ഇറക്കി കൊണ്ട് വന്നേ “ജോലിയും ഇല്ല കൂലിയും ഇല്ല “… “ഞാൻ കഷ്ട്ടപെടുന്ന പൈസ മുഴുവൻ നിങ്ങളെ പോറ്റാൻ തന്നെ തികയുന്നില്ല… അതിൽ മിച്ചം വെച്ച് പഠിപ്പിക്കാൻ വിട്ടപ്പോ അവിടെയും ഉടായിപ്പ് “… “എന്ത് കണ്ടിട്ടാ ആ കൊച്ചിനെ വിളിച്ചിറക്കി കൊണ്ട് വന്നത് “……ജിത്തുവിനോട് അമ്മ പറയുന്നത് കേട്ടപ്പോൾ അശ്വതിക്ക് നെഞ്ചിൽ ആണി തറച്ചു കയറിയ പോലെ തോന്നി….
എന്നാലും അവൻ കഷ്ട്ടപെട്ടിട്ടണേലും തന്നെ നോക്കും എന്നൊരു വിശ്വാസം അവൾക്കുണ്ടായിരുന്നു… ആദ്യത്തെ സന്തോഷവും ആർഭാടവും പതിയെ പതിയെ കെട്ടടങ്ങിയപ്പോൾ ആണ് അമ്മ പറഞ്ഞതിന്റെ ഒക്കെ പൊരുൾ അവൾക്ക് മനസ്സിൽ ആയത്…. ഒരു പണിക്കും ജിത്തു പോവാതെ ആയി.. തനിക്കു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തന്നെ അമ്മയോട് ചോദിക്കേണ്ട അവസ്ഥ വരെ എത്തി…. പോരാത്തതിന് ജിത്തു ആണെങ്കിൽ പാതിരാത്രി ആണ് വീട്ടിൽ കയറി വരുക…. തനിക്കു തുടർന്നു പഠിക്കണം എന്ന് പറഞ്ഞപ്പോൾ കയ്യ് മലർത്തി…. ജിത്തുവിന്റെ ഈ ഉത്തരവാദിത്തം ഇല്ലായ്മയെ അവൾ ചോദ്യം ചെയ്തപ്പോൾ ദേഹോപദ്രവം ആയിരുന്നു മറുപടി… പിനീടുള്ള ഓരോ ദിവസവും അവൾക്ക് നരകത്തുല്യം ആയിരുന്നു…. ആരോടും ഒന്നും പറയാൻ പറ്റില്ല… കാരണം സ്വന്തം ഇഷ്ടത്തിന് വന്നതല്ലേ… മാറി ഇടാൻ പോലും ഒരു ഡ്രസ്സ് വാങ്ങാൻ അവന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു…
സംശയ രോഗം കാരണം പുറം ലോകം കാണിക്കാൻ സമ്മതിക്കില്ല ജിത്തു….. ഇതൊക്കെ ആലോചിച്ചു തല പെരുത്തു നില്കുമ്പോ ആണ് ജിത്തു കയറി വരുന്നത്…… “എനിക്ക് വയ്യാണ്ടായാൽ നിനക്ക് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവാനുള്ള ഉത്തരവാദിത്തം പോലും ഇല്ലാണ്ടായി പോയല്ലോ “… “പൈസ നിന്റെ അച്ഛൻ തരുവോ “.. അവന്റെ മറുപടി കേട്ട് അവൾക്ക് സഹിക്കാൻ ആയില്ല…. “ജിത്തു നിന്നെ വിശ്വസിച്ചാണ് ഞാൻ ഇറങ്ങി പോന്നത് “… നീ നാളെ തൊട്ട് ജോലിക്ക് പോണം… എനിക്ക് പറ്റണില്ല ഇങ്ങനെ ഒരു ജീവിതം…. “എനിക്ക് വയ്യ ഇത്ര ചെറുപ്പത്തിൽ കഷ്ടപ്പെടാൻ “… ഒന്ന് പൊയെടി…. അവൻ അവളുടെ വാക്കുകൾ പാടെ അവഗണിച്ചു… ആ ദേഷ്യത്തിന് അശ്വതി അലമാരയിൽ ജിത്തു ഒളിപ്പിച്ചു വെച്ച മദ്യത്തിന്റെ കുപ്പി എടുത്തു വലിച്ചെറിഞ്ഞു… പെട്ടെന്ന് ഭ്രാന്തനെ പോലെ വന്ന ജിത്തു അതിന്റെ പൊട്ടിയ കഷ്ണം എടുത്തു അശ്വതിയുടെ വയറിൽ ആഞ്ഞു ഒരു കുത്ത് കുത്തി…..
വേദന സഹിക്കാൻ വയ്യാതെ അവൾ വാവിട്ട് കരയുമ്പോൾ ജിത്തു പറ്റിയ അബദ്ധം ഓർത്ത് പേടിച്ചു എങ്ങോട്ടോ പാഞ്ഞു പോയി….. അമ്മ വരുമ്പോ ചോരയിൽ കുളിച്ചിരിക്കുന്ന അശ്വതിയെ ആണ് കാണുന്നത്… വേഗം എടുത്തു ആശുപത്രിയിൽ കൊണ്ട് പോയി… അവൾക്ക് കുഴപ്പം ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ആണ് അവർക്ക് ശ്വാസം നേരെ വീണത്… മോളെ മോളു ചെറുപ്പം ആണ്…. എന്റെ മോൻ തന്നെ ആണവൻ.. പക്ഷെ അവനു വേണ്ടി മോളുടെ ജീവിതം നശിക്കരുത്.. അവനോ നശിച്ചു.. എല്ലാ കാലവും ഞാൻ ഉണ്ടാവില്ല നിന്നെ നോക്കാൻ…. ആ അമ്മയെ ആലോചിച്ചു കേസ് ഒന്നും വേണ്ട എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ജീവിതം ഒന്നും അല്ലാതെ ആക്കിയവനോടുള്ള പക ഉണ്ടായിരുന്നു അവളുടെ മനസ്സിൽ…. ഹോസ്പിറ്റലിന്റെ ഗേറ്റിൽ തന്നെ വിളിക്കാൻ വണ്ടിയുമായി വന്നു നിന്നവരെ കണ്ട് ഒരു നിമിഷം അവൾ ഞെട്ടി പോയി…
ഞാൻ ആണ് ഇവരെ വിളിച്ചത്… എല്ലാം ഞാൻ പറഞ്ഞു. മോളു പോയി ചെയ്ത തെറ്റിന് കാലുപിടിച്ചു മാപ്പ് പറ… തന്റെ അച്ഛനോടും അമ്മയോടും കാലു പിടിച്ചു മാപ്പ് പറയുമ്പോൾ മനസ്സിൽ തളം കെട്ടി നിന്നതെല്ലാം കണ്ണീരായി പെയ്തിറങ്ങി… “മോളെ ഞാൻ പോട്ടെ കഴിഞ്ഞതെല്ലാം മോളു മറന്നു നന്നായി ജീവിക്കാൻ നോക്ക് “അവനെ കൊണ്ടൊരു ശല്യം മോൾക്കില്ലാതെ ഞാൻ നോക്കി കൊള്ളാം.. അവന്റെ അമ്മയ്ക്ക് തന്നോടുള്ള കരുതൽ കണ്ട് അവളുടെ കണ്ണ് നിറഞ്ഞു പോയി… “മോളേ മോളു ഞങ്ങളോട് ചെയ്തതിന്റെ ശിക്ഷ മോളു അനുഭവിച്ചു കഴിഞ്ഞു “… ഇനി അതൊന്നും ആലോചിക്കേണ്ട.. ഞങ്ങൾക്ക് നിന്നെ തള്ളി കളയാൻ പറ്റില്ല. അത്രയും കഷ്ടപ്പെട്ട് വളർത്തിയതാണ്… അമ്പലത്തിൽ വെച്ച് താലി കെട്ടി വിവാഹം രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് വേറെ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലായിരുന്നു ജിത്തുവിൽ നിന്നും മോചിതയാവാൻ… “അവൻ അവളെ അന്വേഷിച്ചു വന്നും ഇല്ല പിന്നെ “… ഒരിക്കൽ ഉണ്ടായ ദുരനുഭവങ്ങളുടെ ഭാഗമായി മരവിച്ചു പോയ അവളുടെ മനസ്സിനെ പഴയ രീതിയിൽ മാറ്റി എടുക്കാൻ ഒരുപാട് കൗൺസിലിംഗ് വേണ്ടി വന്നു…
എല്ലാം കലങ്ങി തെളിഞ്ഞപ്പോൾ അവളെ അച്ഛനും അമ്മയും വീണ്ടും പഠിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അവരോട് താൻ ചെയ്ത തെറ്റിന് പ്രായശ്ചിതമായി ഈ കിട്ടിയ അവസരം മുതലെടുക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു….. 6 വർഷങ്ങൾക്കിപ്പുറം ഒരു പ്രമുഖ കമ്പനിയുടെ മാനേജർ പോസ്റ്റിൽ ഇരിക്കുമ്പോൾ തനിക്കു പറ്റിയ വിവരമില്ലായ്മയെ പറ്റി ചിന്തിക്കുമ്പോൾ അതിൽ നിന്നും അവളെ രക്ഷിച്ച ജിത്തുവിന്റെ അമ്മയോടും തന്റെ രക്ഷിതാക്കളോടും ഒരായിരം നന്ദി പറഞ്ഞു അവൾ…..

by