രചന – നെച്ചു നസ്രിൻ
ആനന്ദിന് വല്ലാത്ത വിരക്തി തോന്നി. പലതവണ രേഷ്മയെ കണ്ട് സത്യാവസ്ഥ പറഞ്ഞു മനസിലാക്കിപ്പിക്കണം എന്നവന് തോന്നിയിരുന്നു. പിന്നീട് ആ ചിന്ത അവൻ ഉപേക്ഷിച്ചു. ഒരു പക്ഷേ തനിക്കിത് ദൈവം ആയിട്ട് തന്ന ശിക്ഷ ആയിരിക്കാമെന്നവൻ ആശ്വസിച്ചു. അവളെയും താൻ ഇത് പോലെ തെറ്റിദ്ധരിച്ചിരുന്നുവല്ലോ. അതും എവിടെയോ കിടന്ന ഒരുത്തിക്ക് വേണ്ടി. അവൻ ആ സംഭവത്തിന് ശേഷം വീട്ടിലേക്ക് പോയിട്ടില്ല. അവനാരെയും ഫേസ് ചെയ്യാൻ കഴിയുമായിരുന്നില്ല. ഓരോ നിമിഷവും അവന്റെ മനസ് രേഷ്മക്ക് വേണ്ടി നീറി കൊണ്ടിരുന്നു. രേഷ്മ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. അവൾ രാഹുലിനോട് ഒരേ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ ആനന്ദിനെ അവളുടെ മുന്നിൽ എത്തിക്കണം എന്നുള്ളത്. രാഹുൽ ഒരുപാട് തിരഞ്ഞെങ്കിലും അവനെ കുറിച്ചൊരു വിവരവും കിട്ടിയില്ല. പീലി തിരികെ കോളേജിൽ പോയി തുടങ്ങി. ഒപ്പം സൂരജും. ജീവന് പീലിയോടുള്ള സമീപനം ഒരേ സമയം ദേഷ്യവും ആശങ്കയും സൂരജിൽ നിറച്ചു.
പവനെ ആ കോളേജും കുട്ടികളും മറന്നു തുടങ്ങി. ഒരുപാട് നാളത്തെ അവധിക്ക് ശേഷം ഇന്നാണ് അജീഷ് ബാങ്കിലേക്ക് വന്നത്. താടിയും മുടിയും അലസമായി നീട്ടി വളർത്തി കണ്ണുകൾക്ക് തെളിച്ചമില്ലാതെ ഒരു പ്രസരിപ്പുമില്ലാതെയാണ് അവൻ ബാങ്കിലേക്ക് വന്നത്. അവന്റെ ആ മാറ്റം മറ്റുള്ള സ്റ്റാഫുകളിൽ അത്ഭുതം നിറച്ചു. പലരും അതിനെ പറ്റി അവനോട് ചോദിച്ചെങ്കിലും അവൻ വാടിയൊരു പുഞ്ചിരി മാത്രമാണ് നൽകിയത്. രാഹുലിന് ലീവ് കഴിഞ്ഞതിനാൽ അവന് തിരികെ പോകേണ്ടതായി വന്നു. അവന്റെ മനസിൽ ആശങ്ക മാത്രമായിരുന്നു. ആനന്ദിനെ കാണാൻ കഴിയാത്തത്തിൽ രേഷ്മക്ക് അതിയായ ദുഖമുണ്ട്. പിന്നെ ഇതിനെല്ലാം കാരണക്കാരനായ പവൻ എന്ന മഹാനുഭാവനെ രാഹുലിന് ശെരിക്കൊന്ന് പരിചയപ്പെടാനും കഴിഞ്ഞില്ല. അവൻ പലതും കണക്ക് കൂട്ടി വെച്ചിരുന്നു. പല നിർദേശങ്ങളും രേഷ്മക്ക് നൽകി പീലിയോടും സൂരജിനോടും അവളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞിട്ടാണ് അവൻ തിരികെ പോയത്.
രാഹുൽ കൂടി പോയപ്പോൾ രേഷ്മ തീർത്തും ഒറ്റക്കായി. അവൾ പീലിയെ വിളിച്ചു. “പീലി എനിക്കൊന്ന് പുറത്തേക്ക് പോകാൻ തോന്നുന്നെടി. ഇങ്ങനെ ഇരുന്ന് മടുത്തു. ഇത്തിരി കാറ്റും വെളിച്ചവും കൊള്ളാനൊരു ആഗ്രഹം. ഇതിപ്പോ കൂട്ടിലിട്ട കിളിയെ പോലെ”. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് പീലി നേരെ രേഷ്മയുടെ വീട്ടിലേക്ക് ചെന്നു. സൂരജിനോട് കോളേജിൽ വെച്ചവൾ സൂചിപ്പിച്ചിരുന്നു. പീലി ചെല്ലുമ്പോൾ രേഷ്മ മുറിയിൽ ചടഞ്ഞു കൂടിയിരിക്കുകയായിരുന്നു. പീലി വേഗം അവളെ റെഡിയാക്കി പുറത്തേക്കിറങ്ങി. കുറെ നാളുകൾക്ക് ശേഷം രേഷ്മ മനോഹരമായി പുഞ്ചിരിച്ചു. ബീച്ചിലെ മണൽതരിയിൽ അവൾ വെറുതെ വിരലോടിച്ചു കളിച്ചു. തിര തല്ലുന്ന കടൽ പോലെ പ്രക്ഷുബ്ദമായിരുന്നു രേഷ്മയുടെ മനസ്. അവൾക്ക് പെട്ടെന്ന് താനും ആനന്തും വെള്ളത്തിൽ ഓടി ചാടുന്നത് ഓർമ വന്നു. എത്ര വേണ്ടെന്ന് പറഞ്ഞാലും വീണ്ടും വീണ്ടും അവനെ വെള്ളത്തിലേക്ക് പിടിച്ച് തള്ളിയിട്ടു കൊണ്ടേയിരിക്കും. അവൾക്കാ ഓർമയിൽ കണ്ണ് നിറഞ്ഞൊഴുകി.
പെട്ടെന്നാണ് അടുത്താരോ വന്നിരിക്കുന്നത് അവളറിഞ്ഞത്. മുഖം തിരിച്ച് നോക്കിയതും തൊട്ടരികിൽ ആനന്ദ്. അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ശ്വാസം അടക്കി പിടിച്ച് അവളവനെ തന്നെ നോക്കി. ആനന്തും രേഷ്മയുടെ മുഖത്ത് സൂക്ഷിച്ചു നോക്കുകയായിരുന്നു. അവളുടെ നെറ്റിയിലെ മുറിവിന്റെ പാട് , നന്നേ ക്ഷീണം ബാധിച്ച കണ്ണുകൾ , പാറിപറന്ന് അലക്ഷ്യമായി കിടക്കുന്ന അവളുടെ മുടിയിഴകൾ. എല്ലാം. പൊടുന്നനെ രേഷ്മ എണീറ്റ് തിരികെ ഓടി. പീലിയും ആനന്തും പിറകെ അവളെ വിളിച്ചു കൊണ്ട് ഓടി ചെന്നു. അവൾ മുന്നിൽ കണ്ട ഓട്ടോയിൽ കയറിയത് കണ്ടതും അവൾ ഭയത്തിൽ ആനന്ദിനെ നോക്കി. ഇതൊക്കെ തന്നെയാണ് താൻ ഭയന്നതും. അവൾക്കൊരിക്കലും എന്നെ അക്‌സെപ്റ് ചെയ്യാൻ കഴിയില്ല. അവിടേക്ക് വന്ന സൂരജ് വേഗത്തിൽ കാർ അവർക്ക് മുന്നിൽ നിർത്തി. പീലിയും ആനന്തും കയറിയതും സൂരജ് ഓട്ടോക്ക് പിറകെ വണ്ടി വിട്ടു. ഓട്ടോയിൽ നിന്നിറങ്ങി രേഷ്മ ഓടി മുറിയിൽ കയറി കതകടച്ചു.
അവൾക്ക് വല്ലാത്ത പരവേശം തോന്നി. ജെഗിൽ നിന്ന് വെള്ളം വായിലേക്ക് കമഴ്ത്തി. ഒരുപാട് ആഗ്രഹിച്ചതാണ് ഇങ്ങനൊരു കണ്ടുമുട്ടൽ പക്ഷേ താൻ എന്തിനാണ് അവനിൽ നിന്നോടി മറഞ്ഞതെന്ന് അവൾക്കറിയില്ലായിരുന്നു. രേഷ്മയുടെ മുറിക്ക് പുറത്ത് ആനന്ദ് എന്ത് ചെയ്യണമെന്നറിയാതെ മടിച്ചു നിന്നു. പീലി കതക് തുറക്കാനാഞ്ഞതും സൂരജ് അവളുടെ കയ്യിൽ പിടിച്ച് വിലക്കി. ശേഷം ആനന്ദിനോട് അകത്തേക്ക് പോകാൻ പറഞ്ഞു. അവൻ ഒന്നാലോചിച്ച ശേഷം രണ്ടും കല്പിച്ചു അകത്തേക്ക് കയറി. കതകടച്ചു. പിന്നിലാരുടെയോ കാൽപെരുമാറ്റം തിരിച്ചറിഞ്ഞ രേഷ്മ എവിടുന്നോ ധൈര്യം സംഭരിച്ചു തിരിഞ്ഞു നോക്കി. ” രേഷ്മ. എനിക്ക് പറയാനുള്ളത് നീ കേൾക്കണം”. “വേണ്ട എനിക്കൊന്നും കേൾക്കണ്ടാ”. അവൾക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. “നിർത്തടി. ഒരൊറ്റ അക്ഷരം നീ മിണ്ടി പോകരുത്. സമ്മതിച്ചു ഒരു തെറ്റ് പറ്റി പോയി. അതിന് ഞാൻ ക്ഷമയും ചോദിച്ചതാ. പിന്നെ നിനക്ക് പറ്റിയതിലൊന്നും എനിക്കൊരു ബന്ധവുമില്ല. അങ്ങനെ ആയിരുന്നേൽ എന്റെ ജീവൻ കളഞ്ഞു നിന്നെ രക്ഷിക്കാൻ ഞാൻ വരില്ലായിരുന്നല്ലോ.
കുറെ നാളായി ഞാൻ സ്വസ്ഥത ഇല്ലാതെ നടക്കാൻ തുടങ്ങിയിട്ട്. ഇനി നീ എന്ത് വിചാരിച്ചാലും പറഞ്ഞാലും എനിക്കൊരു കോപ്പുമില്ല ഡീ പുല്ലേ”. രേഷ്മ അവനെ തന്നെ നോക്കി നിന്നു. തന്റെ മുഖത്ത് നോക്കാതെയാണ് അത്രയുമവൻ പറഞ്ഞത്. “കുറെ നാൾ മനസിലിട്ട് നടക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. വനവാസം കഴിഞ്ഞിട്ട് വേണമല്ലോ എല്ലാം വന്ന് കണ്ട് പറയാൻ. ആ കുറ്റം ആരും എന്റെ തലയിൽ വെച്ച് കെട്ടണ്ട”. “എന്ത് പറഞ്ഞാലും കാണുമല്ലോ 10 മീറ്റർ നീളമുള്ള നാക്കിട്ട് അടിക്കൽ”. “എന്തേലും പറയാനുണ്ടേൽ മുഖത്ത് നോക്കി പറയണം അല്ലാണ്ട് പിറുപിറുക്കരുത്”. “ആരാടി പിറുപിറുത്തത്. മുഖത്ത് നോക്കി പറയുന്ന കാര്യമൊന്നും നീ പറയല്ലേ. അത് കൊണ്ടായിരിക്കും ഉള്ളിലുണ്ടായിരുന്ന ഇഷ്ട്ടം പറയാൻ നിനക്ക് അത്ര നാളെടുത്തത്”. “ഓഹ് അപ്പൊ തന്നെ , വന്ന് പറയാൻ പറ്റിയ മുതല്. അല്ലേലും നിന്നെയൊക്കെ ബുദ്ധിയുള്ള ആരേലും നോക്കുമോടാ.നിനക്കാ സാധികയെ പറ്റൂ. നീ അവളുടെ അടുത്ത് പൊക്കോ”. പറഞ്ഞു തീർന്നതും ആനന്ദ് ഒറ്റ കുതിപ്പിന് രേഷ്മയ്‌ക്കരികിൽ വന്ന് അവളുടെ തോളിൽ പിടിച്ചു.
ഒരു കാര്യം പറഞ്ഞേക്കാം എന്റെ കാര്യം പറയുന്നതിനിടക്ക് ആ **%%₹₹*&&₹ മോൾടെ കാര്യം പറഞ്ഞാലുണ്ടല്ലോ നിന്റെ പല്ലടിച്ചു ഞാൻ വായിലിടും”. “എന്റെ കൈ അപ്പൊ മാങ്ങാ പറിക്കാൻ പോകുമല്ലോ അല്ലെ. മാറെടാ അങ്ങോട്ട്”. “മാറുന്നില്ല. ഇനിയൊട്ട് മാറാനും ഉദ്ദേശിക്കുന്നില്ല. എന്തേലുമുണ്ടെൽ നീ കൊണ്ട് കേസ് കൊടുക്ക്”. അവളുടെ കണ്ണിൽ നോക്കിയാണ് അവനത് പറഞ്ഞത്. അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ രേഷ്മ അവനെ നോക്കി. “എനിക്ക് ഒരിക്കൽ പറ്റിയ തെറ്റാണു എല്ലാത്തിനും കാരണം. കൂടെയുണ്ടായിട്ടും എനിക്ക് നിന്നെ മനസിലാക്കാൻ കഴിഞ്ഞില്ല.പക്ഷേ അവൻ നിന്നെ ചെയ്തതിനൊന്നും ഞാൻ”…. അവനെ പറയാനനുവദിക്കാതെ അവൾ അവന്റെ വായ കൈ കൊണ്ട് പൊത്തി. നിറഞ്ഞ അവന്റെ കണ്ണിൽ അവൾ കണ്ടത് നിസ്വാർഥമായ പ്രണയം ആയിരുന്നു. “അയ്യേ ബോർ.നിനക്കീ സെന്റി ചേരുന്നേയില്ല. മാറ്റിപിടിക്കൂ”. “മാറ്റിപിടിക്കട്ടെ”. അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു. അതിൽ രേഷ്മ മാത്രമായിരുന്നു. അവന്റെ പ്രണയം മുഴുവനായും ആ കണ്ണുകളിൽ അവൾ കണ്ടു .
അതിന്റെ തീക്ഷണത താങ്ങാൻ ആകാതെ അവൾ മിഴികൾ താഴ്ത്തി. അവൻ അവളുടെ താടി തുമ്പ് പിടിച്ചുയർത്തി. നാണം കൊണ്ട് വിവശയായിരുന്നു രേഷ്മ. അവൾ അവനെ ഇറുക്കെ പുണർന്നു. ദീർഘ നാളായി അവരിൽ നിറഞ്ഞ വിരഹവും വേദനയും മുറിവുകളും കണ്ണുനീരായി ഒഴുക്കി വിട്ടു. അവൻ അവളെ കേൾക്കുയായിരുന്നു. പവന്റെ കൈക്കുള്ളിലായ ഓരോ നിമിഷവും അവളനുഭവിച്ച വേദനകൾ. അവൻ പറയാതെ തന്നെ അവന്റെ കണ്ണിൽ തനിക്ക് വേണ്ടി പൊഴിച്ച കണ്ണുനീരും വേദനയും തെളിഞ്ഞു കണ്ടിരുന്നു. പേമാരിയും കാറ്റും കോളും ഒഴിഞ്ഞ് തീരം ശാന്തമായിരുന്നു. കൊച്ചു തോണികൾ ഓളത്തിനൊപ്പം ഒഴുകി നടന്നു. അവന്റെ നെഞ്ചിൽ ചാരി ഇരിക്കുമ്പോൾ ഈ ലോകത്ത് വെച്ച് ഏറ്റവും സുരക്ഷിതമായ ഇടത്താണ് അവളെന്നു തോന്നി.അവനും അവളെ പൊതിഞ്ഞു പിടിച്ചിരുന്നു. ആർക്കും വിട്ടു കൊടുക്കില്ലെന്ന ഉറപ്പോടെ. ആനന്ദ് അവളുടെ മുഖം തനിക്ക് നേരെ പിടിച്ചുയർത്തി. അവളുടെ കവിളിൽ കൈ ചേർത്തു പിടിച്ചു കണ്ണുകളിലേക്ക് നോക്കി. ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയ്ക്കില്ല എന്ന നിശ്ചയദാർഢ്യം അവനിൽ തങ്ങി നിന്നിരുന്നു.
അവന്റെ കണ്ണിലെ ആ പുതുഭാവം രേഷ്മക്ക് അന്യമായിരുന്നു. അവളുടെ മിഴികൾ പിടച്ചു. ആനന്ദിന്റെ മുഖം അവൾക്ക് അടുത്തേക്ക് വരുന്നതനുസരിച് അവളുടെ ചങ്കിടിപ്പേറി. അവന്റെ ശ്വാസം അവളുടെ കവിളിൽ തട്ടി.അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ എന്തോ തിരഞ്ഞു നടന്നു. പതിയെ ആനന്ദിന്റെ ചുണ്ടുകൾ അതിന്റെ ഇണയെ കണ്ടെത്തി. പൂർണ്ണമായും അവയെ സ്വന്തമാക്കി കഴിഞ്ഞിരുന്നു. രേഷ്മ ആനന്ദിന്റെ കയ്യിൽ അമർത്തി പിടിച്ചു.ഒരു ദീർഘ ചുംബനം.. അവർ രണ്ട് പേരും അതാഗ്രഹിച്ചിരുന്നു. അവൻ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി. കണ്ണുനീരൊഴുകിയ കണ്ണുകളിൽ. മുറിവ് പറ്റിയ നെറ്റിത്തടങ്ങളിൽ. അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി. കുറെ നേരമായും അവരെ കാണാത്തതിനെ തുടർന്ന് റൂമിലേക്ക് കയറി വന്ന പീലി കണ്ടത് പരസപരം മത്സരിച് ചുംബിക്കുന്ന ആനന്ദിനെയും രേഷ്മയെയുമാണ്. അവൾ ആദ്യത്തെ ഞെട്ടൽ മാറിയതും പെട്ടന്ന് മുറിവിട്ടിറങ്ങി.
സൂരജ് അവളുടെ വരവ് കണ്ട് അവളെ ഒന്നാകെ നോക്കി. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളും പരസ്പരം കൂട്ടിപിടിച്ച വിരലുകളും അവൾ കണ്ടത് എന്താകുമെന്ന് ഊഹിക്കാൻ പാകത്തിലായിരുന്നു. അവനവളെ നോക്കി കളിയാക്കും വിധം ഒന്ന് ചിരിച്ചു. പുരികവും കണ്ണും മൂക്കും ചുണ്ടുകളും കൂർപ്പിച്ചു വെച്ചു പീലി സൂരജിനെ നോക്കി. ആ ദിവസമായിരുന്നു രേഷ്മ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ചത്. അവൾ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തു ഒരുപാട് സന്തോഷവതിയായിരുന്നു. അവൾ ഒരുപാട് വർഷം ആനന്തിനോടൊപ്പം ജീവിക്കുന്ന കിനാവുകൾ നെയ്തു തുടങ്ങി. പീലിയ്ക്കും രേഷ്മയുടെയും ആനന്ദിന്റെയും കാര്യത്തിൽ അതിയായ സന്തോഷം തോന്നി. വീട്ടിലേക്ക് വന്നതും അവൾ അമ്മയോട് പ്രശ്നങ്ങളൊക്കെ അവസാനിച്ചതിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു. പിറ്റേ ദിവസം പതിവ് പോലെ കോളേജിലേക്ക് വന്ന സൂരജിനെ കാത്ത് അന്ന നിൽപ്പുണ്ടായിരുന്നു. അവൻ അവളെ ഒട്ടും ശ്രദ്ധിക്കാതെ തന്നെ സ്റ്റാഫ് റൂമിലേക്ക് നടന്നു. അത് അന്നയിൽ ദേഷ്യം സൃഷ്ടിച്ചു. അവൾ കൈ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു. അന്നേ ദിവസം അവൾ ക്ലാസ്സിൽ കയറിയതേയില്ല.
അവൾ സൂരജിനെ പിന്തുടർന്ന് കൊണ്ടിരുന്നു. ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ സൂരജിനെ പിറകിൽ നിന്ന് ഒരു കുട്ടി വിളിച്ചു. അവൻ ആ കുട്ടിയ്ക്ക് ഡൌട്ട് ഉണ്ടായിരുന്ന ഭാഗം ക്ലിയർ ചെയ്തു കൊടുത്തു. അത് കൂടി കണ്ടതും അന്നയ്ക്ക് സ്വയം നിയന്ത്രിക്കാനായില്ല. അവൾ ഒരു ക്ലാസ്സിന്റെ മറവിൽ അവനെയും കാത്തു നിന്നു.അവൻ അടുത്തേക്ക് നടന്നു വന്നതും പെട്ടെന്നവൾ അവന്റെ കൈയ് പിടിച്ച് വലിച്ചു അവളുടെ അടുത്തേക്ക് ചേർത്തു . അവളുടെ പ്രവർത്തിയിലെ ഞെട്ടൽ മാറിയതും അവൻ പിറകിലേക്ക് നീങ്ങി നിന്നു. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. പക്ഷേ അന്നയുടെ കണ്ണിലെ ഭാവം അവൻ നോക്കി കാണുകയായിരുന്നു. “രാവിലെ തൊട്ട് ഞാൻ നിങ്ങടെ പിറകിൽ നടക്കുന്നത് കണ്ടതല്ലേ. എന്നെ എന്താ നിങ്ങൾ ശ്രദ്ധിക്കാത്തത്. ഞാൻ ഓരോ ദിവസവും ജീവിക്കുന്നത് തന്നെ നിങ്ങൾക്ക് വേണ്ടിയാണ് . നിങ്ങളെന്നെ നോക്കാതിരിക്കുമ്പോൾ ആരോ എന്നെ കത്തി കൊണ്ട് ചങ്കിൽ കുത്തുന്ന വേദനയാണ്. എനിക്കത് സഹിക്കാൻ ആകില്ല.പറയ് എന്താ എന്നെ നോക്കാത്തത്. എനിക്കത് അറിഞ്ഞേ ഒക്കൂ. പറയ് പറയാൻ”. അവളവന്റെ ഷർട്ട് പിടിച്ചുലച്ചു.
ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പുലമ്പി. പെട്ടെന്നാണവൾ അവനെ ഇറുക്കെ പുണർന്നത്.അവന്റെ ചങ്കിടിപ്പ് അവൾക്ക് വ്യക്തമായി കേൾക്കാൻ സാധിച്ചു. പെട്ടെന്നാണ് പീലി അങ്ങോട്ടേക്ക് വന്നത്. അവൾ വന്നതും കണ്ടത് ഏതോ ഒരു പെൺകുട്ടി കെട്ടി പുണർന്നു നിൽക്കുന്ന സൂരജിനെയാണ്. ആ കാഴ്ച പീലിയെ ഒന്നാകെ തകർത്താൻ കെൽപ്പുള്ളതായിരുന്നു. സൂരജ് മിഴികളുയർത്തിയതും പീലിയുടെ നിറഞ്ഞ മിഴികളുമായി കോർത്തു. പൊള്ളലേറ്റതു പോലെ സൂരജ് പിടച്ചു പോയി. അവന്റെ ഹൃദയത്തിൽ നിന്ന് രക്തം കിനിഞ്ഞു. പീലിയുടെ ദയനീയമായ ആ നോട്ടം സൂരജിനെ പിടിച്ചുലച്ചു. അവൾ വേഗത്തിൽ തിരികെ ക്ലാസ്സിലേക്ക് ഓടി. ഡെസ്കിൽ തല ചേർത്ത് കിടന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. അവൾക്ക് എന്തെന്നില്ലാത്ത വെപ്രാളം അനുഭവപ്പെട്ടു. വേഗത്തിൽ അവൾ വീട്ടിലേക്ക് തിരിച്ചു. കട്ടിലിലേക്ക് വീണ് പൊട്ടികരയുമ്പോൾ അവളിൽ നിറഞ്ഞു നിന്നിരുന്ന ഭാവം അവൾക് മനസിലാക്കാൻ കഴിഞ്ഞതേയില്ല. അവൾ താലിയിൽ മുറുക്കെ പിടിച്ചു.
“ഭാര്യയായി സ്വീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നുവെങ്കിലും എപ്പോളെങ്കിലും സൂരജേട്ടൻ തന്നെ സ്നേഹിക്കുമെന്ന് കരുതിയിരുന്നു.എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞിരിക്കുന്നു. പക്ഷേ സൂരജേട്ടന്റെ കണ്ണിൽ പലപ്പോഴായി എന്നോട് ഒരു സ്നേഹം കണ്ടിരുന്നുവല്ലോ. എല്ലാം വെറും തോന്നൽ മാത്രമായിരുന്നു.അങ്ങനൊരു സാഹചര്യത്തിൽ സൂരജേട്ടനെ കണ്ടപ്പോൾ തനിക്കിത്രയും വേദനിച്ചത് എന്ത് കൊണ്ടാണ്.താൻ സൂരജേട്ടനെ അറിയാതെ എപ്പോളോ സ്നേഹിച്ചു പോയിരുന്നു. എന്റെ കണ്ണ് നിറയുമ്പോൾ സൂരജേട്ടന്റെ കണ്ണിലും ആ വേദന താൻ കണ്ടിരുന്നു. അതോ എനിക്ക് തോന്നിയതാണോ”. അവൾക്കൊന്നും മനസിലായില്ല. കണ്ണ് നീറിപുകഞ്ഞു. എല്ലാം അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷേ ഈ താലി തനിക്കത് ഉപേക്ഷിക്കാൻ ആകുമോ??. സൂരജ് ഒരു കയ്യാൽ അന്നയെ തള്ളി നീക്കി. വലം കൈ വീശി ഒരൊറ്റ അടി കൊടുത്തു അന്നയ്ക്ക്.അവൾ പിറകിലേക്ക് വേച്ചു പോയി.
അവന് ഒരുപോലെ ദേഷ്യവും സങ്കടവും തോന്നി. പീലിയുടെ വേദന നിറഞ്ഞ മുഖം ഓരോ നിമിഷവും മനസിലേക്ക് കടന്നു വന്നു.വീണ്ടും വീണ്ടും താൻ അവൾക്ക് വേദന മാത്രമാണ് കൊടുത്തുകൊണ്ടിരിക്കുന്നത് എന്നാലോചിച്ചതും അവന് സ്വയം വെറുപ്പ് തോന്നി. ജീവന്റെ കാൾ ഫോണിലേക്ക് വന്നപ്പോളാണ് പീലി കണ്ണ് തുറന്നത്. അവൻ അവളെ കാണണമെന്ന് നിർബന്ധം പിടിച്ചതും ഒടുവിൽ അവനോട് സൂരജിന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.മാണിക്യശേരിയിലെത്തിയ ജീവനെ സുഭദ്രയും പ്രഭാകരനും ഹൃദ്യമായി സ്വീകരിച്ചു. പീലിയുടെ വിവാഹം കഴിഞ്ഞ വിവരം ജീവനെ ചെറുതായിട്ടൊന്നുമല്ല ഞെട്ടിച്ചത്. വിവാഹം നടന്ന സാഹചര്യവും മറ്റും വിശദമായി കേട്ടിരുന്നു ജീവൻ. എന്നാൽ അതിലും വലിയ ആഘാതം സൂരജാണ് പീലിയുടെ ഭർത്താവ് എന്ന വിവരം ജീവനിൽ സൃഷ്ട്ടിച്ചു. പീലിയാണ് ഇത്രയും നാൾ താൻ കാത്തിരുന്ന പെങ്ങളെന്നറിഞ്ഞത് മുതൽ മനസ്സിൽ കയറി കൂടിയതായിരുന്നു അവളുടെ വിവാഹത്തെ കുറിച്ചുള്ള സ്വപ്നം.അവൻ യാഥാർഥ്യത്തെ സ്വീകരിച്ചു.
സൂരജ് വീട്ടിലേക്ക് വന്നതും ജീവനെ അവിടെ കണ്ട് അമ്പരന്നു. അച്ഛനിൽ നിന്നുമവൻ എല്ലാ വിവരങ്ങളും അറിഞ്ഞു. അവനിൽ അത്ഭുതം നിറഞ്ഞു. അപ്പൊ ജീവൻ പീലിയോട് കാണിച്ച സ്നേഹത്തെ താൻ തെറ്റിദ്ധരിച്ചതാണ് എന്ന് സൂരജ് മനസിലാക്കി. എല്ലാവരിലും സന്തോഷം നിറഞ്ഞു നിന്നിരുന്നു. എന്നാൽ രണ്ട് ഹൃദയങ്ങളിൽ വേദന മാത്രമായിരുന്നു. ഹൃദയത്തിൽ മുറിവിൽ നിന്ന് നിർത്താതെ ചോരയൊഴുകി കൊണ്ടിരുന്നു. സൂരജ് വേദനയോടെ പീലിയെ നോക്കികൊണ്ടിരുന്നു. എന്നാൽ പീലി അവനെ അറിയാതെ പോലും നോക്കാൻ ശ്രമിച്ചില്ല. തുടരും

by