രചന – നിള നന്ദ
” മുത്തശ്ശി… ” മുക്ത ഓടി ചെന്ന് അവളുടെ മുത്തശിയെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു.. ” യാത്രയൊക്കെ സുഖമായിരുന്നോ മോളെ..? ” മുത്തശ്ശി അവളുടെ നെറുകയിൽ സ്നേഹത്തോടെ തലോടി.. ” സുഖമായിരുന്നു മുത്തശ്ശി.. എല്ലാവരും ഉണ്ടല്ലോ..” മുത്തശ്ശിക്ക് ഒപ്പം നിരന്നു നിൽക്കുന്നവരെ നോക്കി മുക്ത കുസൃതിയോടെ ചിരിച്ചു.. ” എല്ലാരും ഉള്ളത് കൊണ്ടല്ലെ നിന്നെ സ്വീകരിക്കാൻ ഇങ്ങനെ വന്ന് നിൽക്കാൻ പറ്റിയത്.. ” മുക്തയുടെ വല്യച്ഛൻ ദേവൻ ചിരിയോടെ പറഞ്ഞു.. ” ഓഹോ എന്നിട്ട് മാലയും ബൊക്കയും ഒക്കെ എവിടെ.. ” മുക്ത വലിയ കാര്യത്തിൽ എല്ലാവരുടെ കയ്യിലേക്കും നോക്കി.. ” ഈ പെണ്ണിന്റെ ഒരു കാര്യം.. നിന്ന് ചീഞ്ഞ കോമഡി പറയാതെ അവിടെ നിക്കുന്നവരെ ഇങ്ങോട്ട് വിളിക്ക്.. ” ദേവന്റെ മകൾ ശ്രേയ മുക്തയുടെ കയ്യിൽ മെല്ലെ തട്ടി..
” ഉഫ്.. ഞാൻ അത് മറന്നു.. കയറി വാ.. ” കയ്യിൽ ഉഴിഞ്ഞുകൊണ്ട് മുക്ത തിരിഞ്ഞ് അവരെ വിളിച്ചു.. മുന്നോട്ട് നടക്കുമ്പോഴും ലയനയുടെ കൈ സാരംഗിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.. അത് ശ്രെദ്ധിക്കാതെ മുഖം തിരിച്ച് സന നിഖിലിന്റെ ഒപ്പം നടന്നു.. ” ഇതാണോ മോള് പറഞ്ഞ കുട്ടി.. ” ലയനയെ കണ്ടതും ദേവന്റെ ഭാര്യ ലത അവളുടെ അടുത്തേക്ക് ചെന്നു.. ” ആ ഇതാ ആള്.. പേര് ലയന.. ” ലത അവളെ നോക്കി പുഞ്ചിരിച്ചു.. തിരികെ അവളും ചെറുതായി പുഞ്ചിരിച്ചു.. ” നിങ്ങൾക്ക് ഞാൻ ഇവരെ ഒന്നും പരിചയപെടുത്തിയില്ലല്ലോ.. ഇത് എന്റെ ഡിയറിസ്റ് മുത്തശ്ശി ജാനകി.. ഇതെന്റെ വല്യച്ഛൻ ദേവൻ.. ഇത് വല്യമ്മ ലത.. ഇത് ഇവരുടെ ഒരേ ഒരു മോൾ ശ്രേയ.. ഒന്നേ ഉള്ളൂ എങ്കിൽ ഉലക്കയ്ക്ക് അടിക്കണം എന്നല്ലേ.. കിട്ടേണ്ട സമയം ഒക്കെ ആയിരിക്കുന്നു.. ” ” വന്നേ ഉള്ളൂ അപ്പോഴേക്കും തുടങ്ങി.. നീ എന്റേന്ന് വാങ്ങും മുമ്മു.. ” ശ്രേയ അവളെ കൂർപ്പിച്ചു നോക്കി .. ഓഹ് പിന്നെ എന്ന അർത്ഥത്തിൽ മുക്ത ശ്രേയയെ നോക്കി കോക്രി കാട്ടി..
” ഇതെന്റെ ചെറിയച്ഛൻ മഹി.. ഇത് ചെറിയമ്മ സുമ. പിന്നെ ഇത് ഇവരുടെ മക്കൾ.. രോഹൻ.. രോഹിണി.. ഇരട്ടകളാ.. അത് പോലെ പരട്ടകളും.. ” ” മുമ്മു ഉള്ളപ്പോ വേറെ പരട്ട എന്തിനാ.. ” മുക്ത പറഞ്ഞതും അതിന് പുറകെ രോഹൻ അവളെ കളിയാക്കി.. ” ടാ നിന്നെ ഇന്ന് ഞാൻ.. ” മുക്ത കലിപ്പിൽ അവനെ തല്ലാൻ കൈ പൊക്കി.. അപ്പോഴേക്കും രോഹൻ അകത്തേക്ക് ഓടിയിരുന്നു.. ” ഈ കുട്ടികളുടെ ഒരു കാര്യം.. വന്ന് കയറുമ്പോഴേക്കും തുടങ്ങി.. ” മുത്തശ്ശി എല്ലാരേയും നോക്കി തലയിൽ കൈ വെച്ചു.. ” മുമ്മു.. കളിയൊക്കെ ഇനി പിന്നെ.. ഈ കുട്ടികൾക്ക് റൂമൊക്കെ കാണിച്ച് കൊടുക്ക്.. യാത്ര കഴിഞ്ഞ് വന്നതല്ലേ.. ശ്രേയ.. മോള് കൂടി ചെല്ല്.. ” മഹി അവരോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.. ” എല്ലാരും വാ.. ” ശ്രേയ അവരെ വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു..
പുറകെ അവരും.. ” ചെറിയച്ഛനും ചെറിയമ്മയും ആണ് ഇവിടെ തറവാട്ടിൽ താമസിക്കുന്നത്.. ഞങ്ങൾ എല്ലാ വെക്കേഷനും ഇവിടെ വരാറുണ്ട്.. പിന്നെ ഈ വരവിന് ഒരു പ്രതേക എന്തെന്നാൽ ഒന്നര മാസം കൂടെ കഴിഞ്ഞാൽ എന്റെ ചേച്ചി കുട്ടിയുടെ കല്യാണം ആണ്.. എല്ലാ പേരക്കുട്ടികളുടെയും കല്ല്യണം തറവാട്ടിൽ വെച്ച് നടത്തണം എന്നത് മുത്തശ്ശിയുടെ ആഗ്രഹം ആണ്..” മുന്നോട്ട് നടക്കുന്നതിനിടയിൽ മുക്ത ശ്രെയയെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.. ” ഇതൊക്കെ ഞങ്ങൾക്ക് അറിയുന്ന കാര്യം അല്ലേ.. പിന്നെയും എന്തിനാടി പറയുന്നേ.. ” നിഖിൽ മുക്തയുടെ തലയിൽ ചെറുതായി ഇടിച്ചുകൊണ്ട് ചോദിച്ചു.. ” അയിന് നിന്നോട് ആരാടാ പറഞ്ഞത്.. ഞാൻ ലനയോട് ആണ് പറഞ്ഞത്.. ഇവളല്ലേ നമ്മുടെ കൂട്ടത്തിലെ പുതിയ ആള് .. ” മുക്ത നിഖിലിന്റെ ഒകാലിൽ ഒരു ചവിട്ടു കൊടുത്തു..
” ഡീ ദുഷ്ട്ടെ എന്റെ കാല്.. ” കയ്യിലെ ബാഗ് നിലത്ത് ഇട്ടുകൊണ്ട് നിഖിൽ ഉറക്കെ നിലവിളിച്ചു.. ” ഒന്ന് പതുക്കെ കാറ് ചേട്ടാ.. മുത്തശ്ശി എങ്ങാനും കേട്ടാൽ മുമ്മുന് വഴക്ക് കേക്കും.. ” രോഹിണി അവനെ നോക്കി പറഞ്ഞു.. ” ചവിട്ട് കിട്ടിയത് എനിക്ക് ആണല്ലോ.. പിന്നെ ഞാൻ കാറാതിരിക്കോ.. ” ” നിനക്ക് ആദ്യമായിട്ട് അല്ലല്ലോ എന്റേന്ന് ചവിട്ട് കിട്ടുന്നേ.. നടക്ക് ഇങ്ങോട്ട്.. ” മുക്ത നിഖിലിന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു.. ” ഇതാ നിങ്ങടെ റൂം.. സാരംഗും നീയും ഈ റൂമും യൂസ് ചെയ്തോളൂ.. ഞാനും സനയും ലനയും താഴത്തെ റൂമിൽ ഉണ്ടാവും.. ” ഒരു റൂമിന്റെ ഡോർ തുറന്നുകൊണ്ട് മുക്ത പറഞ്ഞു.. അത് കേട്ടതും ലയന സാരംഗിന്റെ കയ്യിലെ പിടി മുറുക്കി അവനെ ഭയത്തോടെ നോക്കി..
” മുക്ത.. അത്.. ലനയ്ക്ക് നിങ്ങളെയും ഈ വീടും ഒന്നും ഒരു പരിചയവും ഇല്ലല്ലോ.. അതോണ്ട് കുറച്ച് ദിവസത്തേക്ക് ഈ റൂമിന് അടുത്തുള്ള ഒരു റൂം ലനയ്ക്ക് കൊടുക്കാവോ.. ” ” അങ്ങനെ ആണെങ്കിൽ ഈ റൂം തത്കാലം യൂസ് ചെയ്യാം.. പക്ഷേ ലന തനിച്ച് എങ്ങനെ.. ” ” ഞാൻ വേണെങ്കിൽ കൂട്ടിന് കിടക്കാം മുമ്മു.. ” രോഹിണി പെട്ടന്ന് ചാടി കയറി പറഞ്ഞു.. ” നിനക്ക് എന്താടി ഇത്രയ്ക്ക് ഉത്സാഹം.. ” ” എന്റെ കൂടെ കിടക്കുന്നത് ഈ വല്യേച്ചി ആണ്.. അടുത്ത് കിടന്ന് പാതിരാത്രി വരെ സൊള്ളല്ലാണ്.. ഉറങ്ങാൻ പറ്റണ്ടേ.. ഒരു കോളേജ് അദ്ധ്യാപിക ആണെന്നുള്ളത് പോട്ടെ.. പത്തു പതിനാറ് വയസ്സുള്ള സ്വന്തം അനിയത്തി അടുത്ത് കിടക്കുന്ന വല്ല വിചാരവും വേണ്ടേ.. ഹോ അൺസഹിക്കബിൾ.. ” തലയിൽ കൈ വെച്ച് രോഹിണി പറഞ്ഞത് കേട്ട് ശ്രേയ ആകെ ചൂളിപ്പോയി.. എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിച്ചു.. ” നിനക്ക് ഞാൻ താരാടി.. ” ശ്രേയ രോഹിണിയുടെ കാതിൽ മെല്ലെ പറഞ്ഞതും മറുപടിയായി അവളൊന്ന് ഇളിച്ചു കാണിച്ചു..
” ഞാനും സനയും എന്നാൽ എവിടത്തെ ഒരു റൂം തന്നെ യൂസ് ചെയ്തോളാം.. രോഹിണി നീ ലനയുടെ കൂടെ ചെല്ല്.. ” മുക്ത പറഞ്ഞതും രോഹിണി ലനയെ കൂട്ടി റൂമിലേക്ക് കയറി.. സാരംഗിനെ ഒന്ന് നോക്കി ലന റൂമിന്റെ ഡോർ അടച്ചു.. ” എന്നാ എല്ലാരും ഒന്ന് ഫ്രഷ് ആയി റസ്റ്റ് എടുക്ക്.. ഞാൻ താഴെ കാണും.. ” ശ്രേയ എല്ലാരോടായി പറഞ്ഞ് താഴേക്ക് പോയി.. ” അളിയാ.. നീ സനയെ ശ്രെദ്ധിച്ചോ.. അവളെന്തോ ആകെ മൂഡോഫ് ആയത് പോലെ ഇല്ലേ.. ” റൂമിലേക്ക് കയറി ബാഗ് തുറന്ന് ഡ്രസ്സ് പുറത്ത് എടുക്കുന്നതിന് ഇടയിൽ നിഖിൽ ബെഡിൽ കിടക്കുന്ന സാരംഗിനെ നോക്കി.. ” സനയ്ക്ക് എന്ത് പറ്റിയെന്ന്.. അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. ” ” അത് നീ അവളെ ശെരിക്കും ശ്രെദ്ധിക്കാത്തൊണ്ട് തോന്നുന്നതാ.. അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്.. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയത് മുതൽ ഇത് വരെ അവൾ മര്യാദയ്ക്ക് ഒന്ന് സംസാരിച്ചിട്ടില്ല.. ” അത് പറഞ്ഞ് കൊണ്ട് അവൻ ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറി.. സാരംഗ് എന്തോ ചിന്തയിൽ കണ്ണുകളടച്ച് കിടന്നു.. ≠≠≠
റൂമിൽ കയറി ലയന ചുറ്റും കണ്ണോടിച്ചു.. നല്ല വൃത്തി ഉള്ള റൂം ആണ്.. ചുവരിലെ ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ഉണ്ട്.. അത് കണ്ടതും ലയനയുടെ കണ്ണുകൾ വിടർന്നു.. കുറച്ച് നാളായി വായനയൊന്നും ഇല്ലായിരുന്നു.. അലമാരയിലെ ചില്ല് ഒരു വശത്തേക്ക് നീക്കി അവൾ ആ പുസ്തകങ്ങളിലൂടെ വിരലോടിച്ചു.. ” ചേച്ചി അതൊന്നും എടുത്തേക്കല്ലേ.. ” പുറകിൽ നിന്ന് രോഹിണിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി.. സംശയത്തോടെ പുസ്തകങ്ങളിലേക്കും രോഹിണിയുടെ മുഖത്തേക്കും മാറി മാറി നോക്കി.. ” ഇത് ശെരിക്കും ഏട്ടന്റെ റൂം ആണ്.. ഏട്ടൻ ഇപ്പോ ഇവിടെ ഇല്ലാത്തോണ്ട് നമുക്ക് തന്നതാ.. ഇതൊക്കെ ഏട്ടന്റെ ആണ്.. ആളൊരു പ്രതേക ടൈപ്പ് ആണ് ഏട്ടന്റെ സാധനങ്ങൾ ഒന്നും മറ്റാരും എടുക്കുന്നത് ആൾക്ക് ഇഷ്ട്ടം അല്ല.. ദാ ഈ ഗിറ്റാർ കണ്ടോ.. മുൻപ് ഒരിക്കൽ ഞാൻ ഇത് എടുത്തതിന് എന്തൊക്കെ പുകിൽ ആയിരുന്നു എന്നറിയാവോ.. ” രോഹിണി എന്തോ ഓർമയിൽ തല കുടഞ്ഞു..
” ഈ ഏട്ടൻ..? ” ലയന ചോദ്യ ഭാവത്തിൽ അവളെ നോക്കി.. ” ഓഹ് അത് അറിയില്ലല്ലേ.. ഇവിടത്തെ ജാനകി മുത്തശ്ശിയുടെ രണ്ടാമത്തെ പുത്രനായ ശിവനാഥിന്റെയും ഭാര്യ മീരയുടെയും മൂത്ത പുത്രൻ മാനവ് നാഥ്.. കൂടുതൽ എളുപ്പത്തിൽ പറഞ്ഞാൽ മുമ്മൂവിന്റെ ഏട്ടൻ.. ” രോഹിണി കഥപ്രസംഗം പോലെ പറയുന്നത് കേട്ട് അവളൊന്ന് ചിരിച്ചു.. ” ഈ ഏട്ടൻ അത്ര കുഴപ്പക്കാരൻ ആണോ.. ” ” അങ്ങനെ ചോദിച്ചാൽ.. അത്രയ്ക്ക് ഒന്നും ഇല്ല.. ആളുടെ എന്തെങ്കിലും സാധനം ചോദിക്കാതെ മറ്റോ എടുത്താൽ ഭയങ്കര ദേഷ്യം ആണ്.. പിന്നെ എന്നോടും രോഹനോടും ഏട്ടന് പ്രതേക ഇഷ്ട്ടം ആണ്.. എന്താന്ന് വെച്ചാൽ ആള് എഞ്ചിനീയറിംഗ് റാങ്ക് ഒക്കെ വാങ്ങിയതാണ്.. ഞങ്ങൾ ആണേൽ എല്ലാ എക്സമിനും ജസ്റ്റ് പാസ്.. അതിന്റെയാ.. ഇവിടെ വന്നാൽ ഏത് നേരവും അത് തന്നെ പറയും.. ഇവിടെ ബാക്കി എല്ലാർക്കും ഏട്ടനെ ജീവൻ ആണ്..” മുഖം ചുളിച്ചാണ് അവൾ അവസാനത്തെ വാക്ക് പറഞ്ഞത്.. ” ഏട്ടൻ ഇനി എന്നാ ഇങ്ങോട്ട് വരുന്നേ.. ” ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഗിറ്റാറിലേക്ക് നോക്കിയാണ് അവൾ ചോദിച്ചത്.. ” എന്തോ വലിയ തിരക്ക് ഒക്കെ ആണെന്ന് പറയുന്ന കേട്ടു..
ശ്രേയ ചേച്ചിയുടെ കല്യാണത്തിന് ഒരാഴ്ച്ച മുൻപേ വരുള്ളുന്നാ പറഞ്ഞത്.. ഹോ അത് വരെ സമാധാനം.. ” സന്തോഷത്തോടെ ബെഡിൽ കിടന്നോണ്ട് രോഹിണി പറഞ്ഞു.. ” അല്ലാ രോഹിണിയുടെ ബ്രദറിനെ പിന്നെ കണ്ടില്ലല്ലോ.. ” ” ഹോ അവൻ പാടത്ത് എവിടെയെങ്കിലും കാണും.. ഇനി രാത്രി ആവുമ്പോ നോക്കിയാൽ മതി .. ചേച്ചി എന്നാ ഫ്രഷ് ആയി കുറച്ച് റസ്റ്റ് എടുത്തോ.. ഞാൻ താഴെ കാണും.. ” രോഹിണിയെ നോക്കി തലയാട്ടി കൊണ്ട് അവൾ ഫ്രഷ് ആവാൻ പോയി.. ≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ലയന.. തലയിൽ അനുഭവപ്പെടുന്ന ചെറിയ വേദനയിൽ അവൾ കണ്ണുകൾ മെല്ലെ അടച്ചു തുറന്നു.. ” താനിവിടെ വന്ന് നിൽക്കുകയാണോ.. എന്താ വേദന എങ്ങാനും ഉണ്ടോ.. ” സാരംഗ് അവളുടെ അടുത്തേക്ക് വന്ന് തലയിലെ കെട്ടിൽ മെല്ലെ തലോടി.. ” എനിക്ക് കുഴപ്പം ഒന്നും ഇല്ല സാരംഗ്.. ഞാൻ വെറുതെ.. ” ” വെറുതെ നിൽക്കുന്നത് ഒക്കെ കൊള്ളാം.. പക്ഷേ ആവശ്യം ഇല്ലാത്ത ഒന്നും ചിന്തിക്കണ്ട.. കേട്ടല്ലോ.. ” മറുപടി പറയാതെ അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു..
” താൻ എന്തായാലും ടെൻഷൻ ആവൊന്നും വേണ്ടാ.. കൂടെ ഞാൻ ഇല്ലേ.. പിന്നെ ഇവിടെ എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണ്.. ” ” പക്ഷേ സാരംഗ് എത്രയെന്നു വെച്ചാ ഇവിടെ.. ആരെയും ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല.. ” ” നീ എനിക്കൊരു ബുദ്ധിമുട്ട് ആണോ ലന.. പിന്നെ നീ എവിടെ സ്ഥിരം താമസിക്കാൻ വന്നതൊന്നും അല്ലല്ലോ.. തൽകാലത്തേക്ക് സുരക്ഷിതമായ ഒരിടം.. ബാക്കി ഒക്കെ നമുക്ക് ആലോചിക്കാം.. കൂടെ എന്നും ഞാൻ ഉണ്ട്.. പാതി വഴിയിൽ ഉപേക്ഷിച്ചു പോവില്ല.. ” സാരംഗ് തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു.. ” നിന്നോളം ആരും എന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല സാരംഗ്.. ആരും ഇങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല.. ” അവന്റെ തോളിലേക്ക് ചാരി അവൾ കണ്ണുകൾ അടച്ചു.. ≠≠≠≠≠
” നിനക്കെന്താ സന പറ്റിയത്.. വന്നത് മുതൽ ഞാൻ ശ്രെദ്ധിക്കുവാ.. നിന്റെ മനസ്സ് ഇവിടെ ഒന്നും അല്ലല്ലോ.. ” മുറ്റത് വലിയ മാവിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു സനയും മുക്തയും.. ” ഞാൻ.. ഞാൻ തിരികെ പൊക്കോട്ടെ മുക്ത.. ” സന പതിഞ്ഞ ശബ്ദത്തിൽ പെട്ടന്ന് പറഞ്ഞതും മുക്ത ഒന്ന് ഞെട്ടി.. ” എന്താടാ.. അതിന് മാത്രം ഇപ്പോ ഇവിടെ എന്താ ഉണ്ടായത്.. നിനക്ക് ഇവിടെ ഇഷ്ട്ടപെട്ടില്ലേ.. ” ” അതൊന്നും അല്ല.. ” ” പിന്നെ.. ഇങ്ങോട്ട് വരാൻ ഏറ്റവും ഉത്സാഹം കാണിച്ചത് നീ അല്ലേ.. പിന്നെ ഇപ്പോ എന്താ.. അതും വന്ന് ഒരു ദിവസം ആവുന്നതിന് മുൻപ്.. ” ” എനിക്ക് വയ്യാ മുക്ത ഇവിടെ.. എനിക്ക് തിരികെ പോണം.. ” മുക്തയെ കെട്ടിപിടിച്ച് അവളുടെ തോളിൽ മുഖം അമർത്തി സന തേങ്ങി കരഞ്ഞു.
” എന്താടാ.. നീ എന്തിനാ ഇങ്ങനെ കരയുന്നത്.. എന്നെ കൂടെ ടെൻഷൻ ആക്കാതെ നീ കാര്യം പറയ്.. ” ” ഞാൻ.. ” സന എന്തോ പറയാൻ വന്നതും ബാൽക്കണിയിൽ ലയനയെ ചേർത്ത് പിടിച്ച് നിൽക്കുന്ന സാരംഗിനെ അവളുടെ കണ്ണിൽ ഉടക്കി.. ഹൃദയം ഒരുനിമിഷം നിന്നു പോവുന്നത് പോലെ അവൾക്ക് തോന്നി.. ( തുടരും ) വായിച്ചിട്ട് ഇഷ്ട്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.. 😊

by