രചന – അയിഷ അക്ബർ
വിശാലമായ ആ വീട്ട് മുറ്റത്തു അവരുടെ വണ്ടിയെത്തുമ്പോൾ മഴ തിമർത്തു പെയ്യുന്നുണ്ടായിരുന്നു….. അവൾ പതിയേ കണ്ണുകൾ തുറന്നു….. കാറിന്റെ ഡോർ തുറന്നതും കുടയുമായി മാധവൻ പുറത്തേക്ക് വന്നു….. കുട വിവേകിന്റെ കയ്യിൽ കൊടുത്ത് അയാൾ വേഗം തിണ്ണയിലേക്കോടി കയറി…. നിവർത്തിയ കുട പിടിച് വിവേക് പിറകിലേക്ക് നോക്കി.. അവന്റെ നോട്ടത്തിൽ താല്പര്യമില്ലാത്ത മട്ടിൽ അവനെ നോക്കാതെ അവൾ ഇറങ്ങി….. അപ്പോഴും അവൾക്ക് നേരെ അവൻ കുട നീക്കി പിടിച്ചിട്ടുണ്ടായിരുന്നു….. നില വിളക്കുമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ജാനകിയിൽ നിന്നും നില വിളക്ക് വാങ്ങുമ്പോൾ ചിരിച്ചെന്ന് വരുത്താൻ അവൾ ശ്രമിച്ചിരുന്നു….. ചുറ്റും കൂടിയ ബന്ധുക്കളെല്ലാം അവളെ നോക്കുമ്പോഴും ഗൗരവമുള്ള ആ മുഖത്തെ ദേഷ്യം അവന് മാത്രമായി കാണാൻ കഴിയുന്നുണ്ടായിരുന്നു….. വലതു കാൽ വെച്ചവളാ വീടിന്റെ പടി കയറുമ്പോൾ വിവേകിന്റെ മനസ് ശൂന്യമായി തോന്നി…..
ഏത് നിമിഷവും അടർന്നു പോയേക്കാവുന്ന ഒരു പാളി മാത്രമാണവളെന്ന് അവനോർക്കുന്നത് കൊണ്ടായിരിക്കാം….. മരത്തിന്റെ തൂണും കാവിയിട്ട തണുത്ത നിലവുമെല്ലാം അവളെ അലോസരപ്പെടുത്തുന്നത് പോലെ അവന് തോന്നി…. മരത്തിന്റെ കോണിപ്പടികൾ കയറി അമ്മക്കൊപ്പം അവൾ പോകുമ്പോൾ അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി…. എന്നാൽ തനിക്ക് നേരെ തിരിച്ചവൾ നൽകിയ ആ നോട്ടം തന്നെ അത്രയേറെ വേദനിപ്പിക്കാൻ പ്രാപ്തിയുള്ളതായിരുന്നു…. എല്ലാവർക്ക് മുമ്പിലും നടന്ന വിവാഹം അവരെ രണ്ട് പേരെയും സംബന്ധിച്ചിടത്തോളം വെറുമൊരു വേഷം കെട്ടലാണെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു…. വിവാഹം എന്നത് വെറുമൊരു ചരട് കൊണ്ട് ബന്ധിക്കുന്നതല്ലല്ലോ…. അവ ബന്ധിക്കേണ്ടത് ഹൃദയങ്ങളെയല്ലേ….. ഓർക്കുമ്പോൾ അവന് തലക്ക് വല്ലാത്ത ഭാരം തോന്നി….. എങ്കിലും അചന്റെയും അമ്മയുടെയും മുഖത്തെ സന്തോഷം അവനെയും ആനന്ദത്തിലാക്കിയിരുന്നു….. നിഷ്കളങ്കമായ ആ പുഞ്ചിരി അവന്റെ ഹൃദയം തണുപ്പിച്ചിരുന്നു…… 🔹
ഇതാണ് മോൾടെ മുറി…. വിശാലമായ ആ മുറി അവൾക്ക് മുമ്പിൽ തുറന്നു കാണിച്ചു ജാനകിയത് പറയുമ്പോൾ അവൾ ചിരിചെന്നു വരുത്തി…. മരത്തിൽ കൊത്തു പണികളാൽ തീർത്ത കട്ടിലും അലമാരയും….. അവക്കരികിലായി ഒരു കുഞ്ഞ് മേശ….. തന്റെ മുറിയിലെ ചില്ല് ജനാലയിൽ നിന്നും വ്യത്യസ്തമായി മരത്തിന്റെ ജനൽ പാളികൾ…… അവൾക്കാ മുറിയിലൊന്നാകേ ശ്വാസം മുട്ടുന്നത് പോലെ തോന്നി…. അവളുടെ നെറ്റി ചുളിഞ്ഞിരുന്നു….. അപ്പോഴും തന്റെ ചുറ്റുമായി കുറച്ച് ബന്ധുക്കൾ ഇരുന്നിരുന്നു…. തന്നെയും അണിഞ്ഞ ആഭരണങ്ങളേയുമെല്ലാം അളന്നു തൂക്കുന്ന അവരെല്ലാം ഒന്ന് പോയിരുന്നെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചു….. അവർക് മുമ്പിൽ വരുത്തി തീർത്ത ഒരു പുഞ്ചിരിയുമായിരിക്കുമ്പോൾ മാലയിൽ നിന്നൂരി വീഴുന്ന മുത്തുകൾ പോൽ അവരോരുത്തരായി ആ മുറി വിടുന്നതവളിൽ ആശ്വാസം നൽകി… മോള് വസ്ത്രം മാറ്റിക്കോളൂ…. എന്ന് പറഞ്ഞ് വാതിൽ ചാരി അവസാനത്തെ ആളും പോയതും അവൾ തലയിലെ ഉണങ്ങി തുടങ്ങിയ മുല്ലപ്പൂ ശക്തിയായി നിലത്തേക്കെറിഞ്ഞു…..
അവളുടെ സകല ദേഷ്യങ്ങൾക്കും പാത്രമായ ആ മുല്ലപ്പൂ ചുമരിനോട് ചേർന്ന് തറയിൽ കിടന്ന് അവളെ പരിഹസിക്കുന്നത് പോലെയവൾക്ക് തോന്നി…. അവളെഴുന്നേറ്റ് ജനലിനോരത്തായി ചെന്ന് നിന്നു…. തുറന്ന് കിടക്കുന്ന ജനാലയിലൂടെയവൾ പുറത്തേക്ക് നോക്കി…. മഴ ഏകദേശമൊന്ന് കെട്ടടങ്ങിയിരുന്നു…… മഴ കൊണ്ട് നനഞ്ഞ കോഴികൾ ഇറയത് അഭയം പ്രാപിച്ചിരുന്നു…. മഴ തോരാൻ കാത്തിരിക്കുന്നത് പോൽ അവർ മഴയെ സസൂക്ഷ്മം വീക്ഷിക്കുന്നതായി അവൾക്ക് തോന്നി…. കടയിൽ നിന്നും വാങ്ങി കഴിക്കാറുള്ള ഭംഗിയുള്ള മാങ്ങൾക്ക് പകരമായി ഒട്ടും ഭംഗിയില്ലാത്ത മാങ്ങകൾ മുറ്റത്താകേ പരന്നു കിടന്നിരുന്നു…. ചക്ക തിങ്ങി നിറഞ്ഞു നിൽക്കുന്ന പ്ലാവും അവക്ക് പിറകിലായി നിര നിരയായി നിൽക്കുന്ന കവുങ്ങുകളുമെല്ലാം അവൾ നോക്കി നിന്നു….. വേറെയും പല മരങ്ങളും അവൾക്കാ ജനലിലൂടെ കാണാൻ കഴിഞ്ഞെങ്കിലും പലതിന്റെയും പേരവൾക്കറിയുമായിരുന്നില്ല…… ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല ഈയൊരു വിവാഹം…. വിവേക് ഒരു സാധാരണക്കാരനായത് കൊണ്ട് തന്നെ ഞാനങ്ങനെയൊക്കെ പറയുമ്പോൾ തന്നെ ഈ വിവാഹത്തിൽ നിന്നു പിന്മാറുമെന്ന് താൻ വിചാരിച്ചിരുന്നു…..
എന്നാൽ തന്റെ കണക്കു കൂട്ടലുകൾ പാടേ തെറ്റിച്ചു കൊണ്ടാണ് വിവേകിൽ നിന്നങ്ങനൊരു പ്രതികരണമുണ്ടായത്…. അല്ലെങ്കിലും താനെന്തൊരു വിഡ്ഢിയാണ്… തന്റെ സമ്പത്തു കണ്ട് അവന്റെ കണ്ണ് മഞ്ഞളിച്ചിട്ടുണ്ടാവുമെന്ന് ഓർക്കാതെയാണ് അങ്ങനെ പറഞ്ഞത്…. എല്ലാവർക്കും പണം മതിയല്ലോ…. ബന്ധങ്ങളോ സ്നേഹമോ ഒന്നും സത്യമല്ലെന്ന് തന്നേക്കാൾ നന്നായി മാറ്റാർക്കാണറിയുക….. അവളുടെ ചുണ്ടിലൊരു പുച്ഛ ചിരിയുതിർന്നു…. ഏട്ടത്തീ….. വാതിൽ പടിയിൽ തന്നെ നിന്നു കൊണ്ട് തന്നെ വിളിക്കുന്നവളെ മീരയൊന്ന് നോക്കി…. ഇരുന്നിറമാണെങ്കിലും സുന്ദരിയാണവൾ…. നീളം കുറഞ്ഞ ചുരുണ്ട മുടി വിടർത്തിയിട്ടിരിക്കുന്നു….. കണ്ണുകൾ നീട്ടിയെഴുതിയിട്ടുണ്ട്…. താനവളെ കണ്ടിട്ടുണ്ട്…. വിവേകിന്റെ പെങ്ങളാണെന്ന് പറഞ്ഞ് അവളെ എനിക്ക് മുന്പേ പരിചയപ്പെടുത്തുയിട്ടുണ്ട്… ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളെ നോക്കി മീര എന്തെന്ന അർത്ഥത്തിൽ പുരികമുയർത്തി…..
ആഭരണങ്ങൾ അഴിക്കാനും വേഷം മാറാനും ഏട്ടതിയെ സഹായിക്കണോ ഞാൻ…. അവളത് ചോദിച്ചതും വേണ്ടാ എന്ന മീരയുടെ ഉത്തരത്തിനു യാതൊരു മിനുസവുമില്ലാത്തത് കൊണ്ട് തന്നെയാണ് ദേവുവിന്റെ മുഖം പെട്ടെന്ന് മങ്ങിയത്…… ഏട്ടത്തിക്ക് വേണ്ട വസ്ത്രങ്ങളൊക്കെ ദാ ആ അലമാരയിലുണ്ട്…. പോകുന്നിടക്ക് പിന്തിരിഞ്ഞത് പറയുമ്പോഴും മീര അതേ പോലെ നിന്നു….. ഒന്ന് കുളിക്കണം….. പുറത്ത് നല്ല മഴയാണെങ്കിലും ഹൃദയം ചുട്ട് പൊള്ളുകയാണ്….. അവൾ അലമാര ലക്ഷ്യമാക്കി നടന്നു….. പല നിറങ്ങളിലുള്ള വസ്ത്രങ്ങൾ അലമാരയിൽ നിറഞ്ഞിരുന്നു….. സാരിയും ദാവണിയും ആയിരുന്നു കൂടുതലും…. അവൾക്കാകെ ദേഷ്യം വന്നിരുന്നു…. തിരഞ്ഞു കിട്ടിയതിൽ ഒരു ചുരിദാരെടുത്തു അവൾ കുളിക്കാനായി നടന്നു.. തലയിലൂടെ തണുത്ത വെള്ളമൊഴിക്കുമ്പോൾ അവൾക്ക് മേലാസകലം തണുക്കുന്നുണ്ടായിരുന്നു…. തല തുവർത്തി നീളൻ മുടി വിടർത്തിയിട്ട് മുറിയിലേക്ക് കടക്കുമ്പോൾ ഇട്ടിരുന്ന കുർത്ത പാതിയൂരി നിൽക്കുന്ന വിവേകിനെയാണവൾ കാണുന്നത്….. അവളെ കണ്ടതുമവൻ അഴിച് കൊണ്ടിരുന്ന കുപ്പായം പഴയ പടിയാക്കി.. അവനാ മുറിയിലുള്ളത് തന്നെ പ്രയാസമായി തോന്നിയ അവൾ പുറത്തേക്ക് നടന്നു……
ആളുകളൊഴിഞ്ഞു തുടങ്ങിയ ആ വീടവളൊന്നു നോക്കി… ചെറിയ ചാറ്റൽ മഴ അപ്പോഴും ആ വീടിനുള്ളിലെ നടു മുറ്റത്തു വന്നു വീഴുന്നുണ്ടായിരുന്നു….. അവളവിടെയുള്ള തിണ്ണയിലിരുന്നു…. എന്തൊക്കെയോ ഓർമ്മകൾ അവളുടെ മനസ്സിനെ പുണരുന്നുണ്ടായിരുന്നു….. ചുണ്ടിലൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു…. ഹാ…. മോളിവിടെയിരിക്കുകയാണോ….. വാ അമ്മ കാപ്പിയിട്ട് തരാം….. മീര അവിടം ആസ്വദിക്കുകയാണെന്ന് തോന്നിയത് കൊണ്ട് തന്നെ അങ്ങേയറ്റം സന്തോഷത്തോടെയാണ് ജാനകിയത് പറഞ്ഞത്…. മീര അവർക്ക് പിറകെ നടന്നു….. വിശാലമായ ആ അടുക്കളയിലൂടെ അവൾ കണ്ണുകളോടിച്ചു….. അടുക്കളയുടെ ഒരു ഭാഗത്തു ഒരു അടുക്കള കിണറുമുണ്ടായിരുന്നു…… അവൾ അടുക്കളയുടെ വാതിൽ പടിയിൽ നിന്നു…. അവിടെ നിന്നും നോക്കിയാൽ പശു തൊഴുത്തവൾക്ക് കാണാൻ കഴിഞ്ഞിരുന്നു…. അവക്കരികിലായി കൂട്ടി വെച്ച വൈക്കോൽ കൂനയും അവളുടെ കണ്ണുകളിൽ പെട്ടു…. വെള്ളം അടുപ്പിൽ വെച് ജാനകി കാപ്പിയുണ്ടാക്കുന്നതും നോക്കി അവളങ്ങനെ നിന്നു…. മോൾക്ക് വീടൊക്കെ ഇഷ്ടമായോ…. പുഞ്ചിരിയോടെയുള്ള അവരുടെ സംസാരതിനോടും അമിതമായ സ്നേഹ പ്രകടനത്തിനോടും അവൾക്ക് നീരസം തോന്നി….
അവർക്ക് താൻ ശെരിക്കുമൊരു ലോട്ടറിയാണല്ലോ…. ഈ സ്നേഹ പ്രകടനം മുഴുവൻ തന്റെ അച്ഛന്റെ സ്വത്തുക്കൾ കണ്ടിട്ട് തന്നെയാവും…. അവൾക്കവരോട് പുച്ഛം തോന്നി….. ചൂട് കാപ്പി ഗ്ലാസുകളിലേക്ക് പകർന്നവർ അവൾക്കൊരു ഗ്ലാസ് കൊടുത്ത ശേഷം അതുമായി നടന്നു….. കൂടെ അവളും….. അപ്പോഴേക്കും നടുമുറ്റത്തിന്റെ ചുറ്റുമുള്ള തിണ്ണയിൽ മാധവനും ദേവുവും എത്തിയിരുന്നു…. വിവീ….. ജാനകിയവനെ നീട്ടി വിളിച്ചു…. ഒരു പുള്ളി തുണിയും ബനിയനും ഇട്ട് കൊണ്ട് വിവി അപ്പോഴേക്കും അങ്ങോട്ടെത്തിയിരുന്നു….. വന്നപാടെ അവന്റെ മിഴികൾ അവളിലേക്ക് നീണ്ടു പോയി….. അപ്പോഴും ആ മുഖത്തോട്ടും മയമുണ്ടായിരുന്നില്ല….. എല്ലാവരും കൂടി കാപ്പി കുടിക്കുമ്പോഴും പല വിശേഷങ്ങളും അവർ പങ്കു വെച്ചു.. മീരക്കതെല്ലാം അസ്സഹനീയമായി തോന്നി….
അവൾ ഗ്ലാസവിടെ വെച്ച് വേഗം തന്നെ മുറിയിലേക്ക് പോയി….. പെട്ടെന്നുള്ള അവളുടെ ആ പ്രവർത്തിയിൽ എല്ലാവരുമൊന്നു മുഖത്തോട് മുഖം നോക്കി…. വിവി അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ ദൂരേക്ക് നോക്കി കാപ്പി കുടി തുടർന്നു….. രാവിലെ മുതലുള്ള ക്ഷീണം ഉണ്ടാവും…. അതാവും പെട്ടെന്ന് പോയത്….. ജാനകി മീരയുടെ പക്ഷം പിടിച്ചത് പറയുമ്പോൾ മാധവനും അത് ശെരി വെച്ചു…. അവളുടെ പ്രവർത്തികൾ ദാഹിക്കുന്നില്ലെന്ന മട്ടിൽ ദേവുവിനു ദേഷ്യം വരുന്നുണ്ടായിരുന്നു……….. (തുടരും ) Aysha Akbar

by