16/04/2026

വേഴാമ്പൽ : ഭാഗം 24

രചന – അനീഷ ആകാശ്

അമ്പലത്തിൽ പോകുന്ന വഴി ദയ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു… അമ്പലത്തിൽ കയറി തൊഴുതിറങ്ങിയപ്പോൾ ദയ എന്തോ കണ്ടിട്ടെന്നവണ്ണം ഭദ്രയെ പിടിച്ചു നിർത്തി… “ചേച്ചി ആ പെണ്ണിനെ കണ്ടോ?” ദയ ചൂണ്ടി കാണിച്ചിടത്തേക്ക് ഭദ്രയും ദേവനും നോക്കി.. പെണ്ണിനെ കണ്ട ഉടൻ ദേവൻ മുഖം തിരിച്ചു.. “ആ പെണ്ണുണ്ടല്ലോ ദിവ്യ പ്രണയം എന്നും പറഞ്ഞു കൊണ്ട് ഈ മഹാന്റെ പുറകേ നടക്കുവായിരുന്നു.. “….ദേവനെ ചൂണ്ടിക്കൊണ്ട് ഭദ്രയോട് പറഞ്ഞു… ഭദ്ര വീണ്ടും ആ പെണ്ണിനെ ഒന്നുകൂടി നോക്കി…

അവൾ ദേവനെ ഇടക്കിടക്ക് നോക്കുന്നത് കണ്ടപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു… “ചേച്ചി പേടിക്കണ്ട ഈ മഹാൻ ഒരു ചിരികൊണ്ട് പോലും അതിനെ സന്തോഷിപ്പിച്ചിട്ടില്ല… അതെങ്ങനാ…. വിദ്യ കിധ്യന്നും പറഞ്ഞു നടക്കുവല്ലാരുന്നോ… ” വിദ്യയുടെ പേര് കേട്ടതും ഭദ്രയുടെ മുഖം മാറി.. ഭദ്രയുടെ മുഖം കണ്ടതേ ദേവന് കാര്യം മനസിലായി… “രണ്ടും വന്നു വേഗം കാറിൽ കയറിക്കേ…എനിക്ക് വേറെ പണി ഉണ്ട് ” ദേവൻ രണ്ടുപേരോടുമായി പറഞ്ഞു. ദേവന്റൊപ്പം കാറിൽ കയറി ഇരുന്നപ്പോഴും ഭദ്രയുടെ മുഖത്ത് മൗനം തന്നെ ആയിരുന്നു.. ഭദ്രയുടെ മുഖം കണ്ടപ്പോൾ ദേവന് ചിരി വന്നു…

ഇടക്കിടക്ക് മിററിൽ കൂടി നോക്കുന്നു ദേവനെ കണ്ടപ്പോൾ ഭദ്രയുടെ ഉള്ളിൽ ഒരു സന്തോഷം ഫീൽ ചെയ്‌തു… വീട്ടിലെത്തിയതും ദേവൻ പുറത്തേക്ക് പോകാൻ ഉണ്ടെന്നും പറഞ്ഞു ബുള്ളറ്റിൽ കയറി പോയി… മുറിയിൽ ചെന്ന് ഡ്രസ്സ്‌ മാറി ഭദ്ര കട്ടിലിൽ ചെന്നിരുന്നു… കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവനും റൂമിലേക്ക് വന്നു.. “എന്തിനാ ഇങ്ങനെ കുത്തി വീർത്തു ഇരിക്കുന്നത്?” ദേവന്റെ ചോദ്യം കേട്ട് ഭദ്ര അവനെ തുറിച്ചു നോക്കി… “ഇങ്ങനെ ഇരിക്കാൻ കാരണമെന്താണെന്ന് അറിഞ്ഞാൽ പരിഹരിച്ചു തരാം… ” ദേവൻ അവളുടെ സമീപത്തേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു… “ഏതാ ആ പെണ്ണ്…? ”

മുഖം വീർപ്പിച്ചുകൊണ്ട് തന്നെ അവൾ ചോദിച്ചു.. “ഏത് പെണ്ണ്? ” മനസിലാകാത്ത പോലെ ദേവൻ ഇരുന്നു.. “അമ്പലത്തിൽ വെച്ച് കണ്ട പെണ്ണ്? “…”അത് ഏതോ പെണ്ണ്… എനിക്കറിയില്ല… ” സാമട്ടിൽ ദേവൻ പറഞ്ഞു… “അങ്ങനെ ഏതോ ഒരു പെണ്ണായിട്ടാണോ ദേവേട്ടനെ ഇടക്കിടക്ക് നോക്കിയത്? “…ഭദ്രയുടെ ചോദ്യം കേട്ടപ്പോൾ ദേവന് ചിരി വന്നു… “ആ പെണ്ണ് നോക്കിയതിന് ഞാൻ എന്ത് ചെയ്യാനാ… പിന്നെ പണ്ടെങ്ങോ എന്നെ ഇഷ്ടമാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്… അന്ന് വിദ്യയുമായി അടുപ്പം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അടുപ്പം കാണിച്ചില്ല… ” “അപ്പോൾ ദിവ്യയോട് സ്നേഹം ഇല്ലാരുന്നെങ്കിൽ അടുപ്പം കാണിക്കുമായിരുന്നോ?”

ഭദ്രയുടെ ചോദ്യം കേട്ടപ്പോൾ ദേവന് മനസ്സിലായി ഇത്‌ ഇവിടെ നിക്കുന്ന കാര്യമല്ലെന്ന്… “അതേ ഭവതി…. ഞാൻ അതിനെക്കുറിച്ചൊന്നും ഇതുവരെ ആലോജിച്ചിട്ടില്ല…. ഇനി ആലോജിച്ചിട്ട് പറയാം പോരേ… ” ..”കളിയാകേണ്ട… ഞാൻ എന്റെ വിഷമം കൊണ്ട് ചോദിച്ചതാ… ” ഭദ്ര സങ്കടത്തോടെ പറഞ്ഞു… “എങ്കിൽ ഞാൻ എനിക്ക് വിഷമം ഉണ്ടായ കാര്യം ചോദിക്കട്ടെ? “. ദേവൻ പറഞ്ഞപ്പോൾ ഭദ്ര സംശയത്തോടെ തല ആട്ടി.. “ഞാൻ വന്നിലായിരുന്നെങ്കിൽ നിഖിലിനെ ഇഷ്ടപെടുമായിരുന്നോ ഭവതി? ”

ദേവന്റെ ചോദ്യം കേട്ടപ്പോൾ ഭദ്ര ഞെട്ടി… “നിഖിലിനെ എങ്ങനെ അറിയാം ദേവേട്ടന്? “…”അതൊക്കെ അറിയാം… ഞാൻ ചോദിച്ചതിന് ആൻസർ പറഞ്ഞിട്ട് പറയാം… ” “ഇല്ല….. നിഖിലിനെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല… ” ഭദ്ര ദേവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. “അങ്ങനെയെങ്കിൽ ഞാനും ആ പെൺകുട്ടിയെ ഇഷ്ടപ്പെടില്ല… പോരേ? പിന്നെ നിഖിലിനെ പറ്റി മഹി പറഞ്ഞിരുന്നു.. അവനോട് മായ പറഞ്ഞു… ഞാൻ കണ്ടിരുന്നു അന്ന് തന്നെ കാണാൻ അമ്പലത്തിൽ വന്നപ്പോൾ … ” ദേവൻ പറയുന്നത് കേട്ട് ഭദ്ര നിന്നു..

“അതിന് ദേവേട്ടൻ പോയി കഴിഞ്ഞാണല്ലോ അയാൾ വന്നത്? ” ഭദ്ര സംശയത്തോടെ ചോദിച്ചു.. “അത് ശെരിയാ… പക്ഷേ ഞാൻ തന്നെ ഒന്നുകൂടി കാണാൻ തിരികെ വന്നായിരുന്നു… തന്റെ തീരുമാനം വേണ്ടെന്നാണെങ്കിൽ ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് ഓർത്തപ്പോൾ വന്നതാ ഒരിക്കൽ കൂടി ഈ മുഖം ഒന്ന് കാണാൻ… ” പറഞ്ഞുകൊണ്ട് ദേവൻ ഭദ്രയുടെ അടുത്തേക്ക് നിന്നു… “വല്യേട്ടാ…. ദാ കൊച്ചേട്ടൻ പറഞ്ഞു ചേച്ചീടെ കഴിഞ്ഞ സെമ്മിലെ റിസൾട്ട്‌ വന്നെന്ന്… ” ദയ ഓടി വന്നു പറഞ്ഞു… ദയയുടെ സൗണ്ട് കേട്ടതും ദേവൻ പെട്ടെന്ന് അപ്പുറത്തേക്ക് മാറി നിന്നു… ഈശ്വരാ….. ദേവേട്ടൻ തരുന്ന സന്തോഷം ഒന്ന് ആസ്വദിക്കുന്നതിന് മുൻപ് തന്നെ നീ ഓരോ പാരകൾ എറിയുവാണല്ലോ…

റിസൾട്ട്‌ എന്ന് കേട്ടപ്പോൾ തന്നെ ഭദ്രയുടെ സന്തോഷം പോയി… “താൻ എന്തിനാ ടെൻഷൻ അടിക്കുന്നത് നമ്പർ പറ ഞാൻ നോക്കാം… ഭദ്രയുടെ മുഖത്തെ ടെൻഷൻ കണ്ട് ദേവൻ പറഞ്ഞു “വേണ്ടാ വേണ്ടാ…. ഞാൻ നോക്കിക്കൊള്ളാം…ആ ഫോൺ തന്നാൽ മതി…” ഭദ്ര ദേവന്റെ ഫോണിന് വേണ്ടി കൈ നീട്ടി… ദേവൻ ഫോൺ കൊടുത്തിട്ട് താഴേക്ക് പോയി… അവിടെ ചെന്നപ്പോൾ ധ്യാൻ ആരോടൊക്കെയോ റിസൾട്ട്‌ വിളിച്ച് പറയുന്നത് കേട്ടു.. “ഏട്ടാ ഏടത്തിയുടെ റിസൾട്ട്‌ നോക്കണ്ടേ? ” ദേവനെ കണ്ട ഉടൻ ധ്യാൻ തിരക്കി.. “അവൾ നോക്കുന്നുണ്ട്…. നിനക്ക് മാർക്ക് എങ്ങനെ ഉണ്ട്?

“മാർക്കൊക്കെ ഉണ്ട്… ബട്ട്‌ ഒരു സബ്ജെക്റ്റിന് തീരെ കുറവാണ്… പാസ്സായെന്ന് പറയാം… അത് ഒന്നൂടി എഴുതണം… “പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ഭദ്രയും വന്നു.. “എന്തായി ഏട്ടത്തി റിസൾട്ട്‌… ” ധ്യാൻ ആകാംഷയോടെ ചോദിച്ചു.. “ഫുൾ പാസ്സ് ആണ്… “. ഭദ്ര ചിരിച്ചുകൊണ്ട് പറഞ്ഞു… “ആഹാ…. കൺഗ്രാറ്സ്… പെർസന്റേജ് നോക്കിയോ? ” ധ്യാൻ ചോദിച്ചു… “ഇല്ല.. അത് ഞാൻ നോക്കിയില്ല… തേർഡ് റാങ്ക് ഉണ്ടെന്ന് കണ്ടു… ” ഭദ്രയുടെ മറുപടി കേട്ട് ദേവനും ധ്യാനും ഞെട്ടി.. “എന്റെ ഏട്ടത്തി തേർഡ് റാങ്ക് ഉണ്ടായിട്ടാണോ പാസ്സെന്ന് മാത്രം പറഞ്ഞത്… കൊള്ളാം ചേട്ടന് പറ്റിയ ആള് തന്നെയാ… ഒന്നാം റാങ്ക് ഉണ്ടായിട്ട് ഇവിടെ പറയാതിരുന്ന ആളാ… ”

ധ്യാൻ ചിരിച്ചുകൊണ്ട് ദേവനെ നോക്കി… ദേവൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി… ഒരു കൺഗ്രാറ്സ് പോലും പറയാതെ ദേവൻ പോകുന്നത് കണ്ടപ്പോൾ ഭദ്രക്ക് വിഷമം വന്നു… കൂടുതൽ നേരം നിൽക്കാതെ ഭദ്ര മുറിയിലേക്ക് പോയി… കുറച്ച് നേരം കട്ടിലിൽ ഇരുന്നപ്പോഴാണ് ദേവകി അങ്ങോട്ട് വന്നത്… “ആഹാ… ഇവിടെ ഇരുന്നാൽ മതിയോ നമ്മുടെ റാങ്കുകാരി .. ” ഭദ്രയെ വന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. മറുപടി പറയാതെ ഭദ്ര ചിരിച്ചു… “ദേവൻ അറിഞ്ഞോ സംഭവം…? ” “അറിഞ്ഞമ്മേ… പക്ഷേ ഒന്ന് വിഷ് പോലും ചെയ്തില്ല… ” ഭദ്ര പറഞ്ഞപ്പോൾ ദേവകി അവളെ ചേർത്ത് പിടിച്ചു.. “അവന് അങ്ങനൊരു സ്വഭാവം ആണ് മോളെ… അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല…പ്രകടിപ്പിക്കാൻ അറിയില്ല… അറിയില്ലെന്നല്ല… പ്രകടിപ്പിക്കുന്നതിൽ പിശുക്കനാ… അത് മാറ്റി എടുക്കാൻ മോൾക്ക് മാത്രമേ പറ്റു… മറ്റാർക്കും അത് സാധിക്കില്ല… ”

ദേവകിയുടെ വാക്കുകൾ കേട്ടപ്പോൾ ഭദ്രക്ക് മനസ്സിൽ ഒരുപാട് സംശയങ്ങൾ വന്നു… “അതേ പഠിക്കുന്നതിൽ മാത്രം പോരാ റാങ്ക്… ഭർത്താവിന്റെ സ്നേഹം പിടിച്ച് പറ്റുന്നതിലും നമുക്ക് റാങ്ക് വേണം… അതിന് അമ്മ മോളെ സഹായിക്കാം…. ” അതും പറഞ്ഞിട്ട് ദേവകി ഭദ്രയുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു… അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ നാണം കൊണ്ട് ചിരിച്ചു… “ചിരിക്കേണ്ട… ഇനിയും ഉണ്ട് പല വഴികൾ… അതൊക്കെ അമ്മ വഴിയേ പറഞ്ഞു തരാം… “….. “അതേ അമ്മയോടും അച്ഛനോടും പറഞ്ഞോ റിസൾട്ട്‌…? ”

ദേവകി ചോദിച്ചപ്പോഴാണ് താൻ വീട്ടിലോട്ട് വിളിച്ച് പറഞ്ഞില്ലെന്നു അവൾ ഓർത്തത്… “ഇല്ലമ്മേ…. ഞാൻ ഏട്ടന്റെ കാര്യം ഓർത്ത് ഇരുന്നു പോയി… ” ഭദ്ര വിഷമത്തോടെ പറഞ്ഞു… “കൊച്ചു കാന്താരി ആദ്യം പറയേണ്ടത് അവരോടല്ലേ…. വേഗം വിളിച്ചു പറ… ” ദേവകി ഭദ്രയുടെ ചെവിയിൽ ചെറുതായി പിടിച്ചുകൊണ്ട് പറഞ്ഞു… ദേവകി പോയ ഉടൻ അവൾ വീട്ടിലേക്ക് വിളിച്ചു.. . വിവരങ്ങൾ അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമായി… ദേവന് സന്തോഷം ആയോന്ന് സാവിത്രി ചോദിച്ചപ്പോൾ ദേവേട്ടന് ഭയങ്കര സന്തോഷമായെന്ന് അവൾ കള്ളം പറഞ്ഞു…

വീട്ടിലോട്ട് വിളിച്ചതിന് ശേഷം അവൾ താഴേക്ക് ചെന്നു… ദേവകി അടുക്കളയിൽ പായസം വെക്കുന്നത് കണ്ടപ്പോൾ അവൾ അങ്ങോട്ടേക്ക് ചെന്നു… “എന്താ അമ്മേ ഇന്ന് പായസം വെക്കുന്നത്? “….”അതേ ഇവിടൊരു റാങ്ക് വന്നതല്ലേ… ഒരു പായസമൊക്കെ വെച്ച് വേണ്ടേ റാങ്കിനെ സ്വീകരിക്കാൻ… ” ദേവകി ചിരിച്ചുകൊണ്ട് പറഞ്ഞു… “ആഹാ …അമ്മ പായസം വെക്കുവാണോ…? ഞാനും റാങ്ക് വാങ്ങുമ്പോൾ ഇതുപോലെ ഏട്ടത്തി വേണം വെച്ചു തരാൻ… ” ദയ ഭദ്രയുടെ തോളിലേക്ക് കൈ ഇട്ടുകൊണ്ട് പറഞ്ഞു..

“അതിനെന്താ… ഞാൻ ഉണ്ടാക്കി തരാമേ… അമ്മ പഠിപ്പിച്ചു തരണം എന്ന് മാത്രം… ” ഭദ്ര ദയയുടെ മൂക്കിൽ പിടിച്ചുകൊണ്ട് പറഞ്ഞു… “അതിന് വേണ്ടി മോള് പഠിക്കണ്ട… കാരണം അങ്ങനൊരു സംഭവം നടക്കാനേ പോകുന്നില്ല… ” ദേവകി ദയയെ കളിയാക്കി പറഞ്ഞു… “ദയെ… ഇങ് വാ… ഇത്‌ എല്ലാവർക്കും കൊടുത്തേക്ക്… ” പുറകിൽ നിന്ന് ദേവന്റെ സൗണ്ട് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി… “എന്താ ഏട്ടാ ഇത്‌ ..? ” ദയ അടുത്തേക്ക് ചെന്നു കവർ വാങ്ങിക്കൊണ്ട് ചോദിച്ചു. “തുറന്നു നോക്കടി… ”

കവർ ദയയെ ഏല്പിച്ചിട്ട് ദേവൻ റൂമിലേക്ക് പോയി… ദയ പൊതി തുറന്നു നോക്കിയപ്പോൾ ലെഡ്‌ഡുവാണ് … “മോളെ ഇത്‌ നിനക്കുള്ളതാ… മോളത് വാങ്ങി എല്ലാവർക്കും കൊടുക്ക്.. ” ദേവകി ഭദ്രയോട് പറഞ്ഞു.. “അതേ ഇത്‌ ചേച്ചി റാങ്ക് വാങ്ങിയതിന് ഉള്ളതാ… ” ദയ പറഞ്ഞിട്ട് കവർ ഭദ്രക്ക് കൊടുത്തു .. അവൾ എല്ലാവർക്കും കൊടുത്തിട്ട് ദേവന് കൊടുക്കാനായി റൂമിലേക്ക് ചെന്നു.. ദേവൻ ബാത്റൂമിലാരുന്നത് കൊണ്ട് അവൾ റൂമിൽ വെയിറ്റ് ചെയ്തു… അപ്പോഴാണ് മേശപ്പുറത്ത് ഒരു ഗിഫ്റ്റ് ബോക്സ്‌ ഇരിക്കുന്നത് കണ്ടത്… നോക്കിയപ്പോൾ ടു മാളു ആണ്… കൂടെ കൺഗ്രാറ്സും എഴുതിയിട്ടുണ്ട്

തനിക്കാരാ ഇപ്പോൾ ഗിഫ്റ്റ് തരാൻ…അതുമല്ല ഇത്രയും നേരം ഇവിടെ ഇത്‌ ഇല്ലാരുന്നു താനും പതിയെ അവളത് തുറന്ന് നോക്കി… റോയൽ ബ്ലു കളർ സാരി… സാരിയും കൈയിൽ പിടിച്ചു തിരിഞ്ഞപ്പോൾ കണ്ടു തന്നെ നോക്കി ചിരിക്കുന്ന ആ മുഖം.. . “തനിക്ക് ഇഷ്ടം ഈ കളർ അല്ലായിരുന്നോ…? ” ഭദ്ര മറുപടിയൊന്നും പറയാതെ ദേവനെ നോക്കി നിന്നു… “കല്യാണത്തിന് എന്റെ പെണ്ണ് എനിക്കിഷ്ടമുള്ള കളർ വേണം ധരിക്കാൻ… അതാ അന്ന് ഈ കളർ എടുക്കാഞ്ഞത്… ” ദേവനത് പറഞ്ഞപ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു… ദേവേട്ടനെ മനസിലാക്കുവാൻ തനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല… മനസ്സിൽ ഓർത്ത് കൊണ്ട് ഭദ്ര ദേവന്റെ അടുത്തേക്ക് നടന്നു.. .