രചന – ഐഷ്മ ശ്രീജിത്ത്
തിരക്കുള്ള ആ ആശുപത്രിയിലേക്ക് ഓടി കിതച്ചാണ് ആനന്ദും സീതയും എത്തിയത്. എന്താ സംഭവിച്ചതെന്ന് അവർക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. അമ്മുവിന് എന്തോ സംഭവിച്ചു എന്ന് മാത്രം അറിയാം. അവർ ചെല്ലുമ്പോൾ കണ്ടു അത്യാഹിത വിഭാഗത്തിന് മുന്നിൽ സീതയുടെ ഏട്ടൻ നിൽക്കുന്നത്. സീത സങ്കടത്തോടെ സന്തോഷിനടുത്തേക്ക് ഓടി ചെന്നു. “എന്താ ഏട്ടാ,, എന്താ എന്റെ മോൾക്ക് പറ്റിയത്??” എന്ന് സീത ചോദിച്ചത് മാത്രേ ഓർമ്മയുള്ളൂ, കൊടുത്തു സന്തോഷ് ഒന്ന്, അതും സീതയുടെ കരണകുറ്റി നോക്കി തന്നെ. സീത ആകെ പകച്ചുപോയി. ആനന്ദിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. സീത അടികിട്ടിയ കവിൾ പൊത്തിപിടിച്ചു കണ്ണീരോടെ അയാളെ നോക്കി. “നീ ഒരു അമ്മയാണോടി?? നാണമില്ലേ നിനക്ക് നിന്റെ മോളെന്നു പറയാൻ.??” സന്തോഷിനു ദേഷ്യം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. “അളിയൻ മനുഷ്യനെ ആധിപിടിപ്പിക്കാതെ കാര്യം പറ. എന്താ സംഭവിച്ചത് അവൾ എങ്ങനെയാ ഇവിടെ വന്നത്??” “എനിക്കും കൂടുതൽ ഒന്നും അറിയില്ല. എന്നെ സിദ്ധു ആണ് വിളിച്ചു വരുത്തിയത്.” അപ്പോഴേക്കും ബില്ല് അടക്കാൻ പോയ സിദ്ധു അവിടേക്ക് വന്നു.
അമ്മുവിന്റെ അമ്മാവൻ സന്തോഷിന്റെ ഭാര്യയുടെ ആങ്ങളയുടെ മകൻ ആണ് സിദ്ധു എന്ന സിദ്ധാർഥ്. അച്ഛനും അമ്മയും നേരത്തെ നഷ്ടപ്പെട്ടതിനാൽ സന്തോഷും ഭാര്യ ലതയുമാണ് സിദ്ധുവിനെ വളർത്തിയത്. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആണ്. ഹോസ്റ്റലിൽ നിന്നാണ് സിദ്ധു പഠിക്കുന്നത്. സിദ്ധുവിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ സന്തോഷ് അമ്മുവിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. സിദ്ധുവിന്റെ സുഹൃത്തിന്റെ വീട് അമ്മുവിന്റെ വീടിനടുത്താണ്. അവിടേക്ക് വന്ന സിദ്ധു, അമ്മുവിന്റെ വീട്ടിലും കയറി പോകുവാൻ തീരുമാനിച്ചു. അമ്മുവിന്റെ വീട്ടിലേക് എത്തിയ സിദ്ധു കാണുന്നത്, വാതിൽ തുറന്ന് ഒരാൾ ഓടി ഇറങ്ങി തന്നെ ഇടിച്ചു വീഴുന്നതാണ്.അയാൾ താഴേക്ക് വീണപ്പോൾ തന്നെ ബോധം പോയെന്നും. അയാളുടെ ദേഹത്താകെ മുറിവുകൾ കണ്ടപ്പോൾ തന്നെ സിദ്ധുവിന് എന്തോ അപകടം മണത്തു. കൂടെ വന്ന കൂട്ടുകാരനെ അയാളെ നോക്കാൻ ഏൽപ്പിച്ചു സിദ്ധു അകത്തേക്ക് ഓടി. എല്ലായിടത്തും നോക്കിയിട്ടും ആരെയും കാണാതെ സിദ്ധു ഒന്ന് പേടിച്ചു. എങ്കിലും ഒന്നുകൂടി മുറികളിൽ നോക്കാൻ തീരുമാനിച്ചു,
അവസാനം ഒരു മുറിയുടെ മൂലയിൽ കാൽമുട്ടിൽ മുഖം ചേർത്ത് അമ്മു ഇരിക്കുന്നത് സിദ്ധു കണ്ടു. പക്ഷെ എന്തോ അവളുടെ ആ ഇരിപ്പ് അവനു ഭയമാണുണ്ടാക്കിയത്. അവൻ പതിയെ അവൾക്കടുത്തേക് ചെന്നു. പതിയെ അവളുടെ കയ്യിൽ ഒന്ന് തൊട്ടതും, അവളൊന്ന് ഞെട്ടി, എന്നിട്ട് ഒട്ടും മടിക്കാതെ സിദ്ധുവിനെ പുറകിലേക്ക് ആഞ്ഞു തള്ളി.കിട്ടിയ തള്ളലിൽ സിദ്ധു താഴേക്ക് ഇരുന്ന് പോയി. സിദ്ധു എഴുന്നേറ്റ് അമ്മുവിനടുത്തേക്ക് ചെന്നപ്പോൾ അവൾ കയ്യിൽ കിട്ടിയതൊക്കെ വെച്ചു അവനെ എറിയുവാൻ തുടങ്ങി.എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു. “വേണ്ട എന്റെ അടുത്ത് വരണ്ട കൊല്ലും ഞാൻ. വരണ്ട പോ പോവാനല്ലേ പറഞ്ഞത്!!!” അമ്മുവിന്റെ സമനില ആകെ തെറ്റിയ പോലെ അവൾ പുലമ്പികൊണ്ടേയിരുന്നു. ഇതൊക്കെ കണ്ടപ്പോൾ സിദ്ധുവിന് ഏകദേശം കാര്യങ്ങൾ മനസ്സിലായി. “അമ്മു, നോക്ക് ഞാൻ സിദ്ധുവാണ്, മോളെ നോക്ക് ഞാനാണ്.” സിദ്ധു അവളുടെ കൈ രണ്ടും കൂട്ടിപിടിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പെട്ടെന്ന് അവൾ ബോധം മറഞ്ഞു സിദ്ധുവിന്റെ കൈയിലേക്ക് വീണു. സിദ്ധു അവളെയും താങ്ങി പുറത്തേക്ക് നടന്നു.
അപ്പോഴേക്കും കൂട്ടുകാരൻ വിളിച്ചതനുസരിച്ചു ഒരു കാർ വന്നിരുന്നു. ജോയേയും അമ്മുവിനെയും കൂട്ടി അവർ ആശുപത്രിയിലേക്ക് തിരിച്ചു. ജോയെ ഐ സി യു വിലേക്കും അമ്മുവിനെ അത്യാഹിത വിഭാഗത്തിലേക്കും മാറ്റി. ശേഷം സിദ്ധു അമ്മാവനെ വിളിച്ചറിയിച്ചതിനെ തുടർന്ന് സന്തോഷും എത്തി ചേർന്നു. ഇത്രയൊക്കെ കേട്ടപ്പോഴേക്കും സീതയും ആനന്ദും തിരിച്ചറിയുക ആയിരുന്നു അമ്മുവിനെ വിശ്വസിക്കാതെ ഇരുന്നത് തങ്ങൾ ചെയ്ത വലിയൊരു തെറ്റായിരുന്നു എന്ന്. സ്വന്തം മകൾ അനുഭവിച്ചതോർത്തു അവരുടെ നെഞ്ച് ഒരുപോലെ നീറി. ഒരിക്കലെങ്കിലും അവളെ മനസ്സിലാക്കാഞ്ഞതിൽ അവർക്ക് അതിയായ കുറ്റബോധം തോന്നി.സീതയും ആനന്ദും തന്റെ മകളോട് മനസ്സിൽ ആയിരം തവണ മാപ്പു പറഞ്ഞു.എങ്ങനെയും അവളെ ഒന്ന് കാണുവാൻ അവരുടെ മനസ്സ് തുടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും പോലീസ് അവിടെയെത്തി. അമ്മുവിന് ബോധം തെളിഞ്ഞിട്ടുണ്ടായിരുന്നില്ല.
അവർ ഡോക്ടറിനെ കണ്ടു സംസാരിച്ചു. അമ്മുവിന് ബോധം തെളിഞ്ഞപ്പോൾ ആദ്യം ഒന്ന് വയലന്റ് ആയെങ്കിലും പിന്നീട് ഒന്ന് നോർമൽ ആയ ശേഷം പോലീസുകാർ അമ്മുവിന്റെ മൊഴിയെടുത്തു.ശേഷം പോക്സോ ആക്ട് പ്രകാരം ജോയുടെ അറസ്റ്റ് രേഖപെടുത്തി. ആനന്ദിനും സീതക്കും അമ്മുവിനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൾ കാണാൻ കൂട്ടാക്കിയില്ല. അമ്മാവൻ അവളെ കണ്ടു സംസാരിക്കുകയും ചെയ്തു. എന്നിട്ടും അച്ഛനെയും അമ്മയെയും അവൾ കാണണമെന്ന് പറഞ്ഞില്ല. അമ്മു നന്നായി പേടിച്ചിരുന്നു അവൾക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു ഈ സംഭവം,അതുകൊണ്ട് കഴിവതും അവൾക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നതൊന്നും ചെയ്യരുത്, അവൾ ഒന്ന് റിലാക്സ് ആവട്ടെയെന്നും പറഞ്ഞു.അതുകൊണ്ട് തന്നെ അവളെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അമ്മുവിന് കൂട്ടിരിക്കാൻ സന്തോഷ് പിയുവിനെയും ലതയെയും വിളിച്ചു വരുത്തി.
അങ്ങനെ ഡിസ്ചാർജ് ദിവസം എത്തി. ഈ ദിവസങ്ങളിൽ ആനന്ദും സീതയും അവൾക്കൊപ്പം ഉണ്ടായിരുന്നു എങ്കിലും അവൾ അവരോട് ഒന്ന് മിണ്ടുവാൻ പോലും കൂട്ടാക്കിയില്ല. അത്രത്തോളം അവളുടെ മനസ്സ് നീറിയിരുന്നു, വേദനിച്ചിരുന്നു, ഒറ്റപ്പെട്ടിരുന്നു, ഇതിൽ എല്ലാത്തിലും ഉപരിയായി അവൾക്ക് അച്ഛനോടും അമ്മയോടും ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അവളെ നന്നായി മനസ്സിലാക്കിയത് കൊണ്ടോ അല്ലെങ്കിൽ തനിക്കും ഒരു മകൾ ഉള്ളതുകൊണ്ടോ സന്തോഷ് ഒരു തീരുമാനം എടുത്തു. അമ്മുവിനെ അവരോടൊപ്പം കൊണ്ടുപോകാം എന്ന്.എന്നാലേ അയാളിലെ അച്ഛനും അമ്മാവനും മനസമാധാനം ഉണ്ടാകു എന്ന് തിരിച്ചറിഞ്ഞു. ഭർത്താവിന്റെ മനസ്സ് മനസ്സിലാക്കുന്ന ലതയും ആ തീരുമാനത്തിൽ സന്തോഷിച്ചു. അമ്മുവിനും അതൊരു ആശ്വാസം ആയിരുന്നു. ആനന്ദും സീതയും ഈ തീരുമാനത്തെ എതിർക്കാൻ നോക്കികൊണ്ടേയിരുന്നു.സഹികെട്ടു ഒടുവിൽ അമ്മു പൊട്ടിത്തെറിച്ചു
“ഇനിയും നിങ്ങൾക്ക് എന്താ വേണ്ടത്. ഞാൻ ഇല്ലാതെ ആയാൽ നിങ്ങൾക്കൊക്കെ സന്തോഷം ആകുമോ??” “ഞാൻ അനുഭവിച്ച വേദന… സങ്കടം… ഒറ്റപ്പെടൽ…, ഇതൊക്കെ നിങ്ങൾക്ക് മനസ്സിലാകുമോ?? ഒരു പന്ത്രണ്ടു വയസ്സുകാരി താങ്ങാവുന്നതിലും അപ്പുറം ഞാൻ സഹിച്ചിട്ടുണ്ട് അമ്മ…” എന്ന് പറഞ്ഞു അവൾ പൊട്ടി കരഞ്ഞു. “എന്നെ ഇനിയും നിങ്ങൾക്ക് വിശ്വാസം ഇല്ലേ അയാൾ എന്നെ പിച്ചി ചീന്തിയിരുന്നെങ്കിൽ നിങ്ങൾ വിശ്വസിക്കുമായിരുന്നോ????? എനിക്ക് സഹിക്കുന്നില്ല അമ്മ…. ഞാൻ അനുഭവിച്ചത് ഓർക്കുമ്പോൾ, നിങ്ങൾ എന്നെ ഒറ്റപ്പെടുത്തിയത് ഓർക്കുമ്പോൾ എനിക്ക് പറ്റുന്നില്ല, ഞാൻ ഇല്ല അവിടേക്ക്,,,,, ഞാൻ ശ്വാസം മുട്ടി ചത്തു പോകും…..” കരച്ചിലിനിടയിൽ അമ്മുവിന്റെ എണ്ണിപെറുക്കിയുള്ള പരാതി കേട്ടപ്പോൾ അവിടെയുള്ള ഓരോരുത്തരുടെയും കണ്ണ് നിറഞ്ഞു. ആ കുഞ്ഞു അനുഭവിച്ചത് ഓർത്ത് ജോയെ കൊല്ലാനുള്ള ദേഷ്യം എല്ലാവരിലും ഉണ്ടായി.
സീതയുടെയും ആനന്ദിന്റെയും തല കുനിഞ്ഞു പോയി അവരുടെ ഒക്കെ മുന്നിൽ.തങ്ങളുടെ തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടോ എന്തോ അവർക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല അമ്മുവിന് നൽക്കാൻ. അവസാനം അവർക്കും യോജിക്കേണ്ടി വന്നു അമ്മുവിനെ കൊണ്ടുപോകുന്നതിനോട്.ഇനിയെങ്കിലും അവൾക്ക് സമാധാനം ഉണ്ടാവട്ടെയെന്ന് അവരും ചിന്തിച്ചു കാണും. തനിക്ക് ഇപ്പോൾ മൂന്നു മക്കൾ ഉണ്ടല്ലോ എന്ന് ഓർത്ത് സന്തോഷിന്റെ മനസ്സ് നിറഞ്ഞു. അച്ഛനെ ഓർത്തു പിയുവിന് അഭിമാനം തോന്നി. ഒരിക്കൽ പെട്ടന്ന് ഒരു ദിവസം ഒറ്റപ്പെട്ടുപോയ ഒരു പത്തു വയസ്സുകാരനെ കൂട്ടികൊണ്ട് പോയി ഒരു കുടുംബം തന്ന അമ്മാവന് ഇങ്ങനെയേ ചിന്തിക്കാൻ കഴിയു എന്ന് ഓർത്ത് സിദ്ധുവിന് അമ്മാവനോട് അതിയായ ബഹുമാനവും ആരാധനയും തോന്നി. അങ്ങനെ അമ്മു ഇനിയുള്ള ജീവിതം ഒരു രണ്ടാം ജന്മമായി കണ്ട് അവർക്കൊപ്പം യാത്രയായി… ഇനി എന്നെങ്കിലും മകൾ തങ്ങളിലേക്ക് തിരിച്ചു വരും എന്ന് ഒരു പ്രതീക്ഷയോടെ അവർ കാത്തിരിക്കുന്നു……… അവസാനിച്ചു….

by