രചന – ഐശ്വര്യ അനിൽകുമാർ
കൃത്യ സമയത്തു തന്നെ അവർ എത്തിച്ചേർന്നു.അച്ഛൻ ഇറങ്ങി വരുന്നത് കണ്ട് കൊണ്ട് അവൾ കൈ വീശി കാണിച്ചു.അടുത്തു വന്നപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അയാളും മകളെ വാരിപുണർന്നു. ഇത് കണ്ട രേവതിയുടെ കണ്ണ് നിറഞ്ഞു. “എന്താടോ രേവൂ.. ഞാൻ ഇനി എങ്ങടും പോണില്ലല്ലോ. സന്തോഷിക്കയല്ലേ വേണ്ടത്.കൊച്ചു കുട്ടികളെ പോലെ.താൻ കണ്ണു തുടയ്ക്ക്.”അയാൾ പറഞ്ഞു. “ഇതൊക്കെ അമ്മേടെ ഒരു നമ്പരല്ലേ..”അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു. രേവതി സ്നേഹത്തോടെ അവളുടെ ചെവിയിൽ പിടിച്ചു. കളിയും ചിരിയും ആയി അന്നത്തെ ദിവസം കടന്നു പോയി.പിറ്റേദിവസം അച്ഛൻ വന്ന സന്തോഷത്തിൽ അവൾ കോളേജിൽ പോയില്ല. മൂന്ന് പേരും കൂടി ബീച്ചിലും മ്യൂസിയത്തിലും സിനിമയ്ക്കുമൊക്കെ പോയി.കുറേ നാളുകൾക്ക് ശേഷം ഒത്തുചേർന്നതിന്റെ സന്തോഷത്തിലായിരുന്നു അവർ.
രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. പിറ്റേന്ന് രാവിലെ പതിവുപോലെ അമ്മ വിളിക്കുന്നത് കേട്ടാണ് അവൾ ഉണർന്നത്.പോകാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. “രണ്ടു ദിവസം ആയി പോയിട്ട്.അവിടെ എന്ത് നടന്നെന്ന് പോലും ആരോടും വിളിച്ച് ചോദിച്ചിട്ട് പോലുമില്ല.ഇന്ന് വെള്ളിയാഴ്ചയല്ലേ ഇത് കഴിഞ്ഞാൽ രണ്ട് ദിവസം അവധി തന്നല്ലോ.മര്യാദക്ക് പോവാൻ നോക്ക്”അമ്മ പറഞ്ഞു. “ക്ഷീണം കാണും രേവൂ…പറ്റുമെങ്കിൽ പോയാൽ മതി”അച്ഛൻ പറയുന്നത് കേട്ട് അവൾക്ക് സന്തോഷം തോന്നി. “മോൾക്ക് പറ്റിയൊരു അച്ഛനെയും കിട്ടിയല്ലോ.എങ്കിൽ വിശ്വേട്ടൻ ഒരു താരാട്ട് പാടി കൊടുക്ക്….പാവം ക്ഷീണിച്ചു പോയി….എന്തോന്ന് വച്ചാൽ ചെയ്യ്.അച്ഛനായി മോളായി”അവർ പരിഭാവത്തോടെ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.അയാൾ അപ്പുവിനെ നോക്കി ചിരിച്ചു.
“രാവിലെ തന്നെ കലിപ്പിലാണല്ലോ ശ്രീമതി.ആ ഇന്ന് പോകാം.പക്ഷേ ഒരു ട്രീറ്റ് വേണ്ടിവരും.അവിടെ എല്ലാം കാത്തിരിക്കുവായിരിക്കും.ഈ പാവപ്പെട്ടവൾക്ക് എന്തേലും നൽകി സഹായിക്കണം”അപ്പു അച്ഛനോടായി പറഞ്ഞു. “അതൊക്കെ ഞാൻ ഏറ്റു. അപ്പുക്കുട്ടൻ പോയി ഒരുങ്ങ്.ഇല്ലെങ്കിൽ രേവൂ താണ്ഡവമാടും”അയാൾ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി. അന്ന് ബസിലാണ് കോളേജിൽ പോയത്.ക്ലാസ്സിൽ എല്ലാവരും അവളെ പ്രതീക്ഷിച്ചു നിൽക്കുവാരുന്നു ട്രീറ്റിന് വേണ്ടി.വൈകിട്ട് അടുത്തുള്ള ചിക്കൻ കോർണറിൽ കയാറാമെന്ന ധാരണയിൽ എല്ലാവരും സമാധാനിച്ചു. ഫസ്റ്റ് ഇയേഴ്സിന്റെ അഡ്മിഷൻ സംബന്ധിച്ച തിരക്കായതിനാൽ ആരും പഠിപ്പിക്കാൻ വന്നില്ല.അതുകൊണ്ട് എല്ലാവരും കൂടി സംസാരിച്ചിരുന്നു. “നിനക്ക് ഒട്ടും ഭാഗ്യമില്ല കേട്ടോ…നീ കാണാൻ ആഗ്രഹിക്കുന്ന ആൾ അന്ന് സെമിനാറിന് വന്നിരുന്നു.”പാറു പറഞ്ഞു. “ആര്?അവിനാശ് ചേട്ടനോ”അപ്പു ചോദിച്ചു.
“പിന്നല്ലാതെ.നീ വരുമ്പോൾ അയാൾ വരില്ല.അയാൾ വരുമ്പോൾ നീയും കാണില്ല.”മാളു പറഞ്ഞു. “ഷിറ്റ്..കഷ്ടമായിപ്പോയി” “ആ ഇനി എന്നേലും കാണാം.”പാറു സമാധാനിപ്പിച്ചു. അങ്ങനെ ക്ലാസ് ഇല്ലാത്തതിനാൽ അവർ ഉച്ചക്ക് തന്നെ കോളേജ് വിട്ടിറങ്ങി പെർമിഷൻ വാങ്ങിയ ശേഷം.തീരുമാനിച്ചപോലെ ചിക്കൻ കോർണറിൽ കയറി ട്രീറ്റും നടത്തി.നേരത്തെ തന്നെ വീട്ടിൽ എത്തുകയും ചെയ്തു. ചായയൊക്കെ കുടിച്ച് അവൾ ഫോണുമായി ബാൽക്കണിയിലേക്ക് പോയി.ഫേസ്ബുക്ക് തുറന്നു.കുറച്ചു നേരം ട്രോളുകൾ വായിച്ചു. പെട്ടന്നാണ് അവിനാശിന്റെ കാര്യം ഓർമ വന്നത്.അവൾ അവിനാശ് പ്രഭാകർ എന്ന് സെർച്ച് ചെയ്തു. മുൻപ് കണ്ടിട്ടുള്ള പോലെ തന്നെ ഒരാൾ തിരിഞ്ഞ് ഒരു കൊക്കയുടെ അറ്റത്ത് നിക്കുന്ന പടം.അത് അവനായിരിക്കും എന്ന് അവൾ ചിന്തിച്ചു.
അവൾ ഫോൺ ഒരു വശത്തേക്ക് ചരിച്ചൊക്കെ നോക്കി മുഖം കാണാനായി.എന്നിട്ട് കാണിച്ച മണ്ടത്തരം ഓർത്ത് അവൾ തന്നെ ചിരിച്ചു. കൂടാതെ ലാലേട്ടന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. “ഇങ്ങേർക്കെന്താ സ്വന്തം ഫോട്ടോ ഇട്ടാൽ.പെങ്കൊച്ച് ഒന്നുമല്ലല്ലോ.” അവൾ താഴേക്ക് സ്ക്രോൾ ചെയ്തു. “കുട്ടിക്കാലത്തെ ഫോട്ടോ ഒക്കെ ഇട്ടിട്ടുണ്ട്. അത് കണ്ടിട്ടെന്തിനാ.” അവൾ ബാക്ക് പ്രസ്സ് ചെയ്തു. ” മ്യൂച്വൽ ഫ്രണ്ട്സ് ഒക്കെ ഉണ്ട് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചേക്കാം.അല്ലെങ്കിൽ വേണ്ട” അവളുടെ കൈ വിരൽ ‘ആഡ് ഫ്രണ്ട്’ ഓപ്ഷന് മുകളിൽ ആണ്.അപ്പോൾ അവളുടെ അമ്മ വിളിച്ചത്. “മോളേ…ഒന്നിങ്ങട് വന്നേ” അവൾ അത് കേട്ടയുടൻ ഫോൺ അതുപോലെ അവിടെ വച്ചിട്ട് പോയി.അവൾ പോലും അറിഞ്ഞില്ലായിരുന്നു ഫ്രണ്ട് റിക്വസ്റ്റ് പോയ കാര്യം. **
അവിനാശ് പ്രഭാകര മേനോന്റെ ഒറ്റമകനാണ്.പ്രഭാകരൻ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ തലവനാണ്.ഭാര്യ ഗീത വീട്ടമ്മയും. അവിനാശ് കൊച്ചിങ്ങിനൊന്നും പോകാതെ വീട്ടിൽ ഇരുന്ന് തന്നെ പഠിക്കുവാണ്.അച്ഛന്റെ ബിസിനസ് ഏറ്റെടുത്തു നടത്താൻ നിർബന്ധിക്കുന്നുണ്ടെങ്കിലും അവൻ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. പഠിച്ചു മടുക്കുമ്പോളവൻ ഗാർഡനിങ്ങിൽ ഏർപ്പെടും.വീട്ടിൽ അവൻ മുൻവശത്തായി സ്വന്തമായി ഒരു വിശാലമായ ഗാർഡൻ നിർമിച്ചിട്ടുണ്ട്.കൂടാതെ ഒഴിവ് സമയങ്ങളിൽ ക്ലബ്ബിലും പോകാറുണ്ട്. അങ്ങനെ വൈകുന്നേരം അവൻ ക്ലബ്ബിലേക്ക് ഇറങ്ങി. “വിനുവേട്ടാ…”വിനോദ് ക്ലബ്ബിൽ വച്ച് അവനെ വിളിച്ചു. “ആ നീയിവിടുണ്ടാരുന്നോ..കുറച്ചു ദിവസായല്ലോ നീ ക്ലബിലോട്ട് വന്നിട്ട്. അന്ന് കോളേജിൽ വച്ചും കണ്ടില്ല” “അത് ഞാൻ ഫ്രണ്ട്സ് ആയി ഒരു ട്രിപ്പിന് പോയിരുന്നു.” അവർ ഇരുവരും സംസാരിച്ചിരുന്നു.ഇടക്കെപ്പോഴോ അമ്മയുടെ കോൾ വന്ന ശേഷം അവിനാശ് ഫോൺ മേശയിൽ വച്ചു.
അപ്പോൾ മറ്റാരോ വരുന്നത് കണ്ട് അവൻ സംസാരിക്കാനായി അങ്ങോട്ട് പോയി. അപ്പോഴാണ് അവിനാശിന്റെ ഫോണിൽ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നത്. “‘അപ്സര വി നായർ’സെന്റ് യൂ എ ഫ്രണ്ട് റിക്വസ്റ്റ്”സ്ക്രീനിൽ തെളിഞ്ഞ നോട്ടിഫിക്കേഷൻ വിനോദ് വായിച്ചു. വിനോദ് ഫോൺ കൈയിൽ എടുത്തു. “ഇത് അവളല്ലേ അപ്സര…അവൾ ഇങ്ങേർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചേക്കുന്നു.ബെസ്റ്റ്.. അവൾക്ക് ഇയാളേന്ന് നല്ലത് കിട്ടട്ടെ.അക്സെപ്റ്റ് ചെയ്യാം.അല്ലേലും അവൾക്ക് ഒരു എല്ല് കൂടുതലാ” അവൻ അക്സെപ്റ്റ് ചെയ്തിട്ട് ഫോൺ പഴയ സ്ഥലത്തു വച്ചു. ഉടൻ തന്നെ അവിനാശ് വന്ന് ഫോണെടുത്തു യാത്ര പറഞ്ഞു പോയി. “ഇനി അവൾ ഈ സ്ത്രീവിധ്വേഷിക്ക് മെസ്സേജ് അയച്ചാൽ എല്ലാം ശുഭമാകും.”വിനോദ് പുഞ്ചിരിച്ചു. *
“എന്താ അമ്മേ വിളിച്ചത്?”അപ്പു ചോദിച്ചു. “അത് മോൾക്ക് നാളെ വേറെ പരിപാടിയൊന്നും ഇല്ലല്ലോ”അച്ഛനാണ് ചോദിച്ചത്. “ഇല്ല അച്ഛാ.എന്തു പറ്റി” “നാളെ നമുക്ക് നാട്ടിൽ പോണം.പക്ഷേ അതിന് മുന്നേ ഒരു സാധനം ഒരിടത്ത് കൊടുക്കണമായിരുന്നു.ഗൾഫിൽ എന്റെ ഫ്രണ്ട് തന്നതാണ്. സഹോദരിയുടെ വീട്ടിൽ കൊടുക്കാൻ.വന്നിട്ടിപ്പോൾ രണ്ട് ദിവസം കഴിഞ്ഞില്ലേ.അതുകൊണ്ട് ഇനിയും വച്ചിരിക്കുന്നത് ശരിയല്ലല്ലോ.നാളെ എനിക്ക് രാവിലേ മറ്റൊരു സ്ഥലത്ത് പോകുകയും വേണം.അപ്പോൾ..” “ഞാൻ കൊണ്ട് കൊടുക്കണം.അത്രേല്ലേ ഉളളൂ. ഞാൻ ഏറ്റു.സ്ഥലം എവിടാണെന്ന് പറഞ്ഞാൽ മതി.” “ഒരു പ്രഭാകരമേനോന്റെ വീട്ടിലാണ്.അഡ്രസ്സ് ഇതിലുണ്ട്” അയാൾ ഒരു വലിയ പൊതിയും പേപ്പറും അവൾക്ക് കൊടുത്തു. അവൾ അതും കൊണ്ട് റൂമിലേക്ക് പോയി. ഫോൺ തിരഞ്ഞപ്പോഴാണ് ബാൽക്കണിയിൽ വച്ച കാര്യം ഓർത്തത്.അവിടെ ചെന്ന് ഫോൺ എടുത്തപ്പോൾ അതിൽ വന്ന നോട്ടിഫിക്കേഷനിൽ നിന്നും അവൾക്ക് മനസിലായി അവളും അവിനാശും ഇപ്പോൾ ഫ്രണ്ട്സ് ആണെന്ന്. “ഇതെങ്ങനെ…ഞാൻ എപ്പോൾ.. ആ അറിയാതെ പോയതാവും.ഏതായാലും നന്നായി.ഒരു ഹായ് അയച്ചേക്കാം” അവൾ മെസഞ്ചർ എടുത്ത് ഹായ് അയച്ചു.അവൻ ഓൺലൈൻ അല്ലാത്തത് കൊണ്ട് ഓഫ് ചെയ്തിട്ട് പോയി. **
“എന്താ മോനേ…വൈകിയത്?” “അത് കുറച്ച് ഫ്രണ്ട്സിനെ കണ്ടു. സംസാരിച്ചിരുന്നു സമയം പോയി.” “ആ ഇവിടിരിക്ക് ഞാൻ ചായ കൊണ്ട് വരാം” അവൻ സോഫയിൽ ഇരുന്നു.ഫോൺ പുറത്തെടുത്തു.അപ്പോഴാണ് മെസഞ്ചറിൽ വന്ന അപ്പുവിന്റെ ഹായ് കണ്ടത്. “ഇതാരാ?ഇപ്പോൾ സുക്കറണ്ണൻ ഇങ്ങോട്ട് ഫ്രണ്ട്സിനെ തന്ന് തുടങ്ങിയോ?ഒരു പെണ്ണാണല്ലോ..ഓരോന്ന് ഇറങ്ങിക്കോളും.ഒന്നിനെയും വിശ്വസിക്കരുത്.” അവൻ റിപ്ലേ ഒന്നും കൊടുത്തില്ല. അമ്മ കൊണ്ടു വന്ന ചായയും കുടിച്ച് അവൻ റൂമിലേക്ക് പോയി.അപ്പോൾ ഗൾഫിൽ നിന്നും മാമന്റെ കാൾ വന്നു. “ഹലോ..മാമാ..സുഖം തന്നേ” “പിന്നേ.. എങ്ങനെ പോകുന്നു നിന്റെ പഠനമൊക്കെ” “ആ കുഴപ്പമില്ല.” “നിനക്ക് അളിയന്റെ ഓഫീസിൽ ജോലി ചെയ്തൂടെ വെറുതെ എന്തിനാ ” “ആ ഓഫീസിൽ രണ്ട് വർഷം പോയ പാട് എനിക്കേ അറിയൂ.അതൊന്നും എനിക്ക് പറ്റിയ പണി അല്ല”
“ആ…നിന്റെ ഇഷ്ടം..പെട്ടെന്ന് ജോലി വാങ്ങിയിട്ട് വേണം നീ ഒരു പെണ്ണ് കെട്ടാൻ” “പെണ്ണോ?മാമൻ തന്നെയാണല്ലോ പെണ്ണുങ്ങളെയൊന്നും വിശ്വസിക്കരുതെന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചത്.” “എടാ…ഞാൻ എന്നെ ഒരു പെണ്ണ് ചതിച്ചിട്ട് പോയ കാര്യമല്ലേ പറഞ്ഞത്. അവളെ കാരണമാണ് ഞാൻ നാടും വീടും ഒക്കെ മറന്ന് ഈ മരുഭൂമിയിൽ കിടക്കുന്നത്.കാര്യം ഞാൻ ദേഷ്യം കാരണം നിന്റോടെ അങ്ങാനൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ പെങ്ങള് എന്നെ ഇനി പറയാൻ ഒന്നും ബാക്കിയില്ല. അതുകൊണ്ട് നീ ഞാൻ പറഞ്ഞതൊക്കെ അങ്ങ് മറന്നേക്ക്.” “മാമന് വേറെ വല്ലതും പറയാനുണ്ടോ.എനിക്ക് ഇത്തിരി തിരക്കുണ്ട്.” “ആ ഞാൻ പിന്നെ വിളിക്കാം. പെങ്ങളോടും അളിയനോടും പറഞ്ഞേക്ക്.” അവൻ ഫോൺ കയ്യിൽ വച്ചു കൊണ്ട് ആലോചിച്ചു.
മാമൻ ഒറ്റപ്പെട്ടത് പെണ്ണ് കാരണം.സുധീഷ് സൂയിസൈഡ് ചെയ്തത് പെണ്ണ് കാരണം.എന്തിന് എന്റെ പെറ്റമ്മ പോലും…വേണ്ട പെണ്ണുങ്ങളൊന്നും ശെരിയല്ല. എനിക്കിപ്പോൾ ഒരു ലക്ഷ്യമേ ഉളളൂ. സിവിൽ സർവ്വീസ്… താൻ അയച്ച മെസ്സേജിന് റിപ്ലൈ കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു അപ്പു. “ശേ…വേണ്ടായിരുന്നു.എന്നെപ്പറ്റി എന്ത് കരുതി കാണുമോ എന്തോ” അവൾ ഉടനെ ആള് മാറി മെസ്സേജ് അയച്ചതാ എന്ന് ടൈപ്പ് ചെയ്തു. “വീണ്ടും മെസ്സേജോ..അപ്സര വി നായർ..ഇതാരണാവോ.എൻ്റെ കോളേജിൽ ഉള്ളതാണല്ലോ.അറിയാതെ അയച്ചതാണ് പോലും.ഓരോ കള്ളവും കൊണ്ടിറങ്ങിക്കോളും.” അവൻ മറുപടി കൊടുക്കാൻ തന്നെ തീരുമാനിച്ചു. (തുടരും)

by