18/04/2026

വിവാഹം ആയതുകൊണ്ട് റിയൂണിയനു പോകുന്നില്ല എന്ന് നേരത്തെ അറിയിച്ചിരുന്ന ശബരി തീരുമാനം പെട്ടന്ന് മാറ്റിയതായിരുന്നു

രചന – ഗിരീഷ് കാവാലം

ഹോട്ടൽ റീജൻസിയിലെ 10th റിയൂണിയന്റെ ശ്രദ്ധാകേന്ദ്രം ശബരിയും അമ്മുവും ആയിരുന്നു. ശബരിയുടെയും അമ്മുവിന്റെയും വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ആയിരുന്നു റിയൂണിയൻ…. വിവാഹം ആയതുകൊണ്ട് റിയൂണിയനു പോകുന്നില്ല എന്ന് നേരത്തെ അറിയിച്ചിരുന്ന ശബരി തീരുമാനം പെട്ടന്ന് മാറ്റിയതായിരുന്നു…. ഞാനും വൈഫും വരുന്നുണ്ട് എന്ന് ശബരി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടതു മുതൽ റിയൂണിയൻ വലിയ ആഘോഷം ആക്കാൻ ആയി എല്ലാവരും തീരുമാനിച്ചു…. “നിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടോ ശബരി യെ പോലൊരു മണ്ടൻ നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നോ”…. വെള്ളം അടി ഗ്രൂപ്പ്‌ ആയ ആ നാലുപേര് ബാത്‌റൂമിന്റെ സൈഡിൽ നിന്നുകൊണ്ട് അവരുടേതായ സ്വകാര്യ സംഭാഷണത്തിനിടയിൽ അന്ന് ക്ലാസ്സിലെ no 1 ആയിരുന്ന സുധീഷ് അത് പറഞ്ഞതും മറ്റ് മൂന്ന് പേരും പൊട്ടി ചിരിക്കാൻ തുടങ്ങി….

ആ സമയം ബാത്‌റൂമിൽ നിന്നിറങ്ങിയ അമ്മു അവരുടെ സംസാരം കേട്ടതും പെട്ടന്ന് നിന്നു..മൊബൈലിൽ ശ്രദ്ധിക്കുന്നതായി ഭാവിച്ചു അവർ കാണാതെ അവൾ അവിടെ നിന്നു…. “ഒന്ന് നോക്കിക്കേ വെറും മണുക്കൂസ്‌ ആയിരുന്ന അവൻ ഇന്ന് കല്യാണം കഴിച്ചിരിക്കുന്നതോ ഹയർ എഡ്യൂക്കേറ്റഡ് ആയ ഒരു ജോലിക്കാരിയെ”…. “അതൊക്കെ അങ്ങനെ ആടാ വിദ്യാഭ്യാസകാലം കൊണ്ട് ഒരാളുടെ മുന്നോട്ടുള്ള ജീവിതത്തെ അളക്കാൻ പറ്റില്ല സുധീഷേ .. നീ തന്നെ അതിന് ഉദാഹരണം അല്ലെ നിന്റെ പഠിത്തം ഒക്കെ കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും വിചാരിച്ചത് നീ ഒരു ഡോക്ടറോ എഞ്ചിനീയറോ ആകുമെന്നാ എന്നിട്ടെന്തായി”…. “അത് തന്നെ അല്ലെടാ അവൻ പത്താം ക്ലാസ്സ്‌ പാസ്സായിട്ടുപോലും ഇല്ലന്നാ എനിക്ക് തോന്നുന്നേ “…. “നേരെ ചൊവ്വനെ മലയാളം എഴുതാൻ പോലും അറിയില്ല. എന്നാലും അവന്റെ ഒരു തലേവരയെ”…. “എനിക്ക് അവന്റെ പണ്ടത്തെ കാര്യം ഓർക്കുമ്പോഴാ ചിരി വരുന്നത്”…. ഇവൻ പലചരക്കു കടയിൽ പോകുമ്പോ നാല് പോക്കെറ്റ് ഉള്ള നിക്കർ ഇട്ടോണ്ടേ പോകൂ….

ഒരു സാധനം വാങ്ങിയിട്ട് അതിന്റെ പൈസ ഒരു പോക്കറ്റിൽ നിന്നെടുത്തു കൊടുക്കും അത് കഴിഞ്ഞു അടുത്ത സാധനം വാങ്ങിക്കാൻ ആയി അടുത്ത പോക്കറ്റിൽ നിന്ന് പൈസ എടുത്തു കൊടുക്കും…. മറ്റൊരു ക്ലാസ്സ്‌മേറ്റ് പറയുമ്പോഴും കൂട്ട ചിരി ആയിരുന്നു അവിടെ…. “എന്ത് പറഞ്ഞാലും ഇപ്പൊ അവൻ നമ്മളെ ക്കാളും ഒക്കെ രെക്ഷപെട്ടില്ലേ “…. “ശ് ശ് ശ്…..”…. അമ്മു അവിടെ നില്കുന്നത് കണ്ട കൂട്ടത്തിൽ ഒരുവൻ മറ്റുള്ളവരെ തടഞ്ഞു…. ഒന്നും കേട്ടില്ല എന്ന ഭാവത്തിൽ അമ്മു അവരെ നോക്കി പുഞ്ചിരിയോടെ കടന്നു പോയി…. ഭംഗിയായി റിയൂണിയൻ അവസാനിച്ചു…. ഗവണ്മെന്റ് ജോലി ഇല്ലെങ്കിലും തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾ നല്ല എഡ്യൂക്കേറ്റഡ് ആകണം എന്ന നിർബന്ധം പണ്ടേ ഉണ്ടായിരുന്നു അമ്മുവിന്…. സ്വന്തമായി ബിസിനസ്‌ ചെയ്യുന്ന അത്യാവശ്യം ഡിഗ്രിയും ഉള്ള, കാണാനും മിടുക്കനായ ശബരിയുടെ പ്രൊപോസൽ വന്നപ്പോൾ തന്നെ അമ്മുവിന്റെ ഗവണ്മെന്റ് ജോലിക്കാർ ആയ മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടു ഒപ്പം അമ്മുവിനും…. “എന്താ അമ്മു ക്ഷീണം ആയോ.. മുഖം വല്ലാതിരിക്കുന്നല്ലോ”…. “റീയൂണിയൻ കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിൽ കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ശബരി അമ്മുവിനോട് ചോദിച്ചു”….

“എന്തോ തലക്ക് ഒരു ഭാരം പോലെ തോന്നുന്നു”…. “നമ്മൾ യഥാർത്ഥത്തിൽ ഇന്ന് റിയൂണിയന് പോകാതെ റസ്റ്റ്‌ എടുക്കേണ്ടതായിരുന്നു ഇല്ലേ അമ്മു. കുറച്ചു ദിവസം കൊണ്ട് കല്യാണതിരക്കിന്റെ ടെൻഷനിൽ അല്ലായിരുന്നോ “…. വീട്ടിൽ എത്തുന്നവരെയും അമ്മു മൂഡ് ഔട്ട്‌ ആയി ഇരിക്കുവായിരുന്നു…. വീട്ടിൽ എത്തിയതും അവൾ ഡ്രസ്സ്‌ മാറി ബെഡിൽ കിടന്നു…. “ഈ ഗുളിക കഴിച്ചോ തലവേദന മാറിക്കോളും “…. ഗുളികയും വെള്ളവും നീട്ടികൊണ്ട് ശബരി പറഞ്ഞു…. “വേണ്ട ഒന്ന് ഉറങ്ങിയാൽ മാറിക്കോളും”…. Congraadulasions, Hapy barth day തുടങ്ങിയ മെസ്സേജ്കൾ അമ്മുവിന്റെ മനസ്സിൽ തെളിഞ്ഞു വന്നു…. വിവാഹം ഉറപ്പിച്ച ശേഷം വാട്സ്ആപ്പിൽ ശബരി തനിക്കു അയച്ചിട്ടുള്ള മെസേജിലെ സ്പെല്ലിങ് മിസ്റ്റേക്ക് അന്ന് സാധാരണ ടൈപ്പിംഗ്‌ മിസ്റ്റേക്ക് ആയിരിക്കും എന്നാണ് ധരിച്ചിരുന്നത് പക്ഷേ ഒരു മിനിമം വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരാൾ ആണ് തന്റെ ഭർത്താവ് എന്ന് ഇന്ന് ബോധ്യപ്പെട്ടു…. അമ്മുവിന്റെ മുഖഭാവം മാറുന്നുണ്ടായിരുന്നു…. “ചേട്ടാ… ചേട്ടൻ ഡിഗ്രി എടുത്തിട്ടുണ്ടോ”…. “ഉം… ഇല്ല”…. അല്പം പരുങ്ങലോടെ ശബരി പറഞ്ഞൊഴിയാൻ ശ്രമിച്ചു…. “അത് പോട്ടെ പത്താം ക്ലാസ്സ്‌ എങ്കിലും പാസ്സ് ആയിട്ടുണ്ടോ”…. ഒരു അടി കിട്ടിയ പോലെ ആയി ശബരിക്ക് ആ ചോദ്യം….

“ഇങ്ങനെ മനുഷ്യരെ കബളിപ്പിക്കല്ലായിരുന്നു”…. കണ്ണ് നിറഞ്ഞതും അവൾ ചരിഞ്ഞു കിടന്നു…. അപ്പോഴേക്കും ശബരിയുടെ മൊബൈലിലേക്ക് റിയൂണിയനിൽ ഉണ്ടായിരുന്ന ഒരു സുഹൃത്തിന്റെ ഫോൺ വന്നു…. “എടാ ശബരി വൈഫ് അടുത്തുണ്ടോ ഇല്ലെങ്കിൽ ഒരു കാര്യം പറയാൻ ആയിരുന്നു”…. പെട്ടന്ന് അമ്മുവിനെ നോക്കിയ ശബരി ഫോണും ആയി ബെഡ് റൂമിനു വെളിയിൽ ഇറങ്ങി…. “എല്ലാം ഓക്കേ അല്ലേ കൂട്ടുകാരൻ ആണ് ചോദിച്ചത്”…. ഉം……….. “എടാ ചെറിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പറ്റി”…. “സ്കൂളിൽ പഠിക്കുന്ന സമയത്തെ നിന്റെ പൊട്ടത്തരങ്ങൾ ഒക്കെ അവിടെ എബിനും വെള്ളം അടി പാർട്ടികളും വെറുതെ തമാശക്ക് പറഞ്ഞിരുന്നു പക്ഷേ നിന്റെ വൈഫ്‌ അത് കേട്ടെന്നാ തോന്നുന്നേ.. എന്തായാലും എല്ലാം ഓക്കേ അല്ലെ”…. “അതേടാ… ഓക്കേയാ “…….. ഫോൺ കട്ട്‌ ചെയ്തു ശബരി തിരിച്ചു റൂമിൽ എത്തിയപ്പോഴേക്കും അമ്മു ഉറങ്ങിയിരുന്നു…. ശബരിയുടെ മനസ്സിലൂടെ പലവിധ ചിന്തകൾ മിന്നി മറഞ്ഞു….

“മോളെ ചായ തരട്ടെ”…. അമ്മയുടെ വിളി കേട്ടാണ് രാവിലെ അമ്മു ഉണർന്നത്…. “ങേ… ആൾ എവിടെ പോയി “…. “അമ്മു നോക്കിയപ്പോൾ ശബരിയെ കിടക്കയിൽ കാണാൻ ഇല്ലായിരുന്നു”…. “ശബരി അമ്പലത്തിൽ പോയി മോളെ രാവിലെ അങ്ങനെ ഒരു ശീലം ഉണ്ട് അവന്… നിന്നെയും കൂട്ടി പോകണം എന്നുണ്ടായിരുന്നു പക്ഷേ നിനക്ക് തലവേദനയും ക്ഷീണവുമായതുകൊണ്ട് ഉണർത്തേണ്ടാന്ന് കരുതിയാ വിളിക്കാഞ്ഞേ…”…. ചായ കൊടുത്ത ശേഷം അമ്മ വെളിയിലേക്ക് പോയി…. പകൽ മുഴുവനും ശബരി, അമ്മുവിനോട് ഇടപെഴകി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അവനെ ഉൾക്കൊള്ളാൻ ഉള്ള മാനസിക നില അല്ലായിരുന്നു..പക്ഷേ മറ്റുള്ളവരോട് എല്ലാം നല്ല രീതിയിൽ തന്നെ ആണ് അവൾ ഇടപെട്ടത്…. അന്ന് രാത്രിയിലും ബെഡ്റൂമിൽ വന്ന അവൾ ചരിഞ്ഞു കിടക്കുകയായിരുന്നു…. അത് പിന്നെ.. എനിക്ക് ഒളിപ്പിക്കാൻ ഒന്നും ഇല്ല…. ബെഡ് റൂമിലേക്ക് വന്ന ശബരി തപ്പി തടഞ്ഞു പറഞ്ഞതും അമ്മു തല ഉയർത്തി നോക്കി….

“അതെ ഞങ്ങൾ വിദ്യാഭ്യാസപരമായി ഒരുപാട് പുറകിലാ.. പക്ഷേ നല്ല രീതിയിലാ ജീവിക്കുന്നത് “…. “ഞാൻ പത്താംക്ലാസ്സ്‌ മൂന്നാം പ്രാവശ്യം എഴുതിയാ പാസ്സ് ആയത്.. പൈസ ഉണ്ടെങ്കിലും ഒരു ഡിഗ്രി ഉണ്ടെങ്കിലേ നല്ലൊരു ബന്ധം കിട്ടൂ എന്ന ഒരു ബന്ധുവിന്റെ ഉപദേശം വഴിയാ കേരളത്തിന് വെളിയിൽ ഉള്ള ഒരാൾ വഴി ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് തരപ്പെടുത്തി എടുത്തത്”…. അമ്മു മറുപടി ഒന്നും പറയാതെ തിരിഞ്ഞു കിടക്കുകയായിരുന്നു…. “ഉള്ളത് ഞാൻ തുറന്ന് പറയുവാ മനസ്സ് കൊണ്ട് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ധൈര്യമായി പറഞ്ഞോളൂ പരിഹാരം ഉണ്ടാക്കാം”…. അതും പറഞ്ഞു ശബരി തിരിഞ്ഞു കിടന്നു…. രാത്രിയിൽ എപ്പോഴോ ഉണർന്ന സമയം അമ്മുവിന്റെ കണ്ണിൽ ശബരിയുടെ മൊബൈൽ ഉടക്കി നിന്നു…. അവൾ സാവധാനം അത് കൈയ്യിൽ എടുത്തു…. മൊബൈലിന് ലോക്ക് ഇട്ടിട്ടില്ല…. വാട്സ്ആപ്പ് തുറന്ന അവളുടെ കണ്ണിൽ ആദ്യം പെട്ടത് Govt HS 10TH Batch ഗ്രൂപ്പ്‌ ആയിരുന്നു……..

അവൾ അത് തുറന്നതും ശബരിയുടെ ഒരു വോയ്‌സ് ക്ലിപ്പ് കണ്ടു…. അവൾ തന്റെ ഇയർ ഫോൺ കാതിൽ വച്ച് അത് പ്ളേ ചെയ്തു…. “”എല്ലാവർക്കും നമസ്കാരം ഞാൻ ശബരി.. ചെയ്തു തന്ന ഉപകാരത്തിനു എല്ലാവർക്കും നന്ദി.. എന്താണ് എന്ന് ഇത് കേട്ട ചിലർക്ക് പിടികിട്ടിക്കാണും.. നമ്മുടെ ഗ്രൂപ്പ്‌ അംഗം ആയ ഒരു കൂട്ടുകാരന്റെ സീരിയസ് ഓപ്പറേഷന് നമ്മൾ ഫണ്ട്‌ കളക്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ എല്ലാവരും അവരവരുടെ വിഹിതം ഇത്ര രൂപയാണ് എന്ന് ഈ ഗ്രൂപ്പിൽ ഇട്ടായിരുന്നല്ലോ… ഞാൻ ഒഴികെ….”…. “അന്ന് കുറച്ച് പേരെങ്കിലും എനിക്കെതിരെ ഈ ഗ്രൂപ്പിൽ സംസാരിച്ചതും ഞാൻ ഓർക്കുന്നു.”…. “അരക്കൻ പിശുക്കൻ എന്നുവരെ പലരും എന്നെ കളിയാക്കി മെസ്സേജ് ഇട്ടിരുന്നു.

പക്ഷേ നിങ്ങളെല്ലാം ഊഹിക്കുന്നതിലും വലിയ ഒരു തുക ഞാൻ അവന്റെ അക്കൗണ്ടിൽ ഇട്ട് കൊടുത്തായിരുന്നു. പക്ഷേ ആ തുക ഗ്രൂപ്പിൽ ഇട്ട് പരസ്യപ്പെടുത്താൻ എന്റെ അറിവ് എന്നെ അനുവദിച്ചില്ല.. ഞാൻ ഇട്ട് തന്ന തുക ആരോടും പറയരുതെന്നും അവനോട് പ്രത്യേകം പറഞ്ഞിരുന്നു…ഇതൊക്കെ എനിക്ക് പുസ്തകത്തിൽ നിന്ന് വായിച്ചു കിട്ടിയ അറിവല്ല ജീവിതത്തിൽ നിന്ന് സ്വയം പഠിച്ചെടുത്തതാണ്..എന്റെ വോയ്‌സ് ആർക്കെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കുക….”…. “പെട്ടന്ന് ഇയർ ഫോൺ ഊരിയ അവൾ എന്തോ ആലോചിച്ചിരുന്നുപോയി. ഏറുകണ്ണിട്ട് അവൾ ചരിഞ്ഞു കിടക്കുന്ന ശബരിയെ നോക്കുമ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു “…. “രണ്ട് ദിവസം മുൻപ് TV യിലെ രാഷ്ട്രീയ ചർച്ചയിൽ കേട്ട ആ ഡയലോഗ് അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു”…. “വെറും അഞ്ചാം ക്ലാസ്സ്‌ വരെ മാത്രം പഠിച്ച ഒരു മുഖ്യമന്ത്രി അതും ജനങ്ങൾ, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ഇന്നും ജീവിച്ചിരിക്കുന്ന ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടായിരുന്നു..”…. ആത്മവിശ്വാസത്തോടെ അമ്മു ഉറക്കത്തിൽ ആയിരുന്ന ശബരിയോട് ചേർന്ന് കിടക്കുമ്പോൾ എത്രയും പെട്ടന്ന് നേരം വെളുക്കണേ എന്നായിരുന്നു അവളുടെ മനസ്സിൽ……… ….