23/04/2026

കഴിഞ്ഞ മൂന്ന് ദിവസം ആയി ഞാൻ നിന്റെ പിറകെ നടക്കുന്നു. നിനക്ക് എന്തു പറ്റി. ? നിനക്ക് അറിയാം നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല എന്നു.”

രചന – അമ്പിളി നായർ

ഇടവഴി കടന്നു മെയിൻ റോഡിലേക്ക് വേഗത്തിൽ നടക്കുകയായിരുന്നു രാധ. പെട്ടന്നാണ് എവിടെ നിന്നോ രമേശൻ അവളുടെ മുന്നിൽ വന്നു നിന്നത്. കൈ നീട്ടി അവളെ തടഞ്ഞു കൊണ്ടവൻ പറഞ്ഞൂ.
“കഴിഞ്ഞ മൂന്ന് ദിവസം ആയി ഞാൻ നിന്റെ പിറകെ നടക്കുന്നു.
നിനക്ക് എന്തു പറ്റി. ?
നിനക്ക് അറിയാം നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല എന്നു.” എന്നിട്ടും നീ എന്തിനാണ് എന്നെ കാണാതെ നടക്കുന്നത്..?
അവൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൻ തടഞ്ഞു കൊണ്ടു പറഞ്ഞു…

“ഇനി നീ ഒന്നും പറയണ്ട, ഇന്ന് രാത്രി 12 മണി ആവുമ്പോൾ ഞാൻ നിന്റെ വീടിനു മുൻപിൽ വരും .അവശ്യമുള്ളത് മാത്രം എടുത്തു കൊണ്ട് ഇറങ്ങിവരണം.നമ്മൾ എവിടെ എങ്കിലും പോയി ജീവിയ്ക്കും. ജാതി ഒന്നല്ല എന്ന കാരണം പറഞ്ഞു എന്റെ വീട്ടുകാർ നിന്നെ
എന്റെ വീട്ടിൽ കയറ്റില്ല.അത് സാരമില്ല.നമുക്ക് ദൂരെ എവിടേയ്ക്കെങ്കിലും പോകാം..”

” എനിക്ക് വരാൻ സാധിക്കുകയില്ല. “ഉറച്ചത് ആയിരുന്നു അവളുടെ മറുപടി.

“എന്തു കൊണ്ട്,…? നമ്മൾ ഒന്നിച്ചു ജീവിയ്ക്കും എന്നു നേരത്തെ തീരുമാനിച്ചവർ അല്ലെ ?പിന്നെ എന്താണ് ഇപ്പോൾ ഈ മാറ്റം..?
“അന്ന് പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ അങ്ങിനെ ഇറങ്ങി വരാൻ പറ്റിയ സാഹചര്യം അല്ല എനിക്ക്” അവളുടെ ശബ്ദത്തിൽ ഉറച്ച തീരുമാനത്തിന്റെ കനപ്പ്.

“”അതേ അറിയാം. നീ ആകെ മാറിപ്പോയി. നിനക്ക് ജോലി ആയി.നല്ല ശമ്പളം ആയി.ഇനി നിനക്ക് നല്ല നല്ല ബന്ധങ്ങൾ കിട്ടും.സാഹചര്യങ്ങൾക്ക് അനുസരിച്ചു നിറം മാറുന്നവർ ആണ് നീ അടക്കം ഉള്ള പെണ്ണുങ്ങൾ..ഒന്നു മാത്രം ഓർത്തോ. എന്നെ പോലെ ഉള്ള പാവം ആണുങ്ങളെ പറഞ്ഞു മോഹിപ്പിച്ചു ഒടുവിൽ സാഹചര്യം എന്ന ഒരു വാക്ക് കൊണ്ട് എല്ലാം അവസാനിപ്പിക്കുമ്പോൾ തകരുന്നത് ഞങ്ങളുടെ ജീവിതം ആണ് ”
അവൾ മറുപടി പറഞ്ഞു.”അതേ എനിക്ക് എന്റെ സാഹചര്യം നോക്കിയെ മതിയാവൂ. ഇപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നാൽ തകരുന്നത് ഒരു കുടുംബം ആണ്.”

നമ്മൾ സ്നേഹിച്ചപ്പോൾ നീ എന്തു കൊണ്ട് നിന്റെ കുടുംബം ഓർത്തില്ല…? അന്നില്ലാത്ത ഏതു കുടുംബം ആണ് ഇപ്പോൾ നിനക്ക്
ഉണ്ടായത്..?

“അന്ന് എന്റെ കുടുംബം നോക്കാൻ എന്റെ അച്ഛൻ ഉണ്ടായിരുന്നു…എന്നാൽ ഇന്ന് ആ മനുഷ്യൻ ഇല്ല..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വഴിയിലൂടെ സഞ്ചരിക്കുന്നവർ അവരെ നോക്കുന്നുണ്ടായിരുന്നു.
അവൾ അത് ഗൗനിച്ചില്ല.
” അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരു ബുദ്ധിമുട്ടും ഞങ്ങൾ അറിഞ്ഞിരുന്നില്ല. പെട്ടന്ന് അച്ഛൻ പോയപ്പോൾ വഴിയാധാരം ആയ ഒരു കുടുംബം ആണ് ഇന്ന് എന്റേത്. ആ തകർച്ചയിൽ നിന്നും അമ്മ ഇതു വരെ മോചിത ആയില്ല. സർവ്വീസിൽ ഇരുന്നപ്പോൾ മരിച്ചത് കൊണ്ട് ആണ് ഈ ജോലി എനിക്ക് ചിട്ടിയത്. എന്ജിനീറിങ് അവസാന വർഷം ആണ് അനിയൻ. ഒരു വർഷം കൂടി കഴിഞ്ഞാൽ അവനു ഒരു ജോലി ശരിയാകും.അനിയത്തിയെ പഠിപ്പിക്കണം. അനിയന് ഒരു ജോലി ശരിയായാൽ അവൻ ബാക്കി കാര്യം നോക്കിക്കൊള്ളും.

അതു വരെ എനിക്ക് അവരുടെ കൂടെ നിന്നെ പറ്റൂ.. ഞാൻ ഇപ്പോൾ നിങ്ങളുടെ കൂടെ വന്നാൽ ഒരു പക്ഷെ നിങ്ങൾക്ക് സന്തോഷം ആവും.പക്ഷെ കൂടിപ്പിറപ്പുകളെ തെരുവിൽ വിട്ടുകൊണ്ടുള്ള ഒരു സന്തോഷവും എനിക്ക് വേണ്ട. രമേശൻ എന്നോട് ക്ഷമിക്കണം.ഇപ്പോൾ എന്റെ ജീവിതവും സന്തോഷവും അല്ല എനിക്ക് വലുത്. ..എന്റെ വീട്ടുകാർക്കുവേണ്ടി എനിക്ക് അവരുടെ കൂടെ ജീവിച്ചേ മതിയാവൂ…ഞാൻ രമേശനെ സ്നേഹിച്ചു എന്നതും ഒരുമിച്ചു ഒരു ജീവിതം സ്വപ്നം കണ്ടു എന്നതും സത്യം ആണ്. ഇന്നും ആ ജീവിതത്തിനായി ഞാൻ കൊതിക്കുന്നു…പക്ഷെ”

മുഴുമിക്കാൻ കഴിയുന്നതിനു മുൻപേ അവളുടെ തൊണ്ടയിടറി.കണ്ണുകളിൽ നിന്നും കണ്ണുനീർ മുഖം വഴി താഴേയ്ക്ക് ഒലിച്ചിറങ്ങി….അവൾ കൂട്ടിച്ചേർത്തു. “ഇനി എന്നെ വഴിയിൽ തടഞ്ഞു നിർത്തി ഇക്കാര്യം പറയരുത്.” ഇത്രയും പറഞ്ഞിട്ട് അവൾ മുന്നോട്ട് നടന്നു…ഇപ്പോൾ ആ കണ്ണുകൾ തോർന്നിരുന്നു. ആ മുഖത്തു സങ്കടം ഇല്ലായിരുന്നു.
രാധേ നിൽക്ക്…രമേശൻ പിന്നിൽ നിന്നും വിളിച്ചു.

രാധേ ,നീ ആണ് ശരി. ഞാൻ ആണ് ഒന്നും ആലോചിക്കാതെ പെരുമാറിയത്. നിന്നെ പോലെ ഒരു പെണ്ണിനെ ആണ് ഏതൊരു ആണും കൊതിക്കുന്നത്. നിനക്ക് വേണ്ടി എത്ര കാലം വേണം എങ്കിലും ഞാൻ കാത്തിരിക്കാം.നീ എന്റേത് മാത്രം ആണ് എന്ന ഒരു വാക്ക് മാത്രം മതി എനിക്ക്”
“ആ വാക്ക് ഞാൻ എന്നെ തന്നു കഴിഞ്ഞു”
“എങ്കിൽ പൊയ്ക്കോളൂ, നിന്നെ ഒരിക്കലും ഞാൻ ഇനി തടഞ്ഞു നിർത്തില്ല. നിന്റെ കടമകൾ തീർത്തു വരിക. ഞാൻ ഉണ്ടാവും നിന്നെയും കാത്തു”
ആ വാക്കുകൾ ആദ്യമായി കേൾക്കുന്നത് പോലെ അവളുടെ മുഖം നാണം കൊണ്ടു ചുവന്നു…ചുണ്ടുകൾ വിറച്ചു..കണ്ണുകൾ വിടർന്നു…മെല്ലെ അവൾ മുന്നോട്ട് നടന്നു…
മുന്നോട്ട് നടക്കുന്ന അവളെ നോക്കി അവൻ മനസിൽ പറഞ്ഞു. നീ ആണ് പെണ്ണ്..അവളും മനസിൽ വിചാരിച്ചു ഇങ്ങിനെ ആവണം ആണുങ്ങൾ…..