രചന – ആതിര
വൈകിട്ട് സ്കൂൾ വിട്ട് വന്നതും മേലുകഴുകി ഭാഗി നേരെ യദുവിന്റെ വീട്ടിലേക്ക് ഓടി.. “ഭാഗീ..ചായ കുടിച്ചോണ്ട് പോ…”. “വേണ്ട ഞാൻ രാധമ്മേടെ ചായ കുടിച്ചോളാം…” അതും പറഞ്ഞവൾ ബുക്കും പുസ്തകോം എടുത്തുകൊണ്ടോടി… മുറ്റത്തെ ചെടികൾക്ക് വെള്ളം ഓഴിക്കുകയായിരുന്നു മുരളി.. “ഹലോ പട്ടാളം..”. “ആ നീ വന്നോ..ഇനി മുതൽ എന്റെ ഇളയ പുത്രന്റെ ശിഷ്യയല്ലേ നീ..” “കൃഷ്‌ണച്ഛാ…..” “ഞാൻ ചുമ്മ പറഞ്ഞതല്ലേ കാന്താരി..” “അല്ലേലും ഇവിടെ ന്റെ രാധമ്മയ്ക്കും ശ്രീയേട്ടനും മാത്രേ ഈ ഭാഗിയോട് ഇഷ്ടമുള്ളൂ..ഞാൻ പോവാ..”. മുഖം വീർപിച്ചവൾ അകത്തേക്ക് നാടന്നു..
“രാധമ്മേ…..” അവൾ അടുക്കളയിലേക്ക് ചെന്ന് അവരെ കെട്ടിപ്പിടിച്ചു.. “എന്താ രാധമ്മേ ഒരു സ്‌പെഷ്യൽ മണം..എന്തോ കാര്യയിട്ട് ഉണ്ടാക്കുന്നുണ്ടല്ലോ..” അടുപ്പിൽ മൂടിവെച്ചിരിക്കുന്ന പാത്രത്തിൽ നോക്കിയവൾ പറഞ്ഞു.. “പായസവാ മോളേ.. അടപ്രഥമൻ..നീയാ ബൗളും സ്പൂണും ഇങ്ങേടുക്ക്..” ആ ചെറിയ ബൗളിലേക്ക് പായസം പകർന്നവർ അവൾക്ക് കൊടുത്തു. ചെറുചൂടുള്ള പായസം ഊതിയവൾ കുടിച്ചു.. “രാധമ്മേടെ പായസം സൂപ്പർ ആണ്..അല്ലേലും എന്റെ രാധമ്മ എന്തുണ്ടാക്കിയാലും അപാര ടേസ്റ്റ് അല്ലേ..” “നീ വേഗം കുടിച്ചിട്ട് ചെല്ല്.. അവനിപ്പോ കുളിച്ചിട്ട് വരും..” “അമ്മേ ഇനി ശ്രീയേട്ടൻ എന്നാ വരുന്നേ…? പോയിട്ട് ഇപ്പൊ നാല് മാസായില്ലേ…കാണാൻ കൊതിയായി..” “അവൻ അടുത്ത മാസം വരും ഭാഗി..നിനക്ക് എന്തൊക്കെയോ വാങ്ങിട്ടുണ്ടെന്ന് പറഞ്ഞു..” “ആണോ..”. ശ്രീരാഗ് ഇപ്പോൾ പഠനമെല്ലാം കഴിഞ്ഞ് ജോലിചെയ്യുകയാണ്..
അവർ സംസാരിക്കുന്നതിനിടയിൽ അവിടേക്ക് കുളിച്ചു തോർത്തിക്കൊണ്ട് യദു വന്നു..”മതിയെടി കഴിച്ചത്..നീ മുഴുവൻ പായസോം കുടിച്ച് തീർക്കുവോ..ഇവിടെ ബാക്കിയുള്ളോർക്കും കഴിക്കണം..”ഭാഗിയുടെ തലയിൽ കൊട്ടിയവൻ പറഞ്ഞു..”രാധമ്മേ…..” ഭാഗി ചിണുങ്ങി.. “പോടാ നീ എന്റെ കൊച്ചിനെ കളിയാക്കാതെ..മോള് അവൻ പറയുന്നതൊന്നും കാര്യാക്കണ്ട..” “വേഗന്ന് കഴിച്ചിട്ട് വാടി…”. ഭാഗി ബാക്കിയുണ്ടായിരുന്ന പായസം ഒറ്റവലിക്ക് കുടിച്ചിട്ട് വാ കഴുകി അവന്റെ പുറകെ ഓടി.. തന്റെ മുറിയിലെ മേശയ്ക്ക് അരികിൽ ഇരുന്ന് കൊണ്ട് അവനവൾക്ക് ഓരോ ചോദ്യവും അതിന്റെ ഉത്തരവും എളുപ്പമാർഗത്തിൽ പറഞ്ഞു കൊടുത്തു.. ആദ്യമൊക്കെ ശ്രദ്ധിക്കാതിരുന്ന ഭാഗിയ്ക്ക് എന്തുകൊണ്ടോ അവൻ പഠിപ്പിക്കുന്ന രീതി ഇഷ്‌മായി..
അങ്ങനെ മുറപോലെ വൈകിട്ടത്തെ കണക്ക് പഠിത്തം തുടർന്നു പോയി. ഭാഗി ഇപ്പോൾ ക്ലാസ്സിൽ അത്യാവശ്യം നല്ല രീതിയിൽ കണക്കിന് മാർക്ക് വാങ്ങാറുണ്ട്. ഋതുക്കൾ മാറി മാറി വന്നു. വർഷങ്ങൾ മുന്നോട്ട് പോയി.. ഇപ്പോൾ ഭാഗി ഇപ്പോൾ ഒമ്പത്തിലും യദു ഇപ്പോൾ പ്ലസ്സ്ടുവിലുമെത്തി. ഇപ്പോഴും യദുവാണ് അവൾക്ക് കണക്ക് പറഞ്ഞുകൊടുക്കുന്നത്. അതേ സ്കൂളിൽ തന്നെയുള്ള ഹൈസെക്കണ്ടറിയിൽ ആയതിനാൽ സൈക്കിൾ യാത്രയ്ക്ക് മുടക്കമില്ല. അന്ന് പതിവ് പോലെ വൈകിട്ട് യദുവിന്റെ വീട്ടിലേക്ക് വന്നതാണവൾ.. “എന്താ ഭാഗിമോളെ പനിയാണോ.. മുഖമൊക്കെ വല്ലാണ്ടിരിക്കുന്നല്ലോ.. വയ്യേ ന്റെ കുഞ്ഞിന്..??”
പതിവിൽ നിന്നും അവളുടെ മുഖത്തെ ക്ഷീണം കണ്ട് രാധിക ചോദിച്ചു.. “അറിയില്ല രാധമ്മേ വല്ലാണ്ട് ഒരു വേദന.. “വയ്യങ്കിൽ ഇന്ന് പഠിക്കണ്ട.. തിരിച്ച് പൊക്കോ..” “സാരമില്ല..” “എങ്കിൽ മോള് ചെല്ല്..രാധമ്മ കടുപ്പത്തിലൊരു ഇഞ്ചിച്ചായ ഉണ്ടാക്കിത്തരാം..” പഠിപ്പിച്ചോണ്ടിരിക്കുന്നതിനിടയിൽ ഭാഗിയുടെ മുഖം ചുളിയുന്നതും വയറിൽ കൈയ്യമർത്തുന്നതും യദു സംശയത്തോടെ നോക്കി.. “എന്തു പറ്റി ഭാഗി..വയ്യേ നിനക്ക്..??” “എന്തോ വയ്യ യദുവേട്ടാ. തലയൊക്കെ പൊട്ടിപോകുന്നപോലെ വേദനയും.” “നീ ചെന്നൊന്ന് മുഖം കഴുകിയെ..” മുറിയോട്ചേർന്നുള്ള ബാത്രൂമിലേക്കവൾ ബദ്ധപ്പെട്ട് നടന്നു..അവൾ നടന്ന് പോകുന്നതും നോക്കി നിന്നയവൻ ഒരു നിമിഷം ഞെട്ടി..അവളിലെ മാറ്റം അവനിൽ സംശയം ഉളവാക്കി..
“ഭാഗി ..ഞാൻ ഇപ്പൊ വരാം..” അത്രമാത്രം പറഞ്ഞുകൊണ്ടവൻ രാധികയുടെ അടുത്തേയ്ക്കോടി.. തന്നിലുള്ള മാറ്റാത്തെ അവളിലെ പെണ്ണിനും തിരിച്ചറിയാൻ കഴിഞ്ഞു..സ്കൂളിൽ കൂട്ടകാരികൾ പറഞ്ഞതെന്തോ ഓർമയിൽ നിറഞ്ഞു..അവൾക്ക് പേടി തോന്നി..കണ്ണീർ ഒഴുകിത്തുടങ്ങി.. ഇതേ സമയം അടിക്കളയിലായിരുന്ന രാധികയെ യദു വിളിച്ചുകൊണ്ട് വന്നു..അവളുടെ അടുത്തേക്ക് ചെന്നതും അവർക്ക് കാര്യം മനസ്സിലായി..ഒരു കുഞ്ഞ് പുഞ്ചിരി ആ ചുണ്ടുകളിൽ വിടർന്നു.. കരഞ്ഞു നിൽക്കുന്ന ഭാഗിയെ കണ്ടതും അവരവളെ മുറുകെ കെട്ടിപ്പിടിച്ചു കണ്ണീരൊപ്പി..അവളും ആശ്രയമെന്നോണം ആ മാറിലൊതുങ്ങി.. “കരയണ്ട കെട്ടോ..” “യദു..നീ പുറത്തേക്ക് പൊക്കോ..മോൾക്ക് ഒന്നൂല്ല..” അല്പസമയത്തിന് ശേഷം അവളെയും പൊതിഞ്ഞുകൊണ്ട് രാധിക മാലിനിയ്ക്കടുത്തേക്ക്, ഭാഗിയുടെ വീട്ടിലേയ്ക്ക് നടന്നു.. ഭാഗിയ്ക്ക് എന്തോ പറ്റിയെന്ന് യദു ഇതിനോടകം തന്നെ മുരളിയോടും പറഞ്ഞു..ഭാഗിയെ പിടിച്ചുകൊണ്ട് വരുന്ന രാധികയെ കണ്ട് മുരളിയും ഭയന്നു. എന്നാൽ കാര്യം പിന്നീട് പറയാമെന്നും പുറകെ വരാൻ ഒരുങ്ങിയ യദുവിനോട് ഇപ്പോൾ അങ്ങോട്ടേക്ക് വരണ്ടെന്നും പറഞ്ഞ് രാധിക തടഞ്ഞ് നിർത്തി..
ഭാഗിയെ ചേർത്തണച്ച് വരുന്ന രാധികയെ കണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങിയതാണ് മാലിനി.. “എന്ത് പറ്റി രാധികേയെന്റെ മോൾക്ക്..അവളെന്താ വല്ലാണ്ടിരിക്കുന്നെ..?” ആ അമ്മ മനം തേങ്ങി.. “ഒന്നും ഇല്ല മാലൂ..നീ പേടിക്കാതെ.. ആദ്യം അകത്തോട്ട് കേറട്ടെ..” “അതേ ഒന്നിങ്ങോട്ട് വന്നേ..മോൾക്ക് എന്തോ വയ്യാഴിക..” അകത്തെ മുറിയിലായിരുന്ന വിനയൻ മാലിനിയുടെ ശബ്ദം കേട്ട് അങ്ങോട്ട് വന്നു.. “ഇതിപ്പോ നിങ്ങൾ പേടിക്കണ്ട കാര്യം ഒന്നും ഇല്ല..മോളെ നീ പോയി കുളിച്ച് വാ..മോള് ഡ്രെസ്സൊക്കെ എടുത്ത് വരുമ്പോഴേക്കും രാധമ്മ ചൂട് വെള്ളം കൊണ്ടതാരാട്ടോ.. രാധമ്മേം അമ്മേം വന്നിട്ട് കുളിച്ചാൽ മതി കെട്ടോ..” ഭാഗി തലകുലുക്കിക്കൊണ്ട് മുറിയിലേക്ക് നടന്നു.. “എന്താ രാധികേ” അപ്പോഴേക്കും അങ്ങോട്ട് മുരളിയും വന്നു.. “പേടിക്കണ്ടന്നേ.. നമ്മുടെ ഭാഗി വല്യപെണ്ണായി..അത്രേയുള്ളൂ..” കൂടി നിന്ന എല്ലാവരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു..മലിനിയുടെ കണ്ണിൽ പുഞ്ചിരിയോടൊപ്പം നീർമണിയും സ്ഥാനം പിടിച്ചു..
ആ രണ്ടമ്മമാരും ഭാഗിയുടെ മുറിയിലേക്ക് ചെന്നു..ആകെ ഭയന്ന് നിൽക്കുവാണ് ഭാഗി..ഉള്ളതിൽ ഒരു പുതിയ ഡ്രസ് അവൾക്ക് മാലിനി എടുത്ത് കൊടുത്തു..രാധികയെ അവളെ ഏൽപ്പിച്ച് ചൂടുവെളളം ഉണ്ടാക്കികൊണ്ട് വന്നു.. അതിനൊപ്പം റൂമിൽ നിന്നൊരു പൊതിയും കൊണ്ടുവന്ന് ഭാഗിയെ ഏൽപ്പിച്ച് അത് ഉപയോഗിക്കുന്ന രീതി പറഞ്ഞു കൊടുത്ത് അവളെ കുളിക്കാൻ വിട്ടു.. “മാലൂ..എനിക്കൊരു മോളില്ലെങ്കിലും ഭാഗി മോള് എനിക്കെന്റെ സ്വന്തം കുഞ്ഞ് തന്നാ…അങ്ങനെയേ ഞാൻ കണ്ടിട്ടുള്ളൂ…എനിക്കിന്ന് ഒരുപാട് സന്തോഷമായി…” കുളിച്ചിറങ്ങിയ ഭാഗിയെ മാലിനി കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു..അന്നവൾക്ക് ഇഷ്ടമുള്ളതെല്ലാം ആ അടുക്കളയിൽ പാകമായി..
പിറ്റേന്ന് പതിവ്പോലെ സൈക്കിളിൽ ഭാഗിയെ കാത്ത് നിൽക്കുവാണ് യദു..അവനെ കണ്ട് മാലിനിയും രാധികയും ഇറങ്ങി വന്നു..ഇന്നലെ മുതൽ അമ്മ മിക്ക സമയവും ഭാഗിയുടെ വീട്ടിലാണെന്നവൻ ഓർത്തു..ഇന്ന് രാവിലത്തെ ജോലിയെല്ലാം നേരത്തെ ഒതുക്കിയവർ ഇങ്ങോട്ട് പോന്നതാണ്.. “മാലിനിയമ്മേ ഭാഗി എന്തിയെ..വരാൻ പറ അവളോട്..” “ഭാഗി ഇനി കുറച്ച് ദിവസം ക്ലാസ്സിലേയ്ക്കില്ല കെട്ടോ..മോൻ പൊക്കോ..” അവർ പറഞ്ഞതനുസരിച്ച് അവൻ സൈക്കിൾ ചവിട്ടി പോയി.. ഇങ്ങനെ പല ദിനങ്ങൾ മുന്നോട്ട് പോയി..ഇതിനിടയിൽ അവളെക്കാണാൻ സ്കൂളിൽ നിന്ന് കൂട്ടുകാരും ബന്ധുക്കളും സമ്മാനവുമായി എത്തി..തന്റെ അച്ഛനും അമ്മയും അവൾക്കായി സ്വർണവള സമ്മാനിച്ചതും അവനറിഞ്ഞു..ശ്രീരാഗും അവൾക്ക് കുറെ പുതിയ ഡ്രെസ്സുകളുമായി വന്നിരുന്നു..ഈ ദിവസങ്ങളിലൊന്നും അവനവളെ കാണാൻ കഴിഞ്ഞിരുന്നില്ല..അവൻ കാണാൻ ചെന്നാലും കാണാൻ പറ്റിയില്ല..
നാളെ മുതൽ ഭാഗിയും വരുന്നുണ്ടെന്ന് മാലിനി പറഞ്ഞതിനാൽ നേരത്തെ തന്നെയവൻ അവളെ കാത്ത് നിന്നു..എന്നും താസിച്ച് വരുന്നവൾ നേരത്തെ ഇറങ്ങിവരുന്നത് കണ്ടവന് അതിശയം..ഒന്നും മിണ്ടാതെ സൈക്കിളിന് പിന്നിലേയ്ക്ക് അവളിരുന്നു..എന്നും എന്തെങ്കിലും കലപില സംസാരിയ്ക്കുന്ന അവൾ ഇന്നെന്തോ മൗനം പാലിയ്ക്കുന്നു.. അതുപോലെ തന്നെ അവൾക്കെന്തോ മാറ്റം പോലെ രൂപത്തിലും പ്രവൃത്തിയിലുമൊക്കെ. എങ്കിലും കുറെ ദിവസങ്ങൾക്ക് ശേഷം അവളെ കണ്ടതിന്റെ സന്തോഷം അത്രയ്ക്കുണ്ടായിരുന്നു അവന്.. അവൾ സ്കൂളിലേയ്ക്ക് വരുമ്പോഴും പോകുമ്പോഴും സ്കൂളിൽ വെച്ചും കുറച്ചപ്പുറത്തെ വീട്ടിലെ സന്ദീപ് അവളെ നോക്കി നിൽക്കുന്നത് ഈ ദിവസങ്ങളിൽ യദു ശ്രദ്ധിച്ചിരുന്നു.. സന്ദീപും യദുവും ഒരേ പ്രായക്കാരാണ്…യദു കോമേഴ്‌സ് ബാച്ചിലും സന്ദീപ് ഹ്യൂമാനിറ്റീസ് ബാച്ചിലും ആയിരുന്നു..
അന്ന് വൈകുന്നേരം തന്നെ കാത്ത് നിൽക്കുന്ന ഭാഗിയ്ക്ക് അരികിൽ നിന്ന് സംസാരിയ്ക്കുന്ന സന്ദീപിനെ കണ്ടുകൊണ്ടാണ് യദു വന്നത്.. എന്തോ കൊണ്ടോ ആ കാഴ്ചയിൽ പറഞ്ഞറിയിക്കാനാകാത്ത ദേഷ്യം തോന്നിയവന്..കഴിഞ്ഞ ദിവസം അമൽ പറഞ്ഞത് മനസ്സിലേക്ക് ഇരച്ചുകയറി വന്നു.. തലേന്ന് ഭാഗിയെ സ്കൂളിൽ ഇറക്കി സൈക്കിൾ ഒതുക്കി വയ്ക്കുന്നതിനിടയിലാണ് കൂട്ടുകാരൻ അമൽ അവനോടത് പറഞ്ഞത്.. “യദു..ഇപ്പൊ ഭാഗി പഴയെ പോലെ അല്ലല്ലോ.കാണാൻ നല്ല ഭംഗിയായില്ലേ.ഹൈസെക്കണ്ടറിയിലെ കുറെപ്പേരിപ്പോൾ അവളുടെ പുറകെയാണ്.എന്തിനേറെ നമ്മുടെ ക്ലാസിലെ തന്നെ കുറെയവൻമാർ പ്രേമം ആണെന്ന് പറഞ്ഞ് അവളുടെ പുറകെ നടപ്പാണ്..നിന്റെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് അവന്മാർ ചെന്ന് പരിചയപ്പെടുന്നത്..നമ്മേടെ ഹ്യൂമാനിറ്റീസിലെ സന്ദീപില്ലേ..
നിങ്ങടെ വീടിനടുത്തുള്ള,, അവൻ കഴിഞ്ഞ ദിവസം അവളെ പ്രൊപ്പോസ് ചെയ്തതെന്ന്..അവൾ താല്പര്യം ഇല്ലെന്നാണ് പറഞ്ഞത്.” “നീ ഇതെങ്ങനെ അറിഞ്ഞു..?” “അവളുടെ ക്ലാസ്സിലെ അനുവില്ലേ..അവളുടെ കൂട്ടകാരി..അവൾ പറഞ്ഞു..” അനുവും അമലും തമ്മിലുള്ള പ്രണയം സ്കൂളിലെ കുട്ടികൾക്കിടയിൽ പരസ്യമായ രഹസ്യമാണ്.. “അല്ല നീയിതൊന്നും അറിഞ്ഞില്ലേ..നിന്നോട് അവളൊന്നും പറഞ്ഞില്ലേ..??” അമലിന്റെ ചോദ്യത്തിന് ഉത്തരമായി ഇല്ലെന്ന് തലചലിപ്പിച്ചവൻ..എന്തോ ഒരു സങ്കടം മൂടിയവനെ..അവൾ തന്നിൽ നിന്നും എന്തൊക്കെയോ ഒളിയ്ക്കുന്ന പോലെ..പണ്ട് ക്ലാസ്സിലെ ഓരോ കാര്യങ്ങളും തിരിച്ച് പോകുമ്പോൾ ചെവിതല തരാതെ പറയുന്നവൾ ഇപ്പോൾ പഴയ പോലെ തന്നോട് മിണ്ടാറില്ലന്നവൻ ഓർത്തു.. യദു വേഗം തന്നെ ഭാഗിയ്ക്ക് അടുത്തേയ്ക്ക് ചെന്നു.. യദുവിനെ കണ്ടതും സന്ദീപ് വേഗം തന്നെ അവിടെ നിന്നും പോയി.. “അവനെന്താ നിന്നോട് പറഞ്ഞത്..?? ഭാഗിയോടവൻ ചോദിച്ചു.. “ഒന്നൂല്ല..” ചോദ്യത്തിൽ നിഴലിച്ചിരുന്നത് ദേഷ്യമാണെന്നിരിക്കെ പരിഭ്രമത്തോടെയാവൾ ഉത്തരം കൊടുത്തു.. “ഹമ്മ്…”അവൻ ഒന്നിരിത്തി മൂളി..
ദിവസങ്ങൾ ആരെയും നോക്കി നിൽക്കാതെ കടന്ന് പോയി..പ്ലസ്ടു പരീക്ഷ കഴിഞ്ഞു..സ്കൂളിൽ തന്നെ ഉയർന്ന മാർക്ക് വാങ്ങിയതിന് യദുവിനും ഒപ്പം മികച്ച വിജയം കാഴ്ച്ചവെച്ച മറ്റ് കുട്ടികൾക്കും അനുമോദനം ഉണ്ട്..ആ ചടങ്ങിൽ സ്കൂളിലെ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കണമായിരുന്നു..മുൻ നിരയിൽ തന്നെ ഭാഗിയും അനുവും കൂട്ടുകാരികളും സ്ഥാനം പിടിച്ചിട്ടുണ്ട്.പ്രിൻസിപ്പാളും യദുവിന്റെ ക്ലാസ് ടീച്ചറും ആവോളം അവനെക്കുറിച്ച് നല്ലത് പറയുന്നുണ്ട്..തന്റെ കൂട്ടുകാരികൾ പോലും അവനെക്കുറിച്ച് വാചാലരാകുന്നത് തെല്ലസൂയയോടെയവൾ കേട്ടിരുന്നു. യദുവേട്ടന്റെ സൈക്കിളിന്റെ പിന്നിൽ ഇരുന്ന് ദിനവും വരാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നും അവർ കൂട്ടിചചേർത്തതവൾ ശ്രദ്ധിച്ചു.
തനിക്ക് ഇപ്പോൾ ലഭിയ്ക്കുന്ന മാർക്കിന് പിന്നിൽ യാദുവേട്ടൻ ആണെന്ന് അറിഞ്ഞതും ക്ലാസ്സിലെ ചില പെൺകുട്ടികൾ തങ്ങൾക്കും കൂടി പറഞ്ഞുതരാമോയെന്ന് കുറച്ച് മാസങ്ങൾക്ക് മുൻപ് അവനെ കണ്ട് ചോദിച്ചതും താൻ ഭാഗിയ്ക്ക് മാത്രേ പറഞ്ഞുകൊടുക്കുള്ളൂയെന്ന അവന്റെ മറുപടിയും അവളെ കുറച്ചൊന്നും അല്ല അന്ന് സന്തോഷിപ്പിച്ചത്.. അതിനവർ ചോദിച്ചത് നിങ്ങൾ തമ്മിൽ പ്രേമത്തിലാണോയെന്നും അതിനുത്തരമൊന്നും നൽകാതെ ദേഷ്യത്തിൽ പോന്നതും അനു സ്വകാര്യമായി വീണ്ടും അതേ ചോദ്യം ആവർത്തിച്ചപ്പോൾ ഉത്തരം അല്ലെന്നാണ് പറഞ്ഞതും ഓർമയിൽ തെളിയുന്നു..പക്ഷേ പിന്നീട് പലപ്പോഴും മനസ്സിൽ തെളിയുന്ന മുഖങ്ങളിൽ ആദ്യം ഓടിയെത്തിയിരുന്നത് യദുവേട്ടന്റെ മുഖമായിരുന്നു..അന്ന് സന്ദീപിനോട് താൽപര്യം ഇല്ലെന്ന് പറഞ്ഞതിന്
മറുചോദ്യമായി ഉന്നയിച്ചത് തനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോയെന്നാണ്..ആ ചോദ്യത്തിനുത്തരമെന്നപോലെ ആ നിമിഷം മനസ്സിൽ മികവോടെ മിന്നിത്തതെളിഞ്ഞതും ആ രൂപമായിരുന്നു..യദുകൃഷ്ണന്റെ തന്റെ മാത്രം യദുവേട്ടന്റെ..തന്റെ മാത്രമെന്ന് പലവുരു ഹൃദയമിപ്പോൾ മന്ത്രിക്കുന്നു..തന്റെ ചിന്തകൾ അവനിഷ്ടമാകുമോയെന്ന സങ്കോചത്താലും മനസ്സ് അവനുമുൻപിൽ തുറന്ന് പോകുമോയെന്ന ഭയത്താലും അവൾ സംസാരത്തിൽ മനപ്പൂർവ്വം അവനിൽ നിന്നോരകലം പാലിച്ചു.. എന്നാൽ അവളുടെ മൗനം അവനെ എത്രമാത്രം വേദനിപ്പിയ്ക്കുന്നുണ്ടന്നവൾ അറിഞ്ഞിരുന്നില്ല..
ചിന്തകൾക്ക് വിരാമമിട്ടത് ചുറ്റും ഉയർന്ന് കേട്ട കരഘോഷത്താലാണ്..പരുപാടി കഴിഞ്ഞ് അവൻ ഏൽപ്പിച്ച ട്രോഫികളും കയ്യിൽ പിടിച്ച് അവന്റെ സൈക്കിളിന്റെ പുറകിൽ ഇരുന്ന നേരം ചുറ്റും കണ്ണോടിച്ചത് ആ ഇരിപ്പിടം തനിക്ക് മാത്രം സ്വന്തമെന്ന ഗർവിനാൽ തന്നെയാണ്.. അമലേട്ടന്റെ ഒപ്പം നിൽക്കുന്ന അനുവിന്റെ കണ്ണുകളിൽ സന്തോഷവും മറ്റ് കൂട്ടുകാരികളുടെ കണ്ണിലെ അസൂയയും ആ നിമിഷം അത്രമേൽ അവൾക്ക് പ്രിയപ്പെട്ടതായി തോന്നി… അനുവിന്റെ മുഖത്ത് സങ്കടമാണ് മുന്നിട്ട് നിന്നത്..അമലേട്ടൻ ഇനി കോളേജിലേയ്ക്കല്ലേ..പഴയപോലെ കാണാനും മിണ്ടാനും പറ്റില്ലല്ലോ. ഓർത്തപ്പോൾ ചെറിയൊരു വേദന അവൾക്കുള്ളിലൂടെയും കടന്ന് പോയി..യദുവേട്ടന്റെ സൈക്കിളിന്റെ പിന്നിലിരുന്നുള്ള വർഷങ്ങളായുള്ള യാത്ര അവസാനിക്കാൻ പോകുന്നു.. ഇനി മുതൽ ടൗണിലെ കോളേജിലേയ്ക്കാവും യദുവേട്ടൻ പോകുക..ഓർക്കുമ്പോൾ ഒരു സങ്കടം..എന്നാലും സാരമില്ല എന്നുമെന്റെ കണ്മുന്നിൽ തന്നെയുണ്ടാവും.. ഒരുവിളിപ്പാടകലെ…

by