25/05/2026

ഭാഗ്യജാതകം : ഭാഗം 49

രചന – അയിഷ അക്ബർ

 

എനിക്ക് കൂടി ഒരു ജോലി നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് ശെരിയാക്കി തരാമോ…..

ജോലിക്ക് പോകാനായി ഷർട്ടിട്ടു കൊണ്ടിരുന്നവന് പിറകിലായി നിന്ന് പതിയെയാണ് ശിവയത് ചോദിച്ചത്….

അവനൊന്നു തിരിഞ്ഞു…..

എന്ത് ജോലി…..

അവൻ അവൾക്ക് നേരെ നിന്നാണത് ചോദിച്ചത്…..

എനിക്കും.. തയ്ക്കാനറിയാം….

അവൾ ആവേശത്തോടെ അത് പറയുമ്പോൾ ആദി അവളെ തന്നെ അൽപ നേരം നോക്കി നിന്നു….
പിന്നേ പതിയേ ഒന്ന് പുഞ്ചിരിച്ചു……

ഈ വീട്ടിലിരുന്നു മുഷിഞ്ഞിട്ടാണോ അതോ എനിക്ക് കിട്ടുന്നത് പോരായെന്നു തോന്നുന്നത് കൊണ്ടാണോ ജോലിക്കൊരാഗ്രഹം…..

അവൻ പുഞ്ചിരിച്ചു കൊണ്ടാണത് ചോദിച്ചതെങ്കിലും ശിവക്ക് വല്ലാതെ നൊന്തിരുന്നു….

രണ്ടുമല്ല….. ഈ വയ്യായ്ക മാറുന്നതിനു മുൻപ് നിങ്ങൾ ജോലിക്ക് പോകുന്നത് കണ്ടിട്ടാണ്….

അവൾ ദേഷ്യത്തോടെ യാണത് പറഞ്ഞതെങ്കിലും അവയിലെ നോവവന് മനസ്സിലായിരുന്നു…..

അവനവളുടെ കൈകൾ ചേർത്ത് പിടിച്ചു….

നിനക്ക് ഈ വീട്ടിൽ ഒറ്റക്കിരുന്നു മടുത്തിട്ടാണെങ്കിൽ എന്തെങ്കിലും പഠിക്കാനോ മറ്റോ പൊക്കോള്ളു…. ഞാൻ എതിര് പറയില്ല….

പിന്നേ എന്റെ ക്ഷീണം….
എല്ലാം നമുക്ക് വേണ്ടിയാണെന്നോർക്കുമ്പോൾ ആ ക്ഷീണമൊക്കെ അങ്ങ് മറക്കുമെടോ…..
അവനവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇപ്പൊ കുറച്ചായില്ലേ ഉപയോഗിച്ചിട്ട്….. അതിന്റെയൊരു പ്രശ്നമുണ്ടാവും മോളേ…. കുറച്ചു എണ്ണയോക്കെയിട്ട് നീയൊന്നു ശെരിയാക്കിയെടുത്താൽ മതി….

ശങ്കരനത് പറയുമ്പോൾ അവളാ തയ്യൽ മെഷീനിൽ പതുക്കെ തൊട്ട് നോക്കി…. അങ്ങേയറ്റം വാത്സല്യത്തോടെ…..

ആധിയേട്ടന്റെ കത്തുകൾ കണ്ട് ചെറിയമ്മ കോളേജിൽ പോക്ക് നിർത്തിയെങ്കിലും അച്ഛന്റെ നിർബന്ധത്തിനായിരുന്നു തന്നെ തയ്യൽ പഠിക്കാനയച്ചിരുന്നത്…..

തയ്യൽ പഠിച്ചപ്പോൾ അച്ഛൻ വാങ്ങി തന്നതായിരുന്നു ഈ തയ്യൽ മെഷീൻ…..

അത്രയേറെ ഇഷ്ടത്തോടെ തന്റേതെന്ന് പറഞ്ഞു ഞാൻ ചേർത്ത് നിർത്തിയിരുന്നു…..

ഒറ്റപ്പെടുന്ന സമയങ്ങളിൽ പലപ്പോഴും തനിക്ക് താങ്ങായ തന്റെ സുഹൃത്ത് കൂടിയായിരുന്നു…..

അത് വാങ്ങി തന്നതിന് ചെറിയമ്മ ഒത്തിരി പുകിലുണ്ടാക്കിയെങ്കിലും നീതു കൂടി തയ്യൽ പഠിച്ചതോടെ തന്നെ ആ മെഷീൻ തൊടാൻ സമ്മതിക്കാതെയായി….

അച്ഛൻ വരുന്ന സമയങ്ങളിൽ മാത്രമായി തനിക്കതുമായുള്ള സഹവാസം…..

ഓർമകളിൽ അവളൊന്നു നെടുവീർപ്പിട്ടു…..

ഇതെടുത്തു വരുമ്പോൾ ചെറിയമ്മ ഒന്നും പറഞ്ഞില്ലേ അച്ഛാ…..

അവളെന്തിനാ പറയുന്നത്…. ഞാൻ എന്റെ മക്കൾക്ക് വാങ്ങിച്ചതല്ലേ….
ഇത് കൊണ്ട് വരുന്നതിനു മുൻപ് ഞാൻ നീതു മോളോട് കൂടി ചോദിച്ചിരുന്നു…..
അവളെതിർപ്പൊന്നും പറഞ്ഞില്ല…..

ശങ്കരൻ സന്തോഷത്തോടെയത് പറഞ്ഞപ്പോൾ ശിവ നീതുവിനെയൊന്നോർത്തു…..

നീതു വന്നിരുന്നോ പിന്നേ….

ഇല്ല മോളേ…. അവൾക്ക് ഇങ്ങോട്ട് വരണമെന്ന് പറഞ്ഞു ഒരേ വാശിയാ… ജീവനാണെകിൽ സമ്മതിക്കുന്നുമില്ല പോലും….
ചെറുപ്പം മുതലേ കുറച്ചു പിടി വാശി കൂടുതലായിരുന്നല്ലോ… അത് കൊണ്ടായിരിക്കും….

ശങ്കരനത് പറഞ്ഞു നിർത്തുമ്പോൾ ശിവക്കെന്തോ ഒരു പ്രയാസം തോന്നി…..

അവളിങ്ങോട്ട് വരണമെന്ന് വാശി പിടിക്കുന്നുണ്ടെങ്കിൽ അവൾക്കവിടെ നിൽക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെയായിരിക്കും….

കല്യാണം കഴിഞ്ഞ് ഒരു പെൺകുട്ടി സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് വീട്ടുകാരോട് പറയുന്നത്….
അപ്പൊ പിടി വാശിയെന്ന് പറഞ്ഞു തള്ളി കളയുന്നതിനു പകരം വിവാഹത്തോടെ അവൾക്ക് ആരെയും നഷ്ടമായിട്ടില്ലെന്ന ധൈര്യം കൊടുക്കുകയാണ് വേണ്ടത്…..

കാരണം അവൾ പറയുന്നത് അവളനുഭവുച്ചതിന്റെ പകുതി മാത്രമായിരിക്കും…

ഉറച്ച വാക്കുകളോടെ ശിവായത് പറയുമ്പോൾ ശങ്കരൻ അവളെയൊന്നു നോക്കി….

മ്മ്…. അച്ഛനും അത് തോന്നി…. എന്തൊക്കെയോ ബുദ്ധിമുട്ടുകൾ അവൾക്കുണ്ടെന്നു…..
അവിടം വരെ പോയി ജീവനോടും വീട്ടുകാരോടും സംസാരിച്ചിട്ട് വേണം അവളെ കുറച്ചു ദിവസത്തിനായി കൂട്ടി കൊണ്ട് വരാൻ …….

ശങ്കരനത് പറഞ്ഞു നിർത്തുമ്പോഴും ആ കണ്ണുകളിലൊരു വേദന കണ്ടിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഹാ…. ഇതെങ്ങനെ ഇവിടെയെത്തി….

ആദി വന്നപ്പോൾ ആദ്യം കണ്ണുകൾ നീങ്ങിയത് ആ മെഷിനിലേക്കായിരുന്നു….

അച്ഛൻ വന്നപ്പോൾ കൊണ്ട് വന്നതാ…. അവിടെ വെറുതെ പൊടി പിടിച്ചു കിടക്കുകയല്ലേ…..

ശിവയത് പറഞ്ഞതും ആദി അതിനെ ശെരി വച്ചു….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഒഴിവ് സമയങ്ങളിൽ നിറമുള്ള തുണികളാൽ അവൾ പലതും നെയ്തു കൂട്ടി……

ആ ദിവസം ആദി കുളിച്ചു തല തൂവർത്തി അകത്തേക്ക് കടന്നു വരുമ്പോഴാണ് തയ്യൽ മെഷിനരികത്തായി നിവർത്തിയിട്ട മനോഹരമായ ഉടുപ്പിൽ അവന്റെ കണ്ണുകൾ തറഞ്ഞു നിന്നത്…..

അതിനരികത്തായി ഒരു കടലാസിൽ അവൾ വരച്ചു വെച്ച ആ ഉടുപ്പിന്റെ ചിത്രവുമുണ്ടായിരുന്നു….

അവൾ നല്ല ചിത്രകാരിയോടൊപ്പം ഒരു നല്ല തുന്നൽക്കാരിയുമാണ്….

അവളുടെ രണ്ട് കഴിവുകളെ കൂട്ടി കലർത്തുമ്പോൾ ലഭിക്കുന്ന ത് മനോഹരമായ വസ്ത്രങ്ങളാണ്…..

ആരും നോക്കി പോകുന്ന ആ ഉടുപ്പ് അവൻ കൈകളിലെടുത്തു….

എന്തോ അവളുടേതായ ഒരു പ്രത്യകത അതിനുണ്ടായിരുന്നു….

കൂടി ചേർന്നാൽ ഏറ്റവും ഇണങ്ങുന്ന രണ്ട് നിറങ്ങളെ അവളതിൽ ചേർത്ത് വെച്ചിരുന്നു….

അവളുടെ മനസ്സിൽ രൂപം കൊണ്ട ചിത്രം കടലാസിൽ പകർത്തിയതിനു ശേഷമാവാം അവളത് തുന്നിയെടുത്തത്…..

അവൻ ഫോണിലെ ക്യാമറയിൽ ആ ഉടുപ്പിന്റെ ചിത്രം പകർത്തി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ശിവാ…..
ഇരുൾ മൂടി തുടങ്ങിയ ആ സന്ധ്യാ സമയം രണ്ട് പേരും ചായ കുടിക്കുമ്പോഴാണ് ആദി പതിയേ അവളെ വിളിച്ചത്….

അവളെന്തെന്ന് അർത്ഥത്തിൽ മുഖമുയർത്തി…..

നിനക്ക് ജോലി വേണമെന്ന് പറഞ്ഞത് കാര്യത്തിൽ തന്നെയാണോ….

അവനത് ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല….

നീ തുന്നിയ ഉടുപ്പ് ഞാൻ കണ്ടിരുന്നു…. മനോഹരം

അവനത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ വിടർന്നു….

നിന്റെ ഉള്ളിലെ കലയാണ് നിന്റെ കൈകളിൽ വിരിഞ്ഞത്….
അത് ഈ വീടിനകത്തോതുക്കണമെന്ന് ഒരിക്കലും ഞാൻ വാശി പിടിക്കില്ല….
നിന്റേതായ സ്വപ്നങ്ങൾക്ക് പിറകെ നിനക്ക്‌ പറക്കാം….. എന്തിനും ഞാൻ കൂടെയുണ്ടാവും……

അത് പറയുന്നതോടൊപ്പം കയ്യിൽ കരുതിയ പൊതി അവൾക്ക് നേരെ നീട്ടി…. അവളുടെ കണ്ണുകൾ തിളങ്ങി….

അത്രയേറെ ആവേശത്തോടെ പൊതിയവൾ തുറന്നു….

പല നിറത്തിലുള്ള നൂലുകളായിരുന്നു അതിൽ…..

അവളവയിലൂടെ വിരലുകളാൽ തഴുകി…
അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നിനക്ക് ഇവിടെ സമയക്കുറവുണ്ടോ…..

ആദി പിറകിലൂടെ വന്നത് ചോദിക്കുമ്പോൾ ശിവയവനെയൊന്നു നോക്കി…

ഇല്ലാ…. കൂടുതലുണ്ട്…. കുറച് വേണമെങ്കിൽ തരാം…..

അവളവനെ നോക്കി കുസൃതിയോടെ പറഞ്ഞു….

എനിക്ക് വേണ്ട….. നീ അന്ന് തുന്നി വെച്ച ഉഡുപ്പില്ലേ അങ്ങനെ കുറചധികം തുന്നാൻ പറ്റുമോ…..

അവളെന്തെന്ന അർത്ഥത്തിൽ അവനെ നോക്കി…..

എടൊ…. നിന്റെ ഉടുപ്പിന്റെ ചിത്രം ഞാൻ കമ്പനിയിലെ ഹെഡ് നെ കാണിച്ചിരുന്നു…

ഇത് വരെ കാണാത്ത ഈ മോഡലിൽ അവർക്ക് നല്ല താല്പര്യമുണ്ടെന്ന് പറഞ്ഞു….
കുറച്ചധികം എണ്ണം കിട്ടുകയാണെങ്കിൽ അവര് തന്നെ എടുത്തോളാമെന്നും പറഞ്ഞു…..

ആദിയത് പറഞ്ഞു നിർത്തുമ്പോൾ കയ്യിൽ പിടിച്ചിരുന്ന പാത്രം അവളറിയാതെ താഴേക്ക് വീണു….

ഉരുണ്ടു വീണ പാത്രത്തിന്റെ ശബ്ദത്താൽ ആദി കണ്ണുകളടച്ചു….

എന്നാൽ ശിവയെ അതൊന്നും ബാധിക്കുന്നില്ലായിരുന്നു….

എന്നെ കൊണ്ട് പറ്റുവോ…

അവളുടെ ചുണ്ടുകൾ വിറച്ചു….

ഞാൻ നിർബന്ധിക്കില്ല….
നിന്റെ കഴിവ് എല്ലാവരും അറിയപ്പെടണം എന്ന് ആഗ്രഹമുണ്ട് …
കഴിയുമോയെന്ന ആശങ്ക
ആവശ്യമില്ല….നിന്നോളം ധൈര്യമുള്ളവൾ മറ്റാരാണുള്ളത്…..

ആശങ്കകൾ ആഗ്രഹങ്ങളെ പിടിച്ചു കെട്ടും….

അവനവളെ ചേർത്ത് പിടിച്ചു….

അവളുടെ മനസ്സ് ആനന്ദത്താൽ നിറഞ്ഞു തുളുമ്പി….

തന്നെ പോലെ തന്റെ കഴിവുകളെയും ചേർത്ത് പിടിക്കുന്നവൻ…..

സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ ഊർജം തരുന്നവൻ…..
ഭാഗ്യം എന്നൊരു വാക്കിനു അർത്ഥമുണ്ടെങ്കിൽ അതിനു തന്നേക്കാൾ അർഹ മറ്റാരാണുള്ളത്…
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….
അവനോടൊന്ന് കൂടിയവൾ ചേർന്നു നിന്നു….

(തുടരും )