രചന – മഞ്ജിമ സുധി
ദിവസങ്ങൾ ഓടിപോകുന്ന പോലെയാണ് പിന്നെയെനിക്ക് തോന്നിയത്…. സിദ്ധുന്റെ കൂട്ട് കൂടി എന്റെ വാശിയ്ക്കും ദേഷ്യത്തിനുമൊക്കെ അമ്മുവും നിന്ന് തരും, അതുപോലെ തന്നെ ഫുഡ് കഴിക്കാഞ്ഞാൽ സിദ്ധുനെ പോലെ വഴക്ക് പറയും ചെയ്യും… അമ്മു ഒരേ സമയം എന്റെ അനിയത്തിയായി കൊഞ്ചുകയും ഒരു മൂത്ത ചേച്ചിയെപോലെ ശകാരിക്കുകയും ചെയ്യും… എന്തിനും ഏതിനും എന്റെ കൂടെ.. നടപ്പും കിടപ്പും കഴിപ്പുമൊക്കെ എന്റെ കൂടെ തന്നെ…
*********
“ആ പച്ചമാങ്ങ കൂടുതൽ തിന്നുമ്പഴേ ഞാനും സിദ്ധുവും നിന്നോട് മാറിമാറി പറഞ്ഞതല്ലേ വേണ്ട, അധികം കഴികണ്ടാന്ന്….???? ഞാൻ പറഞ്ഞത് പോട്ടേ,,,, ആ ചെക്കൻ എത്ര തവണ പറഞ്ഞു, കഴികണ്ട ന്ന്… അവനൊന്ന് മാറി നിന്നപ്പോ അവൻ കാണാതെയും കുറേ തിന്നു, അതിന്റെ മോളിൽ കുറേ തണുത്ത വെള്ളവും…. അത് കുടിക്കുമ്പോ സതി പറഞ്ഞതല്ലേ നിന്നോട് വയ്യാണ്ടാവും ന്ന്, അതും കേട്ടില്ല… ഇപ്പോ അങ്ങനെണ്ട്… ഉറക്കവും കളഞ്ഞ് ഇങ്ങനെ ഇരിക്കേണ്ടി വന്നില്ലേ…???”
ഹലോ,,,, കാര്യം മനസ്സിലായോ…??? അതായത് എന്റെ മാതാശ്രീ കിടന്നിങ്ങനെ ഉറഞ്ഞ് തുള്ളുന്നത് എന്തിനാന്ന് മനസ്സിലായോന്ന്…??? ഇടയ്ക്ക് പോരാളി പറഞ്ഞത് നിങ്ങളും കേട്ട് കാണൂല്ലോ,,, അത് തന്നെ….!!!
ഇന്ന് രാവിലെ പ്രാതല് കഴിഞ്ഞ് പോയതാ ചെറിയച്ഛന്റെ വീട്ടിലേക്ക്… ഊണ് അവിടുന്നായിരുന്നു… ഉച്ചയ്ക്ക് അടിപൊളി ഊണൊക്കെ കഴിച്ഛ് ഞാനും അമ്മുവും സിദ്ധുവും ചെറിയമ്മയും ചെറിയച്ചനും അമ്മയും കൂടി കോലായിൽ കൂടിയിരുന്നു വർത്താനം തുടങ്ങി… നന്ദു ആ നേരം മുറ്റത്തെ ചേലൻ മാവിൽ വലിഞ്ഞ് കയറി കുറേ പച്ചമാങ്ങ പറിച്ചെടുത്ത് നല്ലോണം ഉപ്പും മുളക്കും പുരട്ടി സെറ്റാക്കി കൊണ്ട് തന്നു… പിന്നെ അങ്ങോട്ട് മത്സരിച്ഛ് തീറ്റയായിരുന്നു.. തീരുന്നതിനനുസരിച്ഛ് നന്ദു പറിച്ചോണ്ട് തരിക്കയും ചെയ്തു…
അമ്മയും ചെറിയമ്മയും സിദ്ധുവും അരങ്ങൊഴിഞ്ഞെങ്കിലും ഞാനും അമ്മുവും ഇരുന്ന് കഴിച്ചു… മൂത്ത് ഇളം മഞ്ഞ നിറമായി നിൽക്കുന്ന മാങ്ങയാ,, അതിന്റെ ആ പുളിയുടേയും മധുരത്തിന്റേയും കൂടെ വെളിച്ചെണ്ണയും ഉപ്പും മുളക്കും കൂടി കൂടി കുഴയച്ഛ് സ്സ്സ്….!!!!!
എത്ര തിന്നെന്നോ അങ്ങനെ തിന്നെന്നോ അറിയില്ല…. അമ്മിണിയെ കറക്കാൻ പോകുന്നതിന് മുന്നേ അമ്മയും ചായ വെക്കാൻ പോകുന്നതിന് മുന്നേ ചെറിയമ്മയും പറഞ്ഞതാ അധികം കഴികണ്ടാ ന്ന്… ഞാൻ കേട്ടില്ല…. നാവിൽ അതിന്റെ രസം പിടിച്ഛ് പോയിരുന്നു… സിദ്ധു ഇടയ്ക്ക് വന്ന് ചീത്ത പറഞ്ഞ് നിർത്തിച്ചെങ്കിലും അവനൊരു കോൾ അറ്റൻഡ് ചെയ്യാൻ തിരിഞ്ഞപ്പോ ഞാൻ വീണ്ടും തുടങ്ങി…
വയറ്റിൽ നിന്ന് എന്തോ ഉരുണ്ട് കയറുന്ന പോലെയും നുരഞ്ഞ് പൊങ്ങുന്ന പോലെയുമൊക്കെ തോന്നാൻ തുടങ്ങിയപ്പോ രാത്രി അത്താഴം കഴിച്ഛ് ഉറങ്ങാൻ കിടന്നിട്ട് അധിക സമയമൊന്നും ആയിരുന്നില്ല…
അസ്വസ്ഥത തോന്നിയെങ്കിലും ഞാൻ കണ്ണടയ്ച്ഛ് കിടന്നു.. പക്ഷേ അങ്ങനെയൊക്കെ കിടന്നിട്ടും അസ്വസ്ഥത കുറഞ്ഞതുംല്ലാ, കൂടിയതുംല്ലാ…. വയറമർത്തി കമിഴ്ന്ന് കിടക്കാൻ തോന്നി, പക്ഷേ അങ്ങനെ കിടക്കാൻ വയ്യല്ലോ…!!!
“ന്നാ ഇത് കുടിയ്ക്ക്…???
ഇഞ്ചി കുത്തി ചീച്ച നീര് എന്റെ വായിലേക്ക് അടുപ്പിച്ഛ് അമ്മ പറഞ്ഞതും ഞാൻ മുഷിച്ചിലോടെ മുഖം വെട്ടിച്ചു….
“ദേ,,, പെണ്ണേ മുഖം വെട്ടിച്ചാൽ മുഖത്തിനിട്ടൊരു കുത്ത് വെച്ഛ് തരും ഞാൻ…. ഓരോന്ന് ഒപ്പിച്ഛ് വെച്ചിട്ട് ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ…???”
അമ്മ വീണ്ടും ദേഷ്യത്തോടെ പിറുപിറുത്തു..
വയറ്റിൽ നിന്ന് തികട്ടി പുളിച്ഛ് വന്ന് തുടങ്ങിയപ്പോ സിദ്ധുനെ വിളിക്കാന്ന് വിചാരിച്ചെങ്കിലും അഡ്ജസ്റ്റ് ചെയ്ത് അവിടെ കണ്ണടയ്ച്ഛ് കിടന്നു… പക്ഷേ,,,, വയറ്റിൽ ഉരുണ്ട് കൂടുന്നതൊക്കെ ഉയർന്ന് വരുന്ന പോലെ തോന്നിയതും ഞാൻ സിദ്ധുനെ വിളിച്ഛ് കാര്യം പറഞ്ഞു…
അമ്മയെ വിളിക്കാൻ ഇറങ്ങും മുന്നേ ഡോക്ടറെ കാണിക്കാൻ ന്ന് സിദ്ധു ഒരുപാട് പറഞ്ഞതാ അവിടേയും ഞാൻ വേണ്ടന്ന് വാശി പിടിച്ചു… പക്ഷേ,,,, ഇപ്പോ അമ്മയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ ഇങ്ങനെ കേട്ട് അടുക്കളയിൽ ഇരിക്കുമ്പോ ഹോസ്പിറ്റലിൽ പോയാ മതിയായായിരുന്നൂ ന്ന് തോന്നുന്നു….
“വാ തുറക്ക് അനൂ…????”
തീൻ മേശയിൽ രണ്ട് കൈമുട്ടും കുത്തി തല താങ്ങി കുനിഞ്ഞ് ഇരിക്കുന്നത് കണ്ട് അമ്മയുടെ ശബ്ദം വീണ്ടും ഉയർത്തി….
“അമ്മ തരണ്ട,,,, എനിക്ക് സിദ്ധു തന്നാ മതി….!!!!”
വയറ്റിൽ നിന്ന് എന്തോ ഉരുണ്ട് പൊങ്ങുമ്പഴും അമ്മയുടെ ദേഷ്യം കണ്ട് അങ്ങനെ തന്നെ ഇരുന്ന് ഞാൻ വാശിയോടെ പറഞ്ഞു…
“നിന്നോടിത് കുടിക്കാനാ പറഞ്ഞത്… ഇത്രയും നേരം ആ ചെക്കനെ ബുദ്ധിമുട്ടിച്ചതും ബേജാറാക്കിയതും പോരാഞ്ഞിട്ടാണോ നിന്റെ കൊഞ്ചൽ,,, നട്ടപ്പാതിരയ്ക്കാ ഓരോ വാശി….!!! കുറച്ചധികം കൂടുന്നുണ്ട് നിനക്ക്… എല്ലാത്തിനും ആദ്യം അവനെ പറഞ്ഞാൽ മതിയല്ലോ…
കൊഞ്ചാത്തെ ഇത് കുടിക്കുന്നുണ്ടോ നീ…???”
അമ്മ ഗ്ലാസ് എന്റെ ചുണ്ടോട് അടുപ്പിച്ഛ് ഭീക്ഷണിപോലെ ചോദിച്ചത് കേട്ട് ഞാൻ വാശിയോടെ മുഖം വെട്ടിച്ചു…
“എനിക്ക് വേണ്ട…!!!!!!”
ദേഷ്യത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഞാൻ വീറോടെ പറഞ്ഞു…
“ഡീ….!!!!”
“അമ്മേ,,,,, വേണ്ട ഞാൻ കൊടുത്തോളാ….!!!!”
എന്നെ അടിക്കാനായി കയ്യോങ്ങിയ അമ്മയുടെ അരികിലേക്ക് വേഗത്തിൽ നടന്ന് വന്ന് സിദ്ധു പറഞ്ഞു….
“നിന്നെയാ ആദ്യം തല്ലേണ്ടത്… നീയാ ഈ പെണ്ണിനെ ഇങ്ങനെ വഷളാക്കുന്നത്…?? ന്നാ നീ തന്നെ കൊടുക്ക്,,, ഞാനിനി ഇവിടെ നിന്നാ ശെരിയാവൂല്ല…!!!”
ഇഞ്ചി നീരിന്റെ ഗ്ലാസ് കിച്ചണിലെ തീൻ മേശയിലേക്ക് ഉറപ്പിച്ഛ് വെച്ഛ് അമ്മ ചാടി കുത്തി റൂമിലേക്ക് കയറി പോയി…
ഇതിത്രയ്ക്ക് പ്രശ്നവാവും ന്ന് അറിയായിരുന്നെങ്കിൽ ഞാൻ ആക്രാന്തം മൂത്ത് വലിച്ഛ് വാരി കഴിക്കായിരുന്നോ..??? അല്ലെങ്കിൽ തന്നെ വയറ്റിൽ നിന്ന് അതാണ്ടൊക്കെ ഉരുണ്ട് മറിഞ്ഞ് കളിക്കുവാ,, അപ്പഴാ ഇങ്ങനെ ചീത്ത പറയുന്നത്…?? അമ്മേന്റെ പറച്ചില് കേട്ടാ ഞാൻ മനപ്പൂർവ്വം എല്ലാരേയും ബുദ്ധിമുട്ടിക്കാൻ കരുതി കൂട്ടി വയ്യാണ്ടാവാൻ വേണ്ടി ചെയ്ത പോലെയാ…
മാങ്ങയുടെ പുളിയും ഉപ്പും എരിവും എല്ലാം കൂടി വയറ്റിൽ പിടിച്ഛ് കാണില്ല, പോരാത്തതിന് തണുത്ത വെള്ളവും കുറേ കുടിച്ചു…. എല്ലാരും പറഞ്ഞിരുന്നു,, എന്നാലും എനിക്കും ഉണ്ടാവില്ല പൂതി….
എനിക്ക് സങ്കടവും ദേഷ്യവും വയറ്റിലെ അസ്വസ്ഥതയും എല്ലാം കൂടി ചങ്ക് പൊട്ടുന്ന പോലെ തോന്നി…
തല കൈതാങ്ങി സങ്കടത്തോടെ കുനിഞ്ഞിരിക്കുന്ന എന്റെ അടുത്ത് വന്നിരുന്നു ഗ്ലാസ് എന്റെ മുന്നിലേക്ക് സിദ്ധു നീക്കി വെച്ചു…
“കുടിക്ക് രാധു… ഞാൻ നിമ്മിയെ വിളിച്ചതാ, വയറ്റിൽ അസ്വസ്ഥത തോന്നുമ്പോ ഇഞ്ചി നീര് കുടിക്കുന്നതാ മരുന്നിനേക്കാൾ നല്ലത്തെന്നാ അവള് പറഞ്ഞത്… അതോണ്ട് വേഗം ഒറ്റവലിയ്ക്ക് അങ്ങോട്ട് കുടിച്ചേ അമ്മേടെ കുഞ്ഞി….!!!”
സിദ്ധു അവസാനം വാത്സല്യത്തോടെ വിളിച്ചത് കേട്ട് കണ്ണിൽ നിന്ന് മേശയിലേക്ക് കണ്ണുനീർ നേരിട്ട് ഉറ്റി വീണു… എന്റെ കാര്യത്തിൽ എനിക്കില്ലാത്ത ശ്രദ്ധയാണ് സിദ്ധുന്… എനിക്ക് വീണ്ടും സങ്കടം വന്നു… മേശയിൽ വീണ് ഉടഞ്ഞ കണ്ണീർ തുള്ളികൾ കണ്ടിട്ടാവണം സിദ്ധു എന്റെ മുഖം പയ്യെ പിടിച്ഛ് അവന് നേരെ ഉയർത്തി…. കണ്ണീർ ശരവേഗത്തിൽ കവിളിലൂടെ ഉരുണ്ടിറങ്ങി…
“അയ്യയ്യയ്യേ,,,,, കരയണോ കോന്തന്റെ പൊട്ടിക്കാളി….!!!”
ചിരിയോടെ സിദ്ധു വെന്നെ കളിയാക്കി കണ്ണീർ അമർത്തി തുടച്ചു…
“അമ്മ അപ്പഴത്തെ പേടിയിൽ ചീത്ത പറഞ്ഞതല്ലേടാ,,, നിനക്ക് ഇവിടുന്ന് എന്തെങ്കിലും വയ്യാതായാ അതിന്റെ ക്ഷീണം അമ്മയ്ക്കല്ലേ… നിന്നോടുള്ള സ്നേഹകൊണ്ടല്ലേ ചീത്ത പറഞ്ഞത്… ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ഇഞ്ചി നീരൊക്കെ ഉണ്ടാക്കി തരോ..???
നീയങ്ങനെ അതിനൊക്കെ പോയി സങ്കടപ്പെട്ട് കരഞ്ഞല്ലോ,,, ഇപ്പഴത്തെ ഈ ചൂടേള്ളൂ,നാളത്തേക്ക് ചിലപ്പോ അമ്മയ്ക്കിത് ഓർമ്മകൂടി ഉണ്ടാവില്ല…
” എന്റെ പൊട്ടിക്കാളി പട്ടിപെണ്ണ് നല്ല കുട്ടിയായി, വാശി കാണിക്കാതെ ഇത് കുടിച്ചേ….!!!!!!”
സിദ്ധു കളിയായി വിളിച്ചത് കേട്ട് കരയുന്നതിന്റെ ഇടയിലും എനിക്ക് ചിരി വന്നു…. മേശപ്പുറത്ത് നിന്നെടുത്ത് അവൻ എനിക്ക് നേരെ നീട്ടിയ ഗ്ലാസ് മുഷിച്ചിലോടെ വാങ്ങി ഒറ്റവലിയ്ക്ക് കണ്ണടയ്ച്ഛ് വായിലേക്ക് കമിഴ്ത്തി…
ഹോ,,,, ഇഞ്ചിയുടെ കൂടെ അമ്മ ഉപ്പും ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു… ഇഞ്ചിയുടെ എരിവും ഉപ്പിന്റെ പുളിയും എല്ലാം കൂടി ചങ്ക് പൊള്ളുന്ന പോലെ… നീറുന്നു… കണ്ണിറുക്കിയടച്ഛ് ഞാൻ ഉമിനീര് അമർത്തിയിറക്കി…
“ചങ്ക് നീറുന്ന പോലെണ്ട് സിദ്ധു… വായിലാക്കെ ഒരു എരിവ്,,, വെള്ളം വേണം…??”
നിറയുന്ന കണ്ണോടെ എരിവോടെ ഞാൻ സിദ്ധുനെ നോക്കി ചോദിച്ചു… സിദ്ധു വേഗം എണീറ്റ് പോയി പഞ്ചസാര കുപ്പിയുമായി വന്ന് എന്റെ അടുത്തിരുന്നു….
“ഇപ്പോ വെള്ളം കുടിച്ചാൽ ആ നീര് കുടിച്ചതിന് ഒരു കാര്യവും ഇല്ലാതെ പോവും രാധു,,, അതോണ്ട് എരിവ് കുറയാൻ കുറച്ഛ് പഞ്ചസാര കഴിച്ചോ ദാ,,,,”
ഒരു സ്പൂണിൽ കുറച്ചധികം പഞ്ചസാര എടുത്ത് എന്റെ കയ്യിൽ വെച്ഛ് തന്നോണ്ട് സിദ്ധു പറഞ്ഞു… വേറെ നിവൃത്തിയില്ലാത്തോണ്ട് സിദ്ധു കയ്യിൽ വെച്ഛ് തന്ന പഞ്ചസാര മുഴുവൻ വായിലേക്കിട്ട് പയ്യെ അലിയിച്ചോണ്ട് സിദ്ധുന്റെ നെഞ്ചിലേക്ക് ഞാൻ ചാഞ്ഞ് കിടന്നു…
ഇത്രയൊക്കെ ആയിട്ടും സിദ്ധുവെന്നെ ഒന്നും പറഞ്ഞിട്ടില്ല… പാതി രാത്രി എണീപ്പിച്ഛ് ഇത്രയും ബുദ്ധിമുട്ടിപ്പിച്ചു, എന്നിട്ടും ഒന്നും പറഞ്ഞിട്ടില്ല… അമ്മ ചീത്ത പറഞ്ഞ് അടിക്കാൻ കയ്യോങ്ങിയപ്പോ പോലും ഇടയ്ക്ക് കയറി നിന്ന് ചീത്ത വാങ്ങിച്ഛ് കൂട്ടി… പാവം…!!!!
കുറച്ഛ് നേരം കൂടി അവിടെയിരുന്ന് ഞങ്ങൾ മുകളിലേക്ക് കയറി… ഇവിടെ ഇത്രയൊക്കെ കോലാഹലം നടന്നിട്ടും അമ്മു ഇതൊന്നും അറിഞ്ഞിട്ടില്ല,,, നല്ല ഉറക്കാ,,, അതൊരു തരത്തിൽ നന്നായി, അല്ലായിരുന്നെങ്കിൽ ചീത്ത അവൾക്കും കേട്ടേനെ.. ഞാനും അവളുമായിരുന്നല്ലോ മത്സരം..!! സത്യം പറഞ്ഞാ അവളും നന്ദുവുമാ എന്നെ ചീത്തയാക്കിയത്..!!!😁
റൂമിലെത്തി ലൈറ്റ് ഓഫാക്കി കിടന്നു… ഇഞ്ചി നീര് കുടിച്ചെങ്കിലും എനിക്ക് വയറാക്കെ പുകയുന്ന പോലെ തോന്നി… എതൊക്കെയോ പറയാൻ പേരറിയാത്ത അസ്വസ്ഥതകൾ.. വയർ അമർത്തി കിടക്കാനൊക്കെ തോന്നുന്നു…
“സിദ്ധേട്ടാ,,,,, എനിക്ക് വയറാക്കെ പുകയുന്ന പോലെ തോന്നുന്നു…??”
മുഖം ചുളുക്കി വയറിൽ കൈ ചേർത്ത് അസ്വസ്ഥതയോടെ ഞാൻ പറഞ്ഞത് കേട്ട് സിദ്ധു എന്റെ അടുത്തേക്ക് നീങ്ങി കൈ തല താങ്ങി ചരിഞ്ഞ് കിടന്നു…
“സാരല്ല,,, അത് ഇഞ്ചി നീര് കുടിച്ചതിന്റെയാ,,,, ഇപ്പോ മാറും… കണ്ണടയ്ച്ഛ് കിടന്നോ…!!!”
സൗമ്യമായി പറഞ്ഞ് സിദ്ധു എന്റെ വയറിൽ കൈ ചേർത്ത് പയ്യെ തടവി… കുറച്ഛ് നേരം കൂടി അസ്വസ്ഥതയോടെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് കളിച്ചെങ്കിലും പിന്നെ പയ്യെ ഉറക്കത്തിലേക്ക് വഴുതി വീണു…..
*************************
“ആഹാ,,,, രാകേഷേട്ടൻ ഉണ്ടായിരുന്നോ ഇവിടെ…????”
വെല്യച്ഛന്റെ വീട്ടിന്റെ മുറ്റത്ത് ചെരിപ്പഴിച്ഛ് വെക്കുന്നതിനൊപ്പം കോലായിലേക്ക് നോക്കി, കസേരയിൽ രാകേഷേട്ടനെ കണ്ട് ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു…
ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങി എണീറ്റപ്പഴാണ് അമ്മ വെല്യച്ഛന്റെ വീട്ടിലൊന്ന് പോയി പോരാൻ പറഞ്ഞത്… വന്ന് ഇത്രയും ദിവസമായിട്ടും അവിടേക്ക് പോയിട്ടില്ല… ചെറിയച്ഛന്റെ വീട്ട് പോലെ ഇവിടെ അടുത്തല്ല വെല്യച്ഛന്റെ വീട്, വീട്ടിൽ നിന്ന് അരമണിക്കൂർ നടക്കാനുണ്ട്…
“ആ,,,, ആരായിത്….???? അമ്മേ,,, നീനൂ,,,,,”
എന്നേയും അമ്മൂനേയും നോക്കി ആശ്ചര്യത്തോടെ ചെയറിൽ നിന്ന് എണീറ്റ് ചോദിച്ഛ്, രാകേഷേട്ടൻ ഉള്ളിലേക്ക് നോക്കി വെല്യമ്മയേയും നീനൂനേയും വിളിച്ചു….
“അതെന്താനൂ എനിക്ക് ഇവിടെ ഉണ്ടാവാൻ പാടില്ലേ..??”
കോലായിലേക്ക് കയറി നിന്ന എന്നെ നോക്കി നിറഞ്ഞ ചിരിയോടെ ഏട്ടൻ കളിയായി ചോദിച്ചത് കേട്ട് ഞാൻ ചമ്മലോടെ ഏട്ടനെ നോക്കി…
“അയ്യോ,,, അങ്ങനെയല്ല,,, രാകേഷേട്ടനെ ഞാനിവിടെ പ്രതീക്ഷിച്ചില്ല.. അതാ…!!”
അല്പം ചടപ്പോടെ ഞാൻ പറഞ്ഞൊപ്പിച്ചു…
“ഹലോ രാകേഷ്…!!!!”
എനിക്കും അമ്മൂനും പുറക്കെ കോലായിലെ സ്റ്റെപ് കയറി കൊണ്ട് സിദ്ധു വിളിച്ചത് കേട്ട് രാകേഷേട്ടൻ ഞെട്ടലോടെ വെട്ടിത്തിരിഞ്ഞ് മുറ്റത്തേക്ക് നോക്കി..
സിദ്ധുനും നന്ദുവിനും കുറച്ചധികം മുന്നിലായാണ് അമ്മുവും ഞാനും നടന്നത്, അതോണ്ട് തന്നെ രാകേഷേട്ടൻ ഞങ്ങൾ രണ്ടാളും മാത്രേള്ളൂ ന്നാണ് വിച്ചാരിച്ചത്…
പെട്ടെന്ന് സിദ്ധുന്റെ ശബ്ദം കേട്ടത്തിന്റെ ആശ്ചര്യവും ഞെട്ടലും രാകേഷേട്ടനെ മുഖത്ത് പ്രകടമായിരുന്നു….
“ഹല്ല,,,, സിദ്ധുവുംണ്ടോ….?????
സത്യമായിട്ടും ഞാൻ കണ്ടില്ലട്ടോ..!!!!
വാ കേറ്,,,”
കോലായിലേക്ക് കയറിയ സിദ്ധുന്റെ നേരെ കൈനീട്ടി രാകേഷേട്ടൻ ആവേശത്തോടെ ചോദിച്ചതും പറഞ്ഞതും കേട്ട് നിറഞ്ഞ ചിരിയോടെ സിദ്ധു തിരിച്ഛ് കൈ കൊടുത്ത് കുലുക്കി….
“ഞാൻ ഇവരെ രണ്ടാളെയേ കണ്ടുള്ളൂ,,, ഇവര് മാത്രേള്ളൂ ന്നാ കരുതിയത്…. സിദ്ധുനെ ഞാൻ ഒട്ടും എസ്പെക്റ്റ് ചെയ്തില്ലാട്ടോ…!!!”
വിട്ട് മാറാത്താ ആശ്ചര്യത്തോടെ സിദ്ധുനെ നോക്കി കൈകുലുക്കി രാകേഷേട്ടൻ വീണ്ടും പറഞ്ഞോണ്ടിരുന്നു….
“വാ അകത്തേക്ക് ഇരിക്കാം…”
സിദ്ധുന്റെ കൈ വിട്ടാതെ അകത്തേക്ക് ക്ഷണിച്ഛ് കോലായിൽ നിന്ന് ഞങ്ങളേയും കൂട്ടി രാകേഷേട്ടൻ ഹാളിലേക്ക് കടന്നു….
അത്യാവശ്യം വലിയൊരു രണ്ട് നില വീടാണ് വെല്യച്ഛന്റെ… ഉള്ളിൽ യൂ ഷെയ്പ്പിൽ സെറ്റ് ചെയ്ത സോഫയിലേക്ക് ചൂണ്ടി രാകേഷേട്ടൻ ഇരിക്കാൻ പറഞ്ഞു…. ഇരു സൈഡിലുമുള്ള മൂന്നാൾക്ക് ഇരിക്കാൻ കഴിയുന്ന സെറ്റിൽ ഒന്നിൽ ഞാനും അമ്മുവും നന്ദുവും മറ്റേത്തിൽ സിദ്ധുവും രാകേഷേട്ടനും യഥാക്രമം ഇരുന്നു….
“അമ്മേ,,,,, നീനൂ,,,,,,”
അകത്തേക്ക് എന്നോണം രാകേഷേട്ടൻ വീണ്ടും നീട്ടി വിളിച്ചു….
“ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലമുണ്ട് ഇവിടെയെല്ലാർക്കും,,, നമ്മുക്ക് പിന്നെ അത് പറ്റില്ലല്ലോ…??”
സിദ്ധുനെ നോക്കി രാകേഷേട്ടൻ പറഞ്ഞത് കേട്ട് സിദ്ധു ചിരിച്ചു…
“രാകേഷ് ഇന്ന് പോയില്ലേ…?? ലീവാണോ..???”
സിദ്ധു സംശയത്തോടെ രാകേഷേട്ടനെ നോക്കി ചോദിച്ചു….
“ലീവോ,,,, നല്ല കാര്യായി…!!!
നീനൂന്ന് ഞാനിങ്ങോട്ട് വരണം ന്ന് ഒരേ നിർബന്ധം… ഇന്നലെയാ വന്നത്,,, ഇവിടെ വന്നപ്പോ ഒരു ചെറിയ മടി…”
തെല്ല് ചമ്മലോടെ നെറ്റി ചൊറിഞ്ഞ് സിദ്ധുനെ നോക്കി രാകേഷേട്ടൻ ചടപ്പോടെ പറഞ്ഞൊപ്പിച്ചത് കേട്ട് ഞങ്ങളെല്ലാരും ചിരിച്ചു….
“നമ്മുടെ വീട്ടീന്ന് ആവുമ്പോ ഒരു ഒഴുക്കിന് അങ്ങ് പോയി പോകും…!!! ഇവിടെ വന്നാ അല്ലെങ്കിലും എനിക്കൊരു മടിയാ… പക്ഷേ ലീവൊന്നും അല്ലാട്ടോ,,,, വർക്ക് ഫ്രം ഹോം… മന്ത് എൻഡ് അല്ലേ,,, ലീവാക്കിയാൽ പ്രശ്നമാണ്…
അല്ലാ,,, നിങ്ങള് എന്നാ വന്നത്…??? നിങ്ങളിവിടെ ഉള്ളത് ഇവിടുന്ന് അമ്മയോ അച്ഛനോന്നും പറഞ്ഞ് കേട്ടില്ല…???”
എന്നേയും സിദ്ധുനേയും മാറിമാറി നോക്കി സംശയത്തോടെ രാകേഷേട്ടൻ ചോദിച്ഛ് തീർന്നതും വെല്യമ്മ ഹാളിലേക്ക് വന്നു…
സാധാ ഒരു വേഷ്ടിയും മുണ്ടും അലസമായി ഉടുത്തിട്ടുണ്ട്… കഴുത്തിൽ താലിയ്ക്കും പുറമേ അതേ വലുപ്പത്തിൽ കട്ടി കുറഞ്ഞ ഒരു സ്വർണ്ണ മാലകൂടി ഉണ്ട്… ആ മാല ഞാൻ കാണുന്ന കാലം തൊട്ട് വെല്യമ്മയുടെ കഴുത്തിൽ ഉള്ളതാ… അമ്മ തന്നതാണെന്ന് ഇടയ്ക്കിടെ വെല്യമ്മ സ്നേഹ വികാരത്തോടെ പറയും… അവിടെയും ഇവിടെയുമായി അല്പാല്പം മുടി നരച്ഛ് തുടങ്ങീട്ടുണ്ട്, എങ്കിലും വെല്യമ്മയുടെ മുഖത്തെ പ്രസരിപ്പും ചൈതന്യവും ഇപ്പഴും ഒട്ടും കുറയാതെയുണ്ട്….
“ആഹാ,,,, ഞാൻ ഇന്നും കൂടി വിചാരിച്ചേള്ളൂ,,, വന്ന് ഇത്രയും ദിവസമായിട്ടും നിന്നെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ ന്ന്…???”
ഞങ്ങളെ നോക്കി ചിരിച്ഛ് വെല്യമ്മ എന്നോടായ് ചോദിച്ചത് കേട്ട് ഞാൻ വെല്യമ്മയെ നോക്കി ചിരിച്ചു….
“സിദ്ധുന്,,,, അല്ലാ സിദ്ധേട്ടന് എപ്പഴും വർക്കാ വെല്യമ്മേ,,,, അതാ ഞാൻ….. പിന്നെ അമ്മു വരാൻ കാത്ത് നിന്നു….!!”
ചെറിയ ചടപ്പോടെ ഞാൻ പറഞ്ഞൊപ്പിച്ചു… അവിടെ പോയി സിദ്ധുന്ന് വിളിക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞത് വിളിച്ഛ് കഴിഞ്ഞപ്പഴാ എനിക്ക് ഓര്മവന്നത്… ഭാഗ്യം ആദ്യം വിളിച്ചത് വെല്യമ്മ കേട്ടില്ലന്ന് തോന്നുന്നു… പക്ഷേ എന്റെ അടുത്തിരിക്കുന്ന രണ്ട് കുരുപ്പ്ക്കളും നല്ല വ്യക്തമായി കേട്ടിട്ടുണ്ട്,, നോക്കി കളിയാക്കി മൂളി വാ പൊത്തി ചിരിക്കാ മാക്രികൾ…!!!
“ഇങ്ങട്ട് വരാൻ നിനക്കിപ്പോ കൂട്ടൊക്കെ വേണം ന്ന് ആയോ…????”
വെല്യമ്മ വീണ്ടും ഗൗരവത്തിൽ ചോദിച്ചു…
“അയ്യോ അങ്ങനെയല്ല വെല്യമ്മേ,,, ഈ പെണ്ണിനെ കൂട്ടാതെ പോന്നാൽ പിന്നത് മതി പിണങ്ങി നിൽക്കാൻ,,, വിളിച്ചപ്പോ പ്രത്യേകം പറഞ്ഞതാ ഞാൻ വന്നിട്ടെ പോവാവൂന്ന്…. പിന്നെ സി..സിദ്ധേട്ടൻ ഇവിടേക്ക് വന്നിട്ടില്ലല്ലോ,,, അപ്പോ വരുമ്പോ ഏട്ടനെ കൂടി കൂട്ടീട്ട് വരാന്ന് വെച്ചു….!!!!”
ഞാൻ വീണ്ടും പറഞ്ഞൊപ്പിച്ചു… വലിയ പേരുകേട്ടൊരു തറവാട്ടിലാ വെല്യമ്മ ജനിച്ഛത്… ആ തറവാട്ടിന് അനുസരിച്ഛ് വളരെ അടക്കത്തോടെ ചിട്ടയോടെ ഒതുങ്ങി കൂടിയാണ് വെല്യമ്മ വളർന്നത്… അതോണ്ട് തന്നെ വെല്യമ്മ കുറച്ഛ് റഫ് ക്യാരക്ടറാണ്… അധികം ചിരിക്കാ, കളിക്കാ, തമാശ പറയാ അങ്ങനെയൊന്നിനും വെല്യമ്മയെ കിട്ടില്ല…
വെല്യമ്മ സാധാരണ രീതിയിൽ എന്തെങ്കിലും ചോദിക്കുന്നതോ, പറയുന്നതോ കേട്ടാലും നമ്മുക്ക് ദേഷ്യത്തോടെയാണെന്ന് തോന്നും… പക്ഷേ എന്നേയും അമ്മൂനേയും നന്ദുനേയുമൊക്കെ വലിയ കാര്യാ, ഒത്തിരി സ്നേഹാ,,, എങ്കിലും മിതമായേ പ്രകടിപ്പിക്കൂ…!!
വെല്യച്ഛൻ ഇവിടെ വെല്യമ്മേ…???”
ചുറ്റും കണ്ണാൽ വെല്യച്ഛനെ പരത്തി വെല്യമ്മയെ നോക്കി ഞാൻ ചോദിച്ചു…
“ആ റൂമിൽ കിടക്കുന്നുണ്ടാവും ഞാൻ വിളി……. ആഹ് ദാ വരുന്നു….!!!”
അടുത്തുള്ള റൂമിലേക്ക് ചൂണ്ടിക്കാട്ടി വെല്യമ്മ പറഞ്ഞ് തീരും മുന്നേ വാതിൽ തുറന്ന് വെല്യച്ഛൻ പുറത്തേക്ക് ഇറങ്ങിയിരുന്നു….
മുടിയിലേയും നെഞ്ചിലേയും രോമങ്ങൾ കൂടുതലും വാർദ്ധക്യത്തെ വരവേറ്റ് വെളുത്തിട്ടുണ്ട്… എങ്കിലും മുഖത്തെ തേജസും ആഡ്യത്തവും ഇന്നും പഴേപ്പോലെ തന്നെണ്ട്…
അലസമായി കിടന്ന മുണ്ട് മുറുക്കി കെട്ടി കൊണ്ട് ഞങ്ങളെ അടുത്തേക്ക് നടന്ന് വരുന്ന വെല്യച്ഛനെ നോക്കി ചിരിക്കുന്നതിനൊപ്പം ഞങ്ങൾ ഇരിപ്പിടത്തിൽ നിന്ന് ചെറുതായൊന്ന് അനങ്ങി പൊങ്ങി വീണ്ടും ഇരുന്നു….
മുണ്ട് മുറുക്കിയുടുത്ത് നഗ്നമായ ഇടത്തേ തോളിൽ അലസമായിട്ട വെള്ള തോർത്ത് മുണ്ടൊന്ന് മുടഞ്ഞ് തോളിലേക്ക് തന്നെ കയറിയിട്ട് മുണ്ട് ഒതുക്കി പിടിച്ഛ് നടുവിലെ സെറ്റിൽ വന്നിരുന്നു…
“പറമ്പിലെ പണിക്കാരെ കൊണ്ട് പണിയെടുപ്പിച്ഛ് കഴിഞ്ഞ് വന്നാ വല്ലാത്ത ക്ഷീണാ,,, പോരാത്തതിന് ഇപ്പഴത്തെ വെയിലും…”
വലത്തേ കാൽ ഇടത്തേ തുടയിലേക്ക് കയറ്റി വെച്ഛ് സെറ്റിൽ ചാരി നിവർന്നിരുന്ന് വെല്യച്ഛൻ പറഞ്ഞത് കേട്ട് ഞാൻ സിദ്ധുനെയൊന്ന് നോക്കി… സിദ്ധു എന്നെ നോക്കി ചിരി കടിച്ഛ് പിടിച്ചു മറ്റെങ്ങോ നോട്ടമെറിഞ്ഞു…
വെല്യച്ഛൻ കുറച്ചധികം പൊങ്ങച്ചം പറയുന്ന ശീലമുള്ള ഒരാളാണ്… പ്രശ്നം എന്താന്ന് വെച്ചാ,,, ചിലർ പൊങ്ങച്ചം പറഞ്ഞാൽ മനസ്സിലാവില്ല… പക്ഷേ,,, വെല്യച്ഛൻ പറയുന്നത് കേട്ടാ കേൾക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലായും പറയുന്നത് പൊങ്ങച്ചമാണെന്ന്…
“രണ്ട് ദിവസം മുന്നേ കവലയിൽ വെച്ഛ് ചന്ദ്രനെ കണ്ടപ്പോ, അവൻ പറഞ്ഞിരുന്നു നീയും അമ്മുവും വന്നിട്ടുണ്ടെന്ന്…!!!”
ഗൗരവം വിട്ടാതെ വെല്യച്ഛൻ പറഞ്ഞു… ചന്ദ്രൻ ന്ന് പറഞ്ഞത് ചെറിയച്ഛനെയാണ് ട്ടോ… വെല്യച്ഛന്റെ ദാമോദരൻ, അച്ഛൻ നാരായണൻ, ചെറിയച്ചൻ ചന്ദ്രൻ അങ്ങനെയാണ് പേരുകൾ..
“ആഹ് വെല്യച്ചാ,,, ഒന്ന്,,, ഒന്നര ആഴ്ചയാവാറായി…!!!”
മറുപടി എന്നോണം ഞാൻ പറഞ്ഞു…
“ന്നിട്ട് ഇപ്പഴാണോ ഇങ്ങട് വരാൻ സമയം ഒത്തത്,,,ഹ്മ്മം…???”
വെല്യമ്മ ചോദിച്ച അതേ ചോദ്യം വെല്യച്ചനും ചോദിച്ചത് കേട്ട് ഞാൻ വെല്യമ്മയെ ഒന്ന് നോക്കി ചിരിച്ചു…
“അത് വെല്യച്ചാ,,,,, സിദ്ധേട്ടൻ ഇന്നാ ഒന്ന് ഫ്രീയായത്… വരുമ്പോ ഏട്ടനെ കൂടി കൂട്ടി വരാന്ന് വെച്ചു,,,, അതാ…!!!”
ഭവ്യതയോടെ ഞാൻ പറഞ്ഞു നിർത്തി… ഒന്നമർത്തി മൂളി വെല്യച്ഛൻ സിദ്ധുന്റെ നേരെ നോക്കി….
“സിദ്ധാർത്ഥും വന്നിട്ട് രണ്ടാഴ്ച അവാറായോ, അതോ അവളെ ഇവിടെ കൊണ്ടാക്കി പോയി, ഇന്നോ ഇന്നലെയോയായി വീണ്ടും വന്നതാണോ…???”
വെല്യച്ഛൻ സംശയത്തോടെ സിദ്ധുനോട് ചോദിച്ചു….
“ഏയ് അല്ലാ,,, ഞാൻ വരുന്നതിൽ പിന്നെ പോയിട്ടില്ല… ഇവിടെ തന്നെ ഉണ്ടായിരുന്നു…!!!”
നറു ചിരിയോടെ സിദ്ധു മറുപടി പറഞ്ഞു…
“ആഹ്…!!!!”
വെല്യച്ഛൻ സംസാരിക്കാൻ തുടങ്ങിയതും വെല്യമ്മ കിച്ചണിലേക്ക് നടന്നു… ഞാനും അമ്മുവും നന്ദുവും സോഫയ്ക്ക് പിറക്കിലെ ഷോ കേസിലെ ഫോട്ടോസും മറ്റും നോക്കി ഇരുന്നു…
“ഇയാൾക്ക് അവിടെ ബിസിനസ്സ്ല്ലേ….??.
ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം വെല്യച്ഛൻ വീണ്ടും സിദ്ധുനെ നോക്കി സംശയത്തോടെ ചോദിച്ചു…. രാകേഷേട്ടനോട് എന്തോ സംസാരിക്കുകയായിരുന്ന സിദ്ധു വേഗം മുഖമുയർത്തി വെല്യച്ഛനെ നോക്കി തലയാട്ടി….
“ആഹ്,,, അതെ…!!!”
“എന്ത് ബിസിനസ്സാ, ഏത് മേഖലയിലാ…???”
സോഫയിലേക്ക് ചാരി ഇരുന്ന് വെല്യച്ഛൻ ഗൗരവത്തിൽ ചോദിച്ചു…
“മെയിൻലി കണ്സ്ട്രക്ഷനാണ് പിന്നേ,,,, ചെറിയ തോതിൽ പ്രൊഡക്ഷനും മാർക്കറ്റിങും ഡിസ്ട്രിബ്യുട്ടിങ് ഒക്കെണ്ട്…”
നറു ചിരിയോടെ സിദ്ധു പറഞ്ഞു….
“ആഹ്… രാകേഷ് വർക്ക് ചെയ്യുന്ന കമ്പനിക്കും അതെ,, എല്ലാ മേഖലയിലും വലിയ തോതിൽ അവർക്ക് ബിസിനസുണ്ട്… നാട്ടില് മാത്രല്ല, അന്യ നാട്ടിലും വിദേശത്തുമൊക്കെയായി കോടിക്കണക്കിന് ആസ്തിയുള്ള വല്യ കമ്പനിയാ….”
രാകേഷേട്ടൻ വർക്ക് ചെയ്യുന്ന കമ്പനിയെ കുറിച്ഛ് വലിയ മതിപ്പോടെ വെല്യച്ഛൻ പറഞ്ഞത് കേട്ട് സിദ്ധു വളരെ കാഷ്യലായി തലയാട്ടി ചിരിച്ചു…
“ഏത് ഗ്രൂപ്പായിരുന്നുന്നെടാ,,, എന്തായിരുന്നു അതിന്റെ പേര്… എനിക്ക് മറന്ന് പോയി…???”
നെറ്റിയിൽ കൈ വെച്ഛ് ഓർക്കാൻ ശ്രമിച്ചോണ്ട് രാകേഷേട്ടനോടായി വെല്യച്ഛൻ ചോദിച്ചു…
*” DG Group “*
ചെറിയ ചടപ്പോടെ രാകേഷേട്ടൻ വെല്യച്ഛനോടായ് പറഞ്ഞ് ഒരു അളിഞ്ഞ ചിരിയോടെ എന്നേയും അമ്മൂനേയും നന്ദുനേയും നോക്കി ചിരിച്ചു… ഏട്ടൻ വർക്ക് ചെയ്യുന്നത് സിദ്ധുന്റെ കമ്പനിയിൽ ആണെന്ന് വെല്യച്ഛന് അറിയില്ലെന്ന് തോന്നുന്നു….
തുടരും…….!!!!!!

by