11/05/2026

നാട്യം : ഭാഗം 21

രചന – നന്ദിത ദാസ്

കണ്ണനും നന്ദുവും ഒന്നും കണ്ടിട്ടില്ലെന്നു ഉറപ്പായിരുന്നു..

“ഹലോ ഇവിടെ എന്താണ് കണ്ണനും കണ്ണേട്ടന്റെ നന്ദുവും കൂടി ഒരു സൗന്ദര്യപ്പിണക്കം??? ”

“പിണക്കമോ… ഞങ്ങൾ തമ്മിലോ നല്ല കഥ അല്ലേ നന്ദു… ”

കണ്ണേട്ടൻ ചിരിച്ചു കൊണ്ട് വിനുവേട്ടനോട് അത് പറഞ്ഞപ്പോൾ ഞാനും അതേ എന്ന് തലയാട്ടി…

“എന്തായി വിനുവേട്ടാ യാമിക്കു പിണക്കം ഒന്നും ഇല്ലല്ലോ അല്ലേ?? ”

“ഹേയ് ഒരു പിണക്കവും ഇല്ല…

നാളെ മുതൽ രണ്ട് ദിവസത്തേക്ക് കച്ചേരി ഉണ്ട് കുറച്ചു ബിസി ആണ്… ഞാൻ ഇപ്പോൾ തന്നെ നാട്ടിലേക്കു തിരിക്കുകയാണ്…

അപ്പോൾ അളിയാ കണ്ണാ പിന്നെ കാണാം കേട്ടോ…

പോയിട്ട് വരാം നന്ദു… ഒക്കെ… ”

“വിനുവേട്ടാ…ഒരു നിമിഷം…
ഇപ്പോൾ എന്താ കണ്ണേട്ടനെ വിളിച്ചത് അളിയൻ എന്നോ…
ഏത് വകയിൽ?? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ…. ”

“അതേ അളിയൻ തന്നെ നീ എന്റെ പെങ്ങൾ അല്ലേ അപ്പോൾ പെങ്ങളുടെ കെട്ടിയോൻ എന്റെ ആരാ…. അളിയൻ…”

“ഓഹ്ഹ് അപ്പോൾ ആ വകയിലെ അളിയൻ ആയിരുന്നോ…
മ്മ് മ്മ് നമുക്ക് ഇനിയും കാണേണ്ടി വരും…
ഇപ്പോൾ സ്ഥലം വിട്ടോ.. ”

“ഓഹ്ഹ്… മ്മ്മ്… ആയിക്കോട്ടെ… അപ്പോൾ ശരി ബൈ ”

“ബൈ അളിയാ… ”

കണ്ണേട്ടൻ എന്നെ കേൾപ്പിക്കാൻ കുറച്ചൂടെ ഉച്ചത്തിൽ അളിയാ എന്ന് വിളിച്ചു വിനുവേട്ടനെ യാത്രയാക്കി…

“നന്ദൂ… നീ കണ്ണേട്ടന്റെ കൂടെ പതുക്കെ വാ കേട്ടോ…
ഞാൻ പെട്ടെന്ന് ചെന്നു ഉമ്മറത്തു വിളക്കു കൊളുത്തട്ടെ അല്ലെങ്കിൽ അമ്മയുടെ കയ്യിന്നു കണക്കിന് കിട്ടും… ”

“നില്ക്കു… ഞാനും വരുവാടി… ”

“യാമി പൊയ്ക്കോ ഇവളെ ഞാൻ കൊണ്ടാക്കിയേക്കാം… ”

നന്ദുന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വിനുവേട്ടൻ തന്ന പേപ്പറും ചുരുട്ടി വീട്ടിലേക്കൊരു ഓട്ടം ആയിരുന്നു…

“എന്ത് പണിയാ കാണിച്ചത് ഞാൻ അവളുടെ കൂടെ പോകുമായിരുന്നല്ലോ… ”

“എന്റെ കൂടെ വന്നെന്നും പറഞ്ഞു നിന്നെ ആരും തല്ലിക്കൊല്ലാൻ ഒന്നും പോകുന്നില്ലല്ലോ… ”

“ഹും ”

“എത്ര നേരം കൊണ്ട് പറയുവാ നന്ദു നീ എന്നെ ഒന്ന് ശ്രദ്ധിക്കാൻ…
അത് എങ്ങനെയാ നാലുപാടും നോട്ടമല്ലേ ആരെങ്കിലും വരുന്നുണ്ടോന്നു… ”

“ആഹ് നോക്കി… പറ എന്താ??”

“മ്മ് ഇത് എങ്ങനെ ഉണ്ട്… ”

അപ്പോളാണ് ഞാൻ കണ്ണേട്ടന്റെ കയ്യിൽ ഇരുന്ന ഒരു ചെറിയ പൊതി ശ്രദ്ധിക്കുന്നത്…

“ഈ പൊതിയോ… ആഹാ വളരെ നന്നായിട്ടുണ്ട്… ”

“പൊതി അല്ല… നീ ഇത് തുറന്നു നോക്കു… ”

ഞാൻ അത് വാങ്ങി തുറന്നു നോക്കി…

“വൗ… ബ്യൂട്ടിഫുൾ…

ഇത് ആർക്കു വേണ്ടി വാങ്ങിയതാ?”

“ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്… ”

“ഓഹോ എന്തായാലും നല്ല ഭംഗിയുള്ള റിങ്… വെരി നൈസ്… ഡയമണ്ട് ആണല്ലേ…

എന്റെ വിരലിനു ഇത് നന്നായി ചേരും….”

“അയ്യടി… അതിനു ഇത് നിനക്കാണെന്നു ആരു പറഞ്ഞു… ”

“പിന്നെ കെട്ടാൻ പോകുന്ന പെണ്ണിന് എന്ന് ഇപ്പോൾ പറഞ്ഞതോ?? ”

“അതിനു ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് നീ ആണെന്ന് ഞാൻ പറഞ്ഞോ…

നിനക്ക് എന്നെ കണ്ടുകൂടല്ലോ…

കണ്ടാൽ തന്നെ ഒന്ന് ചിരിക്കുക കൂടി ഇല്ല എപ്പോളും ദേഷ്യത്തോടെ മാത്രമേ സംസാരിക്കുള്ളൂ…

പിന്നെ നിന്നെ കെട്ടണമെങ്കിൽ എന്തോ റൂൾസ്‌ ഞാൻ പാലിക്കണമെന്നൊക്കെ പറഞ്ഞില്ലേ….

സോ ഞാൻ കരുതി എന്തിനാ റിസ്ക് എടുക്കുന്നതെന്നു…
നിന്നെ നിന്റെ വഴിക്ക് അങ്ങ് വിട്ടേക്കാമെന്നു… ”

“ഓഹോ… എല്ലാം പറഞ്ഞു കഴിഞ്ഞോ… ”

“ആഹ് കഴിഞ്ഞു… എന്താ… ”

“എങ്കിൽ മര്യാദക്ക് ഈ റിങ് എന്റെ കൈയിൽ ഇട്ടു താ മനുഷ്യാ… ”

“അപ്പോൾ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ട് എന്റെ പെണ്ണിന് ദേഷ്യം വന്നില്ലേ… ”

“പിന്നേ… ഒന്ന് പോ കണ്ണേട്ടാ… ഈ നന്ദു ഇതൊക്കെ കേട്ടു കരഞ്ഞോണ്ട് ഓടുന്ന ടൈപ്പ് ഒന്നുമല്ല….
നമ്മള് വേറെ ലെവൽ ആണ്… ”

“ആണോ… ശരിക്കും.. ”

“എന്താ സംശയം ഉണ്ടോ??”

“അയ്യോ ഒട്ടും ഇല്ല… എങ്കിൽ എന്റെ മോള് ആ വിരലൊന്നു നീട്ടിയേ..

ഞാൻ ചിരിച്ചു കൊണ്ട് വലത് കൈയിലെ മോതിര വിരൽ നീട്ടി…

കണ്ണേട്ടൻ റിങ് ഇട്ട ഉടനെ ഞാൻ കൈ വലിച്ചു…

“എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു പാകം ആകുമോ എന്ന്… ഇതിപ്പോൾ അച്ചിൽ വാർത്ത പോലെ തന്നെ നന്നായിട്ടുണ്ട്… ”

“താങ്ക്സ് കണ്ണേട്ടാ..

ഇത് ഇപ്പോൾ എന്താ ഗിഫ്റ്റ് തരാനൊക്കെ തോന്നിയത്? ”

“താങ്ക്സ് നിന്റെ കൈയിൽ തന്നെ വെച്ചോളൂ…

ഇത് നിന്റെ പിറന്നാളിന്‌ തരാൻ വാങ്ങിയതായിരുന്നു…
അന്നൊക്കെ എന്റെ മുന്നിൽ വരാതെ മറഞ്ഞു നടക്കുക അല്ലായിരുന്നോ പതിവ്…

ഇന്നലെ വീണ്ടും ഇത് എടുത്തു നോക്കുന്നത് അമ്മ കണ്ടു..

അപ്പോൾ തുടങ്ങിയതാ ഇനി ഇത് ഞാൻ നിന്റെ കൈയിൽ ഇട്ടിട്ടു വീടിന്റെ പടി കയറിയാൽ മതിയെന്ന് പറഞ്ഞു ബഹളം… ”

“അയ്യോ… അമ്മയോടും പറഞ്ഞോ? ”

“കൊള്ളാം… എന്ത് ചോദ്യമാ… നാട് മുഴുവൻ അറിയാം… പിന്നെ എങ്ങനെയാണ് പെറ്റമ്മ അറിയാതെ ഇരിക്കുന്നത്…

അമ്മയ്ക്ക് നിന്നെ കാണാൻ നല്ല ആഗ്രഹം ഉണ്ട്…

ഇടയ്ക്ക് നീ ഒന്ന് ഇറങ്ങുവോ തറവാട്ടിലേക്ക്… ”

“മ്മ് നോക്കാം… ”

“എങ്കിൽ നന്ദു പൊയ്ക്കോ… ബൈ ”

“അയ്യോ… ഒറ്റയ്ക്കോ??”

“പിന്നെ എന്താ ഞാനും വരണോ…

വീടെത്തി പെണ്ണേ കണ്ണ് തുറന്നു നോക്കു… ”

“ശ്ശോ… സംസാരിച്ചു വരുന്ന കൂട്ടത്തിൽ വീട് എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല….

ഒക്കെ കണ്ണേട്ടാ… ബൈ… ”

“മ്മ്മ് മ്മ് ഒക്കെ… ”

നന്ദു വീടിനുള്ളിലേക്ക് കയറി പോകുന്നതും നോക്കി കുറേനേരം ഞാൻ അവിടെ തന്നെ നിന്നു…

ആദ്യമായിട്ടാണ് ഇത്ര ഫ്രീ ആയി നന്ദു എന്നോട് സംസാരിക്കുന്നത്…

എല്ലാം കലങ്ങി തെളിയാൻ സമയം ആയിന്നു മനസ്സ് പറയുന്നത് പോലെ ഒരു തോന്നൽ…

******

വീട്ടിൽ ചെന്ന ഉടനെ കതകടച്ചു റൂമിൽ കയറി…

കൈയിൽ ഉണ്ടായിരുന്ന പേപ്പർ ദൃതിയിൽ തന്നെ തുറന്നു…

നിഖിലേട്ടന്റെ നമ്പറിലേക്കു വന്ന
കോളുകളും വിളിച്ച കോളുകളും നോക്കി…

ഒരു നമ്പറിലേക്ക് വിളിച്ചു മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്നു…
അതും രാത്രി പതിനൊന്നു മണിക്ക് ശേഷം…

എന്റെ തോന്നലുകളൊക്കെ സത്യം ആകുമോ ഈശ്വരാ…
എങ്കിൽ പിന്നെ ഒരു നിമിഷം പോലും ഈ യാമി ജീവിച്ചിരിക്കില്ല…

സത്യാവസ്ഥ എന്താണെന്നു എങ്ങനെ എങ്കിലും അറിഞ്ഞേ പറ്റു…

ഞാൻ ഫോൺ എടുത്തു വിനുവേട്ടനെ വിളിച്ചു…

“ആഹ് പറ യാമി…. ”

“വിനുവേട്ടാ… അതിൽ നോക്കിയിട്ട് എനിക്കൊന്നും മനസ്സിലാകുന്നില്ല… ”

“നീ പറഞ്ഞ തീയതി വെച്ചു നോക്കുമ്പോൾ

നിഖിൽ ഒരു നമ്പറിലേക്കു പലതവണ വിളിച്ചിട്ടുണ്ട്… ആ നമ്പറിൽ നിന്നും തിരിച്ചും… മണിക്കൂറുകളോളം അവർ തമ്മിൽ സംസാരിച്ചിട്ടും ഉണ്ട്…

അത് നിഷയുടെ നമ്പർ തന്നെയാണ്…

ഞാൻ ഡീറ്റെയിൽസ് എടുത്തിരുന്നു… ”

“അപ്പോൾ.. അപ്പോൾ നിഖിലേട്ടൻ എന്നെ.. ”

“ഹേയ്… കൂൾ യാമി..
അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്നറിയാതെ നിഖിലിനെ കുറ്റം പറയാൻ പറ്റില്ല…
താൻ ഇങ്ങനെ സില്ലി ആകാതെ… ”

“നിഖിലേട്ടൻ നാട്ടിൽ വന്നിട്ടുണ്ട്… ”

“അതെയോ… താൻ അവനോടു ഇപ്പോൾ ഇതേപ്പറ്റി ഒന്നും സംസാരിക്കാൻ നിൽക്കണ്ട…

എന്തായാലും രണ്ടാളും ഒന്ന് നേരിൽ കണ്ടു സംസാരിക്കു… ”

“മ്മ് ”

“എന്നാൽ ശരി ഫോൺ വെച്ചോളൂ… സങ്കടപെടേണ്ട കേട്ടോ… എന്താവശ്യം ഉണ്ടേലും വിളിക്കണം… ”

“മ്മ് വിളിക്കാം.. ”

വിനുവേട്ടൻ ഫോൺ വെച്ച ഉടൻ തന്നെ നിഖിലേട്ടന്റെ നമ്പറിലേക്ക് വിളിച്ചു…

ഭാഗ്യം ഇപ്പോൾ എന്തായാലും ബിസി അല്ല…

“ഹലോ… പറ യാമി… വന്നിട്ട് നിന്നെ ഒന്ന് വിളിക്കാൻ പറ്റിയില്ല… സോറി കേട്ടോ… ഒരു അത്യാവിശ കാര്യത്തിന് എറണാകുളം വരെ പോകേണ്ടി വന്നു… ”

“മ്മ്… വന്നുന്നു ഗിരിയേട്ടൻ പറഞ്ഞിരുന്നു… അത് അറിഞ്ഞിട്ട് തന്നെയാണ് ഇപ്പോൾ വിളിച്ചത്… ”

“നാളെ രാവിലെ ഞാൻ വീട്ടിലോട്ടു വരുന്നുണ്ട് യാമി…
വേറെ വിശേഷം ഒന്നും ഇല്ലെങ്കിൽ ഫോൺ വെച്ചോളൂ കേട്ടോ… ”

“അതെന്താ നിഖിലേട്ടാ…
എത്ര ദിവസമായി എന്നോട് നന്നായൊന്നു സംസാരിച്ചിട്ട്… പ്ലീസ് കുറച്ചു നേരം കഴിഞ്ഞു വെക്കാം… ”

“നാളെ ഞാൻ അങ്ങോട്ട്‌ അല്ലേ വരുന്നത്… ഇപ്പോൾ കുറച്ചു ബിസി ആണ്… ഗിരിയൊക്കെ വന്നിരിപ്പുണ്ട്… നീ ഫോൺ വെച്ചോ… ”

“മ്മ് ”

അവിടെ ആയാലും ബിസി ഇവിടെ ആയാലും ബിസി…

നാളെ ഒന്ന് നേരം വെളുത്താൽ മതിയാരുന്നു…

“എന്താണ് എന്റെ യാമി തമ്പുരാട്ടി നിന്നു പിറു പിറക്കുന്നത്…
വാതിൽ തുറക്കെടി… ”

ഞാൻ നോക്കിയപ്പോൾ ജനാലയുടെ അടുത്ത് നന്ദു…
പെട്ടെന്ന് ഓടിച്ചെന്നു വാതിൽ തുറന്നു…

“നീ വന്നു നിന്നിട്ട് കുറേനേരം ആയോ? ”

“അറിഞ്ഞിട്ടിപ്പോൾ എന്തിനാ നിന്റെ കെട്ടിയോനുമായി സൊള്ളിയത് ഞാൻ കേട്ടോ എന്ന് അറിയാനാണോ??? ”

“പിന്നേ ഒന്ന് പോടീ… സൊള്ളാൻ പറ്റിയ ഒരു സാധനം ”

“എന്താ പുള്ളി പറഞ്ഞത്… അങ്ങേർക്ക് നിന്നെ കാണണമെന്ന് ഒന്നും ഇല്ലേ?”

“നാളെ ഇങ്ങോട്ട് വരാമെന്നു പറഞ്ഞിട്ടുണ്ട്… ”

“ആഹാ… പിന്നെ എന്തു വേണം കൊച്ചു കള്ളി…. ”

“നന്ദുമോളെ… യാമി… രണ്ടാളും ഇങ്ങോട്ട് വന്നേ… അമ്മ ആഹാരം എടുത്തു വെച്ചിട്ട് എത്ര നേരം ആയി… ”

“ദാ വരണൂ… അമ്മേ… ”

“നീ വാ യാമി എനിക്ക് വിശക്കുന്നു… ”

ആഹാരത്തിന്റെ മുൻപിൽ ഇരുന്നെങ്കിലും തൊണ്ടയിൽ നിന്നും ഒരു വറ്റുപോലും താഴോട്ട് ഇറങ്ങുന്നുണ്ടായിരുന്നില്ല…

നന്ദുവിനു അമ്മ വാരിക്കൊടുക്കുന്നുണ്ട്…
അല്ലെങ്കിലും അമ്മയ്ക്ക് അവളെന്നു വെച്ചാൽ ജീവൻ ആണ്…
പലപ്പോഴും അത് എന്റെ അമ്മയാണോ അവളുടെ അമ്മ ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്…

ശരിക്കും പറഞ്ഞാൽ എന്റെ നന്ദു ഭാഗ്യം ചെന്നവളാണ്..
മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ സ്നേഹിക്കാൻ അവൾക്ക് മാത്രമേ കഴിയു…
അതുകൊണ്ട് തന്നെ എല്ലാവർക്കും അവളോട്‌ സ്നേഹം മാത്രമേ ഉള്ളു… ആയുസ്സിന്റെ കണക്കു മാത്രം ഈശ്വരന്റെ കൈയിൽ ആയി പോയി…

“നീ എന്താടി ചോറും മുന്നിൽ വെച്ചു പടം വരച്ചോണ്ടു ഇരിക്കുവാണോ? ”

അമ്മയുടെ ശാസന കേട്ടപ്പോളാണ് അന്നത്തിൽ വിരലിട്ടു ഇളക്കിക്കൊണ്ടിരിക്കുക ആണെന്ന് മനസ്സിലായത്…

“അവള് നിഖിലേട്ടൻ നാളെ വരുന്നത് സ്വപ്നം കണ്ടോണ്ട് ഇരിക്കുവാ അമ്മേ പോട്ടെ സാരമില്ല പ്രായം അതല്ലേ വിട്ടേക്ക്… ”

“ഒന്ന് പോ നന്ദു…

എനിക്ക് വിശപ്പ് ഒട്ടും ഇല്ല അമ്മേ… ”

അതും പറഞ്ഞു യാമി എഴുന്നേറ്റു പോയി…

ഇവൾക്കിത് എന്തുപറ്റി… ഇങ്ങനെ ആയിരുന്നില്ലല്ലോ…

കഴിച്ചു കഴിഞ്ഞു റൂമിലേക്ക് ചെന്നപ്പോളും അവൾ ഭയങ്കര ചിന്തയിൽ തന്നെ…

“നിനക്കു എന്താ പറ്റിയത് യാമി… ആഹാരം പോലും കഴിച്ചില്ലാലോ… എന്തെങ്കിലും ടെൻഷൻ ഉണ്ടോ…? ”

“ഉണ്ടെങ്കിൽ നിന്നോട് പറയാതെ ഇരിക്കുമോ…

നീ പറഞ്ഞത് പോലെ തന്നെ നിഖിലേട്ടനെക്കുറിച്ച് ഓർത്തു പോയതാ…
നാളെ വരുന്നതോർത്തിട്ടുള്ള ഒരു ടെൻഷൻ ”

“അതിനെന്തിനാടി ടെൻഷൻ…
സന്തോഷിക്കണ്ട സമയം അല്ലേ… ”

“മ്മ് ഒക്കെ ഞാൻ വിട്ടു പോരേ… നിനക്കു ടാബ്‌ലെറ്റ് ഉള്ളതല്ലേ വാ വീട്ടിൽ പോകാം അല്ലെങ്കിൽ അച്ഛന്റെ കയ്യിന്നു നല്ല വഴക്ക് കിട്ടും ”

“ആഹ് ഞാൻ അത് അങ്ങ് മറന്നു…

എന്നാൽ വാ പോകാം… ”

*******

പിറ്റേന്ന് രാവിലെ മുതലേ യാമി വീടിനു വെളിയിലോട്ടും കണ്ണും നട്ടു ഇരിപ്പാണ്…

നിഖിലേട്ടനെയും പ്രതീക്ഷിച്ചു…

ഡാൻസ് പഠിക്കാൻ വന്ന കുട്ടികളോടൊക്കെ ഉച്ചകഴിഞ്ഞു വരാൻ പറഞ്ഞു മടക്കി അയച്ചു…

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മുറ്റത്തൊരു കാർ വന്നു നിന്നു…
കാറിൽ നിന്നും ഇറങ്ങിയ ആളിനെകണ്ട് യാമിയുടെ മുഖത്ത് വിരിഞ്ഞ ഭാവ വ്യത്യാസങ്ങൾ എന്നെ പിന്നെയും കൂടുതൽ ചിന്താകുലയാക്കി…

(തുടരും )