11/05/2026

ഡെയ്സി : ഭാഗം 03

രചന – രോഹിണി ആമി

ഞാൻ വിളിച്ചാൽ വരുവോ പള്ളിയിൽ മനസ്സമ്മതത്തിന്….. ഡെയ്സി ശിവയോട് ചോദിച്ചു…..

നല്ല കാര്യമായി…. എന്നിട്ടു വേണം ഈ വട്ടനെ കണ്ടിട്ട് ആളുകൾ പരക്കം പായാൻ….വേണ്ട…വിളിക്കണ്ട…. നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ ആവില്ല….. ശിവ പറഞ്ഞു….

അപ്പോൾ വരില്ലേ…. ഡെയ്സി കുറച്ചു വിഷമത്തോടെ ചോദിച്ചു…

ഇല്ല…. പക്ഷേ എനിക്കും കൂടി വേണ്ടി അച്ഛൻ വരും… നീ വന്നിട്ട് വിശേഷങ്ങൾ ഒക്കെ പറഞ്ഞാൽ മതി… നിന്റെ നാവിലൂടെയും കണ്ണിലൂടെയും അല്ലേ ഞാൻ പുറംലോകം അറിയുന്നത്…

ശിവയുടെ സംസാരത്തിലെ വേദന മനസ്സിലായപ്പോൾ ഡെയ്സി വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു…… പുതിയ കവിത എഴുതിയോ…….. നിലത്തു ചുരുട്ടി കൂട്ടിയിരിക്കുന്ന പേപ്പറെല്ലാം പെറുക്കിക്കൊണ്ട് ചോദിച്ചു……

ഇല്ല…. ഒരെണ്ണം എഴുതാൻ ശ്രമിച്ചതാ…. നടക്കുന്നില്ല ……. എഴുതിയാൽ നിനക്കാവില്ലേ വായിക്കാൻ തരിക ആദ്യം …..

ഇതെല്ലാം ഒരു ബുക്ക്‌ ആക്കിക്കൂടെ…. എല്ലാം നല്ല നല്ല കവിതയാ…. വായിക്കാൻ ഒരുപാട് പേരുണ്ടാവില്ലേ…… ഈ പൊട്ടി മാത്രം വായിച്ചാൽ പോരല്ലോ…..നാലാൾ അറിയുന്ന വലിയ ഒരാളാവണം… അതിനുള്ള യോഗ്യത ഉള്ളോണ്ടാ പറയുന്നേ …..

വേണ്ടാ… ആരും വായിക്കേണ്ട…. അതങ്ങിനെ മറ്റുള്ളവർക്ക് ആസ്വദിക്കാൻ ഉള്ളതല്ല… എനിക്ക് ഭ്രാന്ത് മൂക്കുമ്പോൾ അത് മാറ്റാൻ ഞാൻ തന്നെ കണ്ടെത്തുന്ന മരുന്നാ …. വായിക്കാനും തിരുത്താനും ആസ്വദിക്കുവാനും നീയുണ്ടല്ലോ…. അത് മതി… ധാരാളം…. അതല്ല നിനക്ക് മടുത്തെങ്കിൽ പറഞ്ഞാൽ മതി….. ഇതെല്ലാം ഞാൻ നിർത്തിക്കോളാം…. എന്നാലും വേറെ ആരും വായിക്കേണ്ട….ശിവ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു നിർത്തി….

എന്റെ കർത്താവെ…. ഒരു നല്ലത് പറയാൻ പാടില്ലേ…. മംഗലത്തു വീട്ടിലെ കുഞ്ഞിനെ നാലാൾ അറിയുന്നത് എനിക്കും സന്തോഷമുള്ള കാര്യമല്ലേ…… ഡെയ്സി ശിവയുടെ മാറ്റം കണ്ടു ഒന്നു തണുപ്പിക്കാൻ ചോദിച്ചു……

നാലാൾ അറിയണ്ട…. ഒരാൾ അറിഞ്ഞാൽ മതി…. ശിവ തലയും കുനിച്ചു പറഞ്ഞു…. എന്നിട്ട് കൊച്ചു കുട്ടികൾ പിണങ്ങും പോലെ മുഖം തിരിച്ചിരുന്നു……

നോക്കിക്കോ…..ഞാൻ ശിവച്ഛനോട് പറയും… ഇതെല്ലാം ഒരു ബുക്ക്‌ ആക്കാൻ…. ഡെയ്സി പഴയ പേപ്പേഴ്സ് എല്ലാം ഒതുക്കി വെച്ചു പറഞ്ഞു… എന്നിട്ട് പിണക്കം മാറിയോന്ന് അറിയാൻ ശിവയുടെ മുഖത്തേക്ക് എത്തി നോക്കി….

എന്റെ സമ്മതമില്ലാതെ നീ അങ്ങനെ ചെയ്താൽ എഴുതിയ ആളുടെ പേരിന്റെ സ്ഥാനത്തു ഡെയ്സി എന്നാവും ഉണ്ടാവുക.. ഓർത്തോ… ഡെയ്സി ദേഷ്യത്തിൽ ശിവയെ ഒന്നു നോക്കി…… തിരിച്ചു മനോഹരമായി ഒന്നു ചിരിച്ചു കാണിച്ചു ശിവ… പോകാൻ തിരിഞ്ഞ ഡെയ്സിയോടായി ശിവ പറഞ്ഞു…..

നാളെ ഞായറാഴ്ച അല്ലേ… അപ്പച്ചൻ ഇറച്ചി വാങ്ങൂലെ… എനിക്കും വേണം…. കൊണ്ടുവരുമോ…… കൊച്ചുകുട്ടികളെപ്പോലെ ചോദിക്കുന്ന ശിവയെ കണ്ടപ്പോൾ ഡെയ്സി ദേഷ്യം മറന്നു ചിരിച്ചു…

നീ വെച്ചാൽ മതി…. അമ്മച്ചി വെക്കണ്ടാട്ടോ….. ശിവ പറഞ്ഞപ്പോൾ ഡെയ്സി ചിരിയോടെ തലയാട്ടി സമ്മതിച്ചു……

ഞായറാഴ്ച ദിവസം അപ്പച്ചൻ ഇറച്ചി വെട്ടാൻ പോകാറുണ്ട്… അപ്പോൾ കൊണ്ടുവരും കൂടെ കപ്പയും… ഇവിടെ ദേവിയമ്മയും ശിവച്ഛനും പച്ചക്കറികൾ മാത്രമേ കഴിക്കൂ…. ശിവ പഠിക്കാൻ പോയപ്പോൾ കിട്ടിയ ശീലമാണ് ഇത്… ശിവച്ഛനും ദേവിയമ്മയും ആ ഒരു ശീലത്തിനു ഇന്നേവരെ എതിരു നിന്നിട്ടുമില്ല….

രാവിലെ പള്ളിയിൽ പോയിട്ടു വന്നിട്ട് നേരെ അടുക്കളയിൽ കയറി….. തേക്കിലയിൽ പൊതിഞ്ഞു വെച്ചിരുന്ന ഇറച്ചിയെടുത്തു അരിഞ്ഞു കഴുകിയെടുത്തു … തനിയെ എല്ലാം ചെയ്യുമ്പോഴും അന്നയും ആനിയും ഒന്നു തിരിഞ്ഞു പോലും നോക്കുന്നുണ്ടായിരുന്നില്ല…. മടിച്ചിട്ട് പള്ളിയിൽ പോലും നേരെ ചൊവ്വേ പോകില്ല രണ്ടും ….. അമ്മച്ചി കപ്പ നുറുക്കുവാണ്… കർത്താവേ ഞാൻ പൊയ്ക്കഴിയുമ്പോൾ അമ്മച്ചി അടുക്കളയിലും പറമ്പിലും തനിച്ചു കിടന്നു കഷ്ടപ്പെടേണ്ടി വരുമല്ലോ….പഠിക്കാനുണ്ട് എന്ന കാരണം പറഞ്ഞു രണ്ടും ഈ വഴിക്ക് വരില്ല…

കപ്പപ്പുഴുക്കിന് മേലേക്ക് ചെറിയ ഒരു പാത്രത്തിലേക്ക് കറിയുമെടുത്തു….. മംഗലത്തു വീടിന്റെ പടികൾ പമ്മി പമ്മി കയറി…. ഉമ്മറത്തു വന്നപ്പോഴേക്കും ശിവച്ഛന്റെ മുന്നിൽ പെട്ടു…. ഡെയ്സി ഒന്നു പരുങ്ങി…

വേണ്ട… വേണ്ടാ… നിന്നു പമ്മണ്ട നീ…. ഞാൻ കണ്ടു.. കൊണ്ടോയി കൊടുക്ക്….. നീ പോയ്ക്കഴിയുമ്പോൾ ഞാനിത് എവിടെ നിന്ന് ഒപ്പിച്ചു കൊടുക്കുമോ ദൈവമേ….. ശിവച്ഛൻ മേലേക്ക് കൈ ഉയർത്തി ചോദിച്ചു….

ഡെയ്സി ചിരിയോടെ അകത്തേക്ക് നടന്നു…. കണ്ടപ്പോൾ തന്നെ കയ്യും കഴുകി ആള് റെഡിയായി…. ആസ്വദിച്ചു കഴിക്കുന്ന ശിവയെ നോക്കി നിന്നു… ഓരോ വിരലും നുണഞ്ഞു കഴിപ്പ് നിർത്തി….. നല്ല രുചിയുണ്ടായിരുന്നു കൊച്ചേ…… നിന്റെ കൈപ്പുണ്യം വർണിക്കാൻ സാധിക്കില്ല…..

വേണമായിരുന്നോ ഇനിയും….. വയറു നിറഞ്ഞായിരുന്നോ …. ഡെയ്സി ചോദിച്ചു…..

വേണ്ട…. മതി…. ഇതിൽ നിന്റെയും കൂടി പങ്കില്ലായിരുന്നോ… ശരിക്കും വയറു നിറഞ്ഞു…… ഇനി നീ താഴെ പോയി കല്യാണിയമ്മയുടെ ഇഡ്ഡലിയും സാമ്പാറും കഴിച്ചോ….. അതല്ലേ നിനക്കിഷ്ടം…. ശിവ പറഞ്ഞപ്പോൾ ഡെയ്സി ചിരിയോടെ പ്ലേറ്റ് എടുത്തു കയ്യിൽ പിടിച്ചു …..

ഞാൻ ഇനി രണ്ടു ദിവസം വരില്ല കേട്ടോ… ശിവ ഡെയ്സിയെ തല ഉയർത്തി ഒന്നു നോക്കി…………… അപ്പച്ചന്റെയും അമ്മച്ചിയുടെയും വീട്ടിൽ നിന്നും ആളുകൾ വരും… മനസ്സമ്മതം കഴിഞ്ഞേ അവരെല്ലാം പോകൂ….

മ്മ്…. ശിവയൊന്നു മൂളിക്കേട്ടു….

അതുവരെ ശിവച്ഛനോട് വഴക്കിടരുത്… നിർബന്ധം പിടിക്കരുത്… എഴുതാനുള്ളതും വരയ്ക്കാനുള്ളതും എല്ലാം പൂർത്തിയാക്കി വെക്കണം… ഞാൻ തിരിച്ചു വരുമ്പോൾ എല്ലാം കാണണം എനിക്ക് …. കേട്ടോ… ഡെയ്സിയുടെ സംസാരം കേട്ടപ്പോൾ ശിവയ്ക്ക് ചിരിയാണ് വന്നത്…..

നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാനൊരു വഴക്കാളി ആണെന്ന്…. ഇതൊരുമാതിരി കുഞ്ഞിനെ അമ്മ അടക്കി ഇരുത്തും പോലെ….ശിവ ഡെയ്സിയെ കളിയാക്കി…..

കുഞ്ഞാണല്ലോ ….. അതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞതും…..ഡെയ്സിയുടെ മറുപടി കേട്ടപ്പോൾ ശിവയുടെ കണ്ണുകൾ അറിയാതെ അമ്മയുടെ ചിത്രത്തിലേക്ക് പാഞ്ഞു…. അമ്മയ്‌ക്കൊപ്പം കൂടെ നിൽക്കുന്ന ഡെയ്സിയിലേക്കും…. രണ്ടു മുഖത്തും തന്നെ നോക്കുമ്പോൾ ഒരേ ഭാവമാണ്…. അലിവാണ്…..കണ്ണിൽ ദയയാണ്…

നീ ധൈര്യമായി പോയിട്ടു വാ…. ഞാൻ ഒന്നിനും നിർബന്ധം പിടിക്കില്ല…. മനസ്സ് എന്റെ കയ്യിൽ ഒതുങ്ങുന്നുണ്ട്…. ഞാൻ പറയുന്നത് അനുസരിക്കുന്നുണ്ട്……. ശിവ പറഞ്ഞു….. ഡെയ്സി പോകുന്നത് മനസ്സോടെ അല്ലാന്നു തോന്നി…… തിരിഞ്ഞു നോക്കി നോക്കി…. മറന്നു പോയിട്ടു ഓർത്തെടുത്ത പോലൊരു ചിരിയും തന്നു മറഞ്ഞു എന്റെ മനസ്സിന്റെ കടിഞ്ഞാൺ നിയന്ത്രിക്കുന്നവൾ…. ജനാലയുടെ കമ്പിയിൽ മുറുക്കി പിടിച്ചു തലയും ചേർത്തങ്ങിനെ നോക്കി നിന്നു ഡെയ്സി പോകുന്നത്…. ഡെയ്സിയ്ക്കൊപ്പം അമ്മയും പോകുന്നതായി തോന്നി…. അമ്മ തിരിഞ്ഞു തന്നെ നോക്കി ചിരിച്ചു…. പക്ഷേ ഡെയ്സി….. അവളെന്താ തന്നെയൊന്നു നോക്കാത്തത്….. ചിരിക്കാത്തത്…… നോക്ക് ഡെയ്സി….. എന്നെയൊന്നു നോക്ക്….. ശിവയുടെ മനസ്സ് അലറി വിളിച്ചു… തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്കു വരാനാവാതെ ശബ്ദം വന്നു തിങ്ങി നിറഞ്ഞു….കണ്ണു കുറുകി…. ശ്വാസഗതി ഉയർന്നു പൊങ്ങി…. കൈകൾ കമ്പിയിലെ പിടുത്തം മുറുക്കി… കണ്ണുകൾ മുറുക്കി അടച്ചു…. മേശമേലിരിക്കുന്ന സാധനങ്ങൾ എല്ലാം തട്ടി തെറിപ്പിച്ചു…… ചെവി രണ്ടും പൊത്തിപ്പിടിച്ചു മെത്തയിലേക്ക് വീണു…. രണ്ടു കണ്ണും നിറഞ്ഞൊഴുകി…….

ശബ്ദം കേട്ട് ശിവയുടെ അച്ഛൻ ഓടി വന്നു… താഴെ ചിതറി കിടക്കുന്ന സാധനങ്ങളിലേക്കും ശിവയെയും ഒന്നു നോക്കി…. ശിവ തനിയെ കട്ടിലിന്റെ കാലിൽ ബന്ധിപ്പിച്ചിരിക്കുന്ന ബെൽറ്റിലേക്ക് തന്റെ കൈകൾ പ്രയാസപ്പെട്ടു മുറുക്കാൻ ശ്രമിക്കുകയാണ്…. അദ്ദേഹത്തിന്റെ നെഞ്ച് ഒന്നു പിടച്ചു…. ചുണ്ടു വിതുമ്പി അദ്ദേഹം ബെൽറ്റെടുത്തു കയ്യിൽ മുറുക്കി കൊടുത്തു… അടുത്തു വന്നിരുന്നു മുടിയിൽ തലോടി…

ഒന്നുമില്ലടാ ….. എന്റെ മോന് ഒന്നുമില്ല…. ഉറങ്ങിക്കോ….. അച്ഛൻ ഇവിടെ കൂട്ടിരിക്കാം… കവിളിൽ കൈ ചേർത്തു വെച്ചു…

മനസ്സിലും കണ്ണിലും അമ്മയാണ്… പക്ഷേ നാവിൽ നിന്നും പുറത്തേക്ക് വന്ന ശബ്ദം ഡെയ്സിയെന്നായിരുന്നു….

മാധവന് കാര്യങ്ങൾ ഏറെക്കുറെ ബോധ്യമായി…. ഡെയ്സി വരില്ലെന്ന് പറഞ്ഞു കാണും….. അതിന്റെ വിഷമം ആണ്….. ശിവയുടെ മനസ്സിൽ ദേവിയുടെ വേറൊരു രൂപമാണ് ഡെയ്സി…. അതിന് അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല… ദേവിയുടെ അതേ സ്വഭാവമാണ് അവൾക്കും….. ക്ഷമയും ദയയും സ്നേഹവും എല്ലാം….

ശിവയെ ഡെയ്സിയുടെ അടുത്തു വിട്ടിട്ടു എവിടെ പോകാനും വിശ്വാസമാണ്… രണ്ടാളുടെയും പ്രായം അപകടമാണ്….. പക്ഷേ തനിക്ക് ഡെയ്സിയെ വിശ്വാസമാണ്…. ദൈവഭയം ഉള്ള കുട്ടിയാണ്…. അവൾ തെറ്റ് ചെയ്യില്ല….. ശിവയെ നിയന്ത്രിക്കാൻ ഡെയ്സിയ്ക്ക് മാത്രേ കഴിയൂ….. പക്വതയുള്ള സ്നേഹം കൊണ്ട് അവനെ അവൾ അടക്കി നിർത്തും …. അവന്റെ സ്വഭാവം മാറുമ്പോൾ തന്നെ അത് മനസ്സിലാക്കി വേറെന്തെങ്കിലും പറഞ്ഞു മനസ്സ് മാറ്റിയിരിക്കും അവൾ……

ചുറ്റും വരച്ചു വെച്ചിരിക്കുന്ന ചിത്രങ്ങളിലേക്ക് അദ്ദേഹം നോക്കി… അവനിഷ്ടപ്പെടുന്ന എല്ലാമുണ്ട് ചിത്രത്തിന്റെ രൂപത്തിൽ….. ഒപ്പം ഡെയ്സിയും… ശിവ അച്ഛന്റെ തലോടലിൽ ഉറങ്ങിയിരുന്നു…. മുൻപൊന്നും അവന് തന്നെ അറിയാൻ കഴിയില്ലായിരുന്നു മനസ്സിന്റെ കെട്ട് വിട്ടു പോകുന്നത്… മറ്റാരെയും ഉപദ്രവിക്കില്ല പക്ഷേ സ്വയം മുറിവേൽപ്പിക്കും… ഭിത്തിയിൽ തലയിടിപ്പിക്കും, നാവു കടിച്ചു മുറിക്കും, കയ്യിലെ ബെൽറ്റ്‌ വലിച്ചു പൊട്ടിക്കാൻ ശ്രമിക്കും, കൈ മുറിയും……. അതെല്ലാം മനസ്സ് കൈവിട്ടു പോകുമ്പോൾ അവസാന ഘട്ടത്തിൽ സംഭവിക്കുന്നതാണ്…… പക്ഷേ ഇപ്പോൾ അവന് തുടക്കത്തിലേ സ്വയം മനസ്സിലാകും.. അവൻ തന്നെ അതിനുള്ള പരിഹാരവും കാണും…. അദ്ദേഹം ഒരു ദീർഘശ്വാസം വിട്ടു..ശിവയുടെ നെറ്റിയിലെ മുടി ഒതുക്കി വെച്ചു ഒരുമ്മ കൊടുത്തു… കതകടച്ചു പതിയെ വെളിയിലേക്ക് ഇറങ്ങി…..

റോയിയെ വിവാഹം കഴിക്കാൻ സമ്മതമെന്ന് ചുണ്ടു പറഞ്ഞെങ്കിലും ഉള്ളിന്റെയുള്ളിൽ റോയിയെന്ന ഒരാളെ തന്റെ പാതിയായി അംഗീകരിക്കാനാവാതെ വിഷമിക്കുകയായിരുന്നു ഡെയ്സി… റോയി എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാനായില്ല…..ആരെയും നോക്കാതെ മിണ്ടാതെ നിന്നു…. ഇടയ്ക്ക് കണ്ണുകൾ തിരഞ്ഞത് മുഴുവൻ ശിവച്ഛനെയാണ്.. കാണാതായപ്പോഴേ കാര്യങ്ങൾ കുറച്ചു മനസ്സിലായി… ഇല്ലെങ്കിൽ ശിവച്ഛൻ തന്റെ ഒരു കാര്യത്തിന് ഒരിക്കലും വരാതിരിക്കില്ല.. എങ്ങനെയും ഒന്നു വീടെത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളു….. സ്വന്തം കുഞ്ഞിനെ തനിച്ചാക്കി പോന്ന അമ്മയുടെ വെപ്രാളമായിരുന്നു അപ്പോൾ അവൾക്ക്…..

വീട്ടിൽ തിരിച്ചു വന്നതും സാരി പോലുമൊന്ന് മാറാൻ നിൽക്കാതെ ആരുടേയും അനുവാദത്തിന് കാത്തു നിൽക്കാതെ ഓടുകയായിരുന്നു മംഗലത്തേക്ക്….കയറി ചെന്നപ്പോഴേ കണ്ടു ശിവച്ഛൻ ചാരി കിടക്കുന്നത്….. അവളെ കണ്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ഭാവമാറ്റത്തിൽ ഉണ്ടായിരുന്നു അവൾക്ക് അറിയേണ്ടതെല്ലാം…… അവളുടെ അങ്കലാപ്പ് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു….

ഒന്നുമില്ല മോളെ….. അവന് ഒന്നുമില്ല…. ശിവച്ഛൻ ഇല്ലേ ഇവിടെ…….

പക്ഷേ അതിലൊന്നും ആശ്വസിക്കാൻ ആയില്ല ഡെയ്സിയ്ക്ക്….. മുകളിലേക്കുള്ള അവളുടെ പതറിയുള്ള ഓട്ടം കണ്ടപ്പോൾ അദ്ദേഹം ഒന്നു ഭയന്നു….. വാതിലിനടുത്തു വന്നു അണച്ചു നിന്നു ഡെയ്സി… കൈയിൽ രണ്ടിലും ബെൽറ്റ്‌ ഇട്ട് മുറുക്കി ചുരുണ്ടു കൂടിക്കിടക്കുന്ന ശിവയെ കണ്ടപ്പോൾ അറിയാതെ വിതുമ്പിപ്പോയി… ശിവ ശബ്ദം കേൾക്കാതിരിക്കാൻ അറിയാതെ വാ പൊത്തി… ഓടിച്ചെന്നു കയ്യിലെ കെട്ടഴിച്ചു… കണ്ണു തുറന്നപ്പോൾ ശിവ കണ്ടത് അടുത്തിരുന്നു കരയുന്ന ഡെയ്സിയെയാണ്…

ഞാൻ പറഞ്ഞിട്ടല്ലേ പോയത്.. വഴക്കിടരുതെന്ന്… നല്ല കുട്ടിയായി ഇരിക്കണമെന്ന്…… ഡെയ്സി ശിവയെ ശാസിച്ചു…….

ശിവ ഡെയ്സിയുടെ മടിയിലേക്ക് തല വെച്ചു കിടന്നു…… അതിൽ വേറൊരു വികാരവും കാണാൻ ഡെയ്സിയ്ക്ക് ആയില്ല… ആ മുഖം നെഞ്ചിൽ ചേർത്തു പിടിച്ചു കരഞ്ഞു…… മുഖം രണ്ടുകയ്യിലുമെടുത്തു ശിവയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു……

എന്തു പറ്റി…… അമ്മയെ ഓർത്തോ….

ശിവ മറുപടിയായി അതേയെന്ന് തല കുലുക്കി കാണിച്ചു… വീണ്ടും മടിയിൽ കിടത്തി ശിവയുടെ മുടിയിലൂടെ തലോടി..
മാധവൻ അങ്ങോട്ടേക്ക് വന്നപ്പോൾ കണ്ടത് ഡെയ്സിയുടെ മടിയിൽ കണ്ണു നിറച്ചു കിടക്കുന്ന ശിവയെയാണ്… ഡെയ്സി ചേർത്തു പിടിച്ചിട്ടുണ്ട്….. മാതാവിന്റെ മടിയിൽ കിടക്കുന്ന ദൈവപുത്രനെപ്പോലെ തോന്നി ആ കാഴ്ച്ച… മകന്റെ വേദനയോർത്തു നീറുന്ന മാതാവിന്റെ മുഖമായിരുന്നു അപ്പോളവൾക്ക്….

ശിവയെ എഴുന്നേൽപ്പിച്ചിരുത്തി മുടിയൊക്കെ വിരലുകൾ കൊണ്ട് ഒതുക്കി വെച്ചിട്ടു പറഞ്ഞു…. ഇനിയിങ്ങനെ കൈ കെട്ടിയിടാൻ ഇട വരുത്തരുത്… ദേ.. ശിവച്ഛന്റെ മുഖം നോക്ക്… പാവം ഒത്തിരി വിഷമമാ ഇങ്ങനെ കെട്ടിയിട്ട് കാണുന്നത്….

ശിവ അച്ഛനെ ഒന്നു നോക്കി ചിരിച്ചു….. അദ്ദേഹം ആശ്വാസത്തോടെയുള്ള ചിരി തിരിച്ചും നൽകി…

വിശേഷങ്ങൾ ഒക്കെയും പറയാൻ ഓടി വന്നതാ ഞാൻ…. ഇനിയിപ്പോൾ നാളെ പറയാം…. ശിവ തലയാട്ടി സമ്മതിച്ചു…. എങ്കിൽ കിടന്നുറങ്ങിക്കോ….. അതോ ഇനി രാത്രിയിൽ വീണ്ടും വഴക്കിടുവോ….. വിരൽ ചൂണ്ടി തന്റെ നേരെ ചോദ്യം ചോദിക്കുന്ന ഡെയ്സിയോട് ചിരിയോടെ ഇല്ലായെന്ന് പറഞ്ഞു…. ആ മുഖം നോക്കി തന്നെ ശിവ ഉറക്കത്തിലേക്ക് പോയി…. ഉറങ്ങിയെന്നു ഉറപ്പായപ്പോൾ ഡെയ്സി ധൃതിയിൽ തിരികെ പോകാനിറങ്ങി….. പോകുമ്പോൾ ഇനി കെട്ടിയിടല്ലേ ശിവച്ഛാ ന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു…… ഇന്നത്തെ ദിവസവും ഈ തിരക്കിനിടയിലും തന്റെ മകനെ ആശ്വസിപ്പിക്കാൻ മനസ്സു കാണിച്ച ആ മാലാഖപ്പെണ്ണിന്റെ നല്ല മനസ്സിനെ മാധവൻ മനസ്സാലെ തൊഴുതു…… ഒരു തരിമ്പു പോലും പേടിയില്ലാതെ അവനെ ചേർത്തു പിടിക്കുന്ന ആ മാലാഖപ്പെണ്ണിന്റെ കാൽക്കൽ സ്വന്തം ജീവൻ പോലും വെച്ചു തൊഴാൻ തയ്യാറായിരുന്നു ആ മനുഷ്യൻ…

തിരിച്ചു ഓടി ചെന്നു വീട്ടിൽ കയറുമ്പോൾ അമ്മച്ചിയുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ടില്ലെന്ന് വെച്ചു…. ഡ്രസ്സ്‌ ഒക്കെയും മാറിയിട്ട് അടുക്കളയിലേക്ക് കയറി…. ഭാഗ്യത്തിന് അമ്മച്ചി ഒന്നും ചോദിച്ചില്ല…. ചില ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നു… അതുകൊണ്ട് മറന്നു പോയിരിക്കും ചിലപ്പോൾ….

ഉറങ്ങാൻ കിടക്കുമ്പോഴും ഡെയ്സിയുടെ കണ്ണിൽ നിറയെ കൈകൾ കൂട്ടിക്കെട്ടിയ ശിവയുടെ രൂപമായിരുന്നു…. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ കർത്താവിനെ കൂട്ട് പിടിച്ചു…. ശിവയുടെ വിഷമം മുഴുവൻ കർത്താവിങ്കൽ അർപ്പിച്ചു പ്രാർത്ഥിച്ചു…. കുറച്ചൊരു സമാധാനം മനസ്സിന് കിട്ടിയപ്പോൾ പതിയെ കണ്ണുകളടച്ചു……

ഉടനെ വരും…..