രചന – നന്ദിത ദാസ്
“ചെന്നിട്ടു ഉടനെ വിളിക്കണേ എബി… പറ്റുമെങ്കിൽ വീട്ടിൽ വിവരം അറിയിച്ചിട്ട് ഉടൻ എന്റെ പപ്പയെ പോയി കാണണം കേട്ടോ…. ”
“മ്മ് അങ്ങനെ തന്നെ ചെയ്‌തോളാം…. ”
അവളോട് യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചെങ്കിലും മനസ്സ് മുഴുവൻ അവളായിരുന്നു… അവളുടെ അരികിലേക്കു തിരിച്ചെത്താൻ മനസ്സ് വല്ലാതെ വെമ്പുന്നതുപോലെ…
“ഇതെന്താ ചേട്ടായി ഒരു മുന്നറിയിപ്പും ഇല്ലാതെ? ”
“ഞാൻ എന്റെ വീട്ടിലേക്ക് വരുന്നതിനു എന്തിനാടി ഒരു മുന്നറിയിപ്പ്… ഞാൻ എന്താ വല്ല കൊടുംകാറ്റും വെള്ളപ്പൊക്കവുമാണോ… വരാൻ സാധ്യത ഉണ്ട് എല്ലാവരും ജാഗ്രത പാലിക്കണം എന്ന് പറയുന്നപോലെ…. ”
“ന്റെ ചേട്ടായിക്ക് ഇങ്ങനെ വളിച്ച കോമഡി പറയാൻ മാത്രേ അറിയുള്ളൂ അല്ലേ… വളരെ മോശം… ”
“നീ പോടീ… എന്റെ അമ്മച്ചി എവിടെ? ”
“എല്ലാരും ഇവിടെ തന്നെ ഉണ്ട്…. ചേട്ടായി വാ എനിക്ക് കുറേ കാര്യങ്ങൾ പറയാൻ ഉണ്ട്…. ”
“എനിക്കും പറയാൻ ഉണ്ട് ചിന്നൂട്ടി ഒരുപാട് കാര്യങ്ങൾ… നിന്റെ സപ്പോർട്ട് വേണം… ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരട്ടെ… ”
“മ്മ് ഒക്കെ ചേട്ടായി… ”
ചിന്നൂട്ടിയെ സോപ്പിട്ടാൽ പിന്നെ കാര്യങ്ങൾ എളുപ്പം ആണ്… ചാച്ചന്റെ പുന്നാര മോളാണ് അവൾ… അവൾ പറയുന്നതിന് അപ്പുറം ഒരു വാക്ക് ചാച്ചന് ഇല്ല… ഒന്നും രണ്ടും പറഞ്ഞു പിണക്കാതിരിക്കുന്നതാ നല്ലത്…
“എന്താ ചേട്ടായി പറയാൻ ഉണ്ടെന്നു പറഞ്ഞത്? ”
“പറയാം… നീ ആദ്യം റൂമിന്റെ വാതിലടച്ചു വാ ”
“അത്രക്ക് സീക്രെട്ട് ആണോ? ”
“കുറച്ചു സീക്രെട് ആണ്… ”
അവൾ വാതിൽ ലോക്ക് ചെയ്തു വന്നപ്പോളേക്കും ഞാൻ ഫോൺ എടുത്തു… അതിൽ നിന്നും ദിൽനയുടെ ഫോട്ടോ എടുത്തു…
“ഈ ചേച്ചിയെ നിനക്കോർമ ഉണ്ടോ? ”
“നോക്കട്ടെ… ആഹ് ഓർമ ഉണ്ട് അന്ന് ചേട്ടന്റെ കൂടെ ഫോട്ടോയിൽ കണ്ട ചേച്ചിയല്ലേ? ”
“മ്മ് അതെ… അന്ന് നീ ചോദിച്ചില്ലേ എന്തേലും ചുറ്റിക്കളി ഉണ്ടോന്നു? ”
“ചോദിച്ചു… അപ്പോൾ ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞേ… ”
“ഞങ്ങൾ പരസ്പരം ഇഷ്ടത്തിലാ ചിന്നൂട്ടി… ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ… നല്ല കുട്ടിയാ… നിനക്ക് ഇഷ്ടം ആയില്ലേ…. ”
“എന്ത് നല്ല കുട്ടി… സൗന്ദര്യം ഉണ്ട് എന്ന് വെച്ച് മനസിലിരുപ്പ് ആർക്കറിയാം… ഒരിക്കൽ ചേട്ടായിക്ക് മുട്ടൻ ഒരു തേപ്പ് കിട്ടിയതൊക്കെ മറന്നു പോയോ? ”
“ഇത് അങ്ങനെ ഒന്നും അല്ല മോളെ… അവളുമായി ഒരുതരത്തിലും ദിൽനയെ താരതമ്യം ചെയ്യാൻ പറ്റില്ല… എങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കണമെന്ന് എനിക്ക് അറിയില്ല… ”
“അപ്പോൾ സീരിയസ് ആണോ… ആ ചേച്ചിയുടെ വീട്ടിൽ പറഞ്ഞോ? ”
“ഇവിടെ ഒന്ന് അവതരിപ്പിച്ചിട്ട് നേരെ അവളുടെ വീട്ടിലോട്ട് ആലോചന ആയിട്ട് പോകാൻ ആണ് പ്ലാൻ… ”
“പണി പാളും ചേട്ടായി… അന്ന് ചേട്ടായി ഇഷ്ടം ആണെന്ന് പറഞ്ഞിട്ടല്ലേ കോശിച്ചായൻ കൊണ്ടുവന്ന ആ ആലോചന ഞങ്ങൾ ഉറപ്പിച്ചത്… ഡേറ്റ് വരെ ഫിക്സ് ആയി…. ഇനി ഇപ്പോൾ എങ്ങനെ ആണ് ആ വീട്ടുകാരോട് വാക്കു മാറ്റി പറയുന്നത്… ”
“എന്നോട് ചോദിക്കാതെ എന്റെ കല്യാണത്തിന് ഡേറ്റ് ഫിക്സ് ആക്കിയെന്നോ… ഇത് എവിടുത്തെ പരുപാടിയാ… നീ ചുമ്മാ നുണ പറയണ്ട ”
“നുണ ഒന്നുല്ല… ചേട്ടായി പറഞ്ഞിട്ടല്ലേ അത് ഉറപ്പിച്ചത്… ഇഷ്ടം ആണെന്ന് ചേട്ടായി തന്നെ അല്ലേ പറഞ്ഞത്… ”
“അത് പിന്നെ അപ്പോൾ അങ്ങനെ പറഞ്ഞെന്നും പറഞ്ഞു… പിന്നെ നിങ്ങൾ ആരും അതേ പറ്റി ഒന്നും പറഞ്ഞതും ഇല്ലല്ലോ… ”
“എനിക്ക് അറിയില്ല ചേട്ടായി… ചാച്ചൻ ഒരിക്കൽ എല്ലാത്തിനും കൂടെ നിന്നതാ… അന്ന് ഒരു വാക്കു പറഞ്ഞിട്ടാ ചേട്ടായി ഇവിടുന്നു തൃശ്ശൂർക്ക് പോയത്… ചാച്ചന്റെ തീരുമാനം അന്തിമം ആണെന്ന്… ”
“എല്ലാം ഓർമ ഉണ്ട്… പക്ഷേ ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല… ഒരിക്കൽ മാത്രം അല്ലേ ഞാൻ അവളെ കണ്ടിട്ടുള്ളു… എനിക്ക് ആ കുട്ടിയെ ഇഷ്ടവും ആയില്ല… ദിൽനയെ ഒഴിവാക്കാൻ എനിക്ക് പറ്റില്ല ”
“നടക്കില്ല ചേട്ടായി… ചാച്ചന്റെ സ്വഭാവം അറിയാല്ലോ…. ഒന്നും പറയാൻ നിൽക്കണ്ട… ഈ വീട്ടീന്ന് തന്നെ ചേട്ടായിയെ പുറത്താക്കും ”
“ആക്കുന്നെങ്കിൽ ആക്കട്ടെ…. എനിക്ക് അവളെ മതി…. ”
“അപ്പോൾ ചേട്ടായിക്ക് ഞങ്ങളെക്കാൾ വലുതാണോ അവള്… കുടുംബത്തിന്റെ അഭിമാനം കളഞ്ഞിട്ടു വേണോ അവളെ സ്വീകരിക്കാൻ ”
“അവൾ എനിക്ക് വലുത് തന്നെയാ…. അവൾ അല്ലാതെ വേറെ ഒരു പെണ്ണും ഈ എബിയുടെ ജീവിതത്തിൽ ഇല്ല… എന്നും പറഞ്ഞു നിങ്ങളെ ഒരിക്കലും തള്ളി കളയുകയും ഇല്ല… ”
“വേണ്ട… ഇനി ഒന്നും പറയേണ്ട… തൊലി വെളുത്ത ഒരു പെണ്ണിനെ കണ്ടപ്പോൾ ഞങ്ങളൊക്കെ ആരും അല്ലാതായി…. ഇതിന് ഒരിക്കലും ഞാൻ കൂടെ നിൽക്കില്ല… ”
“നീ കൂടെ നിൽക്കണ്ട… ചാച്ചന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ടു വേണം എനിക്ക് രണ്ടിലൊന്ന് തീരുമാനിക്കാൻ… ”
ചാച്ചൻ വന്നപ്പോൾ തന്നെ കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചു…
ചിന്നൂട്ടി പറഞ്ഞതുപോലെ തന്നെ… ചാച്ചൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…
ആകെ പെട്ട് ഇരുന്നപ്പോൾ എന്റെ ഇഷ്ടത്തിന് വില തരാത്തവരുടെ കൂട്ടത്തിൽ ഞാൻ ഇനി നിൽക്കില്ല എന്ന ഒരു ഡയലോഗ് അങ്ങ് കാച്ചി… ആ ഡയലോഗിൽ അമ്മച്ചി വീണു… ബട്ട് ചാച്ചൻ ഇപ്പോളും നീ പോണേൽ പോയിക്കോ എന്ന മൈൻഡിൽ തന്നെ…
അത്രക്ക് കൊള്ളില്ലല്ലോ…
അന്ന് രാത്രി തന്നെ ഞാൻ തൃശ്ശൂർക്ക് തിരിച്ചു…
രജിസ്റ്റർ മാര്യേജ് എങ്കിൽ അങ്ങനെ… എന്തായാലും ഇനി വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഇല്ല….
ചേട്ടായി രണ്ടും കല്പിച്ചാണല്ലോ പോയേക്കുന്നത്…
എന്തായാലും ആ ദിൽനയെ വിളിച്ചു കാര്യങ്ങൾ ഒന്ന് പറഞ്ഞേക്കാം… ചേട്ടായിടെ ഫോണിൽ നിന്നും എടുത്ത ദിൽനയുടെ നമ്പറിലേക്കു ഞാൻ വിളിച്ചു…
“ഹലോ… ഇത് ദിൽന അല്ലേ? ”
“അതേ… ആരാ മനസിലായില്ലലോ? ”
“ഞാൻ എബിയുടെ സിസ്റ്റർ ആണ്… ”
“ആഹാ ചിന്നൂട്ടി ആണോ… എബി അങ്ങ് ചെന്നിട്ടു വിളിച്ചില്ലല്ലോ…? ”
“ചേച്ചി… ഞാൻ പറയുന്നത് കൊണ്ടു ഒന്നും തോന്നരുത്…
ചേട്ടായി ചാച്ചനുമായി ഉടക്കി വീട്ടിൽ നിന്നും അങ്ങോട്ട് തിരിച്ചിട്ടുണ്ട്… ”
ചിന്നൂട്ടി എന്നോട് പറഞ്ഞ ഓരോ വാക്കുകളും ഹൃദയത്തെ തകർത്തു കളയുന്നവ ആയിരുന്നു…
ഒരു തരം നെഞ്ചിടിപ്പോടെ അല്ലാതെ അതൊന്നും കേട്ടോണ്ട് നിൽക്കാൻ എനിക്ക് ആകുമായിരുന്നില്ല…
“ചേച്ചി എന്നോട് ക്ഷമിക്കണം…. ഞങ്ങളുടെ ചേട്ടായിയെ ഞങ്ങൾക്ക് തിരിച്ചു തരണം…
ചേച്ചിക്ക് മാത്രമേ അതിനു കഴിയു… ”
“മോള് സങ്കടപ്പെടണ്ട…
മോളുടെ ചേട്ടായിയെ ഒരിക്കലും ഞാൻ തട്ടിയെടുക്കില്ല…
ഇതെന്റെ വാക്കാണ്… ചാച്ചനോടും പറഞ്ഞോളൂ ”
അപ്പോളത്തെ മാനസികാവസ്ഥയിൽ അങ്ങനെ പറയാനാണ് തോന്നിയത്…
എനിക്ക് മാത്രം എന്താ കർത്താവേ നീ ഇങ്ങനെ ഒരു വിധി തരുന്നത്…
എന്ത് തെറ്റാണ് ഞാൻ ചെയ്തിട്ടുള്ളത്…
അറിഞ്ഞും അറിയാതെയും ഒരാളെ പോലും വേദനിപ്പിച്ചിട്ടില്ല…
എന്നിട്ടും എന്റെ മനസ്സ് നീ കാണുന്നില്ലേ…
ഞാൻ സന്തോഷിക്കുന്നത് നീ ഒട്ടും ഇഷ്ടപ്പെടുന്നില്ലേ ….
എബി വരുന്നതിനു മുൻപ് ഇവിടം വിട്ട് എവിടേക്കെങ്കിലും ഓടി പോയാലോ എന്ന് വരെ ചിന്തിച്ചു കൂട്ടി…
ഒടുവിൽ എബിയെ എനിക്ക് വിധിച്ചിട്ടില്ലെന്നു തന്നെ ഉറപ്പിച്ചു… മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…
എബി വന്ന് കയറിയപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല…
ആ മുഖത്ത് നോക്കി എങ്ങനെ സംസാരിക്കും എന്നായിരുന്നു എന്റെ വേവലാതി….
എബിയുടെ മുഖം കണ്ടാൽ അറിയാം നല്ല ടെൻഷനിൽ ആണ്…
“പോയ കാര്യം ഒന്നും നടന്നില്ലടോ… ചാച്ചൻ സമ്മതിക്കില്ല…
എന്ന് കരുതി താൻ വിഷമിക്കൊന്നും വേണ്ട…
നമുക്ക് ഇവിടെ രജിസ്റ്റർ മാരേജ് നടത്താം…
കുറേ കഴിയുമ്പോൾ ചാച്ചന്റെ പിണക്കമൊക്ക മാറും…
അപ്പോൾ നമുക്ക് നാട്ടിലേക്കു പോകാം… ”
“താൻ എന്തൊക്കെയാ ഈ പറയുന്നത് രജിസ്റ്റർ മാരേജ് ചെയ്യണമെന്നോ… നല്ല കഥയായി…. എന്നെ അങ്ങനെ ആണോ എബി കണ്ടേക്കുന്നത് ”
“എടോ അങ്ങനെ അല്ല… നമുക്ക് ആകെ ഒരു വഴി അത് മാത്രേ ഉള്ളു..”
“എനിക്ക് എന്റെ പപ്പക്ക് കൊടുത്ത വാക്കു മാറ്റാൻ പറ്റില്ല എബി…
രജിസ്റ്റർ മാരേജിനു ഞാൻ സമ്മതിക്കില്ല… ”
“ഞാനും വാക്കൊക്കെ കൊടുത്തതാ… പക്ഷേ ചിലസമയത്ത് അതൊന്നും പ്രാക്ടിക്കൽ ലൈഫിൽ സാധ്യമാക്കാൻ കഴിയില്ലടോ… ട്രൈ ടു അണ്ടർ സ്റ്റാൻഡ് മി… പ്ലീസ്… ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് ഞാൻ… ”
“എബി പോയ ഉടനെ ഞാൻ പപ്പയെ വിളിച്ചു നമ്മുടെ കാര്യം പറഞ്ഞിരുന്നു… പപ്പക്ക് സമ്മതം അല്ല… ഇത്രയും നാൾ ഞാൻ ഒരു അന്യ പുരുഷന്റെ കൂടെ ജീവിച്ചതുപോലും വിശ്വസിക്കാൻ പപ്പക്ക് കഴിഞ്ഞിട്ടില്ല… ഞാൻ ഇവിടം വിട്ട് പോവാ എബി… പപ്പയെ ധിക്കരിക്കാൻ എനിക്കാകില്ല… എബി എന്നോട് ക്ഷമിക്കണം… നമുക്ക് പിരിയാം… ”
“പറ്റില്ല… പറ്റില്ല എനിക്ക് നിന്നെ പിരിയാൻ… നീ ഈ പറഞ്ഞതൊക്കെ കള്ളമാ… ഒരിക്കലും നിന്റെ പപ്പ അങ്ങനെ ഒന്നും പറയില്ല… എന്റെ വീട്ടിൽ നിന്നും ആരെങ്കിലും നിന്നെ വിളിച്ചു സങ്കടപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചോ… പറ… പറയാൻ… ”
“കൂടുതൽ ഒച്ച എടുക്കണ്ട എബി… കൂടുതൽ ഒന്നും എനിക്ക് പറയാനില്ല… മറ്റെന്നാൾ ഡെല്ലയുടെ വിവാഹമാണ്… അത് കഴിഞ്ഞാൽ ഉടൻ ഞാൻ ഈ നാടും ഇവിടെ ഉള്ള സകലതും ഉപേക്ഷിച്ചു പോകും… ഇനി ഒരിക്കലും എബി എന്നെ വിളിക്കരുത്… കാണരുത്… കല്യാണം ആലോചിച്ച കുട്ടിയെ കെട്ടി സന്തോഷത്തോടെ ജീവിക്കു… ആ കുട്ടിയുടെ മനസ്സ് വേദനിപ്പിക്കരുത്… എബി അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാം… എങ്കിലും പറഞ്ഞൂന്നേ ഉള്ളു… ”
“അപ്പോൾ ബൈ പറഞ്ഞു പോകാൻ തന്നെ നീ ഉദ്ദേശിച്ചോ… പൊയ്ക്കോ… അവിടേക്കാണെന്നു വെച്ചാൽ പൊയ്ക്കോളൂ… പിന്നെ ഈ എബി ജീവനോടെ കാണില്ല… ”
എബി അത് പറഞ്ഞു പൂർത്തി ആക്കുന്നതിനു മുൻപേ ഞാൻ ആ വാ പൊത്തി….
“അങ്ങനെ ഒന്നും പറയല്ലേ എബി… എന്താ ഞാൻ തന്നോട് പറയേണ്ടത്… നമുക്ക് ഒന്നിക്കാൻ വിധി ഇല്ല എബി പ്ലീസ്… എനിക്ക് വിഷമം ഇല്ലാഞ്ഞിട്ടല്ല… പക്ഷേ…. ”
“എന്ത് പക്ഷേ…. ഒക്കെ… ഇനി നിന്നെ ഞാൻ നിർബന്ധിക്കില്ല… പക്ഷേ ഞാൻ കാത്തിരിക്കും നീ മറ്റൊരാളുടെ സ്വന്തം ആകുന്നതുവരെ… അത് കഴിഞ്ഞു എന്ത് വേണമെന്ന് എനിക്കറിയാം… ”
“എബി…. ”
“കൂടുതൽ ഒന്നും പറയേണ്ട… നാളെ രാവിലെ തന്നെ നീ ഡെല്ലയുടെ വീട്ടിലേക്കു പൊയ്ക്കോ… ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച്ച വേണ്ട… നിന്റെ സാധനങ്ങൾ എല്ലാം പാക് ചെയ്‌തോളൂ… ”
കൂടുതൽ എന്തെങ്കിലും ഞാൻ പറയാൻ തുടങ്ങുന്നതിനു മുൻപേ എബി റൂം വിട്ടു പുറത്തു പോയി… അത് തന്നെയാ നല്ലത്… എബിയെ കണ്ടോണ്ടിരുന്നാൽ എന്റെ മനസ്സും പതറി പോകും… ചിന്നൂട്ടിക്കു കൊടുത്ത വാക്ക് പാലിക്കണം…
ഇന്ന് ഡെല്ലയുടെയും ജിതിന്റെയും വിവാഹം ആയിരുന്നു… എല്ലാം ഭംഗിയായി നടന്നു… അവൾക്കൊരു നല്ല ജീവിതം കിട്ടിയതിൽ മനസ്സുകൊണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചു…
ഇന്നൊരു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ ഈ തൃശൂർ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണ്…
നാളെ പകൽ കണ്ണ് തുറക്കുമ്പോൾ സ്വന്തം ഇഷ്ടങ്ങളെ പിടിച്ചു വെക്കാൻ സാധിക്കാതെ…. അപ്പൂപ്പൻ താടിപോലെ അവയെ പറത്തിവിട്ട ഒരു വിഡ്ഢിയായ പെണ്ണായി ഞാനും മാറും… മനസ്സിന്റെ ഒരു കോണിൽ വെണ്ണക്കല്ലിൽ കൊത്തിയ എന്റെ എബിയുടെ രൂപം കൂടുതൽ ശോഭയോടെ ആരും അറിയാതെ അവിടെത്തന്നെ കാണും… ഇന്നും… എന്നും .. എന്റെ ജീവൻ നിലയ്ക്കും വരെ….
(തുടരണോ )

by