രചന – നന്ദിത ദാസ്
നന്ദുവിന്റെ കണ്ണുകളെ നേരിടാനാകാതെ ഞാൻ തല കുനിച്ചു..
അകത്തേക്ക് കയറാൻ ഒരുങ്ങിയ എന്നെ അവൾ തടഞ്ഞു…
“എന്താ യാമി നിന്റെ ഉദ്ദേശം????? ”
“എന്ത് ഉദ്ദേശം…. എനിക്കൊരു ഉദ്ദേശവും ഇല്ല…. ”
“ഞാൻ വെറും പൊട്ടി ആണെന്ന് നീ കരുതരുത്…
ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ഒളിഞ്ഞും പതുങ്ങിയും ഒരു ഫോൺ വിളി…
ഇപ്പോൾ ദാ കൊച്ചു വെളുപ്പാൻ കാലത്ത് രണ്ടെണ്ണം കൂടി ഒരുമിച്ചു ഒരു കാറിൽ…
”
“ദേ നന്ദു… നിനക്ക് കുറച്ചു കൂടുന്നുണ്ട്…
മാറിനിൽക്കു ഞാൻ അകത്തേക്ക് കയറട്ടെ… ”
“എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി തന്നിട്ട് പോയാൽ മതി നീ… ”
“നിന്റെ വിഡ്ഢി ചോദ്യത്തിന് ഉത്തരം തരാൻ എനിക്ക് ഇപ്പോൾ മനസ്സില്ല…
ഒന്നാമത് തലയ്ക്ക് ആകെ ഭ്രാന്ത് പിടിച്ചു ഇരിക്കുവാ…
അതിന്റെ ഇടയ്ക്ക് നിന്റെ ഓരോ പൊട്ടൻ ചോദ്യങ്ങളും… ”
“ഓഹോ ഇപ്പോൾ ഞാൻ വെറും വിഡ്ഢി ആണല്ലേ….
എന്റെ ചോദ്യങ്ങൾ പൊട്ടത്തരം ആണല്ലേ…
നീ തന്നെ ഇങ്ങനെ പറയണം യാമി… എനിക്ക് ഇത് തന്നെ കിട്ടണം…. ”
“എന്റെ നന്ദു നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട…
നീ കരുതുന്നതുപോലെ ഒന്നും അല്ല…
ഞാൻ അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ വിനുവേട്ടനെ കണ്ടു അപ്പോൾ ഇങ്ങോട്ട് ഒരുമിച്ചു വന്നു അതാണ് സത്യം…. ”
“എന്റെ മുഖത്ത് നോക്കി കള്ളം പറയാനും നീ പഠിച്ചല്ലോ യാമി…
കല്യാണം ഉറപ്പിച്ച പെണ്ണാണ് നീ…
വേണ്ടാത്ത ചിന്ത ഒന്നും വേണ്ട…
ഇതുവരെ നല്ലതല്ലേ കേൾപ്പിച്ചിട്ടുള്ളു വെറുതെ ആളുകളെ കൊണ്ട് പേരുദോഷം ഉണ്ടാക്കരുത്… ”
“ഒന്ന് നിർത്തുന്നുണ്ടോ നന്ദു…
എന്നെ വിശ്വാസം ഇല്ലാതായോ നിനക്ക്…
എങ്കിൽ വാ… വാടി… വിനുവേട്ടനോട് വന്നു ചോദിക്കു നീ… ”
പുറത്ത് ആർത്തു പെയ്യുന്ന മഴയെ വകവെക്കാതെ നന്ദുവിന്റെ കൈയും പിടിച്ചു ഞാൻ മാഷിന്റെ വീട്ടിലേക്കു ഓടുക ആയിരുന്നു…
ഉമ്മറത്തോട്ടു പോലും കയറി നിൽക്കാതെ ആരോടോ വാശി തീർക്കുന്നതുപോലെ ആ മഴ മുഴുവൻ നന്ദു നനഞ്ഞു…
“വിനുവേട്ടാ…. വിനുവേട്ടാ… ”
“ഈശ്വരാ… എന്താ ഇത്… ഈ പെരുമഴയത്ത് നിന്നു എന്തിനാ നനയുന്നത് നന്ദു… ”
അകത്തേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ച എന്റെ കൈകൾ അവൾ തട്ടിമാറ്റി…
ഞാൻ സംശയത്തോടെ യാമിയെ നോക്കി…
പ്രശ്നം ഗുരുതരം ആണെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം…
“യാമി വിളിച്ചിട്ടാണോ വിനുവേട്ടൻ അമ്പലത്തിൽ വന്നത്?? ”
നന്ദുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ആദ്യം ഞാൻ ഒന്ന് പതറിയെങ്കിലും സിറ്റുവേഷൻ വഷളാകുമെന്നോർത്തു പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു…
“ഹേയ് അല്ല… അതിനു ഞാൻ അമ്പലത്തിൽ പോയില്ലലോ..”
“നന്നായിരിക്കുന്നു…. അമ്പലത്തിൽ പോകാത്ത ആളുടെ നെറ്റിയിൽ എങ്ങനെ ചന്ദനക്കുറി വന്നു… ”
സത്യത്തിൽ അവൾ അത് പറഞ്ഞപ്പോളാണ് ആ കാര്യം ഞാൻ ഓർക്കുന്നത് തന്നെ…
“അത് പിന്നെ വരുന്ന വഴിയിൽ യാമിയെ കണ്ടു അവൾ തന്നതാ… ”
“കൂടുതൽ പറഞ്ഞു വിനുവേട്ടൻ ബുദ്ധിമുട്ടണ്ട…
എനിക്കറിയാം നിങ്ങളുടെ മനസ്സ് മരിച്ചു പോയ ലെച്ചുന്റെ സ്ഥാനത്തു എന്റെ യാമിയെ കാണരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ…
ഇഷ്ടം പറഞ്ഞു കൂടെ കൂടി അവളുടെ മനസ്സ് മാറ്റാൻ വല്ല ഉദ്ദേശവും ഉണ്ടോ… ”
പിന്നെ എനിക്കെന്നെ പിടിച്ചു നിർത്താൻ ആയില്ല…
മുന്നും പിന്നും നോക്കാതെ പൊട്ടിത്തെറിച്ചു ഞാൻ…
“നിർത്തെടി…
അതെ എനിക്ക് യാമിയെ ഇഷ്ടം ആണ്… ഒരുപാട് ഒരുപാട്… അവൾക്കെന്നെ ഇഷ്ടം ആണെങ്കിൽ ഈ നിമിഷം രണ്ട് കൈയും നീട്ടി സ്വീകരിക്കും ഈ വിനയൻ…
ഇന്നേവരെ ആ ഇഷ്ടത്തിന്റെ പേരും പറഞ്ഞു അവളുടെ പുറകേ ഞാൻ പോയിട്ടില്ല… ഇനി പോകുകയും ഇല്ല… എന്നും പറഞ്ഞു വായിൽ വരുന്നതൊക്കെ നീ ഇങ്ങനെ വിളിച്ചു കൂവരുത്…. ”
അത്രയും പറഞ്ഞു കഴിഞ്ഞാണ് സമനില വീണ്ടു കിട്ടുന്നത്…
പറഞ്ഞത് അബദ്ധം ആയിന്നു യാമിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോളാണ് മനസ്സിലായത്…
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ യാമി കരഞ്ഞുകൊണ്ട് വീട്ടിലേക്കു ഓടി…
ബഹളം കേട്ടു മാഷ് ഓടിവന്നപ്പോൾ നന്ദു മുറ്റത്തു നിന്നു മഴ എല്ലാം നനയുന്നു…
“നന്ദു… മോളെ… എന്തായിത്…
നീ നോക്കി നിൽക്കുവാണോ വിനു… മോളെ പിടിച്ചു കയറ്റമായിരുന്നില്ലേ… ”
മാഷ് അവളെ അകത്തേക്ക് പിടിച്ചു കയറ്റി…
തോർത്തു എടുത്തു അവളുടെ തല എല്ലാം തുവർത്തി കൊടുത്തു…
നന്ദു നിന്നു വിറയ്ക്കുകയാണ്…
മുഖമെല്ലാം ചുവന്നു തുടുത്തിട്ടുണ്ട്…
ചുണ്ടുകൾ വിറയ്ക്കുന്നു…
ശരിക്കും ആ രംഗം കണ്ടപ്പോൾ സങ്കടം വന്നു….
യാമിയോട് ഇനി എന്ത് പറയുമെന്ന് ഒരു പിടിയും ഇല്ല…
എല്ലാം ഓർക്കുമ്പോൾ ആകെ വട്ടാകുന്നതുപോലെ…
“മോള് വീട്ടിലേക്കു ചെല്ല്… ഞാൻ കുട എടുത്തു തരാം ഈ നനഞ്ഞ തുണി ഇട്ടോണ്ട് ഇരിക്കണ്ട… ”
മാഷ് കുട എടുക്കാൻ അകത്തേക്ക് കയറിയപ്പോൾ നന്ദു എന്നെ ഒന്ന് നോക്കി..
പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി വീട്ടിലേക്കു നടന്നു…
ഞാൻ എത്ര വിളിച്ചിട്ടും അവൾ നിന്നില്ല….
വീട്ടിലോട്ടു ചെന്നു കയറിയ ഉടൻ കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു…
അച്ഛൻ വന്നു തടഞ്ഞെങ്കിലും ദേഷ്യം മാറിയില്ല…
വാതിൽ വലിച്ചടച്ചു ഞാൻ റൂമിൽ കയറി…
“ഈ കുട്ടിക്ക് ഇത് എന്താ പറ്റിയെ മാധവേട്ടാ ഇങ്ങനെ ഒരു ശീലം പതിവില്ലാത്തതാണല്ലോ… ”
“എനിക്ക് അറിയില്ലടോ… എന്താ നമ്മുടെ നന്ദുന് പറ്റിയതെന്നു…
ഞാൻ ചെന്നു യാമി മോളെ വിളിച്ചോണ്ട് വരാം രണ്ടാളും കൂടി വഴക്കിട്ടിട്ടുണ്ടാകും… ”
പുറത്തേക്കിറങ്ങാൻ നേരം വിനയൻ വരുന്നത് കണ്ടു…
“അച്ഛാ… നന്ദു… ”
“ഇത് കണ്ടില്ലേ മോനെ എല്ലാം വാരി വലിച്ചു നശിപ്പിച്ചു…
റൂമിൽ കയറി വാതിലടച്ചു…
എന്താ പറ്റിയതെന്ന് അറിയാൻ മേല… ”
“അച്ഛൻ വിഷമിക്കണ്ട എന്നോടുള്ള ദേഷ്യം കൊണ്ട് ചെയ്തതാ…
ഞാൻ മാറ്റിയെടുത്തോളാം…
നന്ദുന്റെ റൂം ഒന്ന് കാണിച്ചു തന്നാൽ മതി… ”
അച്ഛൻ കാണിച്ചു തന്ന റൂമിന്റെ വാതിൽ ഞാൻ പതുക്കെ തുറന്നു… ഭാഗ്യത്തിന് റൂം ലോക്ക് അല്ലായിരുന്നു…
റൂമിൽ നന്ദുവിനെ കണ്ടില്ല…
വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ അവിടെ ഉണ്ടെന്ന് മനസ്സിലായി…
റൂം എല്ലാം വെറുതെ ഒന്ന് കണ്ണോടിക്കുന്നതിനിടയിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പൊതി എന്റെ കണ്ണിൽ ഉടക്കി…
എന്താണെന്നു നോക്കാനായി ഞാൻ അത് കൈയിൽ എടുത്തു…
“തുറക്കരുത്….. ”
നന്ദു എന്റെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങി..
“ഇതിൽ ഒന്ന് തൊടാൻ പോലും ആർക്കും അർഹത ഇല്ല….
പോ… എന്റെ റൂമിൽ നിന്നും പോകാൻ…. ”
“എന്തിനാ നന്ദു ഇത്രയ്ക്ക് ദേഷ്യം…
ഒരു കാരണവും ഇല്ലാതെയാ നീ ഇങ്ങനെ വാശി കാണിക്കുന്നത്…
ഒരിക്കലും എന്റെ മനസ്സ് യാമിക്കു മുന്നിൽ ഞാൻ തുറന്നിട്ടില്ലായിരുന്നു…
ഇന്ന് നിന്റെ ആ സംസാരം ഒട്ടും സഹിക്കാൻ പറ്റാതെ ആയപ്പോൾ ആണ് അതൊക്കെ പറഞ്ഞു പോയത്…
ഇനി എങ്ങനെ ഞാൻ അവളുടെ മുഖത്ത് നോക്കും… ”
“രണ്ടാളും എന്നെ പറ്റിക്കുന്നതായി തോന്നിയിട്ടല്ലേ എനിക്ക് സങ്കടം ആയത്…
എന്റെ കണ്ണിൽ നോക്കി എന്റെ യാമി കള്ളം പറഞ്ഞപ്പോൾ ഞാൻ…
വിനുവേട്ടൻ അതിന് കൂട്ടു നിൽക്കുക കൂടി ചെയ്തപ്പോൾ സമനില തെറ്റിപ്പോയി… ”
“പോട്ടെ ഡാ അങ്ങനെ ഒന്നുല്ല… യാമി ഒരു തെറ്റും ചെയ്തിട്ടില്ല…
മോള് കണ്ണൊക്കെ തുടച്ചു വന്നേ…
അച്ഛനും അമ്മയൊക്കെ വിഷമിച്ചിരിക്കുവാ…. ”
“ഞാൻ എങ്ങോട്ടും ഇല്ല…
എനിക്ക് വയ്യ… ”
“എന്റെ നന്ദുകൊച്ചേ ഇങ്ങനെ വാശി പിടിക്കാതെടോ…
എനിക്ക് അറിയാവുന്ന എന്റെ നന്ദു നല്ല കുട്ടിയല്ലേ…
ഇനിയും അങ്ങനെ ആയിരിക്കണം…
നീ വേണ്ടേ എനിക്ക് വേണ്ടി യാമിയോട് സംസാരിക്കേണ്ടത്…. ”
“പിന്നേ… വായിൽ വരുന്നതൊക്കെ വിളിച്ചു കൂവിയപ്പോൾ ഓർക്കണമായിരുന്നു… ”
“ഓഹ്ഹ് പറ്റിപോയില്ലേ”
എങ്ങനെയൊക്കെയോ നന്ദുനെ പഴയ പോലെ ആക്കി…
യാമിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു…
യാമി എന്നെ ഏല്പിച്ച കാര്യം റെഡിയാക്കാൻ അപ്പോൾ തന്നെ ഞാൻ പുറത്തേക്കും പോയി…
ഗെയിറ്റ് വഴി കറങ്ങി തിരിഞ്ഞു പോകാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ട് ഇടം വലം നോക്കി മതിൽ ചാടാൻ തന്നെ തീരുമാനിച്ചു…
കൈ രണ്ടും മതിലിന്റെ മുകളിലേക്കു കുത്തി ചാടാൻ ഒരുങ്ങിയപ്പോൾ മതിലിന്റെ മുകളിൽ പരിചയം ഉള്ള ഒരു തല… യാമിയുടെ😂…
കുറച്ചു നേരത്തെ മസ്സില് പിടിത്തത്തിനൊടുവിൽ രണ്ടാളുടെയും മുഖത്തൊരു വളിച്ച ചിരി വിടർന്നു…
“ചാടിക്കോടി… ചമ്മണ്ട… ”
“നീ ചാടിക്കോ… ”
“എങ്കിൽ മാറി നില്ക്കു… ഞാൻ ദാ ചാടിക്കഴിഞ്ഞു… ”
“നിന്റെ ദേഷ്യമൊക്കെ മാറിയോടി ഫൂലൻ ദേവി… ”
“മ്മ് മാറി… ”
“ഈ പെണ്ണിന്റ ഒരു കാര്യം… ശരിക്കും എനിക്ക് സങ്കടം വന്നു കേട്ടോ…
വിനുവേട്ടൻ കൂടി അങ്ങനെ പറഞ്ഞപ്പോൾ സഹിച്ചില്ല… അതാ കരഞ്ഞോണ്ട് ഓടിയത്… ”
“ക്ഷമിക്കു മുത്തേ…നന്ദുവിന്റെ ഈ വൃത്തികെട്ട സ്വഭാവം എന്റെ യാമി അങ്ങ് ക്ഷമിക്കു… ”
“ക്ഷമിച്ചതുകൊണ്ട് അല്ലേടി പോത്തേ നിന്നെ കാണാൻ ഞാൻ വേലി ചാടിയത്… ”
“മ്മ് അല്ലെങ്കിലും എനിക്കറിയാം നീ എന്നോട് പിണങ്ങില്ലെന്നു…
പിന്നേ വിനുവേട്ടൻ അപ്പോൾ എന്നോടുള്ള ദേഷ്യത്തിന് പറഞ്ഞതാ നിന്നെ ഇഷ്ടം ആണെന്ന്…
ആ പാവത്തിനോട് നീ പിണങ്ങാൻ ഒന്നും നിൽക്കണ്ട കേട്ടോ…. ”
“മ്മ് ഇല്ലെടി.. ”
അല്ലെങ്കിലും ഇടയ്ക്ക് ഞങ്ങൾക്കിടയിൽ ഇത്തരം പിണക്കങ്ങൾ പതിവാണ് പക്ഷേ അതിനു മണിക്കൂറുകൾ മാത്രമേ ആയുസ്സ് ഉണ്ടായിരിക്കുള്ളൂ എന്ന് മാത്രം….
വൈകിട്ടു കാവിൽ വിളക്ക് വെച്ചു വരുമ്പോൾ നിഖിലേട്ടന്റെ കൂട്ടുകാരനെ കണ്ടു…
“അല്ല യാമി നന്ദു പട ഇവിടെ നിൽക്കുന്നതെ ഉള്ളോ…
മച്ചമ്പി നാട്ടിൽ വന്നിട്ട് കണ്ടില്ലേ?? ”
“അതിനു നിഖിലേട്ടൻ എത്തിയത് ഞാൻ അറിഞ്ഞില്ലല്ലോ ഗിരിയേട്ടാ… ”
“അറിഞ്ഞില്ലേ… ഇന്നലെ രാത്രി എത്തിയിരുന്നു… ഞാനാ റയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു വന്നത്…
ഓഹ് ചിലപ്പോൾ രാവിലെ തന്നെ എറണാകുളം പോയി കാണും…
എറണാകുളം പോകുന്നുണ്ടെന്നു പറഞ്ഞിട്ടുണ്ടായിരുന്നു…. ”
“മ്മ് എന്നാൽ ശരി ഗിരിയേട്ടാ… ”
“ഒക്കെ മക്കളേ എങ്കിൽ നിങ്ങൾ വിട്ടോ… ”
“ഇതെന്താ യാമി നിഖിലേട്ടൻ നിന്നെ അറിയിക്കാതെ ഒരു വരവും പോക്കും… ”
“എനിക്ക് അറിയില്ല നന്ദു…
ആഹ് എന്തെങ്കിലും ആകട്ടെ നീ പെട്ടെന്ന് നടക്കു സന്ധ്യ ആകാറായി… ”
കുറേ ദൂരം ചെന്നു കഴിഞ്ഞപ്പോൾ ആണ് ആരോ പിൻ തുടരുന്ന പോലെ ഒരു തോന്നൽ…
യാമി ഒന്നും ശ്രദ്ധിക്കാതെ ഫോണിൽ കുത്തി ആർക്കോ മെസ്സേജ് അയക്കുന്നു…
ഞാൻ പെട്ടെന്ന് പുറകിലേക്കു തിരിഞ്ഞു നോക്കി…
“ഓഹ്ഹ് കണ്ണേട്ടൻ ആയിരുന്നോ?? ”
“അതെ കണ്ണേട്ടൻ തന്നെ… എന്തൊരു സ്പീഡാ നിങ്ങൾക്കു കാവ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ പിന്നാലെ ഉണ്ടായിരുന്നു… ”
“എന്നിട്ടെന്താ വിളിക്കാഞ്ഞത്… ”
“ഓഹ് നിന്റെ പുറകേ നടക്കാമെന്നു ഞാനും കരുതി… ”
ഞങ്ങളുടെ സംസാരം കേട്ടു യാമി തിരിഞ്ഞു നോക്കി…
ഒരു കള്ള ചിരിയോടെ അവൾ മുന്നോട്ടു നടന്നു…
“കുറച്ചു നേരം നമുക്ക് ഒരുമിച്ചു നടക്കാം നന്ദു… ”
“എന്തിനു… എനിക്ക് പെട്ടെന്ന് പോകണം… ”
“ദേ പെണ്ണേ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി…”
കണ്ണേട്ടൻ എന്റെ കൈയിൽ പിടുത്തമിട്ടു…
“അന്ന് എന്റെ കയ്യിന്നു കിട്ടിയത് ഓർമ ഉണ്ടല്ലോ അല്ലേ… ”
പെട്ടെന്ന് കണ്ണേട്ടൻ എന്റെ കൈ വിട്ടു സ്വന്തം കവിളിൽ ഒന്ന് തലോടി… എന്നിട്ടൊരു വളിച്ച ചിരിയും…
“അന്ന് ഞാനും തന്നായിരുന്നു ഒരു കൂട്ടം അങ്ങോട്ട്…
അതിന്റെ കടം ഇപ്പോളും ബാക്കിയാണ്… ”
“മ്മ് പിന്നേ പിന്നേ… ”
പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടു കണ്ണേട്ടൻ എന്റെ കൂടെ തന്നെ ഉണ്ട്…
വിനുവേട്ടന്റെ കാർ പിന്നിൽ വന്നു നിന്നപ്പോളാണ് ഞങ്ങളുടെ സംസാരം പാതി വഴിയിൽ മുറിഞ്ഞത്…
കാറിൽ നിന്നും ഇറങ്ങി വിനുവേട്ടൻ ഞങ്ങളെയും യാമിയെയും മാറി മാറി നോക്കുന്നുണ്ട്…
“എന്താ വിനുവേട്ടാ… യാമിയോട് സംസാരിച്ചോളൂ കേട്ടോ അവൾക്കു പിണക്കം ഒന്നുല്ല..
”
വിനുവേട്ടൻ ചിരിച്ചുകൊണ്ട് യാമിക്ക് അരികിലേക്കു ചെന്നു…
“നീ ഇങ്ങോട്ട് നോക്കു നന്ദു ദാ ഇത് എങ്ങനെ ഉണ്ട്? ”
പെട്ടെന്ന് എന്റെ ശ്രദ്ധ കണ്ണേട്ടനിലേക്കു തിരിഞ്ഞു…
“യാമി… താൻ തന്ന നമ്പറിന്റെ ഡീറ്റെയിൽസ് എടുത്തിട്ടുണ്ട്… ഇപ്പോൾ കണ്ടത് നന്നായി ഞാൻ തറവാട്ടിലേക്കു പോകുവാ… രണ്ട് ദിവസം നല്ല ബിസി ആയിരിക്കും ഒരു കച്ചേരി ഉണ്ട്… ”
“മ്മ്.. ഞാൻ വിളിക്കാം വിനുവേട്ടാ… ഡീറ്റെയിൽസ് ഇങ്ങു തന്നേക്കു ഇപ്പോൾ നന്ദു കണ്ണേട്ടനോട് സംസാരിക്കുക അല്ലേ അവൾ ശ്രദ്ധിക്കില്ല… ”
ഞാൻ പോക്കറ്റിൽ നിന്നും കാൾ ഡീറ്റെയിൽസ് അടങ്ങിയ പേപ്പർ എടുത്തു അവൾക്കു കൊടുത്തു…
അവളത് തുറന്നു നോക്കും മുൻപേ ഞാൻ തിരികെ കാറിനരുകിലേക്കു നടന്നു…..
(തുടരും )

by