രചന – നന്ദിത ദാസ്
ചുറ്റും കൂടി നിൽക്കുന്നവരുടെ മുഖങ്ങളിലേക്ക് ഞാൻ മാറി മാറി നോക്കി…. അതിൽ ഒരു മുഖം… ഓർമകളിൽ എവിടെയോ മിന്നി മാഞ്ഞതുപോലെ… വിശ്വാസം വരാതെ ഞാൻ ഒന്നുകൂടി എബിയെ നോക്കി… നൂറു വോൾട്ടിന്റെ ഒരു ചിരി ആയിരുന്നു മറുപടി…
“എന്താ എബി ഇതൊക്കെ? ഇവരൊക്കെ ആരാ? ”
“ഇവരെ ഒന്നും എനിക്കും നേരിട്ട് പരിചയം ഇല്ല… പക്ഷേ ഒരിക്കൽ നീ പറയാതെ പറഞ്ഞ നിന്റെ ജീവിതത്തിൽ നിന്നും കുറേ കഷ്ടപ്പെട്ടു കണ്ടു പിടിച്ച ഒരാൾ ഉണ്ട് ഈ കൂട്ടത്തിൽ…. ”
ഞാൻ നോക്കി നിൽക്കേ ചുറ്റും കൂടി നിൽക്കുന്നവരെ വകഞ്ഞു മാറ്റി ഒരാൾ എന്റെ നേരെ നടന്നടുത്തു… നല്ല കാശ്മീരി ആപ്പിളിന്റെ നിറം… നീണ്ടു ഉയർന്ന നാസിക… നീളമുള്ള തവിട്ടു നിറമുള്ള കണ്ണുകൾ… ചുവന്നു തുടുത്ത ചുണ്ടുകൾ… എന്റെ ഓർമകൾ പപ്പയുടെ പഴയ ആൽബത്തിൽ ചെന്നു തറച്ചു നിന്നു… ഞാൻ അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു….
“ദിൽന…. ”
ഒരിക്കൽ എന്റെ പപ്പ ജീവനെ പോലെ സ്നേഹിച്ച പെൺകുട്ടി… അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണല്ലോ ഈ പേര് പോലും എനിക്ക് സ്വന്തം ആയത്… വിശ്വാസം വരാതെ ഞാൻ എബിയെ നോക്കി…
“ഒട്ടും സംശയിക്കേണ്ട ഇതാണ് സഫലമാകാതെ പോയ ആ പ്രണയ കഥയിലെ നായിക… ദിൽന… ”
ഞാൻ ഒന്നുകൂടി അവരെ സൂക്ഷിച്ചു നോക്കി… പഴയ ഫോട്ടോയിലെ അതേ രൂപം തന്നെ… ആ സൗന്ദര്യത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല… അല്പം തടിച്ചിട്ടുണ്ട്… പ്രായത്തിന്റെ ചുളുവുകൾ കവിളുകളിലും കഴുത്തിലും ഒരു അടയാളമായി രൂപപ്പെട്ടിരിക്കുന്നു….
“ഇത്രയും വർഷങ്ങൾക്കു ശേഷം എബി എങ്ങനെ ഇവരെ കണ്ടെത്തി… എനിക്ക് വിശ്വസിക്കാൻ കൂടി കഴിയുന്നില്ല… പപ്പ ഒരിക്കൽ ജീവനെ പോലെ സ്നേഹിച്ച അവരെ കാണണമെന്നും പപ്പയുടെ മുന്നിൽ ഇവരെ കൊണ്ടു നിർത്തണമെന്നും പണ്ടൊക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്… പരസ്പരം ഒന്നും തുറന്നു പോലും സംസാരിക്കാതെ പിരിയേണ്ടി വന്നവരാണ് അവർ…. ”
“എല്ലാം വിശദമായിട്ട് പറഞ്ഞു തരാം… ആദ്യം ഈ സർപ്രൈസ് നിനക്കു ഇഷ്ടം ആയോന്ന് പറ… ”
പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു… എബിയുടെ കൈകളിൽ ഞാൻ മുറുകെ പിടിച്ചു…
“തന്നോട് ഞാൻ എങ്ങനെ ആടോ നന്ദി പറയേണ്ടത്… ഓരോ തവണയും താൻ എന്നെ ഞെട്ടിച്ചുകൊണ്ട് ഇരിക്കുവല്ലേ… ”
“അതിനു ആർക്കു വേണം തന്റെ നന്ദി.. വേണ്ടത് എന്താണെന്നു ഞാൻ വഴിയേ അറിയിക്കാം കേട്ടോ… ഇപ്പോൾ മോൾ ഇവരോട് സംസാരിക്കു… ”
“അയ്യോ എനിക്ക് ഹിന്ദി അറിഞ്ഞുകൂടാ എബി… എന്താ ഞാൻ സംസാരിക്കുക… എന്ത് പറഞ്ഞാണ് എബി ഇവരെ ഇവിടെ എത്തിച്ചത്… എന്താ ഞാൻ ഇപ്പോൾ വിളിക്കുക… അമ്മ എന്നോ… അതോ ആന്റി എന്നോ? ”
എന്റെ മുഖത്തെ പരിഭ്രാന്തി കണ്ടിട്ടാകണം അവർ എന്റെ അടുത്തേക്ക് നീങ്ങി നിന്നു…
“എനിക്ക് പിറക്കാതെ പോയ എന്റെ മകളാണ് നീ…. അതുകൊണ്ട് മോൾ എന്നെ അമ്മ എന്ന് വിളിച്ചു കേൾക്കാനാണ് എന്റെ ആഗ്രഹം… ”
“മലയാളം… മലയാളം എങ്ങനെ? ”
“മാത്യൂസ് എന്നെ പഠിപ്പിച്ചു തന്നതൊന്നും ഞാൻ മറന്നിട്ടില്ല ഇതുവരെ… ഒരുപാട് പാടുപ്പെട്ടിരുന്നു ഒരുകാലത്തു ഈ ഭാഷ പഠിക്കാൻ… പക്ഷെ പഠിച്ചത് പിന്നീട് മറന്നതും ഇല്ല… ”
“എന്റെ പപ്പയോടു ദേഷ്യം ഒന്നും തോന്നരുത്… ആ മനസ്സ് നിങ്ങളെ ഓർത്തു പിടക്കുന്നത് കണ്ടു വളർന്നവളാണ് ഞാൻ ”
“മാത്യൂസിനെ എനിക്ക് നന്നായി അറിയാം…. ആ സ്നേഹം സത്യമായിരുന്നു എന്നും അറിയാം …. ഒരിക്കലും വെറുത്തിട്ടില്ല ഞാൻ ആ മനുഷ്യനെ …
ഇവിടെ നിന്നും നാട്ടിലേക്കു വന്ന ശേഷം മാത്യൂസിനെക്കുറിച്ചു ഒരു വിവരവും ഉണ്ടായിരുന്നില്ല…
വരുമെന്ന പ്രതീക്ഷയിൽ തന്നെ ഞാൻ കാത്തിരുന്നു… പക്ഷേ പിന്നീട് കാണാതിരുന്നപ്പോൾ ഞാനും എന്റെ ഒരു സുഹൃത്തും കൂടി കേരളത്തിലേക്ക് വന്നിരുന്നു… കൈയിൽ ഉണ്ടായിരുന്ന അഡ്രസ്സിൽ അന്വേഷിച്ചു… ഒടുവിൽ എത്തപ്പെട്ടത് നിങ്ങളുടെ വല്യപ്പച്ചന്റെ മുൻപിലും… ആട്ടി ഇറക്കി ആ മനുഷ്യൻ എന്നെ ആ വീട്ടിൽ നിന്നും… പോകാൻ കൂട്ടാക്കാതെ നിന്ന എന്നോട് അയാൾ പറഞ്ഞത് മാത്യൂസിന്റെ വിവാഹം കഴിഞ്ഞെന്നുള്ള വാർത്ത ആയിരുന്നു…
ഞാൻ അത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്നപ്പോളാണ് സത്യങ്ങൾ എല്ലാം മാത്യൂസിന്റെ അമ്മ എന്നോട് തുറന്നു പറയുന്നത്.. ഞങ്ങൾ തമ്മിലുള്ള ഇഷ്ടം അപ്പൻ അറിയുന്നതും അമ്മക്ക് സുഖം ഇല്ലെന്നു പറഞ്ഞു ടെലിഗ്രാം അടിച്ചു നാട്ടിലേക്കു വരുത്തിയതും മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതും എല്ലാം….
നിറയെ പ്രതീക്ഷകളോടെ വന്ന ഞാൻ തകർന്ന മനസ്സുമായാണ് അവിടെ നിന്നും തിരിച്ചത്…. എന്നാൽ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ അവിടെ നിന്നും തുടങ്ങുകയാരുന്നു….
എന്നെ കാണാതായ വാർത്ത നാടാകെ പരന്നു…
ഒടുവിൽ കണ്ടെത്തിയത് എന്റെ കൂടെ നാട്ടിലേക്കു വന്ന ആൺ സുഹൃത്തിനൊപ്പവും…
ഒരു വല്യ തെറ്റിദ്ധാരണയുടെ പുറത്ത് എല്ലാവരും കൂടി ചേർന്ന് പിടിച്ച പിടിയാലേ ഞങ്ങളുടെ വിവാഹവും നടത്തി….
ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ല…
പക്ഷേ എന്റെ തെറ്റുകൾ ക്ഷമിച്ചു ഒരു പുതു ജീവിതം അദ്ദേഹം എനിക്ക് തന്നു… ഇന്ന് ഞങ്ങൾ കുടുംബ സമേതം സന്തോഷത്തോടെ ജീവിക്കുന്നു… പഴയ കാര്യങ്ങൾ ഓർക്കാതിരുന്നിട്ടില്ല… അതൊരു നൊമ്പരമായി ഇന്നും ഹൃദയത്തിൽ അവശേഷിക്കുന്നു….. ”
“എന്താ അമ്മേ ഞാൻ നിങ്ങളോട് പറയുക… എന്റെ പപ്പ സുഖമായിട്ട് ഇരിക്കുന്നു… ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് പപ്പ… പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് നേരിൽ കാണണമെന്ന്… ഇപ്പോൾ എന്റെ മനസ്സറിഞ്ഞു എബി അത് സാധ്യമാക്കി തന്നു…. അറിയാതെ മനസ്സുകൊണ്ടുപോലും എന്റെ പപ്പയെ ശപിക്കരുതേ എന്ന് അപേക്ഷിക്കണമെന്നുണ്ടായിരുന്നു…. ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി…
ഒരു നിമിഷം… ഞാൻ പപ്പയെ ഒന്ന് വിളിച്ചോട്ടെ… ഈ സന്തോഷം പങ്ക് വെക്കേണ്ടത് എന്റെ പപ്പയോടല്ലേ…. ”
ഞാൻ ഫോൺ എടുത്തു പപ്പയെ വിളിച്ചു…
“ഹലോ പപ്പേ…. ”
“അങ്ങ് എത്തിയോടാ… എങ്ങനെ ഉണ്ട് ഇഷ്ടായോ സ്ഥലമൊക്കെ? ”
“അത് പിന്നെ പ്രത്യേകിച്ചു ചോദിക്കാൻ ഉണ്ടോ… ഇവിടെ വന്ന് ഇറങ്ങിയപ്പോൾ മുതൽ ഞാൻ പപ്പയെ വല്ലാണ്ട് മിസ് ചെയ്യുന്നുണ്ട്…. പിന്നേ ഞാൻ ഒരാളുടെ കൈയിൽ ഫോൺ കൊടുക്കാം പപ്പ ഒന്ന് സംസാരിക്കുവോ? ”
“ആരാ മോളെ… മോളുടെ ആ ഫ്രണ്ട് ആണോ? ”
“അല്ല പപ്പേ… ഇത് അതുക്കും മേലേയാ… പപ്പ സംസാരിച്ചു നോക്കു മനസിലാകുവോന്നു അറിയാല്ലോ… ഞാൻ ഫോൺ കൊടുക്കുവാ കേട്ടോ ”
“ശരി മോളെ… ”
ആരായിരിക്കും ഫോണിൽ… മോള് ഭയങ്കര സന്തോഷത്തിലും ആണല്ലോ… മറുഭാഗത്തെ സംസാരം കേൾക്കാൻ ഞാൻ കാതോർത്തു…
“ഹലോ… മാത്തച്ചാ….. ഓർക്കുന്നുണ്ടോ എന്നെ? ”
ആ വിളി മുപ്പത്തിരണ്ടു വർഷങ്ങൾ പിന്നിലെക്കെന്നെ കൊണ്ടുപോയി… ചുവന്നു തുടുത്ത കവിളുകളുമായി മുഖം നിറയെ കുസൃതി നിറച്ചൊരു വഴക്കാളി പെണ്ണ്…
“എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ വിളി മറക്കാൻ പറ്റില്ലല്ലോ ദിലു…. ”
“സുഖം ആണെന്ന് മോളു പറഞ്ഞു… മിടുക്കി കുട്ടിയാ മാത്തച്ചാ മോള്… എന്താ എന്നോട് അവൾ പറഞ്ഞതെന്ന് അറിയുമോ… അറിയാതെ പോലും മനസ്സുകൊണ്ട് അവളുടെ പപ്പയെ ശപിക്കരുതെന്നു… ”
“എന്റെ കുട്ടിക്ക് അങ്ങനെ പറയാനേ അറിയുള്ളു… ഞാൻ ചെയ്ത പുണ്യം ഒന്നുല്ല അവളുടെ അമ്മ ചെയ്ത പുണ്യമാണ് അവൾ… ഞങ്ങളുടെ ജീവൻ… ”
“എനിക്ക് മനസിലായി മാത്തച്ചാ…. ”
“താൻ ഇങ്ങോട്ട് വാ… അവർ മനസ്സ് തുറന്നൊന്നു സംസാരിക്കട്ടെ… ”
എബി എന്റെ കൈയും പിടിച്ചു കുറച്ചു മുന്നോട്ട് മാറി നിന്നു…
“എന്നാലും എന്റെ എബി… ഇതെങ്ങനെ സാധിച്ചു… വെറുമൊരു സംസാരത്തിനിടയിൽ ഞാൻ പറഞ്ഞ ഈ കാര്യമെല്ലാം താൻ ഓർത്തു വെച്ചിരുന്നോ? ”
“നീ ഒരു നല്ല മകൾ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടത് ആ സംസാരത്തിലൂടി ആയിരുന്നു… നിങ്ങളുടെ കുടുംബം എത്ര സന്തുഷ്ടം ആണെന്ന് ഞാൻ അറിഞ്ഞതും നിന്നിലൂടെയാ… ഇടക്കെവിടെയോ നിന്റെ നെഞ്ചിലെ ആ പിടപ്പ് എനിക്ക് മനസിലായി… ഒരുപാട് കഷ്ടപ്പെടേണ്ടി ഒന്നും വന്നില്ല കണ്ടു പിടിക്കാൻ… അന്ന് നീ പറഞ്ഞ വർഷവും സമയവും ഞാൻ ഓർത്തിരുന്നത് കൊണ്ടു സംഗതി കൂടുതൽ എളുപ്പം ആയി… എന്റെ അമ്മയുടെ ഒരു സഹോദരൻ ഉണ്ട് കോശിച്ചായൻ പുള്ളിയും ഇവിടെ തന്നെയാ വർക്ക് ചെയ്തിരുന്നത്… കറക്റ്റ് അഡ്രെസ്സ് കിട്ടിയ ശേഷം ആണ് ഓഫിസ് ടൂർ എന്ന പേരിൽ നിന്നെ ഇവിടെ എത്തിക്കണമെന്ന് വിചാരിച്ചത്… എന്തായാലും എല്ലാം നടന്നു… ഇനി പറ എന്താ ഇതിനു പകരം നീ എനിക്ക് നല്കുക…. ”
എന്റെ കണ്ണുകളിലേക്കു നോക്കി എബി അത് ചോദിച്ചപ്പോൾ എന്നെ തന്നെ തന്നാൽ മതിയോ എന്ന് തിരിച്ചു ചോദിക്കാൻ ആണ് തോന്നിയത് പക്ഷേ ആ കണ്ണുകളെ നേരിടാനുള്ള ഒരു ശക്തി കിട്ടുന്നില്ല… ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്നു…
“ഡീ… എന്താ പെട്ടെന്ന് തിരിഞ്ഞു കളഞ്ഞത്… ചോദിച്ചത് കേട്ടില്ലേ… എന്ത് തരും? ”
ഇങ്ങേരു ഇത് ഏതാണ്ട് അർത്ഥം വെച്ചു ചോദിക്കുന്ന പോലെ ഉണ്ടല്ലോ… ഇനി എന്നെക്കൊണ്ട് ഇഷ്ടം ആണെന്ന് പറയിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആണെങ്കിലോ… ആഹാ അങ്ങനെ ഇപ്പോൾ താൻ കേൾക്കണ്ട…
“താൻ ചോദിക്കു… ഞാൻ തരാം… ”
“എന്ത് ചോദിച്ചാലും തരുവോ? ”
“മ്മ് ”
“ആ മൂളലിനു ഒരു ശക്തി പോരല്ലോ… ”
“തരാന്ന് പറഞ്ഞില്ലേ… ”
“ഓഹ് അങ്ങനെ വേണ്ട… എന്റെ മനസ്സ് വായിച്ചെടുക്കുമെന്നു വീമ്പടിച്ചതല്ലേ… എങ്കിൽ വായിച്ചു പറ എന്താ എനിക്ക് വേണ്ടതെന്നു… ”
മാതാവേ പെട്ടു… ഇനി ഇപ്പോൾ ഞാൻ എന്താ പറയുക…
“ആഹ്… കുൽഫി വാങ്ങിച്ചു തരാട്ടോ… അതല്ലേ തന്റെ ഫേവറേറ്റ്… ”
“ഛെ… നശിപ്പിച്ചു… നീ ഇങ്ങു വന്നേ… എന്നിട്ട് എന്റെ കണ്ണിൽ നോക്കി പറ കുൽഫി തന്നെ ആണോന്ന് ”
ഞാൻ ആ കണ്ണുകളിലേക്കു നോക്കി… ന്റെ കർത്താവേ… രാജസ്ഥാനിലെ മരുഭൂമിയിൽ കൂടി മിക്കവാറും ഒരു ഡ്യൂയറ്റ് പ്രതീക്ഷിക്കാം… അതുപോലെ പ്രണയം പെയിതിറങ്ങി നിൽക്കുന്നുണ്ട് ആ കണ്ണുകളിൽ… ഇതെന്തുപറ്റി എന്റെ ശ്വാസം നിലച്ചു പോയോ… ഇല്ലല്ലോ.. വല്ലാത്തൊരു പെടപെടപ്പ് ചങ്കിൽ കൂടി കൂടി വരുന്നു… എബിയുടെ നിശ്വാസം മുഖത്തേക്ക് തട്ടിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി…
“ഹെലോ മാഡം… ഇത് എന്തോർത്തു നിൽക്കുവാ… വല്ലതും നടക്കുമോ? ”
ശരിക്കും ബോധം വന്നത് എബി അത് പറഞ്ഞപ്പോളാണ്…
“എനിക്ക് അറിഞ്ഞുകൂടാ… നാട്ടിൽ എത്തുന്നതുവരെ താൻ ഒന്ന് ക്ഷമിക്കു… ”
“എനിക്ക് ഒട്ടും ദൃതി ഇല്ല മോളെ… ഐആം വെയ്റ്റിംഗ്… ”
ഞങ്ങൾ സംസാരിച്ചു നിന്നിടത്തേക്കു അമ്മ വന്നു… മൂടിക്കെട്ടിയ കാർമേഘം പെയ്യ്തൊഴിഞ്ഞ പോലെ ശാന്തമായിരുന്നു ആ മുഖം… കൂടെ വന്നവരെയൊക്കെ ‘അമ്മ ‘ഞങ്ങൾക്ക് പരിചയപ്പെടുത്തി… അവരുടെ വീട്ടിലേക്കു ക്ഷണിച്ചു… ഓഫിസിലെ മറ്റു സ്റ്റാഫുകളോട് ഒപ്പം ഞങ്ങളും അവിടേക്കു പോയി… ശരിക്കും പറഞ്ഞാൽ ഈ യാത്ര വളരെ എൻജോയ് ചെയ്തു… ഒരുപാട് ആളുകൾ ഒരുമിച്ചു താമസിക്കുന്ന ഒരു വലിയ കൊട്ടാര സദൃശമായ വീട്…
അവിടെ ഞങ്ങളെയും പ്രതീക്ഷിച്ചു ‘അമ്മ’യുടെ മക്കളും ഭർത്താവും ബാക്കി ബന്ധുക്കളും… പുതിയ ഒരു അനുഭവം ആയിരുന്നു എനിക്ക് അവിടം… നാട്ടിലേക്കു എല്ലാവരെയും ക്ഷണിച്ചിട്ടാണ് ഞങ്ങൾ അവിടെ നിന്നും മടങ്ങിയത്… ഒരിക്കലും മറക്കാനാവാത്ത ഓർമകളും പേറിയാണ് ഞങ്ങൾ തിരിച്ചു റൂമിൽ എത്തിയത്… പപ്പയുടെ മനസ്സിന്റെ സന്തോഷം വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു…. 32 വർഷത്തെ വീർപ്പുമുട്ടൽ അവസാനിച്ചതിന്റെ സന്തോഷം ആ വാക്കുകളിൽ പ്രകടമായിരുന്നു….
ഇതിനൊക്കെ കാരണക്കാരനായ എബിയെ ഓടിച്ചെന്നു കെട്ടിപിടിച്ചു ഒരു മുത്തുഗൗ കൊടുക്കാൻ ആണ് തോന്നിയത്… പക്ഷേ ഉള്ളിലെ ബോൾഡ്നെസ്സ് പദവി അതിന് എന്നെ സമ്മതിക്കുന്നതും ഇല്ല….
ഡെല്ലയുടെ ഫോൺ വന്നത് ഞാൻ അറ്റൻഡ് ചെയ്തു…
“ഹെലോ… ആഹ് എത്തി മോളെ… ടൂർ പൊളിച്ചു… എന്തായി അവിടുത്തെ കാര്യങ്ങൾ? ”
“അത് പറയാനാ ഞാൻ വിളിച്ചത്… സർ വീട്ടിൽ വന്നിരുന്നു.. പപ്പയെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി… അവര് പറയുന്നത് ഒരു മാസത്തിനുള്ളിൽ പപ്പയെ പഴയപോലെ ആരോഗ്യത്തോടെ തിരിച്ചു
തരാമെന്നാണ് ”
“ഓഹ് താങ്ക് ഗോഡ്… നിനക്കു പ്രോബ്ലം ഒന്നുല്ലല്ലോ സുഖം അല്ലേ… മെഡിസിൻ എല്ലാം കഴിക്കുന്നുണ്ടോ? ”
“ഒരു കുഴപ്പവും ഇല്ലടാ… പിന്നേ സാറിന്റെ അച്ഛനും അമ്മയും വന്നായിരുന്നു… കുറേ പണം ഓഫർ ചെയ്തു കുഞ്ഞിനെ അബോർഷൻ ആക്കി കളയാൻ… ”
“എന്നിട്ട്… നീ എന്ത് പറഞ്ഞു… ”
“അവർ അത് പറയുന്നത് കേട്ടുകൊണ്ടാണ് സർ വീട്ടിലേക്കു വരുന്നത്… പിന്നെ സർ അച്ഛനോടും അമ്മയോടും വഴക്കുണ്ടാക്കി… അങ്ങനെ ആണെങ്കിൽ ഇനി സർ അവരുടെ വീട്ടിലേക്കു വരില്ലെന്നും എന്റെ കുഞ്ഞിനെ കൊല്ലാൻ നിൽക്കുന്നവരുടെ കൂടെ ജീവിക്കില്ലന്നും പറഞ്ഞു… ഒടുവിൽ അച്ഛനും അമ്മയും എന്നോട് ക്ഷമ ചോദിച്ചു ഇവിടുന്നു പോയി…. ഇന്ന് അവർ വിളിച്ചിട്ടുണ്ടായിരുന്നു അടുത്ത മാസം 16 നു വിവാഹം നടത്താൻ ഡേറ്റ് എടുത്തുന്നു പറഞ്ഞു…. ”
“അത്രയൊക്കെ സംഭവിച്ചോ… അപ്പോൾ മോള് ഇനി പേടിക്കണ്ട… ഹാപ്പി ആയി ഇരുന്നോ… ”
“മ്മ് നീ ഇങ്ങോട്ട് ഒന്ന് ഇറങ്ങണം കേട്ടോ… നിന്റെ എബിയെ കൂടി കൂട്ടിക്കോ ഞാൻ ഇതുവരെ കണ്ടിട്ടില്ലാലോ എബിയെ… ”
“ഒക്കെ… കൊണ്ടുവരാം ”
ഇനി പപ്പയെ ഒന്ന് വിളിക്കണമല്ലോ… ജിതിന്റെ കാര്യം പപ്പ കൂടി ക്ലോസ് ആക്കണ്ടേ… എന്തായാലും വെച്ചോണ്ടിരിക്കണ്ട…
പപ്പയെ വിളിച്ചു സംസാരിച്ചപ്പോൾ ജിതിൻ വിളിച്ചിരുന്നു എന്നും കാര്യങ്ങൾ അറിയിച്ചിരുന്നുന്നും പറഞ്ഞു…
എനിക്ക് സങ്കടം ആയാലോ എന്ന് കരുതി എങ്ങനെ പറയുമെന്ന് വിഷമത്തിൽ ആയിരുന്നു എന്നും പറഞ്ഞു…
ഞാൻ എന്തായാലും ഹാപ്പി ആയി… ഇനി എബിയോട് എല്ലാം തുറന്നു പറയണം…
ഇപ്പോൾ വരാമെന്നു പറഞ്ഞു പോയിട്ട് ഇത് എത്ര നേരമായി… ഒരുപാട് ലേറ്റ് ആകുന്നുണ്ടല്ലോ… ഞാൻ ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയപ്പോളേക്കും റൂം തുറന്നു എബി അകത്തേക്ക് വന്നു….
(തുടരും )

by