അന്ന് വല്യച്ഛൻ കൊണ്ടുവന്ന മിലിട്ടറിക്കാരന്റെ ആലോചന ഒരു ദാക്ഷിണ്യവും കൂടാതെ തട്ടിക്കളിഞ്ഞ് ഇങ്ങേരുടെ കൂടെ ജീവിക്കാൻ തുടങ്ങിയപ്പോൾ ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഓരോ ദിവസം കഴിയുംബോഴും എന്നോടുള്ള സ്നേഹം കുറഞ്ഞ് കുറഞ്ഞ് വരുന്നുണ്ട്. മറ്റാർക്കും മനസിലാവില്ലെങ്കിലും എനിക്കത് നന്നായി മനസിലാകുന്നുണ്ട്. ഞാൻ എന്തേലും പറഞ്ഞാൽ അതെല്ലാം പരാതി ആണ് പോലും.
“അമ്മേ, അച്ഛനും മാളൂനും രണ്ട് ഗ്ലാസ് ചായ വേണം” ഓരോന്നോർത്ത്കൊണ്ടിരിക്കേ പിന്നിലൊരു ശബ്ദം ! ചായയ്ക്ക് പറഞ്ഞതിനുശേഷം അവൾ ഒന്നുകൂടി വിരലിലേക്ക് നോക്കി നീട്ടിക്കാണിച്ചത് രണ്ട് വിരൽ തന്നെയാണെന്ന് ഉറപ്പ് വരുത്തി.
“നിന്റെച്ഛനോട് തന്നെ പറ ചായ വെക്കാൻ” ഞാനെന്റെ രണ്ട് എളിയിലും കൈകുത്തി നിന്നുകൊണ്ട് മറുപടി പറഞ്ഞു.
“അമ്മ വെച്ചാൽ മതി” ചിരിച്ചുകൊണ്ടുള്ള അവളുടെ മറുപടി.
“ഊവ്വ സോപ്പിടാൻ നല്ല മിടുക്കായിരിക്കുമല്ലോ അച്ഛന്റെയല്ലേ സാധനം” ചിരി കണ്ടതേ ഞാൻ പറഞ്ഞു. പക്ഷേ അതൊന്നും കേൾക്കാൻ അവൾക്ക് ഒട്ടും സമയമുണ്ടായിരുന്നില്ല. ഉമ്മറത്തേക്ക് ഓടുകയായിരുന്നു. ചായയ്ക്കുള്ള വെള്ളം അടുപ്പത്ത് വെച്ചതിനു ശേഷം ഞാനും ഉമ്മറത്തേക്ക് നടന്നു. അപ്പൊഴേക്കും അവിടെ ലുഡോ തുടങ്ങിക്കഴിഞ്ഞിരുന്നു.
“നീ ഉണ്ടോ?” മനുഏട്ടന്റെ ചോദ്യം
“എന്തിനാ ഞാൻ കളിക്കുന്നേ നിങ്ങൾ അച്ഛനും മോൾക്കും കൂടി തോൽപ്പിക്കാനോ? എന്നെ മാത്രം കളത്തിൽ നിന്നും പുറത്താക്കും നിങ്ങളച്ഛനും മോളും അങ്ങോട്ടും ഇങ്ങോട്ടും കളി ഉണ്ടായാലും പുറത്താക്കാതെ നിക്കും” ഞാൻ പറഞ്ഞതത്രെയും ശെരിയായിരുന്നു. രണ്ടും കൂടി ഒത്തുകളിച്ച് എന്നെ മാത്രം പുറത്താക്കും ഒടുവിൽ മാളു മാത്രം ജയിക്കും. മനു ഏട്ടൻ മനപൂർവം തോറ്റു കൊടുത്ത് അവളുടെ സന്തോഷം കണ്ടു നിൽക്കും.
കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു കാണും സംസാരിച്ച് സംസാരിച്ചിരിക്കവേ എന്റെ വയറിലേക്ക് മുഖം അമർത്തിക്കൊണ്ട് “എനിക്ക് ഇതിനുള്ളിലേക്ക് പോകാൻ തോന്നുന്നു” എന്നു പറഞ്ഞ് ഒറ്റ കിടത്തമായിരുന്നു. താടിരോമം കൊണ്ട് എനിക്കാണെങ്കിൽ ഇക്കിളി ആയി കുറച്ച് ബലം പിടിച്ച് തന്നെയാണ് എണീപിച്ചത്.
‘”എന്താ പറഞ്ഞെ?” ഞാൻ മനു ഏട്ടന്റെ മുഖത്ത് നോക്കി.
“എനിക്കതിനുള്ളിലേക്ക് പോകണം എന്ന്”
“അപ്പൊ പിന്നെ എനിക്കാരാ ഉള്ളെ?” ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
” നിനക്ക് ഞാനില്ലെ ഇതിനുള്ളിൽ നിന്നും ഒരു പത്തു മാസം കൊണ്ട് ഞാൻ പുറത്ത് വരൂലെ” ചുണ്ടുവിരൽ വയറിൽ തൊട്ടു കൊണ്ട് അങ്ങനെ പറയുംബോൾ പുള്ളീടെ മുഖത്തെ ആ കള്ളച്ചിരി. മറക്കാൻ പറ്റില്ല.
ഒരുവർഷം കഴിഞ്ഞപ്പോഴേക്കും മാളു വന്നു. അതിൽ പിന്നെ മനു ഏട്ടന്റെ മാറ്റം വല്ലാത്തതായിരുന്നു. വൈകുന്നേരങ്ങളിൽ കുട്ടുകാരുടെ കൂടെയുള്ള കമ്പനി കൂടലൊക്കെ വല്ലാതെ കുറഞ്ഞു, ഏതു നേരവും മാളുവിനെയും എടുത്ത് നടക്കും. രണ്ടും കൂടി നിലത്തു കിടന്നുരുളുന്നുണ്ടാകും. മനു ഏട്ടന്റെ ബൈക്കിന്റെ സൗണ്ട് കേട്ടാൽ മതി പിന്നെ മോൾക്ക് എന്നെ വേണ്ട. “കുറച്ച് കഴിഞ്ഞ് പാപ്പം വേണംന്ന് പറഞ്ഞ് വരുമല്ലോ അപ്പൊ ഞാൻ പറഞ്ഞു തരാം കെട്ടോ” എന്റെ മടിയിൽ നിന്നും ബലമായി പിടഞ്ഞെഴുന്നേറ്റ് പോകുന്ന മാളുവിനോട് ഞാൻ ഭീഷണി മുഴക്കി. “നിനക്ക് മാത്രല്ലേ ഉള്ളു അച്ഛൻ” അറിയാതെ ആണെങ്കിലും എന്റെ ഉള്ളി സഹജമായ കശുബ് പുറത്ത് ചാടി. അതു കണ്ടിട്ടാവണം മനു ഏട്ടനും ചിരിക്കുന്നു.
“നിങ്ങളും ചിരിക്കുവൊന്നും വേണ്ട മാറ്റോക്കെ എനിക്ക് നല്ലോണം മനസിലാവുന്നുണ്ട്” എനിക്ക് കിട്ടേണ്ട സ്നേഹം കൂടി മോൾക്ക് കിട്ടി തുടങ്ങുംബോൾ എന്തോ ഉള്ളിലൊരു സങ്കടം!
അന്നൊരു ദിവസം പകലാണ്. മനു ഏട്ടൻ ലീവായത് കൊണ്ട് രണ്ടാളും കട്ടിലിൽ ഉരുണ്ട് കളിക്കുന്നുണ്ടായിരുന്നു കൊറേ നേരം കഴിഞ്ഞപ്പോൾ ബഹളോന്നും കേൾക്കാതെ ആയപ്പോഴാണ് ഞാൻ റൂമിലേക്ക് എത്തിനോക്കിയത്. തലയിണ ഒരു ഭാഗത്തും മനു ഏട്ടൻ വേറൊരു ഭാഗത്തും മോളാണെങ്കിൽ മനു ഏട്ടന്റെ നെഞ്ചിൽ ഒട്ടി കിടന്നുറങ്ങുന്നു. ഞാനും അടുത്തു പോയിരുന്നു. ഉറക്കമാണെന്ന് കരുതിയാണ് രണ്ടാൾക്കും ഒരോ ഉമ്മ കൊടുത്തത് തിരിഞ്ഞ് നടക്കുംബോഴേക്കും എന്റെ കൈയ്യിൽ മനുഏട്ടന്റെ പിടി വീണിരുന്നു.
“എന്താടീ ?” എന്റെ മുഖത്ത് ചമ്മൽ മറയ്ക്കാൻ വേണ്ടി ഞാനിത്തിരി ഗൗരവം നടിച്ചത് കണ്ട് പുള്ളി ചോദിച്ചു.
“എന്താ?” ഞാൻ ഗൗരവം വിടാതെ തിരിച്ചും ചോദിച്ചു. “കൈവിട്. എന്നെ ഇപ്പൊ വേണ്ടല്ലോ” അങ്ങേരുടെ കൈയ്യിൽ പിടിച്ച് നുള്ളികൊണ്ട് ഞാൻ പറഞ്ഞെങ്കിലും എന്നെ പുള്ളിയുടെ മേലേക്ക് വലിച്ചിടുകയായിരുന്നു.
“എനിക്ക് നിന്നെ വേണ്ടെങ്കിലും നിനക്ക് എന്നെ വേണ്ടേ?” എന്റെ കണ്ണുകളിലേക്ക് സൂചിമുന പോലൊരു നോട്ടമായിരുന്നു. “എനിക്ക് വേണ്ട” വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. “വേണ്ടേ?” ചോദ്യം ആവത്തിച്ചപ്പോഴും വേണ്ടെന്ന മറുപടി തന്നെയായിരുന്നു ഞാൻ കൊടുത്തത്.
“എന്നാ ഞാൻ മരിച്ചു പോയ്ക്കോട്ടെ” പെട്ടെന്ന് എന്റെ കൈവിട്ടുകൊണ്ട് അങ്ങനെ പറഞ്ഞതും എന്റെ കൈ അങ്ങേരുടെ വാ പൊത്തിപിടിച്ചതും ഒരുമിച്ചായിരുന്നു. അറിയാതെ നിറഞ്ഞ എന്റെ കണ്ണുകൾ കണ്ടിട്ടാവണം പുള്ളി ചിരിച്ചു. ഞാനൊന്നും മിണ്ടിയില്ല.
“ഞാൻ ചുമ്മാ പറഞ്ഞതാ തമാശയ്ക്ക്.” എന്തൊക്കെയോ പറഞ്ഞ് എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു ഒന്നും എന്റെ ചെവിയിൽ കേറുന്നില്ല. ഞാനങ്ങനെ ശൂന്യതയിൽ എവിടേക്കോ നോക്കി ഇരുന്നു.
”ഞാനങ്ങനെ നിന്നേം മോളേം ഇട്ടേച്ചു പോകുവോടീ ഇനീപ്പൊ പോയാൽ തന്നെ ഞാനെന്റെ മോൾടെ വയറിൽ കുഞ്ഞായിട്ട് വരൂലെ? നിന്നെ കാണാൻ. ഞാനവളെ ഇത്രേം സ്നേഹിച്ചില്ലേ കുറച്ച് അവളും എന്നെ സ്നേഹിക്കട്ടെ” ചിരിച്ചുകൊണ്ടും എന്നെ സമാധാനിപ്പിച്ചുകൊണ്ടും അന്നത്തെ ദിവസം കടന്നു പോയി.
* * *
ഇന്നായിരുന്നു മോൾടെ പ്രസവം. ഞാൻ ലേബർ റൂമിന്റെ പുറത്ത് തന്നെ നിന്നു. മനു ഏട്ടനെ എന്റെ കൈയ്യിലേക്ക് തന്നെ വാങ്ങണം. എന്റെ നെഞ്ചോട് ചേർത്തു പിടിക്കണം നെറ്റിയിൽ ഉമ്മ കൊടുക്കണം ചിരിക്കുംബോ ഒരു നുള്ളു വെച്ചുകൊടുക്കണം..
“അമ്മേ ഇങ്ങോട്ട് വാ അമ്മേ… ” ആരോ എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ടു പോയി റൂമിലിട്ടു പൂട്ടി. മോൾടെ കല്യാണം കഴിഞ്ഞിട്ടില്ലത്രേ. ആരും കാണാതെ ആണത്രെ ഞാൻ ആ ഹോസ്പിറ്റലിന്റെ ലേബർ റൂമിലേക്ക് പോയത്. എന്റെ മനു ഏട്ടൻ വരുംബോ ഞാൻ പിന്നെ പോകണ്ടെ? ഞാൻ ഒന്നുകൂടി ആ വാതിൽ തുറക്കാൻ ശ്രമിച്ചു. പുറത്ത് നിന്നും പൂട്ടിയിട്ടുണ്ട്. ഞാൻ വീണ്ടും ശക്തമായി വലിച്ചു നോക്കി. ഇല്ല പറ്റുന്നില്ല.! എനിക്കിനി പറ്റുംന്നു തോന്നുന്നില്ല. നിങ്ങളെനിക്കുവേണ്ടി ഒരു ഉപകാരം ചെയ്യോ? ആ ലേബർ റൂമിൽ എന്റെ മോളുണ്ട് അവൾടെ വയറിൽ എന്റെ മനു ഏട്ടനുണ്ട്. കണ്ടാൽ എങ്ങനാണെന്നോ? ” പാറി പറന്ന മുടി മുഖത്തെപ്പൊഴും കള്ളച്ചിരി പിന്നേണ്ടല്ലോ ഇടയ്ക്കിടെ അടുത്തുടെ പോകുന്നവരെ നുള്ളും നിങ്ങളെ നുള്ളുവോന്നറിയില്ല എന്നെ നുള്ളും. ഒന്ന് എന്റെടുത്ത് കൊണ്ട് തരാമോ അതിനെ? എന്നോട് പറഞ്ഞതാ ഇട്ടിട്ടു പോയാലും മോൾടെ വയറ്റിൽ ഉണ്ടാവുംന്ന് എന്റെ മനു ഏട്ടനല്ലേ എനിക്ക് കൊണ്ട് താ” ഞാനെന്റെ കൈകൾ രണ്ടും ഒരു കുഞ്ഞിനെ എടുക്കാനെന്നോണം ജനലിൽ കൂടി പുറത്തേക്ക് ഇട്ടു.
മുറ്റത്തപ്പോഴും ലോറി കയറി നുറുങ്ങിയ നിലയിൽ പഴയൊരു ബൈക്ക് അവളെ നോക്കി കരഞ്ഞു. “ഞാനല്ല ആ ലോറിയാ… മനൂന് എന്നേം ഇഷ്ടാരുന്നു… “

by