രചന : ജിഫ്ന നിസാർ ❣️
പമ്മി പതുങ്ങി നടക്കുന്നവന്റെ കണ്ണിൽ വിജയം തിളയ്ക്കുന്നുണ്ടായിരുന്നു.
മെയ്യും മനസ്സും ഒരുപോലെ ത്രസിപ്പിക്കുന്ന ചിന്തകൾ അവൻ അകത്തേക്ക് വലിച്ചു കയറ്റിയ ലഹരിയെക്കാൾ വീര്യത്തിലവന് ധൈര്യം പകർന്നു.
അല്ലെങ്കിലും ഇനിയെന്ത് പേടിക്കാൻ!
പുച്ഛത്തോടെ അവനോർത്തു.
അനേകമാളുകൾ വന്നു പോകുന്ന ഈ ഹോസ്പിറ്റലിൽ തന്നെ അവരാരും ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.
വെളിയിൽ വരാൻ പേടിച്ചിട്ട് മറഞ്ഞിരിക്കുന്നവനാണ് അവർക്ക് മുന്നിലെ അനൂപ്.
അവരിലേക്ക് വീണ്ടുമിടിച്ചു കയറാൻ ഇതിലും നല്ലൊരു അവസരമില്ലെന്ന് കരുതി കാര്യങ്ങൾ നല്ലത് പോലെ പ്ലാൻ ചെയ്തൊരു അനൂപിനെ അവരുടെ സങ്കൽപ്പത്തിൽ പോലുമുണ്ടാവില്ലന്നുറപ്പുണ്ട്.
ആ ഉറപ്പ് തന്നെയാണ് തന്റെ ധൈര്യവും.
അവരാദ്യം പോയ ഹോസ്പിറ്റലിൽ ചെന്നന്വേഷിച്ചു.
അവിടുണ്ടാവുമെന്ന് കരുതിയിരുന്നു.
ഇങ്ങോട്ട് മാറ്റിയെന്നറിഞ്ഞപ്പോൾ മനസ്സിലായി കളികൾ കൂടുതൽ മുറുകിതുടങ്ങിയെന്നും തനിക്ക് മുന്നിലിനി അധികസമയമില്ലെന്നും.
അതിന് മുന്നേ രക്ഷപെട്ടു പോകണം.
പക്ഷേ അപ്പോഴും പിറകോട്ടു വലിച്ചതവളാണ്.
അല്ല.. അവളോടുള്ള തന്റെ ഒടുങ്ങാത്ത മോഹമാണ്.
കൃഷ്ണ പ്രിയ..!
പത്മയെ കെട്ടി കേറിയങ്ങോട്ട് ചെന്നന്ന് മുതൽ തന്നെ കൊതിപ്പിച്ചു തുടങ്ങിയവൾ.
അവളെയിവിടെ അവന് വിട്ട് കൊടുത്തിട്ടേങ്ങോട്ട് രക്ഷപെട്ടു പോയാലും മനസ്സിലതൊരു കെടാത്ത കനല് പോലെ ജ്വലിക്കും.
ഇടയ്ക്കിടെ ആ കനൽ കഷ്ണം തന്നെ തൊട്ട് നോക്കി പൊള്ളിക്കുമെന്നുറപ്പുണ്ട്.
ഇല്ല..
അതിന് വയ്യ..
അവളെ അറിയണം..
പോരാട്ടവീര്യമുള്ള ആ പോരാളിയെ പോരാടി തോൽപ്പിക്കാൻ അവനുള്ളം വല്ലാതെ തുടിച്ചു.
അത് മാത്രം പോരാ..
അവളെ വെച്ച് തന്നെ ആ മറ്റവനിട്ടൊരു നല്ല പണിയും കൊടുക്കണം.
അത്രേം നാട്ടുകാരുടെ ഇടയിലിട്ട് പട്ടിയെ പോലെ തന്നെ തല്ലി ചതച്ചന്ന് തന്നെ കരുതി വെച്ചതാണത്.
ക്രൂരത നിറഞ്ഞൊരു ചിരിയോടെ അനൂപ് പ്രിയയുടെ മുറിയുടെ നേരെ നടന്നു…
കാര്യം തീർന്നിട്ട് രക്ഷപെട്ടു പോകാൻ അവനെടുത്ത ട്രെയിൻ ടിക്കറ്റ് ആ പോക്കറ്റിൽ കിടന്നു നെടുവീർപ്പിടുന്നുണ്ടായിരുന്നുവപ്പോഴും…
💞💞
മാളവിക… ”
ഷർട്ടിന്റെ ബട്ടനുകൾ പിടിച്ചിട്ട് കൊണ്ട് ധൃതിയിൽ മുറിയിൽ നിന്നിറങ്ങി വന്ന ഷമീർ വിളിക്കുന്നത് കേട്ടതും മാളു ഞെട്ടി പോയിരുന്നു.
അവനെന്തിനോ വല്ലാത്ത വെപ്രാളമുള്ളത് പോലെ.
വേഗം കിടക്കയിൽ നിന്നുമിറങ്ങി അവൾ പുറത്തേക്ക് നടന്നു.
ഭയമായിരുന്നു.. അവളുടെയും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു ആ നിമിഷം.
“ആഹ്.. എടോ എനിക്ക്.. എനിക്കത്യാവിശ്യമായി പുറത്തൊന്നു പോണം. എത്താൻ ഒരിച്ചിരി ലേറ്റാവും.”
ബട്ടൺ പിടിച്ചിടുന്നതിനിടെ തന്നെ അവൻ പോക്കറ്റിൽ നിന്നൊരു ഫോണെടുത്തിട്ട് ടേബിളിൽ വെച്ചു.
“എന്താവിശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം. ഇതിലെന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്.”
അവൻ അവളെ നോക്കി.
പതർച്ചയോടെ തന്നെ മാളു തലയാട്ടി.
എങ്ങോട്ട് പോണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
എന്തിന് പോകുന്നു എന്നുള്ളതും അറിയണമായിരുന്നു.
പക്ഷേ അവനിങ്ങോട്ട് പറയാതെ ഈ രണ്ട് കാര്യങ്ങളും ചോദിക്കാനുള്ള അവകാശമോ അർഹതയോ ഇല്ലെന്നറിയാം.
അത് കൊണ്ട് തന്നെ അവൾ മൗനമായിരുന്നു.
“മോളുറങ്ങിയിട്ടുണ്ട്. ഉണർന്നു കരയുകയാണെങ്കിൽ പോയെന്നു നോക്കണം ”
അവനിറങ്ങി വന്ന മുറിയിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് ഷമീർ പറയുബോൾ വീണ്ടും അവൾ തലയാട്ടി.
“വാങ്ങിച്ചിട്ട് വന്ന ഭക്ഷണം അടുക്കളയിലിരിപ്പുണ്ട്. തനിക്ക് വേണ്ടത് എടുത്തു കഴിച്ചിട്ട് കിടന്നോ.. ദേ ഈ ഫോണും കയ്യിൽ വെച്ചേക്കണം. വരുമ്പോൾ ഞാൻ വിളിക്കാം ”
കൈ കൊണ്ട് തന്നെ മുടിയൊന്ന് കോതിയൊതുക്കി കൊണ്ടവൻ പറഞ്ഞിട്ട് ധൃതിയിൽ വാതിലിന്റെ നേരെ നടന്നു.
“ആഹ്.. പിന്നേ..”
പെട്ടന്നെന്തോ ഓർത്തത് പോലെ ഷമീർ നെറ്റിയിലൊന്ന് തട്ടിയിട്ട് അവൾക്ക് നേരെ തിരിഞ്ഞു.
“താൻ വീട്ടിലേക്ക് വിളിച്ച ആ നമ്പറിൽ ഞാൻ വിളിച്ചപ്പോ കിട്ടിയിരുന്നു കേട്ടോ. താനെന്റെ കൂടെയുണ്ടെന്ന് അവരോട് പറഞ്ഞിട്ടുണ്ട് ഞാൻ.”
ഷമീർ പറഞ്ഞു കേട്ടതും അവളുടെ നെഞ്ചോന്ന് തുള്ളി.
“അമ്മ.. അമ്മയെന്താ പറഞ്ഞത്..?”
ഇടറി കൊണ്ടവൾ ചോദിക്കുമ്പോൾ അവനൊരു നിമിഷം അവളെ നോക്കി നിന്നു.
“ഇയാളുടെ ബ്രദറിൻ ലോ ആയിരുന്നു ഫോണെടുത്തത്. അവര്.. അവര് ഹോസ്പിറ്റലിലാണെന്ന് ”
“യ്യോ…”
അവൻ പറഞ്ഞു നിർത്തിയതും മാളവിക നെഞ്ചിൽ കൈ ചേർത്ത് കൊണ്ടുറക്കെ വിളിച്ചു പോയി.
“ഇത്ര പേടിക്കാനൊന്നുമില്ലെടോ.. ആ വൃത്തികെട്ട മൃഗം എല്ലാവർക്കുമുള്ളത് ഇയാളുടെ ചേച്ചിക്ക് കൊടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ എന്തായാലും ഇപ്പൊ അവര് ഒക്കെയാണ് ”
അവൻ ആശ്വാസിപ്പിക്കുന്നത് പോലെ പറഞ്ഞിട്ടും മാളവിക വിങ്ങി കരഞ്ഞു കൊണ്ട് ചുവരിലേക്ക് ചാരി.
“എടോ കരയല്ലേ.. ഇപ്പൊ കുഴപ്പമില്ല എന്നാ അയാള് പറഞ്ഞത്. നമ്മുക്ക്.. നമ്മുക്ക് നാളെ പോയൊന്നു കാണാം ”
അവൾ കരയുന്നത് കണ്ടതും തിരികെ നടന്നു വന്നു കൊണ്ട് ഷമീർ പറഞ്ഞതും അവൾക്ക് സങ്കടമൊട്ടും സഹിക്കാൻ കഴിയാത്ത അവസ്ഥയിലായി.
മുഖം പൊത്തി കൊണ്ടവൾ താഴെക്കിരുന്നു പോയി.
ഷമീർ നടുവിന് കൈ കൊടുത്ത് കൊണ്ടവളെ നോക്കി നിന്നു.
ഇടയ്ക്കിടെ അവന്റെ നോട്ടം കൈയിലെ വാച്ചിലേക്ക് നീളും.
അപ്പോഴെല്ലാം അവന്റെ മുഖം അസഹിഷ്ണുതയോടെ ചുളിയും.
“മാളവിക പ്ലീസ്.. എനിക്ക്.. എനിക്ക് വളരെ അത്യാവശ്യമായി പോവേണ്ടതുണ്ട്. ഇയാളൊന്ന് കരച്ചിൽ നിർത്തി എഴുന്നേറ്റേ.. അല്ലാതെ.. ഞാൻ…”
അവൻ പറഞ്ഞു കേട്ടതും അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് ചാടിയെഴുന്നേറ്റ് മുഖം തുടച്ചു.
“സോറി.. കുഴപ്പമില്ല.. ഞാൻ.. ഞാൻ ചേച്ചിയെ ഓർത്തപ്പോ.. സാരമില്ല.. സർ പോയിട്ട് വരൂ.. ഞാൻ ഓക്കേയാണ് ”
വീണ്ടും നിറയുന്ന കണ്ണുകളെ വാശിയോടെ തുടച്ചു കൊണ്ടവൾ പറഞ്ഞു കേട്ടിട്ടാണ് ഷമീർ തിരിഞ്ഞു നടന്നത്..
“ഫോണിൽ എന്റെ നമ്പറുണ്ട് കേട്ടോ.. എന്തുണ്ടെങ്കിലും വിളിക്കണേ..”
വീണ്ടും അവളെ നോക്കി അവനോർമ്മിപ്പിച്ചു.
മാളു തലയാട്ടി.
“വാതിൽ ലോക്ക് ചെയ്തേക്ക്. ഞാൻ വന്നു വിളിച്ചിട്ടല്ലാതെ തുറക്കരുത്. കേട്ടോ..”
വാതിൽ തുറന്നിറങ്ങും മുന്നേ അവൻ ഓർമ്മിപ്പിച്ചു.
അതിനും അവൾ തലയാട്ടി സമ്മതിച്ചു.
ധൃതിയിൽ ഓടിയിറങ്ങി കാറിറക്കി പോകും മുന്നേ ഫ്ലാറ്റ് നമ്പർ പറഞ്ഞു കൊടുത്തിട്ട് ഒന്ന് ശ്രദ്ധിക്കണമെന്ന് പറയാനും അവൻ മറന്നില്ല.
❣️❣️
ആവേശത്തിൽ ഡോറിലൊന്ന് മുട്ടിയിട്ട് കാത്ത് നിൽക്കുമ്പോൾ അനൂപിന്റെ ചുണ്ടിൽ വല്ലാത്തൊരു ചിരിയുണ്ടായിരുന്നു.
ലോക്ക് പിടിച്ചു നോക്കുമ്പോൾ അകത്തു നിന്നും കുറ്റിയിട്ടതാണെന്ന് മനസ്സിലാക്കിയിട്ടാണ് അവൻ തട്ടി വിളിച്ചത്.
അകത്ത് സുജയും പ്രിയയും മാത്രമാണെന്ന് അവനുറപ്പുണ്ടായിരുന്നു.
ഉച്ച മുതൽ.. അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ട് അവിടെയുള്ള വിവരങ്ങൾ അവൻ മനസ്സിലാക്കി വെച്ചിരുന്നു.
ഒരു പ്രാവശ്യം കൂടി തട്ടിയപ്പോൾ അകത്തു നിന്നും കുറ്റിയെടുക്കുന്ന ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ തുടിച്ചു.
തന്നെ കണ്ടാൽ ആ നിമിഷം വാതിൽ വലിച്ചടക്കുമെന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട് തന്നെ അങ്ങോട്ടിടിച്ചു കയറാൻ സജ്ജമായാണ് അവന്റെ നിൽപ്പ്.
പ്രതീക്ഷിച്ചത് പോലെ തന്നെ..
വാതിൽ തുറന്ന് നോക്കിയ പ്രിയ പകച്ചു നോക്കുന്നതും ഒരു നിമിഷതെ ഭയതിനെ മാറ്റി നിർത്തി അവളാ വാതിലടക്കും മുന്നേ അനൂപ് വളരെ നിസ്സാരമായത് തള്ളി തുറന്നു കൊണ്ടകത്തു കയറി..
പിന്നിൽ തുറന്നു കിടക്കുന്ന വാതിലടക്കാൻ കൂടി മിനക്കെടാതെ അവളെയൊന്നു നോക്കിയിട്ട് ഉറക്കെ പൊട്ടി ചിരിക്കുന്നവനെ സുജയും പ്രിയയും ഭയത്തോടെയാണ് നോക്കുന്നത്.
ആ ഭയമായിരുന്നു അവന്റെ ലഹരി..
മതിമറന്നു കൊണ്ടവൻ വിജയമുറപ്പിച്ചു.. ഉറക്കെ ഉന്മദനായ പോലെ പൊട്ടിചിരിച്ചു.
“രക്ഷപെട്ടുവെന്ന് കരുതിയോ നീ.. അനൂപ് വിടില്ലെന്ന് പറഞ്ഞ വിടില്ലെടി മോളെ..”
ഒന്നുറക്കെ കരയാൻ കൂടി കഴിയാത്ത വിധം വിളറി വെളുത്തു നിൽക്കുന്ന പ്രിയക്ക് മുന്നിൽ ചെന്നു നിന്നിട്ടവൻ പൈശാചികമായൊരു ഭാവത്തിൽ ചോദിച്ചു.
“കൊല്ലുമെടാ നിന്നെ ഞാൻ.. എന്റെ മോളെ നീ..”
ആദ്യത്തെ പകപ്പ് മാറിയതും സുജ അവന് നേരെ ചീറി കൊണ്ട് വന്നു.
“ഒന്ന് പോ തള്ളേ.. അനൂപിനെ തടയാൻ ഈ തടി പോരാ.. മാറങ്ങോട്ട്..”
അവരെ പിടിച്ചു പിന്നിലേക്ക് തള്ളി കൊണ്ട് അനൂപ് വികൃതമായൊന്ന് ചിരിച്ചു.
പ്രിയ പിടിച്ചത് കൊണ്ട് മാത്രം സുജ പിന്നിലേക്കലച്ചു വീണില്ല.
“നിങ്ങൾക്കെന്തു വേണം.?”
അമ്മയെ ചേർത്ത് പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളിൽ വല്ലാത്തൊരു വീര്യം നിറയുന്നുണ്ടായിരുന്നു.
“നിന്നെ വേണം… കണ്ട നാൾ മുതൽ എന്റെ സിരകളിൽ ലഹരിയാണ് നീ..”
അവളെ ചുഴിഞ്ഞു നോക്കി കൊണ്ടവൻ പറയുമ്പോൾ പ്രിയയുടെ ഇടനെഞ്ചിലൊരു നോവാണ് തോന്നിയത്.
ആർദ്രമായൊരു നോട്ടം അവൾക്കോർമ്മ വന്നു.
“ഞാനവന്റെയല്ലേയെന്ന് ഹൃദയമുറക്കെ നിലവിളിച്ചു.
“തരുവോ നീ…?”
കുറച്ചു കൂടി അവൾക്കരികിലേക്ക് നീങ്ങി നിന്നിട്ട് അനൂപ് ചോദിച്ചു.
“തരില്ലെന്ന് നീ പറഞ്ഞാലും ഇന്ന് ഞാൻ വാങ്ങിച്ചിട്ടേ പോകൂ.. അതിന് നിന്നെയൊക്കെ കൊല്ലേണ്ടി വന്നാലും അതിനും ഒരുങ്ങി തന്നെയാണെടി ഞാൻ വന്നിട്ടുള്ളത്. എനിക്ക് വേണ്ടത് ആവോളം ആസ്വദിച്ചിട്ട് ആരുമറിയാതെ ഞാനങ്ങു പോകും..”
വീണ്ടും അവളിലേക്ക് നോട്ടം കുത്തിയിറക്കി അനൂപ് പറയുമ്പോൾ പ്രിയക്ക് ജീവിക്കാനൊരുപ്പാട് മോഹം തോന്നിപ്പിച്ചു കൊണ്ട് പ്രിയപ്പെട്ടവന്റെ മുഖം അവളെ നോവിച്ചു..
അവന്റെ നോട്ടവും ചിരിയും അവളെ മോഹിപ്പിച്ചു..
“മനസ്സോടെ നീ തരികയെങ്കിൽ അങ്ങനെ. അല്ലെങ്കിലും എനിക്ക് വേണ്ടത് ഞാനെടുക്കും. വീര്യം കൂടുന്തോറും എനിക്ക് ലഹരിയും കൂടും..”
അവൻ അരികിലേക്ക് വരുന്നത് കാണെ പിന്നിലേക്ക് നീങ്ങിയിരുന്ന പ്രിയ പെട്ടന്ന് നിന്നു.
ആ കണ്ണുകളൊന്ന് പിടഞ്ഞത് അനൂപ് ശ്രദ്ധിച്ചു..
അവന്റെ മുഖം ചുളിഞ്ഞു..
ഞൊടിയിട ആത്മവിശ്വാസം നിറഞ്ഞൊരു ചിരിയോടെ അവന്റെ നേരെ നോക്കി.
“അവൻ കഷ്ടപ്പെട്ടു ചോദിച്ചതല്ലേ കൃഷ്ണ.. അറിഞ്ഞൊന്നങ്ങു കൊടുത്തേക്ക്..ഇനി ഇത്ര ആക്രാന്തം ഉണ്ടാവരുത്..”
പിന്നിൽ നിന്നും കടുപ്പമുള്ളൊരു സ്വരം.
വെട്ടി തിരിഞ്ഞു നോക്കിയ അനൂപ് ഞെട്ടി വിറച്ചു പോയിരുന്നു.
വാതിലിൽ ചാരി കൈ കെട്ടി നിൽക്കുന്ന ആദി..
അവനരികിൽ തന്നെ ഗൂഡമായൊരു ചിരിയോടെ സഞ്ജു.
അനൂപൊന്ന് പിന്നിലേക്ക് വേച്ചു പോയി.
നിമിഷനേരം കൊണ്ടവൻ ആ കാഴ്ച നൽകിയ ഭയത്താൽ വിയർത്തു പോയി..
ഇവർ കാറിൽ കയറി പോകുന്നത് കണ്ടതാണല്ലോയെന്നവൻ ഭയത്തോടെ ഓർത്തു..
“ഇനിയൊരിക്കലും മറ്റൊരു പെണ്ണിനോട് ഇത് പോലൊരു ആഗ്രഹവുമായി ഇനിയിവൻ മറ്റൊരാളുടെ അരികിലേക്ക് പോകാത്ത വിധം കൊടുത്തു വിടെന്റെ പെങ്ങളെ ”
അനൂപിനെ നോക്കി വല്ലാത്തൊരു ചിരിയോടെ സഞ്ജു പറഞ്ഞതും.. പ്രിയ സുജയെ വിട്ട് അനൂപിന്റെ മുന്നിലേക്ക് വന്നു നിന്നു.
കനലെരിയുന്ന ആ കണ്ണിലേക്കു നോക്കി അനൂപ് വിറച്ചു.
പല്ല് കടിച്ചു കൊണ്ടവൾ തുടരെ കൈ വീശിയടിക്കുമ്പോൾ ആദിയും സഞ്ജുവും അകത്തേക്ക് കയറി വാതിൽ ചേർത്തടച്ചു കുറ്റിയിട്ട് കൊണ്ടതിൽ ചാരി ചിരിയോടെ നിന്നു.
ആദ്യമായി അവനിലെ മൃഗത്തെ തിരിച്ചറിഞ്ഞ അന്ന് മുതലുള്ള രോഷം പ്രിയയിൽ ആളി കത്തി.
തുടരെ അവനെ അടിക്കുമ്പോഴും പകച്ചുപോയി അനൂപിന് അതൊന്ന് തടയാൻ കൂടിയുള്ള സാവകാശം കിട്ടിയിലെന്ന് വേണം പറയാൻ.
പല്ല് കടിച്ചു പിടിച്ചു കൊണ്ടവൾ അടിക്കുമ്പോൾ ആ കണ്ണുകളും നിറഞ്ഞൊലിക്കുന്നുണ്ട്.
കൈകൾ വല്ലാതെ വേദനിച്ചിട്ടും അവളത് നിർത്തുന്നില്ലെന്ന് കണ്ടതും ആദിയവളെ പിന്നിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു.
“മതി കൃഷ്ണ.. നീ തളർന്നു.. ഇനി നിനക്ക് വേണ്ടി ഞാൻ ചെയ്‌തോളാം..”
വിറക്കുന്ന അവളുടെ ദേഹം പൊതിഞ്ഞു പിടിച്ചു കൊണ്ട് വല്ലാത്തൊരലിവോടെ അവനത് പറയുബോൾ കരഞ്ഞു കൊണ്ടവൾ പിന്നിലെ അവനിലേക്ക് ചാഞ്ഞു.
അവശനായ അനൂപ് ചുവരിൽ ചാരി നിന്നിട്ട് കിതക്കുന്നുണ്ട്.
“ആദിയേട്ടാ.. ഇവനുണ്ടല്ലോ.. ഇവൻ കാരണം ഞാൻ.. ഞാനെത്ര തവണ.. മരിക്കാൻ..നോക്കിയിട്ടുണ്ടെന്നോ.. ജീവിതം മടുത്തു പോയിട്ടുണ്ടെന്നോ..ഇവൻ.. ഇവനാണ് ആദിയേട്ടാ..ഇവൻ കാരണമാണ് ഞാൻ…”
അനൂപിനെ ചൂണ്ടി കരച്ചിലോടെ തന്നെ പിന്നിലേക്ക് മുഖം ചെരിച്ചു നോക്കി പറയുന്നവളെ ആദി പിടിച്ചു തിരിച്ചു കൊണ്ട് തന്റെ നെഞ്ചിലേക്ക് ചേർത്തു.
“എനിക്കറിയാം കൃഷ്ണ…”
ആ നോവറിഞ്ഞ വേദനയോടെ തന്നെ ആദി അവളെ തലോടി പറയുന്നുണ്ടായിരുന്നു.
“പൊന്നു മോനെന്താ കരുതിയത്.. നീ വിജയിച്ചുവെന്നോ.. എന്റെ പെങ്ങളെ നിനക്കൊറ്റക്ക് കിട്ടിയെന്നോ?”
സഞ്ജു അനൂപിന്റെ അരികിലേക്ക് ചെന്നു കൊണ്ട് ചോദിച്ചു.
അവനൊന്നും മിണ്ടാതെ മുഖം കുനിച്ചു.
ഇങ്ങനൊരു അറ്റാക്ക് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അതിനെതിരെ എന്ത് ചെയ്യണമെന്നുള്ളത് അവനും അറിയില്ലായിരുന്നു.
കിട്ടിയ അടികളും കിട്ടാനുള്ള അടിക്കളുമൊന്നുമല്ല.. ഇത്രേം ദേഷ്യത്തോടെ നിൽക്കുന്ന അവർക്കിടയിൽ നിന്നുമെങ്ങനെ രക്ഷപെട്ടു പോകുമെന്നോർത്തു കൊണ്ടായിരുന്നു അവനപ്പോൾ ഭയന്നത് മുഴുവനും.
“ഉച്ച മുതൽ നീയിവിടെ ചുറ്റി തിരിയുന്നുണ്ടെന്ന വിവരം ഞങ്ങൾക്ക് കിട്ടിയായിരുന്നെടാ മോനെ.. ഇത് ഞങ്ങൾ നിന്നെ കുടുക്കാൻ അറിഞ്ഞു കൊണ്ടൊരു അവസരം തന്നതല്ലേ… ഞങ്ങളെയൊട്ടും നിരാശപ്പെടുത്താതെ നീയതിലേക്ക് വന്നു ചാടി തരികയും ചെയ്തു. ഇനി നിന്നെ വെറുതെ വിട്ട അത് ഞങ്ങൾക്ക് തന്നെ മോശമല്ലേ..?”
സഞ്ജു അവന്റെ മുഖം നോക്കിയടിച്ചു കഴിഞ്ഞിരുന്നു.
“നിനക്കെന്റെ പെങ്ങളെ വേണം ല്ലേ.. അമ്പട.. നീ അത്രക്കൊക്കെ ആയോ.. ഏഹ്.. പറ അനൂപേ..”
നിലത്തേക്ക് വീണു പോയ അനൂപിനെ വലിച്ചു പൊക്കി വീണ്ടും അടിക്കുന്ന സഞ്ജുവിനെ കണ്ടിട്ട് ആദിക്ക് ചിരി വന്നു.
നെഞ്ചിൽ പറ്റി പിടിച്ചു നിന്നു കരയുന്നവളെ അവൻ ബലമായി മുഖം പിടിച്ചുയർത്തി.
“മതി കൃഷ്ണ.. നീയല്ല കരയേണ്ടത്. നിന്നോടും നിന്റെ കുടുംബത്തിനോടും ചെയ്തു പോയ ക്രൂരതകൾക്ക് മുഴുവനും ഇവനെ കൊണ്ട് ഞാനുത്തരം പറയിപ്പിക്കും ..”
ആദി അലിവോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
കരച്ചിലോടെ തന്നെ അവൾ ചിരിക്കുകയാണ്.
മഴവില്ല് പോലുള്ള ആ നനഞ്ഞു കുതിർന്ന ചിരിയഴകിലേക്ക് നോക്കിയപ്പോൾ ആദിക്കവളെ അപ്പാടെ ചുംബനങ്ങൾ കൊണ്ട് പൊതിയാനാണ് തോന്നിയത്.
അത്രമേൽ ആർദ്രമായൊരു ഭാവത്തിൽ തന്നിലേക്ക് ചേർന്ന് നിൽക്കുന്നവളെ കുറിച്ചോർത്തു കൊണ്ടവന്റെ ഹൃദയം പ്രണയത്താൽ വിങ്ങി..
“ഇവിടിരിക്ക്…”
ചിരിയോടെ പ്രിയയെ കിടക്കയിലേക്ക് പിടിച്ചിരുത്തി കൊണ്ടവൻ അനൂപിന് നേരെ തിരിഞ്ഞു.
“മക്കളെ ഈ നാറി ഉപദ്രവിച്ചു രസിച്ച നിമിഷങ്ങളിലൊക്കെ അമ്മ കരുതി വെച്ചൊരു സമ്മാനമില്ലേ ഇവന്.. അതങ്ങു കൊടുത്തേക്ക്..”
സുജയെ നോക്കി സഞ്ജു പറയുമ്പോൾ.. അവർ കരഞ്ഞു കൊണ്ടവനെ ചുറ്റി പിടിച്ചു.
“അയ്യേ.. എന്തോന്നിത്. അമ്മയെന്റെ പെങ്ങളെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.. എന്തായിരുന്നു ആ അടി.. എന്താ ഒരു പവർ.. പ്രൌട് ഓഫ് യൂ മൈ സ്വീറ്റ് സിസി ”
അവൻ പ്രിയയെ നോക്കി ഈണത്തിൽ പറഞ്ഞു കേട്ടതും അവൾ ചിരിയോടെ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.
“അപ്പൊ ഇവർക്കിനി ഉപഹാരങ്ങൾ കൊടുക്കാനില്ലാത്ത സ്ഥിതിക്ക് നമ്മുക്കങ് പോയാലോ മോനെ അനൂപേ ”
അവന്റെ കവിളിൽ ശക്തിയായ് പിടിച്ചുലച്ചു കൊണ്ട് ആദി വല്ലാത്തൊരു ചിരിയോടെ ചോദിക്കുമ്പോൾ അനൂപവനെ ഭയത്തോടെ നോക്കി.
“ഹാ.. നീ ഇപ്പഴേ വിറച്ചിട്ട് ബാക്കിയുള്ള സ്റ്റാമിന കളയാതെടാ മോനെ.. അടി ഒന്നുമായില്ല.. വടി വെട്ടാൻ ആള് പോയിട്ടേ ഒള്ളു ”
സുജയെ ചേർത്ത് പിടിച്ചു നിന്ന് കൊണ്ട് തന്നെ സഞ്ജു വിളിച്ചു പറയുമ്പോൾ അനൂപിന്റെ കണ്ണുകളൊന്ന് പിടച്ചു.
“എന്തൊക്കെ മോഹം കൊണ്ട് വന്ന ആളാ. ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ… പെറ്റ തള്ള സഹിക്കുവോ?”
സഞ്ജു വീണ്ടും വിളിച്ചു പറയുന്നത് കേട്ടതും ആദി ചിരിയൊതുക്കി അനൂപിനെ നോക്കി.
“നിനക്കെന്റെ പെണ്ണിനെ വേണം.. അല്ലേടാ.. നിനക്കവനെ അറിയണം അല്ലേടാ..”
ചോദ്യത്തിനൊപ്പം തന്നെ ആദിയുടെ അടിയും കഴിഞ്ഞിരുന്നു.
“അളിയാ നിൽ…”
സുജയെ പ്രിയക്കരികിലേക്കിരുത്തി കൊണ്ട് സഞ്ജു ആദിയെ നോക്കി പറഞ്ഞു.
“ഇവനോട് ഒരു ആങ്ങളയെന്ന നിലക്ക് എനിക്ക് കുറേ സംസാരിച്ചു തീർക്കാനും കൊടുത്തു തീർക്കാനുമുണ്ട്. പക്ഷേ അതിൽ പല ഡയലോഗും ഇവിടെ വെച്ചു പറയാൻ കഴിയാത്തത് കൊണ്ട് തന്നെ എന്റെ ഉള്ളിലെ വികാരം പൂർണ്ണമായും പുറത്തെടുത്തു കൊണ്ട് എനിക്ക് അർമാധിക്കാൻ കഴിയില്ല. ഒരു അളിയനെന്ന പരിഗണന തന്നു കൊണ്ട് എന്റെ റിക്വസ്റ്റ് സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..”
സഞ്ജു ആദിയെ നോക്കി പറഞ്ഞു.
“നീയെന്താ ഉദ്ദേശിച്ചത്..?”
ചിരി വന്നിട്ടും ആദി അതോതുക്കി കൊണ്ട് സഞ്ജുവിനോട് ചോദിച്ചു.
“നമ്മുക്കിവനെ ഇവിടെ വെച്ചു സത്കരിക്കരിക്കേണ്ട.. സ്ഥലം മാറ്റി പിടിക്കാം. എന്തിനാ വെറുതെ എന്റെ പെങ്ങളുടെ ഉറക്കം കളയുന്നത്.. അവര് സമാധാനമായി കിടന്നോട്ടെ..”
സഞ്ജു പറഞ്ഞു.
“ആയിക്കോട്ടെ.. നിന്റെ ആഗ്രഹം പോലെ നടക്കട്ടെ.. അപ്പൊ നമ്മുടെ ആയുധമെടുക്ക്..”
അനൂപിനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ആദി തിരിച്ചു നിർത്തി.
കൂർത്ത എന്തോ ഒന്ന് തന്റെ പിന്നിൽ അമരുന്നത് അനൂപ് ഞെട്ടലോടെ അറിഞ്ഞു.
ഒരു തരിപ്പ് അവനെ ഒന്നാകെ പൊതിഞ്ഞു.
“നാളെ രാവിലെ ഇവിടം വിടാൻ ടിക്കറ്റ് എടുത്തവനാണ് നീ.. ഞങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ദേ ഈ കത്തി നിന്റെ നട്ടെല്ലിനുള്ളിൽ തുളഞ്ഞു കയറും. നീ എങ്ങോട്ടോ പോയെന്ന് അന്വേഷിച്ചു നടക്കുന്നവർ കരുതുകയും ചെയ്യും..അത് കൊണ്ട് അനുസരണയോടെ മോൻ നടന്നോ..”
ഒന്നൂടെ അവനിലേക്ക് കയ്യൊന്നമർത്തി സഞ്ജു പതിയെ പറഞ്ഞു.
“വേണ്ടാ.. ഞാൻ.. ഞാൻ വരാം..”
അനൂപ് വിറച്ചു കൊണ്ട് പറഞ്ഞു.
“ഹോ ഈ പഞ്ചായത്തിലുണ്ടാവുമോ ഇത്രേം അനുസരണയുള്ളൊരു ചെക്കൻ…എങ്കിൽ നടന്നോ..”
സഞ്ജു ആവിശ്യപ്പെട്ടതും അനൂപ് പതിയെ മുന്നിലേക്ക് നടന്നു തുടങ്ങി.
“പോട്ടെ പെങ്ങളെ.. നാളെ വരാം ട്ടോ..”
പോകും വഴി അനൂപ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
“വാതിലടച്ചിട്ട് കിടന്നോ.. ഇനിയൊന്നും പേടിക്കേണ്ട ”
ആദി പ്രിയയോടും സുജയോടുമയിട്ട് പറഞ്ഞു.
“സൂക്ഷിക്കണേ മോനെ.. അതൊരു പേ പിടിച്ച ജന്തുവാണ് ”
സുജ ആദിയെ നോക്കി പറഞ്ഞു.
“കുഴപ്പമില്ലമ്മാ.. ഞാൻ നോക്കി കൊള്ളാം..”
അത് പറഞ്ഞു കൊണ്ടവൻ വീണ്ടും പ്രിയയെ നോക്കി.
“ഉറങ്ങിക്കോ ട്ടോ. രാവിലെ വരാം..”
ഉള്ളിലെ സ്നേഹം മുഴുവനും നിറച്ചു കൊണ്ടാവൻ പറയുമ്പോൾ നേർത്തൊരു ചിരിയോടെ അവൾ തലയാട്ടി.
മുന്നിലേക്ക് നടന്ന ആദി വാതിൽ കടന്നിറങ്ങും മുന്നേ ഒന്ന് കൂടി തിരിഞ്ഞു നോക്കി.
പ്രിയ എഴുന്നേറ്റ് കൊണ്ടവന്റെ അരികിലേക്ക് ചെന്നു.
“രാവിലെ ഞാൻ വരുമ്പോൾ ഈ നോവോടെ കാണരുത് കേട്ടോ.. എനിക്കിങ്ങനെ കാണാൻ വയ്യ കൃഷ്ണ..”
അരികിലേക്ക് വന്നവളുടെ കവിളിൽ തട്ടി സുജ കേൾക്കാതിരിക്കാൻ പതിയെ പറയുന്നവന്റെ കണ്ണിലെ പ്രണയതിരയിൽ അവളും മുങ്ങി പോയിരുന്നു..
“പോയിക്കോ..”
അവൻ ചിരിയോടെ പിന്നിലേക്ക് നടന്നിട്ട് പറഞ്ഞു.
“സൂക്ഷിക്കണേ…”
പതിഞ്ഞൊരു ചിരിയോടെ പ്രിയ ഓർമ്മിപ്പിക്കുമ്പോൾ അവൻ ചിരിയോടെ തലയാട്ടി.
“വാതിലടച്ചു പോ കൃഷ്ണ..”
ചിരിയോടെ തന്നെ ആദി ആവിശ്യപ്പെട്ടു.
താൻ അകത്തു പോകാതെ അവൻ പോവില്ലെന്ന് മനസ്സിലായതും പ്രിയ അകത്തേക്ക് കയറി പോയി.
മുന്നിൽ നടക്കുന്ന സഞ്ജുവിനോപ്പം ആദി ഓടിയെത്തി.
അവന്റെ കയ്യിലുള്ള ആയുധതിനെ പേടിച്ചു കൊണ്ട് അച്ചടക്കത്തോടെ നടക്കുന്ന അനൂപിന്റെ വലതു ഭാഗത്തേക്ക് ചേർന്നിട്ട് ആദി അവന്റെ തോളിൽ കയ്യിട്ടു പിടിച്ചു.
കാണുന്നവർക്ക് മൂന്ന് സുഹൃത്തുക്കൾ ചേർന്ന് നടന്നു പോകുകയാണെന്നെ തോന്നു.
ആദിയുടെ കാർ പാർക്ക് ചെയ്തിടത്തേക്കെത്തും വരെയും അവരങ്ങനെ തന്നെയാണ് പോയത്.
അനൂപിനെ പിന്നിലേക്ക് തള്ളി കയറ്റി കൊണ്ട് ആദിയും അവനൊപ്പം കയറി.
അതിൽ സൂക്ഷിച്ചു വെച്ചിരുന്ന സ്റ്റിക്കർ കൊണ്ടവന്റെ വാ പൊതിഞ്ഞടച്ചു.
കൈകൾ ബലമുള്ളൊരു കയർ കൊണ്ട് വരിഞ്ഞു കെട്ടിയതിന് ശേഷമാണ് സഞ്ജു അവന്റെ കയ്യിലുള്ള തടിച്ച വിറക് കഷ്ണം പുറത്തേക്ക് വലിച്ചെറിഞ്ഞത്..
തുടരും..
പിന്നല്ല..
കൊറേയായി ഓൻ കളിക്കുന്നു.
ഇനി കളി എങ്ങനെയെന്ന് ആ ചെക്കൻമാർ പഠിപ്പിച്ചു കൊടുക്കട്ടെ..
സെറ്റല്ലേ..
ഉഷാറായി റിവ്യൂ ഇടണേ..
എനിക്കിച്ചിരി മടി കൂടുന്നുണ്ടോ ന്നൊരു സംശയം 🫣
സ്നേഹത്തോടെ jif❣️

by