ഭാഗം 16
വാതിലോളം എത്തിയവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി… ആ നിമിഷം തന്നെ അവളും അവനെ ഒന്ന് നോക്കിയിരുന്നു.. രണ്ടുപേരുടെയും മിഴികൾ തമ്മിൽ കൂട്ടിമുട്ടി, ആരുമില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മാൻപേടയെ പോലെ തോന്നി അവളുടെ നിൽപ്പും ഭാവവും കണ്ട് അവന്… അവൻ വെറുതെ രണ്ട് കണ്ണുകളും അടച്ച് ഒന്നുമില്ല എന്ന് അവളെ കാണിച്ചു. ഒപ്പം നെഞ്ചിൽ കൈ വെച്ച് ഞാൻ കൂടെയുണ്ടെന്നും പറയാതെ പറഞ്ഞു. എന്തുകൊണ്ട് ആ നിമിഷം അവന്റെ ആ പ്രവർത്തി അവളിൽ നിറച്ചത് വലിയൊരു ആശ്വാസമായിരുന്നു..
ആഴക്കടലിൽ മുങ്ങി പോകുമ്പോൾ ഇടയ്ക്ക് പിടിക്കാൻ കിട്ടുന്ന ഒരു കച്ചിതുരുമ്പ് പോലെ… അവന്റെ ആ നോട്ടവും കൈകൾ കൊണ്ടുള്ള എക്സ്പ്രെഷനും അവളിൽ വല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു… വെറുതെയാണെങ്കിലും നമുക്ക് വേണ്ടി കരുതുന്ന ഒരു ഹൃദയം അരികിൽ ഉണ്ടെന്നറിയുമ്പോൾ ഉള്ള ഒരു ആശ്വാസം അതാണ് ആ നിമിഷം അവൾക്ക് തോന്നിയത്.
“രണ്ടുമാസം കൂടി കഴിഞ്ഞാ ഹോസ്റ്റൽ ശരിയാക്കുമെന്നാ പറഞ്ഞത്, അവിടുന്ന് തന്നെ ഭക്ഷണം ഉണ്ടാവുമല്ലോ പിന്നെ കോളേജിലേക്ക് ആവശ്യത്തിനുള്ള പണം മുഴുവൻ കെട്ടിവച്ചിട്ടുണ്ട്.. ഈ കൊല്ലം ഇനി ആവശ്യങ്ങൾ ഒന്നും ഉണ്ടാവില്ല. പിന്നെ അവധി സമയത്ത് മാത്രം നാട്ടിലേക്ക് വന്നാൽ മതിയല്ലോ, അത് എപ്പോഴാണെന്ന് പ്രിൻസിപ്പാളിനോട് ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്.. സമയമാകുമ്പോൾ ഞാൻ ഒരു ടിക്കറ്റ് ബുക്ക് ചെയ്തറിയിക്കാം ആ സമയത്ത് നാട്ടിലേക്ക് വന്നാൽ മതി.
അവൾ തലയാട്ടിയിരുന്നു…
“ബെറ്റി അതങ്ങ് എടുത്തു കൊടുക്ക്…
ജോൺ പറഞ്ഞത് കേട്ട് അവർ ബാഗിൽ നിന്നും ഒരു 1000 രൂപ എടുത്ത് അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു…
” സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ, ഇത്രയും വലിയ സിറ്റി ഇവിടെ ഈ കാശൊക്കെ ഒറ്റ ദിവസം കൊണ്ട് തീരും. ഇതിപ്പോ അത്യാവശ്യത്തിന് ഇരിക്കട്ടെ എന്ന് കരുതിയാണ്,
ഇത് കണ്ടുകൊണ്ട് ഇറങ്ങി വന്ന സോളമൻ മുഖത്ത് ഒരു പുച്ഛചിരി ഉണ്ടായിരുന്നു.. ചെന്നൈ പോലൊരു നഗരത്തിൽ പഠിക്കാൻ വന്ന മകളുടെ കയ്യിൽ വച്ചു കൊടുക്കുന്ന കാശ് ആണ് ഇത്. മറ്റൊരു കുടുംബത്തിനോടൊപ്പം താമസിക്കുന്ന ഒരു പെൺകുട്ടിക്ക് എന്തെല്ലാം ചിലവുകള്‍ ഉണ്ടായിരിക്കും, അവൾക്ക് എല്ലാമാസവും സാനിറ്ററി പാഡ് വാങ്ങാൻ പോലും ഈ പൈസ തികയില്ലല്ലോ എന്നാണ് അവൻ ചിന്തിച്ചത്… അതേ നിമിഷം തന്നെ അവളുടെ നിസ്സഹായതയും അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു… ആ പൈസ അവളുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി അയാളുടെ മുഖത്തേക്ക് എറിയാനാണ് അവന് തോന്നിയത്, അതിനുള്ള അധികാരം തനിക്ക് ഇതുവരെയില്ലല്ലോ എന്ന് ഓർത്ത് അവൻ ആ നിമിഷം തന്റെ ഉള്ളിൽ പ്രതിഷേധം ഒതുക്കി…
“നമ്മുടെ ചെന്നൈയിലെ 1000 രൂപയുടെ ഒന്നും ആവശ്യമില്ല അങ്കിൾ, ഒരഞ്ഞൂർ രൂപ കൊടുത്താൽ മതി… 1000 ഒക്കെ അധിക ചെലവല്ലേ…
പെട്ടെന്ന് സോളമൻ അങ്ങനെ പറഞ്ഞപ്പോൾ അമല അവനെ സൂക്ഷിച്ച് നോക്കിയിരുന്നു, കണ്ണുകൊണ്ട് ഒന്നും പറയരുത് എന്ന് അവർ ആംഗ്യം കാണിച്ചിരുന്നു… എങ്കിലും അവൻ ഗൗനിച്ചിരുന്നില്ല, അവൻ പറഞ്ഞതിന്റെ അർത്ഥം വ്യക്തമായി ബെറ്റിയ്ക്ക് മനസ്സിലായിരുന്നു… അവരുടെ മുഖത്ത് നിസ്സഹായത നിറഞ്ഞ ഒരു ഭാവം അവൻ കണ്ടു.. സോളമൻ തന്നെ കൊള്ളിച്ചു പറഞ്ഞതാണ് എന്ന് ജോണിനും മനസ്സിലായിരുന്നു… എന്നാൽ അയാൾ അതിനോട് പ്രതികരിച്ചിരുന്നില്ല. അവന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി മാത്രം പകരം നൽകി…
” പെൺകുട്ടികളുടെ കയ്യിൽ ഒരുപാട് പണം കൊടുക്കാൻ പാടില്ല, അവര് ഒരുപാട് വഷളായി പോകും, കാര്യവിവരവും ലോക പരിചയമുള്ളതുകൊണ്ടാ കാരണവന്മാരെ അങ്ങനെ ചെയ്യാത്തത്… അതിന്റെ ഗുണം പെൺകുട്ടികളിൽ ഉണ്ടാവും, ഒരുപാട് പണം കൈകാര്യം ചെയ്യുമ്പോൾ വീട്ടിൽ നിന്നും വിട്ടുനിൽക്കുന്ന പെൺകുട്ടികൾക്ക് പലതരത്തിലുള്ള ചിന്തകൾ ഉണ്ടാവും… അതിനിടവയ്ക്കാതിരിക്കുന്നതല്ലേ നല്ലത്…
സോളമന്റെ മുഖത്തേക്ക് നോക്കി ജോൺ പറഞ്ഞു…
” ആവശ്യത്തിന് പണം കിട്ടാത്തത് കൊണ്ട് പണത്തിനു വേണ്ടി വഷളായി പോയ ചില പെൺകുട്ടികളെയും എനിക്കറിയാം, അവരുടെ കാരണവന്മാരും ഇങ്ങനെ ചിന്തിച്ചതാണ് കാരണം.
” സോളമാ
ഒരു ശാസന പോലെ അമല വിളിച്ചപ്പോൾ നിർത്താനാണ് അവർ ഉദ്ദേശിച്ചത് എന്ന് അവന് മനസ്സിലായി, ഒന്നും പറയാതെ അവൻ അകത്തേക്ക് കയറി പോയിരുന്നു…
” ഞങ്ങൾ ഇറങ്ങാൻ നിൽക്കരുന്നു, നിന്നെ ഒന്ന് കാണാൻ വേണ്ടിയാണ് ഇരുന്നത്…. അവധിയുടെ സമയത്ത് നാട്ടിലേക്ക് വന്നാൽ മതി, ഇടയ്ക്ക് ഉള്ള വരവ് ചിലവ് ആണ്….
അവൾ തലയാട്ടി കാണിച്ചിരുന്നു,
” ബെറ്റി വാ
ആരും കാണാതെ കുറച്ചു പൈസ ബെറ്റി തന്റെ കയ്യിൽ സൂക്ഷിച്ചിരുന്നു മകളുടെ കയ്യിൽ നൽകാനായി… അങ്ങനെ ഒരു കാര്യം അവർ ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കാം അവരുടെ അരികിൽ നിന്നും ജോൺ മാറിയിരുന്നില്ല, എന്ത് ചെയ്യണം എന്ന് അറിയാതെ നിസ്സഹായതയോടെ അമലയുടെ മുഖത്തേക്ക് ബെറ്റി നോക്കിയപ്പോൾ ഇരു കണ്ണുകളും അടച്ച് താൻ ഇവിടെ ഇല്ലേ എന്ന് അമല ചോദിക്കുന്നുണ്ടായിരുന്നു…. ആ അമ്മയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അമലയ്ക്ക് സാധിക്കുമായിരുന്നു… മകളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും ജോൺ അനുവദിച്ചില്ല, അവരുടെ കൂടെ തന്നെ നിൽക്കുകയാണ്… അയാളുടെ അരികിൽ വച്ച് മകളെ ഒന്ന് ചേർത്ത് നിർത്തുവാൻ ഉള്ള ധൈര്യം ബെറ്റിക്കും ഉണ്ടായിരുന്നില്ല…
ദിവസങ്ങൾക്ക് ശേഷം അമ്മയെ കണ്ട സന്തോഷമായിരുന്നു അവളുടെ മുഖത്ത്, അത് പെട്ടെന്ന് തന്നെ മാഞ്ഞു പോവുകയും ചെയ്തിരുന്നു… തന്നോട് സ്നേഹത്തോടെ ഒരു വാക്കുപോലും പറയാതെ ഭർത്താവിനെ അനുഗമിച്ചു പോകുന്ന അമ്മയെ കണ്ടപ്പോൾ വല്ലാത്ത ഒരു വേദനയായിരുന്നു അവൾക്കും തോന്നിയത്…
ഇത്തരം സാഹചര്യങ്ങളിൽ ആണ് ഈ ലോകത്ത് താൻ ഒറ്റയ്ക്കാണ് എന്നും തനിക്ക് ആരുമില്ല എന്നും ഉള്ള സത്യം മനസ്സിലാക്കുന്നത്… കണ്ണുകൾ കൊണ്ട് അവളോട് യാത്ര പറഞ്ഞു ഭർത്താവിനൊപ്പം അവർ ഇറങ്ങിയപ്പോൾ കണ്ണുനീർ പുറത്ത് വരാതെ വേദന നിറച്ച ഒരു പുഞ്ചിരി അമലയ്ക്ക് സമ്മാനിച്ചിരുന്നു മരിയ…
” മോള് കുറച്ച് നേരം ചെന്ന് റസ്റ്റ് എടുക്ക്…. ഒരുപാട് പഠിച്ച് ക്ഷീണിച്ചു വന്നതല്ലേ, അമ്മയുടെ അവസ്ഥ മോൾക്ക് അറിയാലോ… മോളോടെ ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ല.. അവളുടെ സാഹചര്യവും അതായി പോയി, മോള് പപ്പയെ നോക്കണ്ട മോൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സ്വന്തം അമ്മയോട് എന്നതുപോലെ ആന്റിയോട് പറഞ്ഞാൽ മതി.. ആന്റി അത് സാധിച്ചു തരും, ആന്റിയോട് പറയാൻ മോള് മടി വിചാരിക്കണ്ട…
” എനിക്ക് അങ്ങനെ വിഷമം ഒന്നും ഇല്ല ആന്റി… കുട്ടിക്കാലം മുതൽ പരിചയമായതാണ് ഇക്കാര്യങ്ങളൊക്കെ, അതുകൊണ്ട് ഒട്ടും വിഷമം തോന്നുന്നില്ല…
അത്രയും പറഞ്ഞ് അവളകത്തേക്ക് കയറിയപ്പോൾ അമലയും എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു… മുറിയിലേക്ക് ചെന്ന് കുറച്ച് സമയം കമിഴ്ന്നു കിടന്ന് കരഞ്ഞിരുന്നു അവൾ. ഒറ്റപ്പെട്ടു പോവുക എന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ, ഈ ലോകത്തിൽ തനിക്ക് മാത്രം ആരുമില്ല എന്നുള്ള ഒരു തോന്നൽ അത് അവളെ വലയം ചെയ്യാൻ തുടങ്ങി…. ആ കിടപ്പിൽ കിടന്ന് അവൾ ഒന്ന് മയങ്ങി പോയിരുന്നു, ആരും വിളിക്കുകയും ചെയ്തില്ല….
പുറത്ത് മഴയുടെ ഇരുമ്പൻ കേട്ടാണ് അവൾ കണ്ണുതുറന്നത് നോക്കിയപ്പോൾ മഴ പെയ്യുന്നുണ്ട് സമയം 7:40 അടുത്തു… പെട്ടെന്ന് അവൾ ബാത്റൂമിലേക്ക് കയറി ഒന്നു കുളിച്ചു, കുളിച്ച് പുറത്തിറങ്ങിയപ്പോൾ അമല മുറിയിലാണ്… അടുക്കളയിലേക്ക് ചെന്നപ്പോൾ വൈകിട്ടത്തേക്കുള്ളതെല്ലാം തന്നെ അമല ചെയ്തു വച്ചിട്ടുണ്ട്… സോളമൻ അകത്തുണ്ടോ പോയോ എന്ന് അവൾക്കറിയില്ലായിരുന്നു, എന്തൊ ഒരു ഉൾപ്രേരണയിൽ അവന്റെ മുറിയുടെ അരികിലേക്ക് ചെല്ലാൻ അവൾക്ക് തോന്നി… പിന്നീട് അവൾ തന്നെ സ്വന്തം മനസ്സിനെ ശാസിച്ചു അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു പഠിപ്പിച്ചു, ബാൽക്കണിയിൽ നിന്ന് വെറുതെ പുറത്തെ കാഴ്ചകളിലേക്ക് ദൃഷ്ടി പായിച്ചു…
“പഠിക്കാൻ ഒന്നുമില്ലേ മാഡം..?
പുറകിൽ നിന്നും സോളമന്റെ ശബ്ദം കേട്ടപ്പോൾ ഒരു ആശ്വാസം തന്നിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞിരുന്നു…. തിരിഞ്ഞു നോക്കിയപ്പോൾ തന്റെ തൊട്ടരികിലായി അവൻ നിൽക്കുകയാണ്…. ഒരു വിരൽ ദൂരം മാത്രം അകലം, ബിഎസ്സി നേഴ്സിങ്ങിനേക്കാളും കൂടുതൽ പഠിക്കാനുള്ളത് ജനറൽ നഴ്സിംഗ് ആണ്…. ഒരുക്ലാസ്സ് പോലും മിസ്സ് ചെയ്യാതെ നന്നായിട്ട് പഠിക്കണം, ഇല്ലെങ്കിൽ ആ ഫ്ലോയങ് പോകും… എല്ലാ ദിവസത്തെയും നോട്ട്സ് അന്നന്നു തന്നെ പഠിക്കുന്നതാ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, അവൾ ഒന്നും മിണ്ടാതെ അവനിൽ നിന്നും അകന്നു നിന്നു… അവൻ അപ്പോഴേക്കും ഒരിക്കൽ കൂടി അവൾക്ക് അരികിലായി നീങ്ങി നിന്നു….
” കുറച്ച് അധികം നേരമായിട്ട് ഇവിടെ കാണുന്നില്ലായിരുന്നല്ലോ, രണ്ടുമൂന്നുവട്ടം വന്നു നോക്കിയപ്പോഴൊക്കെ റൂം ലോക്കായിരുന്നു ഉറങ്ങിപ്പോയോ
അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചവൻ ചോദിച്ചു…പെട്ടെന്ന് ഭയന്നുപോയ അവൾ ചുറ്റുവട്ടത്തേക്ക് നോക്കി… അമല വരുമെന്ന ഭയമാണ് അതെന്ന് അവനു തോന്നി…
“മമ്മ കുളിക്കാ, ഉടനെ വരില്ല. അച്ഛനും അമ്മയും വന്നപ്പോൾ തൊട്ട് മൂഡ് ഓഫ് ആണല്ലോ,
മറുപടിയൊന്നും ലഭിക്കില്ലെങ്കിലും അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു….
” എന്തിനാ വിഷമിക്കുന്നത്…? ഞാനില്ലേ…..
അവളുടെ കാതോരം അവന്റെ നിശ്വാസം…. ഒരു നിമിഷം ഞെട്ടലോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി,
“വെറുതെ പറഞ്ഞതല്ല, ഞാനുണ്ട് , ഇനിമുതൽ എന്നും എപ്പോഴും,
” എന്നോട് ഇങ്ങനെ ഒന്നും സംസാരിക്കരുത്,
അവളുടെ ശബ്ദം വല്ലാതെ നേർത്തു പോയിരുന്നു…
” എന്റെ അവസ്ഥ കൊണ്ടാണ് ഇവിടെ നിൽക്കുന്നത്, രക്ഷപ്പെടാൻ എന്റെ മുൻപിൽ ഇതല്ലാതെ മറ്റൊരു മാർഗവുമില്ല, ഉപദ്രവിക്കരുത്…! എന്നെ മറ്റൊരു കണ്ണോട് കാണരുത്…
അവൾ കൈകൾ തൊഴുതു കണ്ണ് നിറച്ചു പറഞ്ഞു..
” തന്നെ ഒരിക്കലും എനിക്ക് ആ കണ്ണോട് കാണാൻ പറ്റില്ല… ശരിക്കും എനിക്ക് ഒരുപാട് ഇഷ്ടമാണ്….എന്തൊക്കെ പ്രതിസന്ധികൾ വന്നാലും കൂടെയുണ്ടാവും, വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്കു…
തൊഴുതു പിടിച്ചവളുടെ കൈകൾ താഴ്ത്തിക്കൊണ്ട് അവൻ പറഞ്ഞു..
” എന്നെക്കുറിച്ച് എന്തറിഞ്ഞിട്ട് ആണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്…?
” ഒന്നും അറിയില്ല..!ഒന്നും അറിയേണ്ട, ഒന്നും എനിക്ക് കേൾക്കണ്ട, സഹതാപമല്ല ഇഷ്ടമാണ്, പ്രണയമാണ്, ആദ്യം കണ്ട മാത്രയിൽ തന്നെ എന്റെ മനസ്സിൽ ഇടം നേടിയ ചെമ്പൻ മുടിക്കാരിയോടുള്ള പ്രണയം, അവളുടെ വിഷാദം നിറഞ്ഞ ആ മിഴികളോടുള്ള പ്രണയം, അതിലലയടിക്കുന്ന ദുഃഖങ്ങളോടുള്ള പ്രണയം… ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായയായി നിൽക്കുന്ന നിഷ്കളങ്കയായ ഒരു പെണ്ണിനോടുള്ള പ്രണയം, അങ്ങനെ അങ്ങനെയങ്ങനെ അവളിലെ പല ഭാവങ്ങളോടും …
ഒരു കള്ളച്ചിരിയോടെ പറയുന്നവനെ അവൾ കണ്ചിമ്മാതെ നോക്കി…
” എനിക്ക് തന്നെക്കുറിച്ച് ഒന്നും അറിയേണ്ട പക്ഷേ താൻ അറിയണം എന്നെക്കുറിച്ച്, ഒരുപാട് പെൺകുട്ടികളുമായിട്ട് ബന്ധമുണ്ടായിരുന്ന സോളമനെന്ന കോഴിയെ കുറിച്ച്….
അവളുടെ മുഖത്ത് വിരിഞ്ഞ ആശ്വാസത്തെ തകർക്കാൻ കെൽപ്പുള്ളതായിരുന്നു അവൻ പറഞ്ഞ ആ വാക്ക്…
” ഞാൻ ഒട്ടും നല്ലൊരു വ്യക്തി ആയിരുന്നില്ല, കാണുന്ന പെമ്പിള്ളാരോടെല്ലാം പ്രേമം തോന്നുന്ന അവരൊക്കെ ആയിട്ട് ലോകം മുഴുവൻ കറങ്ങുന്ന ഒരൊന്നൊന്നാന്തരം ഫ്ലേർട്ട് ആയിരുന്നു ഞാൻ… നിന്നെ കാണുന്നതിന് മുൻപ് വരെ, “ഐ റിപ്പീറ്റ് നിന്നെ കാണുന്നതിന് മുൻപ് വരെ…!”
അത്രയും പറഞ്ഞ് ഒരു കണ്ണിറുക്കി കാണിച്ച് ചെറു ചിരിയോടെ അവനവിടെ നിന്നും പിൻവാങ്ങിയപ്പോൾ അവൻ അവസാനം പറഞ്ഞ ആ വാചകങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു അവളും….
” ഐ റിപ്പീറ്റ് നിന്നെ കാണുന്നതിനു മുൻപ് വരെ…!
ആ വാക്കുകളിൽ ഉണ്ടായിരുന്നു അവളുടെ സംശയങ്ങൾക്കുള്ള എല്ലാ മറുപടിയും….
“മോളെ
അമലയുടെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്…
” ഞാൻ വന്നു നോക്കുമ്പോൾ മോള് നല്ല ഉറക്കമായിരുന്നു, പിന്നെ ശല്യപ്പെടുത്തേണ്ടന്ന് കരുതി അതാ വിളിക്കാതിരുന്നത്… മോളുടെ അമ്മ വിളിച്ചിട്ട് ഉണ്ടായിരുന്നു പപ്പ കാണാതെ കുറച്ച് കാശ് എന്റെ കൈയിൽ തന്നിരുന്നു, മോൾക്ക് തരാൻ വേണ്ടി… ഇവിടെ മോൾക്ക് ചെലവുകൾ ഉണ്ടാവുന്ന് അവൾക്കറിയാലോ, അത് തരാൻ വേണ്ടിയാ ഞാൻ മുറിയിലേക്ക് വന്നത്… അപ്പോൾ നല്ല ഉറക്കം, ഞാൻ അത് എടുത്തിട്ട് വരാം…
” വേണ്ടാ ആന്റി… ആ കാശ് എനിക്ക് വേണ്ട,
” എന്താ മോളെ….
അവളുടെ കവിളിൽ തലോടി അവളെ ചേർത്തുപിടിച്ച് അവർ ചോദിച്ചു.
” ഇതുപോലെ ഒരിക്കൽപോലും എന്റെ അമ്മ എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടില്ല ആന്റിയ്ക്ക് അറിയോ…?
കരഞ്ഞു പോയിരുന്നു അവൾ…
” ഒരിക്കലും പപ്പയുടെ മുമ്പിൽവെച്ച് എനിക്ക് കാശ് തരാൻ അമ്മയ്ക്ക് സാധിക്കില്ല, എനിക്ക് കാശല്ലേ വേണ്ടത്, ചേർത്തു പിടിക്കാനുള്ള മനസ്സ് ആണ്… അത് അമ്മയ്ക്ക് ഇല്ലാതെ പോയി, സ്വന്തം മോളെ ആരുടെ മുൻപിൽ വച്ചും ഒന്ന് ചേർത്ത് പിടിക്കാൻ ഒരു അമ്മയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ല… അതിനുള്ളിൽ സ്നേഹം മാത്രം മതി, അതുണ്ടെങ്കിൽ കാശൊന്നും ഒന്നുമല്ല, അമ്മയ്ക്കും എന്നോട് സ്നേഹം ഇല്ല… പിന്നെന്തിനാ എനിക്ക് ആ കാശ്,
പറഞ്ഞപ്പോഴേക്കും അവൾ പൊട്ടികരഞ്ഞു പോയി, അമല അവളെ തന്നോട് ചേർത്ത് നിർത്തി… അകത്തുനിന്നത് കേട്ട സോളമന്റെയും മിഴികൾ നിറഞ്ഞിരുന്നു
തുടരും…
ഒന്നിട വിട്ട് സോളമൻ ഇനി തൊട്ട് ഉണ്ട് കെട്ടോ

by