|

. വിവാഹ ശേഷം ആർക്കും അവളെ കുറിച്ച് ഒരു അറിവും ഇല്ല.

ഗെറ്റ് ടുഗെതർ (ചെറുകഥ )

ഫ്രീ ആയപ്പോൾ ഫേസ് ബുക്ക്‌ ഓപ്പൺ ചെയ്ത് സെർച്ച്‌ ഓപ്ഷനിൽ മയൂരി ദാസ് എന്ന പേര് വീണ്ടും ടൈപ് ചെയ്തു. പരിചയമില്ലാത്ത കുറേ മുഖങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നു. പിന്നെ പൂച്ചക്കുട്ടിയുടെയും പൂക്കളുടേയുമൊക്കെ ഡി പി ആയിട്ടുള്ളവയും.. എഫ് ബി യിൽ ജോയിൻ ചെയ്ത നാൾ തൊട്ട് അവളെ തിരയാൻ തുടങ്ങിയതാണ്. ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

വാട്സ്ആപ്പ് ആപ്പ് വന്നപ്പോൾ ഞാൻ തന്നെ മുന്നിട്ടിറങ്ങി 1999-2002 ഞങ്ങളുടെ ഹൈ സ്കൂൾ ക്ലാസ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പും ക്രിയേറ്റ് ചെയ്തു.. അതിലും അവളെ കണ്ടെത്താൻ പറ്റിയില്ല.അവളുടെ മാര്യേജിന് അവളെന്നെ ഇൻവൈറ്റ് ചെയ്തിരുന്നു. അപ്പോൾ പോകാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല.. അവളപ്പോൾ ബി. എഡ്‌ ന് പഠിക്കുകയായിരുന്നു. വിവാഹ ശേഷം ആർക്കും അവളെ കുറിച്ച് ഒരു അറിവും ഇല്ല.

അടുത്ത മാസം സ്കൂളിൽ വെച്ച് ഞങ്ങൾ ഒരു ഗെറ്റ്ടുഗെതർ പ്ലാൻ ചെയ്തിട്ടുണ്ട്.. എല്ലാവരും വരാൻ റെഡിയാണ്.പക്ഷെ മയൂരി വരാതെ ആ മീറ്റിംഗ് പൂർണ്ണത ആവില്ല എന്നൊരു തോന്നൽ.

എന്തും വരട്ടെ എന്നോർത്ത് എഫ്ബി യിൽ ഫേസ് കാണിക്കാത്ത ഒരു 20 പേർക്ക് മെസ്സേജ് അയച്ചു. മയൂരി ദാസ്, മയൂരി മയൂരി, മയൂരി മുകുന്ദൻ, മയൂരി കെ,മയൂരി വിനീത്,മയൂരി സുരേഷ് അങ്ങനെ കണ്ണിൽപെട്ട എല്ലാവർക്കും ഒരുപോലെ മെസ്സേജ് അയച്ചു

“ഹായ്,ഫാത്തിമ ഹൈ സ്കൂളിൽ 10 എ യിൽ പഠിച്ച മയൂരി ദാസ് ആണോ? ”

അധികം വൈകാതെ തന്നെ രണ്ട് മൂന്ന് പേര് റിപ്ലൈ തന്നു…

നോ..എന്നും പറഞ്ഞ്.

ഒരാഴ്ചക്കുള്ളിൽ വേറെ അഞ്ചു പേര് കൂടി റിപ്ലൈ ചെയ്തു. അതും നോ എന്നായിരുന്നു.

മയൂരിയെ ഒരു വിധത്തിലും കണ്ടെത്താൻ പറ്റാതെ വിഷമിച്ചിരിക്കുമ്പോളാണ് എന്റെ സ്കൂളിലെ ബെസ്റ്റ് ഫ്രണ്ടും ഇപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന അഖിൽ എന്നോട് പറഞ്ഞത് അവളുടെ വീട്ടിൽ പോയി ഫോൺ നമ്പർ വാങ്ങിച്ചാലോ നമുക്ക് എന്ന് … അത് നല്ലൊരു ഐഡിയ ആയി തോന്നി. എന്റെ വീട്ടിൽ നിന്നും 15 കിലോ മീറ്റർ ദൂരമുണ്ടാവും അവളുടെ വീട്ടിലേക്ക്… വീട് ഇതുവരെ കണ്ടിട്ടില്ല…സ്ഥലം അറിയാം അത്രമാത്രം…എന്നാലും അന്വേഷിച്ചു പോവുക തന്നെ… ഈ വരുന്ന ഞായറാഴ്ച അഖിലിനെയും കൂട്ടി പോവാം എന്ന തീരുമാനത്തിൽ എത്തി.

അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു ക്ലിനിക്കിൽ ലഞ്ച് കഴിച്ചു കൊണ്ടിരിക്കുന്ന ടൈമിൽ ആണ് മെസ്സഞ്ചറിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്.

വെറുതെ ഒന്ന് ഓപ്പൺ ചെയ്തു നോക്കി.

മയൂരി വിനീത് ആണ് റിപ്ലൈ തന്നിരിക്കുന്നത്

“അതേലോ ”

ആ മെസ്സേജ് വായിച്ചതും കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. വല്ലാത്തൊരു സന്തോഷം ആയിരുന്നു.

പെട്ടെന്ന് തന്നെ ഞാൻ റിപ്ലൈ കൊടുത്തു.

എന്നെ ഓർക്കുന്നോ?

യെസ്.നമ്മുടെ ക്ലാസ്സിലെ പഠിപ്പിസ്റ്റ് അനന്തു കൃഷ്ണ അല്ലെ.

അതെ …മയൂരി വിനീത് എന്ന് കണ്ടപ്പോൾ ആള് ഇത് തന്നെ ആണോ എന്നൊരു ഡൌട്ട്. അതാ ഒന്ന് കൺഫേം ആക്കിയേ.

വിനീത് ഹസ് ന്റെ നെയിം ആണ്.

ഓഹ് ഹസ്സിനെ കിട്ടിയപ്പോൾ അച്ഛൻ കൃഷ്ണദാസിനെ നൈസായി ഒഴിവാക്കി അല്ലെ

ഹ്മ്മ്

എന്നിട്ട് എന്തൊക്കെയാടോ വിശേഷങ്ങൾ? എഫ് ബി യിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കാം .. അതൊന്ന് ആക്‌സപ്റ്റ് ചെയ്യണേ

ഓക്കേ ഷുവർ

എവിടെയാപ്പോ താമസം.തന്നെ കുറിച്ച് ആർക്കും ഒരു വിവരവും ഇല്ലല്ലോ .

കൊച്ചിയിലുണ്ട്

വർക്ക്‌ ചെയ്യുന്നുണ്ടോ.. അതോ കെട്ട്യോനേം കുട്ടികളേം നോക്കി വീട്ടിൽ തന്നെ ഇരിപ്പാണോ?

പഠിത്തം കഴിഞ്ഞില്ല. എം . ഫിൽ ചെയ്തോണ്ടിരിക്കാണ്.

എന്റെ അമ്മച്ചിയേ .. നിനക്ക് വട്ടാണോ ഇപ്പോഴും പഠിക്കാൻ

ഹ്മ്മ് ചെറുതായിട്ട്

കഴിയാനായോ പഠിത്തം?

യസ്… മെയിൻ എക്സാംസ് കൂടെ കഴിഞ്ഞാൽ കഴിഞ്ഞു. ഇപ്പോൾ സ്റ്റഡി ലീവ് ആണ്.

ഹസ് & കിഡ്??

ഹസ് ബിസിനസ്‌,കൊച്ചിയിൽ തന്നെ.ഒരു മോൾ… കാർത്തിക.. LkG യിൽ പഠിക്കുന്നു

ഗുഡ്

നിന്റെ ഫാമിലി??

മാര്യേജ് കഴിഞ്ഞില്ല…

വയസ്സ് 30 ആയില്ലേ… വൈ നോട് യെറ്റ് ….??

ജാതക പ്രോബ്ലം ഉണ്ട്…

ഓഹ് .. പെട്ടെന്ന് ഓക്കേ ആവാൻ പ്രാർത്ഥിക്കാം.

താങ്ക്സ് ഡിയർ.

അനന്തു എവിടെയാ വർക്ക്‌ ചെയ്യുന്നേ…

സ്വന്തം നാട്ടിൽ തന്നെ… വീടിന് അടുത്തായി ക്ലിനിക് ഇട്ടു.അഖിലും ഉണ്ട് കൂടെ

ആഹാ.. ഗുഡ് . നാട്ടിൽ വരുമ്പോൾ ഞാൻ വരാം അങ്ങോട്ട് .. എന്റെ ഒരു പല്ലെടുക്കാനുണ്ട് പല്ലു ഡോക്ടറെ.

ഹെർട്ടി വെൽക്കം മാഡം.

ഫീ തരില്ലാട്ടോ

ക്ലാസ്സ്മേറ്റ്സിൽ നിന്നും ഫീ വാങ്ങിക്കാൻ മാത്രം ദരിദ്രനല്ല ഞാൻ.

ഓഹ്.. ആയിക്കോട്ടെ .. എന്നാ പിന്നെ എല്ലാവർക്കും ഫ്രീ ആക്കി കൊടുക്കരുതോ

ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ മാഡം

ഓക്കേ ഡാ… പിന്നെ കാണാം…

അയ്യോ പോവാണോ.. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. നീ ഫ്രീ ആവുമ്പോൾ മെസ്സേജ് ചെയ്യൂ ട്ടോ.

അതിന്റെ റിപ്ലൈ കിട്ടിയത് രാത്രിയിൽ ആണ്.. എത്രയോ നേരം അവളെയും കാത്ത് ഞാൻ മെസ്സഞ്ചറിൽ തന്നെ ഇരുപ്പുറപ്പിച്ചു .. അവസാനം ഉറങ്ങാനായി കിടന്നപ്പോൾ ആണ് അവൾ മെസ്സേജ് അയച്ചത്.

പറയാനുള്ള കാര്യം പറയൂ മിസ്റ്റർ.ഞാൻ ഇപ്പോൾ ഫ്രീ ആണ്.

ഓക്കേ മാഡം…പറയാം..നമ്മുടെ 10 എ ക്ലാസ്സിന്റെ ഒരു ഗെറ്റ്ടുഗെതർ ഈ മെയ്‌ 1st ന് പ്ലാൻ ചെയ്തിട്ടുണ്ട്.. നീ എന്തായാലും വരണം.. എല്ലാവരും വരുന്നുണ്ട്..വിദേശത്തുള്ളവരൊക്കെ ടിക്കറ്റ് ഒക്കെ എടുത്തു കഴിഞ്ഞു.. സൊ നീ വന്നേ പറ്റൂ.

മെയ് 1st ന് ഇനി 2 വീക്ക്സ് കൂടെ അല്ലെ ഉള്ളൂ.. എന്തായാലും എന്റെ വരവ് നടക്കില്ല മോനെ…

വൈ നോട്ട്

എന്റെ ഹസ്സ് ഇപ്പോൾ ഇവിടെ ഇല്ലെടോ.. ആളിപ്പോൾ ബിസിനസ്‌ ടൂറിലാണ്..3 വീക്ക്സ് കഴിഞ്ഞേ വരൂ.

അതിനെന്താ…. ആൾ ടൂർ എൻജോയ് ചെയ്യട്ടെ… നിനക്ക് വരാലോ…

ഞാൻ എങ്ങനെ ഒറ്റയ്ക്ക് പാലക്കാട്‌ വരും… മോളെയും കൊണ്ട് ഒറ്റയ്ക്ക് വരവ് എന്തായാലും നടക്കില്ല.. സൊ നിങ്ങൾ എൻജോയ് ചെയ്യ്‌. പിക്സ് എനിക്ക് സെൻറ് ചെയ്യണേ.

നിന്റെ ഫോൺ നമ്പർ ഒന്ന് അയച്ചേ

അപ്പോൾ തന്നെ അവൾ ഫോൺ നമ്പർ സെൻറ് ചെയ്തു തന്നു.

ഞാനിപ്പോൾ വിളിച്ചാൽ ബുദ്ധിമുട്ടാവുമോ

നോ…

വേഗം അവളുടെ നമ്പർ സേവ് ചെയ്ത് ഞാൻ അതിലേക്ക് വിളിച്ചു.

അവളുടെ ഹലോ എന്ന സ്വരം കേട്ടതും ഒന്നും ശബ്ദിക്കാൻ കഴിയാതെ ഞാൻ ഒരു നിമിഷം മിണ്ടാതെ നിന്നു.

അവൾ വീണ്ടും ഹലോ ഹലോ എന്ന് പറയുന്നുണ്ട്..

ഹലോ അനന്തു കേൾക്കുന്നില്ലേ ഡാ….

ഹാ കേൾക്കുന്നുണ്ട്.

എന്നിട്ടെന്താ ഒന്നും മിണ്ടാത്തെ..

നതിംഗ് ഡിയർ . പിന്നെ നീ ഗെറ്റ്ടുഗെതർ ന് വന്നേ പറ്റൂ… നീ വരുന്നില്ലെങ്കിൽ ഫങ്ക്ഷൻ ക്യാൻസൽ ചെയ്യാം…

ഹാ എന്നാൽ വേഗം ക്യാൻസൽ ചെയ്യ്‌..എന്നിട്ട് എല്ലാരും കൂടെ നിന്നെ പഞ്ഞിക്കിടട്ടേ

നിന്റെ കെട്ടിയോൻ എങ്ങനെ. സ്ട്രിക്ട് ആണോ..അല്ലേൽ ഞാൻ നിന്നെ പിക്ക് ചെയ്യാൻ വരാം കൊച്ചിയിലേക്ക്..

അയ്യോ അതൊന്നും വേണ്ടാ… എനിക്ക് ഡ്രൈവിംഗ് അറിയാം.. ബട്ട്‌ അത്രേം ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തിട്ടില്ല. വിനീത് കൂടെ ഉണ്ടാകുമ്പോൾ ഞാൻ തന്നെ ആണ് ഡ്രൈവ് ചെയ്യാറ്..

ആഹാ എന്നിട്ടാണോ… ഇങ്ങനെയൊക്കെ അല്ലെ ബോൾഡ് ആവുക.. താൻ ധൈര്യമായി പോരെടോ… പേടി ആണെങ്കിൽ ഞാൻ എസ്കോർട് വരാം.

അതൊന്നും വേണ്ടാ…. ഞാൻ വിനീതിനോട് ചോദിക്കട്ടെ. എന്നിട്ട് പറയാം.

ഒക്കെ… എന്തായാലും നീ വന്നേ പറ്റൂ…

ഒക്കെ.. ഐ വിൽ ട്രൈ മൈ മാക്സിമം . ഗുഡ് നൈറ്റ്‌.

ഗുഡ് നൈറ്റ്‌.

ഞങ്ങളുടെ ചാറ്റിങ് അന്ന് മുതൽ തുടങ്ങുകയായിരുന്നു. 8 മുതൽ പ്ലസ് ടു വരെ ഞങ്ങൾ ഒരുമിച്ചായിരിന്നു പഠിത്തം .. എന്റെ ചങ്കായിരുന്നു അവൾ.. കല്യാണം കഴിഞ്ഞതോടെ പിന്നെ അവൾ കോൺടാക്ട് ചെയ്തതൊന്നും ഇല്ല. ഞാൻ ബുദ്ധിമുട്ടിക്കാനും പോയീല്ല.

അങ്ങനെ വീണ്ടും ഞങ്ങളുടെ സൗഹൃദം നാമ്പിട്ടു.പിന്നീടുള്ള ഒരു ദിവസം പോലും ഞങ്ങൾ സംസാതിരിക്കാതിരുന്നിട്ടില്ല . പിറ്റേ ദിവസം തന്നെ അവൾ വിളിച്ചു പറഞ്ഞു ഹസ്ബൻഡ് സമ്മതിച്ചു ട്ടോ. പക്ഷേ മോളെ കൊണ്ടുപോവേണ്ട എന്നാണ് പറയുന്നത് ..ഇത്രേം ദൂരം ഉള്ളതോണ്ട് ഡ്രൈവിങ്ങും മോളെ കെയർ ചെയ്യലും നടക്കില്ല എന്ന് . സൊ മോളെ വിനീതിന്റെ അമ്മയുടെ അടുത്താക്കി പൊയ്ക്കോളാൻ പറഞ്ഞു എന്നോട്.

അവൾ വരുന്നുണ്ടെന്ന് കേട്ടതും എനിക്ക് ഒരുപാട് സന്തോഷം തോന്നി. 10 വർഷത്തോളം ആയി അവളെ ഒന്ന് കണ്ടിട്ട്. വിടർന്ന പുഞ്ചിരിയോടെ ചിരിക്കുന്ന ഉണ്ടക്കണ്ണിയുടെ മുഖമാണ് ഇപ്പോഴും മനസ്സിൽ തെളിയുന്നത്..10 വർഷത്തെ മാറ്റങ്ങൾ അവളിൽ ഉണ്ടാവുമായിരിക്കും. എങ്കിലും അവളുടെ സംസാരത്തിൽ ആ 10 വർഷത്തെ ഗ്യാപ് ഒരിക്കൽ പോലും അനുഭവപ്പെട്ടില്ല .

അങ്ങനെ ഗെറ്റ് ടുഗെതർ ന്റെ തലേ ദിവസം രാത്രിയിൽ സ്കൂളിൽ നാളത്തേക്കുള്ള അറേഞ്ച്മെന്റ്സ് നടത്തുന്നതിനിടയിൽ ആണ് അവളുടെ കാൾ വന്നത്.ഫോൺ എടുത്തതും അവൾ പറഞ്ഞു.

എടാ ഞാൻ നാളെ ഏർലി മോർണിങ് ഇറങ്ങണം എന്ന് പ്ലാൻ ചെയ്തതാ.ബട്ട്…

ഇപ്പോഴെന്താ ഒരു ബട്ട്‌…. എന്റെ ശബ്ദം ഞാൻ പോലും അറിയാതെ ഉയർന്നിരുന്നു…

നീ ചൂടാവാതെ അനന്തു …. ഞാൻ പറയുന്നതൊന്ന് കേൾക്ക്… പ്ലീസ് ഡാ …

ഹാ എന്താച്ചാ പറഞ്ഞു തുലയ്ക്ക്.

എടാ ഞാൻ മോളെയൊക്കെ അമ്മയുടെ അടുത്താക്കി… വരാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയതാ. ബട്ട് എനിക്കിപ്പോൾ എന്തൊക്കെയോ ഒരു ടെൻഷൻ. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാനുള്ള ഗട്ട്സ് ഇല്ലെടോ..വിനീത് ഇപ്പോൾ വിളിച്ചിരുന്നു. എന്റെ സൗണ്ട് കേട്ടതേ പുള്ളിക്ക് കാര്യം മനസ്സിലായി.. എന്നോട് പോവേണ്ട എന്നാടോ പറഞ്ഞെ…

ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ പിക് ചെയ്യാൻ വരാം എന്ന്.. അപ്പോൾ നീ സമ്മതിച്ചില്ല.. ഇതിപ്പോൾ നാളേക്കുള്ള എല്ലാ അറേഞ്ച്മെന്റ്സും ഒരുങ്ങി കഴിഞ്ഞു.. എന്നിട്ടീ അവസാന നിമിഷം നീ വരില്ല എന്ന് പറഞ്ഞാൽ.

അതിന് നീ എന്തിനാടാ ചൂടാവുന്നെ.. ഞാൻ വരുന്നില്ല എന്നല്ലേ ഉള്ളൂ.. ബാക്കി എല്ലാവരും ഉണ്ടാവുമല്ലോ.

റിപ്ലൈ ഒന്നും കൊടുക്കാതെ ഫോൺ കട്ട്‌ ചെയ്തു. അവളും എനിക്ക് തിരിച്ചു വിളിച്ചതൊന്നും ഇല്ല.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു വിളിച്ചു.ഹലോ എന്നൊന്നും പറയാൻ പോയീല.

നിന്റെ വാട്സ്ആപ്പ് തുറന്ന് നോക്ക്

എന്നതിനാ

ഓഹ് പറഞ്ഞാലേ നോക്കു

ഏയ്യ് അങ്ങനെ ഒന്നും ഇല്ല

എന്നാൽ നോക്കിയിട്ട് വിളി

ഓക്കേ

രണ്ട് സെക്കന്റ്‌ കഴിഞ്ഞതും അവൾ വിളിച്ചു

താങ്ക്സ്

ഹാ വരവ് വെച്ചു.. മോർണിംഗ് 7.23 നാണ് ട്രൈൻ പുറപ്പെടുന്നത്.. ഒരു 10.30 ക്ക് ഒലവക്കോട് എത്തും. അവിടെ ഞാൻ ഉണ്ടാകും ഓക്കേ .

ഓക്കേ ഡാ… ബട്ട്‌ തിരിച്ച് ഞാൻ എങ്ങനെ എത്തും.

ഈവെനിംഗ് ട്രൈൻ ഉണ്ടോ എന്ന് നോക്കാം.. ഇല്ലെങ്കിൽ ഞാൻ ആക്കി തരാം. വിനീതിനോട് ഇപ്പോഴേ പറഞ്ഞോളൂ.

ഹാ വിനീതിന് അതൊന്നും പ്രോബ്ലം ഇല്ല.. ഹി ഈസ്‌ വെരി ഫ്രണ്ട്‌ലി ഹസ് .

എന്നാ ഓക്കേ.. ഞാൻ ഈവെനിംഗ് തന്നെ ആക്കി തരാം. ഇത്തിരി ലേറ്റ് ആവും എത്താൻ എന്നേയുള്ളൂ.

ഓക്കേ. സീ യൂ ടുമോറോ.. ഗുഡ് നൈറ്റ്‌.

ഗുഡ് നൈറ്റ്‌.

രാവിലെ 8 മണി ആയപ്പോൾ തന്നെ സ്കൂളിൽ ഒന്ന് കയറി എല്ലാം ഒരു വിധം റെഡി ആക്കി. ബാക്കിയുള്ളവ അഖിലിനെയും മറ്റു രണ്ട് പ്രവാസി കൂട്ടുകാരെയും ഏല്പിച്ചു 10 മണി ആയപ്പോൾ ഞാൻ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. സ്കൂളിൽ നിന്നും ഒരു 20 മിനിട്ട് ന്റെ ദൂരമേ ഉള്ളൂ സ്റ്റേഷനിലേക്ക്.

അവിടെ എത്തിയപ്പോൾ എന്നെയും വെയിറ്റ് ചെയ്തു നിൽക്കുന്ന മയൂരിയെയാണ് കണ്ടത്.ട്രൈൻ നേരത്തെ എത്തിയിട്ടുണ്ടാവും.

വല്യ മാറ്റമൊന്നും ഇല്ല അവൾക്ക് . ഇത്തിരി ഒന്ന് തടിച്ചിട്ടുണ്ട്.. ആ വിടർന്ന ചിരിയും ഉണ്ടകണ്ണും പ്രസരിപ്പും എല്ലാം പഴയ പോലെ തന്നെയുണ്ട് .

നീ എന്താടാ മിഴിച്ചു നോക്കുന്നെ…

നിനക്കൊരു മാറ്റവും ഇല്ലല്ലോ മയൂരി . സന്തൂർ മമ്മി…

ദാറ്റ്‌ ക്രെഡിറ്റ്‌ ഗോസ് ടു വിനീത് .. അവൻ എന്നെ പൊന്ന് പോലെ അല്ലെ നോക്കുന്നത്. മനസ്സിൽ ഹാപ്പിനെസ്സ് ഉണ്ടെങ്കിൽ എപ്പോഴും എവെർഗ്രീൻ ആയി നിൽക്കാം.

ഓഹ് ഒക്കെ..വാ.. കത്തിയടി വണ്ടിയിൽ വെച്ചാവാം. കുറച്ചു പേരൊക്കെ സ്കൂളിൽ എത്തിയിട്ടുണ്ട്

ഐ ആം സൊ എക്സൈറ്റഡ് ഡാ … വല്ലാത്തൊരു ഫീൽ തന്നെ അല്ലെ.

ഹ്മ്മ് അതെ അതെ .. എന്നിട്ടാണോ ഇന്നലെ വരില്ല എന്ന് പറഞ്ഞെ.

വരണം എന്നുണ്ട്.. ബട്ട് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് വരുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ…. വിനീതും എന്റെ മോളും ഒറ്റയ്ക്കായി പോവില്ലേ എന്നൊരു തോന്നൽ…

ഹാ എന്നാൽ അവർ രക്ഷപെട്ടു എന്ന് പറയെടീ

എടാ ദുഷ്ട്ടാ….

ബാക്കിയുള്ള ദേഷ്യം അവൾ എന്റെ കൈ തണ്ടയിൽ പിച്ചി തീർത്തു.

സ്കൂളിൽ എത്തിയതും അവൾ അവിടെയാകെ പാറി നടക്കുകയായിരുന്നു. ഒരുപക്ഷെ പിന്നീട് ഞങ്ങൾ നേരാവണ്ണം മിണ്ടിയില്ല എന്ന് വേണം പറയാൻ.. കാലങ്ങളായി കാണാത്തവരോടൊക്കെ സംസാരിച്ചും സെൽഫി എടുത്തും അവൾ ഉത്സാഹത്തോടെ ഓടി നടക്കുന്നത് കണ്ടു.

കേക്ക് കട്ടിങ്ങും, ഫുഡും, ഫോട്ടോ എടുക്കലും ചെറിയ പാട്ടും ഡാൻസും ഒക്കെയായി ഒരുത്സവം പോലെ തന്നെ ആയിരുന്നു ഗെറ്റ് ടുഗെതർ.3 മണി ആയപ്പോഴേക്കും എല്ലാവരും യാത്ര പറഞ്ഞിറങ്ങി.. ഞാൻ മയൂരിയുമായി കൊച്ചിയിലേക്ക് പോകാനായി കാറിൽ കയറുമ്പോളാണ് അവൾ പറഞ്ഞത്.

അഖിലിനെ കൂടി വിളിക്കെടോ .. തിരിച്ച് ഇത്രയും ദൂരം ഒറ്റയ്ക്ക് പോരണ്ടേ നീ .. അതും രാത്രിയിൽ.

അത് വേണ്ടെടോ.. അവനെന്തോ തിരക്കുണ്ട് എന്ന് പറഞ്ഞിരുന്നു. പിന്നെ എനിക്ക് നൈറ്റ്‌ ഡ്രൈവ് വളരെ ഇഷ്ട്ടമാണ്. അതും ഒറ്റയ്ക്ക്.

എന്നാൽ പിന്നെ അങ്ങനെ ആവട്ടെ എന്നും പറഞ്ഞു അവൾ കാറിന്റെ ഡോർ അടച്ചു .

ഓരോരുത്തർക്കും വന്ന മാറ്റങ്ങളെ കുറിച്ച് അവൾ വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ ആണ് അവൾ പെട്ടെന്ന് ചോദിച്ചത്.. നീ എന്നോട് കള്ളം പറഞ്ഞു അല്ലെ?

എന്ത് കള്ളം.. ഞാൻ വാ പൊളിച്ചു പോയി.

നിനക്ക് ജാതക പ്രോബ്ലം ഉള്ളത്കൊണ്ടാണ് മാര്യേജ് ഓക്കേ ആവാത്തെ എന്ന്.

അത് സത്യം തന്നെ ആണല്ലോ.

എന്ത് സത്യം . ഞാൻ അഖിലിനോട് ചോദിച്ചല്ലോ. അപ്പോൾ അവൻ പറഞ്ഞല്ലോ നീ ഇതുവരെ ആയും ഒരു പെണ്ണിനെ പോലും കാണാൻ പോയീല്ല എന്ന്.

ഹാ അതുതന്നെയാടോ ഞാൻ മുൻപേ പറഞ്ഞത്. പ്രൊപോസൽ വരുമ്പോൾ ആദ്യം ജാതകം നോക്കും. അപ്പോൾ മാച്ച് ആവാറില്ല. അപ്പോൾ പിന്നെ വെറുതെ പോയി കാണേണ്ടതില്ലല്ലോ.

ഓക്കേ ഞാൻ വിശ്വസിച്ചു.. പോരെ

അതും പറഞ്ഞ് അവൾ പുറത്തേക്കും നോക്കിയിരിപ്പായി.

അവളുണ്ടാക്കിയ ആ മൂകത എന്നെ വല്ലാതെ ആസ്വസ്ഥനാക്കി. ഞാൻ തന്നെ അവളോട് മെല്ലെ മിണ്ടാൻ ചെന്നു..

ഇതെന്താ പിണങ്ങിയിരിപ്പാണോ.

അവൾ ശ്രദ്ധിക്കുന്ന പോലും ഇല്ല.

ഇനി സത്യം പറയാം.. ആക്ച്വലി ഞാൻ പറഞ്ഞത് ഒരു കുഞ്ഞു കള്ളം തന്നെ ആണ്. എനിക്കീ മാര്യേജ്നോടൊന്നും ഒരു ഇന്റെരെസ്റ്റ്‌ ഉം ഇല്ലെടോ… എനിക്കിങ്ങനെ പാറിപ്പറന്ന് ആരുടേയും കണ്ട്രോൾ ഇല്ലാതെ ഫ്രീ ബേഡ് ആയി നടക്കണം. അതിന് കല്യാണം ഒരു തടസ്സം തന്നെയാണ് .. ഇതൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല. അപ്പോൾ പിന്നെ ജാതകത്തിൽ പ്രോബ്ലം ആണെന്ന് പറഞ്ഞ് നടക്കാൻ തുടങ്ങി..

അപ്പോൾ ഷുവർ ….ഞാൻ വിചാരിച്ചത് തന്നെ…

എന്ത്.. എന്താ നീ വിചാരിച്ചേ?

അസ്ഥിക്ക് പിടിച്ച ഒരു പ്രേമം ഉണ്ടായി കാണും നിനക്ക് . അവൾ നിന്നെ തേച്ചൊട്ടിച്ചു വേറെ ഒരുത്തനെ കെട്ടി അടിച്ചു പൊളിച്ചു ജീവിക്കുന്നുണ്ടാവും … ഇയാൾ ഇവിടെ ഇപ്പോഴും മാനസ മൈനയും പാടി നടക്കുന്നു.. ഇതല്ലേ മോനെ ഈ ബാച്ച്ലർ ലൈഫ് ന്റെ പിന്നാമ്പുറം..

അവൾ ഇരുന്ന് ചിരിക്കാൻ തുടങ്ങി.

ഞാൻ പെട്ടെന്ന് വണ്ടി സൈഡിലോട്ട് നിർത്തി.

അവൾ എന്താ എന്ന ഭാവത്തിൽ എന്നേ നോക്കി.

മാഡം പുറത്തേക്ക് ഇറങ്ങിയാട്ട്..

അവളെന്നെ കൂർപ്പിച്ചു നോക്കി.

ഇത്രയും ദൂരം നിന്നെ കൊണ്ടാക്കാൻ ഞാൻ നിന്റെ കൂടെ വന്നതിന് നീ നന്ദിയൊന്നും കാണിക്കേണ്ട..ബട്ട്‌ എന്നെയിട്ട് കളിയാക്കുന്നോ.. അതെനിക്ക് സഹിക്കാൻ മേല… വേഗം വണ്ടിയിൽ നിന്നും ഇറങ്ങ്..

ഞാൻ ഇവിടുന്ന് എങ്ങനെ പോവും മഹാപാപി

അവൾ ദയനീയമായി എന്നെ നോക്കി ചോദിച്ചു.

അടങ്ങി ഒതുങ്ങി ഇരിക്കാൻ പറ്റുമോ നിനക്ക്

ഹ്മ്മ്…ഇനി ഒരക്ഷരം മിണ്ടുകേല….പ്രോമിസ്.

ഞാൻ മെല്ലെ വണ്ടി സ്റ്റാർട്ട്‌ ആക്കി. അവൾ ഫോണും എടുത്ത് ഇന്നെടുത്ത ഫോട്ടോസ് നോക്കി കൊണ്ടിരുന്നു.

വീണ്ടും നിശബ്ദതയേ കീറി മുറിച്ചു കൊണ്ട് ഞാൻ തന്നെ സംസാരിച്ചു.

നീ പറഞ്ഞതൊക്കെ സത്യം ആടോ…എനിക്ക് ആകെ ഒരാളോടെ പ്രണയം തോന്നിയിട്ടുള്ളൂ.. പക്ഷെ അത് സ്വന്തമാക്കാൻ സാധിച്ചില്ല.. കാരണം കാമുകൻ എന്ന നിലയ്ക്ക് ഞാൻ വലിയൊരു പരാജയം ആയിരിന്നു ..

അവളപ്പോഴും ഫോണിൽ നോക്കി കൊണ്ടിരിക്കുക തന്നെ ആണ്.

നീ പറഞ്ഞ പോലെ അവളെന്നെ തേച്ചൊട്ടിച്ചു പോയതൊന്നും അല്ല.. എന്റെ പ്രണയം അവൾക്കറിയില്ലായിരുന്നു. അവളോട് പറയുവാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. പക്ഷെ ഞാൻ അവളെ എന്റെ ജീവനേക്കാൾ സ്നേഹിച്ചു. ഉറങ്ങുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം അവളെ ഓർത്ത് മാത്രമായിരുന്നു. അവളുടെ മുന്നിൽ ഞാൻ അവളുടെ നല്ലൊരു ഫ്രണ്ട് ആയി അഭിനയിച്ചു. പലപ്പോഴും പറയാൻ ആയി മുതിർന്നതാണ്.. പക്ഷെ അവളുടെ പ്രതികരണം എന്തായിരിക്കും എന്ന ഭയം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.. ഒരിക്കൽ പോലും അവൾക്കെന്നോട് ഒരു സ്പെഷ്യൽ അടുപ്പം ഉള്ളതായിട്ടൊന്നും ഫീൽ ചെയ്തതും ഇല്ല. അങ്ങനെ പ്ലസ് ടു കഴിഞ്ഞതോടെ ഞങ്ങൾ രണ്ടു വഴിക്ക് വേർ പിരിഞ്ഞു. എന്നാലും കണക്ഷൻ ഉണ്ടായിരുന്നു. അവൾ വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും.. കാരണം എനിക്കായിരുന്നല്ലോ ആവശ്യം. അങ്ങനെ എന്റെ പ്രണയം ആരും കാണാതെ തളിർക്കുകയും പൂക്കുകയുമൊക്കെ ചെയ്തു. അവളോട് പറയാനുള്ള ധൈര്യം മാത്രം കിട്ടിയില്ല എന്ന് മാത്രം.. പിന്നെ എല്ലാ പ്രണയത്തിന്റെയും അവസാനം പോലെ അവളുടെ ഒരു കാൾ വന്നു. മാര്യേജ് ഓക്കേ ആയി. എൻഗേജ്മെന്റ് ഫിക്സ് ചെയ്തു.6 മാസം കഴിഞ്ഞ് കല്യാണം. അവൾ വളരെ സന്തോഷത്തിൽ ആയിരുന്നു. അതുകൊണ്ട് അവസാനമായിട്ടെങ്കിലും ഒന്ന് പറയാൻ തോന്നിയില്ല. അങ്ങനെ അവൾ അവളുടേതായ ലോകത്തേക്ക് ചേക്കേറി. ഞാൻ എന്റെ ലോകത്തും. ഓർമ്മകൾക്ക് മരണമില്ല എന്ന് പറയും പോലെ അവളുടെ ഓർമ്മകളിൽ ഞാൻ ഇപ്പോഴും ജീവിക്കുന്നു. അവളിപ്പോൾ ഒരു ഭാര്യയാണ് അമ്മയാണ് എന്നൊക്കെ എനിക്കറിയാം. എങ്കിലും അവളുടെ കല്യാണം കഴിയുന്നതിന് മുമ്പുള്ള ഓർമ്മകൾ… അതെനിക്ക് സ്വന്തമായി എടുക്കാലോ അല്ലേ….

മയൂരിയുടെ പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ ഞാൻ ഒന്ന് സൈഡ് ലേക്ക് നോക്കി.. ആൾ നല്ല ഉറക്കത്തിൽ ആണ്. ഇത്രയും നേരം ഞാൻ പറഞ്ഞതൊക്കെ വേസ്റ്റ് .

കൊച്ചി ടൗണിൽ എത്തിയപ്പോഴേക്കും രാത്രി ഒമ്പതര ആയിരുന്നു.ഒരു ചായ പോലും കുടിച്ചിട്ടില്ല. ഞാൻ ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. അവളെ തട്ടി വിളിച്ചു.

ഫുഡ്‌ കഴിച്ചിട്ട് പോവാം.. നിന്റെ വീട്ടിൽ ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ.

അവൾ ഉറക്കത്തിന്റെ ആലസ്യത്തോടെ ഒന്ന് ചിരിച്ചു.

ഫുഡ്‌ ഓർഡർ ചെയ്ത് ഞങ്ങൾ വെയിറ്റ് ചെയ്തിരുന്നു.

എന്ത് ഉറക്കമായിരുന്നെടോ താൻ.. ശരിക്കും എനിക്ക് ബോറടിച്ചു ട്ടോ.

തന്റെ പൊട്ട ലവ് സ്റ്റോറി കേട്ടാൽ ആരും ഉറങ്ങി പോവും.

അയ്യോ അത്രയ്ക്ക് ബോർ ആയിരുന്നോ.

പിന്നെല്ലാണ്ട്… സിനിമയിലും നോവലിലുമൊക്കെ കണ്ടും കേട്ടും മടുത്ത സെയിം ഫ്ലാഷ് ബാക്ക്.ഇനീപ്പോ വേണ്ടത് നായിക ഈ സ്റ്റോറി അറിയുന്നു. അപ്പോൾ അവളും പറയുന്നു എനിക്കും തന്നോട് ഇഷ്ട്ടമുണ്ടായിരുന്നു. പക്ഷേ തന്നെ പോലെ എനിക്കും നിന്നോട് പറയാൻ പേടി ആയിരുന്നു എന്ന്. അങ്ങനെ അവർ നഷ്ടബോധത്തോടെ കണ്ണും കണ്ണും നോക്കി ഡ്യൂയെറ്റ് പാടുന്നു.അവസാനം അടുത്ത ജന്മത്തിൽ പുനർജനിക്കാം എന്നും പറഞ്ഞ് ടാറ്റ ബൈ ബൈ പറഞ്ഞു പിരിയുന്നു.ഇതും കൂടെ ഇനിയിവിടെ സംഭവിക്കാൻ ബാക്കിയുള്ളൂ..

എന്റെ പ്രണയത്തെ നീ ഇങ്ങനെ പുച്ഛിക്കാതെടോ…. അവൾ എന്റെ മനസ്സിൽ എത്ര ആഴത്തിലാ കിടക്കുന്നതെന്ന് നിനക്കറിയാത്തോണ്ടാ.അവളുടെ സ്ഥാനം വേറൊരാൾക്ക് കൊടുക്കാൻ കഴിയാത്തോണ്ടല്ലേ ഇപ്പോഴും ബാച്ച്ലർ ആയി നടക്കുന്നെ.

ഹാ പഴമ്പുരാണം നിർത്തി ഫുഡ്‌ കഴിക്കാൻ നോക്ക്. നിനക്ക് തിരിച്ചു പോകേണ്ടതല്ലേ.

കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു അല്ലെങ്കിൽ ഞാൻ ഫ്ലാറ്റ് ന്റെ കീ തരാം.. നീ അവിടെ കിടന്നോ. എന്നെ വിനീതിന്റെ തറവാട്ടിൽ ഇറക്കിയാൽ മതി.

വേണ്ടെടോ… നാളെ റൂട്ട് കനാൽ ഉള്ള ദിവസമാണ്. അഖിലിനെ കൊണ്ട് ഒറ്റയ്ക്ക് എത്തില്ല. എന്തായാലും മോർണിങ് ക്ലിനിക്കിൽ എത്തിയെ പറ്റൂ..

ഹ്മ്മ്…

ഫുഡ്‌ കഴിച്ചു 20 മിനിറ്റിന്റെ ഉള്ളിൽ മയൂരിയുടെ ഫ്ലാറ്റിന് മുന്നിൽ ഞങ്ങൾ എത്തി.അവൾ കാറിൽ നിന്നും ഇറങ്ങി.

ഈ സമയത്ത് അകത്തേക്ക് ക്ഷണിക്കുന്നില്ല. വിനീത് നാട്ടിൽ എത്തട്ടെ.. എന്റെ എക്സാംമും കഴിയട്ടെ …ഞാൻ വിളിക്കാം. അഖിലിനേയും കൂട്ടി ഒരു ദിവസം വായോ. നമുക്ക് ആലപ്പിയിൽ പോയി ഒരു ദിവസം അടിച്ചു പൊളിക്കാം.

ഷുവർ.. നീ ഫ്രീ ആയിട്ട് വിളിക്കൂ. ഞങ്ങൾ വരാം. എന്നാൽ ഓക്കേ… ബൈ.

ഞാൻ അവളുടെ നേരെ കൈ വീശി

വിടർന്ന പുഞ്ചിരിയോടെ അവളും എന്നെ നോക്കി കൈ വീശി.

ഞാൻ മറയുന്നത് വരെയും അവൾ എന്നെയും നോക്കി കൈ വീശുന്നത് ഞാൻ സൈഡ് കണ്ണാടിയിലൂടെ കണ്ടു.

തിരിച്ചുള്ള യാത്ര വല്ലാത്തൊരു മൂകത ആയിരുന്നു. ഇഷ്ട്ടമുള്ള പാട്ടും പ്ലേ ചെയ്ത് ഞാൻ എന്റേതായ ചിന്തകളിലൂടെ വണ്ടി ഓടിച്ചു പോന്നു.

തൃശൂർ എത്തിയപ്പോൾ റോഡ് സൈഡിൽ കണ്ട ഒരു തട്ടു കടയിൽ കയറി ചായയ്ക്ക് ഓർഡർ ചെയ്ത് അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു.. ഇന്ന് ഫോൺ കൈ കൊണ്ട് തൊട്ടിട്ടില്ല… ഗെറ്റ് ടുഗെതർ ന്റെ ഫോട്ടോസ് കൊണ്ട് വാട്സ്ആപ്പ് നിറഞ്ഞിട്ടുണ്ടാവും. ഞാൻ മെല്ലെ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. ഫസ്റ്റ് തന്നെ കണ്ടത് മയൂരിയുടെ മെസ്സേജ് ആണ്.. ഓഹ്.. താങ്ക്സ് പറയാൻ ആയിരിക്കും. ആർക്ക് വേണം അവളുടെ താങ്ക്സ് എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അത് ഓപ്പൺ ചെയ്തു..

നോക്കിയപ്പോൾ അവൾ നീണ്ടു നിവർന്ന് എഴുതിയിട്ടുണ്ട്… മെല്ലെ വായിച്ചു നോക്കി.

മിസ്റ്റർ അനന്ദു കൃഷ്ണ.. താങ്ക്സ് ട്ടോ എന്നെ സേഫ് ആയി ഇവിടെ എത്തിപ്പിച്ചതിൽ … പക്ഷെ നിന്റെ അളിഞ്ഞ ലവ് സ്റ്റോറി കേട്ട് ഉറങ്ങിയത് കൊണ്ട് ഇപ്പോൾ കിടന്നിട്ട് ഉറക്കം വരുന്നില്ലെടോ… പിന്നെ ഞാൻ പറഞ്ഞ ക്ലൈമാക്സ്‌.. അത് എന്നെങ്കിലും നടക്കുമോ ഡാ . അല്ലെങ്കിൽ വേണ്ടാ…അതങ്ങനെ തന്നെ അനശ്വരമായി നിന്റെ മനസ്സിൽ തന്നെ ജീവിക്കട്ടെ അല്ലെ…..പിന്നേയ് നിന്റെ മാത്രമല്ലാട്ടോ എന്റെയും…അന്ന് പരസ്പരം പ്രണയം തുറന്ന് പറയാത്തത് കൊണ്ട് നല്ലൊരു പ്രണയത്തെ നമ്മൾ കൊന്നില്ല എന്നോർത്ത് ഇപ്പോൾ നമുക്കാശ്വസിക്കാം ഡോ ….

എനിവേ നിന്റെ ലവ് സ്റ്റോറി കേൾപ്പിച്ചു എന്നെ പീഡിപ്പിച്ചതിന് ഞാനൊരു പണിഷ്മെന്റ് തരുന്നുണ്ട്…. നല്ലൊരു മുഹൂർത്തത്തിൽ താലി കെട്ടാൻ ഞാൻ ഒരു പെണ്ണിനെ അധികം വൈകാതെ തന്നെ നിന്റെ മുന്നിൽ കൊണ്ടു വന്ന് നിർത്തുന്നുണ്ട്.. താലി ചരട് വേഗം വാങ്ങി വെച്ചോളൂ ട്ടോ .. ഓക്കേ..

എന്തായാലും ഞാൻ നേരത്തെ പറഞ്ഞ ക്ലൈമാക്സിൽ നമുക്ക് രണ്ടു പേർക്കും
പാടാൻ അറിയാത്തത് കൊണ്ടാണേ ഞാൻ തല്ക്കാലം ഉറങ്ങിയ പോലെ അപ്പോൾ അഭിനയിച്ചേ .. സൊ ഡ്യൂയറ്റ് ക്യാൻസൽ ചെയ്ത് ആ മാസ്സ് ഡയലോഗ് എങ്കിലും പറയാം ആയിരുന്നു അല്ലേ .. അപ്പോൾ മോനേ നമുക്ക് അടുത്ത ജന്മത്തിൽ പുനർജനിക്കാം..ഓക്കേ . അന്നെങ്കിലും നേരിട്ട് വന്ന് പ്രൊപ്പോസ് ചെയ്യണേ..എന്റെ വിനീത് ഒന്ന് രക്ഷപെട്ടോട്ടെ…

എത്ര പ്രാവശ്യം ആ മെസ്സേജ് വായിച്ചു എന്ന് എനിക്കറിഞ്ഞൂടാ.. ഒരുപക്ഷെ ഞങ്ങൾ ഒന്നിച്ചിരുന്നുവെങ്കിൽ ഈ പ്രണയം ഇത്രയും മനോഹരം ആകുമായിരുന്നോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു പോയി

ഞാൻ അവൾക്ക് മറുപടി കൊടുക്കാൻ വേണ്ടി ടൈപ്പ് ചെയ്തു..

ഹാ… ആയ്കോട്ടെ…പാവം വിനീതിനെ ഓർത്ത് ഞാൻ പ്രൊപ്പോസ് ചെയ്തോളാമേ. അയാൾക്കും വേണ്ടേ സന്തോഷവും സമാധാനവുമൊക്കെ

ഇത് വായിക്കുമ്പോൾ അവളിൽ ഉണ്ടാകുന്ന എക്സ്പ്രഷൻ മനസ്സിലോർത്തപ്പോൾ ഞാൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു..സെൻറ് ബട്ടൺ അമർത്തി മെസ്സേജ് അവൾക്ക് അയച്ചു ഞാൻ വീണ്ടും എന്റെ യാത്ര തുടർന്നു.

അവസാനിച്ചു.

അനാമിക

Similar Posts

Leave a Reply