18/04/2026

സന്ധ്യാംബരം : ഭാഗം 17

രചന – സിന്ധു അപ്പുക്കുട്ടൻ

വണ്ടിയൊതുക്കിവെച്ച് സിറ്റൗട്ടിലേക്കു കയറാനൊരുങ്ങുമ്പോൾ ആരോ സൈഡിലെ മുറ്റം ചുറ്റി വരുന്നത് കണ്ട് സന്ധ്യ ഒന്നന്ധാളിച്ചു.

ഇരുൾ വീണ് തുടങ്ങിയിരുന്നതുകൊണ്ട് ഒറ്റ നോട്ടത്തിൽ സന്ധ്യക്ക് ആളെ മനസ്സിലായില്ല.

“ആ നീ വന്നോ.??

സതീശനായിരുന്നു അത്.

“ഹാ.. ഏട്ടൻ എപ്പോ എത്തി..?

“കുറച്ചു നേരമായി മോളെ.. നിന്നെയൊന്നു വിളിക്കാൻ കുറെ നേരമായി ശ്രമിക്കുന്നു. കിട്ടുന്നില്ലയിരുന്നു.

“എങ്കിൽ പിന്നെ ഷോപ്പിലേക്കു വരായിരുന്നില്ലേ.?

“നീ ഇവിടെയാണെങ്കിലോ എന്നോർത്തു.”

“ഉം…ഏട്ടൻ വാ. ഞാൻ ചായയിടാം.

സന്ധ്യ താക്കോലെടുത്ത് വാതിൽ തുറന്നുകൊണ്ട് പറഞ്ഞു.

കസേരയിലിരുന്ന വലിയൊരു ബാഗുമെടുത്തു അയാൾ അകത്തേക്ക് കയറി. സന്ധ്യയും അപ്പോഴാണ് ആ ബാഗ് കാണുന്നത്. അയാളുടെ ആ വരവിൽ എന്തോ ദുരുദ്ധ്യേശമുള്ളതു പോലെ തോന്നി അവൾക്ക്‌.

“കാർത്തുന്റെ കല്യാണമാ. എല്ലാം അവളുതന്നെ അങ്ങോട്ട് തീരുമാനിച്ചു.. നിന്റെ ഏട്ടത്തിയമ്മ.

രാത്രി ഊണ് കഴിഞ്ഞ് സംസാരിച്ചിരിക്കുമ്പോൾ സതീശൻ പറഞ്ഞു തുടങ്ങി.

“ഏട്ടനെ ഒന്നും അറിയിച്ചില്ലേ..?

“ആ… അറിയിച്ചിരുന്നു ഒരു കടമ തീർക്കും പോലെ. എന്റെ മോളല്ലേ. എന്നെ ആദ്യമായി അച്ഛാന്ന് വിളിച്ചവൾ. അതുകൊണ്ട് എല്ലാറ്റിനും പോയി പങ്കുകൊണ്ടു.

മക്കൾക്ക് ഇപ്പോഴും എന്നെ ജീവനാ.അവൾക്ക് അവളുടെ കാമുകനെ മതി.പിള്ളേര് പറഞ്ഞാലൊന്നും അവള് കേൾക്കില്ല. വല്യ ഉദ്യോഗക്കാരിയായില്ലേ.എന്നെ ചവിട്ടിപുറത്താക്കി കഴിഞ്ഞപ്പോ അവന്റെ കൂടെ പോകാനും സൗകര്യമായി.. തേവിടിച്ചി..

കല്യാണം നിന്നെയും വിളിക്കുമായിരിക്കും.

“ഹും… വിളിക്കട്ടെ.. സന്ധ്യ പുച്ഛം നിറഞ്ഞ ഒരു ചിരി അയാൾക്ക് നേരെ എറിഞ്ഞു കൊടുത്തു.

“നന്ദുമോളിപ്പോ മഹേഷിന്റെ കൂടെയാണോ.?

“അല്ലല്ലോ.. അവളവിടെ ഹോസ്റ്റലിലാ താമസം. ഇടക്ക് അച്ഛനെ പോയിക്കാണാറുണ്ട് എന്ന് പറഞ്ഞു.”

“ഹും… നന്ദികെട്ടവള്. ഈ കാലം മുഴുവൻ അവളെ നോക്കി വളർത്തി നല്ലനിലയിലെത്തിച്ചുകഴിഞ്ഞപ്പോ നിന്നെ വേണ്ട അവൾക്ക്.അച്ഛനെ വേണം ല്ലേ ”

“എന്നെ വേണ്ടാന്നൊന്നും അവൾ പറഞ്ഞിട്ടില്ല. എന്തൊക്കെയായാലും . അയാൾ അവളുടെ അച്ഛനല്ലേ. പോയി കാണുന്നതിൽ എന്താ തെറ്റ്.?

“തെറ്റൊന്നുമില്ല. കിട്ടുന്ന ശമ്പളം മുഴുവൻ അവന്റെ അണ്ണാക്കിലോട്ട് പോകാതെ നോക്കിക്കോ. അവസാനകാലത്ത് നീ കിടന്നു കഷ്ടപ്പെടേണ്ടി വരും.

“അതൊക്കെ അവളുടെ ഇഷ്ടം പോലെ ചെയ്തോട്ടെ. എനിക്കുള്ളത് ഞാൻ ജോലി ചെയ്തുണ്ടാക്കുന്നുണ്ട്.അവൾ ജോലി ചെയ്യുന്നത് അവൾക്ക് വേണ്ടിയാ.

“എന്നാലും ഇത്തിരി നന്ദി വേണ്ടേടി നിന്നോട്..?

“നന്ദിയുടെയും സ്നേഹത്തിന്റെയും കണക്കൊന്നും ഏട്ടൻ എന്നെ പഠിപ്പിക്കണ്ട. ആർക്കാ ഉള്ളേ ഈ പറഞ്ഞതൊക്കെ.

“ഉം…

സതീശൻ അൽപ്പനേരം പുറത്തെ ഇരുളിലേക്കി നോക്കി മൗനം പൂണ്ടു.

“നീ ഷോപ്പടച്ചിട്ടാണോ പോരുന്നേ..? ഇത്രയും നേരത്തെ എത്തിയതു കൊണ്ട് ചോദിച്ചതാ ട്ടോ..

“അതൊക്കെ ജയേട്ടൻ നോക്കിക്കൊള്ളും. ഞാൻ നേരത്തെയിങ്ങു പോരും. ഈ വണ്ടിയൊടിച്ചു ഇങ്ങെത്തണ്ടേ..?

“ജയേട്ടനോ..?

അതാരാ.?

“ദീപ്തിയുടെ ഏട്ടൻ. ജയകൃഷ്ണൻ.

“അതു കൊള്ളാം. വല്ലവന്റേം കയ്യിൽ താക്കോൽ ഏൽപ്പിച്ചാണോ നീയിങ്ങോട്ട് പോരുന്നേ.?

സതീശൻ ദേഷ്യത്തോടെ അവളെ തറപ്പിച്ചു നോക്കി.

“ജയേട്ടൻ എനിക്ക് വല്ലവനും അല്ല.

സന്ധ്യ അതേ ഭാവത്തിൽ മറുപടി കൊടുത്തു.

“നിന്റെ കൂടപ്പിറപ്പ് ഒന്നുമല്ലല്ലോ അവൻ. പിന്നെ എന്ത് ബന്ധത്തിന്റെ പേരിലാ അവനെ എല്ലാം ഏൽപ്പിച്ചു കൊടുത്തേ..?
പൈസയുടെ കണക്കുകൾ വല്ലതും നീ നോക്കുന്നുണ്ടോ. അതോ അതും അവനെ ഏൽപ്പിച്ചേക്കുവാണോ.

“എല്ലാം അവിടെ തന്നെയാ ഏൽപ്പിച്ചേക്കുന്നെ. അതിനിപ്പോ ഏട്ടനെന്തിനാ ഇത്ര വികാരം കൊള്ളുന്നെ..?

“എടി പൊട്ടി.. അവൻ ആ കാശിന്റെ കണക്കിൽ വല്ല തിരിമറിയും നടത്തിയാൽ നീയെങ്ങനെ അറിയും.. എല്ലാം അവൻ വിഴുങ്ങിക്കോട്ടെ എന്നാണോ.?

“ജയേട്ടന് എന്റെ ഒരു ചില്ലിക്കാശും വേണ്ട. ഏട്ടനു ആവശ്യമുള്ളത് സ്വയം ജോലി ചെയ്തു സമ്പാദിക്കുന്നുണ്ട്. ദീപ്തിയും ഏട്ടനും കാരണമാ ഇന്ന് ഞാനും എന്റെ മോളും ജീവിച്ചിരിക്കുന്നത്. ഈ കാണുന്ന വീടും, വണ്ടിയും, മറ്റു സൗഭാഗ്യങ്ങളും എല്ലാം ഉണ്ടായത്..

കൂടപ്പിറപ്പാണോയെന്ന്…

കൂടപ്പിറപ്പായ നിങ്ങൾ എനിക്ക് വേണ്ടി എന്ത് ചെയ്തു. എന്റെ കല്യാണം നടത്താൻ അച്ഛൻ നിങ്ങളുടെയൊക്കെ കാലിൽ വീണതൊന്നും ഞാൻ മറന്നിട്ടില്ല.

അവസാനകാലത്ത്, ഉണ്ടായിരുന്ന വീടും വിറ്റ് പറമ്പിന്റെ മൂലയിൽ ഒരു കൂരവെച്ചുകെട്ടി കിടക്കേണ്ടി വന്നില്ലേ അച്ഛനും അമ്മയ്ക്കും.

അച്ഛന്റെ കണ്ണടഞ്ഞപ്പോഴേക്കും അമ്മയെ പറഞ്ഞു മയക്കി അതും സ്വന്തമാക്കി.

മഹേഷിന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വരുമ്പോൾ കയറി വരാൻ ഒരിടമില്ലാതാക്കിയില്ലേ നിങ്ങൾ..

മൂന്നേട്ടൻമാരുടെ ഒരേയൊരു പെങ്ങൾ എന്നും പറഞ്ഞു അസൂയ പൂണ്ടവരാ എന്റെ കൂട്ടുകാർ.

ഇന്ന് അവരൊക്കെ നല്ല നിലയിൽ ജീവിക്കുന്നത് കൂടപ്പിറന്നവർ അവരുടെ കടമകൾ മറന്നുപോകാതിരുന്നതുകൊണ്ടാ. അല്ലാതേ ഇത്തിരി മണ്ണിനും കാശിനും വേണ്ടി രക്തബന്ധങ്ങളേ അറുത്തു മുറിച്ചിട്ടല്ല.

ഭാര്യക്കും മക്കൾക്കുംവേണ്ടി സമ്പാദിക്കാനല്ലേ നിങ്ങളീ ചെറ്റത്തരം മുഴുവൻ ചെയ്തു കൂട്ടിയത്. എന്നിട്ടിപ്പോ അവരെവിടെ പോയി.?

കൂടപ്പിറപ്പിന്റെ മഹത്വം പ്രസംഗിക്കാൻ നിങ്ങൾക്ക് ഒരു യോഗ്യതയുമില്ല.. അതും എന്റെ മുന്നിൽ.

രമേശേട്ടനും ഒരിക്കൽ ഇവിടെ വന്നു. വീടുപണി തുടങ്ങാൻ പോവാത്രേ. കുറച്ചു ലക്ഷങ്ങൾ കടമായിട്ട് കൊടുക്കുമോയെന്ന്.

കൊടുത്തില്ല. എന്റെ കയ്യിൽ ഇല്ലാഞ്ഞിട്ടല്ല. അങ്ങനെ കൊടുത്തിട്ടുള്ള പുണ്യം എനിക്ക് വേണ്ട.

വന്നപോലെ തലയുംതാഴ്ത്തി ഇറങ്ങിപ്പോയി.

ഇതൊക്കെ കാലത്തിന്റെ നീതിയാണ് ഏട്ടാ. എല്ലാം കീഴ്മേൽ മറിഞ്ഞു വരുന്ന ദൈവത്തിന്റെ കണക്ക് ചോദിക്കൽ.

എല്ലാർക്കും ഇതൊക്കെ ബാധകമാണ്.

പറഞ്ഞു നിർത്തുമ്പോൾ സന്ധ്യ ശ്വാസം കിട്ടാതെ കിതച്ചു പോയി.

ആ കണ്ണുകളിൽ നിന്നും തീ പാറുകയാണെന്ന് തോന്നി സതീശന്.

വാക്കുകൾക്ക് കുപ്പിച്ചില്ലിന്റെ മൂർച്ചയും.

“കഴിഞ്ഞതൊക്കെ കഴിഞ്ഞു. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി. മറ്റെന്തിനെക്കാളും,നിന്റെ ഏട്ടത്തിയമ്മയുടെ വാക്കുകൾക്ക് ഞാൻ വില കല്പ്പിച്ചു പോയി.അതിന്റെ ശിക്ഷ വേണ്ടുവോളം ഏട്ടന് കിട്ടിക്കഴിഞ്ഞു.

ഏറെ നേരത്തെ നിശബ്ദതക്കൊടുവിൽ സതീശൻ വാക്കുകൾ അടുക്കിപ്പെറുക്കി ക്ഷമാപണം പോലെ പറഞ്ഞു നിർത്തി.

അതേ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതൊന്നും എന്നെ ഓർമ്മിപ്പിക്കണ്ട. എന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് മാത്രമാ. എനിക്ക് മാത്രം.

“ഡിവോഴ്സിന്വേണ്ടി കേസും കോടതിയുമൊക്കെയായി എത്രയോ തവണ നാട്ടിൽ വന്നു. അന്നൊക്കെ ഹോട്ടലിൽ മുറിയെടുക്കേണ്ടി വന്നു എനിക്കും ദീപ്തിക്കും. ഒരു തവണയെങ്കിലും എന്റെ ഏട്ടൻമാർ ആരെങ്കിലും എന്നെ വീട്ടിലേക്ക് വിളിച്ചോ. ഒരു വാക്ക് കൊണ്ടെങ്കിലും എന്റെ തീരുമാനങ്ങൾക്ക് ഒരു സപ്പോർട്ട് തന്നോ.

എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്റെ കൈപിടിച്ച് കൂടെ നിന്നത് ദീപ്തിയും ഏട്ടനുമാ. ഇനിയങ്ങോട്ടും എന്റെ കൂടെ അവരുണ്ടാകും. എന്റെ മരണം വരെ.

സതീശൻ മറുവാക്കുകൾ ഇല്ലാതെ തലയും താഴ്ത്തിയിരുന്നു.

സന്ധ്യ പറഞ്ഞു നിർത്തിയിട്ടെന്നപോലെ അയാളെ അവഗണിച്ചു കൊണ്ട് അവളുടെ മുറിയിലേക്ക് കയറിപ്പോയി.

ഇനിയും സംസാരിച്ചാൽ വികാരവിക്ഷോഭം കൊണ്ട് തന്റെ ഹൃദയം പൊട്ടിത്തെറിച്ചുപോകുമെന്നവൾ ഭയപ്പെട്ടു.

ലൈറ്റണച്ച് കട്ടിലിൽ കയറിക്കിടന്ന് അവൾ ദീപ്തിയെ വിളിച്ചു.

ചുട്ടു നീറുന്ന മനസ്സിനെ ശാന്തമാക്കാൻ അവൾക്കേ കഴിയൂ.

“എന്താടി ഈ പാതിരാക്ക്.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..?

ആദ്യ ബെല്ലിൽത്തന്നേ കാൾ എടുത്തു കൊണ്ട് ദീപ്തി ചോദിച്ചു.

“എനിക്കിപ്പോഴാ വിളിക്കാൻ സൗകര്യമുണ്ടായുള്ളു… എന്ത്യേ?

അവൾ മറു ചോദ്യമെറിഞ്ഞു.

“എന്താന്ന്വെച്ചാ പറഞ്ഞു തുലക്കെടി പട്ടി. കിടന്നു കുരക്കാതെ..

“പട്ടി നിന്റെ… നിന്റെ.. ഹഹഹ

അതുവരെ ചിതറിത്തെറിക്കാൻ വെമ്പി നിന്ന ഹൃദയം ഭാരമില്ലാതാകുന്നതറിഞ്ഞ് സന്ധ്യ പൊട്ടിച്ചിരിച്ചു.

“നീയറിഞ്ഞില്ല ല്ലോ ഇന്നൊരു വി ഐ പി ഗസ്റ്റുണ്ട് എനിക്ക്.

“ങേ.. അതാരപ്പാ ഞാൻ അറിയാത്തൊരു വീയേപ്പി…

“ഹഹഹ…വേറാരുമല്ലടീ . എന്റെ വല്യേട്ടൻ

“ങേ. ആര് ആ ഉറുമ്പുതീനി സതീശൻ ചേട്ടനോ.?

“ങാ അങ്ങേര് തന്നെ.

“എന്താവോ ഈ വരവിന്റെ ഉദ്ദേശം ?

“ആർക്കറിയാം. കയ്യിൽ വല്യ പെട്ടിയൊക്കെയുണ്ട്. ഇവിടെ കൂടാനുള്ള പ്ലാൻ ആണോന്ന് അറിയില്ല. ഒന്നും പറഞ്ഞില്ല ഇതുവരെ.

“ആ.. നല്ല കാര്യം. പോകുന്നില്ലെങ്കിൽ പറഞ്ഞു വിടണ്ടടീ .നിനക്ക് ഒരു കൂട്ടായല്ലോ.

ദീപ്തി പറഞ്ഞു നിർത്തിയതും കാതിൽ വന്നു വീണത് മുട്ടനൊരു തെറിയായിരുന്നു. ദീപ്തിയുടെ നിർത്താതെയുള്ള ചിരിയലകൾ കേട്ട് കൊണ്ടു സന്ധ്യ ഫോൺ കട്ട്‌ ചെയ്തു.

********************************

“ഏട്ടനിന്നു പോകുന്നുണ്ടോ..?

രാവിലെ ബ്രേക്ക്‌ഫസ്റ്റിനിരിക്കുമ്പോൾ സന്ധ്യ സതീശനോട് ചോദിച്ചു.

“ഇല്ല രണ്ടു ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ.

“ഉം… ഞാൻ ഷോപ്പിലേക്കു പോകുവാ. ഉച്ചക്കുള്ള ഫുഡ്‌ ഒന്നും റെഡിയാക്കിയിട്ടില്ല. ഏട്ടൻ ഉണ്ടാക്കി കഴിക്കില്ലേ.?

“ഞാനും കൂടി വരുന്നുണ്ട് ഷോപ്പിലേക്ക്‌.

സന്ധ്യ പിന്നെ എതിർപ്പൊന്നും പറഞ്ഞില്ല.

വൈകുന്നേരം ജയകൃഷ്ണൻ വന്നപ്പോൾ അവൾ താക്കോലെടുത്തു അയാളെയേൽപ്പിച്ചു വീട്ടിൽ പോകാനൊരുങ്ങി.

“സന്ധ്യേ.. താക്കോൽ ഇങ്ങോട്ടു തന്നേക്ക്‌. ഞാൻ നോക്കിക്കൊള്ളാം ഇനി.

സതീശൻ ചാടിക്കയറി അവൾക്കുമുന്നിൽ നിന്ന് കൈ നീട്ടി.

ജയകൃഷ്ണൻ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നെ ചിരിയോടെ അവിടുന്ന് മാറിക്കളഞ്ഞു.

സന്ധ്യ അല്പനേരം സതീശനെയൊന്നു തറപ്പിച്ചു നോക്കി നിന്നു.

പിന്നെ വീണ്ടും ജയകൃഷ്ണന്റെ അരികിൽ എത്തി താക്കോൽക്കൂട്ടം അവന് നേരെ നീട്ടി.

ജയകൃഷ്ണൻ എന്ത് വേണം എന്നറിയാതെ അവളെയും സതീശനെയും മാറി മാറി നോക്കി.

ഏട്ടൻ ഇത് വാങ്ങിക്കുന്നുണ്ടോ..?

അവളുടെ ഭാവം കണ്ട് ജയകൃഷ്ണൻ വേഗം അത് കൈനീട്ടി വാങ്ങിച്ചു.

ഇതുവരെ എങ്ങനെയൊക്കെയായിരുന്നോ അതുപോലെ തന്നെമതി ഇനിയങ്ങോട്ടും. വലിയ മാറ്റം വരുത്താനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല.

ജയകൃഷ്ണനോടായി പറഞ്ഞുകൊണ്ട് സന്ധ്യ സതീശനെയൊന്ന് പാളി നോക്കി.

പിന്നെ പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട്‌ചെയ്ത് ഓടിച്ചു പോയി…

തുടരും..