16/07/2026

രണ്ടു വര്‍ഷം..

“നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടെത്ര നാളായി..?”

“രണ്ടു വര്‍ഷം..”

“രഘു ദിവസവും ബന്ധപ്പെടാറുണ്ടായിരുന്നോ..?”

“ഉണ്ട്” അവള്‍ മറുപടി പറഞ്ഞു.

“എപ്പോഴൊക്കെ…?”

“അങ്ങിനെ പ്രത്യേക സമയമൊന്നുമുണ്ടായിരുന്നില്ല അദ്ദേഹത്തിനു ഒഴുവുള്ളപ്പോഴെല്ലാം..”

“ഓഹോ… അങ്ങിനെയാണോ…ഉം….അവസാനമായി എന്നാണ്..?

“ജൂണ്‍ 11നു”

“..അത് കൃത്യമായി ഓര്‍മിച്ചു വയ്ക്കുവാന്‍ എന്താണ് കാരണം..?”

“ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു സര്‍…” അത് പറയുമ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“എങ്ങിനെയാണ് ബന്ധപെട്ടത്‌.. ഐ മീന്‍ ഫോണ്‍ വഴിയാണോ.. ഇന്റര്‍നെറ്റ്‌, സ്കൈപ് പോലുള്ളവ വഴിയാണോ….?

“അദ്ദേഹം മൊബൈലില്‍നിന്നും നേരിട്ട് വിളിക്കുകയായിരുന്നു…സര്‍ ”

“നോക്കൂ മീരാ നിങ്ങളുടെ വിഷമം ഞങ്ങള്‍ക്ക് മനസിലാകും പക്ഷെ.. നിങ്ങളുടെ കൂടി സഹകരണമുണ്ടായാലെ ഞങ്ങള്‍ക്ക് രഘു എവിടെയുണ്ട്, എന്ത് സംഭവിച്ചു, എന്നെല്ലാം കണ്ടെത്താന്‍ കഴിയൂ….”

മേലെ കൊടുത്ത സംഭാഷണശകലങ്ങളിലെ “ബന്ധപ്പെടല്‍” എന്ന പദത്തെ നിങ്ങള്‍ തെറ്റായി ധരിച്ചുവെങ്കില്‍, ആ പദമാണ് നിങ്ങളെ തുടര്‍വായനയ്ക്കു പ്രേരിപ്പിച്ചതെങ്കില്‍ നമ്മള്‍ സ്വയം വിചാരണക്ക് ഒരുങ്ങേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വായിച്ചെടുക്കേണ്ട പദങ്ങളെ വേറെ ഒരു തരത്തില്‍ വായിചെടുക്കാനുണ്ടായ സന്ദര്‍ഭങ്ങള്‍ നമ്മുക്ക് ചുറ്റും രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എഴുത്തിന്റെ മൂല്യച്യുതികളില്‍, ദൃശ്യമാധ്യമങ്ങളിലെചതിക്കുഴികളില്‍ ഞാനും നിങ്ങളും അറിയാതെ പെട്ടിട്ടുണ്ട്.

ഇങ്ങനെ ഇക്കിളിപ്പെടുത്തുന്ന വാചകങ്ങള്‍ ഉപയോഗിച്ച് കഥ തുടങ്ങുന്ന പ്രവണത ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രകടമായിട്ടുണ്ട്.

അത്തരം കഥകള്‍ക്കാണ് കൂടുതല്‍ വായനക്കാര്‍ ( ലൈക്‌ ) എന്ന തിരിച്ചറിവാണ് ഇത്തരം കടുംകൈ ചെയ്യാന്‍ സാമാന്യം നന്നായി എഴുതാന്‍ അറിയാവുന്നവരെ കൊണ്ടുപോലും പ്രേരിപ്പിച്ചിരിക്കുന്നത്.

ലൈംഗീക ചുവയുള്ള സംഭാഷണങ്ങളാണ് കൂടുതല്‍ ശ്രദ്ധ “പിടിച്ച് പറിക്കാൻ” നല്ലത് എന്ന പഠനങ്ങളാണ് ചാനലുകളെ കൊണ്ട് അവരുടെ ഉത്ഘാടനത്തിനു പോലും “മംഗളകരമായി” പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. അതേ വിപണനതന്ത്രം ഓൺലൈനിൽ കഥകള്‍ വായിക്കപെടാന്‍ എഴുത്തുകാരും പ്രയോഗിക്കുന്നുവെന്നു മാത്രം. വായനക്കാരുടെ മൃദുല വികാരങ്ങളെ തട്ടിയുണർത്തുക.

ഒരുവിധപെട്ട “മ” വാരികകളിലെല്ലാം ഉണ്ടായിരുന്നു, ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളും അതിനെക്കാള്‍ ഇക്കിളിപ്പെടുത്തുന്ന ഉത്തരങ്ങളുമായി മന:ശാസ്ത്രജ്ഞനോട്‌ ചോദിക്കാം എന്ന ഒരു പംക്തി..

അത്തരം പംക്തികളുടെ പേജില്‍ മാത്രം പരസ്യം ചെയ്യാന്‍ താല്പര്യപെട്ടിരുന്ന കമ്പനികളും ഉണ്ടായിരുന്നുവത്രേ. കാരണം ആ ചോദ്യങ്ങള്‍ മാത്രം വായിച്ച്, ആ പേജ് മാത്രം വായിച്ച്, “മനസുഖം” നേടി ബുക്ക്‌ മടക്കി വയ്ക്കുന്നവരുടെ എണ്ണം വളരെ അധികമായിരുന്നുവെന്ന്. മാനുഷികമൂല്യങ്ങള്‍ക്കുമേല്‍ സാമ്പത്തികലാഭമെന്ന സ്വാര്‍ത്ഥത ആധിപത്യം സ്ഥാപിക്കുമ്പോള്‍ മറ്റെല്ലാം നിഷ്പ്രഭം.

ലൈംഗീക ചുവയുള്ള സംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കുത്തിനിറച്ച കഥകള്‍ക്ക് കൂടുതല്‍ സ്വീകര്യതയുള്ളതായി കണ്ടുവരുന്നു. അത്തരം “സോഫ്റ്റ്‌ പോണ്‍” കഥകള്‍കൂടി സാഹിത്യഗ്രൂപുകളില്‍ ലഭ്യമാവുന്നതോടെ പിന്നെ വായനക്കാര്‍ക്ക് തലയില്‍ മുണ്ടിട്ടു ഇക്കിളി സൈറ്റുകളില്‍ പോകേണ്ടതില്ലല്ലോ. അതെല്ലാം വായിച്ച് നിർവൃതിയടയാം.

ഒന്നോര്‍ക്കുക, ഇത്തരം വായനകളും ദൃശ്യങ്ങളും മൂലം നമ്മുടെ തലച്ചോറില്‍ ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുവെന്നും ഇതുമൂലം തലച്ചോറില്‍ നിന്നുള്ള മറ്റു ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അളവു കുറയുകയും കൂടുതൽ ഉൽപാദിക്കപ്പെടുന്ന ഹോർമോൺ പുറന്തള്ളപ്പെടാതെ മാനസികമായ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുകയും വന്യവും ക്രൂരവുമായ ചിന്തകൾ ഉടലെടുക്കാൻ കാരണമാകുന്നുവെന്നും പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.

ഇങ്ങിനെ അടക്കിപിടിച്ച ചിന്തകൾ തരം കിട്ടുമ്പോൾ തോട് പൊട്ടിച്ച്, വിവേകം നഷ്ടപ്പെട്ട് പീഢനങ്ങളിലേക്ക് വഴിമാറുന്നു. പിന്നെ അവിടെ ബാലികയെന്നോ വൃദ്ധയെന്നേ അമ്മയെന്നോ സഹോദരിയെന്നോ ഉള്ള ചിന്തയില്ലാതാവുന്നു.

നമ്മൾ പടച്ച് വിടുന്ന ഇക്കിളികള്‍ വായിച്ചതില്‍നിന്നും ഉത്തേജിതനായി ഒരു പിഞ്ചു കുഞ്ഞെങ്കിലും, ഒരു വൃദ്ധയെങ്കിലും എവിടെയെങ്കിലും പീഡിപ്പിക്കപെട്ടാല്‍..!

നമ്മള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും പിന്നീട് നമ്മള്‍ തന്നെ ഹാഷ്ടാഗ്(#) ചെയ്ത് പ്രതിഷേധിക്കുകയും ചെയ്യുന്ന വിരോധാഭാസം ഓണ്‍ലൈനില്‍ മാത്രമേ കാണൂ അല്ലേ..!!!