അമ്മവീട്
കിടന്നിട്ടു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. നാളെ അമ്മാവൻ വരും കൊണ്ട് പോകാൻ . പോയാൽ രണ്ടു ആഴ്ച എന്തായാലും നിൽക്കാം. തിരിച്ചു വരുമ്പോഴേക്കും മാമ്പഴം മുഴുവൻ തീര്ന്നിട്ടിട്ടുണ്ടാകുമോ ? അതോ മഴയ്ക്ക് മുൻപ് ആളെ വിളിച്ചു എല്ലാം പൊട്ടിച്ചു പങ്കിടുന്ന ഒരു പതിവുണ്ട് വീട്ടിൽ.ഹാ ..തീരുന്നെങ്കിൽ തീരട്ടെ ,എനിക്ക് അമ്മാവന്റെ കൂടെ പോയാൽ മതി . കഴിഞ്ഞ കൊല്ലവും പോയി .രണ്ടു ദിവസം കഴിയുമ്പോൾ വീട്ടിൽ നിന്ന് വിളി തുടങ്ങും.ആ പെണ്ണിനെ ഇങ്ങു കൊണ്ട് വിടാൻ പറഞ്ഞു .ഇത്തവണ വിളിച്ചാലും ഞാൻ വരില്ല, നീക്കുക തന്നെ ചെയ്യും. രാവിലെ എണീറ്റ് ഉടുപ്പെല്ലാം കവറിൽ ആക്കി വെയ്ക്കണം.അന്ന് പതിവിലും നേരത്തെ എണീറ്റ് പല്ലു തേപ്പും കുളിയും ഒക്കെ കഴിഞ്ഞു.അന്ന് ഫോൺ ഒന്നുമില്ലല്ലോ അമ്മാവൻ എവിടെ ആയി എന്ന് വിളിച്ചു ചോദിയ്ക്കാൻ. ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി അവിടത്തെ ട്രാൻസ്‌പോർട് സ്റ്റാൻഡിൽ എത്തിക്കാണും , ബസിൽ കയറി കാണും,വീട്ടിലേക്കുള്ള ബസ്റ്റോപ്പിൽ ഇറങ്ങുന്നതും അമ്മാവൻ വീട്ടിലേക്കു നടന്നു വരുന്നതും എല്ലാം മനസ്സിൽ കാണും .ഇടയ്ക്കു ചെന്ന് ഇറയത്തെ അരമതിലിൽ കയറി നിന്ന് എത്തി നോക്കും.വളവു തിരിഞ്ഞാൽ ഇതിലേ വരുന്നവരെ വ്യക്തമായി കാണാം.തലവട്ടം കണ്ടാൽ പിന്നെ തുള്ളാട്ടമാണ് മനസ്സിൽ .പാന്റിന്റെ ഒരു പോക്കറ്റിൽ ഇപ്പോഴും കൈ ഇട്ടിട്ടുണ്ടാകും.അങ്ങനെ ആണ് നടന്നു വരുന്നത്.ദാ വരുന്നുണ്ട് ,സന്തോഷം കൊണ്ട് ഓടിച്ചെന്നു അമ്മയോട് പറയും അമ്മെ , കുഞ്ഞമ്മാവൻ വരുന്നുണ്ട് എന്ന്.അമ്മാവൻ ആണ് ഇപ്പോഴും വിളിക്കാൻ വരുന്നത്. അമ്മാവൻ വീട്ടിൽ എത്തി കഴിഞ്ഞാൽ ‘അമ്മ : എടാ ചെറുക്കാ നീ മുണ്ടു മാറ് ,ചായ കുടിച്ചിട്ടാണോ പോന്നത് ,ചോറുണ്ണാം എന്നൊക്കെ …ഞാൻ മനസ്സിൽ വിചാരിക്കും എന്തിനാ ഇപ്പോൾ മുണ്ടു മാറുന്നത് ? എനിക്ക് എത്രയും നേരത്തെ പോയാൽ മതി .എങ്ങനെ ആയാലും ചോറൂണും എല്ലാവരുടെയും സ്വീകരണവും കഴിയുമ്പോൾ ക്ഷമ കെടും .പിന്നെ റെഡി ആയി എല്ലാവരോടും അനുവാദം ചോദിക്കണം.എല്ലാവരോടും പോയി പറയണം ഞാൻ അമ്മാവന്റെ കൂടെ മുവാറ്റുപുഴക്കു പോകുവാണെന്നു.അത് കേൾക്കുമ്പോഴേ എല്ലാരും തിരിച്ചു ,നീ ഇപ്പൊ പോണത് എന്തിനാ? നീ പോയാൽ പിന്നെ ഇവിടെ അരാ ഉള്ളത് എന്നൊക്കെ,ഞാൻ പോയിട്ട് വേഗം വരാം എന്നും പറഞ്ഞു അമ്മാവന്റെ കയ്യിൽ പിടിച്ചു വലിച്ചു ഇറങ്ങും.
അങ്ങനെ പൊതികെട്ടുമായി അമ്മാവന്റെ കൂടെ ബസ്സിൽ കയറും .ബസ്സിൽ കയറിയാൽ എനിക്ക് ഒരു കലാപരിപാടി ഉണ്ട്.അതുകൊണ്ടു സീറ്റു കിട്ടുമ്പോഴേ എന്നോട് ഉറങ്ങിക്കോളാൻ പറയും. എന്നാലും അതിനിടയിൽ കാണുന്ന കാഴ്ചകൾക്ക് ഇന്നും മങ്ങൽ ഏറ്റിട്ടില്ല . എത്ര ഉറങ്ങിയാലും മുവാറ്റുപുഴ നെഹ്‌റു സ്റ്റാച്ചു എത്തുമ്പോൾ ഞാൻ ഉണരും.അതായിരുന്നു എന്റെ ‘അമ്മ വീട് എത്താറായി എന്നുള്ളതിന് ഞാൻ നോക്കി വെച്ചിരുന്ന അടയാളം.പിന്നെ സ്റ്റാൻഡിൽ ബസ് ഇറങ്ങി ഓട്ടോ വിളിക്കണം.മൂത്ത അമ്മാവന് ഓട്ടോ ആണ് .നീ ഇവിടെ നിന്നോ വെല്ലുമ്മാവൻ ഉണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു എന്നെ റോഡിന്റെ സൈഡിൽ നിർത്തും. മിക്കപ്പോഴും അമ്മാവൻ ഉണ്ടാകും. ഇല്ലെങ്കിൽ വേറെ ആരുടെ എങ്കിലും ഓട്ടോ വിളിക്കും.എല്ലാവരും പരിചയക്കാരാണ് .അറിയില്ലാത്തവരാണെങ്കിൽ അമ്മാവൻ പറയും പെങ്ങടെ മോൾ ആണെന്ന് .ഓട്ടോയിൽ കയറി ഇരിക്കുമ്പോൾ ഒരു മണം ഉണ്ട്.അത് ആസ്വാദിച്ചു അങ്ങനെ ഇരിക്കുമ്പോൾ പാടം എത്തും , ആ പാടം ആണ് എന്റെ ‘അമ്മ വീട് എന്ന സ്വർഗ്ഗത്തിലെ ആദ്യ ചിത്രം .ആ പാടം കാണുമ്പോൾ മനസ്സ് തുള്ളും. വീടെത്തി . ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ വെല്ലുമ്മച്ചി (അമ്മയുടെ ‘അമ്മ ) ഇറയത്തു ഉണ്ടാവും. കൈലി മുണ്ടും ബ്ലൗസും ആണ്.മുണ്ടിന്റെ ഒരു തല മടിക്കുത്തിൽ കാണും,ഒരു കൈ താടിക്കു കൊടുത്തിട്ടു ഉണ്ടാകും.എത്ര നേരത്തെ ആണ് ചെന്നത് എങ്കിലും അമ്മാവനോട് ചോദിക്കും , എന്താടാ ഇത്ര താമസിച്ചത് എന്ന് ? വെല്ലുമ്മച്ചിയുടെ കൂടെ അകത്തു പോയി ഉടുപ്പൊക്കെ മാറി വരുമ്പോഴേക്കും കാപ്പിയും പലഹാരവും ഒക്കെ എടുത്തു വെച്ചിട്ടുണ്ടാകും.ആ അടുക്കളക്ക് ഇപ്പോഴും കാപ്പി മണമാണ് . പെണ്മക്കളുടെ മക്കളോടുള്ള പ്രത്യേക തരം സ്നേഹത്തിന്റെ ഭാഗമായി മടിക്കുത്തിൽ തിരുകിയ മുട്ട പുഴുങ്ങിയത് ഞാൻ തിന്നു മടുക്കുമായിരുന്നു.ചാണകം മെഴുകിയ തറയും ചെങ്കല്ലിന്റെ ഭിത്തിയും ഓടും അങ്ങനെ എല്ലാത്തിനും ഒരു പ്രത്യേക മണം എനിക്ക് മാത്രം കിട്ടിയിരുന്നു. പിൻവശത്തു ഇറങ്ങിയാൽ തൊഴുത്തു ആണ്.അവിടെ വേറെ ഒരു മണവും നിറവുമൊക്കെയാണ്.അതൊക്കെ ആസ്വദിച്ച് അങ്ങനെ ചുറ്റി തിരിഞ്ഞു നടക്കും.തൊട്ടടുത്ത് ബന്ധു വീടുകൾ ഉണ്ട്.അങ്ങോട്ട് ഓടാൻ പതിയെ വെല്ലുമ്മച്ചിയുടെ അടുത്ത് ചെന്ന് ചോദിക്കും.കേട്ടപാടെ പറയും ഇപ്പൊ പോകണ്ട പണി തീരുമ്പോൾ നമുക്ക് ഒരുമിച്ചു പോകാമെന്നു.ഞാൻ സമ്മതിക്കും . പറച്ചിൽ ഒരു വഴിയേ, അവിടത്തെ രാത്രിക്കൊക്കെ എന്തൊരു ഭംഗി ആണ്.നിറയെ മിന്നാമിനുങ്ങുകൾ വരും. വീടിനു തൊട്ടു പിറകിൽ ഉള്ളവരൊക്കെ എന്റെ ഒച്ച കേട്ട് വരും വിശേഷം ചോദിയ്ക്കാൻ.അതിൽ ഒരു അപ്പൂപ്പൻ ഉണ്ട്.ആ അപ്പൂപ്പന് ഒരു ആല ഉണ്ട്.എനിക്ക് അവിടെ പോയി ഇരിക്കാൻ വല്യ ഇഷ്ടമാണ്.ചെളി തേച്ച ചുമരും , തറയും, ഓല മേഞ്ഞ മേൽക്കൂരയും ,തീയിൽ ഇടുന്ന കരിക്കട്ടകളും എല്ലാം ആ ആലയുടെ ഭംഗി ആയിരുന്നു.എന്നെക്കണ്ടാൽ കടയിൽ പോയി വരുന്ന വഴി എനിക്ക് ഒരു മിട്ടായി പൊതി കൊണ്ട് തരും. അപ്പൂപ്പന്റെ കൂടെ ആലയിൽ പോയി ഇരുന്നു തീ ഊതും. രണ്ടു മിനിട്ടു ഇരിക്കാൻ സമ്മതിക്കില്ല , അപ്പോഴേക്കും എന്നെ തിരക്കി വെല്ലുമ്മച്ചി വരും.’അങ്ങേയ്പ്പുറത്തെ വീട് ‘ അത് അവിടത്തെ ഒരു ചൊല്ല് ആണ്. അവിടെ പൊയ്ക്കോട്ടേ എന്ന് ചോദിക്കും.അവിടെ ഇപ്പോ ആരും കാണില്ല പിന്നെ പോകാം എന്ന് എന്നോട് പറയും. ഞാൻ ആ റോഡിലേക്ക് കണ്ണും നട്ടു ഇരിക്കും . അവരുടെ ആരുടെ എങ്കിലും തലവട്ടം കണ്ടാൽ ഞാൻ ഒറ്റ ഓട്ടം വെച്ച് കൊടുക്കും. അവിടെ ചെല്ലേണ്ട താമസം വെല്ലുമ്മച്ചി പിറകെ വരും.എനിക്ക് ആണേൽ അവിടെ ഇരിക്കാൻ വല്യ ഇഷ്ടമാണ്.അവിടെ എല്ലാരും വിശേഷങ്ങൾ ചോദിക്കും. മുല്ല പൂക്കൾ ഒരുപാടു കാണും അത് പറിച്ചു മാല കോർക്കുക എന്ന ഉദേശമാണ് എനിക്കുള്ളത്. അങ്ങനെ മുല്ലയുടെ ചുവട്ടിലോ ഞാവൽ മരത്തിന്റെ ചുവട്ടിലോ ഓക്ക് ആയി ഞാൻ നടക്കും. പോകാടി പെണ്ണെ എന്നും പറഞ്ഞു എന്നെ വിളിച്ചോണ്ട് വരും.ഉച്ചക്ക് വെല്ലുമ്മാവൻ ചോറുണ്ണാൻ വരും അപ്പോൾ എനിക്ക് എന്തെങ്കിലും കൊണ്ട് വരും. അമ്മാവൻ വരുന്നത് നോക്കി ഇരിക്കും . ഓട്ടോറിക്ഷയിൽ കയറി ഇരിക്കും പിന്നെ അതിനകത്താണ് കളിക്കുന്നത്.അമ്മാവൻ ചോറുണ്ടിട്ട് പോകുന്നവരെ അതിനകത്താണ്. വെല്ലുമ്മച്ചിയുടെ കൂടെ പുല്ലു പറിക്കാൻ പോകും. അങ്ങനെ രണ്ടു ആഴ്ച എന്നുള്ളത് എനിക്ക് രണ്ടു ദിവസം പോലെ പോകും. പോകാറാകുമ്പോൾ അവിടെ ഒരു അണ്ണാച്ചി ഉണ്ട് .ആ അണ്ണാച്ചിയുടെ കയ്യിൽ നിന്ന് എനിക്ക് ഉടുപ്പ് വാങ്ങി തരും.ഉടുപ്പ് കിട്ടുന്നത് ഇഷ്ടമാനെകിലും പോകാൻ ഉള്ളത് കൊണ്ട് ആണെന്ന് ഓർക്കുമ്പോൾ നെഞ്ച് പൊട്ടും. നെഞ്ചിനകത്തു ഒരു ഇഷ്ടിക എടുത്തു വെച്ചതുപോലെ ആണ് പിന്നെ.ആരോട് പറയും എന്റെ സങ്കടം.പോകാതെ തരമില്ലല്ലോ ? പോകാൻ ഉള്ള ദിവസം വെല്ലുമ്മാവൻ വരും. സ്റ്റാൻഡ് വരെ കൊണ്ടു ആക്കാൻ.അപ്പോൾ മാത്രം എനിക്ക് ഓട്ടോറിക്ഷയിൽ കയറുന്നതും ഇരിക്കുന്നതും ഒന്നും ഇഷ്ടമാകില്ല. മുറ്റത്തെ പേര മരത്തിനോടും കോഴിയോടും പശുവിനോടും മനസ്സിൽ യാത്ര പറയും. പാടവും കുളവും ഒന്നും നോക്കാതെ ഓട്ടോയിൽ ഇരിക്കും. അങ്ങനെ കുഞ്ഞമ്മാവന്റെ കയ്യും പിടിച്ചു വീട്ടിലേക്കു…. അപ്പോഴും താടിക്കു കയ്യും കൊടുത്തു മുണ്ടും മടിക്കുത്തിൽ തിരകി നോക്കി നിൽക്കും ഞാൻ കണ്ണിൽ നിന്ന് മറയുന്നതു വരെ………..
രശ്മി അജേഷ്

by