17/07/2026

ധ്വനി

#ധ്വനി

“പെണ്ണേ നീ ചുമ്മാ കാലൊന്ന് ഉയർത്തി നോക്കിയേ..!”

‘ നിക്ക്‌ പറ്റണില്യ മനുഷ്യാ, പുറത്ത് ന്തൊരു മഴയാ കൊതിയാവാ ഒന്ന് നനയാൻ ന്നിട്ട്‌ നീര് വീഴ്ചലും മൂക്കൊലിപ്പും കൊണ്ട് നിങ്ങളെ പഴയത് പോലെ ബുദ്ധിമുട്ടിക്കാൻ തോന്നണു…!’

അവളെ കട്ടിലിൽ നിന്ന് ഉന്തു കസേരയിലേക്ക് എടുത്ത് ഇരുത്തിയപ്പോ അവന്റെ കൈ ഞരമ്പുകൾ വരിഞ്ഞു മുറുകി…

ചലന ശേഷിയില്ലാതെ തളർന്നു നീണ്ടുവലിഞ്ഞ് കിടക്കുന്ന കാലുകളിൽ അവൻ കുഴമ്പ് തേച്ചു പിടിപ്പിക്കുമ്പോ സ്പർശന ഭാഗ്യമറിയാതെ ധ്വനി വിയർത്തൊലിക്കുന്ന അവന്റെ നെറ്റിയിലേക്ക് നോക്കിയിരുന്നു…

പണ്ടെങ്ങോ അയാള് അവളുടെ കാൽവിരലുകളിൽ തടവിയാൽ ശരീരം ചിലപ്പോഴൊക്കെ അയാളുടെ ചൂടിനു വേണ്ടി ദാഹിക്കുമായിരുന്നു, ഇന്നതില്ല…വെറും ചിന്തകൾ മാത്രമുള്ള പൊള്ളയായ പെണ്ണുടൽ മാത്രം…

മൂന്ന് വർഷം മുമ്പ് കഞ്ഞിക്കലം വാർക്കുമ്പോ പെരുംകാല് വിറച്ച് കുഴഞ്ഞു വീണ അടുക്കളയിൽ ഉന്തു കസേരയിൽ അവളെയും കൊണ്ടിരുത്തും അവൻ..

വിറകടുപ്പിൽ ഇരുമ്പ് കുഴലിലൂടെ തീയൂതുന്ന തന്റെ ആൺതുണയെ രസച്ചരട് ഉടയാതെ തന്നെ നോക്കി ചിരിക്കുമവൾ…

ജീവിതവും ശരീരവും നിലച്ച ആദ്യ നാളുകളിൽ തന്റെ മലമൂത്ര വിസർജ്യം പുരണ്ട തുണി അഴിച്ചെടുക്കുമ്പോ ഒരിറ്റ് കണ്ണീരു പൊടിഞ്ഞിരുന്നു…കാലം മുന്നോട്ടാന്തും തോറും ആ സമയങ്ങളിൽ തരിച്ച മനസ്സുമായി അവളങ്ങനെ കിടക്കും…

“നിന്റെ കെട്ട്യോനാണ് പെണ്ണേ ഞാൻ, പിന്നെന്തിനാ നിന്റെ കണ്ണ് കലങ്ങുന്നത്..!”

‘ എനിക്ക് വാർദ്ധക്യം ബാധിക്കില്ല മനുഷ്യാ, അതിനു മുമ്പ് ഞാനങ്ങ് പോകില്ലേ..!’ എന്നവൾ പറയുമ്പോ ചിരിച്ചു കൊണ്ടവൻ ഒന്നേ പറഞ്ഞുള്ളൂ..

“അതിനു നമ്മളൊന്നിച്ചല്ലെ ധ്വനി പോകുന്നത്…കാലം നമ്മളെ ഒറ്റപ്പെടുത്തില്ല…”

അവളുടെ കാൽപാദം നിലത്തുറഞ്ഞിരുന്ന നാളുകളിൽ കോലായിലെ അമ്മിക്കല്ല് എന്നും നനഞ്ഞു കുതിർന്നിരുന്നു… വർഷങ്ങൾക്കിപ്പുറം മാറാല മൂടിയ അമ്മിക്കല്ല് ധ്വനിയെ അനുഗമിക്കും കണക്കെ നിശ്ചലമായി കിടക്കുന്നു…

മാസമുറയിൽ ചോരക്കറ പുരളേണ്ടിയിരുന്ന വെളുത്ത തുണിക്കെട്ടുകൾ കുടുസു മുറിയിലെ തകരപ്പെട്ടിയിൽ ദ്രവിച്ചു കൊണ്ടിരുന്നു…

മുറ്റത്തെ മണ്ണ് നനഞ്ഞു കുഴയുന്ന മഴയുള്ള വൈകുന്നേരം അവളവനോട് മൊഴിഞ്ഞു..,

” ദേ മനുഷ്യാ എനിക്കാ മഴ കൊള്ളണം, ആ ചെളി കുഴഞ്ഞ മുറ്റത്ത് മൂടുറപ്പിച്ച് ഇരിക്കണം, ന്റെ പൊക്കിൾ ചുഴി മഴവെള്ളം വീണു കുതിരണം..”

ധ്വനിയെ കൈത്തണ്ടയിലെടുത്ത് അവൻ മുറ്റത്തേക്കിറങ്ങി..മഴവെള്ളം ഇറ്റിറ്റായി അവളുടെ തൊണ്ടക്കുഴിയിലേക്കിറങ്ങി.. മറയില്ലാത്ത മുറ്റത്തെ തുളസിത്തറയിൽ അവളെ ചാരിയിരുത്തി….

ഇരുകാലുകളും മണ്ണിൽ തടി കണക്കെ ചലനമറ്റു കിടന്നു.. അവളുടെ മുടിയിഴ നനഞ്ഞു കുതിർന്നു,മുഖം ചിരിയാൽ വിടർന്നു… ഉടുപ്പിനുള്ളിലൂടെ വെള്ളം പൊക്കിൾ ചുഴി നനയ്ക്കാനായി ഊർന്നിറങ്ങി..അവളൊരു ദീർഘ നിശ്വാസമെടുത്തു..

കാലപ്പഴക്കം ചെന്ന ധ്വനിയിലെ ചിരി കണ്ട അവന്റെ ശ്വാസം ഉയർന്നുതാണു….

“മതി, ഈ മഴയെന്നെ ശ്വാസം മുട്ടിക്കുന്നു..” എന്ന് പറഞ്ഞു കൊണ്ടവൾ അവനു നേരെ നോക്കി… അവളെയും എടുത്തു കൊണ്ട് അവൻ അകത്തേക്ക് കയറുമ്പോ അവന്റെ നനഞ്ഞ കാൽപാദത്തിന് പുറകെ മഴവെള്ളം അവളിലെ കൂന്തലിൽ നിന്നടർന്നു വീണിരുന്നു…

ശരീരം കണക്കെ മനസ്സും മഴയിൽ കുതിർന്നൊരു പെണ്ണായിരുന്നു അവളപ്പോ..

അടുക്കളത്തിണ്ണയിൽ ഉന്തു കസേരയിൽ ഇരുത്തി നനഞ്ഞളിഞ്ഞ ഉടുപ്പിലെ വെള്ളം മുട്ടിനു താഴെ പിഴിഞ്ഞു കളയുന്നേരം ധ്വനി പറഞ്ഞൊരു ആഗ്രഹമുണ്ട്…

” ദേ നിങ്ങടെ കൂടെ എനിക്ക് ഇനീം ജീവിക്കണം, വാർധക്യം പിടികൂടും വരെ ജീവിക്കണം… അന്നും ഈ മഴ കൊള്ളിക്കാൻ, എന്റെ മനസ്സ് തണുപ്പിക്കാൻ എന്നെ നിങ്ങടെ കൈത്തണ്ടയിൽ എടുത്തു കൊണ്ട് പോകണം…”

വിധിയെ പഴിക്കാതെ ജീവിക്കാൻ കൊതിയുള്ളൊരു പെണ്ണിന്റെ ഭ്രാന്തായിരുന്നു അവളിൽ തെളിഞ്ഞത്..

നേരം സന്ധ്യയായി, പുറത്ത് മഴ കനക്കുന്നു… നനഞ്ഞൊട്ടിയ ഉടുപ്പിനുള്ളിൽ ധ്വനി വിറയ്ക്കുന്നു, കൂടെ അവന്റെ നെഞ്ചും ഇരമ്പുന്നു…

ആ പെണ്ണാദ്യമായി മഴയെ ഭ്രാന്തമായി നോക്കി നിന്നു..

അവര് ജീവിക്കട്ടെ, അവള് പറഞ്ഞത് പോലെ വാർധക്യം കവരും വരെ അവന്റെ പെണ്ണായി അവള് ജീവിക്കട്ടെ…

Story By
ജിഷ്ണു രമേശൻ