24/06/2026

ചിലങ്ക

ചിലങ്ക

നാളെ എന്റെ വിവാഹം ആണ്…. ശ്രീപത്മനാഭന്റെ നടയിൽ വെച്ച് കൊട്ടും കുരവയും അലങ്കാരങ്ങളുമായി ശ്രീ ഏട്ടൻ എന്റെ കൈ പിടിക്കും…. ഏതൊരു പെണ്ണിനേയും പോലെ സ്വപ്നം കണ്ട ഒരു നിമിഷം ആണ് അത്….പക്ഷെ എന്ത്കൊണ്ടോ തനിക്കു മനസ് തുറന്ന് സന്തോഷിക്കാൻ കഴിയുന്നില്ല…. എല്ലാം മറന്ന് ഒന്ന് ചിരിക്കാൻ കഴിയുന്നില്ല… ചിലപ്പോൾ കുഴിച്ചുമൂടപെടേണ്ട തന്റെ മറ്റൊരു സ്വപ്നം വിങ്ങൽ ആയി നിക്കുന്ന കൊണ്ടാവാം…. അല്ല ആണ്…. ഇന്നലെ വരെ താൻ ജീവശ്വാസം പോലെ കൊണ്ട് നടന്ന തന്റെ ചിലങ്കകൾ നാളെ മുതൽ തനിക്കു അന്യമാകുകയാണ്….

“നിന്റെ ആട്ടവും പാട്ടും ഒക്കെ ഇവിടേം കൊണ്ട് നിർത്തിക്കോ… കെട്ടികേറി ചെല്ലുന്നിടത്തു ഇതൊന്നും അനുവദിച്ചു തന്നുന്ന് വരില്ല… ദൈവഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു ആലോചന ഒത്തു വന്നേ…. നീ എങ്ങാനും ഇവിടെ നിന്ന് പോകുവോ എന്നായിരുന്നു എന്റെ പേടി… അങ്ങനെ ആയിരുന്നെ എന്റെ കൊച്ചിന് ഒരു ജീവിതം ഉണ്ടാകുമോ…? അല്ലേലും അങ്ങേർക്ക് ഇന്നും പ്രിയം നിന്നോടും ചത്തുമണ്ണടിഞ നിന്റെ തള്ളയോടും ആണല്ലോ… ഞാനും എന്റെ മോളും എന്നും രണ്ടാം തരവും….”

ഇളയമ്മയുടെ വാക്കുകൾ ഇപ്പോഴും തന്റെ ചെവിയിൽ മുഴങ്ങി കേക്കാം… അമ്മ മരിച്ച ഒരു വയസുകാരിക്ക് പകരം വന്ന അമ്മ…. അന്ന് മുതൽ കേൾക്കുന്നത് ആയോണ്ട് ഇളയമ്മയുടെ വാക്കുകൾ ഇപ്പോൾ തന്നെ വേദനിപ്പിക്കാറില്ല… എന്നാൽ ഇന്ന് പറഞ്ഞത് തന്റെ എല്ലാ സന്തോഷങ്ങളേയും തല്ലികെടുത്താൻ പാകത്തിന് ഉള്ളതായിരുന്നു… തന്റെ ഒറ്റ ഒരാളുടെ നിർബന്ധം കൊണ്ട് മാത്രം ആണ് ഇളയമ്മയുടെ തടസം വക വെക്കാതെ അച്ഛൻ തന്നെ നൃത്തം പഠിക്കാൻ അയച്ചത്… എല്ലാം ഇന്ന് കൊണ്ട് അവസാനിക്കുന്നു…

ഒരിക്കൽ കൂടി കൈയിൽ ഇരുന്ന തന്റെ ചിലങ്ക തൊട്ട് നോക്കി അവൾ അലമാരയിൽ വെച്ചു… കണ്ണിൽ നിന്നുമുതിർന്നുവീണ കണ്ണുനീർ തുള്ളികൾക്ക് നഷ്ടസ്വപ്‍നത്തിന്റെ രുചി ആയിരുന്നു….

************************

ആർഭാടം ആയി തന്നെ പാർവതിയുടെ വിവാഹം കഴിഞ്ഞു…. ശ്രീജിത്തിന്റെ കൈ പിടിച്ചു അവൾ മംഗലത്ത് തറവാടിന്റെ പടി ചവിട്ടി… റിസപ്ഷൻ ഒക്കെ കഴിഞ്ഞു റൂമിൽ തന്നെ കാത്തിരിക്കുന്ന ശ്രീജിത്തിന്റെ അടുത്തേക്ക് പാറു വന്നു….

എന്താടോ പാറു… എപ്പോഴും പാറി പറന്നു നടക്കുന്ന പാറുകൊച്ചിന് ഇത് എന്നാ പറ്റി…?? അച്ഛനെ വിട്ടു പോന്നെന്റെ വിഷമം ആണോ?

എയ്… ഒന്നുല ശ്രീഏട്ടാ… ഏട്ടന് തോന്നിയത് ആയിരിക്കും…

ആണോ…??എങ്കിൽ അങ്ങനെ ആയിക്കോട്ടെ…. എന്തായാലും നാളെ തന്നെ നമുക്ക് അച്ഛനെ കാണാൻ പോകാം… ഇനി എന്റെ ഭാര്യ അതിന്റ പേരിൽ സങ്കടപെടേണ്ട….

സാരമില്ല ശ്രീ ഏട്ടാ…

ഇനിയെങ്കിലും ഒന്ന് ചിരിക്കെടാ ഭാര്യേ….

എയ്…. ഇത് പോരല്ലോ…. ചിരിക്ക് തെളിച്ചം കുറവാണല്ലോ…. ഒരു കാര്യം ചെയ്…. താൻ എന്റെ അലമാരയിൽ ഒരു കവർ ഉണ്ട്… അത് ഇങ്ങു എടുത്തിട്ട് വാ….

ഏതാ ഈ ഗിഫ്റ്റ് പാക്ക് ചെയ്തതു ആണോ ഏട്ടാ…??

ആടാ…. അതെ…

ദാ ഏട്ടാ….

പൊട്ടിച്ചു നോക്കെടോ.. അത് തനിക്കു ഉള്ളതാ… ആദ്യരാത്രി ആയിട്ട് ഇനി ഞാൻ ഒന്നും തന്നില്ല എന്ന് വേണ്ട….

കവർ തുറന്ന പാറുനു ശെരിക്കും കരയണോ ചിരിക്കണോ എന്ന് അറിയിലർന്നു… ഇത് സ്വപ്നം ആണോന്ന് പോലും അവൾക് തോന്നി…

ഡോ…. സ്വപ്നം ഒന്നും അല്ലാട്ടോ…. ഉള്ളത് തന്നാ….

താൻ പറയാതെ തന്നെ തന്റെ മനസ്സിൽ എന്താ ഉള്ളത് എന്ന് ശ്രീ എങ്ങനെ മനസിലാക്കി എന്നവൾ അത്ഭുതപ്പെട്ടു… തന്റെ കൈയിൽ ഇരിക്കുന്ന ചിലങ്കയിലേക്കും ശ്രീയുടെ മുഖത്തേക്കും അവൾ മാറി മാറി നോക്കികൊണ്ടേ ഇരുന്നു…

എടോ പാർവതി മാധവൻ എന്ന പാർവതി ശ്രീജിത്തേ….. ഒരു താലി കഴുത്തിൽ വീണുന്ന് വിചാരിച്ചു തന്റെ സ്വപ്‌നങ്ങൾ വേണ്ടാന്ന് വെക്കണം എന്ന് ആരാ പറഞ്ഞേ…??അങ്ങനെ വേണ്ടെന്ന് വെക്കാൻ ആ താലി കാരണം ആകുന്നുണ്ടെ അത് പിന്നെ ഒരു വിലങ്ങ് അല്ലെടോ… പെണ്ണിന്റ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മേൽ വീഴുന്ന വിലങ്ങുതടി… അങ്ങനെ ഞാൻ കെട്ടിയ എന്റെ താലി അത് തന്റെ ഈ നെഞ്ചിൽ താലി ആയിട്ട് തന്നെ കിടക്കട്ടെ…. ചങ്ങല ആവണ്ട അത്… കെട്ടിയ പെണ്ണിന്റെ മനസ് മനസിലാക്കാൻ പറ്റിയില്ലേ പിന്നെ ഞാൻ എങ്ങനാടോ ഒരു നല്ല ഭർത്താവ് ആവുന്നേ….

ശ്രീ ഏട്ടാ… ഞാൻ….

ഒന്നും പറയണ്ട പാറു… ഇനി എങ്കിലും ഒന്ന് ചിരിക്കെന്റെ ഭാര്യേ…. നേരത്തെ പോലെത്തെ ഒപ്പിക്കൽ ചിരി വേണ്ടാട്ടോ…. നല്ല പൂനിലാവ് പോലുള്ള പാറുന്റെ സിഗ്നേച്ചർ സ്റ്റൈൽ ചിരി ഇല്ലേ… അത്…. ഒന്നുല്ലേലും കടേൽ കയറി ഇറങ്ങി വാങ്ങിച്ച ഈ ചിലങ്കക്ക് എങ്കിലും ഒരു ചിരി താടോ….

പാറു ചിരിച്ചു… മനസ് നിറഞ്ഞു തന്നെ…. കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…. എന്നാൽ കൈവിട്ടെന്ന് താൻ കരുതിയ തന്റെ സ്വപ്നത്തിനു പുതുനിറം പകർന്നു നൽകിയ സന്തോഷത്തിന്റെ രുചി ആയിരുന്നു ആ കണ്ണീരിനു….

കൈയിലെ ചിലങ്ക അവൾ നെഞ്ചോടു ചേർത്തു… ഒപ്പം അവളുടെ താലിയും….

ഭാര്യയുടെ സ്വപ്നങ്ങൾക്ക് വഴി തെളിക്കുന്നവൻ ആകണം ഒരു ഭർത്താവ്…. അല്ലാതെ വഴി മുടക്കി ആവരുത്…. അങ്ങനെ ആവുമ്പോൾ അയാൾ പെണ്ണിന്റെ കഴുത്തിൽ കെട്ടുന്നത് താലി അല്ല…. ചങ്ങല ആണ്…. !!തന്റെ നല്ല പാതിയെ തിരിച്ചറിഞ്ഞു പാതി ശരീരം പകുത്തു നൽകിയ പരമശിവൻ ആവട്ടെ ഓരോ ഭർത്താവും…