19/04/2026

ഈ നിമിഷം നീയീ വീടിന്റെ പടിയിറങ്ങണം., എന്റെ മകൾക്കിനിയൊരമ്മയുടെ ആവശ്യമില്ല. ഹരീന്ദ്രൻ വാതിലിനു നേരെ വിരൽ ചൂണ്ടി.

രചന – ജിഷ സുരേഷ്

ഈ നിമിഷം നീയീ വീടിന്റെ പടിയിറങ്ങണം., എന്റെ മകൾക്കിനിയൊരമ്മയുടെ ആവശ്യമില്ല.
ഹരീന്ദ്രൻ വാതിലിനു നേരെ വിരൽ ചൂണ്ടി.

ലതിക വികാരശൂന്യമായ മിഴികളോടെ അയാളെ നോക്കി.

പോകുകയാണ് ഞാൻ.

ഇക്കഴിഞ്ഞ ഒൻപത് വർഷവും അല്ലെങ്കിലും ആർക്കായിരുന്നു എന്നെ വേണ്ടിയിരുന്നത്….?

നിങ്ങൾക്കും, മകൾക്കും ഞാനെന്നുമൊരു രണ്ടാനമ്മ മാത്രമായിരുന്നില്ലെ…?

പക്ഷേ ഒന്നു ഞാൻ പറയാം. നിങ്ങളിനിയും നിങ്ങളുടെ മകളെ മനസ്സിലാക്കിയിട്ടില്ല.
അവൾ നിങ്ങളെ ചതിച്ചുകൊണ്ടിരിക്കയാണ്.
ഈ ജന്മം ഒരച്ഛനും സഹിക്കാൻ കഴിയാത്ത തെറ്റുകൾ അവളിതിനോടകം ചെയ്തു കഴിഞ്ഞു.

എത്ര പ്രാവശ്യം ഞാനതെല്ലാം നിങ്ങളോടു പറയാൻ ശ്രമിച്ചു. പക്ഷേ ഒരിക്കൽ പോലും കേൾക്കാൻ നിങ്ങൾ തയ്യാറായില്ല.

തിരുത്താൻ ശ്രമിച്ച് ഞാനും മടുത്തു. വയ്യെനിക്ക്,
മതിയായി. ഇനിയൊരു മടക്കമുണ്ടാവില്ല.

ബാഗിൽ തന്റേതുമാത്രമായ വസ്തുക്കൾ കുത്തി നിറച്ച് ലതിക വേഗം ഇറങ്ങിനടന്നു. എന്തുകൊണ്ടോ കരച്ചിൽ വരുന്നുണ്ടായിരുന്നില്ല. പകരം അവളെയോർത്ത് നെഞ്ചു വിങ്ങി. മഞ്ചുവിനെ.

താനവൾക്കമ്മയായി ആ വീട്ടിലേക്ക് കടന്നുചെന്നത് ഓർമ്മയിൽ വന്നു നിറഞ്ഞു.

അമ്പലത്തിൽവെച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട്. ഹരീന്ദ്രൻ
തന്നെ മഞ്ചുവിന്റെ അമ്മയായി ആ വീട്ടിലേക്ക് കൈപിടിച്ച് കയറ്റി.

അവളന്ന് നാലിൽ പഠിക്കുന്നു. താനവിടെ ചെന്നേറെക്കഴിഞ്ഞും അവൾ തനിക്കരികിൽ വരാൻ കൂട്ടാക്കിയില്ല.
തന്നെ വീട്ടിലേക്ക് കയറ്റിയപാടെ ഹരീന്ദ്രനും
എങ്ങോട്ടോ യാത്രയായി.

പക്ഷെ വിഷമം തോന്നിയില്ല. കാരണം അതിലും വലുതനുഭവിച്ചു കഴിഞ്ഞവൾക്ക് ഇതൊക്കെയെന്ത്.
എത്രയോ വർഷം ജീവനുതുല്യം സ്നേഹിച്ച്, കൈയിൽ കിട്ടുവാൻ മണിക്കൂറുകൾ മാത്രമിരിക്കെ തന്നിൽ നിന്നും വിധി തട്ടിയെടുത്തതാണ് തന്റെ പ്രിയപ്പെട്ടവനെ.
പിന്നീടൊന്നും തന്നെ തനിക്ക് അതിലും വലുതായി
തോന്നിയിട്ടില്ല.

എങ്കിലും ചിന്തിച്ചിട്ടുണ്ട് ഇരുവരുടേയും അവഗണനയുടെ നാളുകളിൽ. താനെന്തു തെറ്റു ചെയ്തെന്ന്. എല്ലാ മോഹവും കരിഞ്ഞു ചാമ്പലായതാണ് ശരത്തിന്റെ മരണത്തോടെ. പിന്നീടെത്രയോ വർഷങ്ങൾ ഏകയായിക്കഴിഞ്ഞു.. അമ്മയുടെ അവസാന ആഗ്രഹമായിരുന്നു തന്റെ വിവാഹം. അങ്ങനെ മനമില്ലാമനസ്സോടെ
വിഭാര്യനായ ഹരീന്ദ്രനു വേണ്ടി താൻ കഴുത്തു കുനിച്ചു. അദ്ദേഹത്തിന്റെ അമ്മയില്ലാത്ത മകളിലായിരുന്നു തന്റെ പ്രതീക്ഷ. അവൾക്കൊരമ്മയാകണം. വേറൊരു മോഹത്തിനും മനസ്സിലിടമുണ്ടായിരുന്നില്ല.

പക്ഷേ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു മഞ്ചുവിന്റെ പെരുമാറ്റം. അവൾ തന്നെ ശത്രുവായി മാത്രം കരുതി. അതുകൊണ്ടുതന്നെ അവളുടെയച്ഛനും.

ആരുടേയൊക്കെയോ നിർബന്ധം കൊണ്ടു മാത്രമൊരു വിവാഹമായിരുന്നു ഇതെന്ന് അറിയാൻ കാലങ്ങൾ തന്നെ വേണ്ടിവന്നു.

വർഷങ്ങൾ പോകുന്തോറും അവളോടൊത്തുള്ള ജീവിതം ദുർഘടമാവുകയായിരുന്നു. തന്നോടവൾക്ക് എന്തോ വാശിയുള്ളതുപോലെ തോന്നിയ നിമിഷങ്ങളിൽ താനവളുടെ അരികിൽ പോയി എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്.

മോളെ അമ്മക്ക് നിങ്ങളല്ലാതാരുമില്ല.,
മോൾക്ക് പെട്ടന്നൊന്നും വേറൊരമ്മയെ സ്വന്തമമ്മയായി അംഗീകരിക്കാനാവില്ലെന്നറിയാം. പക്ഷേ യാഥാർത്യവുമായി പൊരുത്തപ്പെടാനെ നമുക്കു കഴിയൂ.
എന്റെ കാര്യം തന്നെ നോക്കൂ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹത്തിന് മണിക്കൂറുകൾ മാത്രമിരിക്കെ ഒരു വാഹനാപകടത്തിന്റെ രൂപത്തിലാണെനിക്ക് സർവ്വസ്വവും നഷ്ടമായത്. അദ്ദേഹം എന്നെയീ ഭൂമിയിൽ തനിച്ചാക്കി യാത്രയായി. എന്നിട്ടും ഞാൻ ജീവിക്കുന്നില്ലേ.

പക്ഷേ പ്രതീക്ഷകൾ അസ്ഥാനത്താക്കി അവൾ വീണ്ടും ശത്രുത തുടർന്നു. അതൊന്നുമല്ലതന്നെ അടിമുടി തളർത്തിയത്. അവളൊമ്പതിൽ പഠിക്കുന്ന സമയത്ത് അവൾടച്ഛനവൾക്കൊരു ട്യൂഷൻമാഷെ ഏർപ്പാടാക്കി. വൈകീട്ട് അവൾടെ സ്കൂൾ വിട്ടുകഴിഞ്ഞായിരുന്നുവത്. അപ്പോഴേക്കും താനും ജോലി കഴിഞ്ഞെത്തുമല്ലോ.

പൂമുഖത്ത് വരാന്തയോട് ചേർന്ന മുറി താനവർക്കായി തയ്യാറാക്കിയെങ്കിലും മുകളിലെ തന്റെ റൂമിൽ മതിയെന്നവൾക്ക് വാശിയായി.

അവളുടെയച്ഛനും അതിന് സപ്പോർട്ടായിരുന്നു. മോൾ കൊച്ചുകുട്ടിയല്ലെന്ന തന്റെയഭിപ്രായം അദ്ദേഹം പുച്ഛിച്ചു തള്ളി.

ചായയുമായി ചെല്ലുന്നതൊന്നും അവൾക്കിഷ്ടമായിരുന്നില്ല. എന്നിട്ടും ചായയുമായി ചെന്നുനോക്കും, കാലമതല്ലേ.

പിന്നെപ്പിന്നെ മാഷെ വിശ്വസിക്കാമെന്നു തോന്നി. പക്ഷേ ആ പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ടാണ് ആ ദിവസം കടന്നുവന്നത്. അവളപ്പഴേക്കും പത്താംക്ലാസിലെത്തിയിരുന്നു.

താനന്ന് തലവേദനയായ കാരണം ഹാഫ്ഡെ ലീവെടുത്ത് വീട്ടിലേക്ക്പോന്നു.മഞ്ചുവിന് സ്ററഡിലീവ് തുടങ്ങിയിരുന്നു. ഉമ്മറത്ത് മാഷിന്റെ ഷൂ കണ്ടപ്പോൾ വല്ലായ്മ തോന്നി. എന്തിനാണിവൾ തനിച്ചുള്ളപ്പോൾ മാഷെത്തിയത്. മനസ്സിലൊരു ആപത്ശങ്ക വന്നിരുന്നു.
വേഷംപോലും മാറാതെ വേഗം മുകളിലേക്കോടുകയായിരുന്നു. അവളുടെ വാതിലടഞ്ഞു കിടപ്പുണ്ട്. ഹൃദയം പെറുംമ്പറ കൊട്ടുന്നുണ്ടായിരുന്നു. ഏറെ നേരം വാതിലിൽ മുട്ടിയപ്പോഴാണ് ആ വാതിലൊന്നവൾ തുറന്നത്. സ്ഥാനം തെറ്റിയ വസ്ത്രങ്ങളും, ഭീതിനിഴലിക്കുന്ന മുഖഭാവവും കണ്ടപ്പഴേ എല്ലാം മനസ്സിലായി.
അവൾക്കെല്ലാം നഷ്ടമായിരിക്കുന്നുവെന്ന്. മാഷ് പുറത്തേക്ക് വരാതെ അകത്തുതന്നെ നിന്നു.

പെട്ടെന്നു തോന്നിയ ദേഷ്യത്തിന് റൂമിൽക്കയറി മാഷിന്റെ കവിളത്തുതന്നെയൊന്നു പൊട്ടിച്ചു. അവൾക്കിട്ടും പൊതിരെക്കിട്ടി. എത്ര നിയന്ത്രിച്ചിട്ടും ദേഷ്യമടക്കാനായില്ല.
മാഷിറങ്ങിപ്പോയി. പിന്നെയയാളെക്കണ്ടില്ല.

അവൾ തന്നെ പൂർണ്ണമായും വെറുത്തു കഴിഞ്ഞിരുന്നു.അവളുടെ അച്ഛനെ എല്ലാം അറിയിക്കാനായിരുന്നു തിടുക്കം. മറ്റൊന്നിനും വേണ്ടിയല്ല. ഒരച്ഛനെന്ന നിലക്ക് അദ്ദേഹം അറിയേണ്ടതുണ്ടിത്.
പക്ഷെ താനെല്ലാം പറയും മുൻപെ തനിക്ക് സംശയരോഗമാണെന്നവൾ വരുത്തിത്തീർത്തു.

ഹരീന്ദ്രനും മകളെയായിരുന്നു വിശ്വാസം. എത്ര പറഞ്ഞിട്ടും തന്നെയവിശ്വസിച്ച് മകളുടെ തെറ്റുകൾ ന്യായീകരിച്ച് അവളെ കേടുവരുത്തുന്നത് സത്യത്തിൽ അവളുടെയച്ഛൻ തന്നെയല്ലെ.

അമ്മയില്ലായ്മ അതേതൊരു കുഞ്ഞിന്റേയും ഏറ്റവും വലിയ ദൗർഭാഗ്യം തന്നെ. അതിനാൽ മറ്റാർക്കു കൊടുക്കുന്നതിലും പരിഗണന നാമവർക്കു നൽകും. എന്നുവെച്ച് മകളുടെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. സ്വന്തം കുഞ്ഞിനെ കൊലക്കു കൊടുക്കുന്നതിന് തുല്യമാണത്.

അച്ഛന്റെ മുൻപിൽ വിജയിച്ച ഭാവത്തിൽ നിൽക്കുന്ന മഞ്ചുവിനെ ഒരു നിമിഷം താൻ കണ്ടു. അയാൾക്കു തടയാൻ കഴിയും മുൻപെ താനവളുടെ മുടിക്കുത്തിൽ പിടുത്തമിട്ടു. ആദ്യത്തെ അടിയിൽത്തന്നെ അവൾ നിലത്തേക്കു വീണു.അയാൾ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും ഞാൻ പിൻമാറിയില്ല. അവൾ തളർന്നു വീഴുംവരെ താനവളെ തല്ലി.

സ്വന്തത്തിന്റേയും ബന്ധത്തിന്റേയും വിലയറിയാത്തവളെ. സ്വന്തം അച്ഛനോടുപോലും നീ ചതിവാണ് ചെയ്തത്. ഇത്രേം കൊച്ചുപ്രായത്തിൽ നീയിപ്രകാരമാണെങ്കിൽ ഇനിയുള്ളകാലം എന്തായിരിക്കും സ്ഥിതി.

അവളുടെ മുഖത്ത് എന്നിട്ടും പശ്ചാതാപത്തിന്റെ ഒരു നിഴൽപോലും കണ്ടില്ല. ഹരീന്ദ്രനും വല്ലാത്ത വികാരവിക്ഷോപത്തിലകപ്പെട്ടുപോയിരുന്നു.
മകളെ കോരിയെടുത്ത് നെഞ്ചോട് ചേർത്തയാൾ വിങ്ങിപ്പൊട്ടി. മോളേ നമുക്കിവളെ വേണ്ട. പോറ്റമ്മയ്ക്കൊരിക്കലും പെറ്റമ്മയാവാൻ സാധിക്കില്ല.

ഈ നിമിഷം നീയീ പടിയിറങ്ങണം. എന്റെ മകൾക്കിനിയൊരമ്മയുടെ ആവശ്യമില്ല…

അനിവാര്യമായൊരു മടക്കമായിരുന്നോ അതെന്നൊന്നുമറിഞ്ഞു കൂടാ.. പിടിച്ചു നിൽക്കാനൊരു പിടിവള്ളിപോലുമില്ലാത്തവളുടെ തോൽവി മാത്രമായിട്ടാണ് തോന്നിയത്.

ഇറങ്ങാൻ നേരം അവളെ നോക്കി ഇത്രമാത്രമേ പറഞ്ഞുള്ളൂ.

നീയെന്റെ വയറ്റിൽ കുരുത്തില്ലെന്നേയുള്ളൂ മോളെ, എന്നും നീയെന്റെ കുഞ്ഞുതന്നെ. നിനക്കെന്നെങ്കിലുമീയമ്മയുടെ തണൽ ആവശ്യമെങ്കിൽ നിന്നെ നെഞ്ചോടു ചേർത്തണക്കാൻ കാത്തിരിക്കുന്നൊരമ്മയായിരിക്കും ഞാനെന്നും.

നെഞ്ചിലെരിയുന്ന നീറ്റലോടെ ആ പൊള്ളുന്ന ചൂടത്ത് വിയർത്തൊലിച്ച് മുന്നോട്ടു നടക്കുമ്പോൾ ശരത്തിന്റെ കരങ്ങൾ തന്നെ ചേർത്തുപിടിക്കുന്നുണ്ടെന്ന് അറിയാതെ തോന്നിപ്പോയി.

അമ്മക്ക് പകരമാവാൻ ആർക്കും സാധിക്കില്ല. എങ്കിലുമൊരമ്മയുടെ സ്നേഹം പകർന്നു തരാൻ ചിലർക്കാവുകയും ചെയ്യും. കിട്ടുന്ന സ്നേഹത്തെ കളയാതിരിക്കുക. സ്നേഹം വെള്ളംപ്പോലെ, നമ്മുടെ ജീവശ്വാസം പോലെ അമൂല്യമാണ്.