20/04/2026

സിന്ദൂരം : ഭാഗം 16

രചന – ഭവ്യ ഭാസ്കരൻ

ഉണ്ണി പതിയെ കൈ ഇളക്കി കൊണ്ട് അവളെ നോക്കി ചിരിച്ചു.

അച്ഛടെ കുഞ്ഞാ.. അവൻ വിളിച്ചു. മാളു സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ ഉണ്ണിയെയും കുഞ്ഞിനെ നോക്കി.

ഉണ്ണി മാളുവിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. മാളു ഉണ്ണിയുടെ മറു കൈയിൽ മുറുകെ പിടിച്ചു കൊണ്ട് കണ്ണു ചിമ്മി കാണിച്ചു.

ഉണ്ണി മാളുവിന്റെ നെറുകിൽ ചുംബിച്ചു.

ആ കാഴ്ച കണ്ട് രാമന്റെയും ഭാനുവിന്റെ ഉള്ളം നിറഞ്ഞു. അവർ മനസറിഞ്ഞു പ്രാർത്ഥിച്ചു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കുറച്ച് ദിവസങ്ങൾക്കു ശേഷം

കാറിന്റെ ശബ്ദം കേട്ടതും ഭാനുവും ദേവകിയും രാമനും ബാലനും മൃദുവും പുറത്തേക്ക് ഇറങ്ങി.

ഭാരതി കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി. ഉണ്ണി മാളുവിനെ പിടിച്ചു ഇറക്കി. കേശവനും പുറത്തേക്കു ഇറങ്ങി.

ഭാനുവും ദേവകിയും കൂടി ആരതി ഉഴിഞ്ഞു, കുഞ്ഞിനെ ഭാരതിയുടെ കൈയിൽ നിന്നും വാങ്ങി അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് അകത്തേക്ക് നടന്നു.

ഉണ്ണി മാളുവിനെ കൊണ്ട് റൂമിലേക്ക് നടന്നു.

റൂമിൽ എത്തിയ മാളു അന്തംവിട്ട് ഉണ്ണിയെ നോക്കി.

റൂം എല്ലാം കളിപ്പാട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഉണ്ണിയേട്ടാ…. ഇപ്പോ തന്നെ അവൾ ഇതു കൊണ്ട് ഒന്നും കളിക്കില്ല.. അവൾ പുഞ്ചിരിയോടെ പറഞ്ഞു.

അത്‌.. സാരമില്ല. എനിക്കും മോൾക്കും കളിക്കാനുള്ളതാ.. അവൻ ചുണ്ടുകോട്ടി കൊണ്ട് പറഞ്ഞു.

ഓഹോ.. അങ്ങനെ.. അച്ഛന് കളിക്കാൻ ഉള്ളതാണ്.. അവൾ ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

ഉണ്ണി അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് മുഖo തിരിച്ചു.

പിണങ്ങിയോ.. അവൾ അവന് അഭിമുഖമായ് നിന്നു.

അവൾ എത്തി വലിഞ്ഞു അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി. ഉണ്ണിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.

അവൾ അവന്റെ മൂക്കിൽ പിടിച്ചു തിരിച്ചു.

ഓഹ്.. വിടടി.. വേദനിക്കുന്നു. അവളുടെ കൈയിൽ പിടിച്ചു കൊണ്ടവൻ പറഞ്ഞു.

അവൾ കൈ മാറ്റി ഇടുപ്പിൽ കൈ കുത്തി കൊണ്ട് അവനെ നോക്കി.

വന്നേ.. ഉണ്ണി അവളെ പിടിച്ചു കട്ടിലിൽ കിടത്തി. അവൾക്ക് അരികിൽ ഇരുന്നു.

മാളൂ…

മ്മ്.. അവൾ നെറ്റി പൊക്കി ചോദിച്ചു.

മാളൂ… അവൻ വീണ്ടും വിളിച്ചു.

എന്താ.. മനുഷ്യാ.. അവൾ ചിരിയോടെ ചോദിച്ചു.

ഞാൻ ഇവിടെ നിന്റെ അടുത്ത് കുറച്ചു നേരം കിടന്നോട്ടെ..?

അവൾ കണ്ണു മിഴിച്ചവനെ നോക്കി. പിന്നെ ചിരിയോടെ അവന്റെ കൈയിൽ പിടിച്ചു തന്റെ അരികിൽ കിടത്തി. അവന്റെ നെറുകിൽ തലോടി. ഉണ്ണി അവളോടപ്പം ചേർന്ന് കിടന്നു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണ്ണി വേഗം എഴുന്നേറ്റു വാതിലിക്കലേക്ക് നടന്നു.

വാതിൽ തുടന്നതും ഭാനു കരയുന്ന കുഞ്ഞിനെ കൊണ്ട് റൂമിലേക്ക് കയറി.

എന്ത് പറ്റി.. ഉണ്ണി കുഞ്ഞിനെ നോക്കി കൊണ്ട് ചോദിച്ചു.

ഏയ്‌ ഒന്നുമില്ല. ഭാനു ചിരിയോടെ പറഞ്ഞു.

മാളു ബെഡിൽ എഴുന്നേറ്റു ഇരുന്നു കൊണ്ട് കൈകൾ നീട്ടി.

മോളെ.. കുഞ്ഞിനെ പാല് കൊടുക്കേ.. വിശക്കുന്നുണ്ടാവും. ഭാനു അവളുടെ കൈകളിൽ കുഞ്ഞിനെ വച്ചു കൊണ്ട് പറഞ്ഞു.

ഓ.. ഓ.. അമ്മടെ പൊന്ന് കരയണ്ടാട്ടോ.. അമ്മ ഇപ്പോ പാല് തരാവേ.. കുഞ്ഞിനെ പതിയെ ആട്ടി കൊണ്ട് മാളു തിരിഞ്ഞു ഇരുന്നു കുഞ്ഞിന് പാല് കൊടുത്തു.

ഉണ്ണി.. നിന്നെ അച്ഛൻ വിളിക്കുന്നുണ്ട്.

ആഹ്. ഉണ്ണി പുറത്തേക്ക് ഇറങ്ങി പോയി.

മോളെ ഞാൻ അവർക്ക് കഴിക്കാൻ കൊടുക്കട്ടെ..?

ആഹ് അമ്മ.

ഭാനു പുറത്തേക്കു പോയി.

മാളു പാലു കൊടുത്ത് കുഞ്ഞിനെ പതിയെ തട്ടി കൊണ്ട് താരാട്ട് പാട്ട് പാടി.

“ഉണ്ണി വാവാവോ
പൊന്നുണ്ണി വാവാവോ
ഉണ്ണി വാവാവോ
പൊന്നുണ്ണി വാവാവോ
നീലപ്പീലീകണ്ണും പൂട്ടി
പൂഞ്ചോലാടാലോ
നീലപ്പീലീകണ്ണും പൂട്ടി
പൂഞ്ചോലാടാലോ
പൂഞ്ചോലാടാലോ”

……………………….

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മാസങ്ങൾ മാറി മറഞ്ഞു.

മൂന്ന് മാസത്തിന് ശേഷം മാളുവിനെയും കുഞ്ഞിനെയും തിരികെ ഉണ്ണിയുടെ വീട്ടിലേക്ക് കൊണ്ട് വന്നു.

ഗൗരിയുടെ കളിചിരികൾ ആ വീട്ടിൽ അലയടിച്ചു കൊണ്ടിരുന്നു. ഉണ്ണി ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് വരും, പിന്നെ അച്ഛനും മോളും ഉറങ്ങുന്ന വരെ കളിയാണ്.

വീട്ടിൽ ഉള്ളവർ എല്ലാവരും ഗൗരിക്ക്‌ പിന്നാലെയാണ്. തന്റെ മക്കളെ ശ്രെദ്ധിക്കാത്തതും ചേർത്തു പിടിക്കാത്തതും മൈഥിലിക്ക്‌ മാളുവിനോടുള്ള ദേഷ്യം ഇരട്ടിച്ചു.

ഒരു കുഞ്ഞ് ഉണ്ടായി എന്ന് കരുതി ഇങ്ങനെ തലയിൽ കൊണ്ട് നടക്കേണ്ട ആവിശ്യം ഒന്നുമില്ല.തുണികൾ മടക്കി കൊണ്ട് മൈഥിലി പറഞ്ഞു.

നീ ഒന്ന് മിണ്ടാതെ ഇരിക്ക് മൈഥിലി. കൃഷ്ണൻ പറഞ്ഞു.

ആഹ്. നിങ്ങൾ എന്റെ വാ അടപ്പിച്ചോ.. ഇപ്പോ നമ്മുടെ മക്കളെ പോലും ആരും ശ്രെദ്ധിക്കുന്നില്ല. അവൾ ദേഷ്യത്തോടെ പറഞ്ഞു.

അവർ വലിയ കുട്ടികൾ ആയില്ലേ.. ഗൗരി മോള് ചെറിയ കുട്ടിയല്ലേ.. ഒത്തിരി കാത്തിരുന്നു കിട്ടിയതല്ലേ അവളെ.. കൃഷ്ണൻ പറഞ്ഞു.

മൈഥിലി അവന് നേരെ മുഖം തിരിച്ചു.

നിങ്ങൾക്ക് ഒന്നും പറഞ്ഞാൽ മനസിലാവില്ല. ഇങ്ങനെ പോയാൽ സ്വത്ത്‌ എല്ലാം അവരുടെ പേരിൽ ആവും.

മൈഥിലി… കൃഷ്ണൻ ദേഷ്യത്തോടെ വിളിച്ചു.

ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്.. നിയമപ്രകാരം ഈ വീടും സ്ഥലവും ഉണ്ണിക്ക് ഉള്ളതാ. നമ്മൾ ഇവിടെന്ന് പോവേണ്ടി വരും. നിങ്ങൾക്കും ഇതിൽ അവകാശം ഉണ്ട്. ഞാനും മക്കളും ഈ വീട് വിട്ട് എങ്ങോട്ടും വരില്ല. നിങ്ങൾ അച്ഛനോട് പറയണം ഈ വീടും സ്ഥലവും നമ്മുടെ പേരിൽ എഴുതി തരാൻ.

കൃഷ്ണൻ ദേഷ്യത്തോടെ അവളെ നോക്കി കൊണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി.

നിങ്ങളെ ഞാന്റെ ചൊല്ല് പടിയിൽ നിർത്തിയിരിക്കും മൈഥിലിയാ പറയുന്നേ. മൈഥിലിയെ നിങ്ങൾക്ക്‌ എന്നല്ല ആർക്കും അറിയില്ല. കത്തുന്ന മിഴികളാൽ മൈഥിലി പറഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മാളു.. എറണാകുളത്തെ ആ ജോലി വീണ്ടും ശെരിയായിട്ടുണ്ട്. നാളെ പോണം. നെഞ്ചിൽ തല വെച്ച് കിടക്കുന്ന മാളുവിനെ നോക്കി കൊണ്ട് ഉണ്ണി പറഞ്ഞു.

പോണോ.. ഉണ്ണിയേട്ടാ.. ഇവിടെ മില്ലിൽ പോയാൽ പോരെ.. മാളു ചോദിച്ചു.

അത്‌ ശെരിയാവില്ല മാളു. മില്ലിൽ അച്ഛനും ഏട്ടനും ഇല്ലേ.. ഇപ്പോ വരുമാനം കുറവാണ്.

മ്മ്. മാളു മൂളി.

മോളെയും നിന്നെയും വിട്ട് പോവാൻ മനസ് ഉണ്ടായിട്ട് അല്ല. നമ്മുക്ക് ജീവിക്കേണ്ട.. ഡീ. ലീവ് കിട്ടുമ്പോൾ ഓടി വരില്ലേ ഞാൻ.

ഉണ്ണിയേട്ടാ..
മാളു ഉണ്ണിയെ ഇറുകെ പുണർന്നു.

പോയി വാ.. ഞാനും മോളും കാത്തിരുന്നോളാം..!

ഉണ്ണി അവളെ ഇറുകെ പുണർന്നു നെറ്റിയിൽ ചുംബിച്ചു.

പിന്നെ മോളെ നോക്കണം. നിന്റെ കണ്ണ് എപ്പോഴും അവളുടെ മേത്ത് ഉണ്ടാവണം. ഇടക്ക് വീട്ടിൽ പോയി നിന്നോ..

മ്മ്.. ശെരി. എന്റെ രണ്ടും കണ്ണും മോളുടെ കൂടെ തന്നെ ഉണ്ടാവും.

മ്മ്. പിന്നെ മൈഥിലി ഏട്ടത്തിയെ ഒന്ന് സൂക്ഷിക്കണം.

എന്തിനാ.. ഏട്ടത്തിയെ സൂക്ഷിക്കുന്നെ.. മാളു സംശയത്തോടെ ചോദിച്ചു.

അവർക്ക് നമ്മളോട് എന്തോ ദേഷ്യo ഉള്ളത് പോലെ..?

ദേഷ്യമോ.. ഉണ്ണിയേട്ടനെ തോന്നുന്നതാ.. മാളു പറഞ്ഞു.

മ്മ്. എന്നാലും നീ ശ്രെദ്ധിക്കണം. എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതെ നിൽക്കണ്ട.

മ്മ്. നാളെ എപ്പോഴാ പോവണ്ടതു..?

രാവിലെ 10 മണിക്ക്.

ആഹ്.

ഡോറിലെ ശബ്ദം കേട്ട് മാളു അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി.

ആരാ.. ഇപ്പോ.. ഉണ്ണി അവളെ നോക്കി.

നോക്കട്ടെ ഉണ്ണിയേട്ടാ..

മാളു എഴുന്നേറ്റു പോയി വാതിൽ തുറന്നു.

എന്താ ഏട്ടത്തി.. മാളു മൈഥിലിയെ നോക്കി കൊണ്ട് ചോദിച്ചു.

രാവിലെക്ക്‌ ഉള്ള മാവ് അരച്ച് വെച്ചിട്ടില്ല. ആ നാണി ആണെങ്കിൽ ഇന്ന് വന്നിട്ടും ഇല്ല. എനിക്ക് നല്ല തലവേദന. നീ അതൊന്ന് അരച്ച് വെക്ക്. മൈഥിലി അവളെ നോക്കി പറഞ്ഞു.

അരി ഞാൻ അരച്ച് ഫ്രിജിൽ വച്ചല്ലോ..? മാളു അവളെ നോക്കി കൊണ്ട് പറഞ്ഞു.

ആണോ.. ഞാൻ അത്‌ ശ്രെദ്ധിചില്ല. മൈഥിലി അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

മ്മ്. മാളു മൂളി.

ശെരി.
മൈഥിലി തന്റെ റൂമിലേക്ക് നടന്നു.

മാളു വാതിലടച്ചു കൊണ്ട് ഉണ്ണിയുടെ അടുത്ത് വന്നു കിടന്നു.

എന്തിനാ അവർ വന്നേ..?

ഏയ്‌ ഒന്നുമില്ല ഉണ്ണിയേട്ടാ.. നാളേക്ക് ഉള്ള മാവ് അരക്കാൻ.

അതിന് നീയല്ലേ മോളെ എന്റെ കൈയിൽ തന്ന് മാവ് അരക്കാൻ പോയത്.

ആഹ്. ഏട്ടത്തി കണ്ട് കാണില്ല.

മ്മ്.. അവനൊന്നു അമർത്തി മൂളി.

ഉറങ്ങാം.. നാളെ പോവണ്ടത് അല്ലെ..?

ആ.

ഉണ്ണി മാളുവിനെ ചേർത്തു പിടിച്ചു കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.

തുടരും