20/04/2026

നാളെയെങ്കിലും ഇതിനൊരുഅവസാനമുണ്ടാക്കണം.

രചന – ശിവാംഗി ശിവ

” ഉണ്ണ്യേട്ടന് ചിരിക്കാൻ അറിഞ്ഞൂടെ…? ഇതെന്തിനാ സദാ സമയോം ഇങ്ങനെ മസിൽ പിടിച്ചു നടക്കണേ…? “” നീയെന്തിനാടി ന്റെ കാര്യത്തിൽ ഇടപെടണത്? ഞാൻ ചിരിച്ചാലും കരഞ്ഞാലും നിനക്കെന്താ… “ചിരി പ്രതീക്ഷിച്ച മുഖത്തുനിന്നും ഈ ചോദ്യം അവളൊട്ടും കരുതിയില്ല. പിന്തിരിഞ്ഞു നടക്കുമ്പോഴും തിരികെ വിളിച്ചിരുന്നെങ്കിൽ എന്നവൾ മോഹിച്ചു. എവടെ വിളിക്കാൻ… !” ഡോ… വല്ല്യേ അഹന്തയൊന്നും വേണ്ടാ… എന്നേലും ഒരീസം താനെന്നെ കെട്ടൂലോ… അപ്പൊ ശെരിയാക്കിതരിണ്ട് ഈ ജാഡ.. “കടന്നാൽ കുത്തിയമാരി ചിറി കോട്ടികൊണ്ട് അവളത് പറഞ്ഞ് തിരികെ നടക്കുന്നതും നോക്കി അവനുള്ളാലെ ഊറിച്ചിരിച്ചു. കാലം കൊറേയായി തന്റെ പുറകെയുള്ള അവളുടെ നടത്തം തുടങ്ങീട്ട്… പോസിറ്റീവ് ആയൊരു നോട്ടം പോലും ഞാനിതുവരെ കൊടുത്തിട്ടില്ല.. എന്നിട്ടും ഉടുമ്പ് കണക്കെയുള്ള ഈ പിടിത്തംവിടാൻ പെണ്ണോട്ട് ഭാവിച്ചിട്ടുമില്ല… വല്ലാത്ത ജാതി തന്നെ… !നാളെയെങ്കിലും ഇതിനൊരുഅവസാനമുണ്ടാക്കണം. പിറ്റേന്ന് ശിവയെകാണാൻ പോവുമ്പോൾ അവന്റെയുള്ളിൽ ഉറച്ചൊരു തീരുമാനവും ഉണ്ടായിരുന്നു.

“ന്താ ഉണ്ണ്യേട്ടാ… ന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്… ഈ മൗനം…? “പാതിവിടർന്ന അവളുടെ കണ്ണുകളിൽ ഉടക്കി വിക്ക് വന്ന് നിന്നുപോയി. അലസമായി അവളുടെ മുടിയിഴകളെ പോലെ മനസ്സും പാറുകയാണ്. പതിയെ വിരിഞ്ഞ ചിരിയുടെ അറ്റത്ത്‌ പൂത്ത നുണക്കുഴിയുടെ ആഴത്തിൽ മുങ്ങിപ്പോയി വാക്കുകൾ. കടിഞ്ഞാൺ പിടിച്ചെടുത്ത്‌ സ്വതസിദ്ധമായ ഗൗരവം സൃഷ്ട്ടിച്ഛ് പറഞ്ഞു. ” ശിവാ… ഇതോടെ നിർത്തിക്കോ നിന്റെ കുട്ടിക്കളി… ഇതൊരിക്കലും നടക്കാൻ പോണില്ല… വ്യർത്ഥമായി ന്റെ പിറകെ നടക്കരുത് ഇനി.. “പൊട്ടിക്കരയുമെന്നും എന്നെ വെറുപ്പോടെ നോക്കി ദേഷ്യപ്പെട്ട് ഇട്ടിട്ടുപോവുമെന്നും കരുതിക്കൊണ്ട്.. നേരിടാൻ മനസ്സിനെ പാകപ്പെടുത്തി..അവളുടെ മുഖത്തേക്ക് തിരിഞ്ഞുനോക്കിയതും അവളുടെ കയ്യിലെ തന്റെ ഡയറി കണ്ട് അത്ഭുതത്താൽ അവന്റെ കണ്ണുകൾവിടർന്നു… !” നിനക്കിത്… ഇത്… എവിടുന്ന് കിട്ടി…? ”

” അതൊന്നും അറിയേണ്ട… എത്തിച്ചേരേണ്ടിടത്ത്‌ തന്നെ എത്തി… അത്രേം അറിഞ്ഞാൽ മതി.. “” ഇത്… ഞാൻ… ” വിക്കണ്ട… ഇതിലുള്ളത് എന്നോടുള്ള പ്രണയം അല്ലെന്നും പറയണ്ട… ഈ വരികളിലൂടെയാണ് ഞാൻ പോലും എന്നെ അറിഞ്ഞത്…””ശിവാ… “” എന്നെ മയ്യെഴുതാൻ പ്രേരിപ്പിച്ചത്… നുണക്കുഴിയുടെ ആഴം കണ്ണാടിയിൽ നോക്കാൻ തോന്നിപ്പിച്ചത്… ചുവന്ന പൊട്ടിനെ നെറ്റിയിൽ അണിയാൻ ഓർമിപ്പിച്ചത്… ദാവണിക്കുള്ളിലെ ദേഹത്തെ പൊതിഞ്ഞുസൂക്ഷിക്കാൻ പഠിപ്പിച്ചത്…എല്ലാം നിങ്ങളായിരുന്നു ഉണ്ണ്യേട്ടാ… എല്ലാത്തിനുമുപരി പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും സുഖം അറിയിച്ചത്… അതും ഈ കലിപ്പൻ തന്നെ… “ഇതുവരെ ദേഷ്യത്തിൽ പൊതിഞ്ഞു ഉള്ളിൽ കൊണ്ടുനടന്ന ഇഷ്ട്ടം പെട്ടന്ന് അനാവരണം ചെയ്യപ്പെട്ടപ്പോൾ മസ്തിഷ്‌കം ശൂന്യമായ അവസ്ഥ… !
പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ട് പേറിനടക്കുന്നതുകൊണ്ടല്ലേ എന്നെ ഇത്രേകാലം മാറ്റിനിർത്തിയത്… അതും ഏറ്റിക്കൊണ്ടിനി കാശിയിലേക്കൊന്നും പോവാൻ നിൽക്കണ്ട…അകറ്റിനിർത്താതെ ചേർത്തുപിടിച്ചുനോക്ക്…ജീവിതത്തെ ജയിക്കാൻ വേണ്ട ഊർജം ഞാൻ തന്നോളാം… “പലകപ്പല്ലും കാട്ടി കൊഞ്ഞനം കുത്തിക്കാണിച്ചോണ്ട് ഓടിപ്പോവാൻ നിന്ന അവളെ മാറോടണച്ചുകാതിൽ കുറുകി.
“എങ്കിൽ കൊണ്ടോവാം അധികം വൈകാണ്ട്…കലിപ്പ് മൂക്കുമ്പോ കള്ളിന് തൊട്ടൂട്ടാൻ വീട്ടിലൊരു കാന്താരി നല്ലതാ… ”