രചന – സിന്ധു അപ്പുക്കുട്ടൻ
“സകല ലഹരികൾക്കും അടിമയായ ഒരുത്തനായിരുന്നു സുധീർ..
സന്ധ്യ ഇട്ടുകൊടുത്ത കട്ടൻചായ ഊതിയൂതി കുടിച്ചു കൊണ്ട് ജയകൃഷ്ണൻ വീണ്ടും പറഞ്ഞു തുടങ്ങി.
അവനെക്കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെ അച്ഛൻ കടമ തീർക്കുകയായിരുന്നു. ഒന്നുരണ്ട് പോക്സോ കേസുകളിൽ പ്രതിയായിരുന്നു അവൻ.തൃശൂരായിരുന്നു അവന്റെ നാട്. അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി അച്ഛനും അമ്മയും ഇങ്ങോട്ട് വന്നതാ. ഇവിടെയെത്തിയിട്ടും അവന്റെ സ്വഭാവത്തിലൊന്നും മാറ്റം വന്നില്ല. പെണ്ണ് കെട്ടിയാൽ എല്ലാം ശരിയാകും എന്ന മൂഢ വിശ്വാസത്തിലായിരുന്നു അവന്റെ തന്തേം തള്ളേം. അതിന് ഇരയായതു എന്റെ ദീപു മോളും.
താൻ അനുഭവിച്ച അതേ സങ്കടങ്ങളിലൂടെയാണല്ലോ ദീപുവും നടന്നു കയറിയതെന്ന് സന്ധ്യ വേദനയോടെ ഓർത്തു.
“ദീപു ഒന്നും എന്നെയറിയിച്ചിരുന്നില്ല. അവൾ ഹാപ്പിയാണെന്ന് ഞാനും വിശ്വസിച്ചു.
അതിനിടെ രണ്ടു കുട്ടികളുമായി.
അങ്ങനെയിരിക്കെ ഒരു ദിവസം പത്രത്തിലൊരു ന്യൂസ് കണ്ടു ഒറ്റക്ക് താമസിക്കുന്ന ഒരു വൃദ്ധയെ ഗാങ് റേപ്പ് ചെയ്യുകയും അവരുടെ വീട് കൊള്ളയടിക്കുകയും ചെയ്ത ഒരു സംഘത്തിനെ പോലിസ് അറസ്റ്റ് ചെയ്തതായി.
അതിലൊരാൾ സുധീറായിരുന്നു.
ഞാനുടനെ ദീപയെ വിളിച്ചു. പക്ഷേ അവൾ കോളെടുത്തില്ല. പിന്നെ കിട്ടിയ വണ്ടിക്കു കയറി ഇങ്ങോട്ടൊരു ഓട്ടമായിരുന്നു.
ചോര മരവിപ്പിക്കുന്ന കഥകളായിരുന്നു ദീപുവിന് പറയാനുണ്ടായിരുന്നത്.
വിവാഹം കഴിഞ്ഞനാൾ മുതലുള്ള ശാരീരികവും മാനസികവുമായ പീഡനം.അവന് അവളൊരു ശരീരം മാത്രമായിരുന്നു. അതിൽ അവന്റെ പേക്കൂത്തുകളെല്ലാം തീർത്തു കൊണ്ടിരുന്നു.
ഒരിക്കൽ അവളുടെ കൈ പിടിച്ചൊടിച്ചു.
രണ്ടു മക്കളെയും കൊണ്ട് ഇറങ്ങിപ്പോകാൻ ഒരു വഴിയൂമില്ലാതെ അവളെല്ലാം സഹിച്ചു. ആരോട് പറയും അവളുടെ സങ്കടങ്ങൾ. അമ്മ അവര്ക്കിഷ്ടമുള്ള ഓരോരുത്തരുടെയും കൂടെ ജീവിതം ആസ്വദിച്ചു നടക്കുന്നു. അച്ഛൻ അയാളുടെ രണ്ടാം ഭാര്യക്കും മക്കൾക്കുമൊപ്പം സ്വന്തം ജീവിതം സുരക്ഷിതമാക്കി. പിന്നെയുണ്ടായിരുന്നത് ഞാനല്ലേ. ഞാൻ എല്ലാറ്റിൽ നിന്നും ഒളിച്ചോടി വല്ല വിധേനെയും ഈ ജീവിതം നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങുകേം ചെയ്തു.
സുധീറിന്റെ പേരെന്റ്സ് നല്ല മനസുള്ളവരായിരുന്നു. ഞാൻ അതുകൊണ്ടാണ് ദീപു അത്രയൊക്കെ സഹിക്കാൻ തയ്യാറായതും.നാട്ടിലെത്തിയപ്പോ അവരെന്നോട് കാല് പിടിച്ച് മാപ്പ് ചോദിച്ചു. നിന്റെ അനിയത്തിയെ എങ്ങനേലും ഒന്ന് രക്ഷിക്കൂ മോനേയെന്ന് കൈകൂപ്പി യാചിച്ചു. എന്തുകൊണ്ടോ അവർ നിസ്സഹായരായിരുന്നു അവളുടെ കാര്യത്തിൽ.
പിന്നെയൊരു വീടെടുത്തു അവളേം മക്കളേം അവിടെ താമസിപ്പിച്ചു. ഞാൻ ബാംഗ്ലൂരിലെ ജോലി മതിയാക്കി നാട്ടിൽ തന്നെ ഒരു ജോലിക്ക് ശ്രമിച്ചു. പിന്നെയങ്ങോട്ടൊരു വാശിയായിരുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം. പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞവരുടെ മുന്നിൽത്തന്നേ തലയുയർത്തി നിന്നു ജീവിച്ചു കാണിച്ചു കൊടുക്കണം.
എന്താണെന്നറിയില്ല ഒരിക്കൽ കൈവിട്ട ദൈവം ആ സമയത്ത് ഞങ്ങൾക്കൊപ്പം നിന്നു. ഇന്നീ കാണുന്ന സൗഭാഗ്യങ്ങളെല്ലാം തന്നനുഗ്രഹിച്ചു.
ദീപു വല്ലാതെ ഡിപ്രെസ്ഡായിരുന്നു അന്നൊക്കെ. മെന്റലി ഡൗണായൊരു അവസ്ഥ .അവന്റെ ക്രൂരതകൾ കണ്ടു വളർന്ന കുട്ടികളും അങ്ങനെ തന്നെ.പിന്നെ കുറെ കഷ്ടപ്പെട്ടു ഇന്നത്തെ അവരെയൊന്നു പരുവപ്പെടുത്തിയെടുക്കാൻ.
വെറുമൊരു നേരംപോക്കിന് വേണ്ടി തുടങ്ങിവെച്ചതാ ആ ഷോപ്പ്. ഇന്നത് ഇത്രയും വളർന്നു വന്നത് അവളുടെ ഒറ്റയാളുടെ പ്രയത്നം ഒന്നുകൊണ്ടു മാത്രമാ.
പഴയ ദീപുവേ അല്ല അവളിപ്പോ. കഴിഞ്ഞ കാലങ്ങൾ ഓർത്തു ദുഖിക്കാറുമില്ല. ഇനി താനും അങ്ങനെ ആകണംട്ടോ. നമുക്ക് ഇവിടുന്ന് തുടങ്ങാം പുതിയൊരു പാതയിലേക്കുള്ള ചുവടുവെപ്പ്. താൻ ധൈര്യം കൈവിടാതെ തലയുയർത്തി തന്നെ നിന്നോളൂ. എല്ലാം ശരിയാകും.
“ഉം… അനുഭവങ്ങൾ കൊണ്ട് തുല്യരാണ് ഞാനും ദീപുവും സപ്പോർട്ട് ചെയ്യാൻ ഏട്ടനുണ്ടായിരുന്നതു കൊണ്ടല്ലേ അവളിന്നീനിലയിലെത്തിയത്. നിങ്ങൾ രണ്ടുപേരും കൂടി സപ്പോർട്ട് ചെയ്താൽ ഞാനും എന്റെ ലക്ഷ്യത്തിലേക്കെത്തും എന്നാണെന്റെ വിശ്വാസം.
“ഓഫ്കോഴ്സ്… തനിക്കും തന്റെ ജീവിതം തീരുമാനിക്കാനുള്ള അവകാശമുണ്ട്. ആരുടേയും കാൽക്കീഴിൽ അടിയറ വെച്ചു പുഴുവിനെപ്പോലെ ചുരുണ്ടു കൂടി കിടക്കേണ്ട ആവശ്യമൊന്നുമില്ല തനിക്ക്. മരിക്കും വരെ ലൈഫ് അങ്ങോട്ട് ആസ്വദിക്കുക. അത്രേയുള്ളൂ.
സന്ധ്യ ചിരിയോടെ തലയാട്ടി.
പുറത്ത് വെയിൽ വറ്റിത്തുടങ്ങിയിരുന്നു. പകൽ രാത്രിയുടുപ്പ് തുന്നിതീർത്ത് അണിഞ്ഞൊരുങ്ങാൻ തയ്യാറാകുകയാണ്.
“പിള്ളേർ വരാറായി. അവർക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ ഞാൻ.”
അയാളോട് പറഞ്ഞു കൊണ്ട് സന്ധ്യ അടുക്കളയിലേക്ക് നടന്നു.
“പിള്ളേർക്ക് മാത്രം പോരാ.. എനിക്കും കൂടി…
അയാൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
സന്ധ്യയത് കേട്ട് മനസ്സ് കുളിർന്ന് ചിരിച്ചു.. വളരെ കാലങ്ങൾക്ക് ശേഷം.
**********************************
രാത്രി..
എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാതെ സന്ധ്യ മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു.
ജനൽപാളികൾക്കപ്പുറം നേരിയ നിലാവ് കണ്ടപ്പോൾ അവളത് തുറന്നു.
നിലാവും, അലഞ്ഞു തിരിയുന്നൊരു കാറ്റിന്റെ തുണ്ടും മുറിയിലേക്ക് കയറിവന്നു. കാറ്റ്,സന്ധ്യക്ക് വിരിഞ്ഞ മുല്ലമൊട്ടിന്റെ മണം കുടഞ്ഞിട്ടപ്പോൾ അവൾ മുല്ല നിന്നിടത്തേക്ക് എത്തി നോക്കി. നിറയെ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു.
സന്ധ്യ വരുമ്പോൾ ആ മുല്ലച്ചെടി ആരാലും ശ്രദ്ധിക്കപെടാതെ കരിഞ്ഞുണങ്ങി, ഒരിറ്റു വെള്ളം യാചിച്ചു നിൽക്കുകയായിരുന്നു.
വെള്ളവും വളവും സമയാ സമയം കിട്ടിക്കഴിഞ്ഞപ്പോൾ അവൾ അടിമുടി മാറിയിരിക്കുന്നു.
നാളെ താനും ഇങ്ങനെ മാറുകതന്നെ ചെയ്യും. മുന്നോട്ടു തന്നെ നടക്കണം. ഒരിക്കലും ഒന്നിലേക്കും തിരിഞ്ഞു നോക്കാതെ..
*************************************
“സന്ധ്യേ.. ഇന്ന് ഉണ്ണി വിളിച്ചിരുന്നു. നീയെന്തേ പുതിയ ഫോൺ ഇനിയും യൂസ് ചെയ്യാത്തെ.
ഒരു ദിവസം ഷോപ്പിൽ ലഞ്ച് കഴിച്ചുകൊണ്ടിരിക്കേ ദീപ്തി സന്ധ്യയോട് ചോദിച്ചു.
“ഫോൺ ഇപ്പോ ഒരാവശ്യമില്ലാത്ത വസ്തുവായിരിക്കുന്നു. അതാ.
സന്ധ്യ ഒരു വിഡ്ഢിച്ചിരി ചിരിച്ചു.
എന്നിട്ട് ഉണ്ണി എന്താ പറഞ്ഞത് ?
നിന്റെ കെട്ട്യോൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്ന്. അയാൾ ഉണ്ണിയേം, നമ്മുടെ കൂടെ പഠിച്ചചിലരെയുമൊക്കെ അന്വേഷിച്ചു ചെന്നിരുന്നുന്ന്.
“ങേ… എന്നിട്ട്?
സന്ധ്യ ഒരു ഞെട്ടലോടെ ദീപ്തിയെ നോക്കി.
“അതിന് നീയെന്തിനാ ഇങ്ങനെ പേടിക്കുന്നെ..? അയാൾ അയാളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യട്ടെ ന്ന്.ഇതിനൊക്കെ ഒരവസാനം വേണ്ടേടി.
“പോലീസ് ഇങ്ങോട്ട് വന്നാൽ നിങ്ങൾക്കതു ബുദ്ധിമുട്ടാവില്ലേ ദീപു.അതോർത്താ എനിക്ക് പേടി
“ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല. നീ ധൈര്യമായി നിന്നാൽ മതി. എന്തായാലും നിനക്ക് ഡിവോഴ്‌സ് വേണമല്ലോ. പിന്നെന്താ..?
“ഉം… സന്ധ്യ ആകുലതയോടെ ഒന്ന് മൂളി.
“ഉണ്ണിക്ക് പണ്ടേ നിന്നെ ഇഷ്ടമായിരുന്നു. അവനായിരുന്നെങ്കിൽ നിനക്കിത്രയൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോഴാ അവനും ബോധമുദിച്ചേ. അന്നവന് ധൈര്യം ഇല്ലായിരുന്നത്രേ.
ഇപ്പോഴും നിന്നെ കൂടെ കൂട്ടാനുള്ളൊരു മനസ്സുണ്ട് അവന്. നമുക്ക് അതൊന്നു ട്രൈ ചെയ്താലോ.
ദീപു…. നാവടക്കിക്കോ അതാ നിനക്ക് നല്ലത്..
സന്ധ്യയുടെ ഭാവം കണ്ട് ദീപ്തി വിറച്ചുപോയി.
എന്റെ പൊന്നോ.. ഞാനൊന്നും പറഞ്ഞില്ലേ..
ദീപ്തി അവളുടെ പ്ളേറ്റുമെടുത്തു എഴുന്നേറ്റു പോയി.
ദിവസങ്ങൾക്ക് ശേഷം ഒരുപകൽ. ദീപ്തിയുടെ ഫോണിലേക്കു ഒരു കാൾ വന്നു.
“ഞാൻ മഹേഷ്. സന്ധ്യയുടെ ഭർത്താവ്.. നിങ്ങൾ ഉടനെ വീട്ടിലേക്കൊന്നു വരണം. ഞാനിവിടുണ്ട്.”
ദീപ്തി ഒരു നിമിഷം ഒന്നാലോചിച്ചു നിന്നു. പിന്നെ സന്ധ്യയുടെ അരികിൽ ചെന്ന് കാര്യം പറഞ്ഞു.
അവൾ പേടിയോടെ ദീപ്തിയെ നോക്കി
നീ പേടിക്കേണ്ട.. വാ നമുക്കൊന്നു പോയി നോക്കാം.ഞാൻ ഏട്ടനെ വിളിച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞു ഏട്ടനും എത്തിക്കൊള്ളും.
ദീപ്തി അവൾക്ക് ധൈര്യം പകർന്നു.
വീടിന്റെ മുന്നിൽ അവരെ കാത്തു നിൽക്കുകയായിരുന്നു മഹേഷ്.
നന്ദുമോൾ അയാളെ കണ്ടതും അച്ഛാ എന്ന വിളിയോടെ ഓടിച്ചെന്നു അയാളെ കെട്ടിപിടിച്ചു.
“അമ്മേ.. അച്ഛൻ വന്നുലോ. നമുക്ക് വീട്ടിൽ പോകാം.
നന്ദുവിന്റെ ആഹ്ലാദം അവളെ വല്ലാതെ ഭയപ്പെടുത്തി. ശബ്ദവും ചലനവുമറ്റ് അവൾ ഗേറ്റിനരികിൽ തറഞ്ഞു നിന്നുപോയി.
തുടരും..

by