രചന – സിന്ധു അപ്പുക്കുട്ടൻ
“എന്താ ഏട്ടന്റെ ഉദ്ദേശം..?
കൈകൾ മാറിൽ പിണച്ചു കെട്ടി അക്ഷോഭ്യയായ് നിൽക്കുന്ന സന്ധ്യയുടെ തീക്ഷ്‌ണതയാർന്ന കണ്ണുകൾക്കുമുന്നിൽ സതീശൻ ഒന്ന് പരുങ്ങി.
“എന്റെ മോളെ, നീ വിചാരിക്കുന്ന പോലെയൊന്നുമില്ലെടി.
“അതിന് ഞാനും പ്രത്യേകിച്ച് ഒന്നും വിചാരിച്ചിട്ടില്ല. ഏട്ടന്റെ മനസ്സിലുള്ളത് എന്താന്നെ ഞാൻ ചോദിച്ചുള്ളൂ.ഞാൻ ഇങ്ങോട്ടു പോന്നതിനു ശേഷം ഏട്ടൻ എന്തിനായിരുന്നു ജയേട്ടനെ ചീത്ത വിളിച്ചതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും.?
“ഓഹോ.. അതവൻ നിന്നെ വിളിച്ചറിയിച്ചു അല്ലെ. ഛെ.. നാണംകെട്ട എരപ്പാളി
വാക്കുകൾ സൂക്ഷിച്ചുവേണം. ഏട്ടനെ നാട്ടുകാർ വിളിക്കുന്ന പേര് ജയേട്ടന് ആവശ്യമില്ല.
സന്ധ്യയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി പടർന്നു.
ഞാൻ എങ്ങനെ അറിഞ്ഞു ആര് വിളിച്ചു എന്നൊന്നും ഏട്ടൻ അറിയേണ്ട കാര്യവുമില്ല. ഞാൻ ചോദിച്ചതിനുള്ള മറുപടി മാത്രം കിട്ടിയാൽ മതി എനിക്ക്.
“ഏട്ടനൊരു മണ്ടത്തരം പറ്റി മോളെ..
സന്ധ്യയുടെ ഉറച്ചവാക്കുകളും, നിവർന്നുള്ള നിൽപ്പും കണ്ട് സതീശൻ വാക്കുകൾക്കായി പരതി.
എന്താന്ന്വെച്ചാ പറഞ്ഞു തുലക്ക് എന്നൊരു ഭാവം എടുത്തണിഞ്ഞ് സന്ധ്യ സെറ്റിയിലേക്കിരുന്നു.
സതീശൻ അവൾക്കെതിരെയും.
പക്ഷേ അയാൾക്കവിടെ ഉറച്ചിരിക്കാൻ കഴിഞ്ഞില്ല. സന്ധ്യയുടെ ഭാവം അത്രയേറെ അയാളെ അപമാനിതനാക്കിയിരുന്നു.
“കാത്തുവിന്റെ കല്യാണത്തിന് എന്റെ ഭാഗത്തുന്ന് എന്തെങ്കിലും ചെയ്യേണ്ട കടമയുണ്ടല്ലോ. സമ്പാദ്യമായിട്ടുണ്ടായിരുന്നതെല്ലാം അവളുടെ പേരിലായിരുന്നത്കൊണ്ട് അതൊക്കെ കൈവിട്ട് പോയി. ഇപ്പോ ആകെയുള്ളത് നമ്മുടെ വീടും പറമ്പുമാ. അതു വിറ്റ് പകുതി കാർത്തുവിനും പകുതി പാറുവിനുമായി കൊടുക്കാം എന്നാ വിചാരിച്ചേക്കുന്നെ.
സതീശൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അത് വിറ്റാൽ പിന്നെ ഏട്ടന് കയറികിടക്കാനൊരിടമില്ല മോളെ. നീയിവിടെ തനിച്ചല്ലേ. നന്ദൂട്ടിയുടെ കല്യാണം കഴിഞ്ഞാൽപ്പിന്നെ നിനക്കാരുണ്ടിവിടെ. അതോണ്ട് ഏട്ടനിവിടെ കൂടാന്ന് കരുതി.
ബിസിനസിന്റെ കാര്യങ്ങൾ ഇനിയങ്ങോട്ട് ഏട്ടൻ നോക്കിക്കൊള്ളാം. മോളീ വയ്യാത്തകാലും വെച്ച് എല്ലാറ്റിനും ഓടി നടക്കണ്ടല്ലോ.അതുകൊണ്ടാ ഇന്ന് ഷോപ്പിൽ വെച്ച് ഞാനങ്ങനെ പറഞ്ഞത്.
“ഹും… കൊള്ളാം… അപാരബുദ്ധി തന്നെ എന്റെ ഏട്ടന്.ഹഹഹ…
അച്ഛനും അമ്മയും ഉണ്ടാക്കിയതെല്ലാം കയ്യിട്ട് വാരി മിണുങ്ങി ഇനി എന്റെ അധ്വാനത്തിന്റെ പങ്കുപറ്റാനുള്ള വരവായിരുന്നല്ലെ ഇത്.
നടക്കില്ല ഏട്ടാ… ആ കാഞ്ഞ ബുദ്ധി എന്റടുത്ത് ചിലവാകില്ല.
ഇപ്പോ ഇറങ്ങിക്കോണം. കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. സന്ധ്യ തനിച്ചായിരുന്നില്ലേ ഇതുവരെ. ഇനിയും തനിച്ചു തന്നെ പൊരുതാനുള്ള തന്റേടം വേണ്ടുവോളമുണ്ട്. ഏട്ടൻ എന്നെയോർത്തു വേവലാതിപ്പെടണ്ട.
അല്ലെങ്കിൽത്തന്നേ,ഞാനിവിടെ തനിച്ചാണെന്ന് ആര് പറഞ്ഞു. എന്റെ കാലൊന്നിടറിയാൽ താങ്ങാൻ എനിക്ക് ദീപ്തിയുണ്ട്, ജയേട്ടനുണ്ട്, എന്റെ സ്റ്റാഫുകളുണ്ട്. എല്ലാറ്റിനും ഉപരിയായി എനിക്ക് ഞാനുണ്ട്. അത് മതി.
“ഓഹോ… അപ്പൊ ഞാൻ തെരുവിലിറങ്ങി തെണ്ടിയാലും നിനക്കൊന്നുമില്ല അല്ലെ.. എന്റെ സങ്കടങ്ങൾക്ക് ഒരു വിലയുമില്ല.ആ നാറിയാണ് നിനക്ക് എന്നേക്കാൾ വലുത് അല്ലേടി..?
“വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് ഒരു വട്ടം ഞാൻ പറഞ്ഞു കഴിഞ്ഞു.ആ പേര് ഉച്ഛരിക്കാനുള്ള യോഗ്യതപോലുമില്ല നിങ്ങൾക്ക്.ഓർത്തോ..
ഇനിയൊരക്ഷരം മിണ്ടിപ്പോകരുത് നിങ്ങൾ.
സന്ധ്യ പല്ല് കടിച്ചുകൊണ്ട് അയാൾക്ക് നേരെ വിരൽചൂണ്ടി.
പിന്നെ അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു.
രാവിലെ ബാഗുമെടുത്ത് അയാളിറങ്ങിപ്പോകുമ്പോൾ യാതൊരു ഭാവഭേദവുമില്ലാതെ സന്ധ്യയത് നോക്കി നിന്നു.
കരളലിയിക്കുന്നൊരു ദൈന്യത മുഖത്തെടുത്തണിഞ്‌ഞ് ഒരു പിൻവിളി പ്രതീക്ഷിച്ചുകൊണ്ട് വളരെ സാവധാനമാണയാൾ റോഡിലേക്കിറങ്ങിയത്.പക്ഷേ അയാൾക്ക് പിന്നിൽ ഉമ്മറവാതിൽ ശക്തിയോടെ കൊട്ടിയടക്കപ്പെട്ടു.
********************************
“ആരാ, നന്ദുമോളാണോ..?
ഇന്ദിരാമ്മ തളർന്നസ്വരത്തിൽ ചോദിച്ചു കൊണ്ട് തന്റെ കൈപ്പത്തിക്കുമേലെയിരുന്ന കയ്യിൽ വിറ പൂണ്ട വിരൽ കൊണ്ട് പരതി
“അല്ല.. സന്ധ്യയാണ്..
“ങേ… സന്ധ്യയോ.?
അവരുടെ ശബ്ദത്തിൽ കണ്ണുനീരിന്റെ നനവ് പടർന്നു.
നന്ദുവിന്റെ നിർബന്ധം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇന്ദിരാമ്മയെ കാണാൻ വന്നതായിരുന്നു സന്ധ്യ.
ഹോസ്പിറ്റൽ വാർഡിൽ കൂട്ടിനാരുമില്ലാതെ തനിച്ചായിരുന്നു അവർ.
“അമ്മേ, അച്ഛമ്മക്ക് തീരെ വയ്യ. ഞാൻ ചെല്ലുമ്പോഴൊക്കെ അമ്മയെക്കുറിച്ച് ചോദിക്കും. കാണണം എന്ന് ആഗ്രഹം പറയും. ഒന്ന് പോയി വാ അമ്മേ.മരിക്കാൻ കിടക്കുന്നവരോടെന്തിനാ ഇനിയുമീ വഴക്കും വൈരാഗ്യവും.
ഓരോ തവണ വിളിക്കുമ്പോഴും നന്ദു അവളെ കുറ്റപ്പെടുത്തും.
കഴിഞ്ഞതൊക്കെ മറക്കാൻ നിനക്കൊരു പ്രയാസവുമുണ്ടാകില്ല . പക്ഷേ അമ്മക്ക് പെട്ടന്നൊന്നും അതിനാകില്ല മോളെ
“അങ്ങനെയൊന്നും ചിന്തിക്കണ്ടമ്മേ . അച്ഛനും അച്ഛമ്മയും കഴിഞ്ഞതൊക്കെയോർത്തു ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്. ഒന്ന് പോയി കാണുന്നതിൽ തെറ്റൊന്നും ഇല്ലന്നേ.
ഉം പോകാം.
ഓരോ തവണയും സന്ധ്യ വെറുതെ മൂളും.
നന്ദുവിനൊരു വിവാഹാലോചന വന്ന സമയമായിരുന്നു. സന്ധ്യ രണ്ടുംകല്പ്പിച്ചവരെ കാണാനിറങ്ങി.
“എന്റെ മോള് അമ്മയോട് പൊറുക്കണം.
സന്ധ്യ വീട്ടിൽ നിന്നും കൊണ്ടുവന്ന കഞ്ഞി കോരികുടിക്കുമ്പോൾ കണ്ണുകൾ തുളുമ്പി കഞ്ഞിവെള്ളവുമായി കൂടിക്കലരുന്നത് നിർന്നിമേഷയായി നോക്കിയിരിക്കുമ്പോൾ ഇന്ദിരാമ്മ പറഞ്ഞു.
എന്റെ മോനത്ര നല്ലവനല്ല എന്നറിഞ്ഞിട്ടും അവന്റൊപ്പം നിന്ന് നിന്നെ ദ്രോഹിക്കാനെ അമ്മ ശ്രമിച്ചിട്ടുള്ളു.
പിശാശ് കുടിയേറിയൊരു മനസ്സായിരുന്നു അന്ന്.
അവന്റെയച്ഛൻ ഇതിനേക്കാൾ കഷ്ടമായിരുന്നു. ഞാനനുഭവിച്ചതൊക്കെ നീയും അനുഭവിച്ചു കാണണം എന്ന ദുഷ്ട ചിന്ത വളർന്നു വന്നപ്പോൾ അവന്റ ക്രൂരതകൾക്ക് നേരെ ഞാനും കണ്ണടച്ചു.
പക്ഷേ നീയില്ലാത്തപ്പോൾ നന്ദുവിനെ ഞാൻ പൊന്നുപോലെ നോക്കിയിരുന്നു. ആ സ്നേഹമാ ഇന്നവൾ എനിക്ക് തിരിച്ചു തരുന്നത്. നിന്നെയും അത് പോലെ സ്നേഹിച്ചിരുന്നെങ്കിൽ, നിന്റെ സങ്കടങ്ങളിൽ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഇന്ന് നീയുമുണ്ടായേനെ എനിക്ക് കൂട്ടായി.
ഒക്കെ തെറ്റായിപ്പോയി മോളെ
നീ പോയേപ്പിന്നെ വന്നു കയറിയവൾ നിന്നോട് ചെയ്ത ദ്രോഹങ്ങൾക്കെല്ലാമുള്ള ശിക്ഷ അവളായിട്ട് എനിക്ക് തന്നു. മഹേഷും ഒരു പാഠം പഠിച്ചു.
ഒന്നോർത്താ അത് നന്നായിന്നാ എനിക്ക് തോന്നുന്നേ. കള്ളും കഞ്ചാവും കൂലിത്തല്ലുമെല്ലാം നിർത്തി അവൻ നന്നായി കെട്ടോ.
കൃത്യമായി പണിക്കും പോകും.കിട്ടുന്നത് അതേപോലെ അവളെ ഏൽപ്പിക്കുകയും ചെയ്യും.
പക്ഷേ മനസ്സമാധാനം മാത്രം തിരികെ കിട്ടിയിട്ടില്ല അവന്.
ചെയ്തു കൂട്ടിയ പാപങ്ങൾ അത്രേം ഉണ്ടായിരുന്നല്ലോ.
അവരുടെ എണ്ണിപെറുക്കലുകൾ സന്ധ്യ നിർവികാരത്യോടെ കേട്ടുകൊണ്ടിരുന്നു. സന്തോഷമോ സങ്കടമോ കണ്ണുനീരോ നെഞ്ചിൽ മുളപ്പെട്ടാത്തതെന്തേ എന്നവൾ അത്ഭുതം പൂണ്ടു.
അനുഭവങ്ങൾ അത്രയേറെ കരുത്തു പകർന്നിരിക്കുന്നു.
നിനക്കിപ്പോ സുഖമാണല്ലേ മോളെ..?
ഇന്ദിരാമ്മ ചോദിച്ചു.
“അതെയമ്മേ…സന്ധ്യ അവരെ നോക്കി അലിവോടെ ചിരിച്ചു.
“അമ്മ പോരുന്നോ എന്റെ കൂടെ..? ഞാൻ നോക്കിക്കൊള്ളാം അമ്മയെ. നന്ദൂട്ടിയുടെ അച്ഛമ്മയായിട്ട്.
കേട്ടത് വിശ്വസിക്കാനാകാതെ ഇന്ദിരാമ്മ അവളെ പകച്ചു നോക്കി.
“വേണ്ട മോളെ.. നീയിനി സന്തോഷമായും സമാധാനമായും ജീവിച്ചു പോ. എന്തിനാ ഇനിയുമീ കുരിശേടുത്തു തലയിൽ വെക്കുന്നെ.
“അങ്ങനെയൊന്നുമില്ലമ്മേ. എനിക്കതിൽ സന്തോഷമേയുള്ളൂ.
അവർ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. തോരാതെ പെയ്യുന്ന കണ്ണുകൾ അവരുടെ കാഴ്ച മറച്ചിരുന്നു.
സന്ധ്യ പോകാനിറങ്ങുമ്പോഴാണ് മഹേഷ് കയറിവന്നത്.
അയാളെക്കണ്ട് സന്ധ്യ അമ്പരന്നു പോയി.
കാലം ഒരു മനുഷ്യനിൽ ഇത്രയേറെ മാറ്റങ്ങൾ വരുത്തുമോ..?
നര വീണ് പറ്റെ വെട്ടിയ മുടിയും, ശോഷിച്ചു അല്പം ഉള്ളിലേക്ക് വളഞ്ഞ ശരീരവും മഹേഷിനെ ഒരു പടുകിളവനാക്കിയിരിക്കുന്നു.
പലപ്പോളും നന്ദു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു രൂപം സന്ധ്യയുടെ മനസ്സിൽപ്പോലുമുണ്ടായിരുന്നില്ല.
മഹേഷിന്റെ അവസ്ഥയും അത് തന്നെയായിരുന്നു. തുടുത്തകവിളുകളും, ചുവന്ന ചുണ്ടുകളും,ചെറുപ്പം തോന്നിപ്പിക്കുന്ന ശരീരവടിവുകളുമായി സന്ധ്യ അടിമുടി പൂത്തുലഞ്ഞിരിക്കുന്നു.
“നീയെപ്പോ വന്നു..?
ശബ്ദത്തിലെ ഇടർച്ച മറക്കാൻ ആവതും ശ്രമിച്ചുകൊണ്ടയാൾ ഒരു പുഞ്ചിരിയെ കൂട്ടുപിടിച്ചു.
കുറച്ചു നേരമായി.
സന്ധ്യ തലയുയർത്തിത്തന്നേ മറുപടി കൊടുത്തു.
പരസ്പരം എന്തൊക്കയോ ചോദിക്കാനും പറയാനുമുണ്ടെന്നറിഞ്ഞിട്ടും മൗനം രണ്ടുപേർക്കുമിടയിൽക്കിടന്നോടിക്കളിച്ചുഏ റെ നേരം.
“ശരിയെന്നാ.. ഞാനിറങ്ങട്ടെ.
ഒടുവിൽ സന്ധ്യ മൗനത്തിന്റെ തോട് പൊട്ടിച്ചു.
വയ്യാത്തകാലും വലിച്ചു വെച്ച് അവളിറങ്ങിപ്പോകുന്ന കണ്ടപ്പോൾ വർഷങ്ങൾക്കിപ്പുറം ആ കാലുകളുടെ ദൈന്യത അയാളുടെ കണ്ണിൽപ്പെട്ടു.
സൂക്ഷിച്ചു പോ എന്ന് വിളിച്ചു പറയാനും,ഓടിച്ചെന്നവളുടെ കൈ പിടിക്കാനും, കൊച്ചുകുട്ടിയെപ്പോലെ കോരിയെടുക്കാനും അയാൾക്ക് തോന്നി.
പക്ഷേ തനിന്നവൾക്ക് അന്യനാണെന്ന ഓർമ്മ അയാളെ ചുട്ടു പൊള്ളിച്ചു..
കൈക്കുമ്പിളിൽ നിന്ന് ചോർന്നു പോകുന്ന സൗഭാഗ്യത്തെ നിർന്നിമേഷനായി നോക്കി നിൽക്കുമ്പോൾ അയാളുടെ കണ്ണിൽ നിന്നും തുള്ളികൾ അനസ്യൂതം അടർന്നു വീണു കൊണ്ടിരുന്നു. സ്വന്തം കാൽകീഴിലേക്ക്.
**************************-**-********
ആകാശമുറ്റത്തിരുന്നപാൽക്കുടം തട്ടിമറിഞ്ഞു തൂവിയത് പോലെ വെൺനുരകളായ് ചിതറിവീഴുന്ന വെള്ളത്തിന്റെ ഹുങ്കാര ശബ്ദങ്ങൾക്ക് കാതോർത്ത്ഭൂതകാലത്തിന്റെ നോവോർമ്മകളെ ഓരോന്നോയ് മനസ്സിൽ നിന്നും പടിയിറക്കി വിടാൻ ശ്രമിച്ചുകൊണ്ട് സന്ധ്യ മിനുസമാർന്ന പാറപ്പരപ്പിലിരുന്നു.
“എന്താ ഇത്ര വല്യ ആലോചന..?
ജയകൃഷ്ണൻ അടുത്തേക്ക് വന്നിരുന്നപ്പോൾ സന്ധ്യ ഒരു ഞെട്ടലോടെ സ്ഥലകാലങ്ങളിലേക്ക് തിരികെ വന്നു.
അച്ചുവും, അനന്തുവും കാനഡയിൽ നിന്നും അവരുടെ ഫാമിലിക്കൊപ്പം വെക്കേഷൻ ആസ്വദിക്കാൻ വന്നതായിരുന്നു.
അവരുടെ ലീവിനനുസരിച്ചായിരുന്നു നന്ദുവിന്റെ വിവാഹത്തിന് ഡേറ്റ് കുറിച്ചതും.
എല്ലാരുമൊത്തു ഒരു ടൂർ പ്ലാൻ ചെയ്തത് ശ്രീഹരിയായിരുന്നു.
നന്ദുവിനെ അവന്റെ കൈകളിൽ പിടിച്ചേൽപ്പിക്കുമ്പോൾ ഇനിയുള്ള ജീവിതത്തിൽ താൻ തീർത്തും ഒറ്റപ്പെടുകയാണോ, അതോ തനിക്ക് പിറക്കാതെപോയൊരു മകനെ ദൈവം തന്റെ കൈകളിലേൽപ്പിക്കുകയാണോ എന്ന് വേർതിരിച്ചെടുക്കാനാകാത്തൊരു മാനസികാവസ്ഥയിലായിരുന്നു സന്ധ്യ.
ജയകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായ് അവളവന് മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു.
ആ ചിരി അവനെ അത്ഭുതപ്പെടുത്തി.
ദീപ്തി പ്രായം പോലും മറന്ന് കുട്ടികൾക്കൊപ്പം വെള്ളത്തിലിറങ്ങി മുങ്ങാംകുഴിയിടുകയാണ്.
സന്ധ്യ കണ്ണുകൾകൊണ്ടത് ജയകൃഷ്ണന് കാട്ടിക്കൊടുത്തു.
അവള് തകർക്കട്ടെ ന്ന്. പാവം ഒരുപാട് അനുഭവിച്ചു. ഇനിയുള്ള കാലം സന്തോഷത്തോടെയിരിക്കട്ടേ.
അവരുടെ ആഘോഷത്തിമിർപ്പ് അയാളെ ആഹ്ലാദവാനാക്കുന്നത് സന്ധ്യയറിഞ്ഞു.
“മറ്റുള്ളവരുടെ ജീവിതത്തെകുറിച്ചോർത്തു വേവലാതിപ്പെടുന്ന ഏട്ടനെന്തേ സ്വന്തം ലൈഫ് ഇങ്ങനെ കളഞ്ഞു കുളിച്ചു.
“ഇങ്ങനെയൊക്കെയങ്ങു പോയാൽ മതിയെന്നായിരുന്നു മനസ്സിൽ.എന്നെ മനസ്സിലാക്കാൻ പറ്റിയൊരു പെൺകുട്ടി ഈ ഭൂമിയിലില്ല എന്ന് ഉറച്ചു വിശ്വസിച്ചു.
പിന്നെ തന്നെ കണ്ടപ്പൊഴാ ആ ചിന്തക്കൊരു മാറ്റം വന്നത്.
“ങേ…!!
“അതേടോ.. സത്യമാണ്. ഇത്രയുമൊക്കെ ജീവിതാനുഭവങ്ങളുള്ള ഒരാൾ എന്നെ മനസ്സിലാക്കും എന്നൊരു തോന്നൽ.
തനാണെങ്കിൽ ജീവിക്കാനുള്ള നെട്ടോട്ടത്തിലും.
തനിയെ കരുത്താർജ്ജിക്കും വരെ കാത്തിരിക്കാം എന്ന് മനസ്സ് പറഞ്ഞു.
കടമകളും കടപ്പാടുകളുമെല്ലാം തീർന്നില്ലേ. ഇനിയെങ്കിലും തനിക്കെന്നെ കൂടെ കൂട്ടിക്കൂടെ
സന്ധ്യ വിറങ്ങലിച്ചു പോയി. തൊണ്ടക്കുഴിയിൽ ഉമിനീരുവറ്റി ശബ്ദം ഉറഞ്ഞു പോയിരിക്കുന്നു.
“ദീപ്തി എന്നെ വെറുക്കും.
ഏറെ നേരത്തെ മൗനത്തിനു ശേഷം അവൾ ഒരു മന്ത്രണം പോലെ പറഞ്ഞു.
“ആര് പറഞ്ഞു..?
“നിന്നെയെന്റെപെണ്ണായി എന്നേ അവൾ അംഗീകരിച്ചു കഴിഞ്ഞു.പക്ഷേ നിന്നോട് പറയാൻ എന്നേക്കാൾ വലിയ പേടിയും
“എന്നിട്ട് പിന്നെ അന്ന് മൃദുലയുമായുള്ള കല്യാണമുറപ്പിക്കാൻ അച്ഛന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതോ?
അന്ന് അവൾക്കും അതായിരുന്നു ഇഷ്ടം. പക്ഷേ എന്റെ മനസ്സ് മാറില്ല എന്നറിഞ്ഞപ്പോൾ അവളാ മോഹം ഉപേക്ഷിച്ചു. പിന്നീടെപ്പോഴോ തന്റെ കാര്യം ഞാനവളോട് പറയുകയും ചെയ്തു.
നന്ദുവിന്റെ കല്യാണമൊക്കെക്കഴിഞ്ഞു താനൊന്നു ഫ്രീയാവാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.
നമുക്ക് പഴയപോലെ നമ്മുടെ വീട്ടിൽ ഒന്നിച്ചു കൂടാടോ.
നന്ദുവിനെയും, ശ്രീഹരിയെയും ദീപ്തി പറഞ്ഞു മനസിലാക്കിക്കിക്കൊള്ളും.
അവരൊന്നും നമ്മുടെയീ സന്തോഷം തല്ലിക്കെടുത്തില്ല എന്നെനിക്കുറപ്പുണ്ട്. താനൊന്നു സമ്മതിച്ചാൽ മാത്രം മതി.
തന്നെയെനിക്ക് അത്രക്കിഷ്ടമാടോ.
തന്റെ കാതുകളിൽ വന്നു വീഴുന്ന വാക്കുകൾ വിശ്വസിക്കാനാകാതെ അവൾ അവന്റെ കണ്ണുകളിലേക്കൂറ്റു നോക്കി. പ്രണയം ആർദ്രമാക്കിയ മിഴികളോടെ.
അവനും പ്രണായാർദ്ര നോട്ടങ്ങളിലൂടെ,നിറഞ്ഞു തുളുമ്പുന്ന ഹൃദയം അവൾക്കായി പകുത്തു കൊടുത്തു.
“വാവേ… എന്താ ഒന്നും മിണ്ടാത്തെ..
അവന്റെ സ്നേഹവായ്പ്പ് ഒരു മഞ്ഞുതുള്ളിയായി നിറുകയിലേക്കിറ്റുവീണനിമിഷത്തിൽ സന്ധ്യ നാണം കൊണ്ട് കൂമ്പിപ്പോയി.
“എന്താ… എന്താ വിളിച്ചേ….. വാവേ ന്നോ.
“ഉം…. എന്റെ പ്രണയിനിക്ക് നൽകാൻ പണ്ടേ കാത്തുവെച്ചിരുന്നതാ ഈ പേര്.
“ഹഹഹ… മൂത്ത് നരച്ചവർക്കിടാൻ പറ്റിയപേര് തന്നെ…
സന്ധ്യ പരിസരം മറന്ന്, അതുവരെ അനുഭവിച്ച വിഹ്വലതകൾ മറന്ന് ഉറക്കെ ചിരിച്ചു പോയി.
മൂത്തു പോകുമ്പോഴാ പ്രണയത്തിനു മാധുര്യമേറുക.
“ഹഹഹ… എന്നാപ്പിന്നെ അങ്ങോട്ട് പ്രണയിക്കാം അല്ലെ..
“പിന്നല്ലാതെ… നീയും ഒരു ചെല്ലപ്പേര് കണ്ടു വെച്ചോ. പിന്നെ നമ്മൾ തകർക്കും. ഹഹഹ…
“കുഞ്ഞുണ്ണിന്നായാലോ…
ഏറെ നേരത്തെ ആലോചനക്ക് ശേഷം സന്ധ്യ ചോദിച്ചു.
“ഹാ… സൂപ്പർ. പക്ഷേ അതിലെ ആ ഉണ്ണിയെ അങ്ങോട്ട് കള. വെറും കുഞ്ഞു മതി.. എന്ത്യേ..?
“ആയിക്കോട്ടെ…
“എന്നാലേ ഇനിയങ്ങോട്ട് സങ്കടങ്ങളൊന്നുമില്ലാതെ ഹാപ്പിയായിരിക്കണം ട്ടോ കുഞ്ഞുന്റെ വാവ..
“ഹഹഹ… ഒന്ന് പോയെ..
സന്ധ്യ ചിരിയോടെ, അതിലേറെ നാണത്തോടെ അവന്റെ കയ്യിൽ നുള്ളി.
അപ്പോഴവരുടെ ലോകത്തിൽ അവർ മാത്രമായിരുന്നു. വെള്ളത്തിൽ കുളിച്ചുകൊണ്ടിരുന്ന ദീപ്തിയും മക്കളും അത്ഭുതത്തോടെ അവരെ തുറിച്ചു നോക്കുന്നതോ, ആ സന്തോഷ നിമിഷങ്ങൾ തിരിച്ചറിഞ്ഞ് അവരെ അവരുടെ ലോകത്തിലേക്കു പറഞ്ഞു വിട്ടതോ രണ്ടുപേരുമറിഞ്ഞില്ല.
ദൂരെ സന്ധ്യാംബരം സ്വർണ്ണക്കസവു പുടവ ചുറ്റി നിറുകിൽ സിന്ദൂരം തൊട്ട് തുടുത്തുനിന്നു.
സന്ധ്യയുടെ കവിളുകൾ ആ ശോണിമ കടമെടുക്കുന്നതും നോക്കി ജയകൃഷ്ണനിരുന്നു. സ്വപ്‌നങ്ങളുടെ സാക്ഷാൽക്കാരം തേടി…
അവസാനിച്ചു ❤
ഇതുവരെ എല്ലാവിധ പ്രോത്സാഹനങ്ങളും തന്ന് കൂടെ നിന്ന എന്റെ പ്രിയപ്പെട്ടവരോട് ഒരുപാട് നന്ദി 🙏🙏🙏സ്നേഹം ❤️❤️❤️❤️ഈ കഥ വായിച്ച് സന്ധ്യയെ കുലസ്ത്രീ എന്ന് വിളിച്ചു ആക്ഷേപിക്കുകയും മാനസികമായി എന്നെ വേദനിപ്പിക്കുകയും ചെയ്തവരുണ്ട്. പക്ഷേ അതെല്ലാം മറി കടന്ന് ഇതിവിടെവരെ എത്തിക്കാൻ കഴിഞ്ഞതിൽ നിങ്ങൾ ഓരോരുത്തരോടും ഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു..
സ്നേഹപൂർവ്വം നിങ്ങളുടെ സിന്ധു 🌹🌹🌹

by