The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
“എന്നെയിങ്ങനെ പുറകെ നടന്നു ശല്യം ചെയ്യരുത്….ഞാൻ എങ്ങനെയെങ്കിലും ഒന്നു ജീവിച്ചു പൊയ്ക്കോട്ടെ… പ്ലീസ്..”
രാവിലെ ടൈപ്പിംഗ് ഇൻസ്റിറ്റുട്ടിലേക്കു പോകുന്ന വഴിയിൽ പതിവ് പോലെ തന്നെയും നോക്കി അഖിൽ നിൽക്കുന്നത് ദൂരെ നിന്നെ കണ്ടിരുന്നു. ഇന്ന് എന്തായാലും ഇങ്ങനെ പറയണമെന്ന് വീട്ടിൽ നിന്നെ തീരുമാനിച്ചു ഉറപ്പിച്ചിട്ടാണ് ഇറങ്ങിയത്. അല്ലെങ്കിൽ അഖിൽ ഈ നിൽപ്പ് എന്നും തുടരും.. നാട്ടുകാരുടെ പരിഹാസം കേട്ടു കേട്ടു മടുത്തു.
ഞാനങ്ങനെ പറഞ്ഞപ്പോൾ അഖിലിന്റെ കണ്ണു നിറയുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. എങ്കിലും അതു കാര്യമാക്കാതെ ഞാൻ നടന്നു നീങ്ങി. എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും നിറഞ്ഞു വന്ന എന്റെയും കണ്ണുകൾ അഖിൽ കാണാതെ പുറം കൈ കൊണ്ട് തുടച്ചു നീക്കുമ്പോൾ മനസിൽ വലിയ ഒരു കരിങ്കല്ലെടുത്തു വെച്ച പോലെ ഭാരം തോന്നി.
സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു അഖിൽ .എന്നോ ഒരിക്കൽ ആ കണ്ണുകൾ എന്നോട് പ്രണയമാണെന്നു പറഞ്ഞു. എന്നോട് തുറന്നു പറഞ്ഞില്ലെങ്കിലും അവനു പ്രണയമാണെന്നു അവന്റെ നോട്ടത്തിലും ചിരിയിലും എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പഠിച്ചു നല്ലൊരു ജോലി സമ്പാദിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അല്ലെങ്കിൽ അമ്മയുടെ ഗതി എനിക്കും വരും..
അമ്മയ്ക്ക് ഒരിക്കലും സ്വസ്ഥമായ ഒരു കുടുംബജീവിതം കിട്ടിയിട്ടില്ല. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ കള്ളും കുടിച്ചു വരുന്ന അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. അച്ഛനേക്കാൾ നിറവും സൗന്ദര്യവും കൂടുതലായിരുന്ന അമ്മയെ അച്ഛന് എന്നും സംശയമായിരുന്നു. ഒരിത്തിരി മുതീർന്നപ്പോൾ ഞാനും ചേച്ചിയും അച്ഛന്റെ ഉപദ്രവത്തിൽ നിന്നും അമ്മയെ രക്ഷിക്കാൻ ഒരുപാട് നോക്കിയിട്ടുണ്ട്. പക്ഷെ കുടിച്ചു ബോധമില്ലാത്ത അച്ഛൻ അപ്പോൾ ഇടയ്ക്കു നിൽക്കുന്ന ഞങ്ങളെയും കൂടി ഉപദ്രവിക്കും.
അമ്മയുടെ ഇടതൂർന്ന നീണ്ട മുടിയിൽ പിടിച്ചു വലിച്ചു ചുവരിനോട് ചേർത്തു നിർത്തി മർദ്ദിക്കുമ്പോൾ വേദന കൊണ്ട് പുളഞ്ഞിട്ടു അമ്മയുടെ തോണ്ടക്കുഴിയിൽ നിന്നും വല്ലാത്തൊരു ശബ്ദം പുറത്തു വരുന്നത് കേട്ടു ‘അമ്മ എങ്ങാനും മരിച്ചു പോകുമോ എന്നോർത്തു ഞാനും ചേച്ചിയും ഒരുപാട് കരഞ്ഞിട്ടുണ്ട്. ഒടുവിൽ ഏതോ ഒരാളോടൊപ്പം ‘അമ്മ അച്ഛനെ ഉപേക്ഷിച്ചു ഇറങ്ങിപ്പോയപ്പോൾ അച്ഛനോടും ചേച്ചിയോടുമൊപ്പം ചേർന്നു അമ്മയെ കുറ്റം പറയാൻ എനിക്കായില്ല. കാരണം അത്രയ്ക്ക് സഹികെട്ടിട്ടാണ് എന്റെ അമ്മ അതു ചെയ്തത്.
പക്ഷെ അന്ന് മുതൽ ഞങ്ങളെ കാണുമ്പോൾ അച്ഛനൊപ്പം നാട്ടുകാരും കൂടി അടക്കം പറഞ്ഞു തുടങ്ങി.
“’അമ്മ വേലി ചാടിയാൽ… മക്കൾ മതില് ചാടുമത്രെ”
ഞങ്ങൾ അതൊന്നും ചെവികൊണ്ടില്ല. പക്ഷെ ‘അമ്മ വരുത്തി വെച്ച ചീത്തപ്പേരും അച്ഛന്റെ ദുസ്വഭാവവും കൂടി ആയപ്പോൾ ചേച്ചിക്ക് വന്ന വിവാഹാലോചന എല്ലാം തന്നെ മുടങ്ങി. “നല്ലവരായ” നാട്ടുകാരുടെ സ്വഭാവ സർട്ടിഫിക്കേറ്റ് കൂടി ആയപ്പോൾ ഒരു കല്യാണ ആലോചനയും വീടിന്റെ പടി കയറി വരാതായി. ഒടുവിൽ ചേച്ചിയും അമ്മയുടെ വഴി സ്വീകരിച്ചു ഒരാളോടൊപ്പം ജീവിതം ആരംഭിച്ചു.
ചേച്ചി ഇപ്പോൾ ഭർത്താവിന്റെ കൂടെ ഒരു കുഞ്ഞു മാലാഖയോടൊപ്പം അവരുടെ സ്വർഗത്തിൽ സുഖമായി ജീവിക്കുന്നു.
പക്ഷെ അതിനു ശേഷം ഞാൻ കേൾക്കാതെ അടക്കം പറഞ്ഞിരുന്നവർ എന്റെ മുഖത്തു നോക്കി തന്നെ പറയാൻ തുടങ്ങി.
“അമ്മ വേലി ചാടിയാൽ… “
അവർക്ക് തെളിവായി ചേച്ചിയും മുൻപിൽ ഉണ്ടല്ലോ..
ഇനിയും ഇതു കേൾക്കാൻ എനിക്കാവില്ല… അതുകൊണ്ടു തന്നെ അഖിലിനോട് ഇഷ്ടമാണെങ്കിലും അഖിലിന്റെ സങ്കടം തൽക്കാലം കണ്ടില്ലെന്നു വെയ്ക്കാൻ മാത്രമേ നിവൃത്തിയുള്ളൂ.. എന്നെങ്കിലും അച്ഛനോട് ചോദിക്കാൻ അവനായിട്ടു
ധൈര്യമുണ്ടായാൽ അവൻ വന്നു ചോദിക്കട്ടെ..
അച്ഛനെയും ഞങ്ങളെയും ഉപേക്ഷിച്ചു മറ്റൊരാളോടൊപ്പം പോയ അമ്മയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. കാരണം ആളുകൾ എത്ര കുറ്റം പറഞ്ഞാലും അമ്മ അനുഭവിച്ച പീഡനങ്ങൾ ഞാനെന്റെ കണ്മുന്നിൽ കണ്ടതാണ്. പക്ഷെ അമ്മയ്ക്ക് എന്നെയും ചേച്ചിയെയും ഒന്നു ഓർക്കാമായിരുന്നു. ഞങ്ങൾ അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന കുത്തുവാക്കുകളും വേദനയും ഒന്നോർക്കാമായിരുന്നു… സാരമില്ല… എല്ലാവരും സ്വന്തം സന്തോഷത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്നു.
ഇന്ന് ഞാൻ തികച്ചും ഏകയാണ്.. കൂട്ടിനുള്ളത് അമ്മയും ചേച്ചിയും സമ്മാനിച്ച ആ വാക്കുകൾ മാത്രം…
“’അമ്മ വേലി ചാടിയാൽ….”
പക്ഷെ ഈ ഒരു കുത്തുവാക്കുകളും ഞാൻ വിഷമിക്കുകയോ തളർന്നു പോവുകയോ ഇല്ല. എന്റെ ജീവിതം കൊണ്ട് തന്നെ ഞാൻ വിജയിച്ചു കാണിക്കും… തീർച്ച.
Rose Mary