The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു . സുമേഷ് സാർ ബോട്ടണി ക്ലാസ്സിൽ “ക്രെബ് സൈക്കിൾ “ കാര്യമായി പഠിപ്പിച്ചികൊണ്ടിരിക്കുകയാണ്. ബോർഡിൽ നല്ല ഭംഗിയായി വരച്ചും വിശദീകരിച്ചു പറഞ്ഞും രസകരമായാണ് സാർ ക്ലാസ്സ് എടുക്കുന്നത്. അതുകൊണ്ടു തന്നെ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ ബോട്ടണി എന്റെ ഇഷ്ടവിഷയം ആയിരുന്നു. സർ ഇടയ്ക്കിടയ്ക്ക് ചോദ്യം ചോദിക്കും എന്നുള്ളത് കൊണ്ടും എങ്ങാനും ഉറങ്ങിപ്പോയാൽ എല്ലാരുടെയും മുന്നിൽ വെച്ചു എണീപ്പിച്ചു മുഖം കഴുകാൻ വിടുമെന്നും അതു ക്ലസ്സിൽ ഒരു കൂട്ടച്ചിരി ആകുമെന്നുമുള്ള നാണക്കേട് കൊണ്ടും പൊതുവെ സാറിന്റെ ക്ലാസിൽ ഉറങ്ങാതെ ശ്രദ്ധിച്ചിരിക്കുകയാണ് പതിവ്.
പക്ഷെ അന്നത്തെ ക്ലാസ് എന്തുകൊണ്ടോ എനിക്കൊട്ടും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. “കെമിക്കൽ റിയാക്ഷൻ” , “അസെറ്റായിൽ കൊ എൻസൈം’ അങ്ങനെ എന്തൊക്കെയോ സാർ പറയുന്നെണ്ടെന്നല്ലാതെ ഒന്നും എന്റെ തലേലോട്ടു കയറുന്നില്ല.
അടിവയറിൽ ശക്തമായ വേദന അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി. പക്ഷെ ഡെയ്റ്റ് ആകാൻ ഇനിയും മൂന്ന് ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. എങ്കിലും ഒരു ആശങ്ക. പതിയെ കാലിലേക്ക് ഒരു തരം തരിപ്പ് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ കാര്യം കൈവിട്ടു പോയെന്നെനിക്ക് മനസിലായി. മനം മറിഞ്ഞു വരുന്ന പോലെ തോന്നിയപ്പോൾ സാറിനോട് ചോദിച്ചിട്ട് ബാത്‌റൂമിൽ പോകാമെന്ന് വിചാരിച്ചു.
പക്ഷെ അതുവരെ പെണ്കുട്ടികൾ മാത്രമുള്ള സ്കൂളിൽ പഠിച്ച എനിക്ക് ആണ്കുട്ടികൾ കൂടിയുള്ള ക്ലാസ്സിൽ വെച്ചു ബാത്‌റൂമിൽ പൊയ്ക്കോട്ടെ എന്നു എഴുനേറ്റു നിന്നു ചോദിക്കാനും മടി. എന്തു ചെയ്യണമെന്ന് ആകെ ഒരു അങ്കലാപ്പ്. അടുത്തിരിക്കുന്ന സുറുമി ആണെങ്കിൽ ഇടത്തോട്ടും വലത്തോട്ടും ഒന്നു നോക്കുക കൂടി ചെയ്യാതെ കൂലങ്കഷമായി ക്ലസ്സിൽ ശ്രദ്ധിച്ചിരിക്കുന്നു. പതിയെ കയ്യിൽ തോണ്ടി അവളോട് ഒന്നു അഭിപ്രായം ചോദിക്കാമെന്നു വിചാരിിച്ചെങ്കിലും അതും വേണ്ടെന്നു വെച്ചു. ക്ലസ്സിൽ ശ്രദ്ധിക്കാതെ സംസാരിച്ചതിന് സാർ അവളെയും കൂടി വഴക്ക് പറയും.
സിംഗിൾ സൈക്കിൾ റിയാക്ഷൻ കഴിഞ്ഞു സാർ ഡബിൾ സൈക്കിൾ റിയാക്ഷൻ പഠിപ്പിക്കാൻ തുടങ്ങിയപ്പോളേക്കും കാര്യങ്ങൾ എന്റെ കൈവിട്ടു പോയി. ചെറിയ തലകറക്കം പോലെ വന്നതും ഞാൻ ക്ലസ്സിലിരുന്നു എടുത്തിട്ട് ഛർദിച്ചതും ഒന്നിച്ചായിരുന്നു. ആ സമയം കൈയിൽ വേറെ ഒന്നും ഇല്ലാതിരുന്നത് കൊണ്ടു പെട്ടെന്ന് തന്നെ ഞാൻ എന്റെ തലയിൽ ഇട്ടിരുന്ന തട്ടം കൈകൊണ്ടു വലിച്ചു മാറ്റി അതിലേക്കാണ് ഛർദിച്ചത്.
ഞാൻ ഛർദിക്കുന്ന ശബ്ദം കേട്ടതും ക്ലസ്സിലുള്ളവരുടെ നോട്ടം മൊത്തം എന്റെ മേലെയായി. ഞാൻ ആകെ ചൂളിയ അവസ്ഥയിൽ എന്തു ചെയ്യണം എന്നറിയാതെ ആ തട്ടവും പിടിച്ചു നിന്നപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ താൻ ചെന്നു കഴുകി വാ എന്നു പറഞ്ഞു സുമേഷ് സാർ എന്നെ ആ സന്ദർഭത്തിൽ രക്ഷപെടുത്തി. എന്റെ കൂടെ സഹായത്തിനു സുറുമിയെയും വിട്ടു.
ഞാൻ പതിയെ ആരും ശ്രദ്ധിക്കാത്ത വിധത്തിൽ അതിവിദഗ്ദനായ ഒരു കള്ളനെപ്പോലെ ആരും കാണാതെ ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വിസ്‌പെറും എടുത്തു പോക്കറ്റിലിട്ടു സുറുമിയോടൊപ്പം ബാത്റൂമിലേക്ക് പോയി.
കഴിയുന്നത്ര കഴുകിയിട്ടും തട്ടത്തിലെ ഛർദിലിന്റെ ആ വൃത്തികെട്ട മണം പോകുന്നില്ല. നനഞ്ഞിട്ടാണെങ്കിലും തട്ടമിടാതിരിക്കാനും വയ്യ. ചുരിദാറും മുകളിൽ ഒരു കോട്ടും ഉണ്ടെങ്കിലും തട്ടമിട്ടില്ലെങ്കിൽ ഒന്നും ഇട്ടിട്ടില്ല എന്ന തോന്നലാണ്. ചെറുപ്പം മുതലേ അതിട്ടു ശീലിച്ചത് കൊണ്ടാവാം.. പക്ഷെ ആ വൃത്തികെട്ട മണം മുഖത്തോട്ട് അടിക്കുമ്പോൾ വീണ്ടും മനം തികട്ടി വരുന്നു . ഇനിയും ചർദിച്ചാൽ പണി കിട്ടും , കുറച്ചു നേരം തട്ടം ഇല്ലെങ്കിലും സാരമില്ല എന്നു സുറുമി പറഞ്ഞപ്പോൾ മനസ്സില്ലാ മനസോടെ ആണെങ്കിലും അതു സമ്മതിക്കാനേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.
ക്ലസ്സിലേക്കു തിരികെ വന്നപ്പോഴും എല്ലാവരും എന്നെ നോക്കുന്നുണ്ട്. പക്ഷെ അപ്പോളേക്കും അടുതത ക്ലസ് എടുക്കാനായി സുവോളജി മിസ് ഉണ്ടായിരുന്നതു കൊണ്ടു ഞാൻ രക്ഷപെട്ടു. ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടല്ലോ.
പക്ഷെ ഇടയ്ക്കിടയ്ക്ക് അവന്റെ ആ രണ്ടു കണ്ണുകളിൽ നിന്നും നോട്ടം എന്നിലേക്ക് വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. കുറെ ദിവസമായി ഇതു തുടങ്ങിയിട്ട്. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ബ്രേക്ക് സമയത്തുമെല്ലാം അവന്റെ നോട്ടം എന്നിലേക്കാണ്. ഒരു ദിവസം ഉച്ചയ്ക്ക് കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ എന്നെ നോക്കുന്നത് സുറുമി കാണിച്ചു തന്നപ്പോൾ മുതലാണ് ഞാനും അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പക്ഷെ ഞാൻ നോക്കുമ്പോൾ പക്ഷെ അവൻ നോട്ടം മാറ്റും.
വയറുവേദനയയുടെയും കൂടെ ഛർദിച്ചതിന്റെയും ക്ഷീണത്തിൽ ഞാൻ ബെഞ്ചിൽ തലവെച്ചു കിടന്നതാണ്. സുവോളജി മിസിന്റെ താരാട്ട് കൂടി ആയപ്പോൾ വേഗം ഉറങ്ങിപ്പോയി. ആരും എന്നെ ശല്യപ്പെടുത്തിയില്ല. നാലു മണിക്കു സ്കൂൾ വിട്ടപ്പോളാണ് സുറുമി എന്നെ എണീപ്പിക്കുന്നത്. ആദ്യമായി 40 മിനിറ്റോളം ഞാൻ ക്ലസ്സിൽ കിടന്നു ഉറങ്ങി.
സ്കൂളിൽ നിന്ന് വീട്ടിലേക്കു ഏകദേശം 20 മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്. പക്ഷെ തട്ടം ഇല്ലാതെ അതുവഴി നടന്നു പോകാൻ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതു സരമില്ലെടി എന്നു സുറുമി പറഞ്ഞപ്പോൾ സരമില്ലെങ്കിൽ ഇന്നൊരു ദിവസത്തേക്ക് അവളുടെ തട്ടം ഒന്നിടാൻ തരാൻ പറഞ്ഞപ്പോൾ അവൾ എന്നെ ചുണ്ട് കോട്ടി കാണിച്ചു. ഒടുവിൽ ചർച്ചിന്റെ പുറകിലൂടെ അധികം ആരും ഇല്ലാത്ത വഴിയിലൂടെ പോകാം എന്ന് സുറുമി പറഞ്ഞപ്പോൾ ഞാനും അതു സമ്മതിച്ചു.
ഒരുവിധം കുട്ടികളൊക്കെ ഇറങ്ങി കഴിഞ്ഞ ശേഷം പതിയെയാണ് ഞാനും സുറുമിയും സ്കൂളിൽ നിന്നും ഇറങ്ങിയത്. അധികം ആളില്ലാത്ത ആ വഴിയിലൂടെ ഞങ്ങൾ വീട്ടിലേക്കു നടന്നു. ഇടയ്ക്കൊന്നു അവിചാരിതമായി തിരിഞ്ഞു നോക്കുമ്പോൾ അതാ ഞങ്ങളുടെ അല്പം പുറകിലായി അവനും അരുണും കൂടി വരുന്നു. സ്റ്റാൻഡിൽ പോയി ബസ് കയറി വീട്ടിലേക്കു പോകാനുള്ള ഇവനെന്തിനാ കൂട്ടുകാരനുമായി ഈ വഴി വരുന്നതെന്നോർത്തു എനിക്ക് ദേഷ്യം വന്നു. ഞാൻ വേഗം ബാഗ് തുറന്നു അതിൽ നിന്നും കണക്കിന്റെ പുസ്തകം എടുത്തു നെഞ്ചോട് ചേർത്തു പിടിച്ചു നടന്നു.
എങ്കിലും അവർ തൊട്ടു പുറകിൽ നടന്നു വരുന്നത് കൊണ്ടു ആകെയൊരു പിരിപിരിപ്പും അസ്വസ്ഥതയും. ഡീ യൂണിഫോമിന്റെ ബാക്കിൽ പ്രശ്നം ഒന്നുമില്ലല്ലോ എന്നു നോക്കിയേ എന്നു പറഞ്ഞപ്പോൾ സുറുമി അല്പം വേഗത കുറച്ചു എന്റെ പുറകിലായി നടന്നിട്ടു ഒരു ഡിറ്റക്റ്റിവിനെ പോലെ പരിശോധന നടത്തി യൂണിഫോമിൽ കുഴപ്പം ഒന്നുമില്ല എന്ന സിഗ്നൽ തന്നു. പകുതി ആശ്വാസം.
ഡീ അവൻ നിന്നോട് ഇഷ്ടം പറയാൻ വന്നതാവും എന്നു സുറുമി പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചുവെങ്കിലും പക്ഷെ അവൾ പറഞ്ഞത് പോലെയൊന്നും ഉണ്ടായില്ല. അവന്നെന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ല. വയറുവേദനയെടുത്തു ബുദ്ധിമുട്ടുമ്പോഴും പുറത്തതൊന്നും കാണിക്കാതെ കഷ്ടപ്പെട്ടു നടക്കുന്ന ആ സമയത്തെങ്ങാനും അവൻ ഇഷ്ടം വല്ലതും പറഞ്ഞിരുന്നെങ്കിൽ സത്യം ഞാൻ അവനെ കൊന്നേനെ.
ഞങ്ങൾ നടന്നു എന്റെ വീട്ടിലേക്കു തിരിയുന്ന വഴി എത്തും വരെ കൃത്യമായ അകലത്തിൽ അവനും അരുണും ഞങ്ങളുടെ പുറകെ ഉണ്ടായിരുന്നു. പരസ്പരം ഒരു വാക്ക് പോലും മിണ്ടാതെ ആ ദൂരമത്രയും ഞങ്ങൾ നടന്നു.
അന്നെന്നല്ല… ആ രണ്ടു വർഷവും നോട്ടവും പുഞ്ചിരിയുമല്ലാതെ അവൻ ഒരിക്കൽ പോലും എന്നോട് ഇഷ്ടം പറഞ്ഞില്ല. ഞങ്ങളുടെ മാഗസിൻ മത്സരത്തിന്റെ സമയത്തു നന്നായി വരയ്ക്കുമായിരുന്ന അവനും ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നു. ക്ലാസ്സിൽ നിന്നും വൈകി ഇറങ്ങുന്ന അന്നത്തെ ദിവസങ്ങളിലും ഞാൻ വീട്ടിലേക്കു നടക്കുന്ന വഴിയിൽ കൃത്യമായ അകലത്തിൽ ഒരു വാക്ക് പോലും പരസ്പരം മിണ്ടാതെ അവനും എന്റെ പുറകെ ഉണ്ടാകുമായിരുന്നു
ഒടുവിൽ ക്ലാസ്സ് തീരുന്ന ദിവസം എന്റെ ഓട്ടോഗ്രാഫ് ചോദിച്ചു വാങ്ങി അതിലവൻ മനോഹരമായ കൈയക്ഷരത്തിൽ കറുത്ത മഷിയിൽ “ഇഷ്ടമാണ്… അന്നും ഇന്നും എന്നും… “എന്ന വരികൾ കുറിച്ചു അവന്റെ വീട്ടിലെ അഡ്രസ്സും എഴുതി തിരിച്ചു തരുമ്പോൾ അവനു സമ്മാനിക്കാൻ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
Rose Mary