12/02/2026

പ്രിയേ.. പ്രാണനെ: ഭാഗം 39

രചന : ജിഫ്ന നിസാർ

“എന്നാലും ഇത്രേം കാര്യമായിട്ട് അവളെന്തുവാ ഈ പറയുന്നത്?”ചിരിയോടെ മാഷിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആവേശത്തിൽ എന്തൊക്കെയോ പറയുന്ന പ്രിയയുടെ നേരെ നോക്കി മുഖം ചുളിച്ചു കൊണ്ട് ആദി ചോദിച്ചു.”സംശയമെന്ത്.. അവള് നൈസായിട്ട് നിനക്കുള്ള കുഴി വെട്ടുവാടാ…”സഞ്ജു അവന്റെ തോളിലേക്ക് കൈ എടുത്തു വെച്ച് കൊണ്ട് പറഞ്ഞു.
“കരിനാക്ക് വളച്ചൊന്നും പറയാതെടാ..”
ആദി സഞ്ജുവിനെ നോക്കി പല്ല് കടിച്ചു.”എന്തായാലും ഇവിടെ നിൽക്കാനൊക്കില്ലല്ലോ. നീ വാ കിട്ടാനുള്ളത് നേരിട്ട് പോയി കൈ പറ്റിയാ പിന്നെ സമാധാനത്തോടെയിരിക്കാമല്ലോ ”

ആദിയൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.”കിട്ടുന്നത് നല്ല കനത്തിൽ തന്നെ കാണും. ഒന്നൂടെ ആലോചിച്ചു നോക്കിയിട്ട് പോരെ മോനെ ഈ സാഹസം “സഞ്ജു മാഷിന് നേരെ നോക്കി കൊണ്ട് പറഞ്ഞു.”അതാരാ.. അവളുടെ കൂടെയൊരു പെൺകുട്ടി…?”ആദി വീണ്ടും സഞ്ജുവിനെ നോക്കി.”അതെനിക്കെങ്ങനെയറിയാം. ഏതായാലും അങ്ങോട്ടല്ലേ നമ്മളും പോകുന്നത്. അത് കൂടി ചോദിച്ചു ക്ലിയർ ചെയ്യാം . നീ വാ “ഇപ്രാവശ്യം സഞ്ജുവാണ് മുന്നിൽ നടന്നത്.അവന് പിറകെ മാഷിനരികിലേക്ക് നടക്കുമ്പോൾ ആദിയുട ഹൃദയം വീണ്ടും താളം തെറ്റി മിടിക്കാൻ തുടങ്ങിയിരുന്നു.

മാഷൊട് അത്ര സ്നേഹത്തോടെ ചിരിച്ചു കൊണ്ടെന്തോ പറയുന്ന പ്രിയയെ നോക്കുമ്പോൾ അത് വരെയും അവനിൽ നിറഞ്ഞു നിന്നിരുന്ന ഭാവമെങ്ങോ പാഞ്ഞോളിച്ചു പോയിരുന്നു.പകരം അവളെ കാണുമ്പോൾ മുഖത്തേക്ക് വലിഞ്ഞു കയറി വരുന്ന സ്ഥായിയായ പുച്ഛഭാവം അന്നും പതിവ് തെറ്റിച്ചിട്ടില്ല.”അഹ്.. പറഞ്ഞു നാവെടുത്തില്ല. അതിന് മുന്നേ എത്തിയല്ലോ നമ്മുടെ നായകൻ ”
അരികിലെത്തി നിന്ന ആദിയെ നോക്കി മാഷൊരു ചിരിയോടെ പറഞ്ഞതും പ്രിയ മുഖം വെട്ടിച്ചു നോക്കി.

അവളെ തന്നെ സൂക്ഷിച്ചു നോക്കി മുഖത്ത് കാരണമില്ലാത്തൊരു കലിപ്പിനെയും പേറി നിൽക്കുന്നവൻ.പക്ഷേ അവന്റെ വേഷം കണ്ടിട്ടാണ് പ്രിയ ഒന്നൂടെ നോക്കിയത്.വെളുത്ത കഴുത്തിൽ പറ്റി ചേർന്നു കിടക്കുന്ന മാലയോളം ഭംഗി അവന്റെ മുഖത്തുമുണ്ട്.ഷർട്ട് ഊരിയതിപ്പോഴും ചുമലിട്ട് നിൽക്കുന്നത് കൊണ്ട് തന്നെ ഉറച്ച നെഞ്ചും കരുത്തുള്ള കൈകളും പ്രിയയുടെ കണ്ണിന് മുന്നിൽ വിരിഞ്ഞു നിന്നു.അവളുടെ നോട്ടം കണ്ടതും ആദിയൊന്നു കളിയാക്കും പോലെ ചുമച്ചു.
പ്രിയ ചമ്മിയത് പോലെ അവനെ നോക്കുമ്പോൾ അവന്റെ ചുണ്ടിലെ പുച്ഛം കണ്ടതും വേഗം മുഖം വെട്ടിച്ചു.

“നിനക്ക് മനസിലായില്ലേ ആദി.. കൃഷ്ണ പ്രിയ. ഇതവളുടെ കൂട്ടുകാരി.. ഇന്ദു ലേഖ ”
മാഷ് ആദിയെ നോക്കി പറഞ്ഞു.
ആദി മനഃപൂർവം ഇന്ദുവിനെ മാത്രം നോക്കിയൊന്ന് ചിരിച്ചു.”നിങ്ങള് സ്കൂളിൽ നിന്നും കണ്ടിട്ടും പിന്നെന്താണ് മോളെ ഒന്നും പറയാതെ നിൽക്കുന്നത്. ഇവനിനി അവിടെയും ജാഡയിട്ട് നടപ്പാണോ?”
രണ്ട് പേരുടെയും നിൽപ്പ് കണ്ടതും മാഷൊരു സംശയത്തോടെ പ്രിയയെയും ആദിയെയും നോക്കി കൊണ്ട് ചോദിച്ചു.”കണ്ട് മുട്ടലും ചീത്ത വിളിക്കലുമൊക്കെ നല്ല അന്തസായി നടന്നിട്ടുണ്ടെന്നങ്ങോട്ട് പറയെടാ മോനെ..”ആദിയുടെ അരികിലേക്ക് നീങ്ങി നിന്നിട്ട് സഞ്ജു പതിയെ അവന് കേൾക്കാൻ വേണ്ടി മാത്രം പറഞ്ഞു.”അല്ല.. അത് പിന്നെ.പ്രിയക്ക് പെട്ടന്നെന്ത് പറയണമെന്നറിയില്ലായിരുന്നു.ആദിയപ്പോഴും മറ്റെങ്ങോ നോക്കി പതിവ് ജാഡയിൽ തന്നെ.”ഇനി ഇവനെന്നെ പറഞ്ഞു പറ്റിച്ചതാണോ, നിന്നെ കണ്ടെന്നു പറഞ്ഞിട്ട്.പൊതുവെ അങ്ങോട്ട്‌ പോയി കൂട്ട് കൂടാനിത്തിരിമടിയുള്ള കൂട്ടത്തിലാ എന്റെ ഒരേയൊരു കൊച്ചു മോൻ ”

ആദിയെ ഒന്നു പാളി നോക്കി മാഷ് ചിരിയോടെ പറഞ്ഞു.”ഏയ്.. ഞങ്ങൾ പരിചയപെട്ടിരുന്നു മാഷേ. ഈ സാർ പറഞ്ഞത് സത്യം തന്നെയാണ്. ”
പ്രിയ പെട്ടന്ന് പറഞ്ഞതും ആദി വീണ്ടും അവളെ നോക്കി.അവളുടെ മുഖത്തൊരു ചിരിയുണ്ട്. അതിനൊരു വെല്ലുവിളിയുടെ ഛായയുമുണ്ടെന്ന് ആദിക്ക് തോന്നി.എന്നിട്ടും അവന്റെ കണ്ണിലെ തീക്ഷണത ഒട്ടും കുറഞ്ഞില്ല.”ലോകത്താരും പരിചയപ്പെടാത്തത് പോലെ നല്ലസ്സലായി രണ്ടാളും പരിചയപ്പെട്ടിട്ടുണ്ട് മാഷേ.ആ കാര്യത്തിലൊരു സംശയവും വേണ്ട “ചിരിയൊതുക്കി പിടിച്ചു കൊണ്ട് സഞ്ജുവത് പറഞ്ഞ നിമിഷം തന്നെ ആദിയുടെ കൈകൾ അവന്റെ കയ്യിനെ പിടിച്ചു ഞെരിക്കുന്നുണ്ടായിരുന്നു.പ്രിയയത് വ്യക്തമായി കാണാണുകയും ചെയ്തു.
അവൾ നോക്കുന്നത് കണ്ടതും ആദി പെട്ടന്ന് കൈ വലിച്ചു പിറകിലേക് കെട്ടി നിന്നു.

“ഓഹോ.. അപ്പൊ മാഷ് സത്യം അറിയുന്നതിനെ കുറിച്ച് നല്ല പേടിയുണ്ടല്ലേ സാറിന്.. കാണിച്ചു തരാം ട്ടാ പ്രിയ അവനെ നോക്കി ചിരിയോടെ തലയാട്ടി.”അതെന്താട അങ്ങനൊരു സ്പെഷ്യൽ കണ്ട് മുട്ടല്.. ഏഹ്?”മാഷിന്റെ നെറ്റി ചുളിഞ്ഞു.”കണ്ട് മുട്ടലല്ല മാഷേ.. കൂട്ടി മുട്ടലെന്ന് പറയണം “സഞ്ജു വീണ്ടും പറഞ്ഞതും ആദി അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് കണ്ണുരുട്ടി കാണിക്കുന്നതുമെല്ലാം പ്രിയ ഒളികണ്ണോടെ കാണുന്നുണ്ടായിരുന്നു.അവളുടെ ഭാവം കണ്ടിട്ട് ഒന്നും മിണ്ടാതെ അവരുടെ അരികിൽ നിൽക്കുന്ന ഇന്ദുവിനും ചിരി വരുന്നുണ്ട്.”എന്തോ ഉടായിപ്പ് ഫീൽ ചെയ്യുന്നുണ്ടല്ലോ മക്കളെ?മാഷവരെ ചുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.”മുത്തച്ഛൻ വരുന്നുണ്ടോ.. പോവണ്ടേ. വന്നിട്ടിപ്പോ എത്ര നേരമായി..”ഇനിയും മിണ്ടാതെ നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയതും ആദി മാഷിനെ നോക്കി ചോദിച്ചു.”അതവിടെ നിൽക്കട്ടെ..ഇക്കാലം വരെയും അമ്പലത്തിൽ വെറുതെ പോലും കയറാത്ത നീ ഇന്നെന്തോ കളഞ്ഞു പോയത് പോലെയുള്ള ഓട്ടം കണ്ടല്ലോ കുറച്ചു മുന്നേ. ന്തായിരുന്നു കാരണം?”മാഷിന്റെ കണ്ണുകൾ അവന് നേരെ കൂർത്തു.

“അതവൻ ആ പാ…”സഞ്ജു പറഞ്ഞു മുഴുവനാക്കും മുന്നേ ആദിയവന്റെ വാ പൊതിഞ്ഞ് കഴിഞ്ഞിരുന്നു.
“അതൊന്നുമില്ല. ഞാൻ.. ഞാൻ വെറുതെ.. ”
മാഷിനെ നോക്കിയത് പറഞ്ഞു കഴിഞ്ഞിട്ട് തൊട്ടരികിൽ അവനെ നോക്കി നിൽക്കുന്ന പ്രിയയെ ഒന്നു തുറിച്ചു നോക്കാനും ആദി മറന്നില്ല.
അവളൊരു പുച്ഛത്തോടെ ആ നോട്ടത്തെ നേരിട്ടു.
“മൊത്തിലൊരു വശപിശക്കുണ്ടല്ലോ…?”
മാഷ് വീണ്ടും അത് തന്നെ പറഞ്ഞു.”അതൊക്കെ മാഷിന്റെ തോന്നലാ. ഞങ്ങൾ തമ്മിൽ വളരെ മാന്യമായിട്ട് തന്നെയാണ് മാഷേ മീറ്റ് ചെയ്തത്. മാധവൻ മാഷിന്റെ കൊച്ചു മോൻ ആ പദവിയോടുള്ള ബഹുമാനം വെച്ചിട്ട് തന്നെയാണ് എന്നോട് ഇടപെട്ടതും. എന്തേ അത് പോരെ..?”
പ്രിയ ചിരിയോടെ മാഷിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

അവൾ മനഃപൂർവം തന്നെ കളിയാക്കി പറയുന്നതാണെന്ന് മനസ്സിലായതും ആദിയുടെ പല്ലുകൾ ഞെരിഞ്ഞു. അതെ നിമിഷം തന്നെ അവന്റെ കൈകൾ സഞ്ജുവിന്റെ കയ്യിലും മുറുകുന്നുണ്ടായിരുന്നു.സഞ്ജു കുതറി മാറാൻ ശ്രമിച്ചിട്ടും അവന്റെ ദേഷ്യം മുഴുവനും ആ കൈകൾ ഏറ്റടുത്തത് പോലെയുള്ള ഭാരമുണ്ടായിരുന്നു.
“സമാധാനം.. ഇവനെ.. മൂക്കത്താ ശുണ്ഠി. തൊട്ടതിനും പിടിച്ചതിനുമെല്ലാം വെറുതെ ദേഷ്യം കാണിക്കും. എനിക്കാ പേടിയുണ്ടായിരുന്നു.”
മാഷൊരു ചിരിയോടെ പ്രിയയെ നോക്കി.”അത് എതിരെ നിൽക്കുന്നവർ പോരാഞ്ഞിട്ടാ മാഷേ. നല്ലത് നാലെണ്ണം കിട്ടിയ ആ ദേഷ്യമെല്ലാം പമ്പ കടക്കും ”
ആദിയുടെ ദേഷ്യം കൊണ്ട് ചുവന്നു തുടങ്ങിയ കണ്ണുകളിലേക്ക് നോക്കി പ്രിയ പറഞ്ഞു.

“എങ്കിൽ കൊടുക്കുന്നവന്റെ ശവമടക്ക് കൂടിയിട്ടേ ഒപ്പം വന്നയാൾക്ക് പോവാനാവൂ ”
രൂക്ഷമായി പ്രിയയെ നോക്കി ആദി പറഞ്ഞു.ആദി..”മാഷിന്റെ ഗൗരവം നിറഞ്ഞ വിളിയെത്തി.”അമ്പലത്തിലാണെന്ന് കൂടി ഓർമയില്ലേ നിനക്ക്..?”മാഷൊരു ശാസനയോടെയാണ് ചോദിച്ചത്.”സോറി…”പതിയെ പറഞ്ഞു കൊണ്ട് അവൻ മുഖം കുനിച്ചു.”അതിനിപ്പോ നീ എന്നോട് സോറി പറയുന്നതെന്തിനാടാ?””മുത്തച്ഛൻ വരുന്നുണ്ടേൽ വാ.. എനിക്ക് പോണം.”
ആദി അക്ഷമയോടെ മാഷിനെ നോക്കി ചോദിച്ചു.
“അതിന് ഞാൻ വന്നിട്ട് തൊഴുതിട്ടില്ല ഡാ മോനെ…”മാഷ് അവനെ നോക്കി പറഞ്ഞു.
“അമ്പലത്തിൽ ,വന്നത് അതിനല്ലേ..?”
പ്രിയയെ തുറിച്ചു നോക്കി കൊണ്ടാണ് ആദി അത് ചോദിച്ചത്.”മൂന്നാലു ദിവസം കൂടിയിട്ട് പ്രിയയെ കണ്ടപ്പോ നിന്ന് പോയതാ ഞാൻ. ഇനിയിപ്പോ തൊഴുതിട്ട് വരാം “മാഷ് പറഞ്ഞു.”ദേ.. മാഷേ ഇവളെ കൂടി കൊണ്ട് പോയിക്കോ എന്നാ. ഇവളും തൊഴുതിട്ടില്ല..”ഇന്ദുവിനെ തള്ളി കൊണ്ട് പ്രിയ പറഞ്ഞു.'”നീയോ…?’മാഷ് പ്രിയയെ നോക്കി ചോദിച്ചു.

പ്രിയ കയ്യിൽ ചുരുട്ടി പിടിച്ച പ്രസാദം നിവർത്തി കാണിച്ച് കൊണ്ട് മാഷിനെ നോക്കി ചിരിച്ചു.
“നീ വരുന്നോടാ…?”മാഷ് ആദിയെ നോക്കി ചോദിച്ചു.”ഞാനില്ല.”അറുത്തു മുറിച്ചു കൊണ്ടുള്ള അവന്റെ മറുപടി കേട്ടിട്ടും മാഷ് ചിരിക്കുകയാണ് ചെയ്തത്.പ്രിയ തുറിച്ചു നോക്കുന്നത് കണ്ടിട്ടും ആദി അവളെ മൈന്റ് ചെയ്തില്ല.”നീയോ…?”
സഞ്ജുവിനോട്‌ കൂടി ചോദിച്ചു കൊണ്ടാണ് മാഷ് മുന്നോട്ട് നടക്കുന്നത്.”എന്തെ നീ പോണില്ലേ?”
മാഷ് വിളിച്ചിട്ടും അനങ്ങാതെ നിൽക്കുന്ന സഞ്ജുവിനെ നോക്കി ആദി ചോദിച്ചു.
“പോണം..””പിന്നെന്താ.. പൊയ്ക്കൂടേ..”
“അല്ലടാ.. നിന്നെ ഇവിടെ ഒറ്റക്കാക്കി…”
സഞ്ജു പ്രിയയെ പാളി നോക്കി കൊണ്ടാണനത് പറഞ്ഞത്.”പിന്നെ.. എന്നെ ഇവള് പിടിച്ചു വിഴുങ്ങുവല്ലേ. മര്യാദക്ക് പോയി വാടാ..”
മാഷ് കുറച്ചു മുന്നോട്ടു നടന്നുവെന്ന് കണ്ടതും ആദി അൽപ്പം ഒച്ചയുയർത്തി കൊണ്ട് ചോദിച്ചു.

“യ്യോ.. ഞാനൊന്നും ചെയ്യില്ല. ഇത്രേം വിഷമുള്ള സാധനങ്ങളൊന്നും ഞാനങ്ങനെ പൊതുവെ വിഴുങ്ങി കളയാറില്ല. ചേട്ടൻ ധൈര്യമായി പോ ചേട്ടാ “പ്രിയ നിറഞ്ഞ ചിരിയോടെ പറഞ്ഞതും ആദി അവൾക്ക് നേരെ വെട്ടി തിരിഞ്ഞു.അവൾക്ക് പക്ഷേ യാതൊരു കൂസലുമില്ല.ഇനി ഇവിടെ നിന്നാൽ പ്രിയക്ക് കൊടുക്കാനുള്ളത് താൻ ഏറ്റു വാങ്ങേണ്ടി വരുമെന്ന് മനസ്സിലായതും സഞ്ജു മാഷിനൊപ്പമെത്താൻ ഓടിയിരുന്നു. ഇനിയും അവളോട് വല്ലതും മിണ്ടിയാൽ താൻ പരിസരം പോലും മറന്നിട്ട് വല്ലതും പറഞ്ഞു പോകുമെന്ന് പേടിയുള്ളത് കൊണ്ട് തന്നെ ആദി ദേഷ്യമടക്കി പിടിച്ചു കൊണ്ട് അവിടെയുള്ളൊരു കൽ പടവിൽ പോയിരുന്നു.

“ഇയാള് നീരീശ്വരവാദിയാണല്ലേ..?”പ്രിയ അവനിരുന്നതിന്റെ കുറച്ചപ്പുറത്തേക്കിരുന്നു കൊണ്ട് ആദിയെ നോക്കിചോദിച്ചു.”ആണെങ്കിൽ…?”
അവന്റെ കണ്ണുകൾ കൂർത്തു.”ആണെങ്കിൽ.. ഇവിടിരിക്കാൻ പറ്റില്ലല്ലോ. ഇത് വിശ്വാസികൾ വരുന്നയിടമാണ് ‘;z”അങ്ങനെ ഇവിടെവിടാ എഴുതി വെച്ചേക്കുന്നത്?”ചുറ്റും നോക്കിയിട്ട് അവളെ കളിയാക്കും പോലെ ആദി ചോദിച്ചു.”എഴുതി വെച്ചാ മാത്രമേ അനുസരിക്കൂ എന്നുള്ളത് അത്ര നല്ല ശീലമല്ല കൊച്ചു മോനെ..”പ്രിയയും ചിരിയോടെ പറഞ്ഞു.”ആരാടി നിന്റെ കൊച്ചു മോൻ..”
ആദി ചാടി എഴുന്നേറ്റു കൊണ്ടവളുടെ മുന്നിലെത്തി.തോളിൽ നിന്നും ഊർന്ന് വീണ ഷർട്ട് കുനിഞ്ഞെടുത്തു കൊണ്ടവൻ അവളെ തുറിച്ചു നോക്കി.”എന്റെയല്ല… മാധവൻ മാഷിന്റെ നല്ലവനായ കൊച്ചു മോനെ ന്നാ ഞാൻ വിളിച്ചത്.”
പ്രിയ വീണ്ടും ചിരിയോടെ പറഞ്ഞു.”അങ്ങനിപ്പോ നീ കുറെയങ് വിളിക്കണ്ട.. കേട്ടോടി.. മരംകേറി…”
ആദി വീണ്ടും അവിടെ തന്നെ ഇരുന്നു കൊണ്ട് മറ്റെങ്ങോ നോക്കിയിരുന്നു.

“ദൈവത്തേ വിശ്വാസമില്ലെങ്കിൽ പിന്നെന്തിന് ഇങ്ങോട്ട് വന്നു.. വീട്ടിലിരിക്കാമായിരുന്നു ”
പ്രിയ വിടാനുള്ള ഭാവമില്ലാത്ത പോലെ വീണ്ടും പറഞ്ഞു കേട്ടതും ആദി പല്ല് കടിച്ചു കൊണ്ട് കണ്ണടച്ച് പിടിച്ചു ഒരു നിമിഷം.”ഈ ലോകത്തിലെ ഓരോ അണുവിലും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു സാധാരണ വിശ്വസിയാണ് ഞാൻ. കൈക്കൂലിയെന്ന പ്രാർത്ഥന കൊണ്ട് കാര്യം നേടാൻ മാത്രം പ്രതേകമായ ഒരിടം ദൈവത്തേ പ്രീതി പ്പെടുത്താൻ ഞാൻ തിരഞ്ഞെടുക്കാറില്ല. തന്റെ ഭാഷയിൽ ഇതിനെയാണ് നിരീശ്വരവാദിയെന്ന് വിളിക്കുന്നതെങ്കിൽ… യെസ്.. ഐആം..”
അവൻ ഗൗരവത്തോടെ പറഞ്ഞു നിർത്തിയതും പ്രിയയുടെ ചുണ്ടിലൊരു ചിരി മിന്നി പൊലിഞ്ഞു.
വീണ്ടും അവനോടെന്തെങ്കിലും പറഞ്ഞിട്ട് ചൊറിയാൻ അവൾക്കും തോന്നുന്നില്ലായിരുന്നു.
രണ്ടു പേരും രണ്ടിടത്തേക്ക് നോക്കിയിരുന്നു.
അപ്പോഴും ചുറ്റിലും നടന്നു പോകുന്ന പെൺകുട്ടികളുടെ ആരാധന നിറഞ്ഞ കണ്ണുകൾ ആദിയുടെ നേരെ നീങ്ങുന്നത് പ്രിയ വളരെ വ്യക്തമായി പൊറുക്കി കൂട്ടിയെടുത്തിരുന്നു.

💞💞

“ശേ.. താനെന്തൊരു അബദ്ധമാണെടോ ദേവൻ കാണിച്ചത്. പിടിച്ച പിടിയാലേ അവനെയും കൂട്ടിയിങ്ങോട്ട് കയറി പോരാനുള്ളതിന് താനവിടെ സ്റ്റേ ചെയ്തത് കൊണ്ടെന്തു കാര്യം?”ദേവൻ ജോണിന്റെ വാക്കുകൾ കേട്ടതും ഊറി ചിരിച്ചു കൊണ്ട് കയ്യിലൊരു ഗ്ലാസ്സിലെ മദ്യം ചെറുതായോന്ന് സിപ്പ് ചെയ്തു.നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു ദേവന്റെ താമസം.
മനഃപൂർവം അയാൾ വീട്ടിലേക്ക് പോയില്ല.മറഞ്ഞിരുന്നിട്ടാണ് തനിക്കിനി കളിക്കേണ്ടതെന്ന് തീരുമാനിച്ചുറപ്പിച്ചത് പോലെ..
“ദേവൻ.. താൻ കേൾക്കുന്നില്ലേ..?”
ജോൺ അക്ഷമയോടെ വീണ്ടും ചോദിക്കുന്നത് കേട്ടതും ദേവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.
“എന്റെ മകന് രണ്ടു വയസ്സല്ല ജോൺ പ്രായം, ചെന്നയുടനെ തൂക്കിയെടുത്ത് കൊണ്ട് പോരാൻ ”
ദേവന്റെ ഗൗരവം നിറഞ്ഞ വാക്കുകൾ ജോണിലേക്ക് ഒഴുകിയെത്തി.

“പിന്നെ… പിന്നെന്ത് ചെയ്യും.?””എന്ത് ചെയ്യണമെന്ന് വ്യക്തമായും പ്ലാൻ ചെയ്തിട്ടാണ് ജോൺ ഞാനിങ്ങോട്ട് പറന്നത് ”
ദേവന്റെ ചുണ്ടിലൊരു വിജയത്തിന്റെ ചിരിയുണ്ടായിരുന്നു അത് പറയുമ്പോൾ.”ഞാൻ നിർബന്ധിച്ചിട്ടാല്ലാതെ.. ഇനിയൊരിക്കലും ഈ നാടിനെ ഓർക്കാൻ കൂടി കഴിയാത്ത വിധം ഇവിടം വെറുത്തു കൊണ്ടായിരിക്കും എന്റെ മകനെന്നോടൊപ്പം പോരേണ്ടത്.”കുടിലത നിറഞ്ഞ അയാളുടെ സ്വരം ഫോണിലൂടെ ഒഴുകിയെത്തി.
“അതെങ്ങനെ സാധ്യമാവും. താൻ തന്നെയല്ലേ പറഞ്ഞത് ആദിതിന് അവിടെ ഒരുപാട് ഇഷ്ടമാണെന്ന്?”ജോണിന്റെ സംശയം ന്യായമായിരുന്നു.”അതിപ്പോഴല്ലേ.. ഞാൻ പറഞ്ഞത് ഇനി നടക്കാൻ പോകുന്ന കാര്യമാണ്. നാണം കെട്ടു കൊണ്ട് ഒരിടത്തു നിന്നും തിരിച്ചൊടിയാൽ പിന്നെ മരണം വരെയും നമ്മുക്കങ്ങോട്ട് പോവാൻ തോന്നില്ല എന്നൊരു തീയറിയുണ്ട് ജോൺ. എന്റെ മകന്റെ കാര്യത്തിൽ ഞാനത് പ്രാക്ടീക്കലാക്കാൻ പോകുന്നു ”
അത് പറഞ്ഞിട്ട് ദേവനൊന്ന് ചിരിച്ചു.ദേവൻ… നീ എന്താ ഉദ്ദേശിക്കുന്നത്. തെളിയിച്ചു പറയ്‌ ”
ജോണിന്റെ ആകാംഷയടക്കാൻ കഴിയാത്ത സ്വരം ദേവന് പെട്ടന്ന് മനസ്സിലായി.അതങ്ങനെ പറയാൻ പറ്റില്ല ജോൺ. ഞാൻ പ്രവർത്തിച്ചു കാണിച്ചു തരാം. ആദ്യം ഞാനാ സ്കൂളിനെയൊന്ന് പഠിക്കട്ടെ. എന്നിടെനിക്ക് അവിടെൻറെ മകന് വേണ്ടി ഇരയാവാൻ പാകത്തിനൊരാളെയും കണ്ടു പിടിച്ചാൽ പാതി ജയിച്ചു..”

ദേവൻ ഇരുപ്പുറക്കാതെ അവിടെ നിന്നും എഴുന്നേറ്റു ബാൽക്കണിയിലൂടെ പതിയെ നടന്നു കൊണ്ടാണത് പറയുന്നത്എത്ര കാശ് ഓഫർ ചെയ്തിട്ടായാലും ആ സ്കൂളിൽ ഞാൻ പറയുന്നത് പ്രവർത്തിക്കാൻ പറ്റിയൊരാളെ കണ്ട് പിടിക്കണം. എന്റെ ആദ്യ പരിശ്രമം അതിനാണ്.”ഇതൊക്കെ നടക്കുമൊടോ?”
ജോണിന് സംശയമായിരുന്നു.നടത്തി കാണിക്കും ഞാൻ. ഏറിയാൽ ഒരാഴ്ച കൊണ്ട് ഇതിനൊരു തീരുമാനമാകും. ഇതിനേക്കാൾ വലിയ പ്രശ്നങ്ങളെ പൂവ് പറിക്കുന്ന ലാഘവത്തിൽ ഡീൽ ചെയ്തു വിജയിച്ചു കയറിയ എനിക്കാണോ ഇത്രേം സിമ്പിൾ കേസ്..”അത് പറഞ്ഞിട്ട് ദേവനൊന്ന് ഉറക്കെ ചിരിച്ചു.ക്രൂരതയെറിയ ചിരിയങ്ങനെ ആ അകത്തളങ്ങളിൽ ഒഴുകി..

💞💞

അവസാന പടിയിറങ്ങും മുന്നേ ആദി ഒന്ന് കൂടി തിരിഞ്ഞു നോക്കി.ഇങ്ങോട്ട് കയറുമ്പോൾ കാതിനിമ്പം പകർന്ന ആ സ്വരത്തിനുടമയെ കാണാൻ അവനത്ര മേൽകൊതിക്കുന്നുണ്ടായിരുന്നു.മാഷിനൊപ്പം ചേർന്നാണ് പ്രിയയും ഇന്ദുവും നടക്കുന്നത്.
കുറച്ചു ദൂരം വരെയും രണ്ട് കൂട്ടർക്കും പോവേണ്ടത് ഒരേ വഴിയിലൂടെയാണ്.”നീയത് ഇനിയും വിട്ടില്ലെടാ ആദി?”അവനൊപ്പം നടന്നു കൊണ്ട് ഷർട്ടിന്റെ ബട്ടനിട്ട് കൊണ്ട് സഞ്ജു ചോദിച്ചു.”മ്മ്ഹ്ഹ്… അതങ്ങനെ വിടാൻ തോന്നുന്നില്ലെടാ. ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്ന പോലെ. ഇത്രേം മനോഹരമായൊരു സ്വരം.. അതും ലൈവ് ആയിട്ട്.. ഞാനിത് വരെയും കേട്ടിട്ടില്ല “ആദി ആവേശത്തിൽ പറയുന്നത് കേട്ടതും സഞ്ജുവൊന്ന് ചിരിച്ചു.

“കാണാൻ പറ്റാതെ മിസ്സായി. എനിക്കതാ സങ്കടം. കണ്ടിരുന്നു വെങ്കിൽ ഒരു കൺഗ്രജ്സ് പറയണമെന്നുണ്ടായിരുന്നു ”
നിരാശയോടെ ആദി പറഞ്ഞു.എങ്കിൽ നിനക്കവിടെ ചെന്നിട്ട് ചോദിക്കാൻ മേലായിരുന്നോ ആരാ പാടിയതെന്ന്.?”അതിനുള്ള ടൈം കിട്ടിയോ.. അതിന് മുന്നേ ആ മരം കേറിയെ കാണിച്ചു തന്നില്ലേ നീ?”
ആദിയുടെ ഭാവം മാറിയത് വളരെ പെട്ടന്നായിരുന്നു.
“അതൊക്കെ പോട്ടെ… അവളെന്തു പറഞ്ഞു. രണ്ടും കൂടി ഒട്ടിയോട്ടി ഇരുപ്പുണ്ടായിരുന്നല്ലോ ഞങ്ങൾ വരുമ്പോൾ?”സഞ്ജു ചിരി കടിച്ചമർത്തി ആദിയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.”ഒട്ടിയോട്ടിയോ…?”ആദി നടത്തം നിർത്തി സഞ്ജുവിനെ ചിറഞ്ഞു നോക്കി.”അല്ല… ഞാനൊരു ഗും കിട്ടാൻ വേണ്ടി പറഞ്ഞതാ… വിട്ടേക്ക് ”
ആദിയുടെ ഭാവം കണ്ടതും സഞ്ജു പെട്ടന്ന് പറഞ്ഞു.
ഇനി ഇമ്മാതിരി ഗും കൊണ്ട് എന്റെ അരികിലേക്ക് വന്നാ നിന്നെ കാണാൻ പിന്നെ ഒട്ടും ഗും ഉണ്ടാവില്ല. പറഞ്ഞേക്കാം “ഓർമ്മിപ്പിച്ചു കൊണ്ട് ആദി വീണ്ടും നടന്നു തുടങ്ങി.

“സത്യത്തിൽ അവളെന്താടാ പറഞ്ഞത്?”സഞ്ജു വീണ്ടും ചോദിച്ചു.”ആ.. എന്തൊകെയോ പറഞ്ഞു..”ആദി അലസമായി പറഞ്ഞു.
“തെറി വല്ലതുമാണോ. നിനക്കൊരു ഉരുണ്ടു കളി?”
സഞ്ജു സംശയത്തോടെ ആദിയെ നോക്കി.
“എങ്കിലവളുടെ പല്ലവിടെ നിന്നും പൊറുക്കി കൂട്ടിയെടുക്കേണ്ടിയും വന്നേനെ..”
മുണ്ടോന്ന് മടക്കി കുത്തി കൈ കൊണ്ട് മുടിയിഴ കോതിയൊതുക്കി കൊണ്ട് ആദി പറഞ്ഞു. “നന്ദി വേണമെടാ. അവള് വിചാരിച്ചിരുന്നുവെങ്കിൽ ഇന്ന് നിന്റെ മുത്തച്ഛൻ നിന്റെ പപ്പും പൂടയും അവിടെ തന്നെയിട്ട് വലിച്ചു പറിച്ചേനെ..”സഞ്ജു മുഖം കോട്ടി കൊണ്ടവനെ നോക്കി പറഞ്ഞു.”അവള് പറയില്ലേടാ..”ആദിയൊരു ചിരിയോടെ സഞ്ജുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

“അതെന്താ..?”സഞ്ജുവിന്റെ നെറ്റി ചുളിഞ്ഞു.
“അന്നെന്നോടവള് വിളിച്ചു പറഞ്ഞതൊക്കെയും ഞാനും മുത്തച്ഛനോട്‌ പറയുമല്ലോ. മാഷിന്റെ സൽഗുണസമ്പന്നയായ കൃഷ്ണ പ്രിയയുടെ സൗമ്യതയുടെ മുഖമൂടി പൊഴിഞ്ഞു വീഴാൻ അവളറിഞ്ഞു കൊണ്ട് അവസരമൊരുക്കുവോ.. ഇല്ലേയില്ല…”ഗൂഡമായൊരു ചിരിയോടെ ആദി സഞ്ജുവിനെ നോക്കി.”എടാ എന്നാലും അവള് ചെയ്തതൊരു..”സഞ്ജുവപ്പോഴും പ്രിയയെ ന്യായികരിക്കാൻ ശ്രമിച്ചു.ഒരു തേങ്ങയുമല്ല. എന്നെ കേറി ചൊറിഞ്ഞാൽ ഞാനും നന്നായി മാന്തി വിടുമെന്നാ മരം കേറിക്ക്‌ നന്നായി അറിയാം. അത്ര തന്നെ..”ആദി യാതൊരു കൂസലുമില്ലാതെയാണത് പറഞ്ഞത്.സഞ്ജു പിന്നൊന്നും പറയാതെ അവനൊപ്പം നടന്നു.മൂവന്തി ഛായം തേച്ച് മനോഹരമാക്കിയ സായാഹ്നം.ആരോ വരച്ചു ചേർത്തത് പോലെ… കണ്മുന്നിൽ അതി മനോഹരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രകൃതി..ആ നാട്ടു വഴിയിലൂടെ തഴുകി കടന്നു പോകുന്ന കാറ്റിനു പോലും വല്ലാത്തൊരു വശ്യത.കുറച്ചു മുന്നേ നടന്നിരുന്ന മാഷും പ്രിയയും ഇന്ദുവും തിരിഞ്ഞു പോകുന്നൊരു വഴിയരികിൽ അവരെ കാത്ത് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതും ആദിയും സഞ്ജുവും നടത്തത്തിന്റെ സ്പീഡ് കൂട്ടി…

തുടരും..

ഞാനൊന്നും പറയുന്നില്ലേ…. യ്.അവരായി അവരുടെ പാടായി.ആ പരട്ട തന്ത പോയിട്ടില്ല കേട്ടോ.എനിക്കറിയാമായിരുന്നു എവിടേലും പതുങ്ങി നിൽപ്പുണ്ടാവുമെന്ന് 😎🤭സ്നേഹത്തോടെ jiff❣️
എങ്കിൽ….ഞാനങ്ങോട്ട് 🥰