17/04/2026

ഈ വിവാഹ വാർഷികത്തിന് ഏട്ടൻ എന്താ എനിക്ക് വാങ്ങി തരിക?

രചന – പദ്മിനി നാരായണൻ

ഏട്ടാ…. ഈ വിവാഹ വാർഷികത്തിന് ഏട്ടൻ എന്താ എനിക്ക് വാങ്ങി തരിക? അപ്രതീക്ഷിതമായി പ്രിയതമയായ ശ്രീ കുട്ടിയുടെ ചോദ്യം കേട്ട് കമ്പ്യൂട്ടറിൽ മുഖം പൂഴ്ത്തിയിരുന്ന മഹേഷ് മുഖമൊന്നുയർത്തി ചോദ്യഭാവത്തിൽ ഭാര്യയെ നോക്കി . കാരണം ,പതിവില്ലാത്തതായിരുന്നു ആ ചോദ്യം. കല്യാണം കഴിഞ്ഞ് എട്ടാമത്തെ വിവാഹ വാർഷികമാണ് വരാൻ പോകുന്നത്. ഇതു വരെ അവളായിട്ട് അവനോട് ഒന്നും ആവശ്യപെട്ടിരുന്നില്ല. വില കൂടിയതെന്തെങ്കിലും വാങ്ങിയാൽ തന്നെ അവൾ അതിന് പരിഭവം പറഞ്ഞിട്ടേയുള്ളു.. വെറുതെ കാശ് ചിലവാക്കാൻ എന്നേ അവൾ പറയുമായിരുന്നുള്ളൂ. എല്ലാവരും അവളെ പിശുക്കത്തി എന്ന് പറയുമ്പോഴും അവന്റെ ഉള്ളിൽ ഭാര്യയെ കുറിച്ച് മതിപ്പായിരുന്നു. അവന്റെ വരുമാനത്തിനനുസരിച്ചുള്ള ആഗ്രഹങ്ങളെ അവൾക്കെന്നും ഉണ്ടായിരുന്നുള്ളു. എന്താ ഇപ്പോ ഇങ്ങനെയൊരു ചോദ്യം? മഹേഷ് അവളോട് ചോദിച്ചു. അതേ.. ഏട്ടാ.. ഒന്ന് സംശയിച്ചതിനു ശേഷം അവൾ തുടർന്നു.

ഞാനൊരു ആഗ്രഹം പറഞ്ഞാൽ ഏട്ടൻ സാധിപ്പിച്ചു തരുമോ? അവന്റെ മുടിയിഴകളിൽ വിരലോടിച്ച് കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു. കൊഞ്ചാതെ കാര്യം പറ പെണ്ണേ, എന്നിട്ട് നമുക്ക് നോക്കാം സാധിക്കണോ, വേണ്ടയോ എന്ന്? ശബ്ദത്തിൽ ഇത്തിരി ഗാംഭീര്യം വരുത്തി കൊണ്ട് മഹേഷ് പറഞ്ഞു, ഭർത്താവിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ ശ്രീക്കുട്ടിആഗ്രഹം പറഞ്ഞു തുടങ്ങി.. അതേട്ട…… ഇപ്രവാശ്യം നാട്ടിൽ പോയാൽ നമുക്ക് കോട്ടയത്ത് നിന്ന് മംഗലാപുരത്തേക്ക് ട്രെയിനിൽ ഒരു യാത്ര പോകണം,. അവൻ അവളുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നു. അവളുടെ മുഖം നാണം കൊണ്ട് റോസാപൂ പോലെ ചുവന്നു തുടക്കുന്നതായി അവന് തോന്നി. എഴുന്നേറ്റ് നിന്ന് കൊണ്ട് അവളുടെചുമലുകളിൽ കൈവെച്ച് മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ അവന്റെ മനസ്സ് എട്ട് വർഷങ്ങൾക്ക് പുറകിലോട്ട് പോയി.

കാസർഗോഡ് നിന്ന് നീലേശ്വരത്തേക്കുള്ള വല്യച്ചന്റെ വീട്ടിൽ പോയതായിരുന്നു അന്നവൻ. അന്നത്തെ ദിവസം അവിടെയായിരുന്നു താമസം. രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് പിറ്റേന്ന് ഏതോ രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലാണെന്ന വാർത്ത ടി.വിയിൽ കാണാൻ ഇടയായത്. പിറ്റേന്ന് വീട്ടിൽ ചെന്നിട്ട് അത്യാവശ്യ കാര്യമുള്ളതിനാലാണ് രാവിലെ 6 മണിക്കുള്ള പരശുറാം എക്‌സ്പ്രസിൽ തിരിച്ചു പോകാൻ തീരുമാനിച്ചത്. പിറ്റേന്ന് പതിവിലും നേരത്തെ തന്നെഉറക്കമുണർന്ന്, റെയിൽവെ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ, അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. മുന്നറിയിപ്പില്ലാതെ ഹർത്താൽ നടത്തുന്ന രാഷ്ട്രീയ പാർട്ടികളെ മനസ്സിലൊന്ന് ശപിക്കുകയും ചെയ്തു കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. കൃത്യ സമയത്ത് തന്നെ ട്രെയിൻ വന്നു.ഹാർത്താൽ ആയതു കാരണം, നല്ല തിരക്ക്. എങ്ങനെയോ അള്ളി പിടിച്ച് കയറി ഒരു വശത്ത് നിൽപ്പുറപ്പിച്ചു.

അവൻനിൽക്കുന്ന ഭാഗത്തായുള്ള സീറ്റിൽ മൂന്ന് പെൺകുട്ടികൾ. കോളേജ് കുമാരികളാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ട്രയിനിലെ തിക്കും,തിരക്കും, പെട്ടെന്നുള്ള ഹർത്താലുo, ആ കുട്ടികളെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് മുഖം കണ്ടാലറിയാം. കൂട്ടത്തിൽ വെളുത്തു തുടുത്ത് ഉണ്ടക്കണ്ണുള്ള ഒരു സുന്ദരികുട്ടിയിൽ അവന്റെ കണ്ണൊന്നുടക്കി.മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന ചുരുളൻ മുടികളെ മാടി ഒതുക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു., ഏതോ വലിയ തറവാട്ടിലെ കുട്ടിയാണെന്ന് കണ്ടാലറിയാം, അത്രയ്ക്ക് ഐശ്വര്യമായിരുന്നു ആ മുഖത്ത്. അവന് അവളോടൊരു ഇഷ്ടo തോന്നാനും അധിക നേരം വേണ്ടി വന്നില്ല. ഇടയ്ക്കപ്പോഴോ അവളുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് പതിഞ്ഞതായി അവന് തോന്നി.പിന്നെ ആ നോട്ടം ഇടയ്ക്കിടെ തുടരുന്നുണ്ടായിരുന്നു. എന്തെക്കെയോ ചോദിക്കാനും പറയാനുമുണ്ടെങ്കിലും സാഹചര്യം പ്രതികൂലമായതിനാൽ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് പിൻമാറേണ്ടി വന്നു.

അപ്പോഴേക്കും അവന് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു. ഇറങ്ങാൻ നേരം കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞപ്പോൾ ,ഒരു യാത്രാനുമതി അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അവനു കഴിഞ്ഞു. കുറച്ച് ദിവസങ്ങൾ ആ പെൺകുട്ടി അവന്റെ മനസ്സിൽ സുഖമുള്ള ഒരോർമ്മ ആയിരുന്നെങ്കിലും, പിന്നീടെവളെ പറ്റി ഓർത്തതേയില്ല എന്നു പറയുന്നതായിരിക്കും ശരി. ആ സംഭവത്തിനു ശേഷം ഏകദേശം 6 മാസങ്ങൾക്ക് ശേഷമാണ് മഹേഷിന്റെ അച്ഛന് പെട്ടെന്ന് സുഖമില്ലാതായത്. അച്ഛനേയും കൊണ്ട് അവർ മംഗലാപുരം ഫാദർ മുള്ളേർഴ്സ് ഹോസ്പിറ്റലിൽ ആയിരുന്നു പോയത്. ഒരു പക്ഷേ അച്ഛന് അന്നു വന്ന അസുഖം മഹേഷിന്റ ഭാഗ്യമായിരിക്കാം, അതു കൊണ്ടാണല്ലോ വീണ്ടും ആ പെൺകുട്ടിയെ അവന് അവിടെ വെച്ച് കാണാനായത്.

ഒരിക്കൽ അവൻ ട്രെയിനിൽ വെച്ച് കണ്ട പെൺകുട്ടി ദേ അവിടെ മലാഖയുടെ വേഷത്തിൽ… കണ്ട മാത്രയിൽ തന്നെ അവൾ അവനെ തിരിച്ചറിഞ്ഞതിലാവണം, ആ മുഖത്തൊരു പുഞ്ചിരി വിടർന്നത്. കുട്ടി..? അതെ എന്റെ പേര് ശ്രി കുട്ടി. അന്ന് ട്രെയിനിൽ കണ്ടത് എന്നെ തന്നെ ആയിരുന്നു.പാലായിലാണ് എന്റെ വീട്.ഇവിടെ അവസാന വർഷB, S., C നേഴ്സിംഗ് കോഴ്സിന് പഠിക്കുകയാ…ചോദിക്കാതെ തന്നെ അവളുടെ മറുപടി കേട്ടപ്പോൾ ,അവൾ തന്നെ ഓർക്കുന്നുണ്ടല്ലോ എന്നോർത്ത്അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അച്ഛനെ പരിചരിക്കുവാനും, അമ്മയോട് സംസാരിക്കാനുമുള്ള അവളുടെ താൽപര്യം അവനും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. 10 ദിവസങ്ങൾക്ക് ശേഷം അച്ഛൻ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്തു മടങ്ങുമ്പോൾ, എന്തോ ഒരു നഷ്ടബോധം അയാളിൽ ഉണ്ടായിരുന്നു. അവളോട് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം പോലും താൻ കാട്ടിയില്ലല്ലോ എന്നോർത്ത് അവന് നിരാശ തോന്നാതിരുന്നില്ല.

അങ്ങനെയിരിക്കെ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അപ്രതീക്ഷിതമായി ആ ഫോൺ കോൾ അവന്റെ മൊബൈലിലേക്ക് വന്നത്. ആശുപത്രി ഫയലുകൾക്കിടയിൽ നിന്ന് തപ്പിയെടുത്ത് അച്ഛന്റെ സുഖവിവരം അന്വേഷിക്കാൻ വിളിച്ച ശ്രീ കുട്ടിയുടേതായിരുന്നു ആ കോൾ. പരസ്പരം വിശേഷങ്ങൾ പറഞ്ഞു, ഫോൺ കട്ട് ചെയത് അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്കും എന്തോ അവളുടെ വിശേഷങ്ങൾ അറിയാൻ താൽപര്യമുള്ളതായി മഹേഷിന് തോന്നി. ആ നമ്പർ ഇങ്ങു തരൂ, ആ കുട്ടിയോട് എനിക്കൊന്ന് സംസാരിക്കണമെന്ന് അമ്മ ആവശ്യപെട്ടതിനനുസരിച്ച് നമ്പർ കൊടുത്തപ്പോഴും,ഒരു കല്യാണാലോചനയ്ക്കുള്ള മുന്നോടിയായിരുന്നു അതെന്ന് പിന്നീടാണ് അവന് മനസ്സിലായത്. ഒരു സാധാരണ കുടുoബത്തിൽ പെട്ട മഹേഷുമായി വിവാഹബന്ധം നടത്താൻ ശ്രീ കുട്ടിയുടെ വീട്ടുകാർക്കും, ബുദ്ധിമുട്ടുമൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെയാണ് ശ്രീക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ആ ഓർമ്മ പുതുക്കാനാണ് 2 മക്കളുടെ അമ്മയായി പ്രവാസ ഭൂമിയിൽ തന്നോടൊപ്പം കഴിയുന്ന ശ്രീ കുട്ടി വീണ്ടും തിരഞ്ഞെടുത്ത ആ ട്രെയിൻ യാത്ര – എന്താ ഒന്നും മിണ്ടാത്തത്? ശ്രീ കുട്ടിയുടെ വീണ്ടുമുള്ള ചോദ്യമാണ് അയാളെ ഓർമ്മകളിൽ നിന്നുണർത്തിയത്. എന്റെ പെണ്ണിനെ എനിക്കു തന്ന ആ ട്രെയിനിൽ ഒരിക്കൽ കൂടി യാത്ര ചെയ്യാമെന്ന് അവൻ വാക്കു കൊടുത്തപ്പോൾ 100 പൂർണ്ണചന്ദ്രന്മാർ ഒന്നിച്ചു യുർന്ന പ്രതീതിയായിരുന്നു അവളുടെ മനസ്സിലും സമർപ്പണം: മഹേഷിനെ പോലെ ഒറ്റനോട്ടത്തിൽ തന്നെ എനിക്കും ഇഷ്ടപെട്ട എന്റെ കൂട്ടുകാരിക്ക്. by. പത്മിനി നാരായണൻ.