14/02/2026

നിയതി :ഭാഗം 45

രചന: കണ്ണൻ്റെ മാത്രം

ജോ… ആ ഒരു നമ്പർ വച്ച് ഇങ്ങനെയൊന്നും പറയല്ലേ… അത് ചിലപ്പോ വേറെ ആരെങ്കിലും എടുത്ത് യൂസ് ചെയ്യ്തത് ആയിക്കൂടെ… പപ്പ അങ്ങനെ ഒന്നും ചെയ്യില്ല… ആദം ഉറപ്പോടെ പറഞ്ഞു….അതോടെ ആകെ വിളറി വെളുത്തു നിന്നിരുന്ന സേവ്യറിന് ഇത്തിരി ധൈര്യം വന്നു….
അതേ മോനേ… ആരോ നിന്നെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്… ആ നമ്പർ ചിലപ്പോ ഞാൻ അറിയാതെ ആരെങ്കിലും ഉപയോഗിച്ചതാവാം എന്നെ കുടുക്കാനായിട്ട്… ഈ വീട്ടിൽ തന്നെ ഇല്ലേ നിന്നോട് ദേഷ്യമുള്ളവർ… അയാൾ അത് ജോനാഥനെയും ആൽബിയെയും ആന്റണിയേയും ഒക്കെ നോക്കിയിട്ടാണ് പറഞ്ഞത്…അതേ ജോ മറ്റാരെങ്കിലും ചെയ്യ്തത് ആവും ഇതെല്ലാം… നിനക്ക് തോന്നുന്നുണ്ടോ പപ്പ…..

എനിക്ക് തോന്നുന്നുണ്ട്…. തോന്നൽ അല്ല ഉറപ്പാണ് ഇയാൾ ഇതല്ല ഇതിനപ്പുറം ചെയ്യും എന്ന്…. അവിടെ അതിഥിയുടെ ശബ്ദം ആദത്തെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ഉയർന്നു….
എല്ലാവരും മിഴിഞ്ഞ കണ്ണോടെ അതിഥിയെ നോക്കി… സേവ്യറും വിശ്വാസം വരാത്തപോലെ അവരെ നോക്കി…മമ്മ…. എന്താ…എന്താ നിനക്ക് ഞാൻ പറയുന്നതും വിശ്വസിക്കാൻ വയ്യേ ആദം… ജോ ഇവിടെ ഇങ്ങനെ ഒരു കാര്യം വന്ന് പറയണമെങ്കിൽ അവന് അത് എത്രത്തോളം ഉറപ്പ് ഉണ്ടായിട്ടാവും എന്ന് അവന്റെ കൂടെ ഇത്രകൊല്ലം നടന്ന നിനക്ക് മനസിലായില്ലേ ആദം…. അവർ അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ട്‌ ചോദിച്ചു….അത് പിന്നെ പപ്പ….. അവന്റെ ശബ്ദം ദുർബലമായി….

ഇവിടെ എന്തൊക്കെയാ നടക്കുന്നേ… എനിക്കൊന്നും മനസിലാകുന്നില്ല… ജോ സേവ്യർ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… നിനക്ക് തെറ്റിദ്ധാരണ ഒന്നും അല്ല എന്ന് ഉറപ്പാണോ… വിൻസെന്റ് ജോയെ നോക്കി ചോദിച്ചതും അവന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു… ഇതിൽ കൂടുതൽ ഒന്നും അയാളിൽ നിന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല…ജോ നേരെ വല്യപ്പച്ചന്റെ മുന്നിൽ ആണ് പോയി നിന്നത്… അദ്ദേഹത്തിന്റെ മുഖം ആകെ വലിഞ്ഞു മുറുകി ഇരുന്നിരുന്നു….വല്യപ്പച്ചനും തോന്നുന്നുണ്ടോ ഞാൻ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ഇവിടെ വന്ന് ഇങ്ങനെ ഒക്കെ പറഞ്ഞതെന്ന്…. ജോ അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട്‌ ചോദിച്ചു….

ഇങ്ങനെ ഒരു കാര്യം ഈ വീട്ടിൽ എല്ലാവരും കേൾക്കെ നീ വന്ന് പറയണമെങ്കിൽ അത് സത്യമാവും എന്ന് എനിക്കറിയാം… ഒരു തെറ്റിദ്ധാരണയുടെ പേരിൽ എടുത്തുചാടുന്നവനല്ല നീ എന്ന് എനിക്ക് അറിയാം….പക്ഷേ അപ്പച്ചാ….
വിൻസെന്റെ നിനക്ക് നിന്റെ മോനേ ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടുണ്ടാവില്ല… പക്ഷേ എനിക്ക് എന്റെ കൊച്ചുമോനെ നന്നായി അറിയാം… അയാൾ വിൻസെന്റിനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പറഞ്ഞു…. അതോടെ വിൻസെന്റിന്റെ വായ അടഞ്ഞു… അയാൾ ജോയെ നോക്കാൻ കഴിയാതെ തല താഴ്ത്തി…. വല്യപ്പച്ചന്റെ സംസാരം കേട്ടതും ജോയുടെ മുഖത്ത് സ്നേഹത്തിൽ കലർന്ന ഒരു ചിരി വിരിഞ്ഞു…

ജോ എനിക്ക് എല്ലാം അറിയണം… എന്നിട്ട് എന്താ വേണ്ടതെന്ന് തീരുമാനിക്കാം….വല്യപ്പച്ചൻ പറഞ്ഞു….അതോടെ ജോ അവന് ആദ്യത്തെ ആക്‌സിഡന്റ് ഉണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു… അപ്പോഴും അവൻ തെളിവുകൾ കൈയിൽ ഉണ്ടന്നേ പറഞ്ഞുള്ളൂ.. അതെന്താണെന്ന് പറഞ്ഞില്ല… ജോ പറയുന്നത് മുഴുവൻ ഒരു ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്… അയാൾക്ക് ഇത്രയൊക്കെ ചെയ്യാൻ കഴിയുമോ എന്നാണ് അവിടെ ഉള്ള ഓരോരുത്തരും ചിന്തിച്ചത്..സേവ്യറിന്റെ കണ്ണുകൾ അവിടെ നിൽക്കുന്ന ഓരോരുത്തരിലും സഞ്ചരിച്ച ശേഷമാണ് അതിഥിയിൽ വന്നെത്തി നിന്നത്… അവരുടെ മുഖത്തെ കല്ലിച്ച ഭാവം അയാളെ ഭയത്തിൽ ആഴ്ത്തി….

ജോ എല്ലാം പറഞ്ഞു കഴിഞ്ഞതും അവിടമാകെ ഒരു നിശബ്ദത നിറഞ്ഞു.. ഒന്ന് നന്നായി ശ്വാസം എടുത്താൽ വരെ ഉച്ചത്തിൽ കേൾക്കാം എന്നതുപോലെ ഒരു നിശബ്ദത… ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് സേവ്യറിന്റെ ശബ്ദം അവിടെ ഉയർന്നു…അപ്പച്ചാ.. ഇതൊന്നും സത്യമല്ല.. ജോയ്ക്ക് എന്തോ തെറ്റുപറ്റിയതാവും.. അല്ലെങ്കിൽ എന്നെ നാണംകെടുത്തണം എന്ന് കരുതിയിട്ട് ചെയ്യുന്നതാവും അല്ലെങ്കിൽ മകളുടെ പ്രായമുള്ള ആ കുട്ടിയുമായി ഇങ്ങനെ ഒരു കാര്യം അവൻ ആരോപിക്കുമോ…അയാൾ അത് പറഞ്ഞു നിർത്തിയതും അയാളുടെ കരണത്‌ അടി പതിഞ്ഞതും ഒപ്പം ആയിരുന്നു… അടിയുടെ ശബ്ദത്തിൽ എല്ലാവരും ഒന്ന് ഞെട്ടി…

അയാൾക്ക് മുഖം പറിഞ്ഞുപോകുന്നതുപോലെ തോന്നി അത്രയും ശക്തമായിരുന്നു ആ അടി… മുഖം തിരിച്ചു നോക്കിയ അയാൾ കാണുന്നത് തന്റെ മുന്നിൽ ദേഷ്യകൊണ്ട് വിറച്ചു നിൽക്കുന്ന അതിഥിയെ ആണ്…ആതി… നീ… അയാൾ പറഞ്ഞു തുടങ്ങുമ്പോഴേക്കും അവരുടെ കൈകൾ ഒന്നുകൂടി ഉയർന്ന് താണിരുന്നു… അവിടെ ഉള്ള എല്ലാവരും അതിഥിയുടെ ആ പുതിയ രൂപം ഞെട്ടലോടെ ആണ് കണ്ടത്… ആദം അടക്കം.. ഒന്ന് നന്നായി ദേഷ്യപ്പെട്ടു പോലും കാണാത്ത ആളാണ് ഇന്ന് കാളീരൂപം പൂണ്ട് നിൽക്കുന്നത്.. അപ്പോൾ പിന്നെ ഞെട്ടാതെ ഇരിക്കുമോ…

അവൾക്ക് നിന്റെ മകളുടെ പ്രായമേ ഉള്ളൂ അല്ലേടാ നായേ… എന്നിട്ടാണോടാ അവളുടെ കൂടെ നീ കൂത്തടിച്ചത്… എന്റെ കണ്ണുകൊണ്ട് തന്നെ ഞാൻ കണ്ടെടാ നിന്റെ കാമപേകൂത്ത്… നിനക്ക് തെളിവ് വേണം അല്ലേ.. തരാമെടാ എല്ലാത്തിനുള്ള തെളിവും ഞാൻ തരാം… ജോ… അവർ അലറി..
ജോ വേഗം ടിവി ഓൺ ചെയ്ത് തന്റെ കൈയിൽ ഉള്ള മൊബൈൽ ടീവിയിലേക്ക് കണക്ട് ചെയ്യ്തു… അതിൽ ആദ്യം തന്നെ വന്നത് നിധി മക്കളെയും കൊണ്ട് വന്ന്‌ പോയതിനു ശേഷം ഹന്നയുമായി ഫോണിൽ സംസാരിക്കുന്ന അയാളെയാണ്… അയാളുടെ സംസാരം കേട്ട അവിടെ ഉള്ള ഓരോരുത്തരും ഞെട്ടലിൽ ആയിരുന്നു… ഒരാൾക്ക് എത്രത്തോളം അധഃപതിക്കാൻ കഴിയും എന്ന് ആ വീഡിയോ കാട്ടികൊടുത്തു… പക്ഷേ പിന്നെ വന്ന വീഡിയോ കണ്ടതും വല്യപ്പച്ചന്റെയും വിൻസെന്റിന്റെയും ഒക്കെ തല നാണക്കേട് കാരണം കുനിഞ്ഞുപോയി.. ആദത്തിന്റെ മുഖത്ത് ദേഷ്യവും വെറുപ്പും അറപ്പും ഒക്കെ തെളിഞ്ഞു.. ഹന്നയുമായി ഹോട്ടലിന്റെ കാർപാർക്കിങ്ങിൽ വച്ചിട്ട് കണ്ടുമുട്ടിയ വീഡിയോ ആയിരുന്നു അത്… സേവ്യറിനു എല്ലാം കൈവിട്ടുപോയി എന്ന് മനസിലായി.. അയാൾ ആരുടേയും മുഖത്ത് നോക്കാതെ തല കുമ്പിട്ട് നിന്നു…

എല്ലാ വീഡിയോസും കഴിഞ്ഞതും പിന്നെ വന്നത് ഒരു വോയ്‌സ് റെക്കോർഡിങ് ആണ്… അന്ന് അയാൾ നിധിയെ വിളിച്ച റെക്കോർഡിങ് ആയിരുന്നു അത്.. അതിൽ കുഞ്ഞിയെ പറ്റിവരെ പറയുന്നത് കേട്ടതും അതുവരെ കണ്ണുകൾ ഇറുക്കി അടച്ചു നിന്നിരുന്ന ആദം വലിഞ്ഞു മുറുകിയ മുഖത്തോടെ അയാളുടെ മുൻപിൽ പോയി നിന്നു…ഈ വോയ്‌സ് റെക്കോർഡിങ് നിങ്ങളുടെ ആണോ… നിങ്ങൾ ഏട്ടത്തിയെ വിളിച്ചിരുന്നോ…. അവൻ ചോദിച്ചു…
മോനേ.. ഞാൻ…ചോദിച്ചതിന് മറുപടി മതി…. അവൻ ദേഷ്യത്തോടെ പറഞ്ഞു…അയാൾ തല കുനിച്ചുകൊണ്ട് അതേ എന്ന് തലയാട്ടി.. അതോടെ അവന്റെ മുഷ്ടി അയാളുടെ മുഖത്ത് പതിഞ്ഞിരുന്നു…

ചെറ്റേ… കൊച്ചുമകളുടെ പ്രായമുള്ള കുഞ്ഞിനെ കണ്ടപ്പോൾ തനിക്ക് എവിടെയാണെടോ കാമം ഇളകിയത്… അവൻ ദേഷ്യത്തോടെ അലറി…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അതിഥിയും കരഞ്ഞുപോയി.. ഇത്രത്തോളം വലിയ അസുരൻ ആണ് ഇയാൾ എന്ന് അവർ കരുതിയിരുന്നില്ല…സേവ്യർ ഞെട്ടിപ്പോയി.. തന്റെ മകന്റെ കൈയിൽ നിന്നും കിട്ടിയ അടി അയാളെ വല്ലാതെ തകർത്തു…ആദത്തിന്റെ അടി കൊണ്ട് താഴേക്ക് വീണ സേവിയറിനെ ജോ കോളറിൽ തൂക്കി എഴുന്നേൽപ്പിച്ചു…

തനിക്ക് എന്റെ കുഞ്ഞിനെയും ഭാര്യയെയും കൂടെ കിടക്കാൻ വേണം അല്ലേ… അവൻ അയാളെ നോക്കി മുരണ്ടു…ജോ.. ഞാൻ..അയാളെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ജോയുടെ മുഷ്ടി അയാളുടെ മൂക്കിൽ പതിച്ചിരുന്നു.. ഒന്നല്ല പലപ്രാവശ്യം.. അയാളുടെ മൂക്കിൽ നിന്ന് ചോര കുതിച്ചൊഴുകി… എല്ലാം കൂടി ആയതും അയാൾ തളർന്നുപോയി…അവിടെ ഉള്ള ഓരോരുത്തരും അയാളെ അവജ്ഞയോടെയാണ് നോക്കിയത്.. എല്ലാവരുടെയും മുന്നിൽ അത്രയും നന്നായിട്ടാണ് ഇയാൾ ഇത്രയും നാൾ അഭിനയിച്ചു കൂട്ടിയത്.. ഒരിക്കലും ഇത്രയും വൃത്തികെട്ട ഒരു മുഖം അയാൾക്കുണ്ടാകും എന്ന് ആരും കരുതിയില്ല…

നീ ഇപ്പൊ കണ്ട വീഡിയോ ഇല്ലേ.. അത് മുഴുവൻ ഷൂട്ട് ചെയ്യ്തത് ഞാനാണ്… നിനക്കെതിരെയുള്ള തെളിവുകൾ മുഴുവൻ ജോയ്ക്ക് കൊടുത്തതും ഞാനാണ്…. അവനോട് സംസാരിച്ചപ്പോൾ ആണ് അവന് നിന്നെ ആദ്യമേ സംശയം ഉണ്ടായിരുന്നു എന്ന് പറഞ്ഞത്… അതിഥി അത് പറഞ്ഞതും അയാൾ അതെങ്ങനെ എന്നപോലെ അവരെ തലയുയർത്തി നോക്കി…

എങ്ങനെയാണെന്ന് മനസിലായില്ല അല്ലേ സേവ്യറെ… നിധി അവളെ ഭീഷണിപ്പെടുത്തി എന്ന് പറയുന്ന ആളുടെ നമ്പർ എനിക്ക് തരുന്നതുവരെ ഇവിടെയുള്ള ഓരോരുത്തരെയും സംശയിച്ചെങ്കിലും നിന്നെ ഞാൻ ആ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല… നിനക്ക് ഓർമ്മയുണ്ടോ നിധി വരുന്നതിനും കുറച്ചുനാൾ മുൻപ് നിന്റെ മൊബൈൽ മോഷണം പോയത്.. അന്ന് താൻ തന്റെ ഈ നമ്പർ ആണ് കുറച്ച് ദിവസം ഉപയോഗിച്ചത്.. അന്ന് തന്റെ പുതിയ നമ്പർ എന്ന നിലയിൽ ഞാനും ആദവും അത് സേവ് ചെയ്തിരുന്നു.. ഇത്രയും ഫാൻസി ആയിട്ടുള്ള നമ്പർ നിനക്ക് എവിടെ നിന്ന് കിട്ടിയോ ആവോ എന്ന് ഞങ്ങൾ പറയേം ചെയ്യ്തു.. അല്ലേ ആദം.. ജോ ചോദിച്ചതും ആദം ശരിയാണെന്ന രീതിയിൽ തലയാട്ടി….

അന്ന് നീ ഒരിക്കലും നിധി തിരികെ വരുമെന്നും ആ നമ്പർ അവൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടാവും എന്നും കരുതിയില്ല അല്ലേ… അന്ന് അങ്ങനെ ഒരു സംഭവം ഉണ്ടായില്ലെങ്കിൽ ഓട്ടോമാറ്റിക്കലി ഞാനും ക്രിസ്റ്റിയെ സംശയിച്ചേനെ… ദൈവം ഞങ്ങളുടെ കൂടെ ആണെടോ.. അതല്ലേ അന്ന് അങ്ങനെ ഒരു കാര്യം സംഭവിക്കാനും ഈ നമ്പർ ഞങ്ങൾ മനസിലാക്കാനും കാരണമായത്… നിധി ഈ നമ്പർ കാണിച്ചു തന്ന് അത് ക്രിസ്റ്റിയുടെ പേരിൽ ആണെന്ന് പറഞ്ഞതും ആകെ സംശയമായി… അങ്ങനെയാണ് ഞങ്ങൾ ആ നമ്പറിന്റെ ഡീറ്റെയിൽസ് തപ്പുന്നത്… അതോടെ ഞങ്ങൾക്ക് തനിക്ക് എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളുമായി ബന്ധമുണ്ടെന്ന് മനസിലായി… പിന്നെ അങ്ങോട്ട് ഞാൻ തന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.. അപ്പോഴാണ് മേമ നിനക്കെതിരെയുള്ള തെളിവുകളുമായി വരുന്നത്… അന്ന് മുതൽ തനിക്ക് വേണ്ടി കാത്തുവച്ചതാ ഞാൻ ഇങ്ങനെ ഒരു ദിവസം…. നിധി നിനക്ക് ഒന്നും കൊടുക്കാനില്ലേ ഇയാൾക്ക്… ജോ അയാളെ നോക്കി പറഞ്ഞുകൊണ്ട് നിധിയോട് ചോദിച്ചു…

നിധി അയാളുടെ മുൻപിൽ വന്നു നിന്ന് കുറച്ചുനേരം അയാളുടെ മുഖത്തേക്ക് തന്നെ നോക്കി.. അയാൾ അവളെ നോക്കാനാകാതെ തല കുനിച്ചു… അടുത്തനിമിഷം അവൾ തന്റെ കാലിൽ കിടക്കുന്ന ചെരുപ്പൂരി അയാളെ തലങ്ങും വിലങ്ങും അടിച്ചു… വല്യപ്പച്ചൻ ഒന്നും കാണാൻ കഴിയാതെ അവിടെ സെറ്റിയിലായി ഇരുന്നു…ആർക്കും അയാളോട് ഒരു സഹതാപവും തോന്നിയിരുന്നില്ല എന്നതാണ് സത്യം…
ഗ്രേസിയമ്മ കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു… ഹന്നയാണ് ജോയെ കൊല്ലാൻ നോക്കിയത് എന്ന തിരിച്ചറിവ് അവരെ എല്ലാ രീതിയിലും തകർത്തു… ഇങ്ങനത്തെ ഒരുത്തിക്ക് വേണ്ടിയാണല്ലോ താൻ പിന്നെയും പിന്നെയും വാദിച്ചുകൊണ്ടിരുന്നത്… ഇപ്പൊ സകല ബന്ധങ്ങളും തന്നിൽ നിന്നും അകന്നു… അവർ കുറ്റബോധത്തോടെ ആലോചിച്ചു…

എന്തിന് വേണ്ടിയായിരുന്നു സേവ്യർ ഇതൊക്കെ…എല്ലാവരേക്കാളും എനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നില്ലേ നീ… ബാക്കി സഹോദരങ്ങൾ എല്ലാവരേക്കാളും പ്രിയപ്പെട്ടവൻ…നീ എന്തൊക്കെ ചെയ്തിട്ടും നിന്നെ പൊതിഞ്ഞു പിടിച്ചിട്ടല്ലേ ഉള്ളൂ ഞാൻ.. ഏതെങ്കിലും തരത്തിൽ നിന്നെ ഞാൻ കുറ്റപ്പെടുത്തിയിട്ടുണ്ടോ.. അപ്പച്ചനോട് വരെ ഞാൻ വഴക്കിട്ടുണ്ട് നിനക്ക് വേണ്ടി… ആ നീ തന്നെ എന്റെ മോനെ… ഇപ്പോഴും ജോ ആദ്യം കാര്യങ്ങൾ പറഞ്ഞപ്പോഴും ഞാൻ നിന്നെ അല്ലേ വിശ്വസിക്കാൻ ശ്രമിച്ചത്… എന്നിട്ടും നീ… പറയെടാ.. എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം.. പറയാൻ… വിൻസെന്റ് അലറി…

നീ ഒന്നുമല്ലാതായി തീരുന്നത് കാണാൻ വേണ്ടി… നീ ആകെ തകർന്ന് നിൽക്കുന്നത് കാണാൻ വേണ്ടി… സേവ്യർ താഴെനിന്ന് എഴുന്നേറ്റ് വല്ലാത്തൊരു ഭാവത്തോടെ വിൻസെന്റിനെ നോക്കി പറഞ്ഞു… അയാൾ പറയുന്നത് കേട്ടതും അവിടെ ഉള്ള ഓരോരുത്തരുടെയും മുഖം സംശയത്താൽ ചുരുങ്ങി…. ജോയുടെയും നിധിയുടെയും മുഖത്തും സംശയം നിറഞ്ഞു.. സ്വത്തുക്കൾ മാത്രം ആയിരിക്കും അയാളുടെ ലക്ഷ്യം എന്നാണ് അവരും വിചാരിച്ചിരുന്നത്.. അവരും അയാൾ ഇനിയെന്താ പറയാൻ പോകുന്നത് എന്ന സംശയത്തിൽ നോക്കി..
തുടരും