രചന – സിന്ധു അപ്പുക്കുട്ടൻ
നീരജയുടെ കഥ ഇവിടെ തുടങ്ങുകയാണ്….ശിവാനിയുടെയും..
തിളയ്ക്കുന്ന ഉച്ച വെയിൽ പടിയിറങ്ങിപ്പോയൊരു സന്ധ്യയിലാണ് രവീന്ദ്രനെയും കൂട്ടി രാഘവപ്പണിക്കർ വീട്ടിലേക്ക് കയറി വന്നത്.
“സുമതീ നീയറിയില്ലേ രവീന്ദ്രനെ. സരോജിനിയേട്ടത്തിയുടെ മോനാ. അച്ഛന്റെ അടുത്ത ബന്ധത്തിലുള്ള സരോജിനി ഏട്ടത്തിയെക്കുറിച്ച് ഞാൻ പറയാറില്ലേ നിന്നോട്.
“ആ മനസ്സിലായി അച്ചായി.ഏലൂരുള്ള സരോജിനി ഏട്ടത്തിയല്ലേ..?
“ആ അതന്നെ…
സുമതിയുടെ “അച്ചായി ” വിളി കേട്ട് രവീന്ദ്രൻ രണ്ടുപേരെയും മാറി മാറി നോക്കി.
“ഹഹഹ… നീ ഞെട്ടണ്ട. ഇതെന്റെ മൂത്ത മോളൊന്നുമല്ല. പെണ്ണുംപിള്ളയാ.പിള്ളേര് വിളിക്കുന്ന കേട്ട് ഇപ്പോ ഇവളും എന്നെ അച്ചായീന്നാ വിളിക്കുന്നെ.
രാഘവൻ രവീന്ദ്രനെ നോക്കി ചിരിച്ചു.
ആന്റിയേ കണ്ടാലും പറയില്ലാ മാമന്റെ വൈഫ് ആണെന്ന് .
രവീന്ദ്രനും ആ ചിരിയിൽ പങ്കുചേർന്നു.
“ചെറുപ്പമായിരിക്കട്ടെടാ. നാളെ ഞാൻ വീണുപോയാൽ എന്നെ നോക്കേണ്ടവളല്ലേ.”
ഉം.. ഇനി തുടങ്ങിക്കൊ.
സുമതി അയാളെ കുർപ്പിച്ചു നോക്കി.
“ആ… സുമതീ ഇവന് നമ്മുടെ വർക്കി മുതലാളിയുടെ ബെഡ് കമ്പനിയിൽ ചെറിയൊരു ജോലി കിട്ടിയിട്ടുണ്ട്. താമസിക്കാൻ ഒരു വീടന്വേഷിച്ചു നടക്കുമ്പോഴാ റോഡിൽ വെച്ച് ഞാനിവനെ കണ്ടത്. ഒരിടം കിട്ടും വരെ തല്ക്കാലം ഇവനിവിടെ നിൽക്കട്ടെ അല്ലെ..
“ആ അതിനെന്താ. മോൻ കയറി വാ.”
പെട്ടെന്ന് ഒന്ന് പകച്ചെങ്കിലും സുമതി അവനെ വീട്ടിലേക്ക് ക്ഷണിച്ചു.
രവീന്ദ്രൻ ബാഗുകളുമായി അകത്തേക്ക് നടന്നു. അവന്റെ കണ്ണുകൾ, നാൽപതിലും ഇരുപത്തഞ്ചിന്റെ യൗവ്വനത്തുടിപ്പിള്ള സുമതിയുടെ പിന്നാമ്പുറ കാഴ്ച്ചകളിലായിരുന്നു.
നിങ്ങളെന്തു പണിയാ ഈ കാട്ടിയെ..?
രവീന്ദ്രൻ കുളിക്കാൻ കയറിയപ്പോൾ സുമതി രാഘവനോട് ദേഷ്യപ്പെട്ടു.
“അതിനിപ്പോ എന്നാ പറ്റിയെടി..?
“രണ്ടു പെൺകുട്ടികളുള്ള വീടാ ഇത്. സ്ഥലസൗകര്യങ്ങളും കുറവ്. എന്നിട്ടും ഇവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..?
“അവനിവിടെ സ്ഥിരതാമസത്തിനു വന്നതൊന്നുമല്ല. വേറൊരു താമസസ്ഥലം റെഡിയായാൽ അവനങ്ങോട് പൊയ്ക്കോളും.അതുവരെ തല്ക്കാലം ഒരു സഹായം.
“ഉം… ഞാനൊന്നും പറയുന്നില്ലേ.. നീരജക്ക് വയസ്സ് പതിനാറു കഴിഞ്ഞു. കെട്ടിക്കാൻ പ്രായമാകുന്നു. അതൊന്നും ആലോചിച്ചില്ലേ നിങ്ങള്.
“എടി പെണ്ണുമ്പിള്ളേ ഞാൻ ആദ്യമേ പറഞ്ഞില്ലേ അവനിവിടെ സ്ഥിരതാമസമാക്കാൻ വന്നതല്ലന്ന്.
ആ… എന്തേലുമൊക്കെ ആയിക്കോ. കാലം അത്ര നന്നല്ല അതേ എനിക്കു പറയാനുള്ളു.
“സുമതീ,നീരജ മോൾക്കു വേണ്ടി നമുക്കിവനെയൊന്ന് ആലോചിച്ചാലോ. അവൾക്കിവൻ ചേരും. ചെറുതെങ്കിലും ഒരു ജോലിയുണ്ടല്ലോ വിദ്യാഭ്യാസവുമുണ്ട്. ഇപ്പോഴും ഓൺലൈനായി എന്തൊക്കയൊ പഠിക്കുന്നുമുണ്ട് കുറച്ചുടെ മെച്ചപ്പെട്ടൊരു ജോലിക്ക് ശ്രമിക്കുകയാണെന്നാ പറഞ്ഞത്. അറിഞ്ഞിടത്തോളം നല്ല സ്വഭാവവുമാണ്.
പെൻഷനാകുന്നെന് മുൻപ് ഒന്നിനെയെങ്കിലും ആരുടെയെങ്കിലും കയ്യിൽ പിടിച്ചു കൊടുക്കണം.ഇല്ലേൽ താഴെയുള്ളതിന്റെ കാര്യംകൂടിയാകുമ്പോഴേക്കും ഞാൻ നടുവൊടിഞ്ഞു വീണു പോകും.
“അതിനവള് പഠിക്കുവല്ലേ..?
എടി പോത്തേ, ഇപ്പോ നടത്തുന്ന കാര്യമല്ല. ഒന്ന് പറഞ്ഞു വെച്ചേക്കാം.
“ഇവന് അവളെക്കാൾ ഒരു പത്തുവയസ്സെങ്കിലും കൂടുതൽ കാണില്ലേ. മോള് സമ്മതിക്കോ ഇതിനൊക്കെ.
“വയസ്സിലൊന്നും ഒരു കാര്യമില്ലെടി. എന്നേക്കാൾ പതിനഞ്ചു വയസ്സിന്റെ ഇളപ്പമില്ലേ നിനക്ക്. എന്നിട്ടെന്താ കുഴപ്പം വന്നേ.നിനക്ക് എപ്പോഴെങ്കിലും തോന്നിയോ എന്നേക്കാൾ ചെറുപ്പമായ ഒരുത്തനെ വേണം ന്ന്..?
“പിന്നില്ലാതെ… സുമതി വാ പൊത്തി ചിരിച്ചു.
“എന്റെ മോൾക്ക് അങ്ങനൊന്നും തോന്നില്ലടീ. എനിക്ക് നല്ല ഉറപ്പുണ്ട്.”
ഹും… നിങ്ങളെന്താന്ന് വെച്ചാ ചെയ്യ് ഞാനെന്തു പറയാനാ.
സുമതി തന്റെ ലോകമായ അടുക്കളയിലേക്ക് നടന്നു.രാഘവൻപിള്ള ആലോചനയോടെ തന്റെ ചാരുകസേരയിലേക്കും.
**********************************
ദിവസങ്ങളും മാസങ്ങളും ഓടിയകന്നു.
രവീന്ദ്രൻ ആ വീട്ടിൽ നിന്നും താമസം മാറിയങ്കിലും, അവനാ കുടുംബത്തിലേ ഒരംഗമായി കഴിഞ്ഞിരുന്നു.
സമയം കിട്ടുമ്പോഴെല്ലാം അവൻ രാഘവന്റെ വീട്ടിലെത്തും.
അവിടുന്ന് ആഹാരം കഴിക്കും. ഇടക്ക്എല്ലാരുമൊന്നിച്ചു പുറത്ത് പോകും.
നമുക്കിവനെ നമ്മുടെ മരുമോനാക്കിയാലോ സുമതീ…?
നീരജയുടെ മനസ്സറിയാൻ അവൾ കേൾക്കെ ഇടയ്ക്കിടെ രാഘവൻ ഉച്ചത്തിൽ സുമതിയോട് വിളിച്ചു ചോദിക്കും.
അത് കേൾക്കെ നീരജ നാണം കൊണ്ട് ചുവന്നു പോകും. അവളുടെ മനസ്സും ഒരു തുമ്പിയെപ്പോലെ രവീന്ദ്രനു ചുറ്റിലും പാറിപ്പറന്നുതുടങ്ങിയിരുന്നു.
കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം.
നീരജക്ക് ഡിഗ്രി കോഴ്സിനുള്ള ഒരിന്റർവ്യൂ ഉള്ളതുകൊണ്ട് രാഘവൻ അന്ന് ലീവെടുത്തു.
അവർ പോകാനിറങ്ങുമ്പോഴാണ് രവീന്ദ്രൻ പടികടന്നു വരുന്നത് കണ്ടത്.
“കമ്പനിയിൽ സമരം തുടങ്ങി.എത്ര ദിവസം പൂട്ടിയിടും എന്നൊന്നുമറിയില്ല. ഞാനൊന്നു വീട്ടിൽ പോയി വരാമെന്നു വിചാരിച്ചു.
കുട മടക്കി വരാന്തയിലേക്ക് കയറുന്നതിനിടെ അവൻ പറഞ്ഞു.
നിങ്ങളിതെങ്ങോട്ടാ..?
ഇവൾക്കൊരു ഇന്റർവ്യൂ..എറണാകുളം സെന്റ് തെരേസാസിൽ ഈ മുടിഞ്ഞ മഴകാരണം പോകേണ്ടാന്ന് വിചാരിച്ചതാ.ഇവൾക്കും അവിടെ വല്യ താല്പര്യമില്ല. എന്തായാലും പോയി നോക്കീട്ട് വരാംന്ന് ഞാൻ പറഞ്ഞു.
അതെന്താ ന്റമ്മൂന് താല്പര്യക്കുറവ്..?
രവീന്ദ്രൻ നീരജയുടെ കൈത്തണ്ടയിൽ മെല്ലെ നുള്ളി.
“എനിക്ക് മഹാരാജാസിൽ പഠിച്ചാ മതി.. അതും ബി എ മലയാളം തന്നെ പഠിക്കണം.ബി എഡ് എടുത്തു ടീച്ചറാകണം എന്നിട്ട്.
“ഉം.. മിടുക്കി. പെൺകുട്ടികളായാൽ ഇങ്ങനെ വേണം.
രവീന്ദ്രൻ അവളുടെ തോളിൽത്തട്ടി.
നീതുവെന്ത്യേ… അവൾക്കിന്ന് ക്ലാസ്സില്ലേ.?
കയ്യിലിരുന്ന ചോക്ലേറ്റിൽ ഒരെണ്ണം നീരജക്ക് കൊടുത്തുകൊണ്ട് രവീന്ദ്രൻ ചോദിച്ചു.
“അവളു റെഡിയാകുന്നു.
എന്നാ ആന്റി ഇതങ്ങോട്ട് കൊടുത്തേക്ക് ഞാൻ പോയി വരാം.
അവൻ നീതുവിനുള്ള ചോക്ലേറ്റ് സുമതിയുടെ നേരെ നീട്ടി.
“സുമതി നിർവികാരമായൊരു ഭാവത്തോടെ അത് കൈനീട്ടി വാങ്ങി.
“ഇവൾക്കിതെന്നാ പറ്റി, കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. ഇഞ്ചിതിന്ന കുരങ്ങിന്റെ മാതിരി അവിടേം ഇവിടെയും നോക്കി ആലോചിച്ചുള്ള ഈ നിൽപ്പ്.ഇങ്ങനെ ഒന്നുമല്ലായിരുന്നുലോ നീ.
മുറ്റത്തു പെയ്തു നിറയുന്ന മഴ നോക്കി നിശ്ചലം നിൽക്കുന്ന സുമതിയുടെ കയ്യിൽ ഒരടി കൊടുത്തു രാഘവൻ.
സുമതി പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി.
“നീയങ്ങോട്ട് ചെല്ല്. ചായയൊ മറ്റോ എടുത്തു കഴിക്ക്. ഈ മഴയൊന്ന് തോർന്നിട്ട് പോയാൽ മതി. ഞങ്ങളിറങ്ങട്ടെ.
ശരി മാമാ.. ഞാൻ വീട്ടിൽ പോകുന്ന കാര്യം നേരിട്ട്കണ്ട് ഒന്ന് പറയാംന്ന് കരുതി ഇറങ്ങിതാ.. പോയിട്ട് ഒരാഴ്ച കഴിഞ്ഞേ വരുള്ളൂ.
അത് പറയുമ്പോൾ അവൻ നീരജയെ ഏറുകണ്ണിട്ട് നോക്കി.
അവളുടെ മുഖം മങ്ങുന്നത് കണ്ട് അവന് ഉള്ളിൽ ചിരിപൊട്ടി.
രാഘവനും നീരജയും പടി കടന്ന് പോയതിനു പിന്നാലെ നീതുവിന്റെ കുടയും കണ്ണിൽനിന്ന് മറഞ്ഞതോടെ രവി അകത്തേക്ക് കയറി ഉമ്മറവാതിൽ ചേർത്തടച്ചു.
അടുക്കളയിൽ നിൽക്കുകയായിരുന്ന സുമതി അവൻ അടുത്തേക്ക് വരുന്നതറിഞ്ഞു ഒരു പതർച്ചയോടെ അവനെ ഉറ്റു നോക്കി.
എന്താ ഒളിച്ചു നിക്കുവായിരുന്നോ…?
ചോദിച്ചുകൊണ്ട് അവൻ ചിരിയോടെ അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു.
വേണ്ട രവി… വേണ്ട..
സുമതി ദുർബലമായ ശബ്ദത്തിൽ മെല്ലെ പിറുപിറുത്തു.
അവനത് കേൾക്കാത്ത ഭാവത്തിൽ അവളെ തന്നിലേക്ക് വരിഞ്ഞു മുറുക്കി.
അടച്ചിട്ട വാതിലിനപ്പുറം മുറ്റത്തെ തെങ്ങോലത്തലപ്പുകളെ പിടിച്ചു കുലുക്കി,ഭ്രാന്തമായ വേഗത്തിൽ ചീറിയടിക്കുന്ന കാറ്റിനൊപ്പം മഴത്തുള്ളികളും ശക്തിയോടെ പെയ്തടർന്നു കൊണ്ടിരുന്നു.
*****—***-*****-******************
ആരോ വാതിലിൽ തട്ടി വിളിക്കുന്ന കേട്ടാണ് സുമതി കണ്ണ് തുറന്നത്.
രവീന്ദ്രൻ അപ്പോഴും,വലതു കൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ച്, കമിഴ്ന്നു കിടന്നുറങ്ങുകയായിരുന്നു.
പുറത്തപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു.
ഓരോ വട്ടവും ഇനിയിതാവർത്തിക്കില്ലെന്നു മനസ്സിൽ പ്രതിജ്ഞയെടുത്തിട്ടും, വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണല്ലോ എന്ന് സുമതി വേദനയോടെ ഓർത്തു.
രവീന്ദ്രൻ കാണിക്കുന്ന അമിത സ്വാതന്ത്ര്യവും, അമിതമായ സ്നേഹപ്രകടനങ്ങളും തന്നെ വലിയൊരു കുഴിയിൽ വീഴ്ത്തിയിരിക്കുന്നു. ഇനിയിതിൽ നിന്ന് കയറിപ്പോകാൻ ഒരിക്കലും തനിക്കു കഴിയില്ല.
രാഘവേട്ടനും, നീരജയും ഇതറിഞ്ഞാൽ…
ആ ഓർമ്മയിൽ സുമതി കിടുങ്ങിപ്പോയി.
വാതിലിൽ വീണ്ടും മുട്ട് കേട്ടു.
അവർ വേഗം വസ്ത്രങ്ങൾ വാരിയുടുത്തു.
തുറന്ന വാതിലിനപ്പുറം നനഞ്ഞു കുഴഞ്ഞു നിൽക്കുന്ന രാഘവനെയും നീരജയെയും കണ്ട് സുമതി ഇടിവെട്ടേറ്റ പോലെ നിന്നുപോയി.
“നീയെന്താ ഉറങ്ങുകയായിരുന്നോ. എത്ര നേരമായി ഇവിടെ കിടന്നു കാറി വിളിക്കുന്നു. ബെല്ലടിച്ചിട്ട് അതിന്റെ ശബ്ദവും കേൾക്കുന്നില്ല. കറന്റ് പോയൊ.
സുമതി വരണ്ടുപോയ തൊണ്ട ചിനക്കി എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല.
“ബസ് കാത്തു നിന്ന് മടുത്തമ്മേ…റോഡിലൊക്കെ വെള്ളം കയറിക്കാണും. ഒറ്റ വണ്ടി വരുന്നില്ല.
രാഘവന് പിന്നാലെ കയറിവന്ന നീരജ മഴ നനഞ്ഞ കിളിക്കുഞ്ഞിനെപ്പോലെ കൂനിക്കൂടി നിന്നു വിറച്ചു.
സുമതി കാലുകൾ നിലത്തു തറഞ്ഞപോലെ അനക്കമറ്റ് നിൽക്കുകയാണ്.
രാഘവൻ എന്തൊക്കയൊ പിറുപിറുത്തുകൊണ്ട് ബെഡ്‌റൂമിനകത്തേക്ക് കയറിപ്പോകുന്നത് അവൾക്ക് കാണാമായിരുന്നു.
അമ്മക്കെന്താ പറ്റിയെ.. എന്താ ഇങ്ങനെ സ്റ്റാച്യുവായി നിൽക്കുന്നെ..
നീരജ ചിരിയോടെ അവരെ പിടിച്ചു കുലുക്കി.
അകത്തേക്ക് പോയ രാഘവൻ നനഞ്ഞ ഡ്രസ്സോടെ തന്നെ തിരിച്ചു വന്ന് സുമതിയുടെ മുന്നിൽ വന്നു നിന്ന് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
സുമതി ആ നോട്ടം നേരിടാനാകാതെ തല കുനിച്ചു. കാലുകൾ കുഴഞ്ഞു താൻ വീണുപോകും എന്നവർക്ക് തോന്നി.
“മോള് അകത്തു പോയി ഡ്രസ്സ് മാറിക്കോ.
രാഘവൻ നീരജയോട് പറഞ്ഞു.
അവൾ അകത്തു കടന്നതും അയാളാ വാതിൽ പുറത്ത് നിന്ന് ലോക്ക് ചെയ്തു.
പിള്ളേര് ഒന്നും അറിയണ്ട. അവനെ വിളിച്ചുണർത്തി വേഗമിവിടുന്ന് ഇറങ്ങിക്കോ. ഇനി അധികസമയം നിന്നാൽ ഒരുപക്ഷെ ഞാനൊരു കൊലപാതകി ആയേക്കും.. അതിന് ഇട വെക്കരുത്.
“രാഘവേട്ടാ… എന്നോട് ക്ഷമിക്ക്..
സുമതി അയാളുടെ കാൽച്ചോട്ടിലേക്കിരുന്ന് വിങ്ങിവിങ്ങി കരയാൻ തുടങ്ങി.
രാഘവൻ ആ കരച്ചിലിന് കാതു കൊടുക്കാതെ നിറഞ്ഞു പെയ്യുന്ന മഴയിലേക്കിറങ്ങി നടന്നു. എങ്ങോട്ടെന്നില്ലാതെ…
തുടരും

by