20/04/2026

നീരജ : ഭാഗം 01

രചന – സിന്ധു അപ്പുക്കുട്ടൻ

“അച്ഛാ, ഞാനിറങ്ങുന്നു. കഴിക്കാനുള്ളതെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ഞാനെത്താൻ ലേറ്റായാൽ എടുത്തു കഴിച്ചേക്കണം.

“ഉം…

മുറ്റത്തിന്റെ അതിരിൽ,പയർവള്ളികൾക്ക് പന്തലിട്ടുകൊണ്ടിരുന്ന രാഘവൻ ഒന്ന് മൂളി.

“ഇതെന്താ നിന്റെ കയ്യിൽ..?

അവളുടെ കയ്യിലെ വലിയ ക്യാരിബാഗിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അയാൾ ചോദിച്ചു.

“അത് പിന്നേ…. ഇത്തിരി പൊടിയരിക്കഞ്ഞിയാ. പിന്നേ അവളുടെ കുറച്ചു ഡ്രസ്സുകൾ. അവിടെ ആവശ്യം വന്നാലോ…

നീരജ അച്ഛന്റെ മുഖത്തു നോക്കാതെ തല കുനിച്ചു നിന്ന് പറഞ്ഞൊപ്പിച്ചു.എങ്കിലും പുച്ഛം നിറഞ്ഞ ആ മുഖഭാവം അവൾക്ക് മനസ്സിൽ കാണാമായിരുന്നു

“ഒരിക്കൽ എന്റെ വാക്കുകൾ ധിക്കരിച്ചതിനുള്ള ശിക്ഷ വേണ്ടുവോളം കിട്ടിയതല്ലേ..? ഇനിയും തൃപ്തിയായില്ല അല്ലേ..?

രാഘവന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ നീരജ വേഗം തന്റെ വണ്ടി സ്റ്റാർട്ടാക്കി ഇടവഴിയിലേക്കിറങ്ങി.

പാവം അച്ഛൻ…

ഇരുവശവും ഇഞ്ചിപ്പുൽചെടികൾ പാറാവുനിൽക്കുന്ന ഇടവഴികടക്കുമ്പോൾ നീരജയോർത്തു.

ചെറുതെങ്കിലും, പോസ്റ്റ്‌മാൻ ജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഭാര്യയെയും രണ്ടു മക്കളെയും അല്ലലറിയിക്കാതെ കൊണ്ട് നടന്നിരുന്നൊരു പാവം മനുഷ്യൻ. സ്നേഹം മാത്രമായിരുന്നു ആ മനസ്സിൽ.

എന്നിട്ടും, കുടുംബത്തിന്റെ വിളക്കാകേണ്ടിയിരുന്ന അമ്മ ചെയ്തതോ…

സ്നേഹം എന്ന വാക്കിനെത്തന്നെ വ്യഭിചരിച്ചു കൊണ്ട് ആ കുടുംബത്തെ ഇരുളിലാഴ്ത്തിക്കളഞ്ഞു.

പിറന്നനാടും വീടും വിട്ട് ഓടിയൊളിക്കേണ്ടി വന്നു.

അമ്മയെന്ന പേരിനുപോലും അർഹതയില്ലാത്ത സ്ത്രീ.

ഓർമ്മകളുടെ കുത്തൊഴുക്കിൽപ്പെട്ട് ഇടവഴി കടന്ന് നീരജ മെയിൻ റോഡിലേക്ക് കയറി.

മെഡിക്കൽ കോളേജിനു മുന്നിലെത്തുമ്പോൾ ആദ്യം കണ്ട മുഖം ബിനീഷിന്റെയായിരുന്നു. ആരെയോ കാത്തു നിൽക്കുംപോലെ അവൻ ബൈക്കിൽ ചാരി നിൽക്കുന്നു.

അവളവന് മുഖം കൊടുക്കാതെ ഗേറ്റ് കടന്നു.

“ഹേയ് നീരൂ…

പിന്നിൽ അയാളുടെ വിളി ഉയർന്നു കേട്ടു.

എന്നിട്ടും അവളതു കേൾക്കാത്തഭാവത്തിൽ പാർക്കിംഗ് ഏരിയയിലേക്ക് ഓടിച്ചു പോയി.

വണ്ടിയൊതുക്കിവെച്ച് ചുറ്റിലും നോക്കി.

ബിനീഷ് തന്നെ പിന്തുടർന്നു വരുന്നുണ്ടോ എന്ന വേവലാതിയായിരുന്നു അവളുടെയുള്ളിൽ.

വാർഡിലേക്ക് കയറുമ്പോഴേ മനംപിരട്ടുന്നൊരു ഗന്ധം നാസാരന്ദ്രങ്ങളേ ആക്രമിച്ചു കീഴടക്കി.

മനം മടുപ്പിക്കുന്ന ആശുപത്രി മണം.

നീരജ ദീർഘമായൊന്നു നിശ്വസിച്ചു

ശിവാനിയുടെ ബെഡ് കണ്ടുപിടിച്ചു അങ്ങോട്ട് നടക്കുമ്പോൾ ഓരോ ബെഡിലുമുള്ള സ്ത്രീകളും അവരുടെ കൂട്ടിരിപ്പുകാരും അവളുടെ ശ്വാസമടക്കിയുള്ള നടപ്പ് കണ്ട് തുറിച്ചു നോക്കി.

ശിവാനി നല്ല ഉറക്കമായിരുന്നു.

അവൾ ഉണരാൻ കാത്ത്, കട്ടിലിനു കീഴിൽ കിടന്ന സ്റ്റൂൾ വലിച്ചിട്ട് അവളതിലേക്കിരുന്നു.

ബാഗിൽ നിന്നും മൊബൈൽ എടുക്കാനാഞ്ഞതും അത് ബെല്ലടിച്ചു തുടങ്ങി.

ഡിസ്പ്ലേയിൽ ബിനീഷിന്റെ മുഖം തെളിഞ്ഞു.

അവൾ കാൾ എടുത്തു കൊണ്ട് ജനലരികിലേക്ക് നീങ്ങി നിന്നു.

“ഹലോ…

“ഓ… ഇപ്പോഴാ മാഡത്തിന് എന്റെ കാളൊന്നെടുക്കാൻ നേരമൊത്തത് അല്ലേ?

എന്തായാലും നന്ദിയുണ്ട്.

ശിവാനി ഇവിടുണ്ടെന്നറിഞ്ഞു രാവിലെ മുതൽ കാത്തു നിൽക്കുന്നതാ. നീ വരാതിരിക്കില്ല എന്നെനിക്കറിയാമായിരുന്നു. എന്നിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നീയങ്ങു കേറിപ്പോയി. നിന്നെ കാത്തു നിന്ന ഞാൻ വെറുമൊരു പട്ടി.

അവന്റെ വാക്കുകളിൽ രോഷം തിളച്ചു പൊന്തി.

“എന്താ അപ്പു ഇങ്ങനെയൊക്കെ പറയുന്നേ..?

“അപ്പുവോ..? ഇനിയാ പേര് നീ ഉച്ഛരിക്കരുത്. ആ ഒരു വിളിയിൽ രോമാഞ്ചം മുട്ടി നിന്നൊരു കാലമുണ്ടായിരുന്നു. അത് കഴിഞ്ഞു പോയി. നിന്നെപ്പോലെ ഇത്രയും ക്രൂര മനസുള്ള ഒരുത്തിക്ക് എന്നെയങ്ങനെ വിളിക്കാനുള്ള യോഗ്യതയില്ല. കേട്ടോടി പുല്ലേ.

അവന്റെ ദേഷ്യം പെയ്തു തീരുമെങ്കിൽ തീരട്ടെ എന്നോർത്ത് കൊണ്ട് നീരജയൊരു മൗന വാത്മീകം മെനഞ്ഞു.

“എന്താടി മിണ്ടാത്തെ.. നിന്റെ നാവ് അണ്ണാക്കിലോട്ട് ഇറങ്ങി പോയൊ?

“അപ്പൂ….പ്ലീസ്…. നമുക്ക് സംസാരിക്കാം. ഞാനിപ്പോ ശിവാനിയോടൊന്നു സംസാരിക്കട്ടെ. കുറച്ചു കഴിഞ്ഞു ഞാൻ തിരിച്ചു വിളിക്കാം.

“എത്ര തവണ ഞാൻ വിളിച്ചു.. എത്ര മെസ്സേജിട്ടു. ഒന്നിനും റിപ്ലൈ ഇല്ല. അതിനൊക്കെ ഒരു കാരണം കാണുമല്ലോ. അതെനിക്കറിയണം. പറഞ്ഞിട്ട് നീ ഏതവന്റെ കൂടെയാന്ന് വെച്ചാ പൊയ്ക്കോ. എനിക്കൊരു ചുക്കുമില്ല.

“പറയാം അപ്പൂ… എനിക്കൊരല്പം സമയം താ.

“പറ്റില്ല.. രണ്ടു ദിവസമായി ഞാൻ ഉരുകി തീരുവാ. ഇനിയും പിടിച്ച് നിൽക്കാൻ എനിക്കാവില്ല. നീ താഴേക്ക് വാ. ഞാനിവിടുണ്ട്.എനിക്കറിയണം എന്നെയിങ്ങനെ അവോയ്ഡ് ചെയ്യാനുള്ള കാരണം.

പ്രാണനെപ്പോലെ സ്നേഹിച്ചതല്ലെടി നമ്മൾ. ഒരു നിമിഷം കൊണ്ടു ഇങ്ങനെയൊക്കെയാകാൻ നിനക്കെങ്ങനെ കഴിഞ്ഞു. എനിക്കറിയണം. അറിഞ്ഞേ പറ്റൂ.ഇല്ലെങ്കിലെനിക്ക് ഭ്രാന്ത് പിടിക്കും.

അവന്റെ ശബ്ദം ഉയർന്നു.

“വരാം… ഒരു പത്തുമിനിറ്റ്.. പ്ലീസ് ഡാ.

“ഹും… ഓക്കേ.

അവൻ അടക്കാനാകാത്ത ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു.

നിറഞ്ഞു വരുന്ന മിഴികളോടെ അല്പനേരം കൂടി അവളാ ഫോൺ ചെവിയിൽ ചേർത്തു വെച്ചു.പിന്നേ സാവധാനം ശിവാനിക്കരികിലേക്ക് ചെന്നു.

ശിവാനി അവളെത്തന്നെ നോക്കി കിടക്കുകയായിരുന്നു.

നീരജ അടുത്തെത്തിയതും പൊട്ടികരഞ്ഞുകൊണ്ട് അവൾ തല ചെരിച്ചു മുഖം മറച്ചുപിടിക്കാൻ ഒരു ശ്രമം നടത്തി.

നീരജ അവളുടെ ഡ്രിപ്പിട്ട കയ്യിൽ മെല്ലെ തൊട്ടു കൊണ്ട് ബെഡിലേക്കിരുന്നു.

‘എനിക്കെന്റെ അച്ഛനൊപ്പം പോകാൻ നിങ്ങളുടെ അനുവാദമൊന്നും വേണ്ട. ഞാൻ പോകും എന്റച്ചൻ വന്നു വിളിച്ചാൽ…ഇത്രയും കാലം നിങ്ങളെന്നെ അച്ഛന്റെ കൺവെട്ടത്തു നിന്ന് മാറ്റി നിർത്തി. ഇനി ഞാനതു അംഗീകരിച്ചു തരില്ല. പാവമാ എന്റച്ഛൻ.എനിക്ക് അച്ഛനെ വേണം. അച്ഛന് എന്നെയും…”

ആ കരച്ചിൽ നോക്കിയിരിക്കെ ദിവസങ്ങൾക്കു മുന്നേ നെഞ്ചിൽ ഇടിത്തീ വീഴ്ത്തി കടന്നുപോയ ശിവാനിയുടെ അലർച്ച നീരജയുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

ശിവാ….

ഉള്ളിലെ പിടച്ചിലൊതുക്കി അവൾ വിളിച്ചു.

എന്നിട്ടും ശിവാനി കണ്ണ് തുറക്കാതെ ആർത്തു കരഞ്ഞുകൊണ്ടിരുന്നു.

നീരജ അവളുടെ മുടിയിഴകളിൽ വെറുതെ വിരലോടിച്ചു കൊണ്ടിരുന്നു.ആ വിരലുകൾക്ക് സ്നേഹത്തിന്റെ ഈണമില്ലായിരുന്നു. ഒരുതരം മരവിപ്പ് മൂടിയിരിക്കുന്നു എന്ന് നീരജക്ക് തോന്നി.

“അമ്മയേം മുത്തശ്ശനേം വേദനിപ്പിച്ചതിന്റെ ശിക്ഷ വേണ്ടുവോളം എനിക്ക് കിട്ടി. എന്നാലും അമ്മ എന്നോട് പൊറുക്കേണ്ടമ്മേ.. എന്നെയിവിടിട്ടിട്ട് അമ്മ പൊയ്ക്കോ… എന്നെയിനി ഒന്നിനും കൊള്ളില്ല.

കരച്ചിലിനിടയിൽ ഏങ്ങിക്കൊണ്ട് ശിവാനി തലയിട്ടുരുട്ടി.

പോകാൻ തന്നെയാ ഞാൻ വന്നത്. അതുപക്ഷെ നിന്നോടുള്ള സഹതാപം കൊണ്ടല്ല ഈയൊരവസ്ഥയിൽ നിന്നെയിവിടെ തനിച്ചാക്കാൻ മനസ്സുവരുന്നില്ല. അതോണ്ട് വീണ്ടും ഒരിക്കൽക്കൂടി അച്ഛനെ ധിക്കരിക്കേണ്ടി വന്നു.. സാരമില്ല അച്ഛനെന്നോട് ക്ഷമിച്ചോളും.

നീരജയുടെ വാക്കുകൾ ശിവാനിയിൽ ഒരു ഞെട്ടലുണ്ടാക്കി. ഇന്നലെവരെ അവൾ കേട്ട നീരജയുടെ ശബ്ദമ.ല്ലായിരുന്നു അത്.

“നീയെന്തു കരുതി പണ്ടത്തെ സീരിയൽ നായികമാരെപ്പോലെ ഞാനോടിവന്നു നിന്നെ കെട്ടിപ്പിടിച്ചു കരയുമെന്നോ… സാരമില്ലമോളെ അമ്മയെല്ലാം ക്ഷമിച്ചു. ഇനി നമുക്ക് വീട്ടിൽ പോകാമെന്നു പറയുമെന്നോ… എങ്കിൽ നിനക്ക് തെറ്റി. ആരും കാണാതെ ഒളിപ്പിച്ചു വെച്ചൊരു നീരജയുണ്ട് എന്റെയ്യുള്ളിൽ. ഇനിയങ്ങോട്ട് നീരജ മാറുകയാണ്.ആരെയും അതിരുവിട്ട് സ്നേഹിക്കരുതെന്ന വലിയൊരു പാഠം ഉൾക്കൊണ്ടുകൊണ്ട്.

“അമ്മേ….. ശിവാനി ഒരു ഞെട്ടലോടെ അവളെ തുറിച്ചു നോക്കി.

“ആ പിന്നെ ഒരു കാര്യം കൂടി. ഞാൻ നിന്റെ അമ്മയല്ല. വലിയവീട്ടിൽ രാഘവൻ പിള്ള നിന്റെ മുത്തശ്ശനുമല്ല നിന്റെയമ്മ മരിച്ചു. മദ്യ ലഹരിയിൽ കൂട്ടുകാർക്കൊപ്പം ചേർന്ന് നിന്നെ ഈയൊരവസ്ഥയിലേക്ക് തള്ളിയിട്ടതോടെ അച്ഛനും.

ഇനി നീ ഫ്രീ യാണ്.. നിന്റെ ലൈഫ്, നിന്റെ ഡിസിഷൻസ്.ആരുമില്ല നോ പറയാൻ.

നിനക്ക് ഫ്രീഡമില്ല, അച്ഛനെ സ്നേഹിക്കാൻ അനുവദിക്കുന്നില്ല, മുത്തശ്ശന് നിന്നെ ഇഷ്ടമില്ല എന്നൊക്കെയുള്ള പരാതികൾ ഇവിടെ അവസാനിക്കുകയാണ്. ഇവിടുന്നിറങ്ങിയാൽ നീയൊരു സ്വതന്ത്രവ്യക്തിയാണ്.. ഒരു ഫ്രീ ബേർഡ്… ഇനി നിനക്ക് ഇഷ്ട്ടമുള്ളിടത്തേക്ക് പറക്കാം. ആരുമുണ്ടാകില്ല തടയാൻ.

മനസ്സിലായോ നിനക്ക്..?

ഇല്ലയെന്നവൾ തല ചലിപ്പിച്ചു. കാരണം ഇതുവരെ കേട്ടതൊന്നും വിശ്വസിക്കാൻ ശിവാനി ഒരുക്കമല്ലായിരുന്നു.

അമ്മ…. അമ്മ… എന്റെ അമ്മയല്ലന്നോ..?

ശിവാനി പൊട്ടിയടരാൻ വെമ്പിക്കൊണ്ട് അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

തുടരും.