രചന – ആയിഷ അക്ബർ
അന്ന് പകൽ മുഴുവൻ അവൾ പലയിടതായി സമയം ചിലവഴിച്ചു…..
കോളേജിൽ നിന്ന് വരുന്ന ആ സമയമായപ്പോഴാണ് അവൾ വീട്ടിൽ തിരിച്ചെത്തിയത്……
പിന്നെ വേഗം കുളിച്ച് മാറ്റി മംഗലത്തേക്കും……
മംഗലത്തേക്ക് ചെല്ലുമ്പോൾ തന്നെ മുറ്റത്ത് നടന്ന് ഫോൺ ചെയ്യുന്ന അവനെ കണ്ടിരുന്നെങ്കിലും അവൾ തല കുനിച്ചു തന്നെ അകത്തു കയറി…..
മനസ്സിനെന്തോ വല്ലാത്തൊരു പ്രയാസമാണിന്ന്….
എന്താ അഞ്ചു….ഇന്ന് നേരത്തെ ക്ലാസ് കഴിഞ്ഞോ…..
അടുക്കളയിൽ നിന്നും ഇറങ്ങാൻ നിൽക്കുക യായിരുന്ന ജാനകി അത് ചോദിക്കുമ്പോൾ അവൾ അതേയെന്ന് തലയാട്ടി…….
അവൾ അമ്മക്ക് അധിക നേരം മുഖം കൊടുക്കാതെ അകത്തേക്ക് പോയി….
തന്റെ ഉള്ളിലെ നോവ് അമ്മ കണ്ട് പിടിക്കരുതെന്ന് കരുതി തന്നെയായിരുന്നത്…..
അവൾ നേരെ പഠിക്കാനിരിക്കുന്ന ആ മുറിയിലേക്ക് കയറി മേശ മേൽ തല വെച്ചങ്ങനെ കിടന്നു……
നെറ്റിയിലൊരു തണുപ്പറിഞ്ഞപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്……
മംഗലത്തമ്മയാണ്……
എന്തേ വയ്യേ മോളേ…..
സ്നേഹത്തോടെ അവരത് ചോദിക്കുമ്പോഴാണ് അവൾ ചുറ്റുമോന്ന് നോക്കിയത്…..
ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്…..
ഏയ്…. ഒന്നുമില്ല മംഗലത്തമ്മേ….
അവളതും പറഞ് പെട്ടെന്ന് എഴുന്നേറ്റു…..
ഞാൻ… പെട്ടെന്ന് കിടന്നങ്ങനെ…… ഞാൻ വിളക്ക് വെക്കട്ടെ…..
അതും പറഞ്ഞവൾ മുറിക്ക് പുറത്തിറങ്ങിയതും ആ മുറിയുടെ പുറത്തായി നിൽക്കുന്ന അവനെ കണ്ടിരുന്നു…..
അവൾ വിളക്കെടുത്തു തിരി തെളിച്ചു തുളസി തറയിലേക്ക് വെച്ചു കണ്ണുകളടച്ചു കൈകൾ കൂപ്പി പ്രാർത്ഥിക്കുമ്പോൾ അവൾക്ക് പിറകിലായി ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു മംഗലത്തമ്മയും അർജുനും…..
മംഗലത്തമ്മ ആ ചാരു കസേരയിലേക്ക് പതിയേ ഇരിക്കുമ്പോൾ ഉമ്മറത്തെ ആ തിണ്ണയിൽ അവനും ഇരുന്നു…..
അവൾക്ക് അവരുടെ കൂടെ ഇരിക്കാൻ അല്പം മടി തോന്നിയെങ്കിലും ഇരുന്നോളു എന്ന മംഗലത്തമ്മയുടെ വാക്കിന് മേൽ താഴെ ചമ്രം പടിഞ്ഞിരുന്നു നാമം ജപിച്ചു കൊണ്ടിരുന്നു……
അവന്റെ മിഴികൾ അവളിലൂടെ അങ്ങനെ തെന്നി നീങ്ങി….
എന്നും കാണുന്ന ആ ഉന്മേഷം അവളുടേ മുഖത്ത് ഇന്നില്ലാത്തതിൽ അവന് വല്ലാത്ത പ്രയാസം തോന്നിയിരുന്നു……
ആ കവിളുകളിലെ ചുവപ്പ് നീങ്ങാത്തത് പോലെ….
നിനക്കീ മുടിയൊക്കെ ഒന്ന് വെട്ടി കളഞ്ഞു കൂടെ അജു…
വിളക്കെടുത് വെച്ച് ഉമ്മറത്തേക്ക് വരുമ്പോഴാണ് മംഗലത്തമ്മ അവനോടത് പറയുന്നത് കേൾക്കുന്നത്….
മുടി വെട്ടിയാൽ നെറ്റിയിലെ ഈ മുറിവ് കാണും മുത്തശ്ശി…..
ഏതോ ചിന്തകളിൽ ആടിയുലഞ്ഞു നിൽക്കുന്ന അവളെ ഇവിടേക്ക് കൊണ്ട് വരാനാണ് അവൻ മനപ്പൂർവമത് പറഞ്ഞത്….
അത് കേട്ടതും അവൾ ഒരു ഞെട്ടലോടെ അവനിലേക്കൊന്ന് നോക്കി…..
അവന്റെ കണ്ണുകളും അവളിൽ തന്നെയാണ്…
ഇത് എങ്ങനെ ആയതാ…..
മംഗലത്തമ്മ അവന്റെ മുടി വകഞ്ഞു മാറ്റി നെറ്റിയിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ടത് ചോദിച്ചതും അവൾ ഉമിനീരിറക്കി നിന്നു……
നിമിഷ നേരം കൊണ്ട് അവളുടെ മുഖത്ത് മിഞ്ഞി മാഞ്ഞ ഭാവങ്ങളോരോന്നും ഒപ്പിയെടുക്കുമ്പോൾ അവനിലൊരു പുഞ്ചിരിയൂറി നിന്നിരുന്നു…..
പറയരുത്….എന്ന തരത്തിൽ അവൾ നെറ്റി ചുളിച്ചു കൊണ്ട് ദയനീയമായി അവനെ നോക്കുമ്പോൾ അവനുള്ളിലുള്ള ചിരി അടക്കാൻ കഴിഞ്ഞിരുന്നില്ല…..
എങ്കിലും പുറമെയുള്ള ആ ഗൗരവം കാത്തു സൂക്ഷിക്കാൻ അവനേറെ പാട് പെട്ടു……
അത് മുത്തശ്ശി…… ഞാൻ….
അതും പറഞ്ഞവൻ അവളിലേക്കൊന്ന് നോക്കി….
അവളും അവനെ തന്നെ നോക്കി നിൽക്കുകയാണ്….
ഞാനൊന്ന് വീണു പോയതാ…..
അവളെ നോക്കി വല്ലാത്തൊരു ഭാവത്തോടെ അവനത് പറയുമ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നിയെങ്കിലും അവന്റെ ആ ഭാവത്തെ വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല….
അവൾ വേഗം മിഴികൾ അവനിൽ നിന്നും പറിച്ചെടുത്തു കൊണ്ട് താഴേക്ക് നോക്കി……
എങ്കി നമുക്ക് അത്താഴം കഴിക്കാം……
എന്നാൽ അഞ്ജലി മോൾക് പഠിക്കാനും ഇരിക്കാം നിനക്ക് നിന്റെ പണികളും നോക്കാം…..
എനിക്കെവിടെയെങ്കിലും ഒന്ന് ചുരുളുകയും ചെയ്യാമല്ലോ….
മുത്തശ്ശി അതും പറഞ്ഞൊരു ചിരിയോടെ എഴുന്നേൽക്കുമ്പോഴാണ് ദൂരെ നിന്ന് ആരോ പടിപ്പുര കടന്ന് വരുന്നത് പോലെ അഞ്‌ജലിക്ക് തോന്നിയത്….
ആരോ വരുന്നുണ്ടല്ലോ…
അതും പറഞ്ഞവൾ തിണ്ണയിലേക്കൊന്നിറങ്ങി നിന്നു….
മുത്തശ്ശിയും അർജുനും പിറകിൽ തന്നെ നിൽക്കുന്നുണ്ട്……
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കടന്ന് വന്നതും ആ ആളേ കണ്ടൊരു നിമിഷം അഞ്ജലിയുടെ ശ്വാസം നിലച്ചു പോയിരുന്നു……
അരുണേട്ടൻ….
ഉള്ളിൽ നിന്നാരോ ഒരു തേങ്ങലിനകമ്പടിയോടെ പറയുന്നതായവൾക്ക് തോന്നി……
അവനും ഒരു നിമിഷം അവളെ തന്നെ നോക്കിയൊന്ന് നിന്ന് പോയി……
അവന്റെ ഭാവ മാറ്റം കണ്ടെന്ന വണ്ണം കൂടെയുണ്ടായിരുന്ന സുഗന്യ അവന്റെ കയ്യിലൊന്ന് തട്ടി…..
അവൾ വേഗം ഉമ്മറത്തു നിന്നും അകത്തേക്ക് നടന്നു…..
അർജുൻ അവരെയും അകത്തേക്ക് കയറി പ്പോകുന്ന അഞ്ജലിയെയും ഒന്ന് നോക്കി…….
അവരെ കണ്ടതും മുത്തശ്ശി മുഖം കനപ്പിച്ചിരുന്നത് അർജുൻ ശ്രദ്ധിച്ചിരുന്നു…..
അർജുൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞു….
ഇന്നലെ വരാൻ നിന്നതാ…. ഇപ്പഴാ ഒന്ന് കൂടിയത്….
സുകന്യ അത് പറഞ്ഞതും അർജുനൊന്ന് ചിരിച്ചു….
അരുൺ…..
അർജുൻ അവനെയൊന്ന് വിളിച്ചു കൈ കൊടുത്തു…
അവനും തിരികെ ഒന്ന് പുഞ്ചിരിച്ചു…..
മുത്തശ്ശി അവരുടെ രണ്ട് പേരുടെയും മുഖത്തേക്ക് നോക്കാതെ അങ്ങനെ ഇരിക്കുകയാണ്…..
നിനക്കറിയുമോ അർജുൻ….. ഈ അമ്മ വെറുതെ ദേഷ്യം പിടിച്ചിരിക്കുകയാണ്….
ഏതോ ഒരുത്തി …….
മതി……
സുകന്യ അത് പറഞ്ഞതും മുത്തശ്ശി അവർക്ക് നേരെ ശബ്ദമുയർത്തി…..
അഞ്ജലിയെ ഇനിയും ഒന്നിലേക്കും വലിച്ചിടാൻ താല്പര്യമില്ലെന്ന പോൽ…..
അർജുൻ ഒന്നും മിണ്ടാതെ ആ തിണ്ണയിലേക്കിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അടുക്കളയിലേക്ക് പോയ അഞ്ജലി അവർക്ക് കുടിക്കാൻ വെള്ളമെടുത് തുടങ്ങി…..
നാരങ്ങ പിഴിഞ്ഞതിലേക്ക് പഞ്ചസാരയിട്ടിളക്കുമ്പോഴും അവളുടെ മനസ്സ് പ്രയാസത്തിലായിരുന്നു….
വീട്ടിലെ സംഭവവും അരുണിനെ കണ്ട പ്രയാസവും എല്ലാം കൂടി അവളുടേ മനസ്സിനെ അസ്വസ്ഥമാക്കി….
എന്താണ് ദൈവമേ…. തനിക്ക് മാത്രം ഇങ്ങനെ…
എപ്പോഴും സങ്കടങ്ങൾ മാത്രം…..
അവളുടേ കണ്ണുകൾ താനേ നിറഞ്ഞു വന്നു…..
വെള്ളം രണ്ട് ഗ്ലാസുകളിലേക്ക് പകർത്തി അവൾ ഉമ്മറത്തേക്ക് നടക്കുമ്പോൾ സുകന്യ അർജുനുമായി സംസാരിക്കുന്നത് കേൾക്കാം…..
അവർ ചോദിക്കുന്നതി ന്റെയും അവൻ മറുപടി പറയുന്നതിന്റെയും ശബ്ദം മാത്രമേ കേൾക്കുന്നുള്ളു വെങ്കിലും അവിടെ യിരിക്കുന്ന അരുണേട്ടനെ തനിക്ക് വ്യക്തമായി കാണാം…..
എങ്ങനെ അവരുടെ മുമ്പിലേക്ക് പോകും എന്നറിയാതെ അവളങ്ങനെ വാതിൽ പടിയോട് ചാരി നിന്നു…..
അവരുടെ മുമ്പിലേക്ക് പോകാനുള്ള ശേഷി തനിക്കില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൾ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്നുരുകി…..
അപ്പോഴാണ് അവന്റെ കണ്ണുകൾ അവളിലേക്കൊന്ന് നീങ്ങിയത്……
അവൻ തന്നെ ലക്ഷ്യമാക്കി എഴുന്നേറ്റു വരുന്നതെന്തിനെന്ന് അവൾക്കൊരു നിമിഷം മനസ്സിലായില്ലെങ്കിലും കയ്യിൽ പിടിച്ചിരുന്ന ട്രേ അവൻ വാങ്ങിയപ്പോൾ വലിയൊരു ഭാരം തന്നിൽ നിന്നൊഴിഞ്ഞതായി അവൾക്ക് തോന്നി……
അവൾ അതിരറ്റ നന്ദിയോടെ അവനെ നോക്കി….
അവനത് കണ്ട ഭാവം നടിക്കാതെ സുകന്യക്കും അരുണിനുമായി വെള്ളം കൊടുത്തു…..
ആ ഒരു നിമിഷം മുത്തശ്ശിയും ഉള്ളിൽ നിറഞ്ഞു വന്നൊരു സന്തോഷത്തോടെ അവനെ നോക്കി….
മോനാണോ ഇതെല്ലാം കൊണ്ട് വരുന്നത്….. ഇവിടെയൊരു ജോലിക്കാരി പെണ്ണുണ്ടെന്ന് കേട്ടല്ലോ…..
സുകന്യ പുച്ഛത്തോടെ അത് പറയുമ്പോൾ മുത്തശ്ശി അവരെ അമർത്തിയൊന്ന് നോക്കി…..
വാതിലിനപ്പുറം നിന്ന് കേട്ടിരുന്ന അഞ്ജലി തല ചുമരിലേക്ക് ചാരി വെച്ചു….
ഹൃദയത്തിൽനിന്നും രക്തം കിനിയുന്നുണ്ട്..
അവർക്ക് താൻ വെറുമൊരു ജോലിക്കാരി പെണ്ണ് മാത്രമാണെന്ന് അവർ തന്നെ ഓർമപ്പെടുത്തുകയാവും ഒരു പക്ഷെ…..
അർഹിക്കാത്ത അത്രയും ആഗ്രഹിച്ചത് താനാണ്….
അവൾക്ക് സ്വയം പുച്ഛം തോന്നി…..
അവനത് ചെയ്‌തെന്ന് വെച്ച് അവന്റെ കൈ തളർന്നൊന്നും പോകത്തില്ല….
വീട്ടിൽ വരുന്നവരെ എങ്ങനെ സ്വീകരിക്കണമെന്ന് അവന് നന്നായറിയാം….
അതിനി എത്ര തെണ്ടികളാണെങ്കിലും…..
മുത്തശ്ശി ദേഷ്യത്തോടെ അത് പറഞ്ഞതും സുകന്യ അങ്ങ് ചൂളി പോയിരുന്നു….
അവർ അല്പം ദയനീയമായി അരുണിനെ നോക്കി…..
അവനും ആകെ നാണം കെട്ടത് പോലെ ഇരിക്കുകയാണ്…..
ഇരുവരും പിന്നീടൊന്നും പറയാതെ വെള്ളം കുടിച്ചു…
വെള്ളം കുടിച് കഴിഞ്ഞതും അവരുടെ സംസാരം വീണ്ടും തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് അവർ കുടിച്ച ഗ്ലാസുമായി അർജുൻ അകത്തേക്ക് കയറിയത് ……
അടുക്കളയിൽ എത്തിയപ്പോഴേ കണ്ടു ചുമരിൽ തല വെച്ച് അങ്ങനെ നിൽക്കുന്നവളെ….
ആ കണ്ണുകൾ ദുഖത്തിന്റെ ആഴിയിലേക്ക് കൂപ്പു കുത്തിയിട്ടുണ്ട്…..
മ്മ്ഹ്ഹ്….
അവൻ ഒന്ന് മുരടനക്കി…
അവൾ ഒരു ഞെട്ടലോടെ ചിന്തകളിൽ നിന്നുണർന്നു….
അവൻ ഗ്ലാസ് അവിടെ വെച്ച് തിരികെ നടക്കാൻ തുടങ്ങിയപ്പോഴാണ് അടുക്കളയിലേക്ക് വരുന്ന സുകന്യ യേ കാണുന്നത്…..
അവർ തന്നെ കുത്തി നോവിക്കാനുള്ള വരവാകുമെന്ന് അവളുഹിച്ചു……
മോനെ……. നിനക്ക് നല്ലതിന് വേണ്ടി പറയുവാ….
ആരെയും കണ്ണടച്ചങ് വിശ്വസിക്കരുത്…..
തറവാട്ടിൽ പിറന്ന പയ്യന്മാരെ കാണുമ്പോൾ ഇളക്കം വരുന്ന ചില പെണ്ണുങ്ങളുണ്ട്….
ഇവളെന്റെ മോനെ കണ്ണും കയ്യും കാട്ടി മയക്കിയെടുത്തവളാ….
കല്യാണം വരെ എത്തിച്ചു….
സുകന്യ അഞ്ജലിയെ നോക്കി ദേഷ്യത്തോടെ അത് പറയുമ്പോൾ തന്റെ ശ്വാസം നിലച്ചു പോയിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചിരുന്നു അന്നേരം ….
അവന്റെ മുമ്പിൽ തന്നെ അത്രയേറെ തരം താഴ്ത്തുമ്പോൾ അവന് തന്നോടുള്ള ദേഷ്യം കൂടുകയേ ഉള്ളുവെന്നും അവൾക്കറിയാമായിരുന്നു….
അവളൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു….
എന്റെ മോനല്പം ബുദ്ധി കാണിച്ചത് കൊണ്ടവൻ രക്ഷപ്പെട്ടു……
സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ ഇവൾ നിന്നെയും…..
അങ്ങനെ വരില്ല അമ്മായി….
സുകന്യ പറഞ് മുഴുവനാക്കും മുമ്പേ അർജുൻ ഒരു ചിരിയോടെ ഇടക്ക് കയറി പറഞ്ഞു…..
അവർ എന്തെന്ന അർത്ഥത്തിൽ അവനെയൊന്നു നോക്കി….
അവളും അവൻ തന്നെ കുറ്റപ്പെടുത്തി പറയുന്നത് കേൾക്കാൻ കഴിയാത്തത് പോലെ തല കുനിച്ചു തന്നെ നിൽക്കുകയാണ്…..
ഒരു പെൺകുട്ടിക് മോഹം കൊടുത്ത് മറ്റുള്ളവരുടെ വാകും കെട്ട് അതിനേക്കാൾ നല്ലതെന്ന് തോന്നി മറ്റൊരാളെ വിവാഹം കഴിക്കാൻ ഞാൻ അരുണല്ല…..
ഞങ്ങൾ തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്….
അവന്റെ അച്ഛൻ ജയ കൃഷ്ണ നാണ്…
എന്റച്ഛൻ മഹാദേവനും….
അവനത് പറയുമ്പോൾ സുകന്യ യുടെ ചിറി ഇളിഞ്ഞു പോയിരുന്നു….
അവനിതിനെ കുറിച്ചൊന്നും അറിയില്ലെന്ന് കരുതിയാണ് താനിതവനോട് പറഞ്ഞത് തന്നെ….. വേണ്ടായിരുന്നു… എന്നവർക്ക് സ്വയം തോന്നി…..
അർജുൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതിനി ആരൊക്കെ എതിർത്താലും അതിൽ നിന്ന് ജീവനുള്ളിടത്തോളം പിന്മാറില്ല…..
സ്നേഹിച്ച പെണ്ണിനെ കെട്ടാൻ മാത്രം ചങ്കുറപ്പ് ഇന്നെനിക്കുണ്ട്……
അവന്നതും കൂടി പറഞ് നിർത്തുമ്പോൾ സുകന്യ യേ പോലെ തന്നെ അഞ്‌ജലിയും ഞെട്ടിയിരുന്നു…..
അവനിതൊന്നും അറിയില്ലെന്നാണ് താനും കരുതിയിരുന്നത്….
എന്നാൽ അവൻ തന്റെ ഭാഗം നിന്ന് സംസാരിച്ചപ്പോൾ അത് വരെ കുന്ന് കൂടി കിടന്നിരുന്ന അത്രയും പ്രയാസം അലിഞ്ഞു പോയത് പോലെ അവൾക്ക് തോന്നി….
ഒരു പക്ഷെ ഇതെല്ലാം മംഗലത്തമ്മ പറഞ്ഞറിഞ്ഞതാവുമെന്ന് അവളുഹിച്ചു…..
സുകന്യ അതേ ചളിഞ്ഞ മുഖത്തോടെ അങ്ങനെ നിൽക്കുമ്പോൾ അർജുൻ പിന്നീടൊന്നും പറയാതെ ഉമ്മറത്തേക്ക് നടന്നു…..
അവൻ പോയതും അഞ്ജലിയെ ദേഷ്യത്തോടെ ഒന്ന് തറപ്പിച്ചു നോക്കിയവർ….
നീ വല്ലാത്തെ നെഗളിക്കേണ്ടേടി…. എന്റെ മോനെ എല്ലാവരും പറയുന്നതിന്റെ കാരണക്കാരി നീയാ….
അതും പറഞ്ഞു നിറഞ്ഞു വന്ന അമർഷത്തോടെ അവളുടേ കയ്യിലൊന്ന് നുള്ളി അവർ അടുക്കളയിൽ നിന്ന് പോകുമ്പോൾ അവളുടേ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ നുള്ളിയ ആ പാടിലേക്കിറ്റി വീണു…..
(തുടരും)

by