Karimizhi

The World of Malayalam Stories

Malayalam short stories

കണ്ണന്റെ നിഷ്കളങ്കതയും വേദനയും



അമ്മാ എന്താ അമ്മടെ വയറ്റിൽ വേറെ കുഞ്ഞാവ ഉണ്ടാകാത്തത്. എനിക്ക് കളിക്കാൻ കൂട്ടിനാരുമില്ലമ്മ.

 

കണ്ണന്റെ നിഷ്കളങ്കതയും വേദനയും ലയയുടെ മനസ്സിനെ കുത്തി നോവിച്ചു.

 

ശെരിയാണ് കണ്ണൻ പറയുന്നത്. അവനു ആറു വയസായി. ഇതുവരെ അവൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

 

നിറകണ്ണുകൾ ദീപക്കിന് നേരെ നീണ്ടപ്പോൾ ആയാളും കുറ്റബോധത്താൽ തലതയ്ത്തി.

 

കണ്ണൻ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീഴുന്നത് നോക്കി ലയ ഇരുന്നു.

 

ഒരുപാടു വർഷങ്ങൾക് ശേഷം അവൾ മനമുരുകി എല്ലാ ദൈവങ്ങളെയും വിളിച്ചു.

 

കണ്ണന്റെ മുടിയിഴകളെ തഴുകുമ്പോൾ അവൾ അവന്റെ കുഞ്ഞുമനസിന്റെ നൊമ്പരങ്ങൾ ഓർക്കുകയായിരുന്നു.

 

സ്കൂൾ വിട്ടുവന്നാൽ ഫ്ളാറ്റിലെ ഏകാന്തതയിൽ തളച്ചിടപ്പെടുകയാണവൻ.

 

താനും ദീപകും ഓഫീസിൽ നിന്നെത്തുമ്പോയേക്കും രാധചേച്ചി പണിതീർത്തു അവനുള്ള കൂട്ടിരിപ്പും മതിയാക്കി പോകാൻ റെഡിയായി നിൽക്കുന്നുണ്ടാകും.

 

ജോലിയും സ്‌ട്രെസും കാരണം താനും ദീപകും ടയേഡ് അയിട്ടാകും വരുക. പലപ്പോഴും അവനൊപ്പം കളിക്കാനോ വിശേഷങ്ങൾ പങ്കുവെക്കാനോ കഴിയാറില്ല.

 

ഒന്നാം ക്ലാസുകാരന്റെ ഹോം വർക്കുകൾ താൻ അറിഞ്ഞിട്ടേയില്ല. അവന്റെ റൂമിൽ അവൻ സ്വയം ഒതുങ്ങികൂടിയിടുണ്ടാകും പല രാത്രികളിലും.

 

കൂടെ കിടത്തി കഥകൾ പറഞ്ഞും നെറുകിൽ തലോടിയും നെറ്റിയിൽ ഉമ്മവെച്ചും ഉറക്കേണ്ട ബാല്യം തങ്ങൾ രണ്ടും തിരക്കുകൾക്കിടയിൽ മനഃപൂർവം മറന്നതാണ്.

 

കാലത്ത് 7 മണിക്ക് രാധേച്ചി എത്തും. അവനുള്ള പാലുമായി അവരാണ് അവനെ ഉണർത്താറു. എട്ടുമണിക് ഓഫീസിലേക്ക് പുറപ്പെടേണ്ടതുകൊണ്ട് കണ്ണനു ബ്രേക്ഫാസ്റ് കൊടുക്കാനോ കുളിപ്പിച്ചു റെഡിയാക്കാനോ സ്കൂൾ ബസിൽ കയറ്റിവിടാനോ തങ്ങൾ രണ്ടാൾക്കും സമയം ഉണ്ടാകാറില്ല.

 

അവൻ ഉണ്ടായി മൂന്നാം മാസം മുതൽ താൻ ജോലിക്ക് ലീവ് തീർന്നു തിരികെ ജോയിൻ ചെയ്തിരുന്നു. അന്നുമുതൽ രാധേച്ചിയാണ് അവനു കൂട്ടു.

 

മകന്റെ വളർച്ചയെ താൻ അറിഞ്ഞിരുന്നില്ല. മൂന്നാമത്തെ വയസുമുതൽ പ്ലേ സ്കൂളിൽ വിട്ടു. ഒരുകണക്കിന് ഒരു ഉത്തരവാദിത്വം തീർത്ത സമാധാനം ആയിരുന്നു.

 

ഒഴിവു കിട്ടുന്ന ഞായറാഴ്ചകൾ അവനെ കൂട്ടി പുറത്ത് പാർക്കിലോ ബീച്ചിലോ പോയ ഓർമ്മപോലും ഇല്ല. കല്യാണങ്ങളോ പാർട്ടികളോ ഉണ്ടെങ്കിൽ പോകും. അതല്ലാതെ അവനുമാത്രം ആയി ഒന്നും ഇല്ല.

 

ഓരോന്നും ഓർകുംതോറും ലയയുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.

 

…………………………………………………………………..

 

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക് ഒന്നിനും സമയമില്ലാതെ ഓടിക്കൊണ്ടിരുന്ന താനും ദീപക്കും കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണന്റെ അരുകിൽ ആണ്. സ്കൂളിൽ നിന്നുള്ള കോൾ കണ്ടപ്പോൾ പതിവുപോലെ തലവേദന ആണെന്ന് പറഞ്ഞു ക്ലാസിൽ കിടന്നുറങ്ങുന്ന പരാതി ആകുമെന്നാണ് കരുതിയത്.

 

ആരവ് സ്കൂളിൽ ഒന്ന് കുഴഞ്ഞുവീണു എന്നുള്ള ടീച്ചറുടെ വാക്കുകൾ ആദ്യമായി മകനെ പറ്റിയുള്ള ഭയം ഉള്ളിൽ നിറച്ചു.

 

ദീപക്കിനെ വിളിച്ചു വിവരം അറിയിച്ചു ഹോസ്പിറ്റലിൽ എത്തുമ്പോൾ ഡോക്ടർ തങ്ങളെ കാത്തിരിക്കുക ആയിരുന്നു.

 

അവന്റെ കുഞ്ഞു തലയ്ക്കുള്ളിൽ ട്യൂമർ വളരുന്നുണ്ടെന്നത് വിശ്വസിക്കാൻ മനസ്സനുവദിച്ചില്ല. ഓപ്പറേഷൻ റിസ്കാണ് എങ്കിലും ചീഫ് സർജന്റെ നിർദ്ദേശത്തോടെ ഓപ്പറേഷന് ഡേറ്റ് ഫിക്സ് ചെയ്തു.

 

ഞങ്ങൾ ഇരുവരും അവനൊപ്പം മാറാതെ നിൽക്കുകയാണ്.

 

………………………………………………………………

 

അവനിഷ്ടമുള്ള ഭക്ഷണം നൽകിക്കോളാൻ ഡോക്ടർ പറഞ്ഞപ്പോൾ ആദ്യം താൻ ഒന്ന് അന്ധാളിച്ചു.

 

തന്റെ കുഞ്ഞിന്റെ ഇഷ്ടഭക്ഷണം പോലും തനിക്കറിയില്ല. അമ്മ എന്ന നിലയിൽ താൻ ഒരു പൂർണ പരാജയം ആണെന്ന് തിരിച്ചറിയുക ആയിരുന്നു.

 

രാധേച്ചി അവനു ഇലയടയും നെയ്യപ്പവും അടപ്രഥമനുമായി വന്നപ്പോളാണ് തന്റെ കുഞ്ഞിന്റെ ഇഷ്ടങ്ങൾ തന്നെക്കാൾ വീട്ടുജോലികാരിക് ആണ് അറിയുന്നതെന്ന് മനസിലാക്കാൻ വൈകിപ്പോയി.

 

എനിക്ക് മതി രാധമ്മേ….എന്ന് പറഞ്ഞവൻ കൊഞ്ചിയപ്പോൾ ദീപക്കും താനും ഒരുപോലെ അവരെ രണ്ടാളെയും നോക്കി.

 

എത്ര സ്നേഹത്തോടെ അവൻ അവരെ രാധമ്മേ എന്നു വിളിച്ചു.

 

ആരവ് എന്ന തങ്ങളുടെ മകന് കണ്ണൻ എന്ന ഓമന പേരിട്ടത് രാധേച്ചിയാണ്.

 

ആദ്യമായാണ് കണ്ണൻ ഇത്ര കൊഞ്ചലോടെ സംസാരിക്കുന്നത് കേൾക്കുന്നത്. തങ്ങളിരുവരോടും അവൻ ഒന്നും ആവശ്യപ്പെടാറില്ല. കൊടുക്കുന്നത് എന്തായാലും മിണ്ടാതെ കഴിച്ചെണീറ്റു പോകും.

 

അവൻ അങ്ങനെ ആകുമെന്നാണ് ഞങ്ങളിരുവരും കരുതിയത്.

 

പക്ഷെ തിരിച്ചറിവുകൾ വൈകിയാണ് ഉണ്ടായത്.

 

അവനും കുസൃതിയും കൊഞ്ചലും കളി ചിരികളും ഉള്ള ഒരു ആറു വയസുകാരനാണെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയും ആണെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് തോന്നി.

 

………………………………………………………………….

 

ഇന്നവന്റെ ആവശ്യം ഒരു കുഞ്ഞനിയനോ അനിയത്തിയോ ആണ്.

 

പക്ഷെ കണ്ണൻ ഉണ്ടായി ഒരു വര്ഷമായപ്പോൾ അപ്രതീക്ഷിതമായി വീണ്ടും ഗർഭം ധരിച്ചപ്പോൾ അതൊഴുവാക്കുകയും പ്രസവം നിർത്തുകയും ചെയ്തു.

 

അന്ന് ജോലിയും അന്തസും ഒക്കെ ആയിരുന്നു പ്രേശ്നങ്ങൾ.

 

ഇന്നിപ്പോൾ താനും ആഗ്രഹികുനുന്നുണ്ട് കണ്ണനൊരു കൂട്ടു.

 

അവൻ ജീവിതത്തിൽ ആദ്യമായി ആവശ്യപ്പെട്ടത് തനിക്കൊരു കൂടപ്പിറപ്പിനെ ആണ്.

 

പക്ഷെ അതുപോലും അവനു നൽകാൻ കഴിയാത്ത പാഴ്ജന്മങ്ങൾ ആണ് തങ്ങൾ.

 

അവനു കിട്ടാതെപോയ സ്നേഹവും കരുതലും നൽകി അവനൊരു വല്യേട്ടനായി മാറുമായിരുന്നു ഒരുപക്ഷെ.

 

…………………………………………………………………..

 

ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുമ്പോൾ എന്നെയും ദീപകിനെയും കാണാൻ ഉള്ള ആഗ്രഹത്തെക്കാൾ അവനു രാധേച്ചിയെ കാണാൻ ആയിരുന്നു ആഗ്രഹം . അവർ അവന്റെ കൈപിടിച്ചു മെല്ലെ പറഞ്ഞു…..

 

രാധമ്മേടെ കണ്ണൻ കുട്ടൻ പോയി വേഗം വരണം. രാധമ്മേടെ വയറ്റിൽ ഒരു കുഞ്ഞു വാവയുണ്ടാകും അപ്പോ കുഞ്ഞാവയെ കാണണ്ടേ കുട്ടനു? അസുഖമൊക്കെ മാറി വേഗം വരണംട്ടോ.

 

അതുപറഞ്ഞവർ അവന്റെ നെറുകിൽ മുത്തുമ്പോൾ ആ കുഞ്ഞു കണ്ണുകളിൽ കണ്ട തിളക്കം പ്രതീക്ഷയുടെയാണെന്ന ഉൾപുളകത്താൽ ഞാനെന്ന അമ്മയും ദീപക് എന്ന അച്ഛനും കണ്ണന്റെ രാധമ്മയ്ക് മുന്നിൽ കൈകൾ കൂപ്പി….

 

ഭർത്താവ് മരിച്ച രാധേച്ചി കണ്ണനെ മകനായി കാണുന്നത് കൊണ്ടുതന്നെയാണ് അവനുവേണ്ടി താൻ അവരുടെ ഗർഭപാത്രം വാടകയ്ക്കു ആവശ്യപ്പെട്ടത്. മറുപടി പറയാതെ പോയപ്പോൾ നിരാശ ആയിരുന്നു.

 

പക്ഷെ തന്റെ മകനെ മറ്റാരേക്കാളും അവരാണ് സ്നേഹിച്ചത് എന്നുള്ളതിന് തെളിവാണ് അവനായി അവർ നൽകിയ സമ്മതം. ആ അമ്മ മനസോളം തന്റെ മനസിന്‌ വലുപ്പം പോരായിരുന്നു എന്നുള്ള തിരിച്ചറിവ് ഭാവിയിൽ സ്നേഹം കൊണ്ട് തിരുത്തപ്പെടണം എന്ന ആഗ്രഹത്തോടെ കണ്ണന്റെ വരവിനു കാത്തു ലയ ഇരുന്നു.

LEAVE A RESPONSE