17/04/2026

കല്യാണിക്കുട്ടി : ഭാഗം 03

കല്യാണിക്കുട്ടി : ഭാഗം 03 [രചന – അളകനന്ദ]

ഓരോ പുലരി ഉണരുമ്പോഴും വല്ലാത്തൊരു ഉത്സാഹമാണ് കുമാരേട്ടന്റെ കടേലേക്ക് പാൽ എത്തിക്കാൻ…. തിരികെ വരുമ്പോ ശബ്ദം കേട്ടില്ലയെങ്കിലും കുളക്കടവ് വരെ പോയി നോക്കണത് പതിവായി. പ്രതീക്ഷിച്ചത് കാണാതാവുമ്പോ ഉത്സാഹമെല്ലാം കെടും. പക്ഷേ അരുണേട്ടനിൽ നിന്ന് വരുന്ന ഓരോ കാര്യങ്ങൾക്കും കാത്തിരിക്കും. അതിൽ പപ്പൻ എന്നുള്ള പേര് അടങ്ങുന്നുണ്ടോ എന്നറിയാൻ………

“”പറയാനുള്ളത് ഞാൻ പറഞ്ഞു. ഇത്ര നല്ലൊരു തറവാട്ടിൽ നിന്നൊക്കെ ആലോചന വരുകാന്നു പറഞ്ഞ അത് ഭാഗ്യ…. “” ഞാനും വരുണേട്ടനും സന്ധ്യക്ക് അടുത്തുള്ള അമ്പലത്തിൽ പോയിട്ട് വരുമ്പോഴാണ് വല്യമ്മേടെ ഉച്ചത്തിലുള്ള സ്വരം മുറ്റം വരെ കേൾക്കുന്നത്. വരുണേട്ടനും ഞാനും പരസ്പരം നോക്കിയിട്ട് അകത്തേക്ക് കേറി. അരുണേട്ടൻ മേശമേൽ കൈമുട്ട് കുത്തി തലയ്ക്കു കൈ കൊടുത്തിരുപ്പുണ്ട്. എതിരെ വല്യഛനും. വല്യമ്മ അടുക്കളയിലോട്ട് കയറുന്ന വാതിലിന്റെ കട്ടിളപ്പടിയിൽ ചാരി നിൽക്കുന്നു.

“”തറവാടും സ്വത്തും മാത്രം നോക്കിയ മതിയോ….?? ഒരു ഭ്രാന്തൻ ചെക്കന്റെ കയ്യിൽ പിടിച്ചേൽപ്പിക്കാൻ?? നമുക്ക് പണ്ടേ അറിയാവുന്ന ചെക്കനൊക്കെ തന്നെയാ… എന്നാലും ഇപ്പോഴത്തെ അവസ്ഥ കൂടി ആലോചിക്കണ്ടേ?? “” വല്യച്ഛന്റെ ശബ്ദത്തിൽ ദേഷ്യവും സങ്കടവുമൊക്കെ നിറഞ്ഞുനിന്നിരുന്നു. പറഞ്ഞവസാനിപ്പിക്കുമ്പോൾ അരുണേട്ടനെയും നോക്കി. ഏട്ടൻ തല കുമ്പിട്ടു തന്നെയാണ് ഇരുപ്പ്. കാര്യങ്ങളുടെ കിടപ്പ് വശം വച്ചു എനിക്കുള്ള കല്യാണലോചനയാണ് വിഷയം എന്ന് മനസിലായി.

“”കല്യാണം കഴിയുമ്പോൾ അതൊക്കെ അങ്ങ് മാറിക്കോളും. ഭ്രാന്ത് എന്നൊന്നും പൂർണമായും പറയനൊക്കുകേലല്ലോ….. ദേഹോപദ്രവം ഒന്നും ഇതുവരെ ചെയ്ത അറിവുമില്ല. “” “”ഒന്ന് നിർത്തുന്നുണ്ടോ നീ… എന്റെ ഏട്ടന്റെ മോളായിട്ടാണ് ജനിച്ചതെങ്കിലും അവളെന്റെ മോളാ….. ഒരു പരീക്ഷണ വസ്തുവാക്കാൻ ഞാൻ സമ്മതിക്കുകേലാ….. “” വല്യമ്മ പറഞ്ഞതിനെ വല്യച്ചൻ ശക്തമായി എതിർക്കുകയാണ്.

“”മതി നിർത്ത് ! അപ്പച്ചിയമ്മ പറഞ്ഞൊരു കാര്യം ഞാനിവിടെ വന്നു പറഞ്ഞു. ബ്രഹ്മമംഗലത്തെ പപ്പന്റെ പെണ്ണായിട്ട് നമ്മടെ കല്ലുനെ കൊടുക്കുവോന്ന്. അവളുടെ അഭിപ്രായമാ ആദ്യം അറിയണ്ടത്. അതിനു മുന്നേ… “” അരുണേട്ടൻ അത്രയും പറഞ്ഞു നോക്കിയപ്പോഴാണ് വാതിൽക്കൽ എന്നെ കണ്ടത്. പിന്നൊന്നും മിണ്ടാതെ മൂന്നു പേരും മൂന്നു വഴിക്ക് പോയി. എന്റെ തോളിലൊന്നു തട്ടി കണ്ണടച്ച് ആശ്വസിപ്പിച്ചു വരുണേട്ടനും…. അവിടെ തന്നെ തറഞ്ഞു നിൽക്കാനേ എനിക്ക് ആയുള്ളൂ.. *ബ്രഹ്മമംഗലത്തെ പപ്പന്റെ പെണ്ണ് *ഏട്ടന്റെ വാക്കുകൾ ഓർത്തു. അടിവയറ്റിൽ മഞ്ഞു വീണ സുഖം. *ഒരു ഭ്രാന്തൻ ചെക്കന്റെ കയ്യിൽ പിടിച്ചേൽപ്പിക്കാൻ പറ്റോ?? *വല്യച്ഛന്റെ വാക്കുകൾ അതിനു മേൽ വന്നു വീണപ്പോ ചെറിയൊരു നീറ്റൽ.

‘ഭ്രാന്തന്റെ പെണ്ണ് ‘. വൈകിട്ട് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ എല്ലാരും മൗനമായിരുന്നു. കിടക്കാൻ റൂമിൽ ചെന്ന് ബെഡ് വിരിച്ചോണ്ടിരുന്നപ്പോൾ ഏട്ടൻ അകത്തേക്ക് വന്നു. എന്നോട് കട്ടിലിൽ ഇരിക്കാൻ കൈ കാണിച്ചിട്ട് അവിടെ കിടന്ന ചെയർ വലിച്ചിട്ട് ഏട്ടനും ഇരുന്നു.

“”മോളെ.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് “”തല കുനിച്ചു അല്പം മടിച്ചു മടിച്ചാണ് മിണ്ടുന്നത്. “”ഏട്ടന് എന്തുണ്ടേലും എന്നോട് പറയാലോ… പിന്നെന്തിനാ ഈ മുഖവുര? “”പറയാൻ പോകുന്നതിനെക്കുറിച്ചു എനിക്ക് ഏകദേശ ദാരണ ഉണ്ടായിരുന്നു. “”നീ കേറി വന്നപ്പോ കേട്ട സംഭവത്തെക്കുറിച്ച..”” ഏട്ടൻ അല്പം കൂടി ഗൗരവത്തോടെ പറഞ്ഞു തുടങ്ങി

“”അന്ന് നമ്മൾ പോയില്ലേ ബ്രഹ്മമംഗലം അവിടുത്തെ പപ്പനു വേണ്ടി നിന്നെ പെണ്ണാലോചിച്ചു. അപ്പച്ചിയമ്മക്ക് നിന്നെ ഒരുപാടിഷ്ടായി . അവിടുത്തെ അച്ഛനോട് പറഞ്ഞപ്പോ എന്നോടൊന്നു ചോദിക്കാൻ പറഞ്ഞു. അപ്പച്ചിയമ്മയാണ് എന്നോട് ചോദിച്ചത്. അതിവിടെ പറഞ്ഞപ്പോ നടന്ന കോലാഹലമാ നീ കണ്ടത്. “” ഞാൻ ഏട്ടന്റെ കണ്ണുകളിൽ തന്നെ ഉറ്റുനോക്കിയിരുന്നു.

“”പപ്പനെക്കുറിച്ചു കുറച്ചൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.നീ അറിയാത്ത കാര്യങ്ങളുമുണ്ട്. ഇതു നിന്നോടിപ്പോ പറയണത് എന്തിനാച്ച കേട്ടശേഷം തീരുമാനം എടുക്കേണ്ടത് നീയാണ്. നിന്റെ ജീവിതമാണ്. എന്തുതന്നെ ആയാലും ഏട്ടൻ കൂടെയുണ്ട്. അച്ഛന്റെയും അമ്മയുടെയും അഭിപ്രായം അവർ പറഞ്ഞന്നേ ഒള്ളൂ. അച്ഛനാണ് നിന്നോടിതൊക്കെ പറയാൻ എന്നെ പറഞ്ഞയച്ചത്. “”
വല്യച്ഛൻ പറഞ്ഞ വാക്കുകലാണ് ഓർമ വന്നത് .

“”പപ്പനു ഇപ്പോ കൂടെ ഒള്ളത് അവന്റെ അച്ഛനും അദ്ദേഹത്തിന്റെ പെങ്ങളുമാ. അപ്പച്ചിയമ്മ വിവാഹം കഴിച്ചിട്ടില്ല. പപ്പനു അമ്മ ഇല്ലടാ. മരിച്ചു…… ആത്മഹത്യാ ആയിരുന്നു. “”പറയുമ്പോൾ ഏട്ടന്റെ വിഷമം ആ ശബ്ദത്തിൽ നിന്ന് വ്യക്തമായിരുന്നു. എനിക്കും കേട്ടപ്പോൾ നെഞ്ചിൽ ഒരു നോവ് വന്നു. “”അമ്മ ആയിരുന്നു അവനെല്ലാം. ആൺകുട്ടികൾക്ക് പ്രത്യേകിച്ച് അമ്മമാരോട് ആണല്ലോ അടുപ്പ കൂടുതൽ. അച്ഛൻ ആ സമയമൊക്കെ ഒരു കർക്കശക്കാരന്റെ മൂടി അണിഞ്ഞു നടന്നു. ഊണിലും ഉറക്കത്തിലുമെല്ലാം അവനു അമ്മ കൂടെ വേണമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്തും അവനു ചോറ് വാരിക്കൊടുക്കുന്നത് കാണുമ്പോൾ ഞങ്ങളെല്ലാം കളിയാക്കുമായിരുന്നു. അപ്പോഴും ഒരു പിടി ചോറ് സ്വന്തം അമ്മ തന്ന കാലത്തിനായ് ഓർമ്മകൾ പിന്നിലേക്ക് പോകും. “” മുഖത്ത് ഒരു പുച്ഛവും വിശാദവും കൂടിയ ചിരിയുണ്ടായിരുന്നു. ശരിയാണ്. വല്യമ്മക്ക് സ്നേഹം ആരോടുമില്ലന്ന് തോന്നാറുണ്ട്. സ്വന്തം മക്കളോടു പോലും.

“”ഉറങ്ങാൻ അമ്മയുടെ മടിത്തട്ട് വേണമായിരുന്നു. ഞങ്ങൾ കോളേജ് ഒക്കെ പഠിച്ചിറങ്ങിയ കാലത്ത് ഒരിക്കൽ അവന്റെ വീടിനടുത്തുള്ള മൈതാനത്ത് കളികഴിഞ്ഞൊരു വൈകുന്നേര സമയത്ത് വീട്ടിലേക്കു കയറി ചെന്നപ്പോളാ ആ കാഴ്ച കണ്ടത്. ആളും അനക്കവും കാണാതെ വന്നപ്പോ ചുറ്റും നോക്കി. അടുക്കള വാതിൽ തുറന്നു കിടക്കുന്ന കണ്ടു തൊടിയിലേക്ക് ചെന്നു. മരത്തിമ്മേൽ തൂങ്ങിയാടുന്ന അവന്റെ അമ്മയെയാണ് ഞങ്ങൾ കാണുന്നത്. പപ്പന് അതൊരു വലിയ ഷോക്കായിരുന്നു. കൊറേ നേരം ആ കാഴ്ചകണ്ടവൻ നിശ്ചലനായ് നിന്നു.പിന്നെ അലമുറയിട്ട് ആർത്തു അലറി വിളിച്ചു കരഞ്ഞു. കണ്ണൊക്കെ ചുവന്നു,, തലമുടിയെല്ലാം കൊരുത്ത് വലിച്ചു,, ഞരമ്പുകൾ ഒക്കെ വലിഞ്ഞു മുറുകി,, കണ്ടാൽ തന്നെ പേടിച്ചു പോകുന്ന ഭാവമായിരുന്നു. ചിത കത്തിയെരിയുമ്പോഴുമെല്ലാം അവൻ അതേ അവസ്ഥയിൽ തന്നെയായിരുന്നു. പിന്നീടവൻ കൊറേ നാളേക്ക് മുറി വിട്ടു വെളിയിൽ ഇറങ്ങിയിട്ടില്ല. പിന്നെ പിന്നെ പെരുമാറ്റത്തിലൊക്കെയും ആകെ മാറ്റം വന്നു.

മനസ്സിന്റെ താളം തെറ്റി…. അമ്മ മരിച്ചിട്ടില്ലന്ന രീതിയും,, തനിച്ചിരുന്നുള്ള സംസാരവും,, കൊച്ചു കുട്ടികളെപ്പോലെയുള്ള കാട്ടിക്കൂട്ടലും…….. “” ഏങ്ങലടിച്ചു കരയുന്ന ഏട്ടനെ ആശ്വാസത്തിനെന്നോണം തോളിൽ തട്ടി കൊടുത്തു. കരച്ചിലിനു ശമനം വന്നപ്പോ ഏട്ടൻ തന്നെ പറഞ്ഞു തുടങ്ങി. “”അവനിപ്പോ പഴയ അമ്മക്കുട്ടിയാ…. മനസുകൊണ്ട് അവന്റെ ചെറുപ്പകാലത്തിൽ……. അപ്പച്ചിയമ്മ അവനെ പൊന്നു പോലെ നോക്കുന്നുണ്ട്. അന്ന് നമ്മൾ ചെന്നതിന് ശേഷം പലപ്പോഴും നിന്റെ പേര് പറഞ്ഞോണ്ട് നടക്കുമത്രേ…. അവനു ചെറിയ മാറ്റം വന്നപോലെ. അമ്മയെക്കുറിച്ചു പറയുമ്പോൾ ഒള്ള അതേ സന്തോഷം * കല്യാണിക്കുട്ടി *എന്ന പേര് പറയുമ്പോഴുമുണ്ടെന്നാ അപ്പച്ചിയമ്മ പറയണേ… നിന്നെ കൊണ്ട് അവനെ മാറ്റിയെടുക്കാൻ സാധിക്കുമെന്നും. അത് അന്ന് അവന്റെ പെരുമാറ്റം കണ്ടപ്പോൾ എനിക്കും തോന്നി.

മോള് പപ്പനെ വിവാഹം കഴിക്കാൻ വേണ്ടിയല്ല ഏട്ടൻ പറഞ്ഞത്. പക്ഷേ,,, നീയിതൊക്കെ അറിയണമെന്ന് തോന്നി. തീരുമാനം നിന്റേത….അതെന്ത് തന്നെയായാലും ഏട്ടന് സന്തോഷം. നീയും പപ്പനും എനിക്ക് ജീവനാ… “” കവിളിൽ തട്ടി ഏട്ടൻ മുറി വിട്ടിറങ്ങിയപ്പോൾ മനസ്സാൽ ഞാൻ ബ്രഹ്മമംഗലത്തേക്കൊന്നു എത്തി നോക്കിയിരുന്നു. പപ്പേട്ടന്റെ കല്യാണിക്കുട്ടിയാകാൻ ഏറെ കൊതിക്കുന്നുണ്ടായിരുന്നു. ഒരു ഭാര്യയേക്കാളുപരി ഒരമ്മയായ് ചോറ് വാരി ഊട്ടാനും മടിയിൽ തലചായ്ച്ച് ഉറക്കാനും ഒരുപാട് ആശ തോന്നി. അതേപോലെ വല്യച്ഛന്റെ അഭിപ്രായം എന്താകുമെന്നോർത്ത് ഒരാധി വന്നെന്നെ പൊതിഞ്ഞിരുന്നു. വരുണേട്ടനും എന്റെ തീരുമാനത്തോടൊപ്പം ഉണ്ടാകുമെന്നറിയാം . എന്നെ ഒരു ഭ്രാന്തന്റെ കയ്യിൽ പിടിച്ചേൽപ്പിക്കുന്നതിന്റെ മനസംതൃപ്തിയാണ് വല്യമ്മയിൽ കണ്ടതെന്ന് മനസിലാക്കാൻ അധികം ചിന്തിക്കേണ്ടിയിരുന്നില്ല. പക്ഷേ,, ആ ഭ്രാന്താണ് എന്നെ അത്രമേൽ ആകർഷിച്ചതെന്ന് ആർക്കുമറിയില്ലല്ലോ.

തേജസോടെയുള്ള ആ മുഖവും,,, ആരെയും മയക്കുന്ന ചിരിയും,,,, അതിൽ പൂവിടുന്ന ഇടത്തെ കവിളിലെ ഒറ്റമന്ദാരവുമായിരുന്നു,,, നിദ്രയെ പുൽകുമ്പോഴും കണ്ണുകളിൽ പൂത്തുനിന്നിരുന്നത്. പിറ്റേന്ന് തന്നെ എന്റെ തീരുമാനം അറിയിച്ചപ്പോൾ വല്യച്ഛൻ തലയിൽ തലോടി “”നല്ലതു മാത്രം വരട്ടെ.. “”എന്നനുഗ്രഹിച്ചു. അരുണേട്ടനെ നോക്കിയപ്പോ ഒന്നുമില്ലന്നുള്ള രീതിയിൽ കണ്ണു രണ്ടും ചിമ്മി കാട്ടി. ബ്രഹ്മമംഗലത്ത്‌ അറിയിച്ചതും ജാതകപ്പൊരുത്തം നോക്കിയതും മുഹൂർത്തം കുറിപ്പിച്ചതുമെല്ലാം വേഗത്തിലായിരുന്നു. പെണ്ണുകാണലും മോതിരമാറ്റവും ഒന്നും തത്കാലം ഇല്ലാതെ,,, കല്യാണം നടത്താം എന്ന പപ്പേട്ടന്റെ അച്ഛന്റെ അഭിപ്രായത്തോടു വല്യച്ഛൻ പാതി മനസ്സോടെയാണ് സമ്മതം മൂളിയത്. എന്റെ കല്യാണം ഏട്ടന്മാരുടേതിനെക്കാൾ ഗംഭീരമായിട്ട് നടത്തണം എന്ന് വല്യച്ഛൻ ഇടയ്ക്കിടെ പറയുമായിരുന്നു.

വരുണേട്ടൻ തലങ്ങും വിലങ്ങും നിന്ന് കളിയാക്കുന്നുണ്ട്. കല്യാണ ദിവസത്തോടടുക്കും തോറും വെപ്രാളം കൂടി വരുന്നുണ്ട്. ഏട്ടന്മാരെയും വല്യച്ഛനെയുമൊക്കെ വിട്ടു,,,, ഭാര്യയായി,, ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിലുപരി പപ്പേട്ടൻ…….. ആ പേര് പോലും എന്നിൽ ഒരനുഭൂതി നിറക്കാൻ ഉതകുന്നതായിരുന്നു. അതൊരിക്കലും സഹതാപത്തിന്റെ പേരിൽ ഉള്ളതല്ല. അരുണേട്ടൻ പറഞ്ഞറിയുന്ന പപ്പനെക്കാൾ മുന്നേ മുഖം പോലും കാണാതെ,,,, ആ വ്യക്തി എന്നിൽ തിരയിളക്കം സൃഷ്ടിച്ചതാണ്.