17/04/2026

ഇടറാതെ : ഭാഗം 04

രചന – ഐഷ്മ ശ്രീജിത്ത്

മ്മു അമ്മാവന്റെ കൂടെ വീട്ടിലേക് പുറപ്പെട്ടു. അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു അവരുടെ പ്രതികരണം ഓർത്തിട്ട്. അച്ഛൻ ജോമോനോട് ചോദിച്ചു കാണുമോ, അവര് തമ്മിൽ എന്തേലും പ്രശ്നം ഉണ്ടായി കാണുമോ, അതോ അച്ഛനും അമ്മയും എന്നെ വഴക്ക് പറയുമോ എന്നൊക്ക പല വിധത്തിലായി അവളുടെ ചിന്തകൾ. അമ്മു വീട്ടിലേക് ചെന്നു കേറിയപ്പോൾ, അവളുടെ അച്ഛൻ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.അവൾ വീട്ടിലേക്ക് കാലെടുത്തു വെച്ചതും അച്ഛൻ പറഞ്ഞു “അച്ഛനെയും അമ്മയെയും എല്ലാവരുടെയും മുന്നിൽ നാറ്റിച്ചപ്പോൾ നിനക്ക് സമാധാനം ആയോടി കുരുത്തം കെട്ടാതെ.” അമ്മുവിനോട് ദേഷ്യത്തോടെ അച്ഛൻ ചോദിച്ചു. അമ്മു ഞെട്ടിപ്പോയി.ഞാൻ ഇത്രക്ക് വലിയ എന്ത് തെറ്റാണ് ചെയ്തത് എന്ന് മനസ്സിലാവുന്നില്ല.

അമ്മയെയും അച്ഛനെയും ഞാൻ എങ്ങനെ നാണംകെടുത്തിയെന്ന പറയുന്നേ എന്നൊക്കെ ചിന്തിച്ചു അമ്മു ആകെ വിഷമിച്ചു. അവൾക്ക് സങ്കടം സഹിക്കാനായില്ല. അമ്മാവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അയാൾക്കും ആകെ വിഷമവും ദേഷ്യവും വന്നു. “അവൾ എന്ത് ചെയ്തെന്ന അളിയൻ പറയുന്നേ. അല്ലെങ്കിൽ തന്നെ ഇവിടെ എന്താ അവളുടെ തെറ്റ്. നിങ്ങൾ വേണമായിരുന്നു ശ്രദ്ധിക്കാൻ കണ്ണിൽ കണ്ടവർക്കൊക്കെ വീട്ടിൽ സ്വാതന്ത്ര്യം കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു.” അമ്മാവൻ വർധിച്ചു വന്ന ദേഷ്യത്തിൽ പറഞ്ഞു. “അവൾ എന്ത് ചെയ്തെന്നോ?? ഇവൾക്ക് ഞങ്ങളോട് പറഞ്ഞൂടായിരുന്നോ,, അല്ലാതെ എല്ലാവരോടും പറഞ്ഞു നാണം കെടുത്തണോ?? നാട്ടുകാർ അറിഞ്ഞാൽ എന്ത് ചെയ്യും???” ആനന്ദിനും ദേഷ്യം അടക്കാൻ ആയില്ല. അയാൾക്ക് താൻ വീണ്ടും നാണം കെടുന്നു എന്ന തോന്നൽ ആണുണ്ടായത്. മറ്റുള്ളവർ ശ്രദ്ധിക്കുമല്ലോ എന്നോർത്തു അമ്മാവൻ അമ്മുവിനെയും ആനന്ദിനെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി.

അപ്പോഴേക്കും സീതയും എത്തി. സീത അമ്മുവിനെ ദഹിപ്പിക്കാൻ പാകത്തിന് നോക്കി പേടിപ്പിച്ചു. അമ്മുവിന് ഇതൊക്കെ കണ്ടിട്ട് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി. അമ്മയും അച്ഛനും ഇങ്ങനെ തെറ്റ് ചെയ്തത് താനാണ് എന്ന രീതിയിൽ പ്രതികരിക്കുമെന്ന് ഓർത്തില്ലല്ലോ എന്ന് വിചാരിച്ചു അമ്മുവിന്റെ സങ്കടം കൂടി. അവൾ കരയാൻ തുടങ്ങി.അമ്മാവൻ ഓരോന്നൊക്കെ പറഞ്ഞു അവരെ മനസ്സിലാക്കുവാൻ തുടങ്ങി ഒടുവിൽ ജോമോനെയും കൂട്ടരെയും ഇവിടുന്ന് വീടൊഴിപ്പിച്ചു വിടാമെന്ന് തീരുമാനമായി.അവര് നാട്ടിൽ നിന്ന് വന്നിട്ട് സംസാരിക്കാം എന്നും പറഞ്ഞു. അമ്മാവൻ പോയതിനു പിന്നാലെ അച്ഛനും അമ്മയും അമ്മുവിനെ ഉപദേശിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും മറ്റുള്ളവരോട് പറയരുത്. അത് മോൾക്ക് തന്നെ ദോഷമാകുമെന്നും, അവരൊക്കെ അറിഞ്ഞാൽ നാണക്കേടാണ് അച്ഛനും അമ്മയ്ക്കും അതുകൊണ്ട് ഇനി അവരോടൊക്കെ ഒന്നും പറയരുത്, ഈ കാര്യം ഇനി ആരും അറിയരുത് എന്നൊക്കെ പറഞ്ഞു അവളെ ഗുണദോഷിച്ചു. അമ്മു ആലോചിക്കുവായിരുന്നു.

“ഞാൻ ഇത് തുറന്നു പറഞ്ഞത് ഇവർക്ക് നാണക്കേടാണ്, അപ്പോ പിന്നെ പുറത്ത് പറയാതെ അയാൾ എന്നെ ഉപദ്രവിക്കുന്നത് സഹിക്കണമായിരുന്നോ? അച്ഛനും അമ്മയ്ക്കും എന്താ എന്റെ മാനസികാവസ്ഥ മനസിലാവാത്തത്” അമ്മുവിന് സങ്കടം കൂടികൊണ്ടേ ഇരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മ അമ്മുവിനോട് പറഞ്ഞു ” ഞാൻ എന്തായാലും ജോയെ ഒന്ന് വിളിക്കട്ടെ, ഒരു പ്രശ്നം ഉണ്ടാകുമ്പോൾ രണ്ടു ഭാഗങ്ങളും കേൾക്കണമല്ലോ, നിനക്ക് പറയാൻ ഉള്ളത് പറഞ്ഞു. ഇനി അവനു പറയാനുള്ളത് കേൾക്കട്ടെ. അല്ലാതെ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ ” അമ്മുവിന് ആകെ ദേഷ്യം വന്നു. ” ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും അമ്മക്ക് എന്നെ വിശ്വാസം ഇല്ലേ?? ഞാൻ അല്ലേ അമ്മേടെ മോൾ എന്നെയല്ലേ വിശ്വസിക്കണ്ടെ?? ” ചോദിച്ചു കഴിഞ്ഞതും അമ്മു കരഞ്ഞുപോയി.. ഇത്രെയൊക്കെ ആയിട്ടും തന്നെ വിശ്വസിക്കാത്തത്തിൽ അവൾ എല്ലാവരോടും ദേഷ്യം തോന്നി. അമ്മു കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ പോയി. ജോ നാട്ടിൽ പോയി വന്നതിനു ശേഷം ആനന്ദും സീതയും കൂടി ജോമോനോട് സംസാരിച്ചു.

ജോ ഇതെല്ലാം നിഷേധിക്കുകയും ചെയ്തുവെന്ന് മാത്രമല്ല , അമ്മുവിന് തന്നോട് പ്രണയം ആയിരുന്നെന്നും അത് താൻ നിരസിക്കുകയും അവളെ ഉപദേശിക്കുകയും ചെയ്തുവെന്നും, അതുകൊണ്ടുള്ള ദേഷ്യത്തിലാണ് അവൾ ഇങ്ങയൊക്കെ പറഞ്ഞതെന്നും പറഞ്ഞു അവരെ വിശ്വസിപ്പിച്ചു. ഇത്രയൊക്കെ പ്രശ്നം ആയ സ്ഥിതിക്ക് അവർ വീട് മാറുവാനും തീരുമാനിച്ചു. ആനന്ദും സീതയും അമ്മു ഇങ്ങനെ കള്ളം പറഞ്ഞതിൽ അവളെ ഒരുപാട് വഴക്ക് പറഞ്ഞു. അവര് പോയതോടെ ഒരു വരുമാനം ഇല്ലാതെ ആക്കിയത് അമ്മു ആണെന്നും, ഇങ്ങനെ കള്ളം പറഞ്ഞു നാണം കെടുത്തിയെന്നും പറഞ്ഞു അവളെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. അമ്മുവിന് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. ഒന്ന് അവർ പോയതിൽ സന്തോഷവും ആശ്വാസവും, മറ്റൊന്ന് സ്വന്തം അച്ഛനും അമ്മയും അവളെ മനസ്സിലാക്കാതെയിരുന്നതിലും. ഈ പ്രശ്‌നത്തിന്റെ പേരിൽ അമ്മുവിനെ പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽ നിന്നും മാറ്റി വേറെ സ്കൂളിൽ ചേർത്തു. ബന്ധുക്കളിൽ നിന്നുമൊക്കെ അവളെ അകറ്റി നിർത്തി.

ഇത്രയൊക്കെ ആയപ്പോഴേക്കും അവൾ പതിയെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും അകലാൻ തുടങ്ങി.അവളുടെ കൂടെ നിൽക്കേണ്ട സമയത്തു അവർ അവൾക്ക് ഒരു തരത്തിലുള്ള പിന്തുണയും നൽകാതിരുന്നതും, അവളെ തെറ്റുകാരിയായി കണ്ടതും എല്ലാം അവളുടെ മനസ്സിൽ മായാതെ കിടന്നു.അവളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടമായി തീർന്നു. കുറച്ചു നാൾ ജോയുടെ ശല്യം ഒന്നും ഇല്ലാതിരുന്നതിനാൽ അമ്മുവിന് സമാധാനം ഉണ്ടായിരുന്നു. പക്ഷെ അതിനു ആയുസ്സ് തീരെ കുറവായിരുന്നു.ആനന്ദ് ഒരു ദിവസം ജോയെ കണ്ടു. അങ്ങനെ വീട്ടിലേക്കു ക്ഷണിച്ചു.ജോ ആനന്ദിനൊപ്പം വീട്ടിലേക് ചെന്നു. “സീതേ ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ ” ആനന്ദിന്റെ വിളികേട്ട് സീതയും അമ്മുവും വന്നു. അമ്മുന് ജോയെ കണ്ടതും എന്തൊപോലെയായി. “ഹാ കുറേ ആയല്ലോ ജോയെ കണ്ടിട്ട്, പഴയതൊക്കെ മറക്കു മോനെ അവൾ അറിവില്ലാതെ അങ്ങനെയൊക്കെ പറഞ്ഞതാ, മോൻ ക്ഷമിച്ചേക്ക്.,” സീതയുടെ സംസാരം കേട്ടതും അമ്മുവിന് ആകെ കലിയിളകി.

“അതൊന്നും സാരമില്ല ചേച്ചി, അവൾ കുഞ്ഞല്ലേ, ഞാൻ അതൊക്കെ വിട്ടു. അതുകൊണ്ടല്ലേ ചേട്ടൻ വിളിച്ചപ്പോൾ ഞാൻ വന്നത്.”അമ്മുവിനെ നോക്കികൊണ്ട് ജോ പറഞ്ഞു.കുറച്ചു നേരം സംസാരിച്ചിരുന്നതിന് ശേഷം ജോ തിരിച്ചു പോയി. അമ്മു പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു മുറിയിലേക്ക് പോയി. അവൾക്ക് ആകെ സമനില തെറ്റുന്നപോലെ തോന്നി.ഇതിനും മാത്രം അയാളോട് വിധേയത്വം കാണിക്കുന്നത് എന്തിനെന്നു അവൾക്ക് മനസ്സിലായില്ല.അയാളിൽ നിന്നും തനിക്ക് ഒരിക്കലും രക്ഷപെടാൻ കഴിയില്ലെന്ന് അമ്മുവിന്റെ മനസ്സു പറഞ്ഞു. ഇടക്കിടക്ക് ജോ അവിടെക്ക് വരുവാനും തുടങ്ങി. പഴയതുപോലെ ആനന്ദിനോട് അടുക്കുകയുണ് ചെയ്തു. ഒരു ഒഴിവു ദിവസം അമ്മു വീട്ടിൽ ഒറ്റക്കായിരുന്നു.പുറത്ത് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അമ്മു ചെന്നു വാതിൽ തുറന്നു നോക്കുമ്പോൾ ജോ നിക്കുന്നു.അമ്മുവിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. തുടരും…..