രചന – നന്ദ നന്ദിത
മാലയുടെ കൊളുത്തിൽ ചേർന്ന് കിടക്കുന്ന താലി കണ്ട്, ബാലൻ ഞെട്ടി എഴുന്നേറ്റു. ഒന്നും മിണ്ടാതെ, താലി കണ്ട ഷോക്കിൽ ബാലൻ റൂമിലേക്ക് നടന്നു. “ബാലേട്ടാ…” ബാലൻ മുറിയിലേക്ക് പോയതും… ഗൗരി ബാലന്റെ പുറകെ ഓടി ചെന്നെങ്കിലും വലിച്ചടച്ച വാതിലിന് മുന്നിൽ ഗൗരി വേദനയോടെ നിന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. “ന്ത് പറ്റി ഏട്ടത്തി…? ഇതുവരെ കാണാൻ കഴിയാത്തൊരു വിഷമം മുഖത്തുണ്ടല്ലോ…??” ഗൗരിയുടെ അടുത്തേക്ക് വന്നു ദേവിക ചോദിച്ചു. “ബാലേട്ടനുമായി പിണങ്ങിയോ ഏട്ടത്തി…? “ഒന്നുല്ല ദേവുട്ടി…!!” “ന്തോ… ണ്ട് എനിക്കറിയാം… പക്ഷെ ദേവൂട്ടിക്ക് അതറിയണ്ട, നിങ്ങടെ കുഞ്ഞു പിണക്കോം ഒക്കെ തീർത്തിട്ട് സന്തോഷത്തോടെ താഴേക്ക് വന്നെ രണ്ടുപേരും. രണ്ടുപേരുടേം കളിയും ചിരിയുമില്ലാതെവരുമ്പോ ഇവിടെ എല്ലാരേം അത് ബാധിക്കും….!!” “ന്റെ ദേവൂട്ട ഒന്നുല്ലടാ…നീ താഴേക്ക് പൊക്കോ…ഞാൻ വന്നേക്കാട്ടോ…” ഗൗരി അവളോട് പറഞ്ഞു. പെട്ടെന്ന് കതവ് തുറക്കുന്ന ശബ്ദം കേട്ട് ഗൗരി അങ്ങോട്ട് വേഗം ചെന്നു.
“ബാലേട്ടാ… ഞാനൊന്ന് പറയുന്ന കേൾക്ക്…!!” ബാലന്റെ കയ്യിലേക്ക് ഗൗരി പിടിച്ചു. “വിടെടി കയ്യിൽ നിന്ന്..!!” ബാലൻ അവളുടെ കൈ തട്ടി മാറ്റി. “ന്റെ കയ്യിൽ കയറിപ്പിടിക്കാൻ ആരാ നീ…?” ബാലൻ അവളുടെ നേരെ കോപം കൊണ്ട് ജ്വലിച്ചു. “ബാലേട്ടാ പ്ലീസ് പതുക്കെ….എല്ലാരും കേൾക്കും…!!” ഗൗരി അവന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു. “ഞാനൊന്ന് പറഞ്ഞോട്ടെ ബാലേട്ടാ…” “ഹും…!! ശരിയാ… തെറ്റ് ന്റേതാ,നീ ആരാണ് എന്താണെന്ന് അറിയാതെ ഒക്കെ ചെയ്തു കൂട്ടിയത് ഞാൻ തന്നെയാ… ഇനി നീ ഒന്നും പറയണമെന്നില്ല…!!” ബാലൻ പുറത്തേക്ക് വേഗം നടന്നു. ഗൗരി ഒരാശ്രയത്തിനായി മതിലിലേക്ക് ചാരി നിന്നു പൊട്ടിക്കരഞ്ഞു. രാത്രി ഭക്ഷണം കഴിക്കുന്ന നേരത്താണ് ബാലനെ ഗൗരി കണ്ടത്. എല്ലാവരും ഊണ് മേശക്ക് ചുറ്റിനും ഭക്ഷണം കഴിക്കാനിരുന്നു. ഗൗരി എല്ലാർക്കും ഭക്ഷണം വിളമ്പി അടുക്കളയിലേക്ക് നടക്കാനൊരുങ്ങി. “മോള് കഴിക്കണില്ലേ…?” അംബികമ്മ അവളോട് ചോദിച്ചു ..
“ഇപ്പോൾ വേണ്ടമ്മേ…വിശക്കണില്യ കുറച്ച് കഴിഞ്ഞു ഞാൻ കഴിച്ചോളാം….” “അയിന് എപ്പോഴാ കുട്ടി നീ കഴിച്ചേ…?” വസുന്ദരയായിരുന്നു ഇത്തവണ അവളോട് ചോദിച്ചത്. “അടുക്കളേൽ അവളെ കണ്ടേയില്ല…. പിന്നെങ്ങനെയാ കഴിക്ക്യ…??” അംബിക മറുപടി പറഞ്ഞു. “നിക്ക് നല്ല സുഖം തോന്നുന്നില്യ…ഞാൻ പിന്നെ കഴിച്ചോളാം…” ഗൗരി പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. “നിക്കവിടെ… “അംബിക ഗൗരിയോട് പറഞ്ഞു. “ന്ത് പറ്റി രണ്ടുപേർക്കും…?? ഇങ്ങനൊരു പതിവ് ആദ്യായിട്ടാണല്ലോ…” “വഴക്കോ പിണക്കോ ക്കെ ഉണ്ടേൽ വേഗം മാറ്റി രണ്ടുപേരും സന്തോഷത്തോടെ ഇരുന്നോണം. ബാലനെയും ഗൗരിയേയും നോക്കി അംബിക പറഞ്ഞു. ഭക്ഷണം പാതി മതിയാക്കി ബാലനും എഴുന്നേറ്റു കയ്യ് കഴുകി മുറിയിലേക്ക് പോയ്.
“മോള് പോയി കിടന്നോളു… ഞാൻ കഴുകി വച്ചോളാം…” ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കഴുകിക്കൊണ്ട് നിന്ന ഗൗരിയോടായി അമ്മിണിയമ്മ പറഞ്ഞു. “അമ്മിണിയമ്മ കിടന്നോളൂ…. ഞാൻ ചെയ്തോളാം…” “ന്ത് പറ്റി കുഞ്ഞേ നിനക്ക്…? “ഒന്നുല്ല അമ്മിണിയമ്മേ… ” പാത്രങ്ങളൊക്കെ കഴുകി തൂത്തു തുടച്ചു അടുക്കള വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്ത് വന്നപ്പോഴേക്കും പതിനൊന്നുമണി കഴിഞ്ഞിരുന്നു. “ബാലേട്ടൻ ന്നോട് ഒരിക്കലും സ്നേഹത്തോടെ ഒന്ന് നോക്കുക പോലുല്ല…!എന്നോട് ദേഷ്യം മാത്രാകും…! ഞാൻ കാരണം അദ്ദേഹം ഒത്തിരി വേദനിച്ചിട്ടുണ്ടാവും. ഇനി ബാലേട്ടൻ ന്നെ…??? “ഏയ്… ഇല്യ അങ്ങനെ ഒന്നും ഉണ്ടാവില്യ… പക്ഷെ ഞാൻ എല്ലാം പറയണമായിരുന്നു..!! ഗോവണികൾ കയറിയപ്പോ അവൾ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു. “ന്റെ കൃഷ്ണ ബാലേട്ടൻ ഉറങ്ങീട്ടുണ്ടാവണെ… നിക്ക് വയ്യ ആ മനുഷ്യന്റെ മൗനം കാണാൻ…!!” ഇനി വഴക്കിട്ടോണ്ട് റൂം ലോക്ക് ചെയ്തേക്കുവാണോ…?? അവൾ ഡോർ ഹാൻഡിൽ പിടിച്ചു താഴ്ത്തി. ചെറിയ ശബ്ദത്തോടെ വാതിൽ തുറന്നു. ലൈറ്റ് എല്ലാം ഓഫാണ്… മുറിക്കുള്ളിൽ ഇരുട്ട് നിറഞ്ഞിരുന്നു. വാതിൽ ശബ്ദം ഉണ്ടാക്കാതെ തിരിച്ചടച്ചു. പായ വിരിച്ചു അതിലേക്ക് കിടന്നു. പലപ്പോഴായി കടന്നുവന്ന പല ചിന്തകളിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു.
രാവിലെ നേരത്തെ എഴുന്നേറ്റു ഭക്ഷണം ഒക്കെ ഉണ്ടാക്കി കുളിച്ചൊരുങ്ങി വന്നപ്പോഴേക്കും ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് ബാഗുമെടുത്ത് ഗൗരി മുറ്റത്തേക്ക് വേഗം നടന്നെത്തി. സ്റ്റാർട്ട് ചെയ്തു നിൽക്കുന്ന കണ്ടപ്പോഴെ തന്നെ അവൾക്ക് വേണ്ടി കാത്തുനിൽക്കയാണെന്ന് ഗൗരിക് തോന്നി വേഗം ബൈക്കിലേക്ക് കയറി.. തോളിൽ പിടിക്കാതെ അകന്നു അവളിരുന്നു.. ബാലേട്ടനൊന്ന് മിണ്ടിയിരുന്നെങ്കിലെന്ന് യാത്രയിലുടനീളം അവൾ ചിന്തിച്ചു. മണിക്കൂറോളം അടുത്തുണ്ടെങ്കിലും ഒന്നും മിണ്ടാൻ കൂട്ടാക്കാതെ ബാലനും മൗനം നടിച്ചു. കോളേജിലെത്തിയിട്ടും തന്നേ ഒന്ന് നോക്കാതെ പോകുന്ന ബാലനെ അവൾ നിറകണ്ണുകളാലെ നോക്കി നിന്നു. ക്ലാസ്സിലേക്ക് കയറിയിട്ടും അവൾക്ക് സമാധാനം കിട്ടിയില്ല…പതിയെ ഡെസ്കിലേക്ക് തലവെച്ചു അവൾ കിടന്നു… അലപ സമയത്തിന് ശേഷം, ബാലൻ ക്ലാസ്സിലേക്ക് കയറി വന്നു… ഡെസ്കിലേക്ക് തലവെച്ചു കിടക്കുന്ന ഗൗരിയെ കണ്ടെങ്കിലും അവൻ അത് ശ്രദ്ധിക്കാതെ ക്ലാസ്സ് ആരംഭിച്ചു…
ബാലന്റെ ശബ്ദം കേട്ടതും ഗൗരി വേഗം തല ഉയർത്തി…ബുക്സ് എടുത്തു. ബാലൻ ഗൗരിയെ നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു തന്നേ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് പലപ്പോഴും അവൾ ആഗ്രഹിച്ചു.പക്ഷെ ബാലൻ തന്നെ ശ്രദ്ധിക്കാതെയാണ് ക്ലാസ് എടുക്കുന്നതെന്ന് ഗൗരിക്ക് മനസിലായി. വിഷമം വന്നു പലപ്പോഴും കണ്ണുകൾ നിറഞ്ഞു തുളുമ്പിയെങ്കിലും ആരും കാണാതെ തുടച്ചു മാറ്റി. ക്ലാസ്സ് കഴിഞ്ഞു ബാലൻ പുറത്തേക്ക് പോയി… “സാന്ദ്ര കഴിച്ചോ…?” എവിടെനിന്നോ ബാലന്റെ ശബ്ദം കേട്ടാണ് ഗൗരി ഡെസ്കിൽ നിന്നും തലയുയർത്തി നോക്കിയത്. വരാന്തയിൽ ബാലനും സാന്ദ്രയും നിൽക്കുന്നത് ജനലിലൂടെ അവൾക് കാണാൻ കഴിഞ്ഞു ഗൗരി തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ബാലൻ,സാന്ദ്രയോട് കുറച്ചുകൂടെ അടുത്തോട്ടു നിന്ന് എന്തൊക്കെയോ സംസാരിച്ചു തുടങ്ങി. തന്നെ കാണിക്കാൻ വേണ്ടിയാണീ നാടകമെന്ന് ഗൗരിക്ക് മനസിലായിരുന്നു. ഒക്കെ കേട്ടുകൊണ്ട് അവൾ വീണ്ടും ഡെസ്കിലേക്ക് തല താഴ്ത്തി.
“സാന്ദ്ര… അന്ന് ഞാൻ തന്നോട് ഒത്തിരി ദേഷ്യത്തോടെയാണ് സംസാരിച്ചത്… ഒന്നും മനസ്സിൽ വെക്കരുത്… അറിയാലോ താൻ എന്റെ പ്രിയപെട്ട സ്റ്റുഡന്റ് ആണ് ന്റെ ക്ലാസ്സിലെ ഏറ്റവും മിടുക്കി കുട്ടി…!! താൻ പഠിക്കാതെ ഇരിക്കുന്നത്,എനിക്ക് എത്ര വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് തനിക്ക് അറിയാമോ…??” “സോറി സർ, സർ എന്നോട് ദേഷ്യം കാട്ടുമ്പോൾ, എനിക്ക് ഭ്രാന്ത് പിടിച്ചപോലെയാണ്… പഠിക്കാനും ക്ലാസിൽ ശ്രദ്ധിക്കാനും ഒന്നും തോന്നില്ല… പക്ഷെ ഞാൻ പഠിക്കാം,സാറിന്റെ ഒരു വാക്ക്.. അത് മാത്രം കിട്ടിയാൽ മതി… എനിക്ക്,ഞാൻ വേറൊന്നും ചോദിച്ചു പിന്നാലെ വരില്ല… സർ ആഗ്രിക്കും പോലെ ഒക്കെ ഞാൻ ചെയ്തോളാം…” “താൻ ഇതുവരെ അതൊന്നും വിട്ടില്ലേ…??” ബാലൻ വീണ്ടും അവളോട് സംസാരിച്ചുകൊണ്ടേയിരുന്നു. “എനിക്ക് അങ്ങനെ വിടാൻ പറ്റില്ലല്ലോ…?? ഞാൻ ആഗ്രഹിക്കുന്നതൊക്കെ നേടിയ ശീലം… സാറിന്റെ കാര്യത്തിലും അത് അങ്ങിനെ തന്നെ… എത്ര റിസ്ക് എടുക്കാനും ഞാൻ തയ്യാറാണ്…” “ഉം… അതിന് വച്ച വെള്ളം നീയങ്ങ് മാറ്റി വച്ചേച്ചാ മതി…!!” എന്താ എന്താ സാർ ആലോചിക്കണേ…? “ഒന്നുല്യ… താൻ ക്ലാസിലേക്ക് ചെല്ല്…” ബാലൻ സ്റ്റാഫ് റൂമിലേക്ക് നടന്നു. ഇരുവരുടെയും സംസാരമൊക്കെ കേട്ട് ഗൗരി അങ്ങിനെ കിടന്നു…
ക്ലാസ് കഴിഞ്ഞു ഗൗരി ഏറെ നേരം ബൈക്കിന്റെ അടുത്ത് ബാലനെ കാത്തു നിന്നു. ഒത്തിരി വൈകിയാണ് ബാലൻ സ്റ്റാഫ് റൂമിൽ നിന്നിറങ്ങിയത്. പടികൾ ഇറങ്ങി വരുമ്പോൾ ബാലന്റെ കൂടെ സാന്ദ്രയും ഉണ്ടായിരുന്നു. ന്തോ നിധി കിട്ടിയ പോലെ സന്തോഷത്തിലായിരുന്നു സാന്ദ്ര. “തന്റെ ഡൗട്ട്സ് ഒകെ ക്ലിയർ ആയോ..??എല്ലാ പോഷനും നന്നായി മനസ്സലാക്കി വേണം പഠിക്കാൻ..” “സാർ പറഞ്ഞാൽ ഞാൻ പഠിക്കാതിരിക്കുമോ…ഒത്തിരി താങ്ക്സ്… എനിക്ക് എവിടെയോ വച്ച് നഷ്ടപ്പെട്ടെന്ന് തോന്നിയതൊക്കെ തിരികെ കിട്ടിയത് പോലെ… സാർ ന്നെ ഞെട്ടിച്ചു…” “അതികം excited ഒന്നും ആവണ്ട… താൻ പഠിക്കാൻ നോക്ക്…” ബാലൻ അതും പറഞ്ഞു ബൈക്നടുത്തേക്ക് വന്നു.. പുറകെ സാന്ദ്രയും… “അതേ… വൈകിട്ട് ഇവിടുന്ന് വീടിന്റെ ഭാഗത്തേക്ക് ബസ് ഇല്ലേ…??” “ആ അറിയില്ല…!! ന്തെ ഇപ്പൊ അങ്ങനെ ചോദിക്കാൻ..? “സാർ ഇറങ്ങാൻ ഒത്തിരി ലേറ്റ് ആവില്ലേ…?? അത്രയും നേരം ഗൗരിയെ പിടിച്ചു നിർത്തി വെയിറ്റ് ചെയ്യിപ്പിക്കണോ…”
“ഓ അതാണോ.. അത് സാരമില്ല…!!” “സാരമുണ്ട്… സാർ പോകുന്നത് ന്റെ ഹോസ്റ്റലിന്റെ അടുത്തൂടല്ലേ…?? ന്നെ അങ്ങോട്ട് ഡ്രോപ്പ് ചെയ്യാലോ…??” “താൻ കൊള്ളാലോ…??” ബാലൻ ചിരിയോടെ ബൈക്കിലേക്ക് കയറി. ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഗൗരി ഒന്നും മിണ്ടാതെ ബൈക്കിന്റെ പിന്നിലേക്ക് കയറി. കോളേജിന്റെ ഗേറ്റ് കടന്നു… ഒത്തിരി ദൂരം കഴിഞ്ഞപ്പോൾ, ഗൗരി പതിയെ ബാലനോടായി പറഞ്ഞു. “സാറിന് ബുദ്ധിമുട്ടാണെങ്കിൽ നാളെ മുതൽ ഞാൻ ബസിനു വന്നോളാം… ” ബാലൻ ഒന്നും മിണ്ടാതെ ബൈക്ക് ഓടിക്കുന്നതിൽ ശ്രെദ്ധ കൊടുത്തു. ബാലന്റെ മൗനം ഗൗരിയെ വീണ്ടും സങ്കടപെടുത്തി… നിറഞ്ഞൊഴുകുന്ന കണ്ണുകൾ മിററിലൂടെ ബാലന് കാണാമായിരുന്നു.
ബൈക്ക് വീടിന്റെ മുറ്റത്തു എത്തിതും, ഗൗരി ഇറങ്ങി… ഉമ്മറത്തു നിന്നു അപ്പോഴേക്കും അംബികമ്മ ഇറങ്ങി വന്നു. “എന്തേ… ഇന്ന് രണ്ടുപേരും എത്താൻ വൈകിയേ…?” “അല്പം താമസിച്ചാണ് ഇറങ്ങിയത്…” ബാലൻ മറുപടി പറഞ്ഞുകൊണ്ട്, അകത്തു മുറിയിലേക്ക് പോയി… ഗൗരിയും ബാലനു പിന്നാലെ അകത്തേക്ക് കയറി. “ബാലാ…ചായ കുടിച്ചിട്ട് പാടത്തേക്ക് ഒന്ന് ചെല്ല് കുട്ട്യേ…മോൻ വരുമ്പോൾ അത്രേടം വരെ ചെല്ലാൻ പറഞ്ഞു മാഷ്.. അംബിക ബാലനോടായി പറഞ്ഞു. “ശരി അമ്മേ…” മുറിയിൽ കയറി ഡ്രസ്സ് മാറി, ബാലൻ പാടത്തേക്ക് പോയി… ഗൗരിയും വസ്ത്രങ്ങളൊക്കെ മാറി, അടുക്കളയിലേക്ക് ചെല്ലുമ്പോൾ,ദേവുവും അംബികയും തിടുക്കപ്പെട്ടുള്ള ജോലിയിൽ ആയിരുന്നു… “ഇങ്ങു താ ദേവൂട്ട്യേ… ഞാൻ ചെയ്തോളാം…” “വേണ്ട ഏട്ടത്തി… ഞാൻ ചെയ്തോളാം…” “എന്തേലും കഴിച്ചിട്ട്, പോയിരുന്നു പഠിച്ചോളൂ… മോളെ… ഇല്ലേ ബാലൻ വന്നാൽ വഴക്കു കേൾക്കും നിനക്ക്…” അംബിക ഗൗരിയോടായി പറഞ്ഞു.
ഗൗരി ഒന്നും മിണ്ടാതെ, ചിരകാൻ വെച്ചിരുന്ന നാളികേരവും, ചിരവയും എടുത്ത് നിലത്തേക്ക് ഇരുന്നു. “ന്ത് പറ്റി ഏട്ടത്തി.. മുഖം വല്ലാണ്ട് ഇരിക്കണേ…?? “ഒന്നൂല്യ ദേവൂ… നിനക്ക് തോന്നിയതാവും…!!” “ന്റെ തോന്നൽ ഒന്നും അല്ല… ഇന്നലെ മുതലേ തുടങ്ങിയതാണല്ലോ…?? ബാലേട്ടനും ആയുള്ള പിണക്കം തീർന്നില്ലേ ഏട്ടത്തി…??” “പിണക്കം ഒന്നൂല്യ മോളെ… നിനക്ക് വെറുതെ തോന്നണതാ…” അതും പറഞ്ഞു ഗൗരി ചിരകിയ നാളികേരം ദേവൂന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ട് എഴുന്നേറ്റു… “മതി കുട്ട്യേ… കുളിച്ചു വിളക്ക് വെച്ചിട്ട് പോയിരുന്നു പഠിച്ചോളൂ…”. അംബിക പറഞ്ഞത് കേട്ട് ഗൗരി മിണ്ടാത്തെ പുറത്തേക്ക് പോയി. *
ബാലൻ വരുന്നതും കാത്ത് മാഷ് മാടത്തിൽ ഇരിക്കുന്നുണ്ടായിരുന്നു… “ന്താ അച്ഛാ..വരാൻ പറഞ്ഞത്…??” അച്ഛന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് ബാലൻ ചോദിച്ചു. “നിനക്ക് അറിയാലോ ബാല…ദൈവം സഹായിച്ച് നമുക്ക് ഭക്ഷണത്തിനും മറ്റ് കാര്യങ്ങൾക്കും മുട്ട് വരാതെയാ ഇത്രയും കാലവും കഴിഞ്ഞ് പോയത്… ആരോടും കടവും ബാധ്യതയും ഒന്നുമില്ലായിരുന്നു ഇതുവരെ.. ഇത്രധികം വസ്തു ഉണ്ടായിട്ടും, കൃഷി ഉണ്ടായിട്ടും നമ്മുടെ വരുമാനത്തിന്റെ മുഴുവൻ ഭാഗവും ഇവിടെ ജോലി ചെയ്യുന്നവർക്കാണ്, അച്ഛനതിൽ നിന്ന് വലിയ വരുമാനമൊന്നുമില്ല…ഉള്ളത് കൊണ്ടാണ് നമ്മുടെ വീട് അല്ലലറിയാതെ പോകുന്നത്…” “നിക്ക് എല്ലാം അറിയാവുന്നത് അല്ലേ അച്ഛാ… പിന്നെ എന്തിനാ…?? “വരുമാനമില്ലാതെ എന്തിനാ ഇത്രയും ബുദ്ധിമുട്ടി ഈ കൃഷിയും വസ്തുവും മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ചോദിച്ചാൽ, നമ്മൾ കാരണം ഇവിടെ ജോലി ചെയ്യുന്നവരുടെ കുടുംബമെങ്കിലും ഭക്ഷണം കഴിച്ചു ജീവിക്കട്ടെന്ന് കരുതി തന്നെയാ… പുറമേന്ന് നോക്ക്യ…എല്ലാരുടേം വിചാരം അച്ഛൻ വലിയ കോടീശ്വരനെ പോലെയാ… നമുക്ക് കുറച്ചു സ്ഥലം വിറ്റാലോ… മോനെ…?? ഈ മണ്ണിലെന്റെ വിയർപ്പ് ഉണ്ട്… ഒരിക്കലും വിൽക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന പോലും തെറ്റ് തന്നെയാണ്…
പക്ഷെ നമുക്കൊരാവശ്യം വരുമ്പോ വിറ്റില്ലെങ്കിൽ പിന്നിതുകൊണ്ട് എന്ത് പ്രയോജനമാണ്…? ഞാൻ പറഞ്ഞു വരണത് നിനക്ക് മനസിലാകുന്നുണ്ടല്ലോ…? “എന്താ അച്ഛാ…?” “മോനെ ഇനിയിപ്പോ കല്യാണത്തിന് അധികം ദിവസമൊന്നുല്യ… എടി… പിടി ഒക്കെ നടത്താൻ ന്റെ കയ്യിൽ ഒന്നുല്യ…” എന്താ വേണ്ടതെന്നു നിക്ക് നിച്ഛയില്യ…!!” “ന്റെ അച്ഛാ… അച്ഛനിപ്പോ ദേവൂട്ടീടെ കാര്യം ഓർത്ത് വിഷമിക്കേണ്ട… നമ്മുടെ വസ്തു വിറ്റിട്ട് വേണ്ട ദേവുന്റെ കല്യാണം… “അവൾക്ക് വേണ്ടതൊക്കെ ഞാൻ കരുതിട്ടുണ്ട്… അത് പൊന്നാണെങ്കിലും, പണം ആണെങ്കിലും…!!” ബാലന്റെ വാക്കുകൾ കേട്ട്, മാഷിന്റെ കണ്ണുകൾ നിറഞ്ഞു. “ഇനി അധികം ദിവസില്യ കല്യാണത്തിന്… ഒരുക്കങ്ങൾ ഒക്കെ തുടങ്ങണം…” വിളക്ക് വെച്ചു പ്രാർത്ഥിച്ച ശേഷം ഉമ്മറത്തു എല്ലാരും ഇരിക്കുമ്പോഴാണ്… മാഷ് എല്ലാവരോടുമായി പറഞ്ഞത്… കല്യാണ കാര്യം പറയുമ്പോൾ, ദേവൂന്റെ കണ്ണുകൾ കലങ്ങുന്നത് ബാലൻ ശ്രെദ്ധിച്ചിരുന്നു… അത്താഴത്തിനും ദേവവും, ഗൗരിയും മൗനമായിരുന്നു… രണ്ടു പേരെയും മാറി മാറി നോക്കി… കഴിച്ചെന്നു വരുത്തി ബാലൻ എഴുന്നേറ്റു..
“ഏട്ടാ…” ദേവൂന്റെ വിളികേട്ടാണ്… ബാലൻ കട്ടിലിൽ നിന്ന് എഴുന്നേറ്റത്… “എന്താ മോളെ…” അവളുടെ താടിയിൽ പിടിച്ചുയർത്തി ബാലൻ ചോദിച്ചു.. ഒരു പൊട്ടികരച്ചിലോടെ ദേവൂ ബാലന്റെ കാലുകളിലേക്ക് വീണു… “ന്താ മോളെ… എന്താ നീ ഈ കാട്ടണേ…??” ബാലൻ അവളെ രണ്ട് കൈകൾ കൊണ്ട് എഴുന്നേൽപ്പിച്ചു. “എന്താ… എന്താ കുട്ട്യേ… എന്തിനാ നീ കരയണെ…??” “ബാലേട്ടാ… എന്നോട് ക്ഷമിക്കണം…!!” “എന്തിനാ മോളെ… അതിനു നീ എന്ത് തെറ്റ് ചെയ്തു…??” “ബാലേട്ടൻ ന്റെ സ്വന്തം ഏട്ടൻ ആന്നെന്നു അറിയാതെ… ഞാൻ…??” അവളുടെ വാക്കുകൾ കേട്ട് ഞെട്ടാലോടെ ബാലൻ നിന്നു. “മോളെ… നീ… നീ എങ്ങനെ…??” “ബാലേട്ടൻ, ഗൗരി ഏട്ടത്തിയോട് ഇന്നലെ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു… അമ്മാവൻ ന്റെ അച്ഛൻ ആണെന്ന്… ബാലേട്ടൻ ന്റെ സ്വന്തം ഏട്ടനാണെന്ന്…” അതും പറഞ്ഞു അവൾ മുഖം പൊത്തി കരഞ്ഞു… “പാപി ആണ് ഞാൻ… സ്വന്തം ഏട്ടനെ മോഹിച്ച മഹാ പാപി…” “ഇല്ല മോളെ… അങ്ങിനെ ഒന്നും പറയാതെ… ന്റെ കുട്ടി അറിയാതെ അല്ലേ…?? ബാലൻ അവളെ നെഞ്ചോട് ചേർത്തു സമാധാനിപ്പിച്ചു. “ആ വിവാഹത്തിന് നിക്ക് സമ്മതാ… ഏട്ടന്റേം അച്ഛന്റേം ആഗ്രഹം പോലെ… അത് നടക്കണം…!!” നിറഞ്ഞ കണ്ണുകൾ തുടച്ചു , ചിരിച്ചു കൊണ്ട് ദേവൂ പറഞ്ഞു. ബാലൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.
“മോള് പോയി കിടന്നോളു…നേരം ഒരുപാടായി…” ബാലൻ പറഞ്ഞത് കേട്ട്, ദേവൂ ചിരിച്ചു കൊണ്ട് തലയാട്ടി പുറത്തേക്ക് ഇറങ്ങി… മുറിക്ക് വെളിയിൽ എല്ലാം കേട്ടുകൊണ്ട് ഗൗരി നിൽക്കുന്നുണ്ടായിരുന്നു… ഗൗരിയെ കണ്ടതും, ദേവൂ അവളുടെ കൈകളിൽ പിടിച്ചു…പുഞ്ചിരിച്ചു “ഏട്ടത്തി…” “മോള് കിടന്നോളു…” ഗൗരി വാത്സല്യത്തോടെ അവളുടെ കൈകളെ തഴുകി.. ദേവൂ സന്തോഷത്തോടെ ഗോവണിപടികൾ ഇറങ്ങി പോയി… അത് കണ്ടതും,ഗൗരി അല്പം മടിച്ചെങ്കിലും മുറിയിലേക്ക് കയറി. എല്ലാം കണ്ട് കൊണ്ട് ബാലനും അകത്തു നിൽക്കുന്നുണ്ടായിരുന്നു. ഗൗരിയെ കണ്ടതും… ബാലന്റെ മുഖത്തെ പ്രകാശം മാഞ്ഞു. “ബാലേട്ടാ..” “എനിക്ക് ഒന്ന് ഉറങ്ങണം… പ്ലീസ്…” അവളെ നോക്കി പറഞ്ഞു കൊണ്ട് ബാലൻ കിടക്കാൻ ഒരുങ്ങി. “ഉറങ്ങിക്കോളൂ… പക്ഷെ ന്നോട് മിണ്ടാതെ ഇരിക്കല്ലേ ബാലേട്ടാ… നിക്ക് ഇത് താങ്ങാൻ പറ്റണില്യ…ന്നോട്… ന്നോട് ക്ഷമിക്ക് ബാലേട്ടാ… ഞാൻ എല്ലാം… എല്ലാം പറയാം…” അവൾ ബാലന്റെ കാലുകളിലേക്ക് കൈകൂപ്പി കരഞ്ഞു കൊണ്ട് ഇരുന്നു… അവളുടെ കൈകൾ ബാലന്റെ കാലുകളെ തൊട്ടതും, ബാലൻ പെട്ടന്ന് കാൽ വലിച്ചു..
അത് കണ്ട് ഗൗരി ഞെട്ടലോടെ ബാലനെ നോക്കി… “ബാലേട്ടാ…” കരച്ചിൽ തൊണ്ടക്കുഴിയിൽ തങ്ങി.. ശബ്ദം പുറത്തേക്ക് വന്നില്ല ഗൗരിക്ക്… “ഇനിയും എന്നെ ശല്യം ചെയ്യരുത് ഗൗരി…!!തെറ്റ് എന്റെതാ… ആരാന്നോ.. ന്താന്നോ അറിയാത്ത നിന്നെ ന്റെ വീട്ടിൽ താമസിപ്പിച്ചു…ശരിയാ തെറ്റ് ന്റേതാ… കണ്ട് മുട്ടിയപ്പോൾ നീ പറഞ്ഞത് മാത്രം ഞാൻ വിശ്വസിച്ചു… കൂടുതൽ ഒന്നും നിന്നോടെ അറിയാൻ ഞാൻ ശ്രെമിച്ചില്ല… ആരും ഇല്ലന്ന് നീ പറഞ്ഞപ്പോൾ, അത് കേട്ട്, നിന്നെ ഞൻ ജീവന് തുല്യം സ്നേഹി…!!” പെട്ടന്ന് ബാലൻ നിർത്തി… “ന്താ ബാലേട്ടാ… ന്താ ഏട്ടൻ ഇപ്പോൾ പറഞ്ഞെ…??” ഗൗരി പെട്ടന്ന് എഴുന്നേറ്റു, ബാലന് അഭിമുഖമായി നിന്നു.. “ഒന്നുല്യ…” “അല്ല…!!ബാലേട്ടൻ ഇപ്പോ പറഞ്ഞു വന്നത് നിക്ക് അറിയണം…!!അറിഞ്ഞേ പറ്റു…!!” ഗൗരിയുടെ ഒച്ച ആ നാലു ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു. “അറിയണോ നിനക്ക്…?? നിന്റെ വാക്ക് കേട്ട് ഈ വീട്ടിൽ നിന്നെ കൊണ്ടു വന്നപ്പോൾ, നിന്റെ പെരുമാറ്റവും, ഇവിടെ ഉള്ളവരോടുള്ള നിന്റെ സ്നേഹവും, കുറുമ്പും കുസൃതിയും ഒക്കെ കണ്ടപ്പോൾ സ്നേഹിച്ചു പോയെടി… ജീവന് തുല്യം സ്നേഹിച്ചു പോയി നിന്നെ…” ബാലന്റെ വാക്കുകൾ ഒരു നിമിഷം, അവളിൽ ഞെട്ടലുണ്ടാക്കി, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
“ദേവൂന്റെ കല്യാണം വരെ അല്ല… ദേവൂന്റെ കല്യാണം കഴിഞ്ഞു… നിന്നോടെ എല്ലാം പറഞ്ഞു, നിന്നെ ന്റെ കൂടെ ജീവിതകാലം മുഴുവൻ നിർത്താം എന്ന് ഞാൻ മോഹിച്ചു…പക്ഷെ…!!!” നിറഞ്ഞു വന്ന കണ്ണുകൾ ഗൗരി കാണാതിരിക്കാൻ കണ്ണുകൾ മെല്ലെ അവളുടെ നേരെന്ന് മാറ്റി ബാലൻ. “ബാലേട്ടാ…” “വിളിക്കരുത് ഇനി എന്നെ അങ്ങിനെ…!!നിന്നെ സ്നേഹിച്ചതിനേക്കാൾ ഇരട്ടി വെറുപ്പാണ് നിന്നോട് എനിക്ക് ഇപ്പോൾ…!!ദേവൂന്റെ കല്യാണം വരെ കാക്കണം എന്നില്ല… എപ്പോൾ വേണമെങ്കിലും പോകാം…!!അത് എത്രയും നേരത്തെ ആകുന്നുവോ അത്രയും നല്ലത്…!!” ബാലന്റെ വാക്കുകൾ കേട്ടതും ഒന്നും മിണ്ടാൻ ആവാതെ ഒരു നിമിഷം സ്തംഭിച്ചവൾ നിന്നു… വീഴാതിരിക്കാൻ അരികിൽ കിടന്ന മേശയിൽ കയ്യൂന്നി… നെഞ്ചിൽ എന്തോ വലിയ ഭാരം കയറ്റി വെച്ചത് പോലെ അവൾക്ക് തോന്നി… അല്പ നേരത്തിനു ശേഷം, അവൾ സ്വബോധം വീണ്ടെടുത്തു.. “ബാലേട്ടാ…” ബാലന്റെ അരികിലേക്ക് അവൾ നിന്നു.
“ക്ഷെമിക്കണം… എപ്പോഴും വിളിക്കണത് കൊണ്ട് വിളിച്ചു പോയതാ…സർ ക്ഷമിക്കണം…!! അവൾ കൈകൂപ്പി… “സർ പറഞ്ഞതെല്ലാം നേരാണ്…ആക്‌സിഡന്റ് ആയി രക്തം ഒലിപ്പിച്ചു, വഴിയിൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതിരുന്ന എന്നെ… രക്ഷിച്ചു, ആശുപത്രിയിൽ ആക്കി… നിക്ക് വേണ്ടതൊക്കെ ചെയ്ത് തന്നു… ഒടുവിൽ പോകാൻ ഒരിടം ഇല്ലെന്ന് പറഞ്ഞപ്പോൾ ഈ വീട്ടിലേക്ക് ന്നേ കൊണ്ട് വന്നു… താമസിക്കാൻ ഇടം തന്നു, ഭക്ഷണവും, വസ്ത്രവും, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരച്നേം അമ്മയെയും ഒക്കെ തന്നു… ഒടുവിൽ നഷ്ടപെട്ടെന്ന് കരുതിയ സ്വപ്നങ്ങളും നേടി തന്നു… കുറച്ചു ദിവസങ്ങൾ ആണെങ്കിലും,ജീവിതത്തിൽ ഇത് വരെ കിട്ടാതിരുന്ന സന്തോഷവും, സ്നേഹവും ഒക്കെ നിക്ക് കിട്ടി.. നന്ദിയുണ്ട്… എല്ലാത്തിനും…!! ഇനി ഒരിക്കലും ഗൗരി ഒരു ശല്യവില്ല… ഈ ഒരു രാത്രീ… അത് വരെ ഞാൻ ഇവിടെ… നാളെ… നാളെ അതിരാവിലെ ഞാൻ പൊക്കോളാം…” നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു…വാ പൊത്തിപിടിച്ചു കൊണ്ട്, പുറത്തേക്ക് വന്ന ഗദ്ഗതം ബാലൻ കേൾക്കാതിരിക്കാൻ ഗൗരി പാടുപെട്ടു. “രാവിലെ പുറപ്പെടേണ്ടതല്ലേ…?? നീ കിടന്നോ…” അതും പറഞ്ഞു ബാലൻ പുറത്തേക്ക് പോയി. (തുടരും)

by