രചന – അഞ്ജിത സിന്ധു
കോർട്ട് ഓർഡർ വന്നു…അനുകൂലമാണ് വിധി, ഇതു പറയുമ്പോൾ ഏട്ടന്റെ സ്വരം ഇടറുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു…എത്ര നേരം കൂടിയുണ്ട് ഇനി മോനെ, ഇതു ചോദിക്കുമ്പോൾ അമ്മയുടെ കണ്ണ് കലങ്ങിയിരുന്നിട്ടുണ്ടാവും എനിക്ക് ഉറപ്പാണ്… 24 മണിക്കൂർ, എന്ന് പറഞ്ഞപ്പോൾ ഏട്ടൻ പൊട്ടി കരയുന്നുണ്ടായിരുന്നു..
അതേ എനിക്ക് ഇനി 24 മണിക്കൂർ കൂടി മാത്രമേ ഈ ലോകത്ത് സ്ഥാനം ഉള്ളൂ…
എന്റെ ഏട്ടൻ, എന്നേക്കാൾ 12 വയസ്സ് മൂത്തതാണ് ഏട്ടൻ..എന്റെ വരവ് അച്ഛനെക്കാളും അമ്മയെക്കാളും ഉറ്റു നോക്കിയിരുന്നത് ഏട്ടനാണ്… ഞാൻ വരുന്നതും നോക്കി ഏട്ടൻ അമ്മയുടെ വയറിൽ ചെവിയോർത്ത് ഇരുന്ന കഥ ഇന്നലെ കൂടി അമ്മ എന്നോട് പറഞ്ഞിരുന്നു… ഏട്ടനാണ് എനിക്ക് പേരിട്ടതും… തുമ്പി… ഏട്ടന്റെ തുമ്പി പെണ്ണേ എന്ന് വിളിച്ചുകൊണ്ടു അമ്മയുടെ മടിയിൽ കിടക്കണ എന്നെ കാണാൻ ഏട്ടൻ ഓടി വരും…
ആദ്യമായി ഞാൻ അമ്മേ എന്ന് വിളിച്ചത് ഏട്ടനെ നോക്കിയാണ് എന്ന് അമ്മ ഇന്നലെ കൂടി പറഞ്ഞു ചിരിച്ചു… തുമ്പിടെ അമ്മ എവിടെ എന്ന് എല്ലാവരും കളിയാക്കി ഏട്ടനോട് ചോദിക്കുവായിരുന്നത്രേ… അമ്മ എന്ന് ഏട്ടനെ നോക്കി വിളിക്കുന്ന എന്നേ കോരിയെടുത്ത് ഏട്ടൻ എന്ന് പഠിപ്പിക്കൽ ആയിരുന്നു സ്കൂൾ വിട്ട് വരുന്ന ഏട്ടന്റെ മെയിൻ ഹോബി… ഏട്ടനെ അമ്മയിൽ നിന്ന് ഏട്ടൻ എന്ന് ഞാൻ ആദ്യമായി വിളിച്ച ദിവസം ഏട്ടൻ സന്തോഷം കൊണ്ട് തുള്ളിചാടുകയായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്… ഏട്ടൻ എനിക്ക് എന്റെ എല്ലാമായിരുന്നു… എന്റെ ഓരോ കാര്യവും ഏട്ടൻ അത്ര ശ്രദ്ധയോടെ നോക്കിയിരുന്നു… ഏട്ടന്റെ 10ആം ക്ലാസ്സ് പരീക്ഷയുടെ ഇടക്ക് എനിക്ക് പനി വന്നപ്പോൾ പഠിക്കാതെ ഏട്ടൻ എനിക്ക് ഹോസ്പിറ്റലിൽ രാത്രി മുഴുവൻ കൂട്ടിരുന്നു..
അഞ്ചാം വയസ്സിൽ എന്നെ കളരിയിൽ ചേർക്കാൻ പോയപ്പോ ഞാൻ ഭയങ്കര കരച്ചിലാണ് എന്റെ തുമ്പിയെ അവർ അത്ര ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞു… ഏട്ടൻ തന്നെ എന്റെ ആദ്യ അധ്യാപകനുമായി…
ചിന്നി ചിതറിയ എന്റെ ഓർമ്മകളിൽ ഞാൻ ഇന്നും ഓർക്കുന്നു ഉത്സവവും ആ പൂരപറമ്പും പിന്നെ ആ ആനയും.. അന്നെനിക്ക് 6 വയസ്സ്, ഉത്സവം കൂടാൻ കരഞ്ഞു വഴക്കിട്ട് ചോറുണ്ണാതെ ഇരുന്ന എന്നെ ചോറുവാരി തന്നു, കുളിപ്പിച്ചു പുതിയ ഉടുപ്പ് ഇടിപ്പിച്ചത് ഏട്ടാനാണ്… അമ്മ പോവേണ്ട എന്ന് വിലക്കിയിട്ടും അഹങ്കാരഭാവത്തിൽ ഞാൻ ഏട്ടന്റെ കൈ പിടിച്ചു ആ ആൾക്കൂട്ടത്തിന് ഇടയിലൂടെ ഉത്സവം കാണാൻ പോയി… തിരക്ക് കൂടുതലാണ് എന്ന് പറഞ്ഞു ഏട്ടൻ എന്നെ തോളിലേക്ക് കയറ്റി വെച്ചതും എല്ലാവരും കൂട്ടത്തോടെ ഓടിയതും ഒരുമിച്ച് ആയിരുന്നു…
ഏട്ടനെ ആരോ തട്ടി ഞാനും ഏട്ടനും കൂടി താഴെ വീണപ്പോൾ ഏട്ടൻ ചാടി എണീറ്റു എനിക്ക് വേണ്ടി തിരയുന്നത് ഞാൻ ഇപ്പോളും ഓർക്കുന്നു… ഏട്ടാ എന്ന് വിളിച്ച് കരയുന്ന എന്നെ എടുക്കാൻ ഏട്ടൻ ഓടി വരുന്നതും അലറി വിളിച്ച് വരുന്ന ആന എന്നെ ചവിട്ടിയതും ഒരുമിച്ച് ആയിരുന്നു.. ഓടി വന്നു ഏട്ടൻ എന്നെ വാരിയെടുത്തപ്പോൾ എനിക്ക് ബോധം ഉണ്ടായിരുന്നില്ലാ… പിന്നെ എത്ര നാളുകൾക്കു ശേഷമാണ് ഞാൻ കണ്ണ് തുറന്നതെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു…
കണ്ണുകൾ തുറക്കാൻ പറ്റുന്നില്ലെങ്കിലും എനിക്ക് ചുറ്റുമുള്ളതൊക്കെ കേൾക്കാൻ കുറച്ച് കഴിഞ്ഞപ്പോൾ സാധിക്കുമായിരുന്നു… ഏട്ടന്റെ സ്വരം ഇപ്പോൾ പൌരുഷം നിറഞ്ഞതായിയിരിക്കുന്നു…ഏട്ടൻ എപ്പോളും എന്റെ കൂടെ തന്നെയാവും പല രാത്രികളിലും എന്റെ ഈ വിധിക്ക് ഏട്ടൻ സ്വയം പഴിച്ചു കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു…ഏട്ടന്റെ കണ്ണിലെ കണ്ണീർ തുടച്ചു ഏട്ടൻ കുറ്റകാരനല്ല എന്ന് പറയാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു..
വർഷങ്ങൾക് ശേഷം എന്റെ കണ്ണുകൾ തുറന്നപ്പോൾ ഞാൻ ആദ്യം കാണുന്നത് എന്റെ ഏട്ടനെയാണ്.. ഏട്ടൻ വലിയ ആളായി മാറിയിരിക്കുന്നു.. അമ്മയുടെ മുടിയിഴകളിൽ നര ബാധിച്ചുതുടങ്ങിയിരിക്കുന്നു… അമ്മ പറയുന്നതിൽ നിന്ന് ഒന്നെനിക്ക് ഉറപ്പായിരുന്നു ഞാൻ ഈ കിടപ്പ് തുടങ്ങിയിട്ട് 16 കൊല്ലം ആയിരിക്കുന്നു.. ഇന്നെനിക് 22 വയസുണ്ട്.. ഏട്ടന് 34ഉം.. ഏട്ടൻ ഇപ്പോളും ഏകനാണ്.. എനിക്ക് വേണ്ടി ഹോമിച്ചതാണ് ഏട്ടന്റെ ജീവിതം… ഞാൻ കണ്ണ് തുറന്നപ്പോൾ ഏട്ടന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…ഏട്ടൻ എന്നെ കെട്ടിപിടിച്ചു ഒരുപാട് ഉമ്മ തന്നു.. തിരിച്ചു മിഴികൾ ചലിപ്പിക്കാൻ പോലും ആവാതെ ഞാൻ നിസഹായയായി കിടന്നു…
പകൽ സമയങ്ങളിൽ അമ്മയും രാത്രി ഏട്ടനുമാണ് എന്റെ കൂടെ… ഏട്ടൻ രാത്രി വരുന്നതും നോക്കിയാവും എന്റെ ഓരോ പകലുകളും ഞാൻ തള്ളി നീക്കുക.. അമ്മയും ഏട്ടനും എന്നോട് ഒരുപാട് സംസാരിക്കും.. അച്ഛൻ എന്നും രാവിലെ അമ്പലത്തിൽ പോയി, എനിക്ക് അമ്പലത്തിലെ പ്രസാദം നെറ്റിയിൽ തൊട്ട് തരും.. ഇടക്ക് ആ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാം…
മരവിച്ച കിടപ്പിലെ വേദനകൾക്ക് ഇടയിലും ഏട്ടന്റെ സാന്നിധ്യം എനിക്ക് ആശ്വാസം ആയിരുന്നു…ഒരിക്കൽ പോലും ഏട്ടന്റെ കണ്ണുകളിൽ ഞാനൊരു ഭാരമായിരുന്നില്ലാ.. ആ പഴയ 6 വയസ്സുകാരിയെ നോക്കുമ്പോലുള്ള അതേ കൌതുകം ഇപ്പോളും ഏട്ടന്റെ കണ്ണുകളിൽ ഉണ്ട്…
ഇപ്പോൾ വേദന സഹിക്കാൻ പറ്റാതെയായി തുടങ്ങിയിരിക്കുന്നു… എന്റെ കണ്ണുനിറഞ്ഞു ഒഴുകുന്നത്തു കണ്ട് ഏട്ടനും കരയുമായിരുന്നു…ഡോക്ടർ വന്നു ഡയഗ്നോസിസ് നടത്തിയപ്പോൾ പറഞ്ഞു എന്റെ എല്ലുകൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന്… ഓരോ എല്ലുകളായി പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.. എന്റെ ശരീരത്തിൽ തൊടുമ്പോൾ എനിക്ക് വേദനയാണ്.. സഹിക്കാൻ വയ്യാത്ത അത്ര വേദന…
2 മാസത്തെ നിരീക്ഷണത്തിന് ശേഷം മേഴ്‌സി കില്ലിംഗ് ആണ് ഡോക്ടർ പറഞ്ഞ അവസാന മരുന്ന്… ഈ വേദനകളിൽ നിന്ന് ഉള്ള മുക്തി… ഒരുപക്ഷെ ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു… എന്റെ അനിയത്തിയെ ഞാൻ മരണത്തിനു വിട്ട് കൊടുക്കില്ല എന്ന് പറഞ്ഞു ഏട്ടൻ എന്നെ കെട്ടിപിടിച്ചപ്പോൾ എന്റെ കൈയിലെ എല്ലു പൊടിയുന്ന ഒച്ച ഏട്ടന് കേൾക്കാമായിരുന്നു..നിറഞ്ഞു ഒഴുകുന്ന എന്റെ കണ്ണുകൾ തുടക്കുന്ന ഏട്ടന്റെ മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല… എനിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം മേഴ്‌സി കില്ലിംഗ് ആണെന് ഡോക്ടർമാർ ഒന്നടംഗം പറഞ്ഞപ്പോൾ ഏട്ടൻ മനസില്ല മനസ്സോടെ സമ്മതിച്ചു…
6 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് വിധി അനുകൂലമായി വന്നിരിക്കുന്നു.. വേദനകൾ ഇല്ലാത്ത ലോകത്തേക് ഞാൻ യാത്രയാവാൻ പോവുകയാണ്….
നാളത്തെ പകൽ വെളിച്ചത്തിന് എന്റെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചമുണ്ട്… ഈ ലോകത്തിൽ നിന്ന് പോകുന്നതിനു മുൻപ് എനിക്ക് എന്റെ ഏട്ടനോട് നന്ദി പറയണമെന്ന് ഉണ്ട്… ഏട്ടന്റെ പെങ്ങളായി ജനിച്ചതിൽ ഞാൻ ഒരുപാട് സന്തോഷികുന്നുവെന്ന്… ഇത്രയും കൊല്ലം എന്നെ പൊന്നുപോലെയാണ് ഏട്ടൻ നോക്കിയത്…ഏട്ടൻ എനിക്ക് എന്റെ അച്ഛൻ ആയിരുന്നു…ഇങ്ങനെയൊരു ഏട്ടൻ എന്റെ പുണ്യമാണ്… പോകുന്നതിനു മുൻപ് എനിക്ക് ഏട്ടനോട് ഏട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്ന് പറയണമെന്നുണ്ട്.. ഏട്ടനോട് ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചു ജീവിക്കണമെന്ന് പറയണമെന്നുണ്ട്.. എന്നിട്ട് എനിക്ക് എന്റെ ഏട്ടന്റെ മകളായി വീണ്ടും ജനിക്കണം… ഏട്ടനെ ആവോളം സ്നേഹിക്കണം… ഏട്ടന്റെ തോളിൽ തല വെച്ച് ഉറങ്ങണം… ഏട്ടനെ എനിക്ക് പൊന്നുപോലെ നോക്കണം.. ഏട്ടന്റെ അനിയത്തി കുട്ടി ഇങ്ങനെയൊരു മോചനം ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നു പറയണമെന്നുണ്ട്…ഏട്ടനെ പിരിയുന്നത്തിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ട്.. ഞാൻ തിരിച്ചു വരും ഏട്ടാ ഏട്ടന്റെ മോളായി….
ആ എനിക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യം വന്നിരിക്കുന്നു…ഇൻജെക്ഷൻ വെക്കാൻ പോവുകയാണ്…നാവിൽ വെള്ളം തൊട്ടു കൊടുക്കാനോ, ഉമ്മ കൊടുക്കാനോ ഉണ്ടെങ്കിൽ കൊടുത്തോളു എന്ന് നേഴ്സ് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
എന്റെ നാവിൽ ഒരിറ്റ് വെള്ളം ഏട്ടൻ തൊട്ടു തന്നപ്പോൾ എനിക്ക് മോക്ഷം കിട്ടിയപോലെ തോന്നി… അയ്യോ എന്റെ ഏട്ടൻ കരയുന്നു.. ഏട്ടൻ കരയുന്നത് എനിക്ക് ഇഷ്ടല്ലാ.. ഏട്ടൻ എന്നെയൊന്നു നോക്കാമോ…
അവസാനമായി എന്റെ കൈ പിടിച്ചു നെറ്റിയിൽ ചുംബിച്ചു, എന്റെ കണ്ണുകളിലേക്ക് ഏട്ടൻ നോക്കിയപ്പോൾ എന്റെ കണ്ണുകളിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ അടർന്നു വീണിരുന്നു..ആ കണ്ണുനീർ തുള്ളിക്ക് പറയാനുള്ളത് ഏട്ടനോട് എനിക്കുള്ള സ്നേഹമാണ്.. ഏട്ടനത് മനസിലായി കാണുമോ ആവോ അതോ ഏട്ടന്റെ കണ്ണിലെ കണ്ണുനീർ തുള്ളികൾ അത് മറച്ചുവോ…
തുമ്പി…
മോളെ ഓടല്ലേ…
വീഴും… ഈ പെണ്ണ് എന്തു കുസൃതിയാ…
അച്ഛന് കണ്ടിട്ട് പേടിയാവുന്നു…
പണ്ടത്തെ ആ 6 വയസ്സുകാരിയുടെ കണ്ണിലെ അതേ കുസൃതിയോടെ അവൾ വീണ്ടും അവന്റെ തോളിലിരുന്നു ഉത്സവം കണ്ടു, പണ്ട് കാണാൻ ബാക്കി വെച്ച ആ ഉത്സവം… ഏട്ടന്റെ, അല്ലാ അച്ഛന്റെ തുമ്പിപെണ്ണായി…