Karimizhi

The World of Malayalam Stories

Malayalam short stories

അയക്കുന്ന പണം മതി വീട് കഴിയാൻ. നീ ജോലിക്ക് പോയാൽ ഉമ്മ തനിച്ചാകും.

ഷഹാന, നീ ഇപ്പൊ ജോലിക്ക് പോകണ്ട കാര്യമൊന്നും ഇവിടില്ല. ഇപ്പോ നിന്റെ ഭർത്താവ് ഒരു ഗൾഫുകാരൻ ആണു.ഉപ്പയും ഷാഫിയും മാസാമാസം അയക്കുന്ന പണം മതി വീട് കഴിയാൻ. നീ ജോലിക്ക് പോയാൽ ഉമ്മ തനിച്ചാകും. പിന്നെ കുട്ടിയെ നോക്കാൻ ഉമ്മാക്ക് പറ്റുകെയും ഇല്ല.

 

നാത്തൂൻമാർ രണ്ടും പറഞ്ഞു നിർത്തിയപ്പോൾ ഷഹാന പറഞ്ഞു, കല്യാണം കഴിഞ്ഞു മോളെ ഗർഭിണി ആകും വരെ ഞാൻ ജോലിക്ക് പോയിരുന്നല്ലോ. ഉമ്മ പണിയൊന്നുമെടുക്കേണ്ട ഞാൻ ഒക്കെ ചെയ്ത് പൊയ്ക്കോളാം . പിന്നെ അങ്കണവാടിയിലെ ആയ 9മണിക്ക് മോളേം കൊണ്ടുപോയ്ക്കോളും.

 

ഓ അപ്പോൾ എല്ലാം ഉറപ്പിച്ചോ നീ തനിയെ?

 

ഷാഫിക്ക സമ്മതിച്ചു. പിന്നെന്താ ഉമ്മ?

 

എന്നാൽ അവൻ വിളിക്കട്ടെ ഞാൻ ചോദിക്കാല്ലോ. കല്യാണം കഴിഞ്ഞപ്പോഴും ഞാൻ പറഞ്ഞതാ ജോലിക്ക് വിടണ്ടന്ന്. അപ്പോ അവനു നിർബന്ധം ആരുന്നു. രണ്ടാൾടേം വരുമാനം ഉണ്ടെങ്കിൽ നന്നായി ജീവിക്കാമെന്ന് പറഞ്ഞു. ഇപ്പോ അവൻ ഗൾഫിൽ പോയല്ലോ രണ്ടാൾക്കും കൂടെ കിട്ടണത് അവനു ഒറ്റക് കിട്ടുന്നുമുണ്ട്.

 

ഷാഫിയും ഉപ്പയും വിളിച്ചപ്പോൾ കിട്ടിയ മറുപടി നിരാശ ആയിരുന്നു. ഷഹാന പൊയ്ക്കോട്ടേ എന്നവർ പറഞ്ഞു.

 

…………………………………………………………

 

ഷഹാന ജോലിക്ക് പോകാൻ തുടങ്ങിയ അന്നുമുതൽ ഉമ്മ ഓരോ അസുഖങ്ങൾ പറഞ്ഞു കിടക്കാൻ തുടങ്ങി. എന്നും ഇറച്ചിയും മീനും ബിരിയാണിയും നെയ്ച്ചോറും ഉണ്ടെങ്കിലേ ഉമ്മാക്ക് തൃപ്തിയാകു. അതിന്റെ ഫലമായി ഷുഗറും കൊളെസ്ട്രോളും മാത്രേ ഉമ്മാക്കുള്ളു എന്ന് ഷഹാനയ്ക് അറിയുന്നത് കൊണ്ടു അവൾ ജോലി തുടർന്നു. എല്ലാ ആഴ്ചയിലും വിരുന്നു വരുന്ന നാത്തൂന്മാർ ഇഷ്ടാനുസരണം ഹോട്ടലിൽ നിന്നു പാർസൽ വാങ്ങിയും തുണിക്കടകളിലും ഫാൻസിഷോപ്പുകളിലും കാശ് ധൂർത്തടിച്ചും നടന്നു. അപ്പോഴും ഷാഫി അവൾക്കയക്കുന്ന പണവും അവളുടെ ശമ്പളവും അവൾ മിച്ചം വെക്കുമായിരുന്നു.

 

ഷഹാനയെ വീട്ടിൽ ഇരുത്താൻ അവസാനം കണ്ടെത്തിയ മാർഗമാണ് ഉമ്മയുടെ ബോധക്കേട്.ഒരു ദിവസം ജോലികഴിഞ്ഞു വീട്ടിലെത്തിയ ഷഹാന കണ്ടത് നിലത്തുവീണുകിടക്കുന്ന ഉമ്മയെയാണ്. നാത്തൂന്മാർ അയൽക്കാരോടും ബന്ധുക്കളോടും വയ്യാത്ത ഉമ്മയെ തനിച്ചാക്കി ഷഹാന ജോലിക്ക് പോകുന്ന കഥ പറഞ്ഞു. പിറ്റേന്ന് മുതൽ അവൾ ജോലിക്ക് പോകാതായി.

 

……………………………………………….

 

മാസങ്ങൾ കടന്നു പോകുന്തോറും ഗൾഫിൽ നിന്നുള്ള വിളിയും പണമയക്കലും കുറഞ്ഞു. കാര്യങ്ങൾ പന്തിയല്ലെന്ന് മനസിലാക്കിയ പെങ്ങമ്മാരു വിരുന്നുവരാതായി. വീട്ടുചിലവും ഇളയ മകളുടെ കല്യാണത്തിന് എടുത്ത ലോൺ അടവും മുടങ്ങിയപ്പോൾ ഉമ്മ നാത്തൂന്മാരെ വിളിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ഷഹാനയോടു ചോദിക്കാൻ മടിച്ചിട്ടു ഉമ്മ സ്വർണം പണയം വെച്ചു കാര്യങ്ങൾ നടത്തി. ആയിടക്ക് പ്രെഷര് കൂടി ശെരിക്കും ഉമ്മയൊന്ന് തലചുറ്റി വീണു. വീഴ്ചയിൽ കൈയും ഒടിഞ്ഞു. ഷഹാന അല്ലാതെ ആരും ഉണ്ടായില്ല അവരെ നോക്കാൻ.

 

………………………………………………………….

 

ഷാഫിയും ഉപ്പയും സ്വദേശിവൽക്കരണം കാരണം ഉള്ള പണി പോയിട്ടും കുറേ മാസങ്ങളായി കിട്ടാനുള്ള ശമ്പളകുടിശ്ശിക കിട്ടാനായി കാത്തുനിന്നതാണ് ഗൾഫിൽ.കാര്യങ്ങൾ മോശമായിത്തുടങ്ങിയപോയെ ഷാഫി ഷഹാനയോട് കാര്യങ്ങൾ പറഞ്ഞു. അതുകൊണ്ടാണവൾ ജോലിക്ക് വീണ്ടും പോകാൻ ആരംഭിച്ചത്. അതും ഉമ്മ മുടക്കി. ഒടുക്കം ശമ്പളം കിട്ടാതെ വന്നപ്പോൾ വേറെ വഴിയില്ലാതെ ഷാഫിയും ഉപ്പയും നാട്ടിലേക്കു തിരിച്ചു ……

 

ഉപ്പയും ആങ്ങളയും ഗൾഫിൽ നിന്നെത്തിയതറിഞ്ഞ പെങ്ങമ്മാരു വീട്ടിലേക് വിരുന്നു വന്നു. വെറുംകൈയോടെ വന്ന ഉപ്പയ്ക്കും ആങ്ങളയ്ക്കും മുന്നിൽ പരാതികൾ പറഞ്ഞപ്പോൾ ഉപ്പ പറഞ്ഞു, മക്കൾ വിഷമിക്കേണ്ട നിങ്ങടെ കെട്ടിയോന്മാരും ഉടനെ ഇങ്ങെത്തും. അപ്പോഴും കൈയിൽ ഒന്നുമുണ്ടാവില്ല. തലയ്ക്കടിയേറ്റ പോലെ നിന്നുപോയി അവർ.

………………………………………………………….

 

ഇനി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷാഫിയുടെ കൈയിലേക്ക് തന്റെയും മോള്ടെയും സ്വർണവും ഷാഫി അയച്ച പണത്തിൽ നിന്നും അവളുടെ ശമ്പളത്തിൽ നിന്നും അവൾ മിച്ചം വെച്ചു കൂട്ടിയ പണത്തിന്റെ പാസ്സ്‌ബുക്കും നൽകി ഷഹാന പറഞ്ഞു,

 

ഉപ്പ പത്തുമുപ്പതു കൊല്ലം അന്യനാട്ടിൽ കിടന്നു കഷ്ടപെട്ടില്ലേ ഇനി വിശ്രമിക്കട്ടെ. ഈ സ്വർണവും രൂപയും കൊണ്ട് ഷാഫിക്ക പഴയപോലെ ഒരു കട തുടങ്ങണം. ഉമ്മാക്ക് സമ്മതമാണേൽ ഞാനും ജോലിക്ക് പോകാം. നമ്മുക്ക് ജീവിക്കാൻ അതൊക്കെ ധാരാളം.

 

ഷഹാന അതുപറഞ്ഞുനിർത്തിയതും ഉമ്മവന്നവളുടെ കൈപിടിച്ച് പറഞ്ഞു ഉമ്മാന്റെ വിവരക്കേട് മോളു മറന്നുകള. നീ ജോലിക്ക് പൊയ്ക്കോ വീട്ടുകാര്യങ്ങളും ആയിശു മോളെയും ഉമ്മ നോക്കിക്കോളാം.

 

അപ്പോ നിനക്ക് ദിവസോം നെയ്ച്ചോറും ബിരിയാണിയും ഇറച്ചിയും ഒന്നും വേണ്ടേ കദീജ… ഉപ്പയാണ് ചോദിച്ചത്.

 

അതിനുമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, അതൊക്കെ കൊളെസ്ട്രോൾ കൂട്ടും.അതുകൊണ്ട് ഞാൻ അതൊക്കെ നിർത്തി.നിങ്ങളല്ലേ പറയാറ് കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയുമാണ് ഏതു ബിരിയാണിയെക്കാളും നല്ലതെന്നു .ഇപ്പോ എനിക്കും അതാ ഇഷ്ടം.

 

ഉമ്മ അതു പറഞ്ഞു തീർന്നതും ഉപ്പയും ഷാഫിക്കയും ഞാനും ചിരിച്ചു ഉമ്മയും ആ ചിരിയിൽ ഒപ്പം ചേർന്നു.

LEAVE A RESPONSE