|

അവളുടെ കണ്ണിലെ നീർതിളക്കം

സഖാവിന്റെ സഖി

എന്താടോ.. മുഖത്തൊരു തെളിച്ച കുറവ്?. വിവേകുമായി വീണ്ടും പിണങ്ങിയോ?

സ്റ്റാഫ്‌ റൂമിലേക്ക് കയറിയപ്പോൾ താടിക്ക് കയ്യും വെച്ചു എന്തോ ഗാഡമായ ആലോചനയിൽ മുഴുകിയിരിക്കുന്ന അന്ന ടീച്ചറെ കണ്ടതും ഞാൻ ചോദിച്ചു.

അവളുടെ കണ്ണിലെ നീർതിളക്കം കണ്ടപ്പോൾ പിന്നെ വേറെ ഒന്നും ചോദിക്കാതെ ഞാൻ എന്റെ സീറ്റിൽ പോയിരുന്നു.

മൂന്നാമത്തെ പീരിയഡ് ആയപ്പോൾ ആണ് എനിക്കും അന്നയ്ക്കും ഒരുമിച്ച് ഫ്രീ ഹവർ കിട്ടിയത്.

മാഷ് കാന്റീനിലേക്ക് പോരുന്നോ?

അന്ന ചോദിച്ചപ്പോൾ ഞാൻ അവളുടെ കൂടെ എണീറ്റു.

എന്നോട് തനിച്ച് സംസാരിക്കാൻ ആണ് ആ വിളി എന്നറിയാം

ഒരുമിച്ച് നടക്കുമ്പോൾ അവളുടെ മൗനത്തിൽ നിന്നും മനസ്സിലായി അവൾ അനുഭവിക്കുന്ന സങ്കട കടലിന്റെ ആഴി.

സാരമില്ലെടോ… വിവേകിനെ എനിക്കറിയാലോ… ദേഷ്യം വരുമ്പോൾ അവൻ വല്ലതും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യും എന്നല്ലാതെ ബാക്കിയുള്ള നേരമൊക്കെ അവൻ പെർഫെക്ട് അല്ലേ. അതിനൊക്കെ നീ ഇങ്ങനെ മൂഡ് ഓഫ്‌ ആവാൻ തുടങ്ങിയാൽ അന്നാ… നിനക്ക് അതിനെ നേരമുണ്ടാവൂ..പറഞ്ഞില്ല എന്ന് വേണ്ടാ

മാഷിന് പറയാൻ സുഖമാ… അനുഭവിക്കുന്നത് ഞാൻ അല്ലേ.. ആദ്യമൊക്കെ വല്ലപ്പോഴുമേ വഴക്ക് കൂടാറുണ്ടായിരുന്നുള്ളൂ… ഇപ്പോൾ തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കാ മാഷേ.. എനിക്ക് മടുത്തു..ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നിപോവാ

അപ്പോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു

അയ്യേ.. എന്തായിത്.. ചെറിയ കുട്ടികളെ പോലെ..അവനോ ബുദ്ധിയില്ല.. നീയും അവനെ പോലെ ആയോ

അഡ്ജസ്റ്റ്മെന്റ്… അത് ഒരാൾക്ക് മാത്രം ബാധകമാവുമ്പോൾ… ലൈഫ് മരവിച്ചു പോകുന്ന പോലെ തോന്നുവാ മാഷേ ..കോളേജിൽ വന്നാൽ പിന്നെ തിരിച്ച് വീട്ടിലേക്ക് പോവാനെ തോന്നുന്നില്ല.. എല്ലാ ഭാര്യമാർക്കും ബുദ്ധിമുട്ട് വരുമ്പോൾ കുറച്ചു ദിവസം സ്വന്തം വീട്ടിലേക്കെങ്കിലും പോയി താമസിച്ച് ഒന്ന് റിലാക്സ് ചെയ്യാം . എനിക്കാ ഓപ്ഷനും ഇല്ലല്ലോ

ഹാ.. വിപ്ലവം സൃഷ്ട്ടിച്ച ഒളിച്ചോട്ടം ആയിരുന്നല്ലോ രണ്ടിന്റെയും.ഇനി നീ നിന്റെ വീട്ടിലേക്ക് കയറി ചെല്ല്.. വീട്ടുകാർ ആവില്ല നിന്റെ ഇടവകയിലെ ആൾക്കാർ ആവും നിന്നെ ആട്ടിയോടിക്കാൻ മുമ്പിൽ ഉണ്ടാവുക..

മ്മ്മ്… ശരിയാ മാഷേ……….
അന്നത്രയ്‌ക്കേ ബുദ്ധിയുണ്ടായിരുന്നുള്ളൂ..പ്രണയിക്കുമ്പോൾ അല്ലെങ്കിലും എന്ത് ജാതി എന്ത് മതം… മനസ്സിൽ നിറയെ വിവേകിനോടൊപ്പമുള്ള ജീവിതമായിരുന്നു. അതിന് വേണ്ടി വീട്ടുകാരെ പോലും തള്ളി പറയേണ്ടി വന്നു.അന്നറിയില്ലല്ലോ ജീവിതം ഇങ്ങനെയൊക്കെ മാറി പോകും എന്ന്..

അന്നാ…ആദ്യം നിങ്ങൾ രണ്ടുപേരും മനസ്സ് തുറന്നൊന്നു സംസാരിച്ചു നോക്കൂ.. അപ്പോഴേ നിങ്ങൾക്കിടയിലുള്ള പകുതി പ്രശ്നം തീരും. നീ ആദ്യം അവന് പറയാനുള്ളതെല്ലാം ഒന്ന് സവാകാശത്തിൽ കേട്ട് നോക്ക്.. അതിന് ശേഷം മാത്രം മതി നീ സംസാരിക്കുന്നത്.രണ്ടു പേരും മനസ്സ് തുറക്കാതെ സംസാരിച്ചു തുടങ്ങുമ്പോഴേ തല്ലു കൂടിയാൽ എങ്ങനെയാ ശരിയാവുക .. ഇന്ന് വീട്ടിൽ പോയി അവന് പറയാനുള്ളതൊക്കെ നീയൊന്നു കേട്ട് നോക്ക് ആദ്യം . എന്നിട്ട് വല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടോ എന്ന് നമുക്ക് നോക്കാം..നീ ടെൻഷൻ ആവാതെഡോ.

മ്മ്മ്.. ശരി… ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.. എപ്പോഴും എന്നെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ എത്ര നേരമാ അത് കേട്ടില്ലെന്നു നടിക്കുക.എന്റെ ക്ഷമയുടെ നെല്ലിപലക ഇളകുമ്പോൾ ആണ് ഞാൻ വല്ലതും തിരിച്ചു പറയുന്നത് തന്നെ. പിന്നെ അതിൽ പിടിച്ചു തൂങ്ങി കത്തി കയറും. വിവേക് എന്നെ ഒന്ന് മനസ്സിലാക്കുന്ന പോലും ഇല്ലല്ലോ മാഷേ. സത്യം പറയാലോ എനിക്കിപ്പോ ഏറ്റവും കുശുമ്പ് മാഷിനോടാ.. ഒറ്റ തടിയായി ജീവിതം ആസ്വദിക്കുകയല്ലേ.. ആരോടും കടപ്പാടും ഇല്ല കടമയും ഇല്ല.. ഒരു റെസ്ട്രിക്ഷനും ഇല്ലാതെ സ്വന്തം ഇഷ്ട്ടപ്രകാരം ജീവിക്കുകയല്ലേ.. റിയലി ഐ ഫീൽ ജലസി ഓൺ യൂ

ഓഹ് കണ്ണു വെയ്ക്കല്ലേ മോളേ… അടിയൻ ആർക്കും ബുദ്ധിമുട്ടാവാതെ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ

അല്ല മാഷേ.. നിങ്ങടെ നഷ്ട പ്രണയത്തെയും നെഞ്ചിലേറ്റി ജീവിതക്കാലം മുഴുവൻ ഹോമിക്കാൻ തന്നെ ആണോ സഖാവിന്റെ തീരുമാനം?

അതിനും ഒരു സുഖമുണ്ടെടോ.. അത് പ്രണയം സ്വന്തമാക്കിയവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല..

ഞാൻ അവളെയൊന്ന് ആക്കി പറഞ്ഞു

ശരിയാ മാഷേ എനിക്ക് പലതും മനസ്സിലാവുന്നില്ല.. പ്രണയം തുറന്നു പറയാതെ മനസ്സിലിട്ട് നടന്നപ്പോൾ അവളെ മറ്റൊരുത്തൻ കെട്ടി കൊണ്ടു പോയി.. അവളുടെ പിന്നാലെ നടന്ന് ചെരിപ്പ് തേഞ്ഞത് മാത്രം മാഷിന് മിച്ചം.. എന്നിട്ടിപ്പോ അവളേയും മനസ്സിലിട്ട് നടക്കാത്രേ. അറ്റ്ലീസ്റ്റ് ആ കുട്ടി മാഷിന്റെ പ്രണയമെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ചെറിയൊരു സ്കോപ് എങ്കിലും ഉണ്ടാകുമായിരുന്നു

എന്ത് സ്കോപ്?

അതല്ല.. മാഷ് പ്രണയിച്ചിരുന്നുവെന്ന് ആ കുട്ടി അറിഞ്ഞിരുന്നെങ്കിൽ ഇപ്പൊ ആ കുട്ടിയുടെ ലൈഫിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടെങ്കിൽ ഹസ്ബന്റിനെ ഡിവോഴ്സ് ചെയ്ത് അവൾ മാഷിനെ തിരഞ്ഞു വരുമായിരിക്കും എന്ന സ്കോപ്പിന് പോലും ചാൻസ് ഇല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. കാരണം അവൾക്ക് അറിയില്ലല്ലോ ഇങ്ങനെ ഒരു നിശബ്ദ കാമുകനെ കുറിച്ച്.

മ്മ്മ്.. അതും ശരിയാ.. അന്ന് ചെങ്കൊടിയോടായിരുന്നു കൂടുതൽ പ്രണയം.അവളോടുള്ള പ്രണയത്തിന് രണ്ടാം സ്ഥാനമേ കൊടുത്തുള്ളൂ..അതുകൊണ്ട് എല്ലാം മനസ്സിൽ വെച്ചു നടന്നു.. പിന്നീട് പറയാൻ തുനിഞ്ഞപ്പോഴേക്കും അവളുടെ മനസ്സിൽ വേറൊരാൾ ഇടം നേടിയിട്ടുണ്ടെന്ന് അറിഞ്ഞു. പിന്നെ ഞാൻ ചെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.

മ്മ്മ്….മാഷ് കോളേജിൽ പഠിക്കുമ്പോൾ വലിയ സഖാവ് ആയിരുന്നെങ്കിലും കുട്ടികളോട് സംസാരിക്കാൻ അറിയില്ലായിരുന്നു.ഗൗരവം ആയിരുന്നല്ലോ മുഖമുദ്ര..ഞാനൊക്കെ പേടിയോടെയാ സഖാവിനെ നോക്കിയിരുന്നത്. പക്ഷേ ഇപ്പോൾ ഒരു കോളേജിൽ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ അല്ലേ മനസ്സിലായത് ഇതൊരു പാവം സഖാവ് ആയിരുന്നുവെന്ന്.

ഹാ ഹാ. ഹാ.. എനിക്കാണെങ്കിൽ കോളേജിൽ വെച്ച് നിന്നെയൊന്നും കണ്ട ഓർമ്മയേ ഇല്ല.പിന്നെ വിവേക് നിന്നെ കല്യാണം കഴിക്കുമ്പോഴാ അറിയുന്നത് നീ ഞങ്ങളുടെ ജൂനിയർ ആയിരുന്നുവെന്ന്‌

മ്മ്മ്.. അതുകൊണ്ടെന്താ അന്ന് മിണ്ടിയില്ലെങ്കിലും എനിക്കിപ്പോ നല്ലൊരു ഫ്രണ്ടിനെ കിട്ടിയില്ലേ.. താങ്ക് ഗോഡ്.. മാഷും കൂടെ ഇപ്പൊ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചേനെ..

അവളുടെ സംസാരത്തെ അലസോരപ്പെടുത്തി കൊണ്ട് ബെല്ലടിയുടെ ശബ്ദം മുഴങ്ങി . ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു.. അന്നയെ പിന്നീട് സ്റ്റാഫ്‌ റൂമിൽ വെച്ച് കണ്ടെങ്കിലും കൂടുതലായൊന്നും ഞങ്ങൾ സംസാരിച്ചില്ല

വീട്ടിലെത്തി രാത്രിയിൽ ഉറക്കം വരാതെ ഫോണിൽ നോക്കിയിരിക്കുമ്പോൾ ആണ് അന്നയുടെ മെസ്സേജ് വന്നത്.

വിവേകുമായി സംസാരിച്ചു.. എല്ലാം സെറ്റ് ആയി.. താങ്ക്സ്❤️❤️

ഞാൻ ഒരു തമ്സ്അപ്പ് അയച്ചു കൊടുത്തു.

വീണ്ടും അവളുടെ മെസ്സേജ് വന്നു

ഉറങ്ങാൻ ആയില്ലേ .. അതോ നഷ്ട പ്രണയത്തെ ഓർത്തു കിടക്കുവാണോ.. ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ മാഷേ .. ഒരു കല്യാണമൊക്കെ കഴിച്ചു എന്നേയും എന്റെ വിവേകിനെയും പോലെ സന്തോഷത്തോടെ ജീവിച്ചു കൂടെ…..

അവളുടെ മെസ്സേജ് കണ്ട് ഞാനാദ്യം പകച്ചു പോയി.. രാവിലെ വിവേകിന്റെ കുറ്റം പറഞ്ഞവൾ നിമിഷ നേരം കൊണ്ട് കാലു മാറിയിരിക്കുന്നു.!!!!.

ഞാൻ അവൾക് മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി

ഇതിനുള്ള മറുപടി രണ്ടാഴ്ച കഴിഞ്ഞ് വിവേകിന്റെ കുറ്റം പറയാൻ എന്റെടുത്ത് വരുമല്ലോ.. അപ്പോൾ പറയാം കെട്ടോ.. ഇപ്പോൾ മോള് പോയി കിടന്നുറങ്ങ്.. Good നൈറ്റ്‌.

പൊട്ടിച്ചിരിയുടെ സ്മൈലിയോട് കൂടിയ അവളുടെ ഗുഡ് നൈറ്റ്‌ മെസ്സേജ് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു…

എന്നത്തേയും പോലെ എന്റെ ഏറെ പ്രിയപ്പെട്ട ഗാനം യൂട്യൂബിൽ പ്ലേ ചെയ്ത് കൊണ്ട് ഞാൻ ഉറക്കത്തെ പുണരാനുള്ള ശ്രമം തുടങ്ങി

“ചിതറിത്തെറിക്കുന്ന ചിന്തളിലെപ്പോഴും നിന്റെയീ പുഞ്ചിരിയൊന്നു മാത്രം
മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും”

കാതുകളിലേക്ക് ഇമ്പമോടെ ഒഴുകി വരുന്ന വരികളോടൊപ്പം എന്റെ നഷ്ടപ്രണയവും എന്റെ മിഴികളിൽ മികവോടെ തെളിഞ്ഞു നിന്നു..

ചെങ്കൊടിയേന്തി മുദ്രാവാക്യം ഉറക്കെ വിളിച്ച് പോകുന്ന സഖാവിനെ പേടിയോടെ നോക്കിയിരുന്ന ആ ദാവണികാരി ആ സഖാവിന്റെ ചങ്കിലെ പിടപ്പായിരുന്നുവെന്ന സത്യം ആരും അറിയാതിരിക്കട്ടെ….

ശുഭം

അനാമിക

Similar Posts

Leave a Reply