|

കളയാതെ നോക്കണമല്ലോ.എന്റെ ജീവൻ

ചിറക്
(ചെറുകഥ )

തിരിച്ചു പോവാൻ തന്നെ ആണോ കുട്ടീ നിന്റെ തീരുമാനം

പിന്നെ ഞാൻ എന്താ ചെയ്യണ്ടേ അമ്മേ.അതും കൂടി ഒന്ന് പറഞ്ഞുതായോ. നിങ്ങളുടെ അഭിമാനവും അന്തസ്സും കളയാതെ നോക്കണമല്ലോ.എന്റെ ജീവൻ പോയാലും വേണ്ടില്ല അത് ഞാൻ പാലിച്ചിരിക്കും. അതോർത്ത് രണ്ടാളും ടെൻഷൻ ആവേണ്ട.

എന്റെ ശബ്ദം അവിടെയാകെ മുഴങ്ങി

അമ്മയുടെ മുഖം കുറ്റബോധത്താൽ മെല്ലെ താണു.

എനിക്ക് മുഖം തരാതെ അച്ഛൻ നിർവികാരതയോടെ വിദൂരയിലേക്ക് നോട്ടം പായിച്ചു.

ഞാൻ ഈ സ്കൂട്ടി എടുക്കുവാണേ.പത്തിൽ എട്ട് ജാതകപൊരുത്തവും പോരാത്തതിന് എന്റെ അച്ഛന്റേം അമ്മയുടേം കണ്ണിൽ 100 ശതമാനം എല്ലാം തികഞ്ഞ സത്ഗുണ സമ്പന്നനായ ഒരുത്തന്റെ കൂടെ എന്നെ പറഞ്ഞയച്ചപ്പോൾ നിങ്ങളുടെ കടമ തീർന്നല്ലോ.. ബാക്കി ഞാൻ അനുഭവിച്ചോളാം…എന്തായാലും എന്നും മൂക്കറ്റം മദ്യപിച്ചു വന്ന് എന്റെ കെട്ടിയോൻ എന്നെ തല്ലിച്ചതച്ച് പഞ്ഞിക്കിടുമ്പോൾ സ്വയം രക്ഷയ്ക്ക് പാതിരാത്രിയിൽ ഇറങ്ങി ഓടാൻ മുറ്റത്ത് ഒരു വണ്ടിയിപ്പോ എനിക്ക് അത്യാവശ്യമാണ്.

വീണ്ടുമൊരു സംസാരത്തിനു ഇട നൽകാതെ ഡ്രസ്സ്‌ അടങ്ങിയ ബാഗ് സ്കൂട്ടിയിൽ വെച്ചു യാത്ര പോലും പറയാതെ ഞാൻ വേഗം വണ്ടിയുമെടുത്ത് ഇറങ്ങി .

അവരെ വേദനിപ്പിക്കരുത് എന്ന് മനസ്സ് ആഗ്രഹിക്കാറുണ്ടെങ്കിലും അനുഭവങ്ങളുടെ തീചൂളയിൽ വെന്തുരുകുമ്പോൾ നാവിൽ നിന്നറിയാതെ ഉതിർന്നു വീണുപോകുന്നതാണ് ഇതൊക്കെ.

അഖിലേട്ടന്റെ വീട്ടിലേക്ക് വീണ്ടും കയറി ചെല്ലാൻ മനസ്സ് അനുവദിച്ചട്ടല്ല പോകുന്നത്. ആരോടൊക്കെയോ ഉള്ള ദേഷ്യം…. വാശി…. അതിന് ഞാൻ എന്നെ സ്വയം ബലിയാടാക്കുന്നു എന്ന് മാത്രം. അടിയേറ്റ് അടിയേറ്റ് ശരീരം ആകെ നീര് വന്ന് പൊന്തുമ്പോൾ ഒരാഴ്ച വീട്ടിൽ വന്ന് നിൽക്കും. പിന്നെ വീണ്ടും മടങ്ങും..

പോകുന്ന വഴിയിൽ എന്തോ ഒന്ന് അമ്പലത്തിൽ കയറാൻ തോന്നി.. പതിവില്ലാത്തതാണ്….ദൈവത്തിനോട് പോലും ഈർഷ്യയാണ് എനിക്ക്… എന്റെ പ്രാർത്ഥന കേൾക്കാത്ത, എന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ ദൈവത്തിനെ ഇനിയും ഞാനെന്തിന് സേവിക്കണം എന്ന ചിന്തയാണ് മനസ്സിൽ .

കൊല്ലം ഒന്ന് കഴിഞ്ഞു അമ്പലത്തിൽ ഒക്കെ കയറിയിട്ട്. പണ്ട് മുടക്കം വരാതെ ഓടിയെത്തിയിരുന്ന സ്ഥലമായിരുന്നു . തിരുനടയിൽ കയറി കണ്ണടച്ച് തൊഴുതു നിന്നു . അന്നൊക്കെ ഒരൂട്ടം പരാതിയും പരിഭവവുമൊക്കെ ഭാഗവാനോട് എണ്ണിയെണ്ണി പറയാനുണ്ടായിരുന്നു.ഇന്നിപ്പോ നിർവികാരതയോടെ നിൽക്കാനേ കഴിയുന്നുള്ളൂ.. മനസ്സ് നിറഞ്ഞു ഒന്ന് പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല. കണ്ണടച്ചു കുറച്ചു നേരം അങ്ങനെ നിന്നു.

ദിവ്യേ……

എന്ന വിളി തൊട്ടടുത്തു നിന്നും കേട്ടപ്പോൾ ഞാൻ ഞെട്ടിപോയിരുന്നു. ഞാൻ കണ്ണുകൾ ഒന്നൂടെ മുറുകെ അടച്ചു നിന്നു.. പണ്ട് മനസ്സിനെ കോരിതരിപ്പിച്ചിരുന്ന ആ ശബ്ദം ഇന്നിപ്പോ എന്റെ മേലെയാകെ തീമഴ കോരിയൊഴിച്ചത് പോലെ തോന്നിപ്പിച്ചു . എത്ര നേരം എനിക്കിങ്ങനെ കണ്ണടച്ച് നിൽക്കാൻ ആവും.. അറിയില്ല..കണ്ടില്ലെന്നു നടിച്ചു അവന്റെ മുന്നിലൂടെ നടന്ന് പോകാൻ എനിക്ക് കഴിയുമോ… കഴിയണം.. കഴിഞ്ഞേ പറ്റൂ.. ഞാൻ മനസ്സിനെ പാകപ്പെടുത്തി മെല്ലെ കണ്ണുതുറന്നു.. എന്റെ വലതു വശത്തു നിൽക്കുന്നവനെ പാടെ അവഗണിച്ചു കൊണ്ട് തിരിഞ്ഞു നടന്നതും പെട്ടെന്ന് കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു.

തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.

അവൻ എന്റെ കയ്യിലെ പിടി വിടാതെ മുന്നോട്ട് നടന്നു. കൂടെ യാന്ത്രികമായി ഞാനും. ആൽത്തറയുടെ അടുത്തെത്തിയപ്പോൾ അവൻ നിന്നു. തിരിഞ്ഞു എന്നെ നോക്കിയതും പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ എന്റെ കണ്ണകൾ രണ്ടും അനുസരണക്കേട് കാണിക്കാൻ തുടങ്ങി.

എന്ത് കോലമാടി ഇത്. കോടീശ്വരന്റെ വീട്ടിൽ നിനക്ക് കഴിക്കാൻ ഒന്നും തരാറില്ലേ

അവൻ വേദനയോടെയാണെങ്കിലും എന്നെ പുച്ഛിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ നിന്നെ ശല്യപെടുത്തും എന്ന് വിചാരിച്ചിട്ടാണോ നീ എന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തത്.

ഞാൻ ഒന്നിനും മറുപടി നൽകാതെ തല കുനിച്ചു നിന്നു.

നിന്റെ അവിടുത്തെ പൊറുതിയൊക്കെ ഇന്നത്തോടെ നിർത്തിയേക്കണം. മതി സഹിച്ചതൊക്കെ. ഇതിന് മാത്രം ക്ഷമ നിനക്ക് എവിടുന്നു കിട്ടി മോളെ.

അവൻ അലിവോടെ ചോദിച്ചു.

എന്റെ കയ്യിൽ നിന്ന് വിട്.. എനിക്ക് പോണം.

ഞാൻ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

എങ്ങോട്ടേക്കാ പോകേണ്ടത്. അത് പറ. എന്നിട്ട് ഞാൻ ആലോചിക്കാം പിടി വിടണോ വേണ്ടയോ എന്ന്.

എന്നെ താലി കെട്ടിയ എന്റെ ഭർത്താവിന്റെ അടുത്തേക്ക്

ഉള്ളിൽ തികട്ടി വരുന്ന സങ്കടത്തെ അടക്കിപിടിച്ചു കൊണ്ട് ഞാൻ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു.

അവളുടെയൊരു ഭർത്താവ്..നിന്നെ കൊല്ലാൻ വേണ്ടിയല്ല അവന് ഞാൻ വിട്ടു കൊടുത്തത്.എന്നിട്ടവൾ സർവ്വംസഹയായ ഭൂമി ദേവിയായി നിൽക്കുന്നു..നാണമില്ലേ നിനക്ക്.. പണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരം ഘോരം പ്രസംഗിച്ചിരുന്ന വിപ്ലവനായികയ്ക് സ്വന്തം ജീവിതത്തിൽ ഒന്നും പ്രാവർത്തികമാക്കാൻ സാധിച്ചില്ലേ?

വിച്ചുവേട്ടാ എന്നെ വിട്… എനിക്ക് പോണം

ഞാൻ ദയനീമായി പറഞ്ഞു

ഓഹ് തമ്പുരാട്ടി എന്റെ പേരൊന്നും മറന്നിട്ടില്ല അല്ലേ..

അവൻ ദേഷ്യം സഹിക്കാതെ എന്റെ കയ്യിലെ പിടുത്തം മുറുക്കി.

നന്നായി വേദനിച്ചെങ്കിലും ഞാൻ മിണ്ടാതെ നിന്നു.

നീ എന്റെ കാറിൽ കയറ്…നിന്റെ ഭർത്താവിന്റെ വീട്ടിൽ ഞാൻ കൊണ്ടാക്കി തരാം. അവിടെ നിന്ന് എന്താണോ എടുക്കാനുള്ളത് അതൊക്കെ എടുത്ത് ഇപ്പോൾ തന്നെ നീയാ വീടിന്റെ പടിയിറങ്ങണം. ഇനി ഇങ്ങനെയൊരു ഭർത്താവിനെ വേണ്ടാ എന്ന് നീ അവന്റെ മുഖത്ത് നോക്കി പറയണം.പറ്റുമോ നിനക്ക്

ഞാൻ പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.

നിന്റെ അച്ഛൻ എല്ലാ വിവരങ്ങളും വീട്ടിൽ വന്ന് പറഞ്ഞിരുന്നു . എന്നോട് മാപ്പും പറഞ്ഞു. എന്നെ കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരയുകയായിരുന്നു തെറ്റ് പറ്റി പോയി എന്നും പറഞ്ഞ്. അവരോടുള്ള ദേഷ്യം തീർക്കാൻ നീ സ്വയം ഉരുകി ഉരുകി ജീവിക്കുന്നതും അച്ഛൻ പറഞ്ഞു. ഇനി ഞാൻ പറഞ്ഞാൽ മാത്രേ നീ കേൾക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

അവൻ കുറച്ചു നേരം മിണ്ടാതിരുന്നു

എടോ നീ പോയതിനു ശേഷം എന്റെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഒരിക്കലും നിന്നെ ഞാൻ ശപിച്ചിട്ടില്ല. നിനക്ക് നല്ല ജീവിതം കിട്ടട്ടെ എന്ന്മാത്രമായിരുന്നു എന്റെ പ്രാർത്ഥന.എന്റെ വിശ്വാസവും നീ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു എന്ന് തന്നെ ആയിരുന്നു. പക്ഷേ ഇത്രയും സഹിച്ചാണ് നീ അവിടെ നിൽക്കുന്നതെന്ന് നിന്റെ അച്ഛൻ പറയുമ്പോഴാ അറിയുന്നത്. ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ നിനക്ക്.. അത്രയും അകന്ന ആളായി പോയോ ഞാനിപ്പോൾ നിനക്ക്.. ഒരു നല്ല ഫ്രണ്ട് ആയി നിനക്കെന്നെ എപ്പോ വേണമെങ്കിലും വിളിക്കാം എന്ന് ഞാൻ നിന്നോട് പറഞ്ഞതായിരുന്നല്ലോ ദിവ്യേ..എന്നിട്ടെന്തേ നീ ഒന്നും എന്നോട് പറഞ്ഞില്ല
അവൻ സങ്കടത്തോടെ ചോദിച്ചു

ഓഹ്…അഭിമാനിയായ….തറവാടിത്തമുള്ള എന്റെ അച്ഛൻ വിച്ചുവേട്ടനെ കാണാൻ വന്നെന്നോ.. ഇപ്പോൾ എന്റെ അച്ഛന്റെ അന്തസ്സിന് പറ്റിയ ആളായോ വിച്ചുവേട്ടൻ.

ഞാൻ പുച്ഛത്തോടെ ചോദിച്ചു

ദിവ്യേ.. നീ അതും മനസ്സിലിട്ട് നടക്കുകയാണോ ഇപ്പോഴും. ആർക്കാ തെറ്റുകൾ പറ്റാത്തത്. അവർക്കിപ്പോൾ ബോധ്യമായി സമ്പത്തും തറവാടിത്തവും ഒന്നും നോക്കിയിട്ട് ഒരു കാര്യവും ഇല്ലെന്ന്.
നിന്റെ അച്ഛനിപ്പോ നിന്റെ ജീവനെ കുറിച്ചുള്ള പേടിയാണ്.. ഒന്നുങ്കിൽ അഖിൽ നിന്നെ കൊല്ലും… അല്ലെങ്കിൽ അവന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ നീ വല്ല കടുംകയ്യും ചെയ്യുമോ എന്നാണദ്ദേഹത്തിന്റെ പേടി ….നീയാണെങ്കിൽ അവർ പറയുന്നത് അനുസരിക്കുന്നും ഇല്ല എന്ന് പറഞ്ഞു.

അപ്പോൾ മകളുടെ കാര്യത്തിൽ വേവലാതിയൊക്കെ ഉണ്ടല്ലേ എന്റെയച്ഛന് … എന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ… ഇന്നിപ്പോ ഞാൻ…..

വാക്കുകൾ മുഴുപ്പിക്കാതെ ഞാൻ തേങ്ങി..

സാരമില്ലെടോ.. ഇതെല്ലാം ദൈവ വിധിയായിരിക്കും.അങ്ങനെ സമാധാനിക്കൂ…

ഹ്ഹ്മ്മ്‌ അതേ എല്ലാം ദൈവ വിധി തന്നെ.. അച്ഛനോട് പറഞ്ഞേക്കൂ അച്ഛന്റെ മകൾ അച്ഛന്റെ അഭിമാനത്തിന് കോട്ടം പറ്റുന്ന ഒരു അവിവേകവും കാണിക്കില്ലെന്ന്.അതുകൊണ്ടാണ് സ്വന്തം വീട്ടിൽ ഒരാഴ്ച പോലും തികച്ചു നിൽക്കാതെ വേഗം പോകുന്നത് തന്നെ.. ഇനി കല്യാണം കഴിച്ച മകൾ രണ്ടാഴ്ച തുടർച്ചയായി സ്വന്തം വീട്ടിൽ നിൽക്കുമ്പോൾ നാട്ടുകാർക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കി അവരുടെ അന്തസ്സിന് കുറവ് വരേണ്ട എന്ന് കരുതി തന്നെയാ അധികവും ഇങ്ങോട്ടേക്കു വരാത്തത് തന്നെ .ഇനിയിപ്പോ അഖിലേട്ടന്റെ കൈ കൊണ്ട് എന്തെങ്കിലും എനിക്ക് പറ്റിയാൽ അത് ദൈവ വിധിയാണെന്നോർത്ത് ആശ്വസിക്കാൻ പറഞ്ഞേക്ക് രണ്ടാളോടും .

നിന്റെ സ്വന്തം അച്ഛനോടും അമ്മയോടും ക്ഷമിച്ചു കൊടുക്കാൻ കഴിയില്ലേ ദിവ്യേ നിനക്ക്. അവരുടെ സ്ഥാനത്ത് നമ്മൾ എത്തുമ്പോഴേ അവരുടെ വേവലാതി എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ .അല്ലെങ്കിലും നല്ല നിലയിൽ വളർത്തി വലുതാക്കിയ സ്വന്തം മോളെ വീട്ടിലെ കാര്യസ്ഥന്റെ മോന് അതും പറയത്തക്ക വലിയ ജോലിയൊന്നും ഇല്ലാത്ത എനിക്ക് എങ്ങനെ അവര് കല്യാണം കഴിപ്പിച്ചു തരും.മകൾ സ്നേഹിക്കുന്നത് ഇങ്ങനെയൊരു ചെക്കനെ ആണെന്നുള്ളത് നിന്റെ അച്ഛനും അമ്മയ്ക്കും മാത്രമല്ല ആർക്കും അംഗീകരിക്കാൻ കഴിയില്ല ദിവ്യേ .അത് നീയൊന്നു മനസ്സിലാക്കൂ .

എന്നിട്ടിപ്പോ എന്തേ ഉണ്ടായത് വിച്ചുവേട്ടാ…. ഉയർന്ന തറവാട്, ഗവണ്മെന്റ് ജോലി…കാണാൻ സുമുഖൻ… പൊന്നിൽ കുളിപ്പിച്ച് നിർത്തി എന്നെ പറഞ്ഞയച്ചിട്ട് എന്തേപ്പോ അവര് നേടിയത്.. എന്റെ കണ്ണുനീരോ .

പഴമക്കാർ പറയുന്നത് പോലെ ചക്കയല്ലല്ലോ ദിവ്യേ ചൂഴ്ന്നു നോക്കാൻ.. പുറമെന്ന്‌ നല്ലതാണെന്നു എല്ലാവർക്കും തോന്നി കാണും.. മക്കളുടെ നല്ലത് മാത്രമല്ലേ ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുകയുള്ളൂ.. അവരും അത്രേ ചെയ്തുള്ളൂ..വേണംവെച്ചു അവർ നിന്നെ ദുരിതത്തിലേക്ക് പറഞ്ഞ് വിടില്ലല്ലോ.

എങ്ങനെ വിച്ചുവേട്ടാ വിച്ചുവേട്ടനോട് ഇത്രയും ദ്രോഹം ചെയ്തവരെ കുറിച്ച് ഇങ്ങനെയൊക്കെ നല്ലതായി സംസാരിക്കാൻ സാധിക്കുന്നു. അല്ലെങ്കിലും വിച്ചുവേട്ടൻ എനിക്കെന്നും അത്ഭുതമാണ്. ആത്മാർഥമായി എന്നെ സ്നേഹിച്ചിട്ട് പാതി വഴിയിൽ ഞാൻ ഉപേക്ഷിച്ചു പോന്നപ്പോൾ തേപ്പുകാരി എന്നും പറഞ്ഞ് എന്നെ വെട്ടിക്കൊല്ലാനോ, മുഖത്തേക്ക് ആസിഡ് ഒഴിക്കാനോ വന്നില്ലല്ലോ.ഞാൻ വിച്ചുവേട്ടന്റെ കൂടെ ഇറങ്ങി പോരുമോ എന്ന് പേടിച്ചിട്ട് എന്റെയച്ഛൻ വിച്ചുവേട്ടനെ ഗുണ്ടകളെ കൊണ്ട് തല്ലിച്ചതച്ചപ്പോൾ ഞാൻ ഹോസ്പിറ്റലിൽ കാണാൻ വന്നപ്പോൾ എന്നോടെന്താ പറഞ്ഞത്…..എന്ത് ആവശ്യമുണ്ടെങ്കിലും വിളിപ്പുറത്തു ഞാൻ ഉണ്ടാകും എന്ന് പറഞ്ഞ് നിറഞ്ഞ മനസ്സോടെ എന്നെ അനുഗ്രഹിച്ചു വിടുകയല്ലേ
ചെയ്തത്.. വിച്ചുവേട്ടന്റെ നല്ല മനസ്സിന് ദൈവം വേറെ ഏതെങ്കിലും വിധത്തിൽ അനുഗ്രഹിക്കും ..തീർച്ചയാണ്….
ഞാൻ ഇനി പോകട്ടെ വിച്ചുവേട്ടാ.. എന്നെയോർത്ത് സങ്കടപ്പെടേണ്ട.. ഞാൻ ഈ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.പിന്നെ എന്റെ അച്ഛൻ പണ്ടേ ടെൻഷൻ ഉള്ള ആളാ..അതുകൊണ്ട് എന്തൊക്കെയോ വന്ന് പറഞ്ഞതാവും. എന്തായാലും അച്ഛൻ പറഞ്ഞ അത്രക്കൊന്നും ദുഷ്ടൻ അല്ലാട്ടോ അഖിലേട്ടൻ

ഹാ അത് മനസ്സിലായി.. അതുകൊണ്ടാണല്ലോ മുഖമൊക്കെ നീലിച്ചു നീര് കെട്ടിയിരിക്കുന്നത്.

എന്റെ നിറഞ്ഞു വന്ന കണ്ണുകൾ കാണാതിരിക്കാൻ ഞാൻ വേഗം തല താഴ്ത്തി നിന്നു.

എന്തിനാ പെണ്ണേ എന്നോട് നീ കള്ളം പറയുന്നത്. കല്യാണം എന്നുള്ളത് ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അവസാനം അല്ല. പകരം അവളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന്റെ തുടക്കം കുറിക്കൽ ആണ്. അതിന് ചിറകു മുളപ്പിക്കാൻ കൂടെ നിൽക്കേണ്ടത് അവളുടെ ഭർത്താവ് ആണ്.അതിന് അയാൾ യോഗ്യനല്ല എന്ന് ബോധ്യമാവുന്ന നിമിഷം എല്ലാ ചങ്ങലയും പൊട്ടിച്ചു പോരണം. അല്ലാതെ അതിൽ തന്നെ പിടിച്ചു തൂങ്ങി ജീവിതം പാഴാക്കി കളയരുത് .നിനക്കിപ്പോ അതിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ദിവ്യാ… ആ ചങ്ങല പൊട്ടിച്ചു പോന്നാൽ ഇനി നിന്നെ ആരും ഒന്നിനും നിര്ബന്ധിക്കില്ല.. ഈ ഞാൻ പോലും.. എനിക്കറിയാം വിവാഹ ജീവിതം നിന്റെ ശരീരത്തിനെന്ന പോലെ മനസ്സിനും ഒരുപാട് മുറിവേൽക്കപ്പെട്ടിട്ടുണ്ട്.. അതിൽ നിന്ന് പെട്ടെന്നൊന്നും നിനക്ക് റിക്കവർ ചെയ്യാൻ പറ്റിയെന്നു വരില്ല..എങ്കിലും ഇതുപോലെ നിനക്കെന്നും ഒരു കാവലായി മരണം വരെ ഞാൻ കൂടെ തന്നെയുണ്ടാകും.

എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ ഇതുവരെ ആയും പിടി വിടാതെ പിടിച്ചു വെച്ച എന്റെ കയ്യിൽ ഒന്നൂടെ ബലമായി പിടിച്ചു എന്നെ കാറിലേക്ക് നടത്തുമ്പോൾ,എന്നെ ഇതുവരെ വിരിഞ്ഞു മുറിക്കിയ ചങ്ങലകൾ പൊട്ടിച്ച് ഞാൻ എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാൻ മനസ്സുകൊണ്ടപ്പോൾ ഒരുങ്ങുകയായിരുന്നു.

ശുഭം

അനാമിക

Similar Posts

Leave a Reply