രചന : ആയിഷ അക്ബർ
അതേ…… അതവൻ തന്നെയാണ്…..
അവളുടെ ഹൃദയത്തിന്റെ കാത്തിരിപ്പിലേക്കെന്ന വണ്ണം അവൻ മുറിയിലേക്ക് കയറി വന്നതും അവന്റെ കയ്യിലിരുന്ന ആദി അവളെ കണ്ട് എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി അവളിലേക്ക് കുതിച്ചു തുടങ്ങിയിരുന്നു….അവൻ പെട്ടെന്ന് കുഞ്ഞിനെ അവളുടെ കയ്യിലേക്ക് കൊടുത്തതും അവളവനെ ചുംബനങ്ങൾ കൊണ്ട് മൂടി…..ആദിയുടെ ചുണ്ടിലും ഏറെ ഭംഗിയുള്ള ആ പുഞ്ചിരി ഇടം പിടിച്ചു….
അവരുടെ ഓരോ കൂടി ക്കാഴ്ചകളും ശിവയുടെ മനസ്സിൽ അത്ര മേൽ ആഴത്തിൽ പതിയുന്നവയാണ്…
അവനവരെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു..
ഡോക്ടറുടെ അമ്മയും അച്ഛനും..വന്നിരുന്നു…
എന്തിന്…..അവൾ പതിയെ അത് പറഞ്ഞതും അവൻ പെട്ടെന്നായിരുന്നു അത് ചോദിച്ചത്……
വെറുതെ….. കാണാൻ……അവൾ അവനെയൊന്ന് നോക്കുമ്പോൾ അവൻ എന്തൊക്കെയോ മിഴികളിൽ നിറച്ചങ്ങനെ ഇരിക്കുകയാണ്…….അവർക്ക്…… നല്ല സങ്കടമുണ്ട്….. അതിലേറെ കുറ്റ ബോധവും…….പറയാൻ പറ്റുമോയെന്നറിയില്ലെങ്കിൽ കൂടി ആ അമ്മ മനസ്സ് താൻ കണ്ടത് കൊണ്ട് തന്നെയാണ് അവളവനോട് പതിയെ അത് പറഞ്ഞത്…..
അവനൊന്നും മിണ്ടിയില്ല…..ഗായത്രിയോട് ദേഷ്യപ്പെട്ടത് പോലെ അല്ലെങ്കിൽ അതിനേക്കാളേറെ തനിക്കവളോട് ദേഷ്യപ്പെടാമായിരുന്നു….പക്ഷെ…. എന്തോ അവന്റെ ശബ്ദമുയർന്നില്ല…
അവനു ദേഷ്യം തോന്നിയില്ല….അത്രയേറെ പ്രിയപ്പെട്ടോരാൾ തനിക്ക് വേണ്ടി പറയുന്നതായി മാത്രമേ തോന്നിയുള്ളു…..ആലോചനയോടെ ഇരിക്കുന്ന അവനു ചിന്തിക്കാനുള്ള സമയമെന്നോണം അവൾ പിന്നേ ഒന്നും പറഞ്ഞില്ല….
അവർക്കിടയിൽ നിറഞ്ഞു നിന്ന ആ നിശബ്ദതയെ കീറി മുറിക്കാനെന്ന വണ്ണം ആദി ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു…
പതിവ് പോലെ ഇരുവരുടെയും മിഴികൾ ഇടയ്ക്കിടെ പരസ്പരം തലോടുന്നുണ്ടായിരുന്നു ..അത് മനപ്പൂർവം ഒഴിവാക്കാനെന്ന വണ്ണം അവൻ മൊബൈലെടുത്തു കയ്യിൽ പിടിച്ചതിലേക്ക് നോക്കിയിരിക്കുമ്പോൾ വേദക്ക് വല്ലാത്തൊരു പ്രയാസം തോന്നി….ആദിയുടെ കൈകളുടെ ചൂടിനൊപ്പം ആ ചാര മിഴികൾ കൊണ്ടുള്ള നേട്ടങ്ങളും തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ടിപ്പോൾ…..അൽപ സമയം ഫോണിലേക്ക് നോക്കിയിരുന്നെങ്കിലും അവരിൽ നിന്ന് അത്ര പെട്ടെന്ന് കണ്ണുകളെ പറിച്ചെടുക്കാൻ അവനും കഴിയുമായിരുന്നില്ല…..
അവന്റെ നോട്ടം തന്നിലേക്ക് പതിഞ്ഞതും അവളുടെ കണ്ണുകൾ തിളങ്ങി….അത് തന്റെ മിഴികളെ ആഴത്തിൽ കൊളുത്തി വലിക്കും പോലെ …
ശിവക്ക് ഉള്ളാലെ യൊരു ഭയം തോന്നിയിരുന്നു…….കുഞ്ഞിനെ നോക്കാൻ വേണ്ടി വന്നവളോട് ഇത്രയേറെ അടുപ്പം തോന്നാനെന്തായിരിക്കും കാരണം……താൻ ആദ്യമായി കണ്ട പെണ്ണല്ല അവൾ…..
ഒരു പാട് പെൺകുട്ടികളെ അവൾക്ക് മുന്പും ശേഷവും കണ്ടെങ്കിൽ കൂടി എന്തോ അവളെ പോലെ ആരുമിത് വരെ മനസ്സിൽ പതിഞ്ഞിട്ടില്ല……
നിമിഷങ്ങളോരോന്നും മനസ്സ് അവളെ ഓർമിപ്പിക്കാൻ തക്ക അവൾ തന്നിൽ ലയിച്ചിട്ടുണ്ട്….അതൊരു പക്ഷെ തന്റെ കുഞ്ഞിനും അവളെ വേണമെന്നൊരു ചിന്ത കൊണ്ടായിരിക്കാം…..പക്ഷെ…. അതിനൊക്കെ പറ്റിയ ഒരവസ്ഥയിലാണോ താനിപ്പോഴുള്ളത്…..എന്നാ…. ഞങ്ങളിറങ്ങട്ടെ…..ശിവയതും പറഞ്ഞേഴുന്നേറ്റത്തും അവളുടെ കണ്ണുകളിലെ തിളക്കം പാടെ മാഞ്ഞത് പോലെ……കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ ……അവൾ കൈ പിടിയിൽ ഒന്ന് കൂടി ആദിയെ ചേർത് പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ ആ കണ്ണുകൾ അവന്റെ ചാര മിഴികളിൽ തന്നെ പതിഞ്ഞിരിപ്പായിരുന്നു…
ഇല്ലാ…. നേരം ഇരുട്ടാൻ തുടങ്ങിയില്ലേ…..
പെൺകുട്ടികൾ മാത്രമുള്ളിടത്ത് …. അത് ശെരിയല്ല….അവനവളേ നോക്കി യത് പറയുമ്പോൾ അവൾ പിന്നെയൊന്നും പറഞ്ഞില്ല….ആദിയെ അവൾക്കടുത് നിന്നുമെടുത്തു കൊണ്ട് കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് അവനൊന്നു പറയാൻ ശ്രമിച്ചു….അവളുടെ കണ്ണുകളിൽ തങ്ങളെ കണ്ടപ്പോഴുള്ള തിളക്കം ഇപ്പോഴില്ലാത്ത ത് അവനെ ഒരു വേള വേദനിപ്പിച്ചു…..നാളെ കഴിഞ്ഞാൽ മറ്റന്നാൾ ആശുപത്രിയിൽ കൊണ്ട് പോകാൻ ഞാൻ വരാം…….നടന്നു തുടങ്ങിയ അവൻ തിരികെ നിന്നത് പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി….അവന്റെ ചൊടിയിൽ ആ തിളക്കം തീർത്ത പുഞ്ചിരി അവൾ കാണാതിരിക്കാൻ അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശിവാ…… അവനെയിങ് താ…. നീ പോയി കുളിച്ചിട്ട് വാ….. വല്ലതും കഴിക്കാം…..അവർ വന്ന ഉടനെ ഗായത്രി അതും പറഞ്ഞു ആദിക്ക് നേരെ കൈ നീട്ടിയതും അവനില്ലെന്ന വണ്ണം ശിവയിലേക്ക് ചാഞ്ഞു……എത്ര നേരം നീയിങ്ങനെ കുഞ്ഞിനെ എടുത്തോണ്ടിരിക്കും….അവനെയിങ് താ…..ഗായത്രി വീണ്ടുമത് പറഞ്ഞു തീരും മുന്പേ ആദിയെ ബലമായി എടുത്തിരുന്നു…..വേണ്ട ഗായത്രി ….. അവനുറങ്ങിയിട്ട് ഞാൻ….
നീ ഇവനെ യിങ്ങനെ പൊത്തി വെച്ചിട്ടാണ് ആരോടും ഇണക്കമില്ലാത്തത്…..ആ പെണ്ണിനോട് അവനെത്ര വേഗം ഇണങ്ങിയെന്ന് നോക്കിയേ….അവൻ കരച്ചിലൊക്കെ ഇപ്പോൾ നിർത്തും…..
ഞാൻ കാണിച്ചു തരാം….
ശിവക്ക് മറ്റെന്തെങ്കിലും പറയാൻ അവസരം കിട്ടും മുന്പേ ഗായത്രി അതും പറഞ് കൊണ്ട് കരയുന്ന ആധിയെ എടുത്ത് അവിടെ നിന്നും പുറത്തേക്ക് നടന്നിരുന്നു…..അവളവനെ എടുത്ത് മുറ്റത് കൂടെ നടന്നു….പലതും കാണിച്ചു കൊടുത്തു….ഒരു പാട് സാധനങ്ങൾ കയ്യിൽ കൊടുത്തു…..
ഒന്നിലും അവന്റെ കരച്ചിലടങ്ങിയിരുന്നില്ല….
അവൾക്ക് ദേഷ്യം വന്നിരുന്നൊരു നിമിഷം….
പല്ലുകൾ കൂട്ടി പിടിക്കുന്നതിനൊപ്പം അവൾ പോലുമറിയാതെ അവളുടെ കൈ അവന്റെ മിനുസമാർന്ന കൈ തണ്ടയിൽ ഒന്നമർന്നിരുന്നു…..
ആദിയുടെ ശബ്ധം ഒന്ന് കൂടി ഉയർന്നു…..
മുറ്റത്തെ മാവിൻ ചുവട്ടിൽ നിൽക്കുന്ന അവരെ നോക്കി ഉമ്മറത്ത് നിന്നിരുന്ന ശിവ പതിയെ മുറ്റത്തേക്കിറങ്ങി ….അവനെ കണ്ടതും ആദി അവന്റെ ദേഹത്തേക്ക് ഓരോറ്റ ചാട്ടമായിരുന്നു…..
ശിവ അവനെ എടുത്ത് കൂട്ടി പിടിച്ചതും അവൻ ശിവയുടെ നെഞ്ചിൽ കിടന്നൊന്ന് തേങ്ങി…..
എന്താടാ കുട്ടാ ഇങ്ങനെ….ശിവയുടെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന ആദിയുടെ മുടിയിലൊന്ന് തലോടിയാണ് അവളത് ചോദിച്ചത്……അതെന്താണെന്നറിയുമോ ഗായത്രി…..നമ്മളെയൊക്കെ പോലെ സ്വന്തമോ ബന്ധമോ സമ്പത്തുണ്ടോ ജോലിക്കാരിയാണോ എന്നൊന്നുമല്ല അവന്റെ സ്നേഹത്തിന്റെ അളവ് കോൽ …
അത് ദേ…. അവന്റെ ഹൃദയത്തിലാണ്……
അവനോടുള്ള വാത്സല്യം സത്യമാണെങ്കിൽ അതവന് മനസ്സിലാവും…..ശിവ അത് പറഞ്ഞൊരു പുഞ്ചിരിയോടെ അവിടെ നിന്ന് നടക്കുമ്പോൾ അതിൽ കലർന്നിരുന്ന പരിഹാസം അവൾക്ക് വ്യക്തമായിരുന്നു….അവൾ പല്ലുകൾ കൂട്ടി പ്പിടിച്ചങ്ങനെ നിന്നിരുന്നു….അവളെ പറയുമ്പോൾ അവനു വല്ലാതെ ദേഷ്യം വരുന്നുണ്ട്……ഇനി ഏട്ടത്തി പറഞ്ഞത് പോലെ എന്തെങ്കിലും…..
അവൾക്കതോർ ക്കുമ്പോൾ തന്നെ ഹൃദയം നിശ്ചലമാകുന്നത് പോലെ തോന്നിയിരുന്നു……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്ന് രാവിലെ തന്നെ വേദ ഡ്രെസ്സെല്ലാം മാറ്റി അവനെ കാത്ത് നിന്നു……അവന്റെ കാറ് ഹോർണടിച്ചതും അഞ്ചു അവളുടെ കൈ പിടിച്ചു വാതിലും പൂട്ടി പുറത്തേക്കിറങ്ങി…..അവൾ ഡ്രൈവിംഗ് സീറ്റിലേക്കൊന്ന് നോക്കി….അവൻ പിറകിലേക്കൊന്നു നോക്കി അവളോടെന്ന വണ്ണം തലയോന്നനക്കി…..അത് മതിയായിരുന്നവൾക്ക്….അവന്റെ കാറിൽ… അവൻ തന്നെ ഡ്രൈവ് ചെയ്ത് വന്നിരിക്കുകയാണ്……അവൾ കാറിലേക്ക് കയറിയ ഉടനെ കോ ഡ്രൈവിംഗ് സീറ്റിലേക്കൊന്ന് നോക്കി…..
അവിടെ ആദിയില്ല….അവൾ കണ്ണുകളാൽ ചോദ്യം ചോദിക്കുന്നത് മിററിലൂടെ അവൻ കണ്ടിരുന്നു…..
ആദി എവിടെ…..അവൾക്ക് ചോദിക്കാനുള്ള ആ ചോദ്യം ചോദിച്ചത് അഞ്ജുവായിരുന്നു……
അവനെ ഡേ കെയറിൽ വിട്ടു…… ഇന്ന് പ്ലാസ്റ്റർ അഴിച്ചാലും ഇയാൾക്ക് അല്പം കൂടി റെസ്റ്റ് വേണ്ടേ……ശിവ മിററിലൂടെ നോക്കി ഒരു കുസൃതി ചിരിയാലെ അത് പറയുമ്പോൾ അവളുടെ മുഖത്തൊരു കുഞ്ഞ് ദേഷ്യം പരക്കുന്നത് അവനറിയുന്നുണ്ടായിരുന്നു….തന്നേക്കാളൊരു പക്ഷെ അങ്ങോട്ട് വരാൻ അവളാഗ്രഹിക്കുന്നെണ്ടന്ന് അവന് നന്നായി അറിയുന്നത് കൊണ്ട് തന്നെയായിരുന്നത്……
ആശുപത്രിയിലെത്തിയതും അവരെ റോഷന്റെ ഓ പി ക്ക് മുമ്പിൽ നിർത്തി ശിവ അവന്റെ കേബിനിലേക്ക് പോയിരുന്നു……പ്ലാസ്റ്റർ അഴിച്ചു കഴിഞ്ഞ് മടങ്ങാൻ നേരം അവൻ വരുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അവൻ വന്നില്ല……
പകരം തങ്ങളെ കാത്ത് ശങ്കരേട്ടൻ പുറത്ത് നിൽപ്പുണ്ടായിയുന്നു…..നമുക്ക് ഡോക്ടറോടൊന്ന് പറഞ്ഞിട്ട് പോകാം……അഞ്ചുവത് പറഞ്ഞപ്പോൾ വേദയുടെ കണ്ണുകളൊന്ന് തിളങ്ങി…..നീ ഇവിടെ നിൽക്…… ഞാൻ പോയിട്ട് വരാം….വേണ്ടാ ഞാനും വരാം…..അഞ്ചു പറഞ്ഞതിന് വേദ അത് പറഞ്ഞതും അഞ്ജുവിന് ചിരി വന്നിരുന്നു……
അവളുടെ ചൊടികളിൽ വേധയെ കളിയാക്കാക്കിയെന്ന വണ്ണം ഒരു ചിരി വിരിഞ്ഞതും അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ വേദ വേഗം തല ചലിപ്പിരുന്നു…..എന്നാൽ അഞ്ചുവിൽ നിറഞ്ഞത് പോലൊരു പുഞ്ചിരി ഉള്ളിൽ തങ്ങി നിൽക്കാൻ കഴിയാതെന്ന വണ്ണം വേദയുടെ ചൊടിയിലും പറ്റി പിടിച്ചിരുന്നു…..അഞ്ചു ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ കൈ പിടിച്ചതേ ചിരിയോടെ നടന്നു……അവന്റെ ഓ പിയുടെ മുമ്പിലെത്തിയതും പുറത്തേക്ക് കടക്കുമ്പോൾ തുറന്ന വാതിൽ വിടവിലൂടെ വേദയെ കണ്ട ശിവ ഒന്നെഴുന്നേറ്റു പുറത്തേക്ക് വന്നു ….
കഴിഞ്ഞോ….. കാല് ഓക്കെ അല്ലെ…..വേദയുടെ കാലിലേക്ക് നോക്കി മാസ്ക് മാറ്റി കൊണ്ട് ശിവയത് ചോദിച്ചതും അവൾ പതിയെ യൊന്നു തലയാട്ടി……ശങ്കരേട്ടനുണ്ടവിടെ… നിങ്ങള് വീട്ടിലേക്ക് പൊയ്ക്കോളൂ…..അവനത് പറഞ്ഞത് അഞ്ജുവിലെക്ക് നോക്കിയായിരുന്നു…….
വേദ അവനെ തന്നെ നോക്കിയെങ്കിലും അവനവളിലേക്ക് വെറുതെ പോലും നോക്കിയില്ല….
അവർ പതിയെ തിരിഞ്ഞു നടന്നു…….
അതേയ്….. നടന്നു തുടങ്ങിയ അവരെ പിറകിൽ നിന്നവൻ വിളിച്ചതും അവരൊന്നു തിരിഞ് നോക്കി…….താൻ ഓക്കെ ആണെങ്കിൽ…. നാളെ തറവാട്ടിലേക്ക് വന്നോളൂ കേട്ടോ ..അവനൊരു ചിരിയോടെ അതും പറഞ് താടിയിൽ വെച്ചിരുന്ന മാസ്കുയർത്തിയതും അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു….മാസ്കിനു മുകളിലായി കാണുന്ന ആ ചാര കണ്ണുകളിൽ നിറച്ച കുസൃതി അവൾക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു….
നിറഞ്ഞു വന്ന ചിരി അദരങ്ങളിൽ വശ്യമായി ഒളിപ്പിച്ചു കൊണ്ടവൾ തിരിഞ്ഞു നടക്കുമ്പോൾ ഇത് വരെ ആരും കയറി പറ്റിയിട്ടില്ലാത്ത തന്റെ ഹൃദയത്തിന്റെ ആ അറയിലെക്ക് മറ്റാരാലും പകരം വെക്കാൻ കഴിയാത്ത വിധം അവൻ കയറി പറ്റുന്നത് അവളറിയുകയായിരുന്നു….തന്റെ ഭൂത കാലം തലക്ക് മേലെ നിൽക്കുന്ന ഭയമോ താൻ അവനെ ആഗ്രഹിക്കാൻ പോലും അർഹതയില്ലെന്നൊരു ആശങ്കയോ അതിനേക്കാൾ നാളെ എന്തെന്ന ആകുലതയോ എല്ലാം ഒരു നിമിഷം അവളിലൂടെ മിഞ്ഞി മാഞ്ഞിരുന്നു…..
(തുടരും)

by