22/04/2026

അടുത്തെത്തിയതും കൈനീട്ടി കട്ടിലിലേക്ക് വലിച്ചിട്ട് വസ്ത്രങ്ങളെല്ലാം ഊരിയെറിഞ് അവളുടെ മുകളിൽ സ്ഥാനം പിടിച്ചു .

രചന – ആന്റിണി അന്തപ്പൻ

പതിവിലുമധികം വൈകിയാണ് അന്നുഞാൻ വീട്ടിലെത്തിയത് .

കോളിംഗ് ബെല്ലടിച്ചതും “ചേട്ടായി …ഇത്രയും വൈകുമെങ്കിൽ ഒന്ന് പറഞ്ഞുകൂടായിരുന്നോ ‘ അവളുടെ ചോദ്യമായിരുന്നു സ്വാഗതം ചെയ്തത് .. “ഞാൻ എത്ര തവണ വിളിച്ചു , ഫോണെങ്കിലും ഒന്നെടുത്തുകൂടായിരുന്നോ” ..

“അതല്ലെടീ , ഫോൺ വണ്ടിയിലായിരുന്നു .. അതുകൊണ്ടാ എടുക്കാഞ്ഞത് “.. സത്യത്തിൽ അവളുടെ റിങ് ഞാൻ കണ്ടെങ്കിലും പാർട്ടി കഴിയാതെ വരണ്ടായെന്നു കരുതി എടുക്കാതിരുന്നതാണെന്നു ഞാൻ മറച്ചുവെച്ചു .

ഇയ്യിടെയായി പാർട്ടികൾ കൂടുതലാണ് … ആഘോഷിക്കാൻ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും മിക്കവാറും ദിവസങ്ങളിൽ .. ആഘോഷിക്കാൻ മനസ്സുണ്ടെങ്കിൽ കാരണങ്ങൾക്കാണോ പഞ്ഞം ..

ഓരോ തവണയും പാർട്ടികൾ കഴിഞ്ഞു വരുന്തോറും ഞാൻ കൂടുതൽ ശക്തനാകുന്നതും അവളുടെ പ്രതികരണം കുറഞ്ഞു വരുന്നതും ഞാനാസ്വദിച്ചു .

ആദ്യമെല്ലാം ഞാൻ വൈകി വരുമ്പോൾ ഒരുപാട് തവണയെങ്കിലും അവൾ വിളിക്കുമായിരുന്നു .. ജനാലപ്പാളിയിലൂടെ എന്നെയും നോക്കിയിരിക്കുമായിരുന്നു …. തിരികെയെത്തുമ്പോൾ എന്തേ ചേട്ടായി ഇത്രയും വൈകി…. ഞാനാകെ പേടിച്ചുപോയി ട്ടോ … പരാതിയും കരച്ചിലും സങ്കടവുo ….

പതിയെ അവളും അതിനോട് പൊരുത്തപ്പെട്ടു . . ഒരു പക്ഷെ 21 വയസ്സുള്ള പെൺകുട്ടിയിൽ നിന്നും 26 വയസ്സായ ഒരു ഭാര്യയിലേക്ക് നടന്നുകയറിയതിന്റെ ഗുണമാകാം … അല്ലെങ്കിൽ ഞാൻകെട്ടിയ താലിച്ചരടിന്റെ ശക്തിയാകാം … ഇതിലും നല്ലതുകിട്ടാനെനിക്ക് അർഹതയില്ലെന്ന ചിന്തയാകാം.. …. അതുമല്ലെങ്കിൽ ഇതെല്ലം എന്റെ വിധിയാണ് , ഇതെനിക്ക് ദൈവം തന്നതാണെന്ന വിശ്വാസമാകാം ..

കൊച്ചൊറങ്ങിയോ , എന്ന ചോദ്യത്തിന് ഉം എന്ന മൂളലിൽ ഉത്തരമൊതുക്കി അവൾ അടുക്കളയിൽ പോയി രണ്ടു പ്ളേറ്റെടുത്തുകൊണ്ടു വന്നു ..

“എനിക്കൊന്നും വേണ്ടാ , കഴിച്ചതാ , .. ഞാൻ കിടക്കാൻ പോകാ.. വല്ലാത്ത തലവേദന” … ബെഡ്റൂമിലേക്ക് കേറിപ്പോകുന്ന എന്നെയും നോക്കി കുറച്ചുനേരം നിന്നശേഷം ഭക്ഷണം കഴിക്കാനായി അവൾ ഹാളിലേക്ക് പോയി .

പാതിയടഞ്ഞ വാതിലിലൂടെ നോക്കി , ഞാനവളെ നീട്ടിവിളിച്ചു …. അടുത്തെത്തിയതും കൈനീട്ടി കട്ടിലിലേക്ക് വലിച്ചിട്ട് വസ്ത്രങ്ങളെല്ലാം ഊരിയെറിഞ് അവളുടെ മുകളിൽ സ്ഥാനം പിടിച്ചു . വായിൽ നിന്നുമുയർന്ന റമ്മിന്റെയും സിഗററ്റിന്റെയും മണം അവളെ അലോസരപ്പെടുത്തുന്നുണ്ടെന്നു എനിക്കറിയാമായിരുന്നു … കല്യാണശേഷം ആദ്യനാളുകളിൽത്തന്നെ പറഞ്ഞിട്ടുണ്ട്, അവൾക്കിതിന്റെയെല്ലാം മണം അസഹനീയമാണെന്നും , ഇവയെല്ലാം കഴിച്ചുകൊണ്ട് അടുത്തേക്ക് വരരുതെന്നും …

പക്ഷെ , പതിയെ എന്റെ ദുശീലങ്ങളും അവൾക്കു ശീലമായിത്തുടങ്ങിയോ … അതോ മദ്യപിച്ചുവരുമ്പോൾ മാത്രമേ എനിക്കവളുടെ ശരീരത്തോട് സ്നേഹമുള്ളു എന്ന സത്യം അറിഞ്ഞതുകൊണ്ടാണോ …. സ്വാഭാവികമായും തോന്നുന്ന വെറുപ്പാണോ … നാലോ അഞ്ചോ മിനിറ്റിൽ ഒതുക്കുന്ന എന്റെ സ്നേഹത്തോടുള്ള വിരക്തിയാണോ … അതോ ഒന്നുണരാൻ പോലും അനുവദിക്കാതെ , എല്ലാം അടിച്ചേൽപ്പിക്കുന്ന എന്നിലെ പുരുഷനോടുള്ള ദേഷ്യമാണോ ..

സത്യമെന്തായാലും ഇയ്യിടെയായി സ്വന്തം സന്തോഷത്തിനു അവൾ പ്രാധാന്യം കൊടുക്കാറില്ല .. അവളെ സന്തോഷിപ്പിക്കാൻ ഞാനും ശ്രമിക്കാറില്ല..

എന്നെ വലിച്ചടുപ്പിക്കാൻ അവളിപ്പോൾ ശ്രമിക്കാറില്ല .. അവളുടെ നഖത്തിന്റെ ശക്തിയാൽ തലയിണകളിപ്പോൾ വിണ്ടുകീറാറില്ല .. എന്റെനെഞ്ചിലെ രോമങ്ങൾ അവളുടെ കൈകളിൽ കാണാറില്ല .. അനുസരണയുള്ള പൂച്ചക്കുട്ടിയെപ്പോലെ ….അങ്ങനെ …

ഒരർത്ഥത്തിൽ ഇതൊരു പീഡനമല്ലേ … താലിച്ചരടിന്റെ സൗകര്യത്തിൽ മറഞ്ഞുപോകുന്ന പീഡനം …

ഉള്ളിലെ പുരുഷത്വത്തെ ചീറ്റിയെറിഞ്ഞു തിരിഞ്ഞു കിടന്നതും , എന്റെതന്നെ കൂർക്കംവലി ചെവികളിൽ പതിഞ്ഞു ..

രാവിലെ കണ്ണുതുറന്നു നോക്കുമ്പോൾ പതിവുള്ള കട്ടൻചായ ടേബിളിൽ ഇരിപ്പുണ്ട് .. ഓഫിസിൽ പോകാൻ റെഡി ആയി ടേബിളിൽ ചെന്നിരുന്നപ്പോൾ , ചൂടുള്ള ദോശയും കടലക്കറിയും എന്നെക്കാത്തിരിക്കുന്നു … അതിനപ്പുറത്തായി അവൾ കഴിക്കാൻ ഇന്നലെയെടുത്തുവച്ച ചപ്പാത്തിയും കറിയും തണുത്തിരിക്കുന്നു …

നീയിന്നലെ കഴിച്ചില്ലേ.”..

ഇല്ല , ചേട്ടായി ഉറങ്ങിയപ്പോതന്നെ മോളെണീറ്റു , പിന്നെയവൾ ഉറങ്ങിയില്ല ..ചെറിയ പനിയുണ്ടായിരുന്നു.. രാത്രി മുഴുവൻ ഞാൻ എടുത്തോണ്ട് നടക്കുകയായിരുന്നു ..

നീയിന്നലെ ഉറങ്ങിയില്ലല്ലേ … എന്ന് ചോദിക്കേണ്ട കാര്യമില്ലായിരുന്നു … വാടിത്തൂങ്ങിയ അവളുടെ കണ്ണുകൾ ചോദ്യത്തിന് മുന്നേ ഉത്തരമായി …

പല രാത്രികളിലും ഉറങ്ങാതെ കുഞ്ഞിനേയുമെടുത്തു രാത്രിമുഴുവൻ നടക്കുന്നയവളെ ഞാൻ കണ്ടിട്ടുണ്ട് , കണ്ടിട്ടും കാണാതിരുന്നിട്ടുണ്ട് .. ചിലപ്പോഴെല്ലാം തോന്നാറുണ്ട് പുരുഷനേക്കാൾ സ്ത്രീക്കാണ് ആരോഗ്യമെന്നു … കുഞ്ഞിനെ പത്തോ പതിനഞ്ച് മിനിറ്റുനേരം എടുത്തുനടക്കുന്പോഴേക്കും നമ്മുടെയെല്ലാം കൈകൾ തളരും , ക്ഷീണം തോന്നും … എനികിലോ ഒരമ്മക്ക് , ഒരു സ്ത്രീക്ക് കുഞ്ഞുങ്ങളെ എത്രനേരം എടുത്താലും മടുപ്പുതോന്നില്ല , ക്ഷീണം തോന്നില്ല …

അർഹിക്കുന്ന അംഗീകാരം ഞാനവൾക്ക് കൊടുക്കുന്നുണ്ടോ … അവളുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ടോ …. സ്നേഹവും പരിചരണവും നന്ദിയോടെ ഓർക്കാറുണ്ടോ …. ആത്മാർത്ഥമായിപ്പറഞ്ഞാൽ ഇല്ലെന്നായിരിക്കും ഉത്തരം …

ഇനിയിങ്ങനെയൊന്നും പോരാ … ഒരിക്കലെങ്കിലും അവളെയൊന്നു ഞെട്ടിക്കണം … ഓഫീസിൽ നിന്നും നേരത്തെയിറങ്ങി അവൾക്ക് സർപ്രൈസ് സമ്മാനവുമായി വരണം … നെഞ്ചിൽ ചേർത്തു കിടത്തി മതിവരുവോളം സംസാരിക്കണം … അവൾ എണീയ്ക്കുന്നതിനുമുന്പേ കാപ്പിയിട്ടു കൊണ്ടുവന്നു കൊടുക്കണം …. …

എന്നാലും ഇന്നതൊന്നും വേണ്ടാ …

ഇന്ന് പാർട്ടിയുള്ളതല്ലേ………..

ഇന്നിവളെക്കുറിച്ചു ഫേസ്ബുക്കിലെഴുതാം …

കുറെ ലൈക്കും കമ്മന്റും തെണ്ടാo… ..